ന്യൂസ് ഡെസ്ക്.
ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ ഡീസെൻട്രലൈസ്ഡ് ബിസിനസ് മോഡലിന് സ്വീകാര്യതയേറുന്നു. വിവേകത്തോടെ സമീപിച്ചാൽ വരും കാലങ്ങളിൽ ലോക സാമ്പത്തിക രംഗം നിയന്ത്രിക്കാൻ കഴിയുന്ന വൻ ശക്തിയായി ക്രിപ്റ്റോ കറൻസി മാറുമെന്ന് പുതിയ സംഭവ വികാസങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ബിറ്റ്കോയിനിന്റെയും മറ്റു ഡിജിറ്റൽ കറൻസികളുടെയും വിലയിൽ വന്ന വൻ ഏറ്റക്കുറച്ചിലുകൾ ഒരു താത്കാലിക പ്രതിഭാസം മാത്രമെന്ന സാമ്പത്തിക വിദഗ്ദരുടെ പ്രവചനം ശരിവച്ചുകൊണ്ടാണ് ലോകം പുതിയ പുതിയ ബിസിനസ് മോഡലിനെ പ്രാവർത്തികമാക്കാൻ ഒരുങ്ങുന്നത്.

യുകെയിൽ പ്രചാരത്തിലുള്ള ബിറ്റ്കോയിൻ 2.0 പ്രോട്ടോകോൾ വിഭാഗത്തിലുള്ള എത്തീരിയം ബ്ലോക്ക് ചെയിൻ അടിസ്ഥാനമായി മാർക്കറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ക്രിപ്റ്റോ കാർബൺ ലോകമെമ്പാടും ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ഡിജിറ്റൽ കറൻസി എന്നതിലുപരിയായി കൺസ്യൂമർ ഓറിയൻറഡ് ആയിട്ടുള്ള ക്രിപ്റ്റോ കറൻസിയാണ് ക്രിപ്റ്റോ കാർബൺ. ലണ്ടൻ ആസ്ഥാനമായുള്ള ക്രിപ്റ്റോ കാർബൺ ഗ്ലോബൽ ലിമിറ്റഡ് ആണ് ഈ ഡിജിറ്റൽ കറൻസി ലോഞ്ച് ചെയ്തിരിക്കുന്നത്. മുഴുവൻ ക്രിപ്റ്റോ കാർബണും മൈൻ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇവ സ്വന്തമാക്കാൻ മൈനിംഗിനെ ആശ്രയിക്കേണ്ടതില്ല. 70 മില്യൺ ക്രിപ്റ്റോ കാർബണാണ് മാർക്കറ്റിൽ ലഭ്യമാകുന്നത്. പ്രധാനമായും ഷോപ്പിംഗ് ലോയൽറ്റി സ്കീം, കാഷ് ബാക്ക് പ്ലാറ്റ്ഫോം, റെഫറൽ കമ്മീഷൻ എന്നിവ വഴി ക്രിപ്റ്റോ കാർബൺ സ്വന്തമാക്കാം. ടെസ്കോ, സെയിൻസ്ബറി, കോസ്റ്റാ, കറിസ് പിസി വേൾഡ്, ആർഗോസ്, മാർക്ക് ആൻഡ് സ്പെൻസർ, പ്രൈമാർക്ക്, മദർകെയർ, ടോപ്ഷോപ്പ്, സ്പോർട്സ് ഡയറക്ട്, തോമസ് കുക്ക്, സിനിവേൾഡ് അടക്കമുള്ള നിരവധി സൂപ്പർമാർക്കറ്റുകളിലും ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും ക്രിപ്റ്റോ കാർബൺ ഉപയോഗിക്കാം എന്നത് ഈ ഡിജിറ്റൽ കറൻസിയെ കൂടുതൽ ജനകീയമാക്കുന്നു. ക്രിപ്റ്റോ കാർബണിനെക്കുറിച്ചുള്ള വിവരങ്ങൾ www.cccrb.io എന്ന വെബ് സൈറ്റിലും CCRB ഷോപ്പിംഗ് ഡിസ്കൗണ്ടിനെക്കുറിച്ചുള്ള കാര്യങ്ങൾ www.beeone.co.uk എന്ന സൈറ്റിലും ലഭ്യമാണ്.

ഇതിനിടെ ഡിജിറ്റൽ കറൻസി മാർക്കറ്റിൽ വൻ കുതിച്ചു ചാട്ടത്തിന് നാന്ദി കുറിച്ച് 22 യൂറോപ്യൻ രാജ്യങ്ങൾ ബ്ലോക്ക് ചെയിൻ പാർട്ട്ണർഷിപ്പ് രൂപീകരിച്ചു. യൂറോപ്യൻ കമ്മീഷന്റെ “ഹൊറൈസോൺ 2020” എന്ന പ്രോജക്ടിന്റെ ഭാഗമായി 300 മില്യൺ യൂറോയാണ് ബ്ലോക്ക് ചെയിൻ റിസർച്ചിനായി ഉപയോഗിക്കുന്നത്. സാമൂഹിക, സാമ്പത്തിക, ടെക്നിക്കൽ മേഖലകളിൽ ബ്ലോക്ക് ചെയിൻ ടെക്നോളജി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് കണ്ടെത്തുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇതിന്റെ പ്രാരംഭ നടപടിയായി 80 മില്യൺ യൂറോ ഈ പ്രോജക്ടിനായി വകയിരുത്തിക്കഴിഞ്ഞു. ബൃഹത്തായ സിംഗിൾ ഡിജിറ്റൽ മാർക്കറ്റ് എന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ് 22 യൂറോപ്യൻ രാജ്യങ്ങളുടെ പാർട്ണർഷിപ്പ് വഴി ശ്രമിക്കുന്നത്.
