ജെഗി ജോസഫ്
ആര്‍പ്പുവിളികളോടെ മാവേലിയെ വരവേല്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് എന്നും അഭിമാനവും ആവേശവുമാണ്. അത് കേരളത്തില്‍ അല്ലെങ്കില്‍ പോലും. നാടിനെ വിട്ടു ജീവിയ്ക്കേണ്ടി വന്നാലും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ജാതിമത വ്യത്യാസമില്ലാതെയുള്ള ഓണാഘോഷം. കേരളത്തിന്റെ തനതു വേഷത്തിലെത്തി ആഘോഷത്തിന്റെ പൂര്‍ണ്ണതയില്‍ ഏവരും ഓണം കൊണ്ടാടും. ഓണസദ്യയും ഓണക്കളികളും ഓണപ്പാട്ടും തിരുവാതിരയും ഒക്കെയായി മറക്കാനാകാത്ത മറ്റൊരു ഓണാഘോഷമാണ് ബ്രിസ്‌ക ഇക്കുറിയും ഒരുക്കിയത്.
ഒരുമയുടെ ഉത്സവമാണ് ഓണം. സദ്യഒരുക്കാനും മറ്റ് ആഘോഷ പരിപാടികള്‍ക്കും ആ ഒത്തൊരുമ തന്നെയാണ് ബ്രിസ്‌ക അസോസിയേഷനിലെ ഓരോ അംഗ അസോസിയേഷനുകളെയും വേറിട്ട് നിര്‍ത്തുന്നതും. മാതൃകയാക്കാവുന്ന രീതിയില്‍ ഒരുക്കിയ സദ്യവട്ടങ്ങള്‍ തന്നെ ശ്രദ്ധേയം. 12 മണിയോടെ ഓണ സദ്യ ആരംഭിച്ചു. ഏകദേശം 900 പേര്‍ക്ക് അംഗങ്ങള്‍ തന്നെ സ്വന്തമായി ഓണ സദ്യയൊരുക്കി. അതും 24 കൂട്ടം വിഭവങ്ങളുമായി. ഓണസദ്യയ്ക്കിടയില്‍ ബ്രിസ്റ്റോളിലെ ഗായകര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. ഓണാഘോഷത്തിന്റെ തുടക്കമായി ഗംഭീര ഓണസദ്യ മാറി. വിവിധ അംഗ അസോസിയേഷനുകളില്‍ പാകം ചെയ്ത് മുഴുവന്‍ ആള്‍ക്കാര്‍ക്ക് ഉള്ള ഭക്ഷണം എത്തിക്കുക എന്നത് തന്നെയാണ് ഈ കൂട്ടായ്മയ്ക്ക് കിട്ടേണ്ട ഏറ്റവും വലിയ അനുമോദനം.
900 ത്തിലധികം പേര്‍ക്ക് സ്വയം പാചകം ചെയ്ത് സദ്യ ഒരുക്കുന്ന യുകെയിലെ ഏക അസോസിയേഷനാണ് ബ്രിസ്‌ക. സ്നേഹത്തിന്റേയും സഹകരണത്തിന്റേയും പൂര്‍ണ്ണതയാണ് ഓണാഘോഷമെന്ന് ഇക്കുറിയും തെളിയിച്ചു അംഗങ്ങളെല്ലാം. ഓണാഘോഷത്തിനെത്തിയവര്‍ക്കെല്ലാം ചെറിയൊരു നിരാശയായിരുന്നു ബിബിസിയില്‍ നിന്നുള്ള കാലാവസ്ഥാ അറിയിപ്പ്. മഴദിവസമെന്ന് മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഓണക്കളികളുടെ നിറം മങ്ങുമോ എന്ന ആശങ്ക ഏവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ കാലാവസ്ഥ പോലും അനുകൂലമായി. മഴ മാറിനിന്നു ഈ ആഘോഷങ്ങള്‍ക്ക് മുന്നില്‍.
ആവേശത്തിന്റെ പാരമ്യതയില്‍ എത്തുന്ന ഓണക്കളി മത്സരമാണ് വടംവലി. ഒരു പ്രൊഫഷണല്‍ ടച്ചോടെ ഏവരും തങ്ങളുടെ ഹരം പിടിപ്പിക്കുന്ന ആര്‍പ്പുവിളിയുമായി വടംവലി മത്സരത്തില്‍ പങ്കെടുത്തു. കടുത്ത മത്സരമാണ് ഇക്കുറിയും നടന്നത്. ഒടുവില്‍ യുബിഎംഎയുടെ ചുണക്കുട്ടന്മാര്‍ ഒന്നാം സ്ഥാനം നേടി. വനിതകളുടെ വടംവലി മത്സരത്തില്‍ ഫിഷ്പോണ്ട്സ് സ്നേഹ അയല്‍ക്കൂട്ടത്തിലെ ചുണക്കുട്ടികള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.
ചില ഓണക്കളികള്‍ എന്നും നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നവയാണ്. അവയെയും ഭാഗമാക്കി ബ്രിസ്‌ക. കല്ലുകളി,ഈര്‍ക്കിലി കളി തുടങ്ങി രസകരമായ മത്സരങ്ങള്‍ നടന്നു. വടം വലി മത്സരത്തിന് ശേഷം കലാപരിപാടികള്‍ ആരംഭിച്ചു. 40 ഓളം കുട്ടികള്‍ അണിനിരന്ന ഓപ്പണിങ് ഡാന്‍സ് ശ്രദ്ധേയമായിരുന്നു.
ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ ഫലം കാണുകയായിരുന്നു വേദിയില്‍. പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഓപ്പണിങ് ഡാന്‍സ് മാറി. മാവേലിയുടെ വരവും വളരെ വ്യത്യസ്ഥമായിരുന്നു. ഒറ്റ കുതിരയെ കെട്ടിയ തേരില്‍ എഴുന്നള്ളിയ മഹാബലിയെ ബ്രിസ്‌കയുടെ പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്ന് സ്വീകരിച്ചു. ഓണഘോഷ ഉദ്ഘാടന സമ്മേളനത്തില്‍ ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു അധ്യക്ഷനായി. ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ ബ്രാഡ്ലി സ്റ്റോക്ക് ടൗണ്‍ കൗണ്‍സിലര്‍ ടോം ആദിത്യയും മാവേലിയും ബ്രിസ്‌ക പ്രസിഡന്റും മറ്റ് ഭാരവാഹികളും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു. ജിസിഎസ്സി, എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. വടംവലി മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് പൊതു യോഗത്തില്‍ വച്ച് സമ്മാനം നല്‍കി. അര്‍ഹതപ്പെട്ടവരെ അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്തു ഈ വേദി.
ബ്രിസ്‌കയുടെ സുന്ദരികളായ മങ്കമാര്‍ അണിയിച്ചൊരുക്കിയ തിരുവാതിര കളിയോടെയാണ് കലാപരിപാടികള്‍ ആരംഭിച്ചത്. ഓപ്പണിങ്ങ് ഡാന്‍സ് മനോഹരമായി അണിയിച്ചൊരുക്കിയ മെര്‍ലിന്‍ തോമസിനെ യോഗത്തില്‍ പ്രത്യേകം അനുമോദിച്ചു. തുടര്‍ന്ന് ബ്രിസ്‌കയുടെ 17ഓളം അംഗ അസോസിയേഷനുകളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.ബ്രിസ്‌ക ആസ്‌കിന്റെയും യുബിഎംഎയുടേയും സ്നേഹയുടേയും മറ്റ് അംഗ അസോസിയേഷനുകളുടേയും കുട്ടികള്‍ മത്സരിച്ച് മനോഹരമായി പരിപാടികള്‍ അവതരിപ്പിച്ചു. ചെറിയ കുട്ടികളുടേയും മുതിര്‍ന്നവരുടേയും പരിപാടികള്‍ ഗംഭീരമായി. അടുത്ത ഓണം വരെ ബ്രിസ്റ്റോള്‍ മലയാളികള്‍ക്ക് മനസില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കൊണ്ടാണ് ഓണാഘോഷത്തിന് വിരാമമായത്.
ബ്രിസ്‌കയ്ക്ക് വേണ്ടി അതിമനോഹരമായ പൂക്കളം ഒരുക്കിയ സുദര്‍ശനന്‍ നായരും കുടുംബവും എല്ലാവര്‍ഷത്തേയും പോലെ ഈ വര്‍ഷകവും മികവു കാട്ടി. ഹൃദ്യമായ പൂക്കളം തന്നെയാണ് കുടുംബം ഒരുക്കിയത്. അസോസിയേഷന്‍ അംഗങ്ങള്‍ക്കെല്ലാം ഭക്ഷണം ഒരുക്കിയ അംഗ അസോസിയേഷനുകള്‍ക്ക് ജോയ്ന്റ് സെക്രട്ടറി ശ്രീനിവാസന്‍ നന്ദി രേഖപ്പെടുത്തി. മുഴുവന്‍ ബ്രിസ്‌ക അംഗ അസോസിയേഷനുകളുടേയും ചിട്ടയായ മുന്നൊരുക്കവും അര്‍പ്പണ മനോഭാവവുമാണ് പരിപാടി ഇത്രയും മികവുറ്റതാക്കാന്‍ കാരണം.
ഭക്ഷണം ഒരുക്കിയ അംഗങ്ങള്‍, പൂക്കളമൊരുക്കിയ സുദര്‍ശനന്‍ നായര്‍ക്കും വൈകീട്ടത്തെ കാന്റീനൊരുക്കിയ മന്ന കാറ്ററിംഗ് സര്‍വീസസിനും ബ്രിസ്‌കയുടെ ഓണാഘോഷ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്ത ഗര്‍ഷോം ടിവിയ്ക്കും പ്രത്യേകം പ്രത്യേകമായി ജോയിന്റ് സെക്രട്ടറി നന്ദി അറിയിച്ചു. ഒരുപിടി ഓര്‍മ്മകള്‍ സമ്മാനിച്ച് അടുത്ത വര്‍ഷം ഇതിലും നല്ലൊരു ഓണാഘോഷം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ഏവരും വീട്ടിലേക്ക് മടങ്ങി.
ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളീ അസോസിയേഷന്റെ 13-ാമത് ഓണാഘോഷം (ആവണി 2017) സെപ്തംബര്‍ 16 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സമുചിതമായി ആഘോഷിക്കുന്ന വിളംബരം ചെയ്തുകൊണ്ടുള്ള വീഡിയോ പുറത്തിറക്കി.
സര്‍വ്വകലകള്‍ക്കും അധിപനായ ജഗദീശ്വരനെ സ്മരിച്ചുകൊണ്ട് കഴിഞ്ഞ കുറെ മാസങ്ങളായി ആവണി 2017 ന്റെ വിജയത്തിനായി ആഷ്‌ഫോര്‍ഡിലെ മലയാളി ഭവനങ്ങള്‍ പരിശീലനത്തിന്റെ തിരക്കിലാണ്.
എവിടെയും കനക വിപഞ്ചികളുടെ നാദങ്ങള്‍, ചിലങ്കകളുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവും അനുഭൂതിയുടെ അണിയറയില്‍ നിന്ന് സെപ്തംബര്‍ 16 ശനിയാഴ്ച അരങ്ങിലെത്തുന്നു. മനസിനും കണ്ണിനും കരളിനും കുളിരേകുന്ന ദൃശ്യ ശ്രവണ വിഭവങ്ങളുമായി ആഷ്‌ഫോര്‍ഡ് അണിഞ്ഞൊരുങ്ങുന്നു.
ഈ മഹാദിനത്തിലേക്ക് കലാസ്‌നേഹികളെ Norton Knatchbull School ലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികള്‍ അറിയിച്ചു.
