ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായും, പ്രവാസി മലയാളികളെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസന പദ്ധതിയിലെ പ്രധാന പങ്കാളികളാക്കി മാറ്റാനും ലക്‌ഷ്യം വച്ച് ആരംഭിച്ച ലോക കേരള സഭയുടെ ആദ്യ സമ്മേളനം വിജയകരമായി പര്യവസാനിച്ചു. ജനുവരി12,13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍ തന്നെയായിരുന്നു ലോക കേരള സഭയുടെ ആദ്യ സമ്മേളനവും നടന്നത്. കേരള സര്‍ക്കാരിനെ പ്രവാസി മലയാളികളുമായി നേരിട്ട് ബന്ധിപ്പിച്ച് കൊണ്ട് നടത്തിയ ഈ സമ്മേളനം ലോകമെങ്ങുമുള്ള പ്രവാസികളില്‍ വന്‍ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.
യുകെയില്‍ നിന്ന് അഞ്ച് മലയാളികള്‍ക്കാണ് ലോക കേരള സഭയില്‍ പ്രതിനിധികളും ക്ഷനിതാക്കളും ആകാന്‍ ഭാഗ്യം ലഭിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും ഒഐസിസി യുകെയുടെ കണ്‍വീനറുമായ ടി. ഹരിദാസ്, പൊതുപ്രവര്‍ത്തകനും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രതിനിധിയുമായ കാര്‍മല്‍ മിറാന്‍ഡ, ഇടതുപക്ഷ മതേതര സംഘടനയായ സമീക്ഷ യുകെയുടെ വൈസ് പ്രസിഡണ്ടും ബിബിസിയില്‍ മുന്‍മാധ്യമ പ്രവര്‍ത്തകനുമായ രാജേഷ് കൃഷ്ണ, എഴുത്തുകാരനായ മനു പിള്ള എന്നിവരെ പ്രതിനിധികളായും സാമൂഹ്യ പ്രവര്‍ത്തകയും ബ്രിട്ടീഷ് റെയില്‍വേയില്‍ സ്ട്രക്ച്ചറല്‍ എന്‍ജിനീയറുമായ രേഖ ബാബുമോനെ പ്രത്യേക ക്ഷണിതാവായും ആദ്യ ലോക കേരള സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരള സര്‍ക്കാര്‍ ആണ് ഇവരെ നോമിനേറ്റ് ചെയ്തത്. ഇതില്‍ തന്നെ ടി. ഹരിദാസ് പിന്നീട് സഭയെ നിയന്ത്രിക്കുന്ന ഏഴംഗ പ്രസീഡിയത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

കാര്‍മല്‍ മിറാന്‍ഡ, രാജേഷ് കൃഷ്ണ, ടി. ഹരിദാസ്, മനു പിള്ള, രേഖ ബാബുമോന്‍
എന്നാല്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഇവരെ അപമാനിക്കുന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച് കൊണ്ട് യുകെയിലെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇന്ന് രംഗത്ത് വന്നത് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. യുകെയില്‍ ഉള്ള മലയാളികളായ സാമൂഹിക പ്രവര്‍ത്തകരെയും ബിസിനസുകാരെയും അപമാനിച്ച് നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടല്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ രംഗത്തെത്തുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ രണ്ട് പേരെ വ്യക്തിപരമായി അപമാനിച്ച് കൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചാണ് ഈ പോര്‍ട്ടല്‍ രംഗത്ത് എത്തിയത്.
ലോക കേരള സഭ എന്നത് സര്‍ക്കാര്‍ പണം മുടക്കാനുള്ള ഒരു വെള്ളാനയാണ് എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത എഴുതിയ പോര്‍ട്ടല്‍ ഇന്ന് ആരോപിച്ചിരിക്കുന്നത് അര്‍ഹതയില്ലാത്തവര്‍ ആണ് ലോക കേരള സഭയില്‍ യുകെയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് എന്നാണ്. യുകെയില്‍ നിന്ന് ഇടതു പക്ഷ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ കാര്‍മല്‍ മിറാന്‍ഡ ഒഴികെയുള്ള രണ്ട് പേര്‍ മന്ത്രിമാര്‍ യുകെയിലെത്തുമ്പോള്‍ സ്വീകരണം നല്‍കിയതും കൊണ്ട് നടന്നതും വഴിയാണ് പ്രതിനിധികളായത് എന്ന ആരോപണമാണ് പോര്‍ട്ടല്‍ ഉന്നയിച്ചത്.

ഷാജന്‍ സ്കറിയ, കെ ആര്‍ ഷൈജുമോന്‍
ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയില്‍, കവന്‍ട്രിയില്‍ താമസിക്കുന്ന കെ ആര്‍ ഷൈജുമോന്‍ എന്നയാളുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പോര്‍ട്ടലില്‍ ആണ് ഗുരുതരമായ ഈ ആക്ഷേപം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുകെയിലെ ഒരു പ്രമുഖ ബിസിനസുകാരന് എതിരെ നുണക്കഥകള്‍ എഴുതി പ്രചരിപ്പിച്ചതിന് വന്‍തുക പിഴയായി നല്‍കേണ്ടി വന്ന് മാസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് ഇവര്‍ വീണ്ടും വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
യുകെയിലും കേരളത്തിലും ഉള്ള ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഇടയില്‍ കനത്ത പ്രതിഷേധം ആണ് ഈ വാര്‍ത്ത ഉണ്ടാക്കിയിരിക്കുന്നത്. പോര്‍ട്ടലിന് എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം കേരളത്തിലും യുകെയിലും ഉള്ള ഇവരുടെ വീടുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കാനും വരെ യുകെയിലെ ഇടത് പക്ഷ പ്രവര്‍ത്തകര്‍ ആലോചിച്ച് കഴിഞ്ഞു.
