Uncategorized

ന്യൂസ് ഡെസ്ക്

വിശുദ്ധവാരത്തിന് അന്ത്യം കുറിച്ചു കൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാസഹനവും കുരിശുമരണവും വഴി ലോകത്തിന്റെ പാപങ്ങളുടെ മോചനത്തിനായി തന്നെത്തന്നെ ബലിയായർപ്പിച്ച യേശുദേവന്റെ ഉയിർപ്പ് ദിനമാണിന്ന്. ഉപവാസവും പ്രാർത്ഥനയും കാരുണ്യ പ്രവർത്തികളും വഴി അമ്പതു നോമ്പിന്റെ നിറവിൽ ആത്മീയമായി ഒരുങ്ങിയാണ് ക്രൈസ്തവർ ഉത്ഥിതനായ ക്രിസ്തുവിനെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പാതിരാ കുർബാനയിൽ വിശ്വാസികൾ സാഘോഷം പങ്കെടുത്തു. യുകെയിൽ നടന്ന ഈസ്റ്റർ കുർബാനകളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

പ്രസ്റ്റണിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നല്കി. വിവിധ കുർബാന സെൻററുകളിൽ വൈദികർ ശുശ്രൂഷകൾ നയിച്ചു. സമാധാനത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശമാണ് ഈസ്റ്റർ നല്കുന്നതെന്ന് വി.കുർബാന മധ്യേ വൈദികർ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. അനുരജ്ഞനത്തിന്റെയും സഹിഷ്ണുതയുടെയും ലോകമാണ് നമുക്കാവശ്യമെന്ന് മാർപ്പാപ്പയും ബിഷപ്പുമാരും സന്ദേശങ്ങളിൽ പറഞ്ഞു. വിപുലമായ ആഘോഷ പരിപാടികൾ നടത്തിയാണ് യുകെയിൽ പലയിടത്തും ഈസ്റ്റർ ആഘോഷിക്കുന്നത്. അസോസിയേഷനുകളുടെയും കമ്യൂണിറ്റി ഗ്രൂപ്പുകളുടെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഇന്ന് നടക്കും.

ടോം ജോസ് തടിയംപാട്

അനില്‍കുമാര്‍ ഗോപിക്കും അച്ചു ടോമിക്കും വേണ്ടി ഇടുക്കി ചാരിറ്റി നടത്തുന്ന ഈസ്റ്റര്‍ അപ്പീലില്‍ 26,086 പൗണ്ട് ലഭിച്ചു. അച്ചുവിന്റെയും അനില്‍കുമാര്‍ ഗോപിയുടെയും ദയനീയാവസ്ഥ വിവരിച്ചുകൊണ്ട് ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അച്ചുവിനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മരിയാപുരം പള്ളി വികാരി അയച്ച കത്തും ഇതുവരെ ലഭിച്ച പണത്തിന്റെ ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

രണ്ടു വൃക്കകളും തകരാറിലായ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ പിതാവായ തൊടുപുഴ അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിനുവേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ഇടുക്കി, മരിയാപുരം, സ്വദേശിയായ അച്ചു ടോമിയുടെ കണ്ണിനു ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിയ്ക്ക് ഇതുവരെ 26,086 പൗണ്ട് ലഭിച്ചു. കളക്ഷന്‍ അടുത്ത വ്യാഴാഴ്ച വരെ തുടരും.

അനില്‍കുമാറിന് ചികിത്സക്ക് ഇരുപത്തിനാലു ലക്ഷം രൂപ ചിലവുവരും. അച്ചുവിന്റെ കണ്ണിനു ശസ്ത്രക്രിയക്കു ആറു ലക്ഷം രൂപ ചിലവുവരും. നിങ്ങളുടെ സഹായമില്ലാതെ ഇവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. ഇവര്‍ക്ക് കാഴ്ചയും പുതുജീവിതവും നല്‍കാന്‍ നമുക്ക് ഈ ഈസ്റ്റര്‍ ദിനത്തില്‍ ഒരുമിക്കാം. നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കി ഈ വലിയ ആഴ്ചയില്‍ ഈ നല്ല പ്രവര്‍ത്തിയില്‍ പങ്കുചേരണമെന്നു ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

ബിനോയി ജോസഫ്

“ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ… ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു”… ലോകമെങ്ങും ക്രൈസ്തവ സമൂഹം ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഗുരോ സ്വസ്തി… മുപ്പത് വെള്ളിക്കാശിനായി യൂദാസ് ഒറ്റിക്കൊടുത്ത ക്രിസ്തുവിനെ കുരിശു മരണത്തിന് വിധിച്ച ദിനം… ലോകത്തിന്റെ പാപങ്ങൾക്കായി മനുഷ്യപുത്രൻ വിധിക്കപ്പെട്ട ദിനം…  ഇന്നലെ യുകെയിലടക്കം ഭക്തിനിർഭരമായ ചടങ്ങുകളോടെ പെസഹാ ആചരണവും കാൽ കഴുകൽ ശുശ്രൂഷയും നടന്നു… ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ മാർ ജോസഫ് സ്രാമ്പിക്കലും വിവിധ കുർബാന സെൻററുകളിൽ വൈദികരുടെ നേതൃത്വത്തിലും പെസഹാ അപ്പം മുറിക്കലും പ്രാർത്ഥനകളും നടന്നു. നൂറു കണക്കിന് വിശ്വാസികളാണ് നോമ്പിന്റെ അരൂപിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത്. വിശുദ്ധവാരത്തിലെ അതിപ്രധാനമായ ദിനമാണ് ദുഃഖവെള്ളി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്ക്കരണവും കുരിശിന്റെ വഴിയും വിശ്വാസികളെ ആത്മീയയോട് അടുപ്പിക്കുന്നു. ഇന്ന് ഉപവാസ ദിനം കൂടിയാണ്.

ക്രിസ്തുവിന്റെ ഗാഗുൽത്താമലയിലേയ്ക്കുള്ള പീഡാനുഭവ യാത്രയെ അനുസ്മരിക്കുന്ന കുരിശിന്റെ വഴികൾ ലോകമെമ്പാടും ഇന്ന് നടക്കുന്നു. യാത്രയിലെ 14 സ്ഥലങ്ങളിൽ വിശ്വാസികളിൽ കുരിശുമേന്തി ക്രിസ്തുവിന്റെ കുരിശിലെ പീഡയെ ജീവിതത്തിൽ പകർത്തും. വിവിധ സ്ഥലങ്ങളിൽ സഭകൾ ഒരുമിച്ച് എക്യുമെനിക്കൽ പ്രാർത്ഥനകളും നടക്കുന്നുണ്ട്. അമ്പതു നോമ്പിന്റെ പൂർണതയിലേയ്ക്ക് അടുക്കുമ്പോൾ ക്രിസ്തുവിന്റെ ഉത്ഥാനത്തിനായുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. റോമിലും ഇസ്രയേലിലും നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നിരിക്കുന്നത്.

