ന്യൂസ് ഡെസ്ക്
ആയിരത്തോളം തൊഴിലാളികൾ സ്വർണ്ണഖനിയിൽ കുടുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ദക്ഷിണാഫ്രിക്കയിലെ ഖനിയിലാണ് സംഭവം. ആയിരം മീറ്ററോളം ആഴമുള്ള ഖനിയിൽ 23 ലെവലുകളാണുള്ളത്. ഖനിയിലേയ്ക്കുള്ള വൈദ്യുതി ബന്ധം തടസപ്പെട്ടതിനെത്തുടർന്നാണ് തൊഴിലാളികൾ ഉള്ളിൽ അകപ്പെട്ടത്. കൊടുങ്കാറ്റിനെ തുടർന്നാണ് വെൽക്കോമിലെ ബിയാട്രിക്സ് ഗോൾഡ് മൈനിൽ പവർ കട്ട് ഉണ്ടായത്. തുരങ്കങ്ങളിലും ഷാഫ്റ്റുകളിലുമാണ് നിരവധി പേർ കുടുങ്ങിയിരിക്കുന്നത്. എമർജൻസി റെസ്ക്യൂ പ്ലാൻ ഇല്ലാതിരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 60 ഓളം പേരെ പുറത്തെത്തിച്ചതായാണ് റിപ്പോർട്ട്.
ബുധനാഴ്ച നൈറ്റ് ഷിഫ്റ്റ് ചെയ്ത തൊഴിലാളികളാണ് അകത്തു കുടുങ്ങിയത്. സിൽബെയ്ൻ സ്റ്റിൽ വാട്ടർ കമ്പനിയുടേതാണ് ഈ സ്വർണഖനി. എല്ലാവരും സുരക്ഷിതരാണെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ജീവനക്കാരുടെ അവസ്ഥയിൽ കടുത്ത ആശങ്കയിലാണ് ബന്ധുക്കളും തൊഴിലാളി യൂണിയനുകളും. എമർജൻസി ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചു ലിഫ്റ്റുകൾ പ്രവർത്തനക്ഷമമാക്കാൻ എഞ്ചിനീയർമാർ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഖനിയിടെ അപകടങ്ങൾ സൗത്ത് ആഫ്രിക്കയിൽ ഒരു തുടർക്കഥയാണ്.

ന്യൂസ് ഡെസ്ക്
യുകെയിലെ റോഡുകളിൽ കർശന നിയമങ്ങളുമായി റോഡ് പോളിസി പരിഷ്കരിക്കുന്നു. സ്പീഡ് ലിമിറ്റ് ലംഘിക്കുന്നവർക്ക് യാതൊരു ഇളവും ഇനി അനുവദിക്കുന്നതല്ല. അനുവദനീയമായ ലിമിറ്റിലും ഒരു മൈൽ സ്പീഡ് കൂടുതലായാൽ അത് നിയമ ലംഘനമായി കണക്കാക്കുമെന്ന് റോഡ് പോലീസ് ചീഫ് അറിയിച്ചു. അതായത് 30 മൈൽ സ്പീഡ് ലിമിറ്റുള്ള റോഡിൽ 31 ൽ കൂടുതലായാൽ ശിക്ഷ ഉറപ്പ്. നിലവിൽ അനുവദനീയമായ ലിമിറ്റിനെക്കാൾ 10 ശതമാനം അധികം 2 മൈൽ എന്ന കണക്കിൽ ഇളവു നല്കിയിരുന്നു. ഇതിൽ കൂടിയ വേഗത്തിൽ ഓടിക്കുന്നവരെ സ്പീഡ് അവയർനസ് കോഴ്സിന് വിടുകയാണ് പതിവ്. ഇനി മുതൽ നിയമലംഘനം പിടിക്കപ്പെട്ടാൽ ഫൈനും പോയിൻറും നല്കുമെന്ന് ചീഫ് കോൺസ്റ്റബിൾ ആൻറണി ബാങ്ങാം അറിയിച്ചു.