മന്ത്രിമാരുടെയും നേതാക്കളുടെയും ഇടയില്‍ എനിക്ക് ഉള്ള സ്വാധീനം ഇത്ര വലുതാണ് എന്ന് ഒരു മഞ്ഞ പത്രം വഴി അറിയേണ്ടതില്ലെന്നും അതിനാല്‍ തന്നെ വിലകുറഞ്ഞ ഈ ആരോപണത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും ഇപ്പോള്‍ കേരളത്തിലുള്ള രാജേഷ് കൃഷ്ണ മലയാളം യുകെ പ്രതിനിധിയോട് പറഞ്ഞു. എന്നാല്‍ തന്നെക്കുറിച്ച് പറഞ്ഞതിലുപരി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു വനിതയെക്കുറിച്ച് എഴുതിയതില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും ഇത്തരം നിലപാടുകള്‍ തുടര്‍ന്നും ഉണ്ടാവാതിരിക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ സ്വീകരിക്കും എന്നും രാജേഷ് കൃഷ്ണ അറിയിച്ചു. യുകെയിലെ ഇടതുപക്ഷ സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ വേണ്ട പ്രതിഷേധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജേഷ് പറഞ്ഞു.
രേഖ ബാബുമോനെ പ്രതികരണത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും ലഭ്യമായില്ല.
ന്യൂസ് ഡെസ്ക്.
തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ ഗാഢനിദ്ര പലർക്കും ഒരു ദിവാസ്വപ്നമാണ്. സോഷ്യൽ മീഡിയയുടെയും ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളുടെയും അതിപ്രസരം മൂലം മനുഷ്യന്റെ ദിനചര്യകൾ തകിടം മറിഞ്ഞു. സുഖപ്രദമായ രാത്രി ഉറക്കം ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുവാൻ സഹായകമാണ്. പ്രഭാതത്തിൽ ഉന്മേഷത്തോടെ ഉണരാനും ഏവരും ആഗ്രഹിക്കുന്നു. നമ്മുടെ അനുദിന ജീവിതം അച്ചടക്ക പൂർണവും നിയന്ത്രിതവുമാക്കാൻ കഴിഞ്ഞാൽ ഉറക്കമില്ലായ്മയുടെ ദോഷഫലങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും.
സുഖനിദ്ര മാനസിക ആരോഗ്യത്തിനും ആത്മവിശ്വാസ വർദ്ധനവിനും രോഗങ്ങളെ അകറ്റി നിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്. ശരാശരി എട്ടുമണിക്കൂർ ഉറക്കം മനുഷ്യന് ആവശ്യമാണ്. ചിലർക്ക് അതിലേറെയും ചുരുക്കം ആളുകൾക്ക് അതിൽ കുറവും ആകാം. ദിന-രാത്രി കാല ശീലങ്ങൾ വേണ്ട രീതിയിൽ ക്രമീകരിക്കുന്നത് ആരോഗ്യകരമായ ഉറക്കത്തിന് നല്ലതാണ് എന്ന് സ്ളീപ് എക്സ്പെർട്ട് ക്രിസ്റ്റബെൽ മജെന്തി പറയുന്നു.
പകൽ സമയത്തെ വ്യായാമം രാത്രി ഉറക്കത്തെ പരിപോഷിപ്പിക്കും. അമിത ഊർജം ശരീരത്തിൽ ഉണ്ടായാൽ അത് നിങ്ങളെ ഉറങ്ങാൻ അനുവദിക്കില്ല. ശരിയായ വ്യായാമം ശരീരത്തിലെ ബയോകെമിക്കൽസിനെ നിയന്ത്രിക്കുകയും അതുമൂലം സമ്മർദ്ദവും ഉത്കണ്ഠയും കുറയുകയും ചെയ്യും. ദിവസം മുഴുവൻ വീട്ടിൽ തന്നെ ചിലവഴിക്കുന്നത് നന്നല്ല. പുറത്തിറങ്ങി സൂര്യപ്രകാശം ഏറ്റാൽ നമ്മുടെ ശരീരത്തിലെ മെലാറ്റോണിന്റെ അളവ് വർദ്ധിപ്പിക്കും. സിർകാർഡിയൻ റിഥം നിയന്ത്രിക്കുന്ന ഹോർമോൺ ആണ് മെലാറ്റോണിൻ. പകൽ സമയത്ത് ഉറക്കം തൂങ്ങുന്നത് സിർകാർഡിയൻ റിഥത്തെ തടസപ്പെടുത്തും. പക്ഷേ നിയന്ത്രിക്കാനാവാത്ത രീതിയിൽ ഉറക്കം വരുകയാണെങ്കിൽ ഉറങ്ങാം, പക്ഷേ 20 മിനുട്ടിൽ കൂടുതൽ ആവരുത്.

പകൽ സമയത്ത് ബെഡ് റൂമിൽ നിന്നും അകന്നു നിൽക്കുന്നതാണ് രാത്രി ഉറക്കത്തിന് നല്ലത്. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ അത് ബെഡ് റൂമിൽ ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള ആറു മണിക്കൂറിന് ഉള്ളിൽ കഫെയിൻ ഒഴിവാക്കണം. പാൽ ഉൾപ്പെടുന്നതോ കഫെയിൻ ഇല്ലാത്തതോ ആയ പാനീയങ്ങൾ കുടിക്കുന്നത് ദോഷമുണ്ടാക്കില്ല. പകൽ സമയത്ത് ഉറക്കം വരാതിരിക്കാൻ കഫെയിൻ അടങ്ങിയ ഡ്രിങ്ക്സ് ഉപയോഗിക്കുന്നവർ നേരത്തെ ഉറങ്ങാൻ ശ്രമിക്കുകയോ നിദ്രയെ തടസപ്പെടുത്തുന്ന മറ്റു കാര്യങ്ങൾ ക്രമീകരിക്കുകയോ ചെയ്യേണ്ടതാണ്.