പള്ളികളിൽ പീഡാനുഭ തിരുക്കർമ്മങ്ങൾക്കു ശേഷം വിശ്വാസികൾ പ്രാർത്ഥനയിലും പീഡാനുഭവ ചിന്തകളിലും ചിലവഴിക്കുന്നു. കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ പാനവായനയും ദുഃഖവെള്ളിയോടനുബന്ധിച്ച് വിശ്വാസികൾ നടത്താറുണ്ട്. അർണോസ് പാതിരി എന്നറിയപ്പെടുന്ന ജർമ്മൻ ജെസ്യൂട്ട് മിഷനറി വൈദികനായ ജോഹാൻ ഏണസ്റ്റ് ഹാൻക് സ്ളേഡൻ ആണ് പുത്തൻപാന രചിച്ചത്. ഇന്ത്യൻ സാഹിത്യത്തിൽ ഏറെ വായിക്കപ്പെട്ട ഈ പദ്യം രചിക്കപ്പെട്ടത് 1721-1732 കാലഘട്ടത്തിലാണ്. ക്രിസ്തുവിന്റെ ജീവിതമാണ് 14 പദങ്ങളിലായി ക്രോഡീകരിച്ചിരിക്കുന്നത്. ആർച്ച് ബിഷപ്പ് അന്റോണിയോ പിമെൻറലിന്റെ അഭ്യർത്ഥന പ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. ലളിതമായ മലയാളത്തിൽ ക്രിസ്ത്യൻ മാർഗദർശനത്തിൽ എഴുതപ്പെട്ട ആദ്യ പദ്യങ്ങളിലൊന്നാണ് പുത്തൻ പാന. സുറിയാനി ക്രിസ്ത്യാനികൾ ഇന്നും നോമ്പുകാലത്തും പെസഹാ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി ദിവസങ്ങളിൽ പാന വായിക്കുന്ന പതിവുണ്ട്. പാനയിലെ പന്ത്രണ്ടാം പദം ദൈവമാതാവിന്റെ വ്യാകുല പ്രലാപമാണ്.

പുത്തന്‍പാന

 

ദൈവമാതാവിന്റെ വ്യാകുല പ്രലാപം.

അമ്മ കന്യാമണിതന്റെ നിർമ്മലദുഃഖങ്ങളിപ്പോൾ
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഃഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷർക്ക്
ഉൾക്കനേ ചിന്തിച്ചുകൊൾവാൻ ബുദ്ധിയും പോരാ
എൻ മനോവാക്കിൻ വശം പോൽ പറഞ്ഞാലൊക്കയുമില്ലാ
അമ്മ കന്യേ തുണയെങ്കിൽ പറയാമല്പം
സർവ്വമാനുഷ്യർക്കുവന്ന സർവ്വദോഷോത്തരത്തിന്നായ്
സർവ്വനാഥൻ മിശിഹായും മരിച്ച ശേഷം

സർവ്വനന്മക്കടലോന്റെ സർവ്വപങ്കപ്പാടുകണ്ടൂ
സർവ്വദുഃഖം നിറഞ്ഞുമ്മാ പുത്രനേ നോക്കീ
കുന്തമമ്പ് വെടിചങ്കിൽ കൊണ്ടപോലെ മനം വാടി
തൻ തിരുക്കാൽക്കരങ്ങളും തളർന്നു പാരം
ചിന്തവെന്തു കണ്ണിൽ നിന്നൂ ചിന്തിവീഴും കണ്ണുനീരാൽ
എന്തുചൊല്ലാവതു ദുഃഖം പറഞ്ഞാലൊക്ക
അന്തമറ്റ സർവ്വനാഥൻ തൻ തിരുക്കല്പനയോർത്തു
ചിന്തയൊട്ടങ്ങുറപ്പിച്ചു തുടങ്ങീ ദുഃഖം

എൻ മകനേ! നിർമ്മലനേ! നന്മയെങ്ങും നിറഞ്ഞോനേ
ജന്മദോഷത്തിന്റെ ഭാരം ഒഴിച്ചോ പുത്രാ
പണ്ടു മുന്നോർ കടംകൊണ്ടു കൂട്ടിയതു വീട്ടുവാ‍നായ്
ആണ്ടവൻ നീ മകനായി പിറന്നോ പുത്രാ
ആദമാദി നരവർഗ്ഗം ഭീതികൂടാതെ പിഴച്ചൂ
ഹേതുവതിൻ ഉത്തരം നീ ചെയ്തിതോ പുത്രാ
നന്നു നന്നു നരരക്ഷ നന്ദിയത്രേ ചെയ്തതു നീ
ഇന്നിവ ഞാൻ കാണുമാറു വിധിച്ചോ പുത്രാ

മുന്നമേ ഞാൻ മരിച്ചിട്ടു പിന്നെ നീ ചെയ്തിവയെങ്കിൽ
വന്നിതയ്യോ മുന്നമേ നീ മരിച്ചോ പുത്രാ
വാർത്ത മുൻപേ അറിയിച്ചു യാത്ര നീ എന്നോടു ചൊല്ലീ
ഗാത്രദത്തം മാനുഷർക്കു കൊടുത്തോ പുത്രാ
മാനുഷ്യർക്ക് നിൻ പിതാവ് മനോഗുണം നൽകുവാനായ്
മനോസാദ്ധ്യമപേക്ഷിച്ചു കേണിതോ പുത്രാ
ചിന്തയറ്റങ്ങപേക്ഷിച്ചു ചിന്തവെന്ത സംഭ്രമത്താൽ
ചിന്തി ചോര വിയർത്തു നീ കുളിച്ചോ പുത്രാ

വിണ്ണിലോട്ടു നോക്കി നിന്റെ കണ്ണിലും നീ ചോരചിന്തീ
മണ്ണുകൂടെ ചോരയാലെ നനച്ചോ പുത്രാ
ഭൂമിദോഷവലഞ്ഞാകെ സ്വാമി നിന്റെ ചോരയാലേ
ഭൂമിതന്റെ ശാപവും നീ ഒഴിച്ചോ പുത്രാ
ഇങ്ങനെ നീ മാനുഷ്യർക്ക് മംഗളം വരുത്തുവാനായ്
തിങ്ങിന സന്താപമോട് ശ്രമിച്ചോ പുത്രാ
വേലയിങ്ങനെ ചെയ്തു കൂലി സമ്മാനിപ്പതിനായി
കാലമീപ്പാപികൾ നിന്നെ വളഞ്ഞോ പുത്രാ

ഒത്തപോലെ ഒറ്റി കള്ളൻ മുത്തി നിന്നെ കാട്ടിയപ്പോൾ
ഉത്തമനാം നിന്നെ നീചർ പിടിച്ചോ പുത്രാ
എത്രനാളായ് നീ അവനെ വളർത്തുപാലിച്ച നീചൻ
ശത്രുകൈയ്യിൽ വിറ്റു നിന്നെ കൊടുത്തോ പുത്രാ
നീചനിത്ര കാശിനാശ അറിഞ്ഞെങ്കിൽ ഇരന്നിട്ടും
കാശുനൽകായിരുന്നയ്യോ ചതിച്ചോ പുത്രാ
ചോരനെപ്പോലെപിടിച്ചു ക്രൂരമോടെ കരം കെട്ടി
ധീരതയോടവർ നിന്നെ അടിച്ചോ പുത്രാ

