ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള
എടത്വാ: സെന്റ് അലോഷ്യസ് സ്‌കൂള്‍ & കോളേജ് അലുമിനി അസോസിയേഷന്റെ ദമാം ചാപ്റ്ററിന്റെ (എസ് സാക്ക) 15മത് വാര്‍ഷിക ആഘോഷത്തത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ്മപദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
എടത്വായില്‍ ചങ്ങനാശേരി സമരിറ്റന്‍ മെഡിക്കല്‍ സെന്റ്ററിന്റെയും തകഴി പുതിയാറ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് സെന്റ് അലോഷ്യസ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.വി.സാബന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ജെ.ടി.റാംസെ അദ്ധ്യക്ഷത വഹിച്ചു.

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം സമരിറ്റന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.ലീലാമ്മ ജോര്‍ജ് പീടിയേക്കല്‍ നിര്‍വഹിച്ചു. എടത്വാ, തകഴി, വീയപുരം, ചമ്പക്കുളം, തലവടി, മുട്ടാര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും നിരവധി രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
ജനറല്‍ കോര്‍ഡിനേറ്റര്‍ ജോച്ചന്‍ ജോസഫ്, ജോ. കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള, കോര്‍ഡിനേറ്റര്‍ അസ്ഗര്‍ അലി തകഴി, സമരിറ്റന്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ റോയി ചെറ്റക്കാട്, റവ. സിസ്റ്റര്‍ ജെസി എം. ആന്റണി, ചാരിറ്റി കണ്‍വീനര്‍ ഷൈനി തോമസ്, ജോണ്‍സണ്‍ എം.പോള്‍, ബില്‍ബി മാത്യൂ, ജയന്‍ ജോസഫ്, കെ.തങ്കച്ചന്‍, എന്‍.ജെ സജീവ്, നോബിന്‍ പി.ജോണ്‍, സന്തോഷ് ടോം ജി, ടോമി പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഡോ.ജോര്‍ജ് പീടിയേക്കലിന്റെ നേതൃത്വത്തില്‍ ഉള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകള്‍ നല്‍കി. ക്യാമ്പില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സംഘടന ലഭ്യമാക്കുമെന്ന് പ്രസിഡന്റ് തമ്പി പത്തിശ്ശേരില്‍, ജനറല്‍ സെക്രട്ടറി ആന്റണി വി.സി, ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് എം.ജെ എന്നിവര്‍ അറിയിച്ചു.
ബോളിവുഡ്, ക്ലാസിക്കല്‍ ഡാന്‍സുകള്‍, കീബോര്‍ഡ്/പിയാനോ പരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ ശനിയാഴ്ച ആരംഭിക്കും. എം.എം.എ സപ്ലിമെന്ററി സ്‌കൂളില്‍ ആണ് പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞാണ് പരിശീലനം. എല്ലാ ആളുകള്‍ക്കും പ്രവേശനം ലഭിക്കുന്നതിനുള്ള വിശദ വിവരങ്ങള്‍ക്ക് താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടാം.
07886526706
ന്യൂസ് ഡെസ്ക്
M62 മോട്ടോർവേയിൽ വൈകുന്നേരം ആറുമണിയോടെ ഉണ്ടായ അപകടത്തെ തുടർന്ന് ജംഗ്ഷൻ 36 ഗൂളിനും 37 ഹൗഡനും ഇടയിൽ ഇരു ദിശകളിലും അടച്ചു. വൻ ട്രാഫിക് ക്യൂ മോട്ടോർവേയിൽ രൂപപ്പെട്ടിട്ടുണ്ട്. ഹള്ളിലേയ്ക്കും തിരിച്ചുമുള്ള ട്രാഫിക് പൂർണമായി തടസപ്പെട്ടിരിക്കുകയാണ്. ദീർഘനേരത്തേയ്ക്ക് തടസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഹംബർ സൈഡ് പോലീസും ഫയർ സർവീസും അഭ്യർത്ഥിച്ചിട്ടുണ്ട്.