ഉറങ്ങാൻ പോകുന്നതിന് മുമ്പുള്ള ഏതാനും മണിക്കൂറുകൾ നിദ്രയെ സ്വാധീനിക്കുന്നതാണ്. ആ മണിക്കൂറുകളിൽ ശരീരം ശാന്തമാകുകയും ഉറക്കത്തിനായി തയ്യാറെടുക്കുകയും ചെയ്യപ്പെടണം. ഉറങ്ങാൻ പോവുന്നതിന് മുമ്പുള്ള മൂന്നു മണിക്കൂറുകളിൽ അമിതമായി ഭക്ഷണം കഴിക്കരുത്. പകൽ സമയത്തെ ഊർജ നഷ്ടത്തെ പരിഹരിക്കുകയും ഊർജം ക്രമീകരിക്കുകയും ചെയ്യുന്ന സമയത്ത് ഭക്ഷണത്തിന്റെ ദഹനപ്രക്രിയയ്ക്കായി ആ ഊർജം വിനിയോഗിക്കപ്പെടുന്നത് അഭിലഷണീയമല്ല.
വികാരപരമായ സംഭാഷണങ്ങൾ മൂലമുണ്ടാകുന്ന ചിന്തകൾ നിങ്ങളുടെ മനസിൽ നിറഞ്ഞാൽ അത് ഉറക്കം നഷ്ടപ്പെടുത്തും. ആരെങ്കിലും അങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കാൻ തുനിഞ്ഞാൽ അവരെ നിരുത്സാഹപ്പെടുത്തുകയും ഇതല്ല അതിനു പറ്റിയ സമയമെന്ന് പറഞ്ഞു മനസിലാക്കാനും ശ്രമിക്കുക. ഉറങ്ങുന്നതിന് മുമ്പ് അതിനായി ശരീരത്തെ തയ്യാറാക്കണം. ചെറുചൂടുള്ള വെള്ളത്തിലുള്ള സ്നാനം, മാനസിക വ്യായാമങ്ങൾ, അല്പ സമയം നീളുന്ന വായന, ചെറിയ രീതിയിലുള്ള യോഗ എന്നിവയെല്ലാം ഒരു സുഖനിദ്രയ്ക്കായി ശരീരത്തെ ഒരുക്കും.
മോഡേൺ ബെഡ്റൂമുകൾ നിദ്രയെ സ്വാധീനിക്കുന്നു. മിക്കവയും ആരോഗ്യകരമായ നിദ്രയെ തടസപ്പെടുത്തുന്നവയാണ്. ഉറങ്ങാനുള്ള അന്തരീക്ഷം മെച്ചപ്പെടുത്തിയാൽ നല്ല ഉറക്കം ലഭിക്കും. ശാന്തവും തണുപ്പുള്ളതും ഇരുട്ടുള്ളതുമായ അന്തരീക്ഷമാണ് ബെഡ് റൂമിൽ ഉണ്ടാവേണ്ടത്. ശബ്ദവും വെളിച്ചവും കടന്നു വരുന്നതാണ് ബെഡ് റൂം എങ്കിൽ കട്ടിയുള്ള കർട്ടൻ ഇടുകയും ഇയർ പ്ലഗുകൾ, ഐ മാസ്ക് എന്നിവ ഉപയോഗിക്കുകയും ചെയ്യണം.
നഗ്നരായി ഉറങ്ങുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് മജെന്തി പറയുന്നു. ശരീര താപനില ക്രമീകരിക്കുന്നതിന് ഇതു സഹായകമാണ്. ഉറങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ താപനില 16നും 18 നും ഇടയിൽ ആയിരിക്കുന്നതാണ്. കോൾഡ് ഫീറ്റ് ഉള്ളവർ സോക്സ് ധരിച്ച് ഉറങ്ങുന്നത് നല്ലതാണ്. ഉറക്കം ലഭിക്കാതെ കിടക്കുമ്പോൾ രാത്രിയിൽ സമയം ഇടയ്ക്കിടെ നോക്കുന്നത് ഒട്ടും സഹായകരമല്ല. ഇത് ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ഉറക്കത്തെ നഷ്ടപ്പെടുത്തുകയും ചെയ്യും. മനസിൽ നല്ല ചിന്തകൾ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഉറക്കത്തെ ത്വരിതപ്പെടുത്തും.
ഷുഗറിന്റെ അംശം കുറവുള്ളതും പോഷകാംശം ശരിയായ അളവിൽ അടങ്ങിയതുമായ ആഹാരം കഴിക്കുന്ന മുതിർന്നവർക്ക് ശരിയായ ഉറക്കം ലഭിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉറങ്ങുന്നതിന് മുമ്പ് തയ്യാറാക്കി വച്ചാൽ അത് ഉറക്കം കൂടുതൽ ലഭിക്കാൻ സഹായിക്കും. അവയെക്കുറിച്ച് ഓർത്ത് ഉണ്ടാക്കുന്ന സമ്മർദ്ദവും ഉത്കണ്ഠയും ഇതിനാൽ കുറയ്ക്കാൻ കഴിയും.