ഫൈനിനും പോയിന്റിനും പകരം സ്പീഡ് അവയർനസ് കോഴ്സിന് അയയ്ക്കുന്ന രീതി മാറ്റാനാണ് തീരുമാനം. റോഡപകടങ്ങൾ പെരുകുന്നതിന്റെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ കർക്കശമാക്കുന്നത്. 1710 ജീവനുകളാണ് 2017 ജൂൺ വരെയുള്ള ഒരു വർഷക്കാലയളവിൽ യുകെയിൽ റോഡപകടങ്ങളിൽ പൊലിഞ്ഞത്. വസ്തുതാപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമങ്ങൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവ പാലിക്കപ്പെടാനുള്ളതാണ്. അവലംഘിക്കുന്നത് ശരിയായ രീതിയല്ല എന്നുള്ള മനോഭാവം ജനങ്ങളിലുണ്ടാക്കാന് ട്രാഫിക് ഓഫീസർമാർ ശ്രമിക്കുന്നത്. സ്പീഡിംഗിന് പിടിക്കപ്പെടുമ്പോൾ ഡ്രൈവർമാർ ന്യായീകരണങ്ങൾ നിരത്തുന്നത് ഒഴിവാക്കപ്പെടണം. പെനാൽട്ടി നല്കുന്ന ഓഫീസർമാർ ക്ഷമാപണം നടത്തേണ്ടതില്ലെന്നും ആൻറണി ബാങ്ങാം പറഞ്ഞു.
എന്നാൽ ഇതേ രീതിയിൽ സ്പീഡിംഗ് പെനാൽട്ടി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി മോട്ടോറിസ്റ്റുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഫൈൻ വഴി പണം സ്വരൂപിക്കുന്ന സംവിധാനമാണ് ഇതെന്നാണ് ഡ്രൈവർമാരുടെ പക്ഷം. സ്പീഡിംഗ് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കൂടുതൽ ബോധവൽക്കരണമാണ് ആവശ്യമെന്ന് അവർ പറയുന്നു. പുതിയ നയം ശരിയല്ലെന്ന് മാഞ്ചസ്റ്റർ പോലീസ് ഫെഡറേഷന്റെ ചെയർമാർ ചീഫ് ഇൻസ്പെക്ടർ ഇയൻ ഹാൻസൺ പറഞ്ഞു. ക്രൈം നിരക്കുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആ മേഖലയിൽ പോലീസ് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളം യുകെ ന്യൂസ് ഡെസ്ക്
കുട്ടികൾക്കായി ഫേസ്ബുക്ക് ലോഞ്ച് ചെയ്ത മെസേജിംഗ് സർവീസ് നിർത്തലാക്കണമെന്ന് ആവശ്യം. ആറു വയസുവരെ പ്രായമുള്ള കുട്ടികൾക്കു പോലും ഉപയോഗിക്കാവുന്ന പുതിയ ആപ്പ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. മെസഞ്ചർ കിഡ്സ് എന്ന ആപ്പാണ് കുട്ടികൾക്കായി ഫേസ്ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇതു മൂലം കുട്ടികൾക്കുണ്ടാകാവുന്ന ദോഷവശങ്ങളെക്കുറിച്ച് പീഡിയാട്രിക് വിദഗ്ദരും മെന്റൽ ഹെൽത്ത് എക്സ്പേർട്ടുകളും കർശന മുന്നറിയിപ്പുമായി രംഗത്തെത്തി. ബാല്യകാലം കുട്ടികൾക്ക് സങ്കൽപങ്ങളിൽ അധിഷ്ഠിതമാണ്. സത്യവും മിഥ്യയും വേർതിരിച്ചറിയാൻ കുഞ്ഞുങ്ങൾക്ക് പ്രാപ്തിയില്ല. സ്വകാര്യതയെന്തെന്ന് കുട്ടികൾക്ക് അറിയാത്ത പ്രായത്തിൽ ഇത്തരം മെസേജിംഗ് സംവിധാനങ്ങൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ ദോഷകരമായ ഫലങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ദർ കർശന മുന്നറിയിപ്പ് നല്കുന്നു.
