ജെഗി ജോസഫ്
ബ്രിസ്റ്റോള്‍: യുകെയിലെ ഏറ്റവും വലിയ ഓണസദ്യയിലൂടെ ശ്രദ്ധാ കേന്ദ്രമായ ബ്രിസ്‌ക (ബ്രിസ്റ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന്‍) യുടെ ഇത്തവണത്തെ ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയാക്കുവാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ 2016 ലെ ഓണസദ്യയില്‍ 817 പേര്‍ പങ്കെടുത്തിരുന്നു. ഇത്തവണ ആയിരം പേര്‍ക്കുള്ള സദ്യക്കുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടന്നു വരുന്നത്. കാറ്ററിംഗ് കമ്പനിയെ ഏല്‍പ്പിക്കാതെ ഇത്രയധികം ഭക്ഷണം ഉണ്ടാക്കുകയെന്ന ശ്രമകരമായ കാര്യം വിജയിക്കുന്നതിനു പിന്നില്‍ കമ്മറ്റിയെ കൂടാതെ ധാരാളം നിസ്വാര്‍ത്ഥ കരങ്ങളാണെന്ന് പ്രസിഡന്റ് മാനുവല്‍ മാത്യു, ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, ട്രഷറര്‍ ബിജു എബ്രഹാം എന്നിവര്‍ പറഞ്ഞു.
വിവിധ പ്രാദേശിക അസോസിയേഷനുകളും കൂടാതെ മറ്റു ബ്രിസ്‌ക അംഗങ്ങളും ഒന്ന് ചേരുമ്പോള്‍ എല്ലാം ഭംഗിയായി പൂര്‍ണതയിലെത്തും. സദ്യക്ക് ശേഷമുള്ള കലാപരിപാടികളില്‍ ബ്രിസ്റ്റോളിലെ മുഴുവന്‍ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം ഉണ്ടാവും. ആര്‍ട്സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍ ആണ് കലാപരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്യുന്നത്. മറ്റൊരു ആര്‍ട്സ് സെക്രട്ടറിയായ സന്ദീപ് കുമാറും കമ്മറ്റി അംഗങ്ങളും എല്ലാ പിന്തുണയും നല്‍കുന്നു .
ഓണത്തിന് മുന്നോടിയായുള്ള ചീട്ടുകളി മത്സരവും പരമ്പരാഗത നാടന്‍ മത്സരങ്ങളും ഓഗസ്റ്റ് 27 ഞായറാഴ്ചയാണ് നടക്കുന്നത്. വടംവലി മത്സരം സെപ്തംബര്‍ ഒന്‍പതിന് ഓണസദ്യയ്ക്ക് ശേഷം നടക്കും. വടംവലിക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെന്റ്: ആറാമത് മുതലക്കോടം സംഗമം സെപ്റ്റംബര്‍ 30ന് സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍. ഇടുക്കി ജില്ലയിലെ അതിപുരാതന തീര്‍ത്ഥാടനകേന്ദ്രമായ മുതലക്കോടം സെന്റ്. ജോര്‍ജ് ഫൊറോനാ ചര്‍ച്ച് ഇടവക കുടുംബാംഗങ്ങളുടെ യുകെയിലെ ആറാമത് മുതലക്കോടം സംഗമം സെപ്റ്റംബര്‍ 30ന് രാവിലെ 9 മണി മുതല്‍ ടൈറ്റന്‍സ്റ്റോര്‍ വില്ലേജ് ഹാളില്‍ വച്ച് നടത്തപ്പെടും. ഈ അവസരത്തില്‍ എല്ലാ മുതലക്കോടം കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്..
സോണി ജോണ്‍ മാളിയേക്കല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) : 07403320346
ജോഷി പോള്‍ പള്ളിക്കുന്നേല്‍ (പ്രസിഡന്റ്): 07828097992
ജിബി ബോയ്‌സ് പള്ളിക്ക്യാമ്യാലില്‍ (സെക്രട്ടറി): 07832374201
മലയാളം യുകെ ന്യൂസ് ടീം.