ജോണ്‍സണ്‍ മാത്യൂസ്
ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ക്രിസ്തുമസ്, പുതുവത്സര ആഘോഷം ”പിറവി” ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വൈകുന്നേരം നാല് മണിക്ക് 100ല്‍ പരം സ്ത്രീകളെയും പെണ്‍കുട്ടികളെയും അണിനിരത്തി ഗുജറാത്തി പരമ്പരാഗത ഫോക്ക് ഡാന്‍സായ ദാണ്ടിയ നൃത്തത്തോട് ആരംഭിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി രാജീവ് തോമസ് വിശിഷ്ടാതിഥികള്‍ക്കും ക്രിസ്തുമസ് പാപ്പയായ അലന്‍ തോമസിനും സദസിനും സ്വാഗതം ആശംസിച്ചു. സമ്മേളനം പ്രസിഡന്റ് സോനു സിറിയക്ക് മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ അംഗങ്ങള്‍ തയ്യാറാക്കിയ ക്രിസ്തുമസ് ട്രീയിലെ നക്ഷത്ര വിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശേഷം മര്‍ത്തോമ്മാ സഭയുടെ മുന്‍ മണ്ഡലാംഗവും പ്രശസ്ത വാഗ്മിയുമായ ഷാബു വര്‍ഗ്ഗീസ് ക്രിസ്തുമസ് ദൂത് നല്‍കി.

ഈ കാലഘട്ടത്തില്‍ സ്‌നേഹത്തിനും സാഹോദര്യത്തിനും മുന്‍ഗണന നല്‍കിയും ക്രിസ്തുവിന്റെ സുവിശേഷത്തെ പിന്തുടര്‍ന്നും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെയും വിഷമിപ്പിക്കാതെയും നാം ഒത്തൊരുമിച്ച് കൈ കോര്‍ക്കുമ്പോളാണ് ക്രിസ്തുമസ് അതിന്റെ പരിപൂര്‍ണതയില്‍ എത്തുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തില്‍ അറിയിച്ചു. ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പുല്‍ക്കൂട് മത്സരത്തില്‍ ജെ ഡി ഡ്രൈവിംഗ് സ്‌കൂള്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വിജയികള്‍ക്ക് പ്രസിഡന്റ് നല്‍കുകയുണ്ടായി.

തപ്പിന്റെയും കിന്നരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീന ഗാനങ്ങളുമായി ഡിസംബര്‍ മാസത്തില്‍ കടന്നുവന്ന മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കും കടന്നുചെന്ന എല്ലാ മലയാളി ഭവനങ്ങങളിലെ അംഗങ്ങള്‍ക്കും പിറവിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വൈസ് പ്രസിഡന്റ് ജോജി കോട്ടക്കല്‍ നന്ദി അറിയിക്കുകയുണ്ടായി. ജോയിന്റ് സെക്രട്ടറി ലിന്‍സി അജിത്ത്, ട്രഷറര്‍ മനോജ് ജോണ്‍സന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സമയബന്ധിതമായി യോഗം ജൂലി മനോജ് നിയന്ത്രിച്ചു.

യുവജന പ്രതിനിധികളായ ആഗ്ന, സ്‌നേഹ, അലീന എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊച്ചു പെണ്‍കുട്ടികള്‍ അവതരിപ്പിച്ച അതീവ ഹൃദ്യവും നയന മനോഹരവുമായ മെഴുകുതിരി നൃത്തത്തോടെ പിറവിക്ക് ആരംഭം കുറിച്ചു. 70ല്‍ പരം കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് അവതരിപ്പിച്ച ‘പിറവി’ നൃത്ത സംഗീത ശില്‍പവും ക്രിസ്തുമസ് പാപ്പാമാരുടെ നൃത്തവും ആഷ്‌ഫോര്‍ഡില്‍ ആദ്യമായി ക്രിസ്ത്യന്‍ നൃത്തരൂപമായ മാര്‍ഗ്ഗംകളിയും അരങ്ങേറി. കൂടാതെ ക്ലാസിക്കല്‍ ഡാന്‍സ് ഭക്തിഗാനം, കരോള്‍ ഗാനം, കുട്ടികളുടെ കൊയര്‍, സിനിമാറ്റിക് ഡാന്‍സ് എന്നിവയാല്‍ പിറവി കൂടുതല്‍ സമ്പന്നമായി. സിനിമാറ്റിക് ഡാന്‍സിന്റെ ഭാവി വാഗ്ദാനമായ അച്ചു സജി കുമാര്‍ ചിട്ടപ്പെടുത്തിയ ഫ്യൂഷന്‍ ഡാന്‍സ് സദസിനെ ഇളക്കി മറിച്ചു.

പിറവി വന്‍ വിജയമാക്കി തീര്‍ക്കുവാനായി അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ലാ വ്യക്തികള്‍ക്കും പ്രോഗ്രാം കമ്മിറ്റിക്കും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിച്ചു. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പം ജെറി, സാം, ജസ്റ്റിന്‍, തോമസ്, സണ്ണി, ബൈജു എന്നിവരുടെ നോട്ടത്തില്‍ തയ്യാറാക്കിയ അതീവ സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞു പിരിയുമ്പോള്‍ അംഗങ്ങളും അതിഥികളും ആതിഥേയരും ഒരേ സ്വരത്തില്‍ കണ്ണിലും കാതിലും കരളിലും തങ്ങി നില്‍ക്കുന്ന പരിപാടിയാണ് പിറവിയെന്ന് അഭിപ്രായപ്പെട്ടു.






