Uncategorized

വൈവിദ്ധ്യമാര്‍ന്ന നിരവധി പ്രവര്‍ത്തനങ്ങളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതമായ സംഘടനയാണ് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന ലിംക. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഓണസദ്യ വിളമ്പിയും, ആദ്യമായി അത്തപ്പൂക്കള മല്‍സരമൊരുക്കിയും യൂറോപ്പിലെ തന്നെ ഏറ്റവും വലിയ അത്തപ്പൂക്കളമിട്ടും ജനശ്രദ്ധ നേടിയ ലിവര്‍പൂള്‍ ലിംകയുടെ ഓണാഘോഷം ഈ വരുന്ന പതിനാറാം തീയതി ശനിയാഴ്ച ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ അതിവിപുലമായി ആഘോഷിക്കുന്നതായി ലിംക ചെയര്‍പേഴ്‌സന്‍ മനോജ് വടക്കേടത്ത്, സെക്രട്ടറി ഫിലിപ്പ് കുഴിപ്പറമ്പില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ വാരികാട്ട് എന്നിവര്‍ അറിയിച്ചു.

രാവിലെ ഒമ്പതുമണിക്ക് അത്തപ്പൂക്കളമിട്ട് തുടങ്ങുന്ന ആഘോഷങ്ങള്‍ ഗൃഹാതുര സ്മരണകളെ അയവിറക്കുന്ന സൗഹൃദ വടംവലി മല്‍സരം മുതല്‍ കലം തല്ലി പൊട്ടിക്കല്‍ വരെയുള്ള തനിനാടന്‍ കായിക മത്സരങ്ങള്‍ക്കും ശേഷം തൃക്കാക്കരയപ്പനു തിരുമുല്‍ കാഴ്ചവച്ചു സകുടുംബം തൂശനിലയില്‍ മുറയനുസരിച്ചു വിളമ്പുന്ന വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ട് മതിമറന്നാഘോഷിക്കുവാനുള്ള അവസരമാണ് ലിംക ഒരുക്കിയിരിക്കുന്നത്.

നിരവധി കലാ സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ യുക്മ ദേശീയ അധ്യക്ഷന്‍ ശ്രീ മാമന്‍ ഫിലിപ്പ്, ഏഷ്യാനെറ്റ് യൂറോപ്പ് എംഡിയും ആനന്ദ് മീഡിയ ഡയറക്ടറുമായ ശ്രീ എസ് ശ്രീകുമാര്‍, ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ണര്‍ കൂടിയായ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലി ബീവേഴ്‌സ്, കമ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടര്‍ ക്രിസ് ഫോസ് തുടങ്ങിയ സമുന്നതരായ വ്യക്തികളും അഭിസംബോദന ചെയ്തു സംസാരിക്കുന്നതാണ്.

തുടര്‍ന്ന് ലിവര്‍പൂളിലേയും സമീപപ്രദേശങ്ങളിലേയും സര്‍ഗ്ഗപ്രതിഭകള്‍ ചേര്‍ന്ന് അണിയിച്ചൊരുക്കുന്ന കലാവിരുന്ന് ലിവര്‍പൂള്‍ മലയാളികള്‍ക്കൊരു ഓണവിരുന്നായിരിക്കും എന്നതിന് സംശയമില്ല. ഇപ്രാവശ്യം ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ടിക്കറ്റിന്റെ കൗണ്ടര്‍ ഫോയില്‍ നറുക്കിട്ടെടുത്തു ഭാഗ്യവാന്മാര്‍ക്കും ഭാഗ്യവതികള്‍ക്കും ഓണക്കോടികള്‍ സമ്മാനമായി നല്‍കുന്നതാണ്. മത്സരങ്ങളിലെ വിജയികള്‍ക്ക് എല്ലാവര്‍ക്കും മാവേലി നാടിന്റെ ഓര്‍മ നിലനിര്‍ത്തുന്ന മറ്റനേകം സമ്മാനങ്ങളും നല്‍കുന്നതാണ്. ഈ സുദിനം ഒത്തൊരുമിച്ചാഘോഷിക്കാന്‍ എല്ലാവരെയും ലിംക നേതൃത്വം സ്വാഗതം ചെയ്യുകയാണ്.