യുഎൻഎയുടെ സമരപന്തലിലേയ്ക്ക് കൂടുതൽ നഴ്സുമാർ എത്തിയതോടെ കോട്ടയം ഭാരത് ഹോസ്പിറ്റലിലെ സമരം ശക്തി പ്രാപിക്കുന്നു. നഴ്സുമാരുടെ പണിമുടക്കിനെ തകർക്കാനുള്ള ശക്തമായ തന്ത്രങ്ങളുമായി മാനേജ്മെന്റ് രംഗത്തിറങ്ങിയിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്സുമാരുടെ പേരിൽ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടികളായ നഴ്സുമാരെ കോടതി കയറ്റി പേടിപ്പിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമം. നിലവിൽ 70 നഴ്സുമാർ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. കൂടുതൽ നഴ്സുമാർ വരും ദിവസങ്ങളിൽ അണിചേരുമെന്ന് യുഎൻഎ യൂണിറ്റ് പ്രസിഡന്റ് അശ്വതി ചന്ദ്രൻ മലയാളം യു കെ ന്യൂസിനോട് പറഞ്ഞു.
ഹോസ്പിറ്റലിൻറെ മുമ്പിലെ ഗതാഗതം തടസപ്പെടുത്തുന്നു, ഡോക്ടർമാരെയും നഴ്സുമാരെയും ഭീഷണിപ്പെടുത്തുന്നു എന്നിവയടക്കം നിരവധി പരാതികളാണ് മാനേജ്മെൻറ് സമരത്തിൽ പങ്കെടുക്കാത്ത നഴ്സുമാരെക്കൊണ്ട് കൊടുപ്പിച്ചിരിക്കുന്നത്. യുഎൻഎയുടെ പതാകയെ പേടിക്കേണ്ട സ്ഥിതിയാണെന്നും പരാതിയിലുണ്ട്. പണിമുടക്ക് തുടങ്ങിയ ദിവസം ഹോസ്പിറ്റലിൽ കയറി പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് മറ്റൊരു പരാതി. ഹോസ്പിറ്റലിൻറെ സൽപ്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ മാദ്ധ്യമങ്ങൾ വഴി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുഎൻഎ നേതാക്കൾക്ക് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്. കേസുകൾ കാട്ടി പേടിപ്പിക്കാമെന്ന് കരുതേണ്ടെന്നു യുഎൻഎ നേതാക്കൾ പറഞ്ഞു. കോട്ടയം ഭാരതിലെ സമരത്തിന് പൂർണ പിന്തുണയുമായി യുഎൻഎയുടെ സംസ്ഥാന നേതാക്കൾ രംഗത്തുണ്ട്.
പിരിച്ചുവിടപ്പെട്ട ഒൻപത് നഴ്സുമാരെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് പത്താം ദിവസത്തിലേക്ക് കടന്നു. കരാർ കാലാവധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ പ്രവർത്തകരായ നഴ്സുമാരെ ആശുപത്രി അധികൃതർ നോട്ടീസ് പോലും നല്കാതെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. യുഎൻഎ യൂണിറ്റ് ആരംഭിച്ചതുമുതൽ മാനേജ്മെൻറ് യുഎൻഎയുടെ പ്രവർത്തകരായ നഴ്സുമാർക്ക് എതിരെ പ്രതികാര നടപടികൾ ആരംഭിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് യുഎൻഎയുടെ തീരുമാനം.
ഹോസ്പിറ്റലിനു മുമ്പിൽ സമരം നടത്തുന്ന നഴ്സുമാർക്ക് മുന്നിലെത്തി ഹ്യൂമൻ റിസോഴ്സസ് ജീവനക്കാരൻ അസഭ്യമായ പ്രദർശനം നടത്തിയത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഴ്സുമാരായ പെൺകുട്ടികളുടെ മുൻപിലാണ് ബാബു എന്ന ആൾ പാന്റിൻറെ സിബ്ബ് ഊരിക്കാണിക്കുന്ന അസഭ്യത പ്രദർശിപ്പിച്ചത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പോലീസ് പിന്നീട് കേസ് രജിസ്റ്റർ ചെയ്തു.