മുംബൈ: ടെലികോം രംഗത്ത് വിപ്ലവമുണ്ടാക്കിയ റിലയന്‍സ് ജിയോ ക്രിപ്‌റ്റോകറന്‍സി രംഗത്തേക്ക്. ജിയോ കോയിന്‍ എന്ന പേരില്‍ സ്വന്തമായി വിര്‍ച്വല്‍ കറന്‍സി അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബ്ലോക്ക്‌ചെയിന്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി റിലയന്‍സ് 50 പ്രൊഫഷണലുകളെ നിയമിക്കാന്‍ ഒരുങ്ങുന്നതായി മിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ രേഖപ്പെടുത്തുന്ന ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക്‌ചെയിന്‍. ഈ രേഖകള്‍ ക്രമത്തിലും ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തിലുമാണ് ഉള്ളത്. ജിയോ കോയിന്‍ പ്രാഥമിക ഘട്ടത്തിലാണ് ഉള്ളതെങ്കിലും വിവിധ മേഖലകളില്‍ ഇതിന്റെ ഉപയോഗം സാധ്യമാക്കുന്ന വിധത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് അംബാനിക്കായിരിക്കും ജിയോ കോയിന്റെ ചുമതല.
എന്നാല്‍ ക്രിപ്‌റ്റോകറന്‍സികളുടെ നിര്‍മാണം, വിനിയോഗം മുതലായവ നിയമവിധേയമല്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയവും റിസര്‍വ് ബാങ്കും വ്യക്തമാക്കി രണ്ടാഴ്ചക്കുള്ളിലാണ് റിലയന്‍സ് ജിയോ വിര്‍ച്വല്‍ കറന്‍സി പുറത്തിറക്കുകയാണെന്ന് പ്രഖ്യാപിക്കുന്നത്. വിര്‍ച്വല്‍ കറന്‍സി വിനിമയങ്ങള്‍ നടത്തുന്നവര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം അവ ചെയ്യാനെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. അതിനു ശേഷം 9 പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.
നികുതി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു സര്‍വേ. രാജ്യത്ത് ആറ് ലക്ഷം ക്രിപ്‌റ്റോകറന്‍സി ട്രേഡര്‍മാര്‍ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയുടെ കീഴില്‍ ഒരു സമിതിയെ നിയോഗിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ ഈ പാനല്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കും.
നിലവില്‍ 1300 വിര്‍ച്വല്‍ കറന്‍സികള്‍ ലോകമൊട്ടാകെ നിലവിലുണ്ട്. ഇന്ത്യയില്‍ 11 എക്‌സ്‌ചേഞ്ചുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
ന്യൂസ് ഡെസ്ക്
യുകെയിലെ പ്രശസ്ത ലോ കമ്പനികളിലെ അഭിഭാഷകരുടെ സംഘം ഇൻഡ്യൻ സുപ്രീം കോടതിയിലേയ്ക്ക്. ഇന്ത്യയിലെ ലീഗൽ മാർക്കറ്റിൽ വിദേശ ലോയേഴ്സിന് അവസരം ലഭിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമയുദ്ധത്തിന്റെ വാദം അടുത്ത ആഴ്ച ആരംഭിക്കുകയാണ്. രണ്ടു പതിറ്റാണ്ടായി നടക്കുന്ന ഈ നിയമ പ്രക്രിയയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നല്കിയിരിക്കുന്ന അപ്പീലിൽ വാദം നടക്കുകയാണ്. 2012 ൽ സുപ്രീം കോടതി ശരിവച്ച കീഴ്ക്കോടതിയുടെ ഫ്ളൈ ഇൻ ഫ്ളൈ ഔട്ട് അനുമതിയ്ക്കും നോൺ ഇന്ത്യൻ ലോയിൽ ഉപദേശം നല്കുന്നതും സംബന്ധിച്ചാണ് വാദം തുടരുന്നത്.
ബ്രിട്ടനിൽ നിന്നുള്ള ക്ലൈഡ് ആൻഡ് കോ, ക്ലിഫോർഡ് ചാൻസ്, ലിങ്ക് ലേറ്റേഴ്സ്, നോർട്ടൺ റോസ് ഫുൾബ്രൈറ്റ്, ആഷ് ഹർസ്റ്റ്, എവർഷെഡ്സ് സതർലാൻസ്, ബേർഡ് ആൻഡ് ബേർഡ് എന്നീ നിയമ സ്ഥാപനങ്ങൾ ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിൽ തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കും. എ കെ ബാലാജി ആൻഡ് ഓർസും ബാർ കൗൺസിലും തമ്മിൽ നടക്കുന്ന നിയമയുദ്ധം ഇന്ത്യൻ ലീഗൽ മാർക്കറ്റിന്റെ ലിബറലൈസേഷന് തടസമാണെന്ന് യുകെയിലെ സ്ഥാപനങ്ങൾ കരുതുന്നു. വിദേശ നിയമ സ്ഥാപനങ്ങൾക്ക് അനുമതി നല്കുന്നത് ഈ കേസിൽ തീരുമാനമുണ്ടായതിനുശേഷം മതി എന്നാണ് ബാർ കൗൺസിൽ നിലപാട് എടുത്തിരിക്കുന്നത്.
വിദേശ നിയമ സ്ഥാപനങ്ങൾക്ക് ഇന്ത്യയിലെ പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്നതിനും നോൺ ഇന്ത്യൻ ലോയിൽ ഉപദേശം നല്കുന്നതിനും അനുമതി നല്കാൻ ഇന്ത്യാ ഗവൺമെന്റ് പല തവണ പദ്ധതിയിട്ടിരുന്നു. എ കെ ബാലാജി കേസിൽ മദ്രാസ് ഹൈക്കോടതി വിദേശ അഭിഭാഷകരെ ഇന്റർനാഷണൽ കൊമേഴ്സ്യൽ ആർബിട്രേഷൻ കേസുകൾ നടത്തുന്നതിനും ഇന്ത്യൻ അഭിഭാഷകർക്ക് പരിജ്ഞാനമില്ലാത്ത മേഖലകളിൽ നിയമോപദേശം നല്കുന്നതിനുമുള്ള അനുമതി നല്കിയിരുന്നു. ഈ രണ്ടു കാര്യങ്ങളും അഡ്വക്കേറ്റ് ആക്ട് 1961 അനുസരിച്ച് നിയന്ത്രിക്കേണ്ടതാണെന്നാണ് ബാർ കൗൺസിൽ വാദിക്കുന്നത്.