യൂറോപ്യൻ യൂണിയനിൽപ്പെട്ട മാൾട്ട ക്രിപ്റ്റോ കറൻസിയും ബ്ലോക്ക് ചെയിൻ ടെക്നോജിയും വൻതോതിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസിനെ മാൾട്ട തങ്ങളുടെ സാമ്പത്തിക മേഖലയിലേയ്ക്ക് ക്ഷണിച്ചു കഴിഞ്ഞു. രാജ്യത്തെ നിയമങ്ങൾ ക്രിപ്റ്റോ കറൻസിയുടെ ഉപയോഗത്തിന് അനുസരണമായ രീതിയിൽ ഭേദഗതി ചെയ്യാനും മാൾട്ട നീക്കം തുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ മുഴുവനായിത്തന്നെ ക്രിപ്റ്റോ കറൻസിയ്ക്കും ബ്ലോക്ക് ചെയിൻ ടെക്നോളജിയ്ക്കും സുതാര്യത വരുത്താനുള്ള കൂട്ടായ പരിശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്.
യൂറോപ്യൻ നിയമങ്ങൾക്ക് അനുസൃതമായി കൃത്യമായി നിർവ്വചിക്കപ്പെട്ട മാതൃകകളിലൂടെ ബ്ലോക്ക് ചെയിൻ ടെക്നോളജി വഴിയുള്ള സേവനങ്ങൾ യൂറോപ്പിലെങ്ങും ലഭ്യമാകുന്ന അനുകൂലാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് യൂറോപ്യൻ യൂണിയൻ പാർട്ണർഷിപ്പിന്റെ ഉദ്ദേശ്യമെന്ന് വിദഗ്ദർ പറഞ്ഞു. അനന്ത സാധ്യതകളുള്ള, വിശ്വാസ്യതയുള്ളതും വികേന്ദ്രീകൃതമായ, ഉപഭോക്താവിന് പ്രാധാന്യം നല്കുന്ന ബ്ലോക്ക് ചെയിൻ ബിസിനസ് മോഡൽ സാമ്പത്തിക മേഖലയിലും സാമൂഹിക രംഗത്തും ഉത്തേജനം പകരുന്നതാണെന്ന് പാർട്ണർഷിപ്പിന്റെ പ്രസ്താവന പറയുന്നു.
ബിനോയി ജോസഫ്
ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന വ്യക്തിത്വവുമായി പ്രസരിപ്പോടെ പാറി നടന്ന ആ മാലാഖ യാത്രയാവുകയാണ്.. സ്വർഗ്ഗീയാരാമത്തിലെ വിശിഷ്ട പുഷ്പമായി വിരാജിക്കുവാൻ.. നോട്ടിംങ്ങാമിലെ സമൂഹത്തെ തീരാ ദു:ഖത്തിലാഴ്ത്തി ഏപ്രിൽ അഞ്ചാം തിയതി വ്യാഴാഴ്ചയാണ് ആൽഫിൻ എലിസബത്ത് എബ്രാഹാം അകാലത്തിൽ വേർപിരിഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് നോട്ടിംങ്ങാം ക്വീൻസ് മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. നോട്ടിംങ്ങാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിലെ കൺസൽട്ടന്റായ ഡോ.അബ്രാഹാം നെടുവംകുന്നേലിന്റെയും മേരിയുടെയും മകളാണ് ആൽഫിൻ. നോട്ടിംങ്ങാം ദി ബെക്കറ്റ് സ്കൂൾ സിക്ത് ഫോം വിദ്യാർത്ഥിനിയായ ആൽഫിന് ഒരു സഹോദരനുണ്ട് ആഷ് ലി.
പഠന രംഗത്തും കലാ സാമൂഹ്യ രംഗങ്ങളിലും പ്രതിഭ തെളിയിച്ച ആൽഫിന്റെ വേർപാട് നോട്ടിംങ്ങാം സമൂഹത്തെയാകെ ദു:ഖത്തിലാഴ്ത്തി. തങ്ങളോട് കളി പറഞ്ഞും ചിരിച്ചുല്ലസിച്ചും നടന്ന പ്രിയപ്പെട്ടവളായ ആൽഫിന്റെ വേർപാട് അദ്ധ്യാപകർക്കും കൂട്ടുകാർക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. സംഗീതത്തെ ജീവനോളം സ്നേഹിച്ച ആൽഫിന് പിയാനോയും വയലിനും ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ കൂട്ടുകാരോടൊപ്പം എന്നും പങ്കെടുത്തിരുന്ന ആൽഫിൻ നോട്ടിംങ്ങാമിലെ ഇംഗ്ലീഷ് കമ്യൂണിറ്റിയിലും അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.