യുകെയിലെ മലയാളി സമൂഹം ഓണക്കളികളും വിഭവസമൃദ്ധമായ സദ്യയും മറ്റുമായി ഓണം കൊണ്ടാടിയപ്പോള്‍ അവരില്‍ നിന്നു വേറിട്ട് ഇടുക്കി ജില്ലാസംഗമത്തിന്റെ ഓണാഘോഷം. ഓണം പ്രമാണിച്ച് ഇടുക്കി ജില്ലാസംഗമം ഈ വര്‍ഷം ഇടുക്കി ജില്ലയിലുള്ള അനാഥാലയങ്ങള്‍യായ രാജാക്കാട് ഉള്ള കരുണാ ഭവനും, കുമളിയില്‍ ഉള്ള ആകാശപ്പറവകള്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്‍കുകയാണ് ചെയ്തത്.
ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ പീറ്റര്‍ താണോലി, ജോയിന്റ് കണ്‍വീനര്‍ സാന്റോ ജേക്കബിന്റെ പിതാവ് ജേക്കബ് കീഴേത്തുകുന്നേല്‍, ഷിന്റോ താണോലി തുടങ്ങിയവര്‍ ചേര്‍ന്ന് രാജാക്കാടുള്ള കരുണാ ഭവന് ഇടുക്കി ജില്ലാ സംഗമത്തിന്റെ തുക കൈമാറി. ഇടുക്കി ജില്ലാസംഗമം അംഗങ്ങള്‍ അനാഥരും, അംഗ വൈകല്യം വന്നവരും, ബുദ്ധി വളര്‍ച്ച ഇല്ലാത്തവരുമായ ഒരു കൂട്ടം വ്യക്തികള്‍ക്ക് ഓണം നാളില്‍ ഒരു ദിനത്തെ അന്നത്തിനുള്ള തുക നല്‍കിയാണ് തങ്ങളുടെ സ്‌നേഹം പ്രകടമാക്കിയത്.
ഇടുക്കിജില്ലാ സംഗമത്തിന്റെ മുന്‍ വര്‍ഷങ്ങളിലെ വിജയവും അംഗങ്ങളുടെ നല്ല സഹകരണവും വ്യക്തി ബന്ധങ്ങളും, കൂട്ടായ്മയും ആണ് ഈ സ്ഥാപനങ്ങള്‍ക്ക് ഈ സഹായം ചെയ്യാന്‍ ഇടയാക്കിയത്. ഇടുക്കി ജില്ലയിലെ രാജാക്കാട് ടൗണിന് സമീപം കളളിമാലി എന്ന കൊച്ചു ഗ്രാമത്തില്‍ വൈദ്യുത ബോര്‍ഡില്‍ ജീവനക്കാരിയായിരുന്ന വാന്തുപറമ്പില്‍ ട്രീസ തങ്കച്ചന്‍ 1993ല്‍ ആണ് കരുണാ ഭവന് രൂപം കൊടുത്തത്. സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച് വഴിവക്കില്‍ ഉപേക്ഷിക്കപ്പടുന്ന ചോരക്കുഞ്ഞുങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചു തുടങ്ങിയ ശ്രൂശ്രൂഷയിലൂടെ ഇതിനോട് അകം നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് താങ്ങും തണലും ആയി കഴിഞ്ഞു. പലരേയും വിവാഹാന്തസിലേക്ക് പ്രവേശിപ്പിക്കാനും ഇടയാക്കി.
75 ഓളം അംഗങ്ങള്‍ ഉള്ള കരുണാഭവനില്‍ ബുദ്ധിമാന്ദ്യമുള്ളവരും, രോഗികളും, അനാഥരും ആയിട്ടുള്ളവരാണ് ഉള്ളത്. നിര്‍ധനരായ നിരവധി രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ ആവശ്യമുണ്ട്.
കരുണാ ഭവന്റെ അഡ്രസും, ബാങ്ക് ഡീറ്റെയില്‍സും ഇതോട് ഒപ്പം ചേര്‍ക്കുന്നു. ഇവരെ സഹായിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Karuna Bhavan
Rajaakkadu.
Account No :
10561832367
IFSC code:
SBINO08689
SBI VELLATHOOVAL.
PH NO. 04868242555
പി.സി.ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പൊലീസിന് മൊഴി നല്‍കി. കേസുമായി ബന്ധപ്പെട്ട് ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ തന്നെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതാണെന്നാണ് മൊഴി. പിസി ജോർജിന്‍റെ പ്രസ്താവന തനിക്ക് അപമാനമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി കൈമാറിയ പരാതിയിൽ ആലുവ റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. പിസി ജോർജ് തനിക്കെതിരെ പരാമർശം നടത്തിയ ശേഷം സിനിമാരംഗത്തുനിന്നും അല്ലാതെയുമള്ള സുഹൃത്തുക്കൾ തന്നെ വിളിച്ചെന്നും ഇത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൊഴിയിൽ പറയുന്നുണ്ട്.