വിദേശ സ്ഥാപനങ്ങളായ വൈറ്റ് ആൻഡ് കേസ്, ആഷ് ഹർസ്റ്റ് തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ ഓഫീസ് തുറക്കാൻ അനുമതി നല്കിയതിനെ തുടർന്നാണ് ദീർഘകാല നിയമ പോരാട്ടം ആരംഭിച്ചത്. വിദേശ നിയമ സ്ഥാപനങ്ങൾ ഇന്ത്യയിൽ ഓഫീസ് തുടങ്ങുന്നത് നിയമപരമല്ലെന്ന് 2009 ൽ ബോംബെ കോർട്ട് വിധിച്ചു. എന്നാൽ വിദേശ അഭിഭാഷകർ ഇന്ത്യയിൽ വിദേശ നിയമം ഓഫീസില്ലാതെ പ്രാക്ടീസ് ചെയ്യുന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദ്ദേശം നല്കിയിരുന്നില്ല. ഇന്ത്യൻ ലീഗൽ മാർക്കറ്റിന്റെ ലിബറലൈസേഷൻ സംബന്ധമായ നിർണായകമായ വാദമാണ് അടുത്ത ആഴ്ച സുപ്രീം കോർട്ടിൽ നടക്കുക.
ന്യൂസ് ഡെസ്ക്
അന്താരാഷ്ട്ര യാത്രക്കാരുടെ നിരക്കിൽ ഇന്ത്യയിൽ നാലാം സ്ഥാനത്തുള്ള നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ലോക പ്രശസ്തിയിലേക്ക്. 2016 -17 ൽ 9 മില്യൺ ഇന്റർനാഷണൽ യാത്രക്കാർക്ക് യാത്രാ സൗകര്യമൊരുക്കിയ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) പൂർണമായും പ്രവർത്തിക്കുന്നത് സോളാർ എനർജി ഉപയോഗിച്ചാണ്. പ്രകൃതിദത്തമായ ഊർജ്ജ സ്രോതസ് ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണമില്ലാതെ വൈദ്യുതി ഉത്പാദിപ്പിച്ച് ലോകത്തിനു തന്നെ മാതൃകയാവുകയാണ് സി യിൽ. ഇംഗ്ലീഷ് ടെലിവിഷനായ ബിബിസിയും ജപ്പാനിലെ എൻഎച്ച് കെയും ഫ്രഞ്ച് ചാനലായ ഫ്രെഞ്ച് 2ഉം നെടുമ്പാശേരി വിമാനത്താവളത്തെ കുറിച്ച് ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തു.
സിയാലിലെ പവർ പ്ലാൻറിന്റെ മാതൃകയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന പ്രോജക്ടുകൾ ആരംഭിക്കാനുള്ള അന്വേഷണങ്ങളും സിയാലിന് അന്താരാഷ്ട്ര തലത്തിൽ നിന്നും ലഭിക്കുന്നുണ്ട്. സിയാലിൽ നിലവിലുള്ള സോളാർ പ്ലാന്റിന് 29 മെഗാവാട്ട് കപ്പാസിറ്റിയാണ് ഉള്ളത്. പ്രതിദിനം 1.3 ലക്ഷം യൂണിറ്റ് പവർ എയർപോർട്ടിന് ആവശ്യമുണ്ട്. 2018 മാർച്ചിൽ പ്ലാന്റിന്റെ കപ്പാസിറ്റി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 9.9 മെഗാവാട്ടിന്റെ അധിക ഉത്പാദനം നടത്താവുന്ന പ്രോജക്ട് നടപ്പാക്കി വരികയാണ്. ഇതോടെ മൊത്തം വൈദ്യുതി ഉത്പാദനം 40 മെഗാവാട്ടിൽ എത്തും. പുതിയ പ്രോജക്ടിൽ 7.5 മെഗാവാട്ടിന്റെ സോളാർ പാനലുകൾ ഗ്രൗണ്ടിലും 2.4 മെഗാവാട്ടിനാവശ്യമായ പാനലുകൾ കാർപോർട്ട് ഏരിയയിലും സ്ഥാപിക്കും. ഇതോടെ പ്രതിദിനം 1.6 ലക്ഷം യൂണിറ്റ് വൈദ്യുതി സിയാൽ ഉത്പാദിപ്പിക്കും. ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വൈദ്യുതി KSEB യുടെ ഗ്രിഡിലേയ്ക്ക് നല്കും.
അത്യാധുനിക സൗകര്യങ്ങുള്ള പുതിയ അന്താരാഷ്ട്ര ടെർമിനൽ ഈയിടെയാണ് നെടുമ്പാശേരിയിൽ പ്രവർത്തനമാരംഭിച്ചത്. 2016 -17 കാലയളവിൽ യാത്രക്കാരുടെ നിരക്കിൽ 15 ശതമാനത്തിന്റെ വർദ്ധനയാണ് നെടുമ്പാശേരിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ന്യൂസ് ഡെസ്ക്
വനിതകൾക്കായുള്ള ആദ്യ കാർ ഷോറൂം സൗദിയിലെ ജെദ്ദയിൽ തുറന്നു. ജൂൺ മുതൽ വനിതകൾക്ക് സൗദിയിൽ വാഹനമോടിക്കാം. വനിതകൾക്ക് വാഹനമോടിക്കുന്നതിന് ലൈസൻസ് നല്കുന്ന ലോകത്തെ അവസാന രാജ്യമായി സൗദി മാറി. ജെദ്ദയിലെ റെഡ് സീ പോർട്ടിലുള്ള ഷോപ്പിംഗ് മാളിലാണ് പുതിയ കാർ ഷോറൂം. വിവിധ കമ്പനികളുടെ കാറുകൾ ഇവിടെ വില്പനയ്ക്ക് ലഭ്യമാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി ഫൈനാൻസ് സൗകര്യവും ബാങ്കുകൾ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഈ ഷോറൂമുകളിൽ വനിതകൾ മാത്രമേ സ്റ്റാഫ് ആയിട്ടുള്ളൂ.