വേദിയുടെ വിലാസം ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹീലിയേഴ്സ് റോഡ്, ഓള്‍ഡ്സ്വാന്‍, ലിവര്‍പൂള്‍ ഘ13 4ഉഒ

ടോം – 07734360642
തോമസ് – 07949706499

കോഴിക്കോട്: വോകിംഗ് കാരുണ്യയുടെ അറുപതാമത് സഹായമായ നാല്പത്തിഒന്നായിരം രൂപ പുതുപ്പാടി ഗ്രാമപഞ്ചായത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷിജില്‍ അരുണിന് കൈമാറി. തദവസരത്തില്‍ പൊതു പ്രവര്‍ത്തകരായ അര്‍ജുന്‍ മുരളീധരന്‍, അനില്‍കുമാര്‍, മുഹമ്മദ് എന്നിവരും സന്നിഹിതരായിരുന്നു. കോഴിക്കോടെ കോര്‍പറേഷനില്‍ കലണ്ടിത്തഴം എന്ന സ്ഥലത്ത് രേവതി നിവാസില്‍ താമസിക്കുന്ന അരുണ്‍ എന്ന യുവാവ് ജീവിത ദുഃഖങ്ങളുടെ തീരാക്കയത്തിലാണ്. ബി ടെക് പഠനം പൂര്‍ത്തിയാക്കി മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ടു അവരെ സഹായിക്കുവാന്‍ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു.

പെട്ടന്നൊരു ദിവസം ജോലി സ്ഥലത്ത് തളര്‍ന്നു വീഴുകയാനുണ്ടായത് വിശദമായ പരിശോധനയില്‍ അരുണിന് GBS എന്ന മഹാരോഗമാണെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ച അരുണിന് മസിലുകളെ തളര്‍ത്തി നശിപ്പിക്കുന്ന ഈ രോഗം ചികിത്സിച്ചു മാറ്റാന്‍ വലിയ ചിലവു വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

പ്രിയമുള്ളവരേ അരുണിനേയും കുടുംബത്തെയും സഹായിക്കുവാന്‍ സന്മനസ് കാണിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നന്ദി അറിയിക്കുന്നു.

https://www.facebook.com/pg/ Woking-Karunya-Charitable- society-193751150726688/posts/
Charitties Bank Account Details
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ഡെര്‍ബി മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷിക ആഘോഷത്തിന് മാറ്റൊലി കൂട്ടാന്‍ പൊന്നോണം വരവായി. ജാതി മത ഭേദമന്യേ ഒരുമയുടെയും സ്‌നേഹത്തിന്റെയും ആരവം മുഴക്കാന്‍ ഡെര്‍ബി മലയാളികള്‍ ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം 16ന് രാവിലെ 10 മണിമുതല്‍ വൈകിട്ട് 6 മണി വരെ ഡെര്‍ബിയിലെ ഗീതാഭവന്‍ ഹാളില്‍ വച്ച് നടത്തപെടുന്ന അതി വിപുലമായ കലാകായിക പരിപാടികളും നാവില്‍ രുചിയൂറും ഓണസദ്യയും വടംവലി മത്സരവും പൂവും പൂക്കളവും ചെണ്ടമേളവും മാവേലിയുടെ സാന്നിദ്ധ്യവും കൊണ്ട് ആടി പാടി തിമിര്‍ക്കാന്‍ ഡെര്‍ബിയിലെയും സമീപ പ്രദേശത്തിലെ എല്ലാ മലയാളി സമൂഹത്തിനെയും സദേയം സ്‌നേഹത്തോടെ ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിനീഷ് – 07828808097
വില്‍സണ്‍ – 07882211489
സെബിന്‍ – 07817829329

Date : 16 September 2017
Time : 10am -6pm
Onam Celebration Hall Details
Geetha Bhavan Temple
96 -102 Pear Tree Road
Derby
DE23 6QA

ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും പ്രതീകമായ ഓണം ആഘോഷിക്കുവാന്‍ സ്വാന്‍സീ മലയാളികള്‍ ഈ വരുന്ന ശനിയാഴ്ച (16/09/17) ഒത്തുചേരുന്നു. സ്വാന്‍സി മലയാളി അസോസിയേഷന്‍റെ പതിനൊന്നാമത് ഓണാഘോഷങ്ങള്‍ക്ക് വേണ്ടി ഇത്തവണ വിപുലമായ കലാപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ശനിയാഴ്ച ഉച്ചക്ക് 2.00 മണിക്ക് വെല്‍ക്കം ഡാന്‍സോടെ തുടങ്ങുന്ന സംഗീത നൃത്ത നൃത്ത്യങ്ങള്‍ വൈകിട്ട് വിഭവസമൃദ്ധമായ ഓണസദ്യയോടെ സമാപിക്കുന്നതാണ്. സ്വാന്‍സീ മലയാളി അസോസിയേഷന്റെ കഴിഞ്ഞ സ്‌പോര്‍ട്‌സ് ഡേയില്‍ പങ്കെടുത്തു വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍വച്ചു നല്‍കപ്പെടുന്നതാണ് . ഈ ഓണാഘോഷത്തിന് എല്ലാ മലയാളി സുഹ്‌റത്തുക്കളെയും സ്വാഗതം ചെയ്യുന്നതായ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു.
AddressMiners welfare hall
Brecon road
Ytsragyaliais
Swansea SA9 1JJ

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ബിജൂ മാത്യു (07979543581), സെക്രട്ടറി ലിസ്സി റെജി (07490491071), ട്രെഷറര്‍ ജേക്കബ് ജോണ്‍ (07723089302), വൈസ് പ്രസിഡന്റ് ജിജി ജോര്‍ജ് (07737794847), ജോയിന്‍റ് സെക്രട്ടറി ജിനോ ഫിലിപ്പ് (07868587850), ജോയിന്‍റ്  ട്രഷറര്‍ ഷാജി ജോസഫ് (07886911267) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ജോണ്‍സണ്‍ മാത്യൂസ്

ആഷ്ഫോര്‍ഡ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13-ാമത് ഓണാഘോഷം (ആവണി 2017) ഈ മാസം 16-ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്ഫോര്‍ഡ് നോര്‍റ്റണ്‍ നാച്ച്ബുള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ (മാവേലി നഗര്‍) വച്ച് സമുചിതമായി ആഘോഷിക്കുന്നു.

രാവിലെ 9.30ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു ആരംഭിക്കുന്ന ഘോഷയാത്രയോടെ ആവണി 2017ന് തുടക്കം കുറിക്കും. ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സോനു സിറിയക്ക് (പ്രസിഡന്റ്), ജോജി കോട്ടക്കല്‍ (വൈസ് പ്രസിഡന്റ്), രാജീവ് തോമസ് (സെക്രട്ടറി), ലിന്‍സി അജിത്ത് (ജോയിന്റ് സെക്രട്ടറി), മനോജ് ജോണ്‍സണ്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും. മാവേലി, വിവിധ പ്രഛന്നവേഷധാരികള്‍, ബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, കോല്‍ക്കളി, കലാരൂപങ്ങള്‍, എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.

തുടര്‍ന്ന് ആഷ്ഫോര്‍ഡിലെ 100 കണക്കിനു വനിതകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര, ബാലന്മാരുടെ കോല്‍ക്കളി, നാടന്‍പാട്ടുകള്‍, കുട്ടികള്‍ മുതല്‍ നാട്ടില്‍നിന്നു എത്തിച്ചേര്‍ന്ന മാതാപിതാക്കളെയും ഉള്‍പ്പെടുത്തി മൂന്ന് തലമുറയെ ഒരേവേദിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ളാഷ് മോബ് എന്നിവയ്ക്ക് ശേഷം വാശിയേറിയ വടംവലി മത്സരവും വിഭവ സമൃദ്ധമായ ഓണസദ്യും ഉണ്ടാവും.

ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സുപ്രസിദ്ധ സാഹിത്യകാരിയും ലണ്ടന്‍ ന്യൂഹാം മുന്‍ മേയറുമായ ഡോ. ഓമന ഗംഗാധരന്‍ മുഖ്യാതിഥിയായിരിക്കും. ശേഷം 3.30ന് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ മുന്‍ സെക്രട്ടറി സജികുമാര്‍ ഗോപാലന്‍ രചിച്ച് ബിജു കൊച്ചുതള്ളിയില്‍ സംഗീതം നല്‍കിയ അവതരണഗാനം, അമ്പതോളം കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോടെ ആവണി 2017ന് തിരശ്ശീല ഉയരുന്നു.