ഇത് അനുഗ്രഹീതമായ നിമിഷങ്ങള്‍. മാനവരാശിക്ക് പുതുയുഗപ്പിറവി സമ്മാനിച്ച ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് കൊടിയേറുമ്പോള്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങിന് മാറ്റേകും. സേവനം യുകെ ചതയമഹോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഡോ. എ. സമ്പത്ത് എംപിക്ക് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ വര്‍ണ്ണോജ്ജ്വലമായ സ്വീകരണം നല്‍കി.സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍,അനില്‍ സി ആര്‍ ,ദിലീപ് വാസുദേവന്‍ , വിശാല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഡോ. സമ്പത്തിനെ സ്വീകരിച്ചത്. ക്രോയ്ഡണ്‍ കൗണ്‍സിലറും, ഹെല്‍ത്ത് & വെല്‍ബീയിംഗ് ബോര്‍ഡ് ചെയര്‍ പദവിയും വഹിക്കുന്ന മഞ്ജു ഷാഹുല്‍ ഹമീദ് ചടങ്ങില്‍ മുഖ്യാതിഥിയാകും. ഉദ്ഘാടകനായ ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡ് മെമ്പറും, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ നാളെ യുകെയിലെത്തും.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം ലോകത്തിന് പകര്‍ന്നുനല്‍കിയ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം മഹത്തായ രീതിയില്‍ കൊണ്ടാടാനാണ് സേവനം യുകെ ഒരുങ്ങുന്നത്. ഞായറാഴ്ച വൂസ്റ്ററില്‍ മാനവരാശിയുടെ ആഘോഷത്തിന് കൊടികയറുമ്പോള്‍ പവിത്രമായ സന്ദേശം കൂടുതല്‍ മനസ്സുകളിലേക്ക് എത്തുകയാണ്. സഹജീവികളുടെ ജീവിതം മെച്ചപ്പെടുത്താനും, അന്ധവിശ്വാസങ്ങളുടെയും, വൈദേശിക ആചാരങ്ങളുടെയും തടവില്‍ നിന്നും അവരെ മോചിപ്പിക്കാനും ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വെളിച്ചമാണ് കടലും, കരയും കടന്ന് യുകെയിലെത്തുന്നത്. ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജന്മദിനാഘോഷങ്ങളില്‍ ജന്മദേശം മുഴുകുമ്പോള്‍ പ്രൗഢഗംഭീരമായ ആഘോഷം നടത്താനുള്ള ഒരുക്കത്തിലാണ് സേവനപ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ‘സേവനം യുകെ’.
സേവനം യുകെയുടെ ചതയ മഹോത്സവത്തിനും, ശിവഗിരി ഗുരുദേവ മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠ കനകജൂബിലിയും ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡ് മെമ്പറും, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. മഞ്ജു ഷാഹുല്‍ ഹമീദ് ചടങ്ങില്‍ മുഖ്യാതിഥിയാകും. ആറ്റിങ്ങല്‍ എംപി ഡോ. എ. സമ്പത്ത് അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. രാവിലെ 9.30ന് പതാക ഉയര്‍ത്തി സമാരംഭം കുറിയ്ക്കുന്ന ആഘോഷപരിപാടികളില്‍ ഗുരുപ്രസാദ് സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ ഗുരുപൂജയും, പ്രാര്‍ത്ഥനയും നടക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ ചതയ സദ്യയും, 1.30ന് വര്‍ണ്ണോജ്വലമായ ഘോഷയാത്രയും നടക്കും. 2 മണിക്ക് സമ്മേളനം ആരംഭിക്കും. ഇതിന് ശേഷം കലാപരിപാടികളോടെയാണ് ചടങ്ങ് സമാപിക്കുക.
വൂസ്റ്ററിലെ കട്ട്നാള്‍ ഗ്രീന്‍ & ഡിസ്ട്രിക്ട് മെമ്മോറിയല്‍ ഹാളിലാണ് സെപ്റ്റംബര്‍ 10-ന് രാവിലെ 9 മണിക്ക് ചതയ മഹോത്സവത്തിന് തുടക്കമാകുക. ശിവഗിരി ഗുരുദേവ മഹാസമാധി പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷങ്ങള്‍ക്കും ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിന് ശേഷം വൈവിധ്യമാര്‍ന്ന പരിപാടികളും അരങ്ങേറും. ഗുരുദേവ ദര്‍ശനങ്ങള്‍ ലോകത്തിന്റെ മുന്നോട്ടുള്ള യാത്രയിലും, ഓരോ കുടുംബങ്ങളുടെ ഒത്തൊരുമയ്ക്കും, സന്തോഷത്തിനും എത്രത്തോളം പ്രാധാന്യമാര്‍ന്നതാണെന്നും സേവനം യുകെ ചതയമഹോത്സവം വിളംബരം ചെയ്യും. അതത് കാലത്തിന് അനുയോജ്യമായ മഹത്തായ സംസ്‌കാരം തന്നെയാണ് ഗുരുദേവന്‍ മാനവരാശിക്ക് പ്രദാനം ചെയ്തത്. ഈ സംസ്‌കാരത്തെ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെ ആധുനിക ലോകത്തും സമാദാനം കളിയാടും.
ജാതിമത ചിന്തകള്‍ക്ക് അതീതമായ ചിന്താധാരയിലൂടെ സഞ്ചരിക്കാനും, അതുവഴി മനുഷ്യരാശിക്ക് ഗുണകരമായ സേവനങ്ങള്‍ നല്‍കുകയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സേവനം യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനമുയര്‍ത്തുകയാണ്. ഗുരുദേവന്റെ 163-ാം ജന്മദിനത്തില്‍ സേവനം യുകെ മുന്നോട്ട് വെയ്ക്കുന്ന ആശയവും ഒരുമയുടെയും, സാഹോദര്യത്തിന്റെയുമാണ്. ഒരുമയുടെ ഈ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍, സ്വാഗത സംഘം കണ്‍വീനര്‍ അനില്‍ ശശിധരന്‍ എന്നിവര്‍ അറിയിച്ചു. ചതയമഹോത്സവത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളും, ഏകോപന പരിപാടികളും ഒരുക്കുകയാണ് സേവനം യുകെ അംഗങ്ങള്‍. യു.കെ യിലെ പ്രമുഖ മലയാളം ചാനലായ ഗര്‍ഷോം ടി വി പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
Date: 2017 September 10
Time: 9 am to 6 pm
Venue: Cutnall Green and Ditsrict Memorial Hall, Addis Lane, Droitwich, Worcestershire, WR90NE
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബൈജു പാലക്കല്‍ : 07709310963
അനില്‍ ശശിധരന്‍ : 07897764940
ദിനേശ് വെള്ളാപ്പിള്ളി : 07828659608
ഒരു മഹത്തായ മാറ്റത്തിനു തുടക്കം കുറിച്ച് കൊണ്ട് കെറ്ററിംഗിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികളെ ഒരുമിച്ച്ചേര്‍ത്തു രൂപം കൊണ്ട മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിംഗ് MAKഉദ്ഘാടനവും ഓണാഘോഷവും ഈ വരുന്ന സെപ്തംബര്‍ 16നു രാവിലെ 10:30നു കെറ്ററിംഗ് ജനറല്‍ ഹോസ്പിറ്റല്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. എണ്‍പതുകളിലെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിനെ കീഴടക്കിയ സിനിമാതാരം ശങ്കര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
തുടര്‍ന്ന് നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ കെറ്ററിംഗ് മേയര്‍, കൗണ്‍സിലര്‍ സ്‌കോട്ട് എഡേര്‍ഡ്, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സെക്രട്ടറി സൈമി ജോര്‍ജ് ( KCWA പ്രസിഡന്റ്) എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. GCSE പരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രണവ് സുധീഷിനുള്ള അനുമോദനവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഒപ്പം ഫാഷന്‍ SHOW (Ramp Walking ) മോഹിനിയാട്ടം, വള്ളംകളി തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
വിഭവ സമൃദ്ധമായ ഓണസദ്യയും സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. അന്നേദിവസം ചുമതലയേല്‍ക്കുന്ന MAK ന്റെ സാരഥികളെ പരിചയപ്പെടുത്തുന്നു. എല്ലാവരെയും ഈയൊരു സുദിനത്തിലേക്കു ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.