പിന്നെ ഹന്നാൻ തന്റെ മുൻപിൽവെച്ചു നിന്റെ കവിളിന്മേൽ
മന്നിലേയ്ക്കു നീചപാപി അടിച്ചോ പുത്രാ
പിന്നെ ന്യായം വിധിപ്പാനായ് ചെന്നു കൈയ്യേപ്പാടെ മുൻപിൽ
നിന്ദ ചെയ്തു നിന്നെ നീചൻ വിധിച്ചോ പുത്രാ
സർവ്വരേയും വിധിക്കുന്ന സർവ്വസൃഷ്ടിസ്ഥിതി നാഥാ
സർവ്വനീചൻ അവൻ നിന്നെ വിധിച്ചോ പുത്രാ
കാരണം കൂടാതെ നിന്നെ കൊലചെയ്യാൻ വൈരിവൃന്ദം
കാരിയക്കാരുടെപക്കൽ കൊടുത്തോ പുത്രാ‍

പിന്നെ ഹെറോദേസു പക്കൽ നിന്നെ അവർ കൊണ്ടുചെന്നൂ
നിന്ദചെയ്തു പരിഹസിച്ചു അയച്ചോ പുത്രാ
പിന്നെ അധികാരിപക്കൽ നിന്നെ അവർ കൊണ്ടു ചെന്നൂ
നിന്നെ ആക്ഷേപിച്ചു കുറ്റം പറഞ്ഞോ പുത്രാ
എങ്കിലും നീ ഒരുത്തർക്കും സങ്കടം ചെയ്തില്ല നൂനം
നിങ്കലിത്ര വൈരമിവർക്ക് എന്തിതു പുത്രാ
പ്രാണനുള്ളോനെന്നു ചിത്തേസ്മരിക്കാതെ വൈരമോടെ
തൂണുതന്നിൽ കെട്ടി നിന്നെ അടിച്ചോ പുത്രാ

ആളുമാറി അടിച്ചയ്യോ ചൂളിനിന്റെ ദേഹമെല്ലാം
ചീളുപെട്ടു മുറിഞ്ഞു നീ വലഞ്ഞോ പുത്രാ‍
ഉള്ളിലുള്ള വൈര്യമോടെ യൂദർ നിന്റെ തലയിന്മേൽ
മുള്ളുകൊണ്ടു മുടിവെച്ചു തറച്ചോ പുത്രാ
തലയെല്ലാം മുറിഞ്ഞയ്യോ ഒലിക്കുന്ന ചോരകണ്ടാൽ
അലസിയെൻ ഉള്ളിലെന്തു പറവൂ പുത്രാ
തലതൊട്ടങ്ങടിയോളം തൊലിയില്ലാ മുറിവയ്യോ
പുലിപോലെ നിന്റെ ദേഹം മുറിച്ചോ പുത്രാ

നിൻ തിരുമേനിയിൽ ചോരകുടിപ്പാനാ വൈരികൾക്ക്
എന്തുകൊണ്ടു ദാഹമിത്ര വളർന്നൂ പുത്രാ
നിൻ തിരുമുഖത്തു തുപ്പീ നിന്ദചെയ്തു തൊഴുതയ്യോ
ജന്തുവോടിങ്ങനെ കഷ്ടം ചെയ്യുമോ പുത്രാ
നിന്ദവാക്ക് പരിഹാസം പല പല ദൂഷികളും
നിന്നെ ആക്ഷേപിച്ചു ഭാഷിച്ചെന്തിതു പുത്രാ
ബലഹീനനായ നിന്നെ വലിയൊരു കുരിശതു
ബലംചെയ്തിട്ടെടുപ്പിച്ച് നടത്തിയോ പുത്രാ

തല്ലി നുള്ളി അടിച്ചുന്തീ തൊഴിച്ചുവീഴിച്ചിഴച്ചൂ
അല്ലലേറ്റം വരുത്തി നീ വലഞ്ഞോ പുത്രാ
ചത്തുപോയ മൃഗം ശ്വാക്കൾ എത്തിയങ്ങു പറിക്കും പോൽ
കുത്തി നിന്റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ
ദുഷ്ടരെന്നാകിലും കണ്ടാൽ മനം പൊട്ടും മാനുഷ്യർക്ക്
ഒട്ടുമേയില്ലനുഗ്രഹം ഇവർക്ക് പുത്രാ
ഈ അതിക്രമങ്ങൾ ചെയ്യാൻ നീ അവരോടെന്തു ചെയ്തൂ
നീ അനന്തദയയല്ലോ ചെയ്തത് പുത്രാ

ഈ മഹാപാപികൾ ചെയ്ത ഈ മഹാനിഷ്ഠൂര കൃത്യം
നീ മഹാകാരുണ്യമോടു ക്ഷമിച്ചോ പുത്രാ
ഭൂമിമാനുഷർക്ക് വന്ന ഭീമഹാദോഷം പൊറുക്കാൻ
ഭൂമിയേക്കാൾ ക്ഷമിച്ചൂ നീ സഹിച്ചോ പുത്രാ
ക്രൂരമായ ശിക്ഷ ചെയ്തു പരിഹസിച്ചു അവർ നിന്നെ
ജറുസലേം നഗരം നീളെ നടത്തീ പുത്രാ
വലഞ്ഞുവീണെഴുന്നേറ്റു കൊലമരം ചുമന്നയ്യോ
കൊലമല മുകളിൽ നീ അണഞ്ഞോ പുത്രാ‍

ചോരയാൽ നിൻ ശരീരത്തിൽ പറ്റിയ കുപ്പായമപ്പോൾ
ക്രൂരമോടെ വലിച്ചവർ പറിച്ചോ പുത്രാ
ആദമെന്ന പിതാവിന്റെ തലയിൽ വൻമരം തന്നിൽ
ആദിനാഥാ കുരിശിൽ നീ തൂങ്ങിയോ പുത്രാ
ആണിയിന്മേൽ തൂങ്ങി നിന്റെ ഞരമ്പെല്ലാം വലിയുന്ന
പ്രാണവേദന ആസകലം സഹിച്ചോ പുത്രാ
ആണി കൊണ്ട് നിന്റെ ദേഹം തുളച്ചതിൽ കഷ്ടമയ്യോ
നാണക്കേട് പറഞ്ഞതിന്ന് അളവോ പുത്രാ

വൈരികൾക്കു മാനസത്തിൽ എൻ മകനെക്കുറിച്ചയ്യോ
ഒരു ദയ ഒരിക്കലും ഇല്ലയോ പുത്രാ
അരിയകേസരികളെ നിങ്ങൾ പോയ ഞായറിലെൻ
തിരുമകൻ മുന്നിൽ വന്ന് ആചരിച്ചു പുത്രാ
അരികത്ത് നിന്നു നിങ്ങൾ സ്തുതിച്ചോശാനയും ചൊല്ലി
പരിചിൽ കൊണ്ടാടി ആരാധിച്ചു നീ പുത്രാ
അതിൽ പിന്നെ എന്തു കുറ്റം ചെയ്തതെന്റെ പുത്രനയ്യോ
അതിക്രമം ചെയ്തുകൊൾവാൻ എന്തിതു പുത്രാ