നോട്ടിംങ്ങാമിലെ സെന്റ് ബർണാബാസ് കത്തീഡ്രലിലെ അൾത്താര സർവീസിലെ ടീമംഗമായിരുന്ന ആൽഫിൻ എലിസബത്ത് എബ്രഹാം, കമ്യൂണിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. താൻ ശുശ്രൂഷ ചെയ്ത ബലിപീഠം സാക്ഷിയാക്കി തന്റെ ഉറ്റവരോടും സ്നേഹിതരോടും ആൽഫിൻ യാത്ര പറയും. ഏപ്രിൽ 14 ശനിയാഴ്ച രണ്ടു മണിക്ക് ആൽഫിന്റെ സംസ്കാര ശുശ്രൂഷകൾ സെന്റ് ബർണാബാസ് കത്തീഡ്രലിൽ നടക്കും. തുടർന്ന് ഭൗതിക ശരീരം ബ്രാംകോട്ട് ക്രെമറ്റോറിയത്തിലേയ്ക്ക് കൊണ്ടു പോകും. സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ പുഷ്പങ്ങൾ അർപ്പിക്കേണ്ടതില്ലെന്നും ചാരിറ്റബിൾ ഡൊണേഷനുകൾ AW Lymn ഫ്യൂണറൽ സർവീസിന് കൈമാറാവുന്നതാണെന്നും ആൽഫിന്റെ കുടുംബം അറിയിച്ചു. ആൽഫിന്റെ ഇഷ്ട നിറമായിരുന്ന റെഡ് തീമിലുള്ള വസ്ത്രങ്ങൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവർ അണിയുന്നത് അഭികാമ്യമാണെന്നും കുടുംബം പറഞ്ഞു.
ആൽഫിൻ എലിസബത്ത് എബ്രാഹാമിന്റെ ആകസ്മിക വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ മലയാളം യുകെ ന്യൂസ് ടീമും പങ്കുചേരുന്നു.

സംസ്കാര ശുശ്രൂഷ നടക്കുന്ന നോട്ടിങ്ങാം സെന്റ് ബർണാബാസ് കത്തീഡ്രലിന്റെ അഡ്രസ്
Cathedral Church of St. Barnabas, Derby Road, Nottingham, NG1 5AE
ജെഗി ജോസഫ്.
ബ്രിസ്‌ക സര്‍ഗ്ഗോത്സവം ഇക്കുറിയും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധേയമാകും. വിവാഹത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ബ്രിസ്‌ക ആദരിക്കുന്നു. തീര്‍ത്തും വ്യത്യസ്ഥമായ ചടങ്ങാണ് പരിപാടിയുടെ ഭാഗമാകുന്നത്. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരുപിടി നിമിഷങ്ങളാണ് ബ്രിസ്‌ക സര്‍ഗ്ഗോത്സവം എന്നും സമ്മാനിക്കാറ്.. ഇക്കുറിയും കപ്പിള്‍ ഡാന്‍സ് ഉള്‍പ്പെടെ വേദിയില്‍ വിവിധ മത്സരങ്ങള്‍ മാറ്റുരയ്ക്കപ്പെടും. ഓരോ മത്സരവും ഒരുപിടി പ്രതിഭകളെ സൃഷ്ടിക്കും. മാറ്റുരയ്ക്കുന്നവര്‍ തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ വേദിയില്‍ എത്തിക്കുമ്പോള്‍ അത് ആസ്വാദകര്‍ക്കും മികച്ചൊരു വിരുന്നായിരിക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇക്കുറിയും ബ്രിസ്‌ക ബ്രിസ്റ്റോളിലെ പ്രതിഭകള്‍ക്കായുള്ള മത്സങ്ങള്‍ നടത്തുകയാണ്. ഏപ്രില്‍ 21നാണ് മത്സരം. രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടു വരെ സൗത്ത്മീഡ് കമ്യൂണിറ്റി ഹാളില്‍ വച്ചാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
രസകരമായ നിമിഷങ്ങളും മത്സരങ്ങളുടെ ആവേശവും ബ്രിസ്‌കയ്ക്ക് ഇക്കുറിയും മുതല്‍കൂട്ടാകും. വന്‍ തോതിലുള്ള ഒരുക്കങ്ങളാണ് ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനായി നടത്തിയിരിക്കുന്നത്. മത്സരങ്ങള്‍ക്കുള്ള രജിസ്ട്രോഷന്‍ ആരംഭിച്ചു. ഒരാള്‍ക്ക് അഞ്ച് വ്യക്തിഗത മത്സരങ്ങളില്‍ പങ്കെടുക്കാം. 5 പൗണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ടീമിന് 5 പൗണ്ടാണ് രജിസ്ട്രേഷന്‍ ഫീസ്. പ്രായം കണക്കാക്കി അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.ബ്രിസ്‌ക സര്‍ഗ്ഗോത്സവം രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു. അവസാന നിമിഷത്തെ തിരക്കൊഴിവാക്കാനായി നേരത്തെ തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.