സൗദിയിൽ മുപ്പതു വർഷമായി നിലവിലിരുന്ന വനിതകൾക്കുള്ള ഡ്രൈവിംഗ് നിരോധനം കഴിഞ്ഞ സെപ്റ്റംബറിൽ ആണ് കിംഗ് സൽമാൻ നീക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ വാഹന ഷോറൂമുകൾ ഉടൻ തന്നെ തുറക്കും. വനികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ വനിതകളെ 1990 കളിൽ റിയാദിൽ അറസ്റ്റ് ചെയ്തിരുന്നു. കാറുകൾക്ക് പുറമേ മോട്ടോർ ബൈക്കുകൾ ഓടിക്കാനും അനുമതി നല്കാൻ സൗദി ലക്ഷ്യമിടുന്നു.

മനാൽ അൽ ഷരീഫ് എന്ന വനിതയാണ് ഡ്രൈവിംഗ് ലൈസൻസ് നിരോധനം നീക്കാനുള്ള കാമ്പയിന് നേതൃത്വം നല്കിയത്. 2011 ൽ കാർ ഓടിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട മനാലിനെ ഒൻപത് ദിവസം ജയിലിൽ അടച്ചു. അന്താരാഷ്ട്ര രംഗത്ത് വൻ പ്രതിഷേധമാണ് അന്ന് ഈ നടപടിക്കെതിരെ ഉയർന്നത്.ഫുട്ബോൾ സ്റ്റേഡിയത്തിലും വനിതകൾക്ക് പ്രവേശനം അനുവദിച്ചു. ജെദ്ദയിൽ നടന്ന മാച്ചിലാണ് വനികൾക്ക് ഫുട്ബോൾ കാണാൻ അവസരം നല്കിയത്. സ്പോർട്സ് രംഗത്ത് വനിതകൾക്ക് കൂടുതലായി പങ്കെടുക്കാൻ അനുമതി നല്കുന്ന കാര്യം സൗദി പരിഗണിച്ചു വരികയാണ്.

ന്യൂസ് ഡെസ്ക്
ടെസ്കോ ഫാർമസിയിൽ നിന്ന് വാങ്ങിയ മരുന്നു നല്കിയതിനെത്തുടർന്ന് 23 മാസം മാത്രം പ്രായമുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായി. പെയ്സിലി തോമസ് എന്ന പെൺകുട്ടിയാണ് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്. ചെവിയിൽ ഇൻഫെക്ഷൻ ഉണ്ടായതിനെ തുടർന്ന് ജിപിയെ കണ്ട പെയ്സിലിന് എറിത്രോമൈസിൻ ആൻറിബയോട്ടിക്സ് പ്രിസ്ക്രിപ്ഷൻ ഡോക്ടർ നല്കി. ടെസ്കോ ഫാർമസിയിൽ നിന്ന് ഫ്രൂട്ടി ഫ്ളേവർ ഉള്ള മെഡിസിൻ വാങ്ങിയ പെയ്സിലിയുടെ അമ്മ 27 കാരിയായ ബെക്കി മരുന്നു നല്കി തുടങ്ങിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളായി വന്നു.
പെയ്സിലിക്ക് ഛർദ്ദിലും ഡയറിയയും തുടങ്ങുകയും ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതാവുകയും ചെയ്തു. അതു വരെ മൂന്നു ഡോസ് ബെക്കി, പെയ്സിലിക്ക് നല്കിയിരുന്നു. മരുന്നിൽ സംശയം തോന്നിയതിനെ തുടർന്ന് ബെക്കി ഉടൻ തന്നെ NHS ഡയറക്ടിൽ വിളിച്ച് ഉപദേശം തേടി. ഉടൻതന്നെ ഹോസ്പിറ്റലിൽ എത്തുവാൻ നിർദ്ദേശം ലഭിച്ചു. വളരെ ഉയർന്ന ഡോസ് ആൻറിബയോട്ടിക്സ് ആണ് ബോട്ടിലിൽ ഉണ്ടായിരുന്നതെന്ന് മനസിലായതിനെ തുടർന്ന് പെയ്സിലിന് വേറെ മരുന്നുകൾ നല്കി. കടുത്ത ശ്വാസതടസം ഉണ്ടായതു മൂലം നെബുലൈസർ ഉപയോഗിക്കേണ്ടി വന്നു. പനി 39.9 ഡിഗ്രി വരെ എത്തി. ക്രിസ്മസ് ദിനമായിരുന്നതിനാൽ ഫാർമസികൾ തുറക്കാത്തതുമൂലം മരുന്നു വാങ്ങാൻ കഴിഞ്ഞില്ല.