നിലവിൽ 13 വയസിന് മുകളിലുള്ളവർക്കാണ് ഫേസ്ബുക്കിൽ അക്കൗണ്ട് തുറക്കാവുന്നത്. മാനസികമായി പൂർണമായും വികാസം പ്രാപിക്കാത്ത കുട്ടികൾ സോഷ്യൽ മീഡിയ ആക്ടിവിടികളിൽ പങ്കെടുക്കുവാൻ പക്വത പ്രാപിക്കാത്തതിനാൽ മെസഞ്ചർ കിഡ്സ് കുട്ടികൾക്ക് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുമെന്നാണ് വാദം. ഇക്കാര്യങ്ങൾ വിശദമാക്കി ഫേസ് ബുക്ക് അധികൃതർക്ക് കത്തയച്ചിട്ടുണ്ട്. കാമ്പയിൻ ഫോർ എ കൊമേഴ്സ്യൽ ഫ്രീ ചൈൽഡ് ഹുഡ് എന്ന ഗ്രൂപ്പാണ് മെസഞ്ചർ കിഡ്സിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടാൻ രംഗത്തിറങ്ങിയിരിക്കുന്നത്.
ഡിജിറ്റൽ സംവിധാനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം കുട്ടികൾക്ക് നല്ലതല്ല എന്ന വ്യക്തമായിരിക്കെ അതേ ദിശയിലുള്ള മറ്റൊരു സംവിധാനം കൂടി കുട്ടികൾക്കായി സജ്ജമാക്കിയ ഫേസ്ബുക്കിന്റെ കാഴ്ചപ്പാടിനെതിരെ ശക്തമായ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. സ്മാർട്ട് ഫോണുകളുടെ ഉപയോഗവും സോഷ്യൽ മീഡിയയിലെ പങ്കാളിത്തവും ടീനേജുകാരിൽ ഉത്കണ്ഠയും സന്തോഷക്കുറവും സൃഷ്ടിക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തു വന്ന അക്കാദമിക് റിസേർച്ചിൽ പ്രതിപാദിച്ചിരുന്നു.
ടെക്സ്റ്റിംഗ് ടൈപ്പ് സർവീസാണ് മെസഞ്ചർ കിഡ്സ്. ഇത് മാതാപിതാക്കൾ കുട്ടികൾക്കായി സെറ്റ് ചെയ്തു നല്കുന്ന രീതിയിലാണ് ഇറക്കിയിരിക്കുന്നത്. ഇത് ഫെയ്സ് ബുക്കിന്റെ പ്രധാന ഭാഗമല്ല എങ്കിലും ഫേസ് ബുക്ക് അക്കൗണ്ടിലൂടെ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ ന്യൂസ് ഫീഡോ ലൈക്ക് ബട്ടണോ ഇല്ല. സെൽഫി, ഇമോജി, വീഡിയോ ചാറ്റ്, ഗ്രൂപ്പ് ടെക്സ്റ്റിംഗ് എന്നിവ ഇതിൽ ഉണ്ട്. മറ്റ് ഓൺലൈൻ സംവിധാനങ്ങളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ് മെസഞ്ചർ കിഡ്സ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. നിരവധി അക്കാഡമികളുടെയും വിദഗ്ദരുടെയും അഭിപ്രായമാരാഞ്ഞിട്ടാണ് ഈ ആപ്പ് ലോഞ്ച് ചെയ്തത് എന്ന മറുവാദവും കമ്പനി ഉയർത്തുന്നുണ്ട്.
മാതാപിതാക്കൾക്കും കുട്ടികൾക്കും ചാറ്റ് ചെയ്യാവുന്ന സംവിധാനമാണ് ഇതെന്നും കുട്ടികളുടെ കോണ്ടാക്ട് വിവരങ്ങൾ മാതാപിതാക്കൾക്ക് മോണിറ്റർ ചെയ്യാൻ സാധിക്കുമെന്നും ഫേസ് ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇതു ഫേസ് ബുക്കിന്റെ മാർക്കറ്റിംഗ് തന്ത്രമാണെന്നും കുട്ടികളെ നേരത്തെ തന്നെ ആകർഷിച്ച് ഭാവിയിലെ ഉപയോക്താക്കളാക്കുന്ന ശൈലിയാണ് ഇതെന്നും അമേരിക്കൻ അക്കാഡമി ഓഫ് ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിയുടെ മുൻ ചെയർമാനായ മൈക്കിൾ ബ്രോഡി പറഞ്ഞു.