കളറിങ്, പെയ്ന്റിങ്, പുഞ്ചിരി മത്സരം, ഉപന്യാസം. മെമ്മറി ടെസ്റ്റ്, ഫാന്‍സി ഡ്രസ്, സിംഗിള്‍ ഡാന്‍സ്, സെമി ക്ലാസിക്കല്‍, ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ രസകരമായ ഒട്ടേറെ മത്സരങ്ങള്‍ നടത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇക്കുറി മുതിര്‍ന്നവര്‍ക്കായി ബെസ്റ്റ് കപ്പിള്‍സ് എന്ന മത്സര ഇനം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആവേശത്തോടെ മത്സരങ്ങളുടെ ഭാഗമാകാന്‍ ഏവരേയും ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, സെക്രട്രറി പോള്‍സണ്‍ മേനാച്ചേരി എന്നിവര്‍ ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ഗോത്സവത്തിന്റെ ചുമതല വഹിക്കുന്ന ബ്രിസ്‌ക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആര്‍ട്ട്സ് സെക്രട്രറി സെബാസ്റ്റ്യന്‍ ലോനപ്പന്‍,റെജി തോമസ്, സന്ദീപ് കുമാര്‍ എന്നിവരെ ബന്ധപ്പെടുക.
അഡ്രസ്
സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍
248 ഗ്രെ സ്റ്റോക്ക് അവന്യൂ,
BS10 6BQ
രാജേഷ് ജോസഫ്
ആലാഹനായനും അൻപൻ മിശിഹായും കാരണവന്മാരും തുണയ്ക്കണേ എന്ന പ്രാർത്ഥനയിൽ ഫാ. സജി മലയിൽ പുത്തൻപുരയിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധകുർബാനയോടെ ലെസ്റ്ററിലെ ക്നാനായ ഈസ്റ്റർ ആഘോഷങ്ങൾക്കു തുടക്കമായി. സമാധാന ദൂതനായ ഈശോയുടെ സമാധാനം നമ്മുടെ ജീവിതത്തിനു മാതൃക ആകണം എന്ന തിരുവചന സന്ദേശവും ഭക്തി നിർഭരമായ ഗാനങ്ങളും ദിവ്യബലി പ്രാർത്ഥന പൂരിതമാക്കി.

5 മണിയോടെ ആരംഭിച്ച സമ്മേളനവും കലാപരിപാടികളുടെ രാഗതാളലയ വർണ സമന്വയം ആയിരുന്നു. ലെസ്റ്റര്‍ ക്നാനായ കമ്മ്യുണിറ്റിയുടെ 2018-20 ഭാരവാഹികളെ ചടങ്ങില്‍ പരിചയപ്പെടുത്തി. ശ്രീ തോമസ് ചേത്തലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെകട്ടറി ശ്രി റോബിൻസ് എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. സജി മലയിൽ പുത്തൻപുരയിൽ സമ്മേളനത്തിന് തിരികൊളുത്തിയതോടെ കലാപരിപാടികൾ ആരംഭിച്ചു . KCYL കുട്ടികളുടെ നടവിളികളുടെ ആർപ്പു ആരവങ്ങൾ എല്ലാവരിലും ആവേശം ഉണർത്തി. ചടങ്ങിൽ UKKCA ട്രഷറർ ആയി തിരഞ്ഞെടുത്ത ശ്രീ വിജി ജോസഫിനെ ആദരിക്കുകയുണ്ടായി. കുട്ടികളുടെ കലാപരിപാടികൾ നാട്യ നടന വർണ വിസ്മയ കാഴ്ചകൾ ഏവർക്കും സമ്മാനിച്ചു. കലാ പരിപാടികൾക്ക് ശ്രീ ടോമി കുമ്പുക്കൽ ശ്രി മിനി ജെയിംസ് എന്നിവർ നേതൃത്വം നൽകി. ചിത്രങ്ങളിലേക്ക്…

തെലുങ്ക് സിനിമ ലോകത്തെ ചൂഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തി നടി ശ്രീ റെഡ്ഡി. ഫേസ്ബുക്കിലൂടെയാണ് പീഡനത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്. ഇതിനോടകം തന്നെ പോസ്റ്റ് തെലുങ്ക് സിനിമ ലോകത്ത് ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. പീഡനം നടത്തിയ വ്യക്തിയെക്കുറിച്ചു സൂചനകള്‍ നല്‍കി കൊണ്ടായിരുന്നു ശ്രീയുടെ പോസ്റ്റ്. ഈ അടുത്തകാലത്ത് കുഞ്ഞുണ്ടായ നടനാണ് എന്ന ശ്രീയുടെ പോസ്റ്റില്‍ പറയുന്നു. നാനിക്കായിരുന്നു ഈ അടുത്ത കാലത്തു കുഞ്ഞു പിറന്നത്.
അല്ലു അര്‍ജുനാണ് എന്നും ചിലര്‍ പറയുന്നു. അല്ലു അര്‍ജുനും കുഞ്ഞ് ജനിച്ചിട്ട് അധിക കാലമായില്ല. മഹേഷ് ബാബു, ജൂനിയര്‍ എന്‍ ടി ആര്‍ രാം ചരണ്‍ എന്നിവരെ കണ്ടു പഠിക്കണം എന്നും താരം തന്റെ പോസ്റ്റില്‍ പറയുന്നു. ഇതോടെ തെലുങ്കു സിനിമ ലോകത്ത് ശ്രീയുടെ പോസ്റ് ചര്‍ച്ചയായി മാറി കഴിഞ്ഞു.