നോട്ടിങ്ങ്ഹാം: രാജ്യത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം പ്രവാസി സമൂഹവും വിപുലമായി ആഘോഷിച്ചു. ഗള്‍ഫ് നാടുകളിലെങ്ങും ഇന്ത്യന്‍ എംബസികളിലും കോണ്‍സുലേറ്റുകളിലും നയതന്ത്ര ഉദ്യോഗസ്ഥര്‍ പതാക ഉയര്‍ത്തി. ദുബായില്‍ ഈ വര്‍ഷം 70 പരിപാടികള്‍ സംഘടിപ്പിച്ചാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ഇന്ന് യുകെയിൽ പ്രവർത്തിദിനമായിരുന്നിട്ടും ആഘോഷപരിപാടികൾക്കു മുടക്ക് വരാതെ നോട്ടിംഗ്ഹാം നിവാസികൾ പരിപാടികൾ സംഘടിപ്പിച്ചു മറ്റുള്ളവർക്ക് മാതൃകയായി.
ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുഡ്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നോട്ടിങ്ങ്ഹാം സൽവർ ഡെയിൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്വാതന്ത്യദിനാഘോഷ പരിപാടികൾ മാനേജർ ജോസഫ് മുള്ളൻകുഴി ഉത്ഘാടനം ചെയ്തു. വിശിഷ്ട ചടങ്ങിൽ അസി.മാനേജർ അൻസാർ ഹൈദ്രോസ് കോതമംഗലം, റിക്രൂട്ട്മെന്റ് മാനേജർ ബൈജു മേനാച്ചേരി ചാലക്കുടി, ടെക്നിക്കൽ ഡയറക്ടേഴ്സ് രാജു ജോർജ്ജ് കുറവിലങ്ങാട്, ജിജോ ദാനിയേൽ മൂവാറ്റുപുഴ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാവർക്കും ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സിന്റെ സ്വാതന്ത്യദിന ആശംസകൾ നേരുന്നു.
മലയാളം യുകെ ന്യൂസ് ടീം.
സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന് എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം.. ആധുനിക ഭാരതത്തിൻറെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ജനകോടികൾ പ്രണാമമർപ്പിക്കും.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെയും മതേതരത്വത്തിൻറെയും മന്ത്രങ്ങൾ ഇനിയും ഉയർത്തുവാൻ രാജ്യം പ്രതിഞ്ജയെടുക്കും.
പ്രൗഡഗംഭീരമായ ചടങ്ങുകളോടെ എഴുപത്തി ഒന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ ഒരുങ്ങി. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഭാരതത്തിൻറെ ത്രിവർണ ദേശീയപതാക പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയർത്തും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. 10,000 ലേറെ പോലീസുകാരാണ് ഡൽഹിയിൽ സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. റെഡ് ഫോർട്ടിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി അരുൺ ജെറ്റ്ലി സ്വീകരിക്കും. തുടർന്ന് പോലീസ്, സൈനിക വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി പരിശോധിക്കും. വിവിധ സൈനിക വിഭാഗങ്ങൾ റെഡ് ഫോർട്ടിലെ പരേഡിൽ അണിനിരക്കും.
