ന്യൂസ് ഡെസ്ക്

എൻഎച്ച്എസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്ത പുറത്തു വരാൻ തുടങ്ങിയിട്ട് കാലങ്ങൾ കുറെയായി എങ്കിലും അതിന്റെ യഥാർത്ഥ കാരണങ്ങൾ പൊതുജനം ഇതുവരെ അറിഞ്ഞിട്ടില്ല. രണ്ടു പൗണ്ടിൽ താഴെ വിലയുള്ള  500 മില്ലിയുടെ മോയിസ്ചർ ക്രീമിന് ബൂട്ട്സ് ഫാർമസിയിൽ നിന്നു വാങ്ങിക്കുമ്പോൾ എൻഎച്ച്എസ് നല്കിയത് 1579 പൗണ്ടാണ് എന്നാണ് ദി ടൈംസ് വെളിപ്പെടുത്തുന്നത്. ത്വക് രോഗമുള്ളവർക്കായി നല്കപ്പെടുന്ന ഈ ക്രീമിന്റെ സാധാരണ വില 1.73 പൗണ്ടാണ്. ബൂട്ട്സിന്റെ പേരൻറ് കമ്പനിയായ വാൾ ഗ്രീൻ ബൂട്ട്സ് അലയൻസിൽ നിന്നാണ് സാധാരണ വിലയുടെ 900 മടങ്ങ് വില നല്കി എൻഎച്ച്എസ് ക്രീം വാങ്ങിച്ചത്.

മരുന്നു കമ്പനികൾ എൻ എച്ച് എസിന് ആവശ്യമായ മരുന്നുകൾക്ക് അമിത വില ഈടാക്കുകയാണെന്ന് അധികൃതർ പരാതിപ്പെട്ടു. നികുതി ദായകന്റെ പണം ദുർവിനിയോഗം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷമാണ് നിലവിൽ എൻഎച്ച്എസിൽ ഉള്ളത്. ഷോർട്ട് നോട്ടീസിൽ ഉള്ള സ്പെഷ്യൽ ഓർഡറുകൾക്ക് ഇങ്ങനെ വില ഈടാക്കേണ്ടി വരുമെന്ന് ബൂട്ട്സ് പറയുന്നു. എന്നാൽ ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡെർമ്മറ്റോളജിസ്റ്റുകളുടെ അസോസിയേഷൻ പറയുന്നത്.