ഔസ് ബ്രിഡ്ജിലുണ്ടായ അപകടത്തെ തുടർന്നാണ് മോട്ടോർവേ അടച്ചത്. എത്ര വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് അറിവായിട്ടില്ല. എമർജൻസി സർവീസുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്
യുകെയിൽ പ്രചാരത്തിലുള്ള ബിറ്റ്കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കാർബൺ (CCRB) അതിന്റെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നു. ബിസിനസ് ബാങ്കിംഗ് എക്സ്ചേഞ്ച് (BBX) യുകെയുമായി ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ ഗ്ലോബൽ ലിമിറ്റഡ് പാർട്ട്ണർഷിപ്പ് ഒപ്പുവച്ചു. ലോകത്തിലെ ഏറ്റവും ബൃഹത്തായ ബിസിനസ് മാർക്കറ്റിനെ നിയന്ത്രിക്കുന്ന BBX മായി കരാറിൽ ഏർപ്പെട്ടിരിക്കുന്നതുവഴി 14 രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 90,000ലേറെ റീട്ടെയിൽ ബിസിനസുകളിൽ കൂടി ക്രിപ്റ്റോ കാർബൺ ഉപയോഗിച്ച് ഷോപ്പിംഗ് നടത്താൻ കൺസ്യൂമർക്ക് അവസരം ലഭിക്കും. നിലവിൽ 200 ലേറെ രാജ്യങ്ങളിലായി 35,000 ഔട്ട് ലെറ്റുകളിൽ CCRBയ്ക്ക് സ്വീകാര്യത ഉണ്ട്.

BBX ഉം CCRB യും തമ്മിലുള്ള ബിസിനസ് പ്ലാറ്റ്ഫോം ഇന്റഗ്രേഷൻ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാവും. 1993 ൽ സ്ഥാപിതമായ BBX ന് 97,000 കാർഡ് ഹോൾഡർമാർ നിലവിലുണ്ട്. ദൈനംദിന ജീവിതത്തിൽ ആവശ്യമായ വിവിധ നിരക്കിലുള്ള മില്യണിലേറെ പ്രോഡക്ടുകളും സേവനങ്ങളും CCRB ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുവാൻ കഴിയും. ഒരു ഇൻവെസ്റ്റ്മെൻറായും സാധാരണ ഷോപ്പിംഗിനായും CCRB ഉപയോഗിക്കാം. 70 മില്യൺ ക്രിപ്റ്റോ കാർബണാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല.
നേരിട്ടു വാങ്ങിയ്ക്കുന്നത് കൂടാതെ ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം. ടെസ്കോ, സെയിൻസ്ബറി, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം എന്നത് ഈ ഡിജിറ്റൽ കറൻസിയെ കൂടുതൽ ജനകീയമാക്കുന്നു. ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.cccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.
ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് രാജകുടുംബത്തിൽ അഞ്ചാമത്തെ കിരീടാവകാശി പിറന്നു. സെന്റ് ജോർജ് ഡേയിലാണ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് രാജകുമാരന് ജന്മം നല്കിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് കേറ്റ് രാജകുമാരിയെ സെൻട്രൽ ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഹോസ്പിറ്റലിലെ ലിൻഡോ വിംഗിലാണ് രാജകുമാരൻ ജനിച്ചത്. 8 പൗണ്ടും 7 ഔൺസും തൂക്കമുണ്ട് കുട്ടിക്ക്. 11.01 നാണ് രാജകുമാരൻ ജനിച്ചതെന്ന് കെൻസിംഗ്ടൺ പാലസ് ഔദ്യോഗികമായി അറിയിച്ചു. പ്രിൻസ് വില്യമിന്റെയും പ്രിൻസസ് കേറ്റിന്റെയും മൂന്നാമത്തെ കുട്ടിയാണിത്. പ്രിൻസ് ജോർജിനും പ്രിൻസസ് ഷാർലറ്റിനും ശേഷം കിരീടാവകാശിയായി എത്തിയിരിക്കുന്ന രാജകുമാരൻ പ്രിൻസ് ഓഫ് കേംബ്രിഡ്ജ് എന്നറിയപ്പെടും.