ഓമനയേറുന്ന നിന്റെ തിരുമുഖഭംഗി കണ്ടാൽ
ഈ മഹാപാപികൾക്കിതു തോന്നുമോ പുത്രാ
ഉണ്ണി നിന്റെ തിരുമുഖം തിരുമേനി ഭംഗികണ്ടാൽ
കണ്ണിനാന്ദവും ഭാഗ്യസുഖമേ പുത്രാ
കണ്ണിനാനന്ദകരനാം ഉണ്ണി നിന്റെ തിരുമേനി
മണ്ണുവെട്ടിക്കിളയ്ക്കും പോൽ മുറിച്ചോ പുത്രാ
കണ്ണുപോയ കൂട്ടമയ്യോ ദണ്ഡമേറ്റം ചെയ്തു ചെയ്തു
പുണ്ണുപോലെ നിന്റെ ദേഹം ചമച്ചോ പുത്രാ

അടിയോടു മുടി ദേഹം കടുകിട ഇടയില്ലാ
കഠിനമായ് മുറിച്ചയ്യോ വലഞ്ഞോ പുത്രാ
നിന്റെ ചങ്കിൽ ചവളത്താൽ കൊണ്ട കുത്തുടൻ വേലസു
എന്റെ നെഞ്ചിൽ കൊണ്ടു ചങ്കു പിളർന്നോ പുത്രാ
മാനുഷന്റെ മരണം കൊണ്ടു നിന്റെ മരണത്താൽ
മാനുഷർക്ക് മാനഹാനി ഒഴിച്ചോ പുത്രാ
സൂര്യനും പോയ്മറഞ്ഞയ്യോ ഇരുട്ടായി ഉച്ചനേരം
വീര്യവാനെ നീ മരിച്ച ഭീതിയോ പുത്രാ

ഭൂമിയിൽ നിന്നേറിയോരു ശവങ്ങളും പുറപ്പെട്ടു
ഭൂമിനാഥാ ദുഃഖമോടെ ദുഃഖമേ പുത്രാ
പ്രാണനില്ലാത്തവർകൂടെ ദുഃഖമോടെ പുറപ്പെട്ടു
പ്രാണനുള്ളോർക്കില്ല ദുഃഖം എന്തിതു പുത്രാ
കല്ലുകളും മരങ്ങളും പൊട്ടി നാദം മുഴങ്ങീട്ട്
അല്ലലോട് ദുഃഖമെന്തു പറവൂ പുത്രാ
കല്ലിനേക്കാൾ ഉറപ്പേറും യൂദർ തന്റെ മനസ്സയ്യോ
തെല്ലുകൂടെ അലിവില്ലാ എന്തിതു പുത്രാ

സർവ്വലോകനാഥനായ നിൻ മരണം കണ്ടനേരം
സർവ്വദുഃഖം മഹാദുഃഖം സർവ്വതും ദുഃഖം
സർവ്വദുഃഖക്കടലിന്റെ നടുവിൽ ഞാൻ വീണുതാണു
സർവ്വസന്താപങ്ങളെന്തു പറവൂ പുത്രാ
നിൻ മരണത്തോടുകൂടെ എന്നെയും നീ മരിപ്പിക്കിൻ
എൻ മഹാദുഃഖങ്ങളൊട്ടു തണുക്കും പുത്രാ
നിൻ മനസ്സിൻ ഇഷ്ടമെല്ലാം സമ്മതിപ്പാനുറച്ചൂ ഞാൻ
എൻ മനസ്സിൽ തണുപ്പില്ലാ നിർമ്മല പുത്രാ

വൈരികൾക്കു മാനസത്തിൽ വൈരമില്ലാതില്ലയേതും
വൈരഹീനർ പ്രിയമല്ലൊ നിനക്കു പുത്രാ
നിൻ ചരണ ചോരയാദം തൻ ശിരസ്സിൽ ഒഴുകിച്ചൂ
വൻ ചതിയാൽ വന്ന ദോഷം ഒഴിച്ചോ പുത്രാ
മരത്താലെ വന്ന ദോഷം മരത്താലെ ഒഴിപ്പാനായ്
മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രാ
നാരികയ്യാൽ ഫലം തിന്നു നരന്മാർക്കു വന്ന ദോഷം
നാരിയമ്മേ ഫലമായ് നീ ഒഴിച്ചോ പുത്രാ

ചങ്കിലും ഞങ്ങളെയങ്ങു ചേർത്തുകൊൾവാൻ പ്രിയം നിന്റെ
ചങ്കുകൂടെ മാനുഷർക്ക് തുറന്നോ പുത്രാ
ഉള്ളിലേതും ചതിവില്ലാ ഉള്ളകൂറെന്നറിയിപ്പാൻ
ഉള്ളുകൂടെ തുറന്നു നീ കാട്ടിയോ പുത്രാ
ആദിദോഷം കൊണ്ടടച്ച സ്വർഗ്ഗവാതിൽ തുറന്നു നീ
ആദിനാഥാ മോക്ഷവഴി തെളിച്ചോ പുത്രാ
മുൻപുകൊണ്ട കടമെല്ലാം വീട്ടി മേലിൽ നീട്ടുവാനായ്
അൻപിനോട് ധനം നേടി വച്ചിതോ പുത്രാ

പള്ളിതന്റെ ഉള്ളകത്തു വെച്ച നിന്റെ ധനമെല്ലാം
കള്ളരില്ലാതുറപ്പുള്ള സ്ഥലത്തു പുത്രാ
പള്ളിയകത്തുള്ളവർക്കു വലയുമ്പോൾ കൊടുപ്പാനായ്
പള്ളിയറക്കാരനേയും നീ വിധിച്ചോ പുത്രാ
എങ്ങനെ മാനുഷർക്കു നീ മംഗള ലാഭം വരുത്തീ
തിങ്ങിന താപം ശമിച്ചു മരിച്ചോ പുത്രാ
അമ്മ കന്യേ നിന്റെ ദുഃഖം പാടിവർണ്ണിച്ചപേക്ഷിച്ചു
എൻ മനോത്ഥാദും കളഞ്ഞു തെളിയ്ക്ക് തായേ

നിൻ മകന്റെ ചോരയാലെ എൻ മനോദോഷം കഴുകി
വെണ്മനൽകീടേണമെന്നിൽ നിർമ്മല തായേ
നിൻ മകന്റെ മരണത്താൽ എന്റെ ആത്മമരണത്തെ
നിർമ്മലാംഗി നീക്കി നീ കൈതൂപ്പുക തായേ
നിൻ മഹങ്കലണച്ചെന്നെ നിർമ്മല മോക്ഷം നിറച്ച്
അമ്മ നീ മല്‍പ്പിതാവീശോ ഭവിക്കതസ്മാൻ

യുകെയില്‍ അടുത്ത മാസം മുതല്‍ ഷുഗര്‍ ടാക്‌സ് നിലവില്‍ വരുന്നു. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പുതിയ നികുതിയാണ് ഇത്. ഇത് പ്രാബല്യത്തിലാകുന്നതോടെ പെപ്‌സി, കൊക്കകോള തുടങ്ങിയ ഡ്രിങ്കുകളുടെ ലെവിയില്‍ വര്‍ദ്ധനവുണ്ടാകും. ജോര്‍ജ് ഓസ്‌ബോണ്‍ ചാന്‍സലറായിരുന്ന 2016 മാര്‍ച്ചിലാണ് സര്‍ക്കാര്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2018ല്‍ ഇത് നടപ്പിലാക്കുമെന്നും അന്ന് പ്രഖ്യാപിച്ചിരുന്നു. ഏതാണ്ട് 520 മില്യണ്‍ പൗണ്ടിന്റെ നികുതി വരുമാന വര്‍ദ്ധനവാണ് ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതിലൂടെ പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ 6 മുതല്‍ പുതിയ നികുതി നിലവില്‍ വരും.