ന്യൂസ് ഡെസ്ക്
ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള കാറ്റഗറിയിൽ വരുന്ന ഇന്ത്യാക്കാരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം നല്കാനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടു വച്ച നിർദ്ദേശം കേന്ദ്ര സർക്കാർ പിൻവലിച്ചു. അവസാന പേജിലെ വിവരങ്ങൾ ഒഴിവാക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. കളർകോഡിലൂടെ പൗരന്മാരെ വേർതിരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് ഗവൺമെന്റ് തീരുമാനം.
ഷംസുദ്ദീൻ കരുനാഗപ്പള്ളി കേന്ദ്ര തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നല്കിയിരുന്നു. ഈ പരാതി പരിഗണിച്ച കോടതി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ചീഫ് പാസ്പോർട്ട് ഓഫീസർക്കും നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് പുതിയ നിർദ്ദേശം റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽ വേണ്ടത്ര തൊഴിലവസരങ്ങളും ശമ്പളവും ലഭിക്കാതെ വരുമ്പോൾ, ഒരു പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ ചേക്കേറാൻ ശ്രമിക്കുന്ന അവിദഗ്ദ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്തുന്ന നടപടിയാണ് വിദേശ മന്ത്രാലയത്തിന്റേത് എന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. പ്രവാസി സംഘടകളും തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അതിശക്തമായ ഭാഷയിലാണ് പുതിയ പാസ്പോർട്ട് പരിഷ്കാരത്തിനെതിരെ പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്
ഗൾഫ് മേഖലയിലെ മാറ്റങ്ങൾ വിദേശ തൊഴിലാളികൾക്കു വീണ്ടും തിരിച്ചടിയാകുന്നു. സൗദി അറേബ്യ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പന്ത്രണ്ടു തരം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശി പൗരന്മാര്‍ക്കായി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസ് പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ അഞ്ചു മാസത്തിനുള്ളില്‍ ഘട്ടങ്ങളായാണ് തീരുമാനം നടപ്പിലാക്കുക.
മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണം, സ്ത്രീകള്‍ക്കുള്ള സാധനങ്ങള്‍ തുടങ്ങിയവയുടെ കടകളില്‍ ഇതിനകം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞ തൊഴില്‍ സ്വദേശിവത്കരണം മറ്റു പന്ത്രണ്ടു ഇടങ്ങളില്‍ കൂടി പുതുതായി ഏര്‍പ്പെടുത്തുന്നതോടെ സൗദിയിലെത്തപ്പെട്ട അവിദഗ്ധരായ ലക്ഷക്കണക്കിന് വിദേശി തൊഴിലാളികളുടെ നില അങ്ങേയറ്റം പരിതാപകരമാകും. മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ പ്രതിസന്ധി ഉണ്ടാകും.
സ്വന്തം നാട്ടുകാരായ യുവതി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും. പുതിയ ഹിജ്‌റ വര്‍ഷാരംഭമായ സെപ്റ്റംബര്‍ 11ന് നാലും മൂന്നാം മാസം മൂന്നും അഞ്ചാം മാസം അഞ്ചും തരം കടകള്‍ എന്നിങ്ങനെയായിരിക്കും സൗദിവല്‍ക്കരണമെന്ന് മന്ത്രിതല തീരുമാനം പുറത്തു വിട്ടുകൊണ്ട് മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
ആദ്യ ഘട്ടമായ സെപ്റ്റംബര്‍ 11 മുതല്‍ വാഹനം, മോട്ടോര്‍ ബൈക്കുകള്‍ എന്നിവ വില്‍ക്കുന്ന കട, റെഡിമെയ്ഡ് വസ്ത്രക്കട, ഹോം– ഓഫിസ് ഫര്‍ണിച്ചര്‍ കടകള്‍ എന്നിവയാണ് സ്വദേശിവത്കരിക്കുക. രണ്ടാം ഘട്ടത്തില്‍ നവംബര്‍ ഒമ്പതു മുതല്‍ ഇലക്ട്രിക്, ഇലക്ട്രോണിക് കടകള്‍, കണ്ണട കടകള്‍, വാച്ച് കടകള്‍ എന്നിവ കൂടി സ്വദേശിവല്‍കൃതമാകും. അവസാന ഘട്ടമായ 2019 ജനുവരി ഏഴിന് മറ്റു അഞ്ചു തരം കടകളില്‍ നിന്ന് കൂടി വിദേശി തൊഴിലാളികള്‍ പുറത്താകും. ആരോഗ്യ, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മാണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍, മധുരപലഹാര കടകള്‍, പരവതാനി കടകള്‍ എന്നിവയാണ് ഇവ.