രാജകുമാരന്റെ ജനനത്തിൽ ബ്രിട്ടനിൽ ആഘോഷം തുടങ്ങി. ലണ്ടനിൽ സെന്റ് മേരീസ് ഹോസ്പിറ്റലിനു മുന്നിൽ വേൾഡ് മീഡിയ ബ്രിട്ടനിലെ കിരീടാവകാശിയുടെ വരവ് റിപ്പോർട്ട് ചെയ്യാനായി ദിവസങ്ങൾക്കു മുമ്പെ തമ്പടിച്ചിരുന്നു. രാജകുടുംബത്തിന്റെ ആരാധകരായ പലരും ആഴ്ചകൾക്കു മുമ്പെതന്നെ ഇവിടെ താത്ക്കാലിക താമസം തുടങ്ങിയിരുന്നു. സീനിയർ റോയൽ ഡോക്ടർമാരായ കൺസൽട്ടന്റ് ഒബ്സ്റ്റട്രീഷ്യൻ ഗൈ തോർപ്പ് ബോസ്റ്റൺ, കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ് അലൻ ഫാർത്തിംഗ് എന്നിവരാണ് രാജ ജനനത്തിന് മേൽനോട്ടം വഹിച്ചത്.

മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍: ജോജി തോമസ്
പരമ്പരാഗതമായി അധോലോകത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം സ്വര്‍ണവും മയക്കുമരുന്നും മറ്റു കള്ളക്കടത്ത് നടത്തി ലഭിക്കുന്ന ലാഭമായിരുന്നു. വിദേശങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണ്ണത്തിനുള്ള വിലക്കുറവ് ഇത്തരക്കാരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ സ്വര്‍ണം കടത്താന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ കള്ളക്കടത്തുകാര്‍ക്ക് പ്രിയം മഞ്ഞലോഹത്തോടല്ല മറിച്ച് പെട്രോളിയം ഉല്‍പന്നങ്ങളോടാണ്. കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണെങ്കിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കള്ളക്കടത്തിലൂടെ ലഭിക്കുന്ന അമിതമായ ലാഭമാണ് കളക്കടത്തുകാരെ ഈ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനുകാരണമാകുന്നതോടെ പെട്രോളിനും ഡീസലിനും ഇന്ത്യയില്‍ ഉപഭോക്താക്കളുടെ കയ്യില്‍ നിന്ന് ഈടാക്കുന്ന അമിതമായ വിലയാണ്. ഒരു പക്ഷേ ലോകത്ത് മറ്റു ഭാഗങ്ങളിലെ ജനങ്ങള്‍ അവശ്വസനീയമായി തോന്നുന്ന ഈ കള്ളക്കടത്തിന് കാരണങ്ങള്‍ ചികയുമ്പോള്‍ സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ ജനവഞ്ചനയുടെ കഥകള്‍ കൂടിയാണ് അനാവരണം ചെയ്യപ്പെടുന്നത്.

ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച മൂന്നുലക്ഷം ലിറ്റര്‍ ഡീസല്‍ കഴിഞ്ഞ ദിവസം ചെന്നൈ തുറമുഖത്തുനിന്ന് പിടികൂടിയതോടു കൂടിയാണ് കാലങ്ങളായി നടക്കുന്ന വലിയൊരു കള്ളക്കടത്തിന്റെ വിവരങ്ങള്‍ പൊതുജന ശ്രദ്ധയില്‍പെടുന്നത്. ഡീസല്‍ കടത്തുന്ന സംഘത്തിലെ നാലുപേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രസ്തുത സംഘം കാലങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കള്ളക്കടത്ത് നടത്തി തമിഴ്‌നാട്, ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം നടത്തുകയായിരുന്നു. 14 കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ സി.ആര്‍.ഐ പിടിച്ചെടുത്തു. 18 കോടിയോളം രൂപ വിലമതിക്കുന്ന 65 ലക്ഷം ലിറ്റര്‍ ഡീസല്‍ ഇതിനോടകം ഇവര്‍ കള്ളക്കടത്ത് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് ഡീസല്‍ വാങ്ങുന്നതിനായി ദുബായില്‍ വ്യാജകമ്പനിയുണ്ടാക്കിയാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരത്തിലുള്ള പല സംഘങ്ങളും പെട്രോളിയം ഉല്‍പന്നങ്ങളുടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം.