തോമസ് ഫ്രാന്‍സിസ്
ലിവര്‍പൂള്‍: ആദരണീയനായ ജോണ്‍ മാഷിന്റെ അനുസ്മരണാര്‍ത്ഥം നടത്തപ്പെടുന്ന വടംവലി മത്സരത്തില്‍ യു.കെയുടെ വിവിധയിടങ്ങളിലുള്ള ശക്തരായ 14 ടീമുകളാണ് തങ്ങളുടെ മെയ്ക്കരുത്തുമായി മത്സര ഗോദയിലെത്തുന്നത്. രജിസ്ട്രേഷനുള്ള അവസാന ദിവസമായിരുന്ന ആഗസ്റ്റ് 15ന് ബുധനാഴ്ച കടുത്ത മത്സരത്തിനുള്ള 14 ടീമുകളുടെ ഫൈനല്‍ ലിസ്റ്റ് തയ്യാറാക്കികഴിഞ്ഞു. ഇനി ലിവര്‍പൂളിന്റെ മണ്ണില്‍ തീപാറിക്കുന്ന ഈ കായികശക്തികളെ കാണാനുള്ള ആവേശത്തിലാണ് വടംവലി മത്സരമത്സര പ്രേമികള്‍.
വൂസ്റ്റര്‍ തെമ്മാടീസ്, കെന്റ് ടേണ്‍ ബ്രിഡ്ജ്, ഹെരിഫോര്‍ഡ് അച്ചായന്‍സ്, സ്വിന്‍ഡന്‍ WMA, ലെസ്റ്റര്‍ ഫോക്സസ്, ബര്‍മിംഗ്ഹാം, BCMC, ബേസിംഗ് സ്റ്റോക് MCA, കോവന്ററി CKC, ഹേയ്വാര്‍ഡ്സ്ഹീത് ടീം, ബ്രിസ്റ്റോള്‍ മാസ് ടോന്റണ്‍, നനീറ്റന്‍ കേരളാ ക്ലബ്, വാറിംഗ്റ്റണ്‍ വൂള്‍വ്സ്, വിഗന്‍ ടീം, എന്നിവര്‍ക്കൊപ്പം ആതിഥേയ ടീം ആയ ലിവര്‍പൂള്‍ ടൈഗേഴ്സും മത്സര ഗോദയില്‍ അണിനിരക്കുന്നു.
കേവലം ഒരു കടുത്ത മത്സരത്തിനപ്പുറം, ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട ശിക്ഷ്യഗണങ്ങളുടെ കരുത്തുറ്റ പ്രകടനങ്ങളും അതിലൂടെയുള്ള ഒരു സൗഹൃദ മത്സരവും ഈ വടംവലി മഹാമഹം മലയാളി സമൂഹത്തിന് സമ്മാനിക്കുകയാണ്. മത്സര ദിനമായ സെപ്തംബര്‍ 30ന് ശനിയാഴ്ച രാവിലെ 9 മണിക്ക് വടംവലി മാമാങ്കത്തിന് നാന്ദി കുറിച്ചുകൊണ്ടുള്ള വര്‍ണ്ണാഭമായ ഉദ്ഘാടന സമ്മേളനം നടത്തപ്പെടും. മത്സര ഗോദായിലേക്ക് കടന്നുവരുന്ന 14 ടീമുകള്‍ തങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ജേഴ്സി അണിഞ്ഞുകൊണ്ട്, വാദ്യമേള ആഘോഷങ്ങളോടുകൂടി മത്സര നഗറിലേക്ക് ഘോഷയാത്രയായി കടന്നുവരും. തുടര്‍ന്ന് ടീമുകളുടെ മാസ്സ് ഡ്രില്‍ നടത്തപ്പെടും.
ജോണ്‍ മാഷിന്റെ പ്രിയ പത്നി ശ്രീമതി സെലിന്‍ ജോണ്‍ ഭദ്രദീപം തെളിച്ചുകൊണ്ട് ഈ വലിയ കാകിക മാമാങ്കം ഉദ്ഘാടനം ചെയ്യുന്ന വേദിയില്‍ വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരിക്കും. കൃത്യം 9.30ന് തന്നെ ടീമുകളുടെ പ്രാഥമിക മത്സരം ആരംഭിക്കുന്നതാണ്. ഉച്ചകഴിഞ്ഞാണ് ജോണ്‍ മാഷ് മെമ്മോറിയല്‍ ട്രോഫിക്കായിയുള്ള വാശിയേറിയ ഫൈനല്‍ മത്സരം നടത്തപ്പെടുക.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ യുകെയുടെ മേഖലകളില്‍ മലയാളി കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്ന വടംവലി, വോളിബോള്‍ മത്സര കോര്‍ട്ടുകളില്‍ റഫറിയായി വിളങ്ങിയിരുന്ന ജോണ്‍ മാഷ് കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം പിന്നിടുകയാണ്.