പൂതപ്പാട്ട്, ക്ലാസിക്കല്‍ ഡാന്‍സ്, സ്‌കിറ്റുകള്‍ എന്നിവ കോര്‍ത്തിണക്കി വ്യത്യസ്തമാര്‍ന്ന കലാപരിപാടികളാല്‍ ആവണി 2017 കലാ ആസ്വാദകര്‍ക്ക് സമ്പന്നമായ ഓര്‍മ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസ് അറിയിച്ചു.

അംഗങ്ങളുടെ സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ അത്തപ്പൂക്കള മത്സരം സെപ്തംബര്‍ 15-ാം തീയതി മാവേലി നഗറില്‍ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ഉണ്ടായിരിക്കുന്നതാണ്.

കലാസ്നേഹികളായ മുഴുവന്‍ ആളുകളേയും സെപ്തംബര്‍ 16-ാം തീയതി മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും, എക്സി. കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

മലയാളം യുകെ ന്യൂസ് ടീം

ഭീകരരുടെ പിടിയിൽ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിൽ റോമിൽ പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചു. ആരോഗ്യം വീണ്ടെടുത്തു തുടങ്ങിയ ടോമച്ചൻ ഉന്മേഷവാനായി പരിശുദ്ധ പിതാവിന്റെ സന്നിധിയിൽ എത്തി. പോപ്പ് ഫ്രാൻസിസ് അച്ചന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ടോമച്ചൻറെ മോചനത്തിന് നേതൃത്വം നല്കിയ ഒമാൻ സുൽത്താന് വത്തിക്കാൻ ഔദ്യോഗികമായി നന്ദി അറിയിച്ചു. സലേഷ്യൻ സഭയും വിശ്വാസി സമൂഹവും അച്ചന്റെ മോചനത്തിൽ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ  ടോമച്ചൻ തന്റെ ജന്മനാടായ പാലായിൽ എത്തി ചേരുമെന്ന് കരുതുന്നു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഫാദറിനെ തൂക്കിലേറ്റി എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

ഈ വർഷം മേയിൽ തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെട്ട ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും വീഡിയോയിലില്‍ പറഞ്ഞിരുന്നു. നാലുവര്‍ഷമായി യെമനില്‍ പ്രവര്‍ത്തിക്കുന്ന ഫാ. ടോമിനെ ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മാതാവിന്റെ മരണത്തെ തുടര്‍ന്ന് 2014 സെപ്റ്റംബറിലാണ് ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്.

സ്റ്റോക്ക് ഓൺ ട്രെന്റ്:  ഇംഗ്ലണ്ടിലെ പ്രബല മലയാളി സംഘടനയായ കെസിഎയുടെ ഓണാഘോഷം സെപ്റ്റംബര്‍ 17 ന്യുകാസ്റ്റില്‍ സയന്‍സ് കോളേജില്‍ നടക്കും. മലയാളികളുടെ കുടിയേറ്റ ഗ്രാമമായ സ്റ്റോക്ക് ഓണ്‍ ട്രെന്റിനെ ആഘോഷത്തിമിര്‍പ്പിലാക്കിക്കൊണ്ട് കെസിഎ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ആനന്ദ് ടിവി ആന്‍ഡ് ഏഷ്യാനെറ്റ് യൂറോപ്പ് ചെയര്‍മാന്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. രാവിലെ 10ന് ഓണാഘോഷ മത്സരങ്ങള്‍. 12 മുതല്‍ രണ്ടു വരെ ഓണസദ്യ. രണ്ടര മുതല്‍ സാംസ്‌കാരിക സമ്മേളനത്തോടു കൂടെ സ്‌കൂള്‍ ഓഫ് കെസിഎയുടെ സജീവ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന കലാമാമാങ്കം ഉണ്ടായിരിക്കും.


ഈ ഓണാഘോഷ പരിപാടിയിലേക്ക് സഹൃദയരായ എല്ലാ മലയാളി സുഹൃത്തുക്കളേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.
കെസിഎ എക്‌സിക്യൂട്ടിവ്

Newcastle Accademy

Ostend place
Newcastle
ST5 2QY

കൂടുതല്‍ വിവരങ്ങള്‍ക്ക് :

സോബിച്ചന്‍ (പ്രസിഡന്റ്) : 079 3466 7075
ബിന്ദു (സെക്രട്ടറി) : 077 9106 8175

മലയാളം യുകെ ന്യൂസ് ടീം.