പെട്രോളിയം ഉല്‍പന്നങ്ങള്‍ കള്ളക്കടത്തുകാരുടെ പ്രിയ വസ്തുവാകാന്‍ കാരണം ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിന്റെ മററുഭാഗങ്ങളില്‍ ഡീസലിനും പെട്രോളിനും വിലയിലുളള വലിയ വ്യത്യാസമാണ്. മോദി ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിനുശേഷം ക്രൂഡ് ഓയിലിന്റെ വില മൂന്നിലൊന്നായി കുറഞ്ഞെങ്കിലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും ദിനംപ്രതി വിലയുയര്‍ത്തുന്ന നിലപാടാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് ക്രൂഡോയിലിന്റെ വിലയ്ക്ക് ആനുപാതികമായി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയാത്ത ഏകരാജ്യമാണ് ഇന്ത്യ. ഇതുവഴി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല കോര്‍പ്പറേറ്റ് കമ്പനികളും ലക്ഷക്കണക്കിന് കോടി രൂപയുടെ കൊള്ളലാഭമാണ് ലഭിച്ചത്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് പെട്രോളിനും ഡീസലിനും വില വര്‍ധനവ് ഉണ്ടാകുമ്പോള്‍ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരും ആലങ്കാരികമായി കാളവണ്ടിയില്‍ യാത്ര ചെയ്തവരും നിശബ്ദമായിരുന്ന സമീപകാല ഇന്ത്യ കണ്ട വന്‍ വഞ്ചനയ്ക്ക് കുടപിടിക്കുന്ന് കാഴ്ചയാണ് കാണുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില മൊത്തവില സൂചികയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാണ്. സര്‍ക്കാരിന് ജനക്ഷേമത്തിലാണ് താല്‍പര്യമെങ്കില്‍ കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ മാറ്റിവച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യാന്തര നിലവാരത്തിലെത്തിക്കണം.
സുധി വല്ലച്ചിറ
ലണ്ടന്‍: തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 7ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാ നിവാസികള്‍ ഉടനെ തന്നെ സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ജൂലായ് 1-ാം തീയതിക്ക് മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07727253424
ഹാളിന്റെ വിലാസം
Highfield Community Centre
Fletcher way
Hemel Hempstead
Hertford shire
HP2 5SB
തിരുവനന്തപുരം∙ കോവളത്തു കാണാതായ വിദേശ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്ന പരാതിയുമായി സഹോദരി ഇലീസ്. ലിഗയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതാണ്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകുമെന്നും ഇലീസ് പറഞ്ഞു. എന്നാൽ പൊലീസ് അന്വേഷണം തുടരുകയാണ്. രണ്ടു ദിവസത്തിനകം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനു ശേഷം മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ ഉൾപ്പെടെ വ്യക്തത വരുത്താൻ സാധിക്കൂ എന്നും പൊലീസ് പറയുന്നു.
വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുർവേദ ചികിൽസക്കിടെ പോത്തൻകോട് നിന്ന് കഴിഞ്ഞ മാർച്ച് 14നാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമന-കിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാൻ എത്തിയ യുവാക്കളാണ് ശിരസ്സറ്റ ഒരു മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടൽക്കാട്ടിനുള്ളിലാണു ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന ഫൊറിൻസിക് പരിശോധനയിൽ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.
അതേസമയം ലിഗയുടെ മൃതദേഹം സ്വദേശമായ ലിത്വേനിയയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങളെല്ലാം സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇലീസിനു തുക കൈമാറുമെന്നു സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബാലകിരൺ അറിയിച്ചു. ഇദ്ദേഹം ഇലീസിനെ സന്ദർശിക്കുകയും ചെയ്തു.
നാട്ടിലേക്കു മൃതദേഹം കൊണ്ടു പോകുന്നതിനുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കും. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള ചെലവ്, ലിഗയുടെ ബന്ധുക്കളുടെ യാത്ര ചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു. ലിഗയുടെ മരണത്തിൽ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, ടൂറിസം സെക്രട്ടറി റാണി ജോർജിന്റെയും അനുശോചനവും ബാലകിരൺ ഇലീസിനെ അറിയിച്ചു. ഡപ്യൂട്ടി ഡയറക്ടർ വി.എസ്.അനിൽ, അസി. പ്ലാനിങ് ഓഫിസർ ജി.ജയകുമാരൻ നായർ എന്നിവരും ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.