തന്റെ നീതിയുക്തമായ വിധിനിര്‍ണ്ണയത്തിനായി വിസിലൂതി കളിക്കളത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി തെറ്റ് തിരുത്തി കൊടുത്തിരുന്ന ആ കായിക അദ്ധ്യാപകന്റെ ശിഷ്യഗണങ്ങള്‍ ധാരാളമുണ്ട് ഇവിടെ യുകെയില്‍. ജോണ്‍മാഷ് റഫറി മാത്രമായിരുന്നില്ല. നല്ലൊരു പരിശീലകന്‍ കൂടിയായിരുന്നു. തന്റെ മികവാര്‍ന്ന പരിശീലനത്തിലൂടെ യുകെയിലെ വിവിധ ഇടങ്ങളില്‍ ഒരു ഡസനിലധികം വടം വലി ടീമുകളെ രൂപീകരിച്ചെടുക്കുവാന്‍ ആ മഹദ്വ്യക്തിക്കു കഴിഞ്ഞിട്ടുണ്ട്. അതിലൂടെ ഇവിടെയുള്ള മലയാളി സമൂഹത്തിനിടയില്‍ വടംവലിയെന്ന കായികമത്സരത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുവാനും ജോണ്‍ മാഷിനു കഴിഞ്ഞു.
ജോണ്‍ മാഷിന്റെ രണ്ടാം ചരമവാര്‍ഷികത്തിന് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു കൊണ്ട് ലിവര്‍പൂളിലെ മലയാളി സമൂഹത്തിന്റെയും, ലിവര്‍പൂള്‍ ടൈഗേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാശിയേറിയ ഈ വടംവലി മത്സരം നടത്തപ്പെടുന്നത്. സെപ്തംബര്‍ 30ന് ശനിയാഴ്ച ലിവര്‍പൂളിലെ Broadgreen International High School sâ Outdoor courtല്‍ വെച്ചാണ് മത്സരം നടത്തപ്പെടുക. ആവേശമുണര്‍ത്തുന്ന ഈ മത്സരത്തിന്റെ വിജയപൂര്‍ണ്ണമായ നടത്തിപ്പിനായി തോമസുകുട്ടി ഫ്രാന്‍സീസ്, ഹരികുമാര്‍ ഗോപാലന്‍, ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഒരു വലിയ കമ്മിറ്റി വളരെ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.
ലിവര്‍പൂളിന്റെ പരിസര പ്രദേശങ്ങളായ St.ഹെലന്‍സ്, വിസ്റ്റണ്‍, ഫസാക്കര്‍ലി, ബിര്‍ക്കെന്‍ഹെഡ്, വിരാല്‍, വാറിംഗ്ടണ്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള പ്രത്യേക പ്രതിനിധികളുടെ ഒരു കൂട്ടായ്മയാണ് ഈ പ്രവര്‍ത്തന കമ്മിറ്റി. മത്സര വിജയികള്‍ ക്കുള്ള ഒന്നാം സമ്മാനം 1001 പൗണ്ട്, രണ്ടാം സമ്മാനം 701 പൗണ്ട്, മൂന്നാം സമ്മാനം 351 പൗണ്ട്, നാലാം സമ്മാനം 201 പൗണ്ടും ലഭിക്കുന്നതിനോടൊപ്പം ആകര്‍ഷണീയമായ ട്രോഫി കളും വിജയികളായ ടീമുകള്‍ക്ക് നല്‍കപ്പെടുന്നു.
കൂടാതെ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ജോണ്‍ മാഷിനോടുള്ള ആദരവ് സൂചകമായി പ്രത്യേക മെമന്റൊകളും അതുപോലെതന്നെ എല്ലാ ടീം അംഗങ്ങള്‍ക്കും പ്രത്യേക മെഡലുകളും സമ്മാനിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു. വാശിയേറിയ ഒരു മത്സരം കാഴ്ച വയ്ക്കുന്നതിനുമപ്പുറം, ജോണ്‍ മാഷിന്റെ ശിഷ്യഗണങ്ങളുടെ ഒരു സൗഹൃദമത്സരവുമായി അവര്‍ ഇതിനെ കാണുകയാണ്. ഒപ്പം ഈ കായിക മാമാങ്കത്തെ ജോണ്‍ മാഷിന്റെ നാമധേയത്തിലുള്ള ഒരു ചാരിറ്റി ഇവന്റാക്കിയും ഇത് മാറ്റപ്പെടുകയാണ്. മത്സര ദിനമായ അന്ന് രാവിലെ മുതല്‍ മിതമായ നിരക്കിലുള്ള ഭക്ഷണശാല തുറന്നു പ്രവര്‍ത്തിക്കുന്നതായരിക്കും. അതുപോലെ കൊച്ചു കുട്ടികള്‍ക്കായി ബൗണ്‍സി കാസില്‍, വിശാലമായ Car Parking എന്നിവയും ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ health& Safety, First aid volunteers എന്നിവരുടെ സേവനവും ലഭ്യമായിരിക്കും.
കെ.ഡി.ഷാജിമോന്‍
മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് ആവേശം പകരുന്ന പൊന്നോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍. സെപ്റ്റംബര്‍ 16ന് ലെഗ്സൈറ്റില്‍ ഉള്ള ജൈന്‍ കമ്യൂണിറ്റി സെന്ററില്‍ ആണ് മാഞ്ചസ്റ്റര്‍ ഓണം നടക്കുക. എന്നാല്‍ 15ന് തന്നെ സദ്യ ഒരുക്കല്‍ ആരംഭിക്കും. കപ്പയും കട്ടന്‍ കാപ്പിയും ആയി മലയാളി സമൂഹം സദ്യ ഒരുക്കല്‍ ആരംഭിച്ച പിറ്റേ ദിവസത്തേയ്ക്ക് സ്വന്തമായി ഓണസദ്യ പാചകം ചെയ്തുകൊടുക്കും.