പുതുതായി സ്വദേശിവത്കരിക്കുന്ന കടകളിലും മുന്‍ നിശ്ചിത വനിതാ സംവരണ തോത് ബാധകമാണെന്ന് മന്ത്രിയുടെ തീരുമാനം ഓര്‍മിപ്പിച്ചു. തൊഴില്‍ മന്ത്രാലയം, മാനവശേഷി വികസന ഫണ്ട്, സാമൂഹിക വികസന ബാങ്ക് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു സമിതി രൂപവത്കരിച്ച് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന മേഖലകളിലെ സാധ്യതകള്‍ സംബന്ധിച്ചുള്ള അജണ്ട തയാറാക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് വിജയകരമായി അവ നടപ്പിലാക്കാനും മന്ത്രാലയ പ്രസ്താവന ആവശ്യപ്പെടുന്നതായി അബല്‍ഖൈല്‍ വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ നിരവധി വിദേശ തൊഴിലാക്കൾക്ക് ഗൾഫ് മേഖലയിലെ സ്വദേശിവൽക്കരണം മൂലം കഴിഞ്ഞ വർഷങ്ങളിൽ ജോലി നഷ്ടപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്
ലോക ജനതയുടെ ഏറ്റവും പുതിയ ചൂടുള്ള സംസാരവിഷയമായി ക്രിപ്റ്റോ കറൻസി മാറുന്നു. പുതിയ ഡിജിറ്റൽ കറൻസിയെ കുറിച്ച് അറിയാൻ ജനങ്ങൾ ഉത്സാഹത്തോടെ ഇൻറർനെറ്റിൽ സെർച്ച് തുടങ്ങിക്കഴിഞ്ഞു. ബിറ്റ് കോയിൻ, ലിറ്റ് കോയിൻ, ക്രിപ്റ്റോ കാർബൺ എന്നിങ്ങനെ അറിയപ്പെടുന്ന ഈ ക്രിപ്റ്റോ കറൻസികൾ ലോകമെങ്ങും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ക്രിപ്റ്റോ കാർബൺ യുകെയിൽ ദിനംപ്രതി ജനകീയമായിക്കൊണ്ടിരിക്കുകയാണ്.
ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണ് ക്രിപ്റ്റോ കറൻസി. ബാങ്കുകളോ മറ്റു സ്ഥാപനങ്ങളോ ഇതിനെ നിയന്ത്രിക്കുന്നില്ല. ഒരു സെൻട്രൽ അതോറിറ്റി നിയന്ത്രിക്കാത്ത ക്രിപ്റ്റോ കറൻസി വികസിപ്പിച്ചെടുത്തത് സോഫ്റ്റ് വെയർ ഡെവലപ്പർമാരാണ്. ഇത് പ്രിൻറ് ചെയ്യപ്പെടുന്നില്ല. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള മൈനിംഗ് എന്ന പ്രക്രിയയിലൂടെ ക്രിപ്റ്റോ കറൻസി സ്വന്തമാക്കാൻ കഴിയും. നിലവിലുള്ള കറൻസികളുടെ മൂല്യം സ്വർണത്തിന്റെയോ വെള്ളിയുടെയോ മേൽ അധിഷ്ഠിതമാണ്. എന്നാൽ ക്രിപ്റ്റോ കറൻസിയുടെ അടിസ്ഥാനം മാത്തമാറ്റിക്സ് ആണ്. ഡിജിറ്റൽ ഭാഷയിലുള്ള കോഡുകളായാണ് ക്രിപ്റ്റോ കറൻസി സൃഷ്ടിക്കപ്പെടുന്നത്. സോഫ്റ്റ് വെയർ വിദഗ്ദർ മാത്തമാറ്റിക്കൽ ഫോർമുല അടിസ്ഥാനമായുള്ള സോഫ്റ്റ് വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച് ആണ് ക്രിപ്റ്റോ കറൻസി സൃഷ്ടിക്കുന്നത്.