റെസിപ്പികളില്‍ മാറ്റം വരുത്താന്‍ കമ്പനികള്‍ക്ക് സമയമനുവിദിക്കുന്നതിനായാണ് നികുതി നിര്‍ദേശം പുറപ്പെടുവിച്ച ശേഷം രണ്ട് വര്‍ഷത്തെ സമയം അനുവദിച്ചത്. 100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ക്കാണ് പുതിയ ലെവി ബാധകമാവുക. ഡോ. പെപ്പര്‍, ഫാന്റ, സ്‌പ്രൈറ്റ് തുടങ്ങിയവയുടെ നികുതി നിരക്ക് കുറവായിരിക്കും. എന്നാല്‍ കോക്കകോള, പെപ്‌സി, അയണ്‍ ബ്രു തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകള്‍ ഉയര്‍ന്ന നികുതിയുള്ള വിഭാഗത്തിലായിരിക്കും. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഡ്രിങ്കുകളുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി നമുക്കറിയാം. പൊണ്ണത്തടി മുതല്‍ പ്രമേഹം വരെ ഒട്ടേറെ അസുഖങ്ങള്‍ക്കാണ് ഇവ കാരണമാകുന്നത്. പക്ഷേ നിര്‍ണായക തീരുമാനമെടുക്കുന്നതില്‍ നിന്ന് നാം ഒഴിഞ്ഞു മാറുകയായിരുന്നു. ഇക്കാര്യത്തില്‍ നമ്മള്‍ ഒന്നും തന്നെ ചെയ്തിരുന്നില്ലെന്നും ജോര്‍ജ് ഓസ്‌ബോണ്‍ 2016ല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

100 മില്ലീലിറ്ററില്‍ 5 ഗ്രാമില്‍ കൂടുതല്‍ ഷുഗര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത്തരം ഡ്രിങ്കുകളുടെ വില 18 പെന്‍സ് വര്‍ധിപ്പിക്കും. 8 ഗ്രാമില്‍ കൂടുതലാണ് ഷുഗറിന്റെ അളവെങ്കില്‍ 24 പെന്‍സിന്റെ വര്‍ധനവും ഉണ്ടാകും. സാധാരണ ഗതിയില്‍ 70 പെന്‍സിന് ലഭിക്കുന്ന കോക്കിന്റെ ക്യാനിന്റെ വിലയില്‍ 8 പെന്‍സിന്റെ വര്‍ധനവുണ്ടാകും. പെപ്‌സി, അയണ്‍ ബ്രു എന്നിവയുടെ ക്യാനിന് 8 പെന്‍സിന്റെ വര്‍ധനവും ഫാന്റ സ്‌പ്രൈറ്റ് എന്നിവയുടെ ബോട്ടിലിന് 6 പെന്‍സിന്റെയും വര്‍ധനവുണ്ടാകും. 1.75 മില്ലിലിറ്ററിന്റെ കോക്കിന്റെ വിലയില്‍ 1.25 പൗണ്ട് മുതല്‍ 1.29 പൗണ്ട് വരെ വര്‍ധനവ് ഉണ്ടായേക്കും.

ടോം ജോസ് തടിയംപാട്

അച്ചുവിന്റെ കണ്ണിനു കാഴ്ച തിരിച്ചുകിട്ടുമ്പോള്‍ അവള്‍ കാണുന്ന വെളിച്ചത്തിന്റെ നന്മ നിങ്ങളിലെക്കും പടരട്ടെ. അനില്‍കുമാറിന്റെ ജീവിതം തിരിച്ചു കിട്ടുബോള്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ ചിരിയും നമുക്ക് സ്വന്തനമേകുന്നതിനു കഴിയട്ടെ. അതിനു നിങ്ങളെക്കൊണ്ട് കഴിയുന്നത് നല്‍കി സഹായിക്കുക. അനില്‍കുമാറിന് ഇരുപത്തിനാലു ലക്ഷം രൂപ ചികിത്സക്ക് വേണ്ടിവരും. അച്ചുവിന്റെ കണ്ണിനു ശസ്ത്രക്രിയക്കു ആറു ലക്ഷം രൂപ ചിലവുവരും. നിങ്ങളുടെ സഹായമില്ലാതെ ഇവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് വലിയ പിന്തുണയാണ് യുകെ മലയാളികളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ 2646 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

ചാരിറ്റി കളക്ഷന്‍ വരുന്ന മാസം 5-ാം തിയതി വരെ തുടരുന്നു. രണ്ടു വൃക്കകളും തകരാറിലായ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ പിതാവായ തൊടുപുഴ, അറക്കുളം ഇലപ്പിള്ളി സ്വദേശി അനില്‍കുമാറിനു വേണ്ടിയും അപൂര്‍വ രോഗത്തെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി ഇടുക്കി, മരിയാപുരം, സ്വദേശിയായ അച്ചു ടോമിയുടെ കണ്ണിനു ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടിയുമാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, ഈസ്റ്റര്‍ അപ്പീല്‍ നടത്തിയത്. ഈ പാവം മനുഷ്യരോടു നിങ്ങള്‍ കാണിക്കുന്ന ഈ നല്ല മനസിനു ദൈവം ഉണ്ടെങ്കില്‍ നിങ്ങളുടെ മുകളില്‍ നന്മയുടെ പെരുമഴ പെയ്യിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ വിശന്നുവന്നവനു ഭക്ഷണം നല്‍കിയപ്പോള്‍ അത് എനിക്കാണു നല്‍കിയത് എന്നു പഠിപ്പിച്ച ക്രിസ്തുദേവന്റെ കുരിശുമരണത്തിന്റെയും ഉയിര്‍പ്പിന്റെയും ഈ വലിയ ആഴ്ചയില്‍ നിങ്ങള്‍ ഈ പാവം കുട്ടികളോടും അവരുടെ കുടുംബത്തോടും കാണിച്ച വലിയ മനസിനുമുന്‍പില്‍ ഞങ്ങള്‍ ശിരസു നമിക്കുന്നുവെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് പറഞ്ഞു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നുപറയുന്നത് യുകെയില്‍ കുടിയേറിയ ഒരു കൂട്ടം പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ചവരുടെ കൂട്ടമാണ്. ഞങ്ങള്‍ക്ക് ഒരു സംഘടനയുമായി ഒരു ബന്ധവുമില്ല. 2004 ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് പണം പിരിച്ചുകൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങള്‍ ഇതുവരെ ചെയ്ത ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ 35 ലക്ഷത്തോളം രൂപ നല്‍കി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്ലുള്ള ആളുകളെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സുതാര്യവും സത്യസന്ധമാായും ചെയ്ത പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു. ഞങ്ങള്‍ ഇതുവരെ ചെയ്ത എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട്.

നിങ്ങളുടെ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇവര്‍ക്ക് നല്‍കി ഈ വലിയ ആഴ്ചയില്‍ സല്‍പ്രവര്‍ത്തിയില്‍ പങ്കുചേരണമെന്നു ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.