പെയ്സിലിയുടെ ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനാൽ ബെക്കി വീണ്ടും ജിപിയെ കണ്ടെങ്കിലും അവർ പറയുന്നതു കേൾക്കാനുള്ള താത്പര്യം കാണിച്ചില്ല. വീട്ടിലെത്തിയ ബെക്കി 111 ഡയൽ ചെയ്തു. ഉടൻ തന്നെ എമർജൻസി ആംബുലൻസ് എത്തി പെയ്സിലിയെ മിൽട്ടൺ കീൻസിലെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. രക്തത്തിലെ സുഗറിന്റെ അളവ് വളരെ കുറഞ്ഞിരുന്നു. ദിവസങ്ങൾ നീണ്ട ചികിത്സയെ തുടർന്ന് പെയ്സിലി ആരോഗ്യം വീണ്ടെടുത്തു. ടെസ്കോ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലാ സംഗമം കമ്മറ്റി
ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ ചാരിറ്റി അവസാനിച്ചപ്പോള്‍ സംഗമം അക്കൗണ്ടിലേക്ക് എത്തിചേര്‍ന്നത് 4687.25 പൗണ്ട്. (400,972. ലക്ഷം രൂപ). നിങ്ങള്‍ നല്കിയ ഈ തുക കൊണ്ട് ഈ കുടുംബങ്ങള്‍ക്ക് 2,00,500 രൂപാ വീതം നല്കാന്‍ നമുക്ക് സാധിക്കും. ഇടുക്കി നാരകക്കാനത്ത് തുക കൈമാറാനായി ജോയിന്റ് കണ്‍വീനര്‍ ബാബു തോമസും, തൊടുപുഴ കുമാരമംഗലത്ത് തുക കൈമാറുന്നതിനായി കമ്മറ്റി അംഗം സിജോ വേലംകുന്നേലിന്റയും നേതൃത്തില്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
ഏവര്‍ക്കും നന്ദിയുടെ ഒരു വാക്ക്.
ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളില്‍ സഹായിച്ച എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, പ്രത്യകമായി ജന്മനാടിനോടുള്ള സ്‌നേഹം നിലനിര്‍ത്തി ഈ ചാരിറ്റി വന്‍ വിജയമാക്കിയ മുഴുവന്‍ ഇടുക്കിജില്ലക്കാരോടും, നമ്മുടെ നാട്ടില്‍ കഷ്ടത അനുഭവിക്കുന്ന ഈ രണ്ട് കുടുംബങ്ങള്‍ക്ക് തങ്ങളാല്‍ കഴിയും വിധം ചെറു സഹായങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, ഞങ്ങളുടെ ചാരിറ്റിയില്‍ പങ്ക് ചേര്‍ന്ന മറ്റു ജില്ലക്കാരെയും, അസോസിയേഷനുകള്‍ക്കും, മാധ്യമ സുഹൃത്തുക്കള്‍ക്കും, ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഞങ്ങള്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച മുഴുവന്‍ സംഗമം കമ്മറ്റികാരെയും, എല്ലാ പ്രവര്‍ത്തകരെയും ഇടുക്കിജില്ലാ സംഗമം ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു. പലതുള്ളി പെരുവെള്ളം എന്ന പഴംചൊല്ലുപോലെ നിങ്ങള്‍ നല്കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ ചാരിറ്റിയുടെ വിജയവും ശക്തിയും.
ഈ ചാരിറ്റി കളക്ഷനികളില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഒരിക്കല്‍ കൂടി ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു. ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഒരോരുത്തരുടെയും അത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു. സ്‌നേഹത്തോടെ,
ന്യൂസ് ഡെസ്ക്
സർജറിക്കിടയിൽ രോഗിയുടെ കരളിൽ ആർഗൺ ബീം ഉപയോഗിച്ച് സ്വന്തം പേരിന്റെ ഇനിഷ്യലുകൾ എഴുതിച്ചേർത്ത സർജന് പിഴയും കമ്യൂണിറ്റി സർവീസും ശിക്ഷ വിധിച്ചു. 2013 ൽ ബിർമ്മിങ്ങാം ക്വീൻ എലിസബത്ത് ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. സർജറി നടത്തിയ സർജൻ സൈമൺ ബ്രാമോൾ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് കോടതി കണ്ടെത്തി. 10,000 പൗണ്ട് ഫൈനടയ്ക്കുന്നതിന് പുറമേ 12 മാസം കമ്യൂണിറ്റി സർവീസുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രോഗിക്ക് സർജൻ ബ്രാമോൾ ലിവർ ട്രാൻസ്പ്ലാന്റ് നടത്തിയിരുന്നു. എന്നാൽ പിന്നീട് ലിവർ തകരാറിലാവുകയും മറ്റൊരു സർജൻ നടത്തിയ പരിശോധനയിൽ സൈമൺ ബ്രമോളിന്റെ ഇനിഷ്യലായ SB ലിവറിൽ രേഖപ്പെടുത്തപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
2014ൽ ബ്രമോൾ ജോലി രാജി വച്ചിരുന്നു. എല്ലാവരുടെയും ഇടയിൽ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിത്വമായിരുന്നു സൈമണിന്റെത്. രോഗിയുടെ കരളിൽ പേര് ആലേഖനം ചെയ്തത് പദവിയുടെ ദുരുപയോഗമാണെന്നും മെഡിക്കൽ എത്തിക്സിന് എതിരാണെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. സർജറിയിൽ സഹായിച്ച നഴ്സ് ഇക്കാര്യം ശ്രദ്ധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. താൻ അങ്ങനെ ചെയ്യാറുള്ളതാണെന്ന് സൈമൺ നഴ്സിന് മറുപടി നല്കിയെന്നും കോടതിയിൽ വെളിപ്പെടുത്തപ്പെട്ടു. അപൂർവ്വമായ കേസായാണ് കോടതി ഇതിനെ കണക്കാക്കിയത്. സൈമണിന് പ്രാക്ടീസ് തുടരാനാവുമോ എന്ന കാര്യം ജനറൽ മെഡിക്കൽ കൗൺസിൽ തീരുമാനിക്കും.