ന്യൂസ് ഡെസ്ക്
കേരളത്തിൽ അതിക്രൂരമായ പീഡനങ്ങൾ ആനകൾക്ക് നേരിടേണ്ടി വരുന്നതിനെതിരെ ലണ്ടനിൽ വൻ പ്രതിഷേധം നടന്നു. എലിഫൻറ് വെൽഫയർ കാമ്പയിനേഴ്സാണ് ലോകത്തിൽ നടക്കുന്നതിൽ വച്ച് ഏറ്റവും ക്രൂരമായ പീഡനമുറയാണ് കേരളത്തിൽ നടക്കുന്നതെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അമ്പലങ്ങളിൽ ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആനകളെ അടിമളെപ്പോലെ ആണ് പരിഗണിക്കുന്നതെന്നും ദേഹോപദ്രവം ഏല്പിക്കുകയും മുറിവുകൾ ഉണ്ടാക്കുകയും ദിവസങ്ങളോളം ചങ്ങലയ്ക്കിട്ട് ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആവശ്യത്തിന് ഭക്ഷണം പോലും കൊടുക്കാറില്ല. ആനകളുടെ ദയനീയമായ സാഹചര്യങ്ങൾ വിവരിക്കുന്ന ചിത്രങ്ങൾ പ്ളാക്കാർഡുകളിൽ പതിപ്പിച്ചാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ മുന്നിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നത്.

നിരവധി സെലബ്രിറ്റികളും എംപിമാരും മൃഗസ്നേഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നാട്ടാനകളുള്ള സംസ്ഥാനമായ കേരളത്തിൽ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ ഉള്ള മോദിക്ക് പ്രതിഷേധ കൂട്ടായ്മയുടെ സംഘാടകർ കത്ത് കൈമാറിയിട്ടുണ്ട്. മൃഗപീഡനത്തിന്റെ ഗ്രൗണ്ട് സീറോയാണ് കേരളമെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്.

ഇരുമ്പിന്റെ കൊളുത്തുകളും വടിയും ചാട്ടയും ചങ്ങലയും തീയും വരെ ആനയെ പീഡിപ്പിക്കുന്നതിനായി ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രിയ്ക്ക് നല്കിയ നിവേദനത്തിൽ പറയുന്നു. പീഡനങ്ങൾ നിയന്ത്രിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ടൂറിസ്റ്റുകൾ കേരളത്തെ ബഹിഷ്കരിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇൻഷുറൻസ് തുക കൈക്കലാക്കാനായി ആനകളെ പീഡിപ്പിച്ച് കൊല്ലുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മനോഹരമായി അലങ്കരിക്കപ്പെട്ട് ഉത്സവത്തിൽ എഴുന്നള്ളിക്കപ്പെടുന്ന ആനകളുടെ കാണാമറയത്തുള്ള ദുരിതങ്ങൾ ഹൃദയഭേദകമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആനകളെ ഭയപ്പെടുത്തി മനുഷ്യന്റെ നിയന്ത്രണത്തിലാക്കാൻ ഉപയോഗിക്കുന്ന ക്രൂരമായ മുറകൾ മാനവരാശിക്ക് തന്നെ നാണക്കേടാണ്. പൊട്ടിയൊലിക്കുന്ന വ്രണങ്ങളും ചങ്ങലപ്പാടുകളിൽ നിന്ന് രക്തം വാർന്നൊഴുകുന്നതും കേരളത്തിലെ നാട്ടാനകളുടെ ജീവിതത്തിൽ ഒരു പതിവു കാര്യമാണ്. ഉത്സവത്തിനുപയോഗിച്ചിരുന്ന 58 ആനകളാണ് കഴിഞ്ഞ രണ്ടു വർഷക്കാലത്തിൽ കേരളത്തിൽ ചെരിഞ്ഞത്. ആവശ്യമായ ഭക്ഷണവും വെള്ളവും നല്കാത്തതും കൊടുംചൂടിൽ നൂറുകണക്കിന് കിലോമീറ്ററുകൾ നടത്തുന്നതും ആനകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ആനകൾക്ക് വേണ്ട സംരക്ഷണം നല്കാൻ മൃഗസംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ജെഗി ജോസഫ്
സര്‍ഗ്ഗോത്സവ പ്രതിഭകളുടെ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ബ്രിസ്‌ക സര്‍ഗ്ഗോത്സവത്തിന്റെ കലാമാമാങ്കത്തിന് നാളെ (ശനിയാഴ്ച്ച) അരങ്ങുണരുമ്പോള്‍ അരങ്ങേറുന്നത് യുകെയിലെ സര്‍ഗ്ഗപ്രതിഭകളുടെ ആവേശപ്പോരാട്ടം. ബ്രിസ്‌ക സര്‍ഗ്ഗോത്സത്തിനായുള്ള രജിസ്ട്രേഷന്‍ ഇന്ന് വൈകിട്ട് 8 മണിക്ക് അവസാനിക്കും. നാളെ രാവിലെ 10 മണിക്ക് ബ്രിസ്‌ക സര്‍ഗ്ഗോത്സവത്തിന്റെ ശംഖൊലി മുഴങ്ങും. പിന്നീട് രാത്രി എട്ട് വരെ വിവിധ ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളാണ് മത്സരവേദി.