ലണ്ടന്‍: സി.പി.ഐ(എം) ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി ബ്രിട്ടനില്‍ നടക്കുന്ന അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്(ഗ്രേറ്റ് ബ്രിട്ടന്‍) സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളിലായി നടക്കുന്ന ദേശീയ സമ്മേളനത്തെ അഭിവാദ്യം ചെയ്യുന്നതിനായി പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ബ്രിട്ടനിലെത്തും. മാഞ്ചസ്റ്ററില്‍ വെച്ചാണ് ഇക്കുറി എ.െഎ.സി നാഷണല്‍ കോണ്‍ഫറന്‍സ് നടക്കുന്നത്.

മാര്‍ച്ച് 31ന് നടക്കുന്ന സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സഖാവ് സീതാറാം യെച്ചൂരി സംസാരിക്കും. ബ്രിട്ടനിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും പഞ്ചാബി എഴുത്തുകാരനും കവിയും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന അന്തരിച്ച സഖാവ് അവ്താര്‍ സിംഗ് സാദിഖിന്റെ നാമത്തിലാകും ഇക്കുറി സമ്മേളന വേദി അറിയപ്പെടുക. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഏപ്രില്‍ 1ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ദേശീയ സമ്മേളനത്തിന് മുന്‍പായി തന്നെ ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളും ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളും പ്രതിനിധികള്‍ എ ഐ സി ദേശീയ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കും. എ ഐ സി ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബൈന്‍സ് എ ഐ സി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും.

മാഞ്ചസ്റ്റര്‍ ഡിഡ്‌സ്ബാറിയിലെ ബ്രിട്ടാനിയ കണ്‍ട്രി ഹോട്ടലിലെ അവ്താര്‍ സിംഗ് സാദിഖ് നഗറിലാകും ഇക്കുറി സമ്മേളനം നടക്കുക. ഉച്ചക്ക് കൃത്യം പന്ത്രണ്ടര മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സ്വാഗതസംഘം അറിയിച്ചു.

ആഗോളതലത്തിലുള്ള ഏതാണ്ട് ഒരു വിധം വനിതകള്‍ക്കെല്ലാം ഇന്ന് കിട്ടികൊണ്ടിരിക്കുന്ന സ്വാതന്ത്യവും സമ്മതിദാനാവകാശവും തൊഴില്‍ സമത്വങ്ങളും വേതന വ്യവസ്ഥകളുമൊക്കെ ഒരു നൂറ്റാണ്ട് മുമ്പ് വരെ വളരെ അപ്രാപ്യമായിരുന്ന സംഗതികളായിരുന്നു. ജനാധിപത്യ രാജ്യങ്ങളില്‍ പാശ്ചാത്യ വനിതകള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വോട്ടാവകാശം കിട്ടുന്നതിന് നേടിയെടുക്കുന്നതിന് വേണ്ടി ആരംഭിച്ച സ്ത്രീമുന്നേറ്റ പ്രസ്ഥാനമായിരുന്നു ‘വോട്ട് ഫോര്‍ വിമണ്‍ ‘എന്ന പേരില്‍ അറിയപ്പെടുന്ന ‘സഫര്‍ജെറ്റ് മൂവ്‌മെന്റ്’ (Suffragettes Movement). ഒരുനൂറ്റാണ്ട് മുമ്പ് ആംഗലേയ വനിതകള്‍ക്കൊപ്പം ഇവിടെയുണ്ടായിരുന്ന പോരാളികളായ ഏഷ്യന്‍ വനിതകളടക്കം ഇവിടത്തെ ആഗോള സ്ത്രീജനങ്ങളെല്ലാം കൂടിയാണ് പല തരത്തിലുള്ള അവകാശ സമരങ്ങളും സത്യഗ്രഹങ്ങളും ചെയ്ത് വോട്ടവകാശവും പിന്നീട് ആണിനൊപ്പം തൊഴില്‍ സമത്വങ്ങളും വേതന വ്യവസ്ഥകളുമൊക്കെ നേടിയെടുത്തത്.

ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടണില്‍ 1918ല്‍ സ്ത്രീകള്‍ ആദ്യമായി നേടിയെടുത്ത അവകാശമായിരുന്നു വനിതകള്‍ക്കും ആണുങ്ങളെ പോലെയുള്ള വോട്ടാവകാശം. ആയതിന്റെ ഓര്‍മ്മ പുതുക്കലായി ബ്രിട്ടനില്‍ ദേശീയമായി തന്നെ ‘വോട്ട് ഫോര്‍ വിമണ്‍ സഫര്‍ജെറ്റ്‌സ് മൂവ്‌മെന്റ്’ പ്രസ്ഥാനത്തിന്റെ ശതാബ്ദി പഴയ ഓര്‍മ്മ പുതുക്കലോടെ വിവിധതരം ആഘോഷങ്ങളോടെ കൊണ്ടാടുകയാണ്. ‘Suffergattes Movement’ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ കൂടി ഇപ്പോഴുള്ള തലമുറക്ക് അന്നുകാലത്തും പിന്നീടുമുണ്ടായിരുന്ന പെണ്ണുങ്ങളുടെ അസമത്വങ്ങളെ കുറിച്ചും പോരാട്ടങ്ങളെ പറ്റിയും ആയതിലൊക്കെ പങ്കെടുത്ത് വിജയിപ്പിച്ച നായികമാരെ കുറിച്ചും അറിവുകള്‍ പകര്‍ന്ന് കൊടുക്കുന്നതോടൊപ്പം ഇത്തരം പല അവകാശങ്ങളും നേടിയെടുക്കുന്നതിലേക്കുള്ള കാഴ്ച്ചപ്പാടുകളും ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഈ ശതാബ്ദി പരിപാടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതിന്റെ ഭാഗമായാണ് യൂറോപ്പിലെ പ്രഥമ മലയാളി സംഘടനായ മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ ഒരു മാസത്തോളംെ നീളുന്ന ബൃഹത്തായ പരിപാടികളുമായി ഏപ്രിലില്‍ ബ്രിട്ടനില്‍ വനിതകള്‍ സമ്മതിദാനാവകാശം നേടിയെടുത്തതിന്റെ നൂറാം വാര്‍ഷികം കൊണ്ടാടുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ വനിതാ വിഭാഗം ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിവിധ ആഘോഷങ്ങളുമായി ഏപ്രില്‍ 2 മുതല്‍ 28 വരെ ‘വോട്ട് ഫോര്‍ വിമണ്‍ സഫര്‍ജെറ്റ്‌സ് മൂവ്‌മെന്റ് പ്രസ്ഥാനത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രങ്ങള്‍ വ്യക്തമാക്കുന്ന പഠനക്ളാസ്സുകളും കലാ സാംസ്‌കാരിക പരിപാടികളും പ്രഭാഷണങ്ങളുമൊക്കെയായി ഈസ്റ്റ് ലണ്ടനിലെ മാനര്‍ പാര്‍ക്കിലുള്ള കേരള ഹൗസില്‍ വെച്ച് വീക്കെന്റുകളില്‍ വിവിധ ആഘോഷ പരിപാടികളുമായി അരങ്ങേറുകയാണ്.