FORMER CHANCELLOR OF EXCHEQUER GEORGE OSBORNE
ലെസ്റ്ററിലെ ബ്രാൻസ്റ്റോണിലുള്ള ഓഫ് ലൈസൻസ് ഷോപ്പിൽ ബിറ്റ് കോയിൻ എടിഎം തുടങ്ങിയത് കഴിഞ്ഞ ഡിസംബറിലാണ്. രാകേഷ് ഒടേദ്രയുടെ ഉടമസ്ഥതയിലുള്ള ഈ ഷോപ്പിൽ ആണ് ലെസ്റ്ററിലെ ആദ്യ ബിറ്റ് കോയിൻ കാഷ് പോയിന്റ് സ്ഥാപിക്കപ്പെട്ടത്. കെഷ് വൈൻ ആൻഡ് ന്യൂസ് എന്ന ഈ ഷോപ്പ് ഗട്രിഡ്ജ് ക്രെസന്റിലാണ് സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ഫോൺ വാലറ്റ് ഉപയോഗിച്ച് എടിഎമ്മിൽ നിന്ന് ക്രിപ്റ്റോ കറൻസി വാങ്ങുകയും വില്ക്കുകയും ചെയ്യാമെന്ന് ഉടമ പറഞ്ഞു. ക്രിപ്റ്റോ കറൻസി ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യപ്പെടുകയാണ്. ഒരു ഡിജിറ്റൽ വാലറ്റിൽ സൂക്ഷിക്കപ്പെടുന്ന കറൻസി കമ്പ്യൂട്ടർ വഴിയോ മൊബൈൽ വഴിയോ വിനിമയം ചെയ്യാം.
ഷോപ്പിലെ ബിസിനസ് വർദ്ധിപ്പിക്കാൻ ബിറ്റ് കോയിൻ എടിഎം സഹായിക്കുന്നുണ്ടെന്ന് ഒടേദ്ര പറഞ്ഞു. 250 പൗണ്ട് വരെ ക്രിപ്റ്റോ കറൻസി വാങ്ങാൻ ഉപയോഗിക്കുമ്പോൾ ഐഡൻറിറ്റി പ്രൂഫ് ആവശ്യമില്ല. അതിൽ കൂടുതൽ ആണെങ്കിൽ മൊബൈൽ ഫോൺ സെക്യൂരിറ്റി ആവശ്യമാണ്. 500 പൗണ്ടിൽ കൂടുതൽ ഉപയോഗിക്കുന്നവർ ബിറ്റ് കോയിൻ എടിഎമ്മുമായി രജിസ്റ്റർ ചെയ്തിരിക്കണം.

വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും സ്വന്തം കഴിവിലും തീരുമാനങ്ങളിലും ഉറച്ച് നടി പാര്‍വ്വതി. സിനിമാ മേഖലയില്‍ കസബാ വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും പാര്‍വ്വതിയെ സംബന്ധിച്ചടുത്തോളം പുരസ്‌കാരങ്ങളുടേയും അംഗീകാരങ്ങളുടേയും വര്‍ഷമായിരുന്നു 2017. ഗോവന്‍ ചലചിത്ര മേളയില്‍വരെ മലയാള ചലചിത്രലോകം പാര്‍വ്വതിയിലൂടെ തിളങ്ങിയ വര്‍ഷം.
എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിപ്പുറം നിലപാടുകളില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി നടി പാര്‍വതി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. കസബ വിവാദത്തില്‍ മമ്മൂട്ടി പ്രതികരിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മറുപടിയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് പാര്‍വതി പറഞ്ഞു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മമ്മൂട്ടിക്കെതിരെ തുറന്നടിച്ചത്.
