ന്യൂസ് ഡെസ്ക്
ഗൾഫ് മേഖലയിൽ നിലനില്ക്കുന്ന സംഘർഷം വർദ്ധിപ്പിച്ചു കൊണ്ട് ഖത്തറും യുഎഇയും വീണ്ടും ഇടയുന്നു. ഖത്തറിന്റെ ഫൈറ്റർ ജെറ്റുകൾ യുഎഇ ഫ്ളൈറ്റുകളെ തടഞ്ഞു എന്നതാണ് പുതിയ സംഭവ വികാസം. തടഞ്ഞത് പാസഞ്ചർ ഫ്ളൈറ്റുകളെയാണെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. തടയപ്പെട്ടതിൽ ഒന്ന് എമിറേറ്റ്സ് ഫ്ളൈറ്റ് ആണ് എന്ന് അധികൃതർ വെളിപ്പെടുത്തി. ഖത്തർ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നതായി യുഎഇ ആരോപിച്ചു. ബഹ്റിനു പറക്കുകയായിരുന്ന ഫ്ളൈറ്റുകളാണ് തടയപ്പെട്ടതായി പറയുന്നത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തത് ആണെന്നും തികച്ചും തെറ്റാണെന്നും ഖത്തർ പ്രതികരിച്ചു.
വ്യോമ സുരക്ഷയെ ബാധിക്കുന്ന നടപടിയാണ് ഖത്തറിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് യുഎഇ പ്രതികരിച്ചു. യുഎഇ മിലിട്ടറി ജെറ്റുകൾ ഖത്തറിന്റെ വ്യോമാതിർത്തിക്കുള്ളിൽ പരിധി ലംഘിച്ച് കയറുന്നതായി ഖത്തർ യുഎൻ സെക്യൂരിറ്റി കൗൺസിലിനോട് ഈയിടെ പരാതി ഉന്നയിച്ചിരുന്നു. ഖത്തറിന്റെ മുൻ ഭരണാധികാരിയുടെ സഹോദരൻ അബ്ദുള്ള ബിൻ അലി അൽ താനി, തന്നെ അബുദാബിയിൽ തടഞ്ഞു വച്ചിരിക്കുകയാണെന്ന് അറിയിക്കുന്ന ഒരു വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് യു എ ഇ യും ഖത്തറും തമ്മിൽ വ്യോമമേഖലയിൽ സംഘർഷം ഉടലെടുത്തത്.
യുഎഇ, സൗദി അറേബ്യ, ബഹ്റിൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്രബന്ധം കഴിഞ്ഞ വർഷം നിർത്തി വച്ചിരുന്നു. ഭീകരപ്രവർത്തനത്തിന് ഖത്തർ സാമ്പത്തിക സഹായം നല്കുന്നു എന്ന് ആരോപിച്ചായിരുന്നു അത്. ഇറാനുമായി ഖത്തർ അടുക്കുന്നതിലും ഈ രാജ്യങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Leave a Reply