ഈ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഏപ്രില്‍ 2 ന് തിങ്കളാഴ്ച്ച ബാങ്കവധി ദിനം ഉച്ചക്ക് 2 മുതല്‍ 4 വരെയുള്ള സമയത്ത് ഉദ്ഘാടനം, ചര്‍ച്ച, പ്രഭാഷണം, ലഘു ഭക്ഷണം സാംസ്‌കാരിക കലാപരിപാടികള്‍ എന്നിവയായിട്ടാണ് ആദ്യത്തെ ആഘോഷം. അന്ന് അതുല്ല്യ കലാകാരനായ ജോസ് ആന്റണി പിണ്ടിയന്‍ ‘വോട്ട് ഫോര്‍ വിമണ്‍ സഫര്‍ജെറ്റ്‌സ് മൂവ്‌മെന്റ് പ്രസ്ഥാനത്തിനെ കുറിച്ച് പല ക്യാരിക്കേച്ചറുകളില്‍ കൂടി സദസ്യരെ ബോധ്യപ്പെടുത്തുന്നതായിരിക്കും.

ഏപ്രില്‍ 7 ശനിയാഴ്ച 11 മണി മുതല്‍ 3 വരെ – ഈ വിഷയത്തെപ്പറ്റി കവിതയും നൃത്തവും സംഗീതവും സമന്വയിപ്പിച്ച് ഈ പരിപാടികളുടെ പ്രൊജക്റ്റ് കോര്‍ഡിനേറ്ററും ടീച്ചറുമായ ജസ്ലിന്‍ ആന്റണി മുതിര്‍ന്ന കുട്ടികള്‍ക്കായി ഒരു വര്‍ക്ക് ഷോപ്പ് നടത്തുന്നു. കവിതകളില്‍ കൂടി ഒരു മുന്നേറ്റം കുറിക്കുന്നു. ശേഷം ഏപ്രില്‍ 8ന് ഞായര്‍ 11 തൊട്ട് 3 മണി വരെ – ‘വോട് ഫോര്‍ വിമണ്‍ സഫര്‍ജെറ്റ്‌സ് മൂവ്‌മെന്റ് പ്രസ്ഥാനത്തിലെ വീര നായികമാരെ നാടകം അഭിനയം
സംഭാഷണം എന്നിവയില്‍ കൂടി പരിചയപ്പെടുത്തികൊണ്ടുള്ള ഒരു നാടക കളരി. നടനും രചയിതാവും സംവിധായകനും പൂര്‍ണ്ണ കലാകാരനുമായ മനോജ് ശിവയാണ് പരിശീലകന്‍.

ഏപ്രില്‍ 14 ന് ശനിയാഴ്ച 2 മുതല്‍ 5 വരെ വളരെ ക്രിയാത്മകമായ സൃഷ്ട്ടികള്‍ ചെയ്യുന്ന പ്രസിദ്ധ ആര്‍ട്ടിസ്റ്റ് ജോസ് ആന്റണി പിണ്ടിയന്‍ നടത്തുന്ന ഒരു ആര്‍ട്ട് ശില്പ ശാല നടത്തുന്നു. ശേഷം പങ്കെടുക്കുന്നവരെകൊണ്ട് വരപ്പിക്കുന്നു. ആ ചിത്രങ്ങള്‍ മൂന്ന് മാസത്തില്‍ കൂടുതല്‍ കേരള ഹൗസില്‍ പ്രദര്‍ശനത്തിന് വെക്കുന്നു. ഏപ്രില്‍ 21 ശനിയാഴ്ച്ച 2 മണി മുതല്‍ 5 വരെ സ്ത്രീ ശാക്തീകരണത്തിന് തുടക്കം കുറിച്ച വനിതകളെ കുറിച്ച് ഡിജിറ്റല്‍ മീഡിയ വഴി അറിയുകയും പിന്നീട് അവരെ കുറിച്ചുള്ള കാര്യങ്ങള്‍ പകര്‍ത്തുന്നതിനുള്ള ഡിജിറ്റല്‍ കാര്യങ്ങളെ കുറിച്ചും ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുന്നതിനെ കുറിച്ചുമൊക്കെ മുതിര്‍ന്ന കുട്ടികള്‍ക്ക് വേണ്ടി പരിപാടിയുടെ കോര്‍ഡിനേറ്റര്‍ ‘വോട് ഫോര്‍ വിമണ്‍
സഫര്‍ജെറ്റ്‌സ് മൂവ്‌മെന്റ് പ്രസ്ഥാനത്തിന്റെ ഈ സ്ത്രീ മുന്നേറ്റത്തെ കുറിച്ച് പഠിച്ചിട്ടുള്ള ജസ്ലിന്‍ ആന്റണി പരിശീലന കളരി നടത്തുന്നു.

ഏപ്രില്‍ 28 ന് ശനിയാഴ്ച്ച മൊത്തം പരിപാടികളുടെ ഗ്രാന്റ് ഫിനാലെയായി ഈ വോട്ടവകാശം നേടിയെടുത്ത സ്ത്രീ ശക്തി സമരങ്ങളുടെ വസ്തുതകളുടെ പ്രദര്‍ശനം വനിതാ സമത്വത്തിനു വേണ്ടി പിന്നീടുണ്ടായ അവകാശ സമരങ്ങള്‍ ചര്‍ച്ചകള്‍ സാംസ്‌കാരിക കലാപരിപാടികള്‍ മേയര്‍ സ്ഥാനാര്‍ത്ഥി റുക്സാന ഫെയ്സ് അടക്കം മറ്റു വാര്‍ഡ് മെമ്പര്‍ സ്ഥാനാര്‍ത്ഥികളും ചില വിശിഷ്ട പ്രാസംഗികരും സമാപന ചടങ്ങുകളില്‍ പങ്കെടുക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു.

കഴിഞ്ഞ നൂറുകൊല്ലങ്ങള്‍ക്കിടയില്‍ ഇത്തരം വോട്ട് ഫോര്‍ വിമന്‍ പോലുള്ള സ്ത്രീ ശാക്തീകരണങ്ങള്‍ കൊണ്ട് വനിതകള്‍ക്ക് വന്ന ഗുണമേന്മകളെ കുറിച്ചുള്ള ബോധവല്‍ക്കരണങ്ങള്‍ സൃഷ്ടിക്കാനും അറിവുകള്‍ ജനിപ്പിക്കുവാനും ഇനിയും ഭാവിയില്‍ സ്ത്രീകള്‍ക്ക് പുരുഷനൊപ്പം പല സമത്വങ്ങളും മറ്റനേകം അവകാശങ്ങളും നേടിയെടുക്കുന്നതിനും വേണ്ടി ‘ വിമണ്‍സ് വോട്ട് സെന്റിനറി ഗ്രാന്റ് സ്‌കീം ‘ ല്‍ നിന്നും കിട്ടിയ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഈ പരിപാടികളെല്ലാം നടത്തുന്നത്. പ്രവേശനം സൗജന്യമായി നടത്തുന്ന ഈ സ്ത്രീ ശാക്തീകരണ ആഘോഷങ്ങളിലെല്ലാം പങ്കുചേരുന്നതിനായി ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.

ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്താ ലണ്ടനില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഡെഗനത്തുള്ള സെന്റ് ആന്‍സ് മാര്‍ ഇവാനിയോസ് സെന്റര്‍ ദേവാലയത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.30ന് പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.

യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളോട് ഒത്തുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നു.