കസബ വിവാദത്തിന് ശേഷം പ്രതികരണങ്ങളില്‍ മിതത്വം പാലിക്കാന്‍ പലരും ഉപദേശിച്ചു. തനിക്കെതിരെ സിനിമയില്‍ ലോബിയുണ്ടാവുമെന്ന് പറഞ്ഞു. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുമെന്ന് പേടിച്ച് മിണ്ടാതിരിക്കാനാവില്ല. 12 വര്‍ഷമായി സിനിമയാണ് തന്റെ ലോകം. സ്വന്തം നിലയ്ക്ക് വന്ന്, കഠിനാധ്വാനവും മനോധൈര്യവും കൊണ്ട് നിലനില്‍ക്കുന്നു. പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവസരങ്ങളുണ്ടാക്കാന്‍ ശ്രമിക്കും. തടസ്സങ്ങളുണ്ടായേക്കും. എന്നാലും എവിടെയും പോകില്ലെന്നും സ്ത്രീവിരുദ്ധതയെ ഇനിയും ചോദ്യംചെയ്യുമെന്നും പാര്‍വതി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്
യുകെയിൽ ദിനംപ്രതി ബിറ്റ് കോയിൻ എടിഎമ്മുകളുടെ എണ്ണം വർദ്ധിക്കുന്നു. നിലവിൽ 105 ക്രിപ്റ്റോ കറൻസി എടിഎമ്മുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. ലണ്ടനിലാണ് ഏറ്റവും കൂടുതൽ. 77 എണ്ണം. ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിൻ പ്രചാരം അനുദിനം വർദ്ധിക്കുന്നതിനനുസരിച്ച് എടിഎമ്മുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. മാഞ്ചസ്റ്ററിൽ മൂന്നും ബെർമ്മിങ്ങാമിൽ ആറും ലെസ്റ്ററിൽ മൂന്നും ബിറ്റ് കോയിൻ എടിഎമ്മുകളുണ്ട്. ബെൽഫാസ്റ്റ്, ബ്രിസ്റ്റോൾ, കാർഡിഫ്, ചെംസ്‌ഫോർഡ്, ബ്രൈറ്റൺ, ഡെർബി, എഡിൻബറോ, ഗ്ലാസ് ഗോ, ഹാരോ, ഹേസ്റ്റിംഗ്സ്, ലീഡ്സ്, പെൻസാൻസ്, പോർട്സ് മൗത്ത്, റോയൽ ടേൺ ബ്രിഡ്ജ് വെൽസ് എന്നിവിടങ്ങളിലും എടിഎമ്മുകളുണ്ട്.
ടീസൈഡിലെ ഒരു പബ്ബിൽ വില്ലന മുഴുവൻ ഇപ്പോൾ ക്രിപ്റ്റോ കറൻസിയിലാണ്. ഫിൽ ബാർക്ക്ലിയാണ് ഇവിടുത്തെ ലാൻഡ് ലോർഡ്. ഇദ്ദേഹം ക്രിപ്റ്റോ കറൻസിയുടെ വലിയ ആരാധകനാണ്. “ഇത് ഭാവിയിലെ നമ്മുടെ കറൻസിയാണ്. കറൻസിയുടെ ഇന്റർനെറ്റ് രൂപമാണ് ക്രിപ്റ്റോ കറൻസി”; അദ്ദേഹം പറയുന്നു. “പണ്ട് നമ്മുടെ ഫോണിൽ ഇന്റർനെറ്റ് ഉണ്ടായിരുന്നില്ല. പക്ഷേ, ഇക്കാലത്ത് എഴുന്നേറ്റാൽ ഉടൻ നോക്കുന്നത് മൊബൈൽ നെറ്റിലാണ്. ലോകം മാറുകയാണ്.ലോകം മുഴുവൻ ബിറ്റ് കോയിൻ ഉപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ വിനിമയം നടത്തുന്ന ദിനങ്ങൾ വരവായി. ബാങ്കുകളും ഇടനിലക്കാരുമില്ലാതെ സുരക്ഷിതമായി ക്രിപ്റ്റോ കറൻസി വഴി നമുക്ക് സ്വന്തമായി ഡീൽ നടത്താം”. ഫിൽ വാചാലനായി
ഫിൽ ബാർക്ക് ലിയുടെ പബിൽ ഡെബിറ്റ് കാർഡ് എടുക്കുകയില്ല. പബിൽ ബിറ്റ് കോയിൻ, ലിറ്റ് കോയിൻഎന്നു രേഖപ്പെടുത്തിയ ഒരു ബോർഡ് പ്രദർശിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പബിൽ ബിറ്റ് കോയിൻ വാങ്ങാനും പറ്റും. പബിൽ വരുന്ന കസ്റ്റമേഴ്സിനോട് ക്രിപ്റ്റോ കറൻസിയുടെ മെച്ചത്തെപ്പറ്റി പറഞ്ഞു കൊടുക്കാൻ ഫിൽ എപ്പോഴും തൽപരനാണ്. ഇടയ്ക്ക് പബിൽ വരുന്നവർക്കായി ക്ലാസുകളും ഫിൽ എടുക്കുന്നുണ്ട്. ഇനി വരാനിരിക്കുന്നത് ക്രിപ്റ്റോ കറൻസിയുടെ കാലമാണെന്ന് ഈ പബുടമ നിസംശയം പറയുന്നു.