നീ യഥാര്‍ത്ഥ ജീവിതത്തിലും സ്‌ക്രീനിലും വളരെ നന്നായി അതും സ്വാഭാവികമായി അഭിനയിക്കുന്നു. എന്നാല്‍ അത് നിന്റെ മുഖം മൂടിയാണ്. ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് നീ എപ്പോഴും പറയാറുണ്ട്. പക്ഷേ, അതിലൂടെ നീ ആളുകളെ വൈകാരികമായി പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരുടെ മുന്നില്‍ നീ എപ്പോഴും നന്നായി നാടകം കളിക്കുന്നുണ്ട്.
അച്ഛനപ്പുപ്പന്മാരുടെ പിന്തുണയോടെ സിനിമയില്‍ എത്തിയ വലിയ താരങ്ങള്‍ നിന്റെ മുന്നില്‍ എത്രയോ നല്ലവരാണ്. അവരൊക്കെ മര്യാദക്കാരും നന്നായി പെരുമാറാന്‍ അറിയുന്നവരുമാണ്. നിന്റെ സഹപ്രവര്‍ത്തകരായ ചരണ്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയവരെ കണ്ടു പഠിക്കണം. അവര്‍ക്കൊന്നും ഒരു ഈഗോയും ഇല്ല. നിനക്ക് നിന്റെതായ കുറെ രീതികളുണ്ട്.
നിനക്കൊരിക്കലും ചെറിയ സംവിധായകരെ ബഹുമാനിക്കാന്‍ കഴിയില്ല, നീ വിജയിച്ചവനാണെന്ന ധാരണയാണ് നിനക്ക്, അതൊരു തെറ്റായ മനോഭാവമാണ്. അടുത്തിടെ നിനക്കൊരു കുഞ്ഞ് ജനിച്ചു, എന്റെ അഭിനന്ദനങ്ങള്‍. പക്ഷേ, നീ ജീവിതത്തില്‍ കുറെ കരുതിയിരിക്കേണ്ടതുണ്ട്. കാരണം, നീ ഒരുപാട് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.
നീ ലൈംഗികമായി ഉപയോഗിച്ച പെണ്‍കുട്ടികളെല്ലാം ഇന്നും കരഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ, നീ ഒന്നോര്‍ക്കണം ദൈവം എപ്പോഴും നീതിക്കൊപ്പമായിരിക്കും. ഒരുപക്ഷേ ശിക്ഷ വിധിക്കാന്‍ സമയം എടുത്തേക്കാം, എങ്കിലും നീ അനുഭവിക്കും. തീര്‍ച്ചയായും ഈ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ നിനക്ക് തിരിച്ചടി ഉണ്ടാകും. വാര്‍ത്ത പുറത്തു വന്നതോടെ അല്ലു അര്‍ജുന്റെ ആരാധകരായ മലയാളി ആരാധകരും ആശങ്കയിലാണ്.
ജയ്‌സണ്‍ ജോര്‍ജ്
മലയാളികള്‍ക്ക് സ്‌നേഹാര്‍ദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സ്‌നേഹ ഗായകന്‍ ശ്രീ ജി വേണുഗോപാല്‍ നയിക്കുന്ന ‘വേണുഗീതം 2018’ന്റെ ലണ്ടനിലെ വേദിയില്‍ ചലച്ചിത്ര പിന്നണി ഗായകന്‍ വേണുഗോപാലിനോടൊപ്പം പാടാന്‍ വളര്‍ന്നു വരുന്ന ഗായകര്‍ക്കും അവസരം. ഒട്ടേറെ പുതുമുഖ ഗായകരുടെ അഭ്യര്‍ത്ഥനയെ പരിഗണിച്ചാണ് വേണുഗീതം 2018ന്റെ ലണ്ടന്‍ വേദിയുടെ സംഘാടകര്‍ ഈ അവസരമൊരുക്കുന്നത്. പത്തു വയസ്സിനു മേല്‍ പ്രായമുള്ള ഗായകര്‍ക്കാണ് അവസരം ലഭിക്കുക. യുകെയില്‍ വളര്‍ന്നു വരുന്ന കഴിവുള്ള ഗായകരെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടിയാണ് സംഘാടകര്‍ ഈ അവസരമൊരുക്കിയിരിക്കുന്നത്. താല്‍പര്യമുള്ളവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ ജോര്‍ജിനെ ബന്ധപ്പെടുക. ഫോണ്‍:07841613973; email: [email protected]
ശ്രീ ജി വേണുഗോപാലിന്റെ മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ മുപ്പത്തിയഞ്ചു വര്‍ഷത്തെ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ‘വേണുഗീതം 2018’ യുകെയില്‍ മൂന്നു വേദികളിയായി സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 25 വെള്ളിയാഴ്ച്ച ഗ്ലാസ്‌ഗോ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളിലും 26 ശനിയാഴ്ച്ച ലെസ്റ്റര്‍ അഥീന യിലും, മെയ് 28 തിങ്കളാഴ്ച്ച ലണ്ടനിലെ മാനോര്‍ പാര്‍ക്ക് റോയല്‍ റീജന്‍സിയിലും മാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. ഗായകന്‍ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാര്‍ കൂടി ഈ മെഗാ ഷോയില്‍ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് (ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2015 ഫൈനലിസ്റ്റ്), ബിഗ് മ്യൂസിക്കല്‍ ഫാദര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാ:വില്‍സണ്‍ മേച്ചേരി (ഫ്‌ളവര്‍സ് ടിവി ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) രാജമൂര്‍ത്തി (മജീഷ്യന്‍) സാബു തിരുവല്ല (കൊമേഡിയന്‍) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നര്‍ത്തകരും അണിനിരക്കുന്നു.2018 മെയ് 25ന് ഗ്ലാസ്‌ഗോയില്‍ ആരംഭിച്ചു 28ന് ലണ്ടനില്‍ അവസാനിക്കും.