വിലാസം

St. Anne’s Church Mar Ivanios Centre
Dagenham RM 9 4 SU

രാജേഷ്‌ ജോസഫ്‌, ലെസ്റ്റര്‍

പെസഹാ അഥവാ കടന്ന് പോകലിനെ തിരുവത്താഴമായി, അന്ത്യ അത്താഴമായി നാം കാണുന്നു. എന്നാല്‍ നമ്മുടെ അനുദിന ജീവിതം സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ, കരുണയുടെ, നല്ല സ്പന്ദനങ്ങളുടെ വിരുന്ന് മേശയാണ്. എളിമയുടെ മഹനീയ മാതൃക മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുണ്യദിനം നമ്മുടെ ജീവിതങ്ങളിലൂടെ സ്‌നേഹത്തിന്റെ വിരുന്ന് മേശയായി മാറണം. ഏത് ജീവിതാവസ്ഥയിലും സാഹചര്യങ്ങളിലും കര്‍മ്മ മണ്ഡലങ്ങളിലും നിസ്വാര്‍ത്ഥമായി പാദങ്ങള്‍ കഴുകാനും സ്‌നേഹ ചുംബനം നല്‍കാനും സാധിക്കുന്നുണ്ട് എങ്കില്‍ പെസഹാ ആവര്‍ത്തിക്കപ്പെടുന്നു. ജീവിതം വിശുദ്ധ കുര്‍ബാനയാകുന്നു. ഒറ്റിക്കൊടുക്കാന്‍ പോകുന്നവന്‍ ആരാണ് എന്നറിഞ്ഞിട്ടും നിസ്വാര്‍ത്ഥമായ സ്‌നേഹത്തിലൂടെ പാദം കഴുകി വിരുന്ന് മേശ പങ്കുവെച്ച ഗുരു സ്‌നേഹത്തിന്റെ അവസാന വാക്കാണ്.

ആവശ്യത്തിലധികം വരുമാനവും ജീവിത സൗകര്യങ്ങളും ഇന്ന് നമ്മുടെയൊക്കെ വിരുന്ന് മേശകളില്‍ നിന്ന് അര്‍ഹരായവരെ അകറ്റി നിര്‍ത്തുന്നു. മുറിക്കപ്പെടാനാകാതെ വിലപിക്കുന്ന ക്രിസ്തു അവന്റെ രോദനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാം കടന്നു ചെല്ലാം. സ്‌നഹത്തിന്റെ ത്യാഗത്തിന്റെ നല്ല സൗഹൃദങ്ങളുടെ, പരസ്പര സഹായത്തിന്റെ കരുതലിന്റെ വിരുന്ന് മേശ ഒരുക്കാം, മുറിച്ച് പങ്കുവെയ്ക്കാം. ഞാന്‍ നിന്റെ പാദങ്ങള്‍ കഴുകിയില്ല എങ്കില്‍ നീ ഇന്ന് എന്റെ കൂടെയല്ല എന്ന് ഏറ്റുപറയാം.

കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെയുള്ള ജീവിത സ്‌നേഹത്തിന്റെ പുതിയ സന്ദേശമാണ്. മാനവരാശിയുടെ അനുദിന ജീവിത ക്ലേശങ്ങളും സങ്കടങ്ങളും എല്ലാം നമ്മോട് ആവശ്യപ്പെടുന്നത് പരസ്പരം പാദങ്ങള്‍ കഴുകി സഹനത്തിന്റെ സമര്‍പ്പണത്തിന്റെ കുരിശ് യാത്രയിലൂടെ മുന്നോട്ട് നീങ്ങുന്നവനാണ്. കുരിശിന്റെ വഴിയില്‍ സഹജീവികളുടെ മുഖം തുടക്കാനും കണ്ണീരൊപ്പാനും ആശ്വസിപ്പിക്കാനും സാധിച്ചെങ്കില്‍ മാത്രമേ കാല്‍വരിയിലെ ബലിയര്‍പ്പണം അര്‍ത്ഥവത്താവുകയുള്ളൂ. അപ്പോള്‍ പൗലോസിനെപ്പോലെ നമുക്കും പറയാന്‍ സാധിക്കും ഞാന്‍ നല്ലവണ്ണം ഓടി, എന്റെ ഓട്ടം പൂര്‍ത്തിയാക്കി.

രാജേഷ്‌ ജോസഫ്

കോട്ടയം: മീനടം പഞ്ചായത്തില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ റോയിയും കുടുംബവും തീരാദുഃഖങ്ങളുടെ നടുവിലാണ്. തന്റെ ഏകമകന്‍ എട്ടാം ക്ലാസുകാരനായ അലന്‍ ജേക്കബ് ഒരു കിഡ്‌നി രോഗിയാണെന്ന യാഥാര്‍ത്ഥ്യം റോയിയെയും
കുടുംബത്തേയും തകര്‍ത്തു കളഞ്ഞു. വര്‍ഷങ്ങളായി അലന്‍ കിഡ്‌നി സംബന്ധമായ രോഗത്താല്‍ വലയുകയായിരുന്നു. കോട്ടയത്തുള്ള ഐ സി എച്ച് ആശുപത്രിയിലെ ദീര്‍ഘകാലത്തെ ചികിത്സകൊണ്ട് കാര്യമായ ശമനം ലഭിക്കാത്ത അലനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ദീര്‍ഘകാലത്തെ ചികിത്സ ഓട്ടോ ഡ്രൈവര്‍ ആയ റോയിക്ക് താങ്ങവുന്നതിലുമധികമായിരുന്നു. മകന്റെ ചികിത്സക്ക് വേണ്ടി ഓടിനടക്കുന്ന റോയിക്ക് പണിക്ക് പോകാന്‍ പറ്റാത്ത അവസ്ഥയായി. അതിനാല്‍ കിട്ടിക്കൊണ്ടിരുന്ന വരുമാനം പോലും നിലച്ച റോയി, ചികിത്സാ ചിലവുകളും മറ്റുമായി വലിയ ഒരു കടക്കാരനായി മാറുകയായിരുന്നു. ഏകദേശം ആറു ലക്ഷത്തോളം രൂപ പലരില്‍നിന്നായി കടം വാങ്ങിയ റോയ് ഇനി ജീവിതത്തില്‍ എന്ത്
ചെയ്യണമെന്നറിയാതെ വലയുകയാണ്.

ഇതുവരെ പലപ്പോഴും മുന്നോട്ടു നീങ്ങിയത് നല്ലവരായ പലരുടെയും സഹായം കൊണ്ടാണ്. പ്രിയമുള്ളവരേ ഈ കുരുന്നു പ്രായത്തില്‍ വിധി തളര്‍ത്തിയ അലന്‍ മോനെ നമുക്ക് സഹായിക്കാന്‍ കഴിയില്ലേ? നിങ്ങളാല്‍ കഴിയുന്ന സഹായം വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് ഏപ്രില്‍ അഞ്ചിന് മുന്‍പായി
നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.

Registered Charity Number
1176202https://www.facebook.com/…/Woking-Karunya-Charitable…/posts/
Charittise Bank Account DetailsBank
Name: H.S.B.C.
Accoutn Name: Woking Karunya Charitable Society.
Stor Code:404708
Accoutn Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

RECENT POSTS
Copyright © . All rights reserved