ന്യൂസ് ഡെസ്ക്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട പ്രചാരണങ്ങൾക്ക് എതിരെ എം. സ്വരാജ് ശക്തമായി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയായ ഷാനി പ്രഭാകരനും തനിക്കുമെതിരായി പുറത്തു വന്ന അപവാദ പ്രചരണങ്ങൾ വിലപ്പോവില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്, ആ സൗഹൃദം തുടരുക തന്നെ ചെയ്യും. പ്രതികരിക്കേണ്ട എന്നു കരുതിയെങ്കിലും സ്ത്രീത്വത്തിൻറെ മേലുള്ള കടന്നുകയറ്റത്തിൻറെ രീതിയിലേയ്ക്ക് പോസ്റ്റുകൾ വന്നതിനാൽ തൻറെ നിലപാട് വ്യക്തമാക്കുകയാണെന്ന് എം.സ്വരാജ് പറഞ്ഞു. ഫേസ്ബുക്കിലാണ് സ്വരാജ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഷാനി പ്രഭാകരനൊപ്പമുള്ള ഫോട്ടോയും എം. സ്വരാജ് പോസ്റ്റ് ചെയ്തു. 22 K ലൈക്കാണ് ഈ പോസ്റ്റിന് മൂന്നു മണിക്കൂറിൽ ലഭിച്ചത്. പിന്തുണയുമായി രണ്ടായിരത്തിലേറെ കമൻറുകളും ലഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ നിന്നുള്ള എം.എൽ.എ ആണ് എം. സ്വരാജ്.
എം. സ്വരാജിൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.
“ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിൻറെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്. ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കൾ പലപ്പോഴും വരാറുള്ളത്. സൗഹൃദ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ മാനമോ മറ്റ് അർത്ഥങ്ങളോ കൽപിക്കുന്നതെന്തിന് ? ഷാനി പല സന്ദർശകരിൽ ഒരാളല്ല. എൻറെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകയുമാവുന്നതിന് മുമ്പേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ. ജീർണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ. എക്കാലവും ഞങ്ങൾ സുഹൃത്തുക്കളായിരിക്കും. ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു മാത്രം”.
ന്യൂസ് ഡെസ്ക്
ബ്രിട്ടണിലെ UKKCA യ്ക്ക് പുതിയ നേതൃത്വം. പ്രസിഡന്റായി തോമസ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റ്റോൾ യൂണിറ്റിന്റെ പ്രതിനിധിയാണ് തോമസ് ജോസഫ്. കവൻട്രി ആൻഡ് വർവിക്ക്ഷയർ യൂണിറ്റിൽ നിന്നുള്ള ബിപിൻ ലൂക്കോസാണ് വൈസ് പ്രസിഡന്റ്. സെക്രട്ടറിയായി ലിവർപൂൾ യൂണിറ്റിലെ സാജു ലൂക്കോസും ജോയിൻറ് സെക്രട്ടറി ആയി ഡെർബി യൂണിറ്റിൽ നിന്നും സണ്ണി ജോസഫും ട്രഷറർ ആയി വിജി ജോസഫ് ലെസ്റ്ററും തെരഞ്ഞെടുക്കപ്പെട്ടു. നോട്ടിങ്ങാം യൂണിറ്റിൽ നിന്നുള്ള ജെറി ജെയിംസാണ് ജോയിൻറ് ട്രഷറർ. ഇന്നാണ് ബെർമ്മിങ്ങാമിൽ തെരഞ്ഞെടുപ്പ് നടന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 51 യൂണിറ്റുകളിലെ പ്രതിനിധികളാണ് പുതിയ നേതൃത്വത്തെ നിർദ്ദേശിച്ചത്. തെരഞ്ഞെടുപ്പിന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ സജി മലയിൽ പുത്തൻപുരയിൽ അച്ചൻ നേതൃത്വം നല്കി.