16-ാം തീയതി ശനിയാഴ്ച 11 മണിയോടുകൂടി ആരംഭിക്കുന്ന പരിപാടികള്‍ വൈകിട്ട് 7 മണിയോടുകൂടി അവസാനിക്കും. മഹാബലിയുടെ കേരള സന്ദര്‍ശനം മുതലുള്ള ദൃശ്യവിഷ്‌കാരം മുതല്‍ വിവിധ പരിപാടികളാണ് മുതിര്‍ന്നവരും കുട്ടികളും യൂത്ത് വിഭാഗവും അവതരിപ്പിക്കുന്നത്. ആഘോഷങ്ങള്‍ക്ക് എം എം എ സപ്ലിമെന്ററി സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ മിഴിവേകും.
മലയാളി കുടിയേറ്റത്തിന്റെ രണ്ടാം തലമുറയെ ഏറ്റുവാങ്ങിയ മാഞ്ചസ്റ്ററിനെ പുളകമണിയിക്കുന്ന മാഞ്ചസ്റ്റര്‍ ഓണത്തെ എംഎംഎയില്‍ കൂടി വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 07886526706, 07960432577, 07793940060 എന്നീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ടോം ജോസ് തടിയംപാട്
കെറ്ററിംഗിലെ മുഴവന്‍ മലയാളികളുടെയും സംഘടനയായ കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (KMWA)ന്റെ ഓണാഘോഷ പരിപാടികള്‍ ഈ വരുന്ന ശനിയാഴ്ച 10.30ന് കെറ്ററിംഗിലെ KGH സോഷ്യല്‍ ക്ലബില്‍ വച്ച് നടക്കും. പുലികളി, ചെണ്ടമേളം, സ്‌കിറ്റുകള്‍ മുതലായ വിവധതരം കലാപരിപാടികളാണ് അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നതെന്ന് സഘടനക്ക് നേതൃത്വം കൊടുക്കുന്ന സോബിന്‍ ജോണ്‍, ജോര്‍ജ് ജോസഫ്, മര്‍ഫി ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
കൂടാതെ കുട്ടികളുടെയും വലിയവരുടെയും ഒട്ടേറെ കലപരിപാടികള്‍ അണിയറയില്‍ തയാറായിക്കൊണ്ടിരിക്കുന്നു. ഗംഭീര ഓണസദ്യയാണ് KMWA ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച്ച രാവിലെ യുക്മ ദേശീയ പ്രസിഡണ്ട് മാമന്‍ ഫിലിപ്പും കെറ്ററിംങ്ങ് മേയറും കൂടി നിലവിളക്കിനു തിരികൊളുത്തുന്നതോടുകൂടി പരിപാടികള്‍ക്ക് തുടക്കമാകും. വിപുലമായ പാര്‍ക്കിംഗ് സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. KMWA യുടെ ഈ വര്‍ഷത്തെ ഓണം ഒരു പുതിയ അനുഭവമായിരിക്കുമെന്നതില്‍ സംശമില്ല. കെറ്ററിങ്ങിലെ മുഴുവന്‍ മലയാളികളെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
ജെഗി ജോസഫ്
ബ്രിസ്‌കയുടെ ഓണാഘോഷത്തിന് ഇനി രണ്ടുനാള്‍ മാത്രം. സമാനതകളില്ലാത്ത ഒരാഘോഷമാണ് ഇക്കുറിയും ബ്രിസ്‌ക ഒരുക്കുന്നത്. ആവേശവും ആഘോഷവും നിറഞ്ഞ ഒരുപിടി നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ദിവസങ്ങളായുള്ള മുന്നൊരുക്കങ്ങളാണ് ഏവരും നടത്തുന്നത്. ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന ഓണാഘോഷത്തിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. എന്നും മാതൃകയാക്കാവുന്ന പ്രവൃത്തികള്‍ കൊണ്ടാണ് ബ്രിസ്‌ക മറ്റ് അസോസിയേഷനുകളില്‍ നിന്ന് വ്യത്യസ്തരാകുന്നത്. ഇക്കുറിയും ആഘോഷങ്ങള്‍ക്ക് മുമ്പേ എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന ചാരിറ്റി പ്രവര്‍ത്തിയിലൂടെ വ്യത്യസ്ഥരായിരിക്കുകയാണ് അസോസിയേഷന്‍.
വിശപ്പകറ്റുക എന്നത് പ്രത്യേകിച്ച് ആഹാരത്തിന് വേണ്ടി ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നേരം ഭക്ഷണം നല്‍കുക എന്നത് വലിയ പുണ്യപ്രവൃത്തിയാണ്. അന്നദാനം മഹാദാനമാണെന്നാണ് പറയാറുള്ളത്. വിശപ്പിന്റെ വിളിയറിയുന്നവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഭക്ഷണം നല്‍കി ബ്രിസ്‌ക മാതൃകയായി. സിക്ക് മതസ്ഥരുടെ ഗുരുദ്വാരയില്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്ന രീതിയുണ്ട്. ഇതിന്റെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി പണം നല്‍കി അവരോടൊപ്പം ഭക്ഷണം കഴിച്ച് ബ്രിസ്‌ക പ്രസിഡന്റിന്റെയും സെക്രട്ടറിയുടേയും നേതൃത്വത്തില്‍ ബ്രിസ്‌ക എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ശ്രദ്ധേയരായി. കഴിഞ്ഞ വര്‍ഷം ചാരിറ്റി അപ്പീലിലൂടെ സ്‌നേഹഭവനും ബ്രിസ്റ്റോളിലെ സെന്റ്പീറ്റേഴ്‌സ്‌ഹോസ്റ്റേഴ്‌സിനും ബ്രിസ്‌ക സഹായം നല്‍കിയിരുന്നു. ഇക്കുറിയും പതിവ് മുടക്കാതെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ് അസോസിയേഷന്‍.