വ്യത്യസ്തമായ പരിപാടികളാണ് ബ്രിസ്‌ക ഇക്കുറിയും അണിയിച്ചൊരുക്കുന്നത്. വിവാഹത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ബ്രിസ്‌ക വേദിയില്‍ ആദരിക്കും. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരുപിടി നിമിഷങ്ങളാണ് ബ്രിസ്‌ക സര്‍ഗ്ഗോത്സവം സമ്മാനിക്കാറുള്ളത്. ഇക്കുറിയും കപ്പിള്‍ ഡാന്‍സ് ഉള്‍പ്പെടെയുള്ള മത്സര ഇനങ്ങള്‍ വേദിയില്‍ അരങ്ങേറും. ബ്രിസ്‌ക കപ്പിള്‍ 2018 ആരാകുമെന്ന ആകാംക്ഷയിലാണ് ഏവരും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ ഇപ്പോള്‍ തന്നെ പേരു രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വന്‍ പങ്കാളിത്തമാണ് പരിപാടിയിലുണ്ടാകുക. മത്സരം കടുക്കുമ്പോള്‍ അത് ആസ്വാദകര്‍ക്ക് മികച്ചൊരു വിരുന്നായിരിക്കും.

രസകരമായ നിമിഷങ്ങളും മത്സരങ്ങളുടെ ആവേശവും ബ്രിസ്‌കയ്ക്ക് ഇക്കുറിയും മുതല്‍കൂട്ടാകും. വന്‍തോതിലുള്ള ഒരുക്കങ്ങളാണ് ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനായി നടത്തിയിരിക്കുന്നത്. ഒരാള്‍ക്ക് അഞ്ച് വ്യക്തിഗത മത്സരങ്ങളില്‍ പങ്കെടുക്കാം. 5 പൗണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ടീമിന് 5 പൗണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്. പ്രായം കണക്കാക്കി അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.
കളറിംഗ്, പെയ്ന്റിംഗ്, പുഞ്ചിരി മത്സരം, ഉപന്യാസം, മെമ്മറി ടെസ്റ്റ്, ഫാന്‍സി ഡ്രസ്, സിംഗിള്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍, ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ രസകരമായ ഒട്ടേറെ മത്സരങ്ങള്‍ നടത്തുന്നുണ്ട്. ഇക്കുറി മുതിര്‍ന്നവര്‍ക്കായി ബെസ്റ്റ് കപ്പിള്‍സ് എന്ന മത്സരയിനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആവേശത്തോടെ മത്സരങ്ങളുടെ ഭാഗമാകാന്‍ ഏവരേയും ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി എന്നിവര്‍ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ഗ്ഗോത്സവത്തിന്റെ ചുമതല വഹിക്കുന്ന ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആര്‍ട്ട്സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍, റെജി തോമസ്, സന്ദീപ് കുമാര്‍ എന്നിവരെ ബന്ധപ്പെടുക.
ബ്രിസ്‌ക സര്‍ഗ്ഗോത്സവ വേദി:
സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍,
248 ഗ്രെ സ്റ്റോക്ക് അവന്യൂ,
BS10 6BQ