ശക്തമായി വീശിയ ഐലീൻ കൊടുങ്കാറ്റിൽ യുകെയിലെങ്ങും ജനജീവിതം സ്തംഭിച്ചു. ഈ സീസണിലെ ആദ്യ കൊടുങ്കാറ്റ് ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി വിതരണത്തെ ബാധിച്ചു. ട്രെയിൻ ഗതാഗതത്തെയും കാറ്റ് തടസപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. വെയിൽസിൽ 60,000 വീടുകളിൽ വൈദ്യുതി തടസപ്പെട്ടു. നോട്ടിംങ്ങാമിലും ലിങ്കൺ ഷയറിലും ആയിരത്തിലേറെ വീടുകൾ ഇരുട്ടിലായി. മോട്ടോർവേകളിലും മറ്റു റോഡുകളിലും നീണ്ട ക്യൂ രൂപപ്പെട്ടു. മണിക്കൂറിൽ 74 മൈൽ സ്പീഡിലാണ് കാറ്റ് പല സ്ഥലങ്ങളിലും വീശിയത്.

നാഷണൽ റെയിൽ സർവീസുകൾ പലതും റദ്ദാക്കി. നിരവധി ട്രെയിനുകൾ താമസിച്ചാണ് ഓടുന്നത്. വൻ മരങ്ങൾ കടപുഴകി വീണതു മൂലം റോഡുകളിൽ ഗതാഗത സ്തംഭനവും ഉണ്ടായിട്ടുണ്ട്. വീടുകളുടെ മേൽക്കൂരകൾക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വീടുകളിലേയ്ക്കുള്ള വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ എഞ്ചിനീയർമാർ അക്ഷീണ പരിശ്രമത്തിലാണ്. ഡ്രൈവർമാർക്ക് ഹൈവേ ഏജൻസിയും മെറ്റ് ഓഫീസും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ടോം ജോസ് തടിയംപാട്

കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (KMWA)ന്റെ ഓണാഘോഷ പരിപാടികളില്‍ കാണികള്‍ കളംനിറഞ്ഞാടി. കുട്ടികളും വലിയവരും അവതരിപ്പിച്ച കലാപരിപാടികള്‍ KMWA സംഘടനശേഷിയും നേതൃപാടവവും വിളിച്ചറിയിക്കുന്നതായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 11 മണിക്ക് കെറ്ററിംഗിലെ KGH സോഷ്യല്‍ ക്ലബില്‍ തുടക്കം കുറിച്ച ഓണാഘോഷ പരിപാടികള്‍ വൈകുന്നരം വരെ തുടര്‍ന്നു.

യുക്മ ദേശീയ പ്രസിഡണ്ട് മാമന്‍ ഫിലിപ്പ്, കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം നിലവിളക്കില്‍ തിരി തെളിച്ചതോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി. രുചികരമായ ഓണസദ്യ എല്ലാവരും നന്നായിആസ്വദിച്ചു. KMWA പ്രസിഡന്റ് സോബിന്‍ ജോണ്‍, സെക്രട്ടറി ജോര്‍ജ് ജോണ്‍, ട്രഷര്‍ ഷിന്‍സന്‍ ലൂക്കോസ്, ജോയ മര്‍ഫി, ആഷ ഷിന്‍സന്‍, P RO മര്‍ഫി ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

പരിപാടികള്‍ നല്ലനിലയില്‍ വിജയിപ്പിച്ചതിനു കെറ്ററിംഗിലെ മുഴുവന്‍ മലയാളികളേടും പ്രസിഡന്റ് സോബിന്‍ ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. കെറ്ററിംഗിലെ മുഴുവന്‍ മലയാളികളും KMWA ക്ക് ഒപ്പമാണന്ന് അടിവരയിട്ടു തെളിയിക്കുന്നതായിരുന്നു ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍.