ഓണാഘോഷത്തിന്റെ മാറ്റുകൂട്ടാന്‍ ഒരുക്കങ്ങള്‍ സജീവമായിരിക്കുകയാണ്. വിവിധ അയല്‍ക്കൂട്ടങ്ങള്‍ ആഹാരമുണ്ടാക്കുന്ന കാര്യങ്ങളിലും ലിസ്റ്റും ഒരുക്കി. കലാപരിപാടികളുടെ ലിസ്റ്റും തയ്യാറായി. ആയിരത്തോളം പേര്‍ക്കുള്ള ഭക്ഷണം ഒരുക്കാനായി ക്രമീകരണങ്ങളും തയ്യാറായി.
ജിസിഎസ്ഇ എ ലെവല്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ഓണാഘോഷ വേളയില്‍ അവാര്‍ഡ് നല്‍കും. ഇനിയും ആരെങ്കിലും പേരു നല്‍കാനുണ്ടെങ്കില്‍ കമ്മറ്റിയുമായി ബന്ധപ്പെടണം.
നാട്ടിലില്ലെങ്കിലും നാടിന്റെ സംസ്‌കാരം ഉള്‍ക്കൊണ്ട് ആഘോഷത്തിന്റെ ഭാഗമാകാന്‍ ഓരോ പ്രവാസികളും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഏറ്റവും മനോഹരമായി ആ ദിവസം കൊണ്ടാടാനാണ് ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ ശ്രമിക്കുന്നത്. ഓണപ്പാട്ടും ഓണക്കളിയും ഓണ സദ്യയുമൊക്കെയായി ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം സമ്മാനിക്കാനുള്ള ശ്രമത്തിലാണ് ബ്രിസ്‌ക ഭാരവാഹികള്‍.
സെപ്തംബര്‍ 9ന് 11 മണി മുതല്‍ ഗ്രീന്‍വേ സെന്ററില്‍ വച്ചാണ് ഓണാഘോഷം നടക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഓണസദ്യയില്‍ 817 പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ ആയിരം പേര്‍ക്കാണ് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നത്. രുചികരമായ ഓണസദ്യക്ക് ശേഷം ഏകദേശം രണ്ടര മണിയോടെയാണ് ഓണാഘോഷ മത്സരങ്ങളില്‍ ഏറെ വാശിയേറിയ ഇനമായ വടംവലി മത്സരം ആരംഭിക്കുന്നത്. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും മത്സരങ്ങള്‍ സംഘടനകള്‍ തമ്മിലാകുമ്പോള്‍ കടുത്തതായിരിക്കും. പുരുഷന്മാര്‍ക്കും വനിതകള്‍ക്കും പ്രത്യേകം വടംവലി മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പുരുഷന്മാരുടെ ടീമിന് 20 പൗണ്ടും വനിതകളുടെ ടീമിന് 10 പൗണ്ടും ആണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷനായി ബ്രിസ്‌ക കമ്മറ്റി അംഗങ്ങളുമായി എത്രയും വേഗം ബന്ധപ്പെടേണ്ടതാണ്.
ആവേശകരമായ വടംവലി മത്സരത്തിന് ശേഷം നടക്കുന്ന കലാപരിപാടികള്‍ ഓണാഘോഷത്തെ കൂടുതല്‍ പ്രൗഢ ഗംഭീരമാക്കും. കലാപരിപാടിയുടെ ഏറ്റവും ആകര്‍ഷകമായ ഓപ്പണിങ് ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്‍. പൂക്കള മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പൂക്കളം സെപ്തംബര്‍ ആദ്യം മുതല്‍ സെപ്തംബര്‍ 30 വരെയുള്ള തീയതികളില്‍ ജഡ്ജ്‌മെന്റ് നടത്തുന്നതായിരിക്കും. ഓണപ്പൂക്കള മത്സരത്തിന് രജിസ്‌ട്രേഷന്‍ ഫീസില്ല. എന്നാല്‍ ഓണാഘോഷ ദിനമായ സെപ്തംബര്‍ 9ന് മത്സര വിജയികളെ പ്രഖ്യാപിക്കില്ല.
ബ്രിസ്റ്റോളിലെ 13 ഓളം അസോസിയേഷനുകളുടെ കൂട്ടായ്മയാണ് അത് കൊണ്ട് തന്നെ ബ്രിസ്‌ക. എല്ലാ പ്രാദേശിക മലയാളി അസോസിയേഷനുകളുടെയും ഓണാഘോഷ പരിപാടികള്‍ക്ക് ശേഷമായിരിക്കും വിജയികളെ പ്രഖ്യാപിക്കുക. ഓണമെന്നത് ഓരോ മലയാളികള്‍ക്കും മറക്കാന്‍ കഴിയാത്ത കുറേ നല്ല നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ്. അത്തരത്തില്‍ പുതു തലമുറയ്ക്കും ഓണം ഒരു നല്ല ഓര്‍മ്മയാകാന്‍, മനസില്‍ മാവേലിയേയും സമ്പദ് സമൃദ്ധമായ കേരളത്തിന്റെ ആ നല്ല നാളുകളേയും ഓര്‍മ്മിപ്പിക്കാന്‍, കേരളത്തിന്റെ ഒത്തൊരുമയുടെ ഉത്സവത്തിലൂടെ കടന്നുപോകാനുള്ള ഒരു അവസരമാണ് ബ്രിസ്‌ക ഒരുക്കുന്നത്.
ബ്രിസ്‌കയുടെ ഓണാഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും അറിയിക്കുന്നു.