നാദവും നൃത്തവും താളവും ഒന്ന് ചേര്‍ന്ന ഈ സംഗീത നൃത്ത ഹാസ്യ മാന്ത്രിക മെഗാഷോ ‘ വേണുഗീതം-2018’ ആസ്വദിക്കുവാന്‍ യുകെയിലെ എല്ലാ കലാ സ്‌നേഹികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
റജി നന്തികാട്ട്
എന്‍ഫീല്‍ഡ്: എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ (ENMA) യുടെ ഈസ്റ്റര്‍ വിഷു ആഘോഷം ഇന്ന് പോട്ടേഴ്‌സ് ബാറിലുള്ള സെന്റ്. ജോണ്‍സ് മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ വച്ച് വൈകുന്നേരം 5 മണി മുതല്‍ നടക്കുന്നു. ENMA പ്രസിഡണ്ട് ബ്ലെസ്സണ്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. മലയാള ഭാഷാ പണ്ഡിതന്‍ ജോബി മാത്യു ഈസ്റ്റര്‍ വിഷു ആശംസാ
പ്രസംഗം ചെയ്യും.
തുടര്‍ന്ന് ENMAയുടെ കുട്ടികളും അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധയിനം കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറും. നിരവധി ദിവസങ്ങളിലെ നിരന്തര പരിശീലനത്തിന് ശേഷം അവതരിപ്പിക്കുന്ന വിവിധ തരം നൃത്തങ്ങള്‍, ഗാനാലാപനങ്ങള്‍, ഹാസ്യാത്മകമായ സ്‌കിറ്റുകള്‍ ആഘോഷത്തെ മികവുറ്റതാക്കും. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രെട്ടറി ആല്‍വിനുമായി (07908081919) ബന്ധപ്പെടാവുന്നതാണ്
Venue address
St. John’s Methodist Church Hall
Baker Street, Potters Bar
Herts, EN6 2DZ
മനോജ്കുമാര്‍ പിള്ള
യുകെ മലയാളി സമൂഹത്തിലെ സാഹിത്യാഭിരുചികളും സര്‍ഗ്ഗാത്മകതയുമുള്ള പ്രതിഭകളെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുന്നതിനുമായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തിയത് ഇത്തവണയും പ്രശസ്തരും പ്രഗത്ഭരുമായസാഹിത്യപ്രതിഭകള്‍ തന്നെയാണ്. പ്രശസ്ത സാഹിത്യ പ്രതിഭകളായ ശ്രീ. പി. ജെജെ ആന്റണി, ശ്രീ തമ്പി ആന്റണി, ശ്രീ ജോസഫ് അതിരുങ്കല്‍, ഡോ. ജോസഫ്‌കോയിപ്പള്ളി, ശ്രീമതി മീര കമല എന്നിവരാണ് ഇത്തവണത്തെ സാഹിത്യമത്സരങ്ങളുടെ വിധി നിര്‍ണ്ണയം നടത്തിയത്. ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ സാഹിത്യ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ലഭിച്ച രചനകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിജയികളെ ഏപ്രില്‍ 16 ന് പ്രഖ്യാപിക്കുന്നതാണെന്ന് സാഹിത്യ വിഭാഗം കണ്‍വീനര്‍ ജേക്കബ് കോയിപ്പള്ളി പറഞ്ഞു.
വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ യുക്മ സഘടിപ്പിക്കുന്ന പ്രൗഡോജ്വലമായ സമ്മേളന വേദിയില്‍ വെച്ച് നല്കുന്നതാണെന്ന് സാംസ്‌കാരിക വേദികോര്‍ഡിനേറ്റര്‍ തമ്പി ജോസ്, വൈസ് ചെയര്‍മാന്‍ സി. എ ജോസഫ്, ജനറല്‍ കണ്‍വീനര്‍മാരായ മനോജ് കുമാര്‍ പിള്ള, ഡോ. സിബി വേകത്താനം എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. സാഹിത്യ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തു വിജയിപ്പിച്ചഎല്ലാവരെയും യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസ് എന്നിവര്‍ അഭിനന്ദിച്ചു.

നിഷ്പക്ഷവും കൃത്യവുമായ രീതിയില്‍ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുന്നതിന് ബഹുമുഖ സാഹിത്യ പ്രതിഭകളെയാണ് ഇത്തവണയും യുക്മ സാംസ്‌കാരിക വേദിയ്ക്ക് ലഭിച്ചത്. പ്രവാസി സാഹിത്യകാരന്മാരില്‍ ഏറെ ശ്രദ്ധേയനായ ശ്രീ. പി ജെ ജെ ആന്റണി ഏറ്റവും പുതിയ വിഷയങ്ങള്‍ സമഗ്രമായി അപഗ്രഥിച്ച് നിരവധി ലേഖനങ്ങളും കഥാസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. ‘ഭൗമം’, ‘കാണാതെ പോകുന്ന കവികള്‍’, ‘വരുവിന്‍ നമുക്ക് പാപം ചെയ്യാം’ തുടങ്ങി നിരവധി കഥകളും കഥാസമാഹാരങ്ങളും എഴുതി ശ്രദ്ധേയനായ ശ്രീ പി ജെ ജെ ആന്റണിയ്ക്ക് അമേരിക്കയിലെ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് പോയറ്റ്‌സ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യയിയിലെ ജുബൈലില്‍ വര്‍ഷങ്ങളായി ജോലിചെയ്യുന്ന ആലപ്പുഴക്കാരനായ അദ്ദേഹംനല്ലൊരു മോഡറേറ്ററും മികച്ച വാഗ്മിയുമാണ്.
പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും നടനുമായ ശ്രീ തമ്പി ആന്റണി എഴുത്തിന്റെ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യ പ്രതിഭ കൂടിയാണ്. നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള തമ്പിആന്റണി പ്രശസ്ത സിനിമാ നടന്‍ ശ്രീ ബാബു ആന്റണിയുടെ സഹോദരനുമാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥകളും കവിതകളുംഎഴുതിയിട്ടുള്ള തമ്പി ആന്റണിയുടെ ‘വാസ്‌കോഡിഗാമ’ എന്ന കഥ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച വായനാനുഭവം സമ്മാനിച്ച അദ്ദേഹത്തിന്റെ ആദ്യനോവലായ ‘ഭൂതത്താന്‍ കുന്ന്”വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി നാടക രചനകളും നടത്തിയിട്ടുള്ള ശ്രീ തമ്പി ആന്റണി അമേരിക്കയിലാണ് സ്ഥിര താമസം.
ഗള്‍ഫ് ജീവിതം കേന്ദ്രബിന്ദുവാക്കി നിരവധി കഥകളും മറ്റു സാഹിത്യരചനകളും നടത്തി അനുവാചക മനസ്സുകളില്‍ സ്ഥാനം നേടിയ പ്രവാസിഎഴുത്തുകാരനാണ് ശ്രീ. ജോസഫ് അതിരുങ്കല്‍. ‘ഇണയന്ത്രം’ ‘പുലിയുംപെണ്‍കുട്ടിയും’, ‘പ്രതീക്ഷകളുടെ പെരുമഴയില്‍’ തുടങ്ങിയ ജോസഫ് അതിരുങ്കലിന്റെ കഥാസമാഹാരങ്ങളിലെ ഓരോ കഥയും നാട്ടിലും പ്രവാസഭൂമിയിലുമുള്ള മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ്. ഖത്തര്‍ സമന്വയ സാഹിതി പുരസ്‌കാരം, ഗോവ പ്രവാസി സംഗമ അവാര്‍ഡ്, സിഎച്ച്‌സ്മാരക പുരസ്‌കാരം, പൊന്‍കുന്നം വര്‍ക്കി നവലോകം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ജോസഫ് അതിരുങ്കല്‍ സൗദിഅറേബ്യയിലെ റിയാദില്‍ കുടുംബസമേതം താമസിക്കുന്ന പത്തനംതിട്ട സ്വദേശിയാണ്. പതിറ്റാണ്ടുകളായി പ്രവാസികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം.
ബെന്യാമിന്റെ ‘ആടുജീവിതം’ ഇംഗ്‌ളീഷിലേക്ക് ‘ഗോട്ട് ഡെയ്‌സ് ‘ എന്ന പേരില്‍ മൊഴിമാറ്റം നടത്തിയ ഡോ. ജോസഫ് കോയിപ്പള്ളി ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്‌സിറ്റിയില്‍(ജെ.എന്‍.യു) നിന്ന് ഇംഗ്ലീഷില്‍ നേടിയ ഡോക്ടറേറ്റുമായി ഭൂട്ടാന്‍ ഷെറബ്‌സെ, ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി, സൗദി അറേബ്യയിലെ ഹായില്‍ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ സീനിയര്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കേരളത്തിലെ കാസര്‍ഗോഡുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുന്ന മുന്‍ ഡീന്‍കൂടിയായ ഡോ. ജോസഫ് കോയിപ്പള്ളി ആലപ്പുഴ തത്തപ്പള്ളി സ്വദേശിയാണ്. ജെ എന്‍ യു അലൂംനി അസോസിയേഷന്‍ കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയും കേരള സെന്റ്രല്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ അദ്ദേഹം കുടുംബസമേതം കാസര്‍ഗോഡ് താമസിക്കുന്നു.
യുകെയിലെ പ്രശസ്തമായ ഐല്‍സ്ബറി കോളേജിലെ ഗണിതശാസ്ത്രം അദ്ധ്യാപികയായ ശ്രീമതി മീര കമല നിരവധി കവിതകളും കഥകളും രചിച്ചിട്ടുള്ള കവയിത്രിയാണ്. തമിഴിലും മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള സാഹിത്യ സൃഷ്ടികളാല്‍ സമ്പുഷ്ടമായ തിരക്കുകള്‍ക്കിടയിലും യുകെയിലെ മലയാളികള്‍ക്കിടയില്‍ നല്ല എഴുത്തുകാരിയായി അറിയപ്പെടുന്ന ശ്രീമതി മീരകമല യുകെയിലെ കലാ സാഹിത്യ സാംസ്‌കാരിക പരിപാടികളിലെല്ലാം നിറസാന്നിദ്ധ്യമാണ്. മികച്ച പ്രഭാഷകയായും കവയിത്രിയായും അറിയപ്പെടുന്ന ശ്രീമതി മീര കമലയും ആലപ്പുഴ സ്വദേശിയാണ്. ബക്കിംഹാംഷയറിലെ ഐല്‍സ്ബറിയില്‍ നാടകകൃത്തും അഭിനേതാവും തബലവിദ്വാനുമായ ഭര്‍ത്താവ് മനോജ് ശിവയോടും മകനോടുമൊപ്പം താമസിക്കുന്നു.
യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച യുക്മ സാഹിത്യ മത്സരങ്ങളുടെ വിധിനിര്‍ണ്ണയം നടത്തുവാന്‍ തയ്യാറായ നിസ്വാര്‍ത്ഥമതികളും ആദരണീയരുമായ എല്ലാ സാഹിത്യ പ്രതിഭകളോടും എല്ലാ മത്സരാര്‍ഥികളോടും സാംസ്‌കാരികവിഭാഗം സാരഥികളായ തമ്പി ജോസ്, സി.എ. ജോസഫ് , ജേക്കബ്‌കോയിപ്പള്ളി, മനോജ് കുമാര്‍ പിള്ള എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :- ജേക്കബ് കോയിപ്പള്ളി(07402935193),മാത്യുഡൊമിനിക് (07780927397) കുരിയന്‍ ജോര്‍ജ് (07877348602) എന്നിവരെയോ മറ്റ് യുക്മ സാംസ്‌കാരിക വേദി സാരഥികളെയോ ബന്ധപ്പെടാവുന്നതാണ്.
കേംബ്രിഡ്ജ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡണ്ട് രഞ്ജിത്കുമാറിന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിൽ വൈസ് പ്രസിഡണ്ട് ആയി ചുമതല വഹിച്ചിരുന്ന ഇപ്സ്വിച് മലയാളി അസോസിയേഷൻ പ്രതിനിധിയായ ബാബു മങ്കുഴിയിലിനെ പ്രസിഡണ്ട് ആയും കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രതിനിധി സോണി ജോർജ്ജിനെ വൈസ് പ്രസിഡണ്ട് ആയും എക്സിക്യൂട്ടീവ് കമ്മറ്റി തിരഞ്ഞെടുത്തു. രഞ്ജിത്കുമാറിന്റെ മരണത്തിനു ശേഷം യുക്മ നാഷണൽ ഭാരവാഹികളും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ ഭാരവാഹികളും സംയുക്തമായി ചേർന്ന കമ്മറ്റിയിൽ വച്ച് ഐക്യകണ്ഡേന ആണ് ബാബു മങ്കുഴിയിലിനെ റീജിയന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡണ്ട് ആയി ദീർഘവർഷങ്ങൾ പ്രവർത്തിച്ച് ഈസ്റ്റ് ആംഗ്ലിയ റീജിയനെ യുക്മയുടെ പ്രധാന റീജിയനുകളിൽ ഒന്നായി വളർത്തിയതിൽ പ്രമുഖ പങ്കു വഹിച്ച ശ്രീ. രഞ്ജിത് കുമാറിന്റെ മരണത്തിൽ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ അനുശോചനം രേഖപ്പെടുത്തി. ശ്രീ. രഞ്ജിത് കുമാറിന്റെ നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ എന്നും റീജിയന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എന്നും വഴികാട്ടിയായിരിക്കുമെന്നു കമ്മറ്റി അഭിപ്രായപ്പെട്ടു. ഏത് പ്രതിസന്ധി ഘട്ടത്തെയും വളരെ ശാന്തതയോടെ നേരിട്ട് റീജിയനെ മുന്നോട്ട് നയിച്ച രഞ്ജിത് ചേട്ടനെ മനസ്സിൽ ഓർത്തുകൊണ്ടായിരിക്കും തന്റെ പ്രവർത്തനങ്ങൾ എന്ന് സ്ഥാനം ഏറ്റുകൊണ്ട് ബാബു മങ്കുഴിയിൽ പറഞ്ഞു.
യുക്മയുടെ പ്രാരംഭകാലം മുതല്‍ യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ് പ്രസിഡന്റ് പദവിയിലേക്ക് നിയുക്തനായ ബാബു മങ്കുഴിയില്‍. റീജിയണല്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബാബുവിനും വൈസ് പ്രസിഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട സോണിയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നതായി യുക്മ നാഷണല്‍ കമ്മറ്റി അറിയിച്ചു.
ന്യൂസ് ഡെസ്ക്
നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ പോലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ 7 മണിയോടെയാണ് റോച്ച്ഡേലിനടുത്ത് ഹേവുഡിലെ ജോർജ് സ്ട്രീറ്റിൽ തുറസായ സ്ഥലത്ത് കുഞ്ഞിന്റെ ശരീരം കണ്ടെത്തിയതായി പരിസരവാസികൾ പോലീസിൽ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുന്നതിനായുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്താണ് ശരീരം കണ്ടെത്തിയത്. ഉടൻ തന്നെ എമർജൻസി വിഭാഗങ്ങൾ സ്ഥലത്തെത്തി. സ്നിഫർ ഡോഗ് സ്ക്വാഡ്, ഫോറൻസിക് ടീം എന്നിവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ പ്രദേശം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.