സ്വന്തം ലേഖകന്‍

നോട്ടിംഗ്ഹാം: ഓഗസ്റ്റ് 26-ാം തീയതി യുകെയിലെ എം 1-ല്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ ബെന്നിചേട്ടന്റെ ( സിറിയക് ജോസഫ്‌ ) മൃതസംസ്‌കാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ ഇന്നു നടന്നു. യുകെയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അനേകം യുകെ മലയാളികള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ചേര്‍പ്പുങ്കല്‍ പള്ളിയില്‍ എത്തിയിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ആണ് കണ്ണീരോടെ സംസ്കാര ശുശ്രൂഷയില്‍ പങ്കെടുത്തത്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിആര്‍യും നോട്ടിംഗ്ഹാം ഇടവക വികാരിയുമായ  ഫാ. ബിജു കുന്നയ്‌ക്കാട്ട് അന്ത്യശുശ്രുഷയിൽ പങ്കെടുത്തു നടത്തിയ പ്രസംഗം കുടുബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ആശ്വാസം നല്‍കുവാനായി. ദൈവവചനങ്ങൾ കൊണ്ട് നിറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശബ്ദവും ദുഃഖഭാരത്താൽ ഇടറിയിരുന്നു. ‘ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട മകനായിരുന്നതുകൊണ്ടാണ് ദൈവസന്നിധിയിലേക്ക് ബെന്നിയെ ദൈവം കൂട്ടിക്കൊണ്ടുപോയത് ‘ എന്ന് പറഞ്ഞു അദ്ദേഹം എല്ലാവരെയും ആശ്വസിപ്പിച്ചു.

യുകെയില്‍ കഴിഞ്ഞ വെള്ളിയാഴ്ച, (8-ാം തീയതി) നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും ഉള്‍പ്പെടെ ബെന്നി ചേട്ടന്‍റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് മലയാളികള്‍ ഇവിടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പോലീസ് – ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി വളരെ വേഗത്തില്‍ തന്നെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്സിന് കൈമാറിയിരുന്നു. യു കെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്.

ഞായറാഴ്ചയാണ് യുകെയിലെ  അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനു ശേഷം എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയത്.

ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ഞായറാഴ്ച നാട്ടിലെത്തിയിരുന്നു. മറുനാട്ടിലും തന്‍റേതായ വ്യക്തിത്വം മറ്റുള്ളവര്‍ക്ക് മാതൃകയായി ജീവിതത്തിലൂടെ പ്രകടമാക്കിയ ബെന്നി നോട്ടിംഗ്ഹാം മലയാളി സമൂഹത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു. ഒരിക്കലും നികത്താനാവാത്ത വിടവ് ഇവര്‍ക്ക് നല്‍കിക്കൊണ്ട് കടന്നു പോയ ബെന്നിയുടെ ആകസ്മിക മരണം ഇവിടുത്തെ ഓരോ മലയാളിക്കും താങ്ങാനാവാത്ത ആഘാതമാണ് ഉണ്ടാക്കിയത്.

എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും വിമുക്തരായിട്ടില്ല. കഴിഞ്ഞ 26-ാം തീയതി നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേയ്ക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും.

നോട്ടിംഗ്ഹാം മലയാളികളെ പ്രതിനിധീകരിച്ച് ഇടവക വികാരി ഫാ. ബിജു കുന്നക്കാട്ടിലും അഡ്വ. ജോബി പുതുക്കുളങ്ങരയും, സോയിമോനും കുടുംബവും ബെന്നിയുടെ കുടുംബത്തോടൊപ്പം സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാട്ടില്‍ എത്തിയിരുന്നു. യുകെയിലെ സ്പോര്‍ട്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് അക്കാദമിക്ക് വേണ്ടി പ്രശസ്ത സിനിമാ താരം ചാലി പാല മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. നിര്‍മ്മാതാക്കളായ ഷൈജു, രാജേഷ്‌ തോമസ്‌, ജോസഫ്, രഞ്ജി എന്നിവരും നോട്ടിംഗ്ഹാമിലെ വിവിധ കലാ സാംസ്കാരിക സംഘടനകളായ എന്‍.എം.സി.എ, മുദ്ര എന്നിവയ്ക്ക് വേണ്ടിയും മൃതദേഹത്തില്‍ റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു.

RECENT POSTS
Copyright © . All rights reserved