രാജ്യമെമ്പാടും സ്വാതന്ത്യദിനാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിൽ ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്രതിനിധികളും ആഘോഷത്തിന് നേതൃത്വം നല്കും. വിവിധ സംഘടകളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ ഉണ്ടാകും. യുകെയുടെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മലയാളി അസോസിയേഷനുകളും കൂട്ടായ്മകളും ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രിയപ്പെട്ട വായനക്കാർക്ക് മലയാളം യുകെ ന്യൂസിൻറെ സ്വാതന്ത്ര്യ ദിനാശംസകൾ…
സ്വന്തം ലേഖകൻ
ഇലക്ട്രിസിറ്റി നിരക്കിൽ ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ചിരിക്കുന്ന വർദ്ധന സെപ്റ്റംബർ 15 മുതൽ നിലവിൽ വരും. ആറു മില്യണിലധികം കസ്റ്റമർസിനെ ഇത് ബാധിക്കും. 12.5 ശതമാനം വർദ്ധനയാണു ബ്രിട്ടീഷ് ഗ്യാസ് നടപ്പാക്കുന്നത്. ബ്രിട്ടീഷ് ഗ്യാസിൻറെ ഇലക്ട്രിസിറ്റി കണക്ഷൻ ഉള്ള നിരവധി മലയാളികളെയും ഇത് ബാധിക്കും. ആയിരക്കണക്കിനാളുകൾ ബ്രിട്ടീഷ് ഗ്യാസിൻറെ കണക്ഷൻ ഉപേക്ഷിച്ച് മറ്റു കമ്പനികളിലേയ്ക്ക് മാറാനുള്ള തീരുമാനത്തിലാണ്. വില താരതമ്യം ചെയ്യുന്ന സൈറ്റുകളിൽ കസ്റ്റമർസിൻറെ തിരക്കാണ്. മെച്ചപ്പെട്ട ഡീലുകൾ കണ്ടെത്തുന്നതിനായി ഈ സൈറ്റുകളിൽ സെർച്ച് ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കാത്ത വില വർദ്ധനയ്ക്ക് എതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ആറു വമ്പൻ കമ്പനികളാണ് യുകെയിലെ ഇലക്ട്രിസിറ്റി, ഗ്യാസ് മാർക്കറ്റുകൾ കുത്തകയാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഇ.ഡി.എഫ് എനർജി, എൻ പവർ, ഇ ഓൺ, സ്കോട്ടിഷ് പവർ, എസ്.എസ്.ഇ എന്നിവയാണ് നിലവിൽ യുകെ എനർജി മാർക്കറ്റിനെ നിയന്ത്രിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസിൻറെ സ്റ്റാൻഡാർഡ് വേരിയബിൾ താരിഫിലുള്ള കസ്റ്റമർസിനാണ് ഇരുട്ടടിയായി വിലവർദ്ധന നേരിടേണ്ടി വരുന്നത്. 2013 നു ശേഷം വില വർദ്ധിപ്പിച്ചിട്ടില്ല എന്ന ന്യായമാണ് ബ്രിട്ടീഷ് ഗ്യാസ് അമിത വില വർദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടീഷ് ഗ്യാസിൻറെ ഇലക്ട്രിസിറ്റിയും ഗ്യാസും കണക്ഷൻ ഉള്ളവർക്ക് നല്കി വന്ന ഡ്യുവൽ ഫ്യുവൽ ഡിസ്കൗണ്ടും എടുത്തുകളഞ്ഞു. യുകെ ഗവൺമെന്റിൻറെ എനർജി പോളിസിയും ട്രാൻസ്പോർട്ട് ചാർജ് വർദ്ധനയുമാണ് വില കൂട്ടാൻ കാരണമായി ബ്രിട്ടീഷ് ഗ്യാസ് എടുത്തു കാണിക്കുന്നത്.
ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. എന്തു സംഭവമുണ്ടായാലും സോഷ്യല്‍മീഡിയയില്‍ ഉടന്‍ പ്രതികരിക്കുകയും ദുരന്തങ്ങളില്‍ അനുശോചിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ മാത്രം മൗനം പാലിച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
സംഭവം നിരന്തരമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികള്‍ക്ക് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ ചുമതലപ്പെടുത്തിയതായും ആണ് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നത്. എന്നാല്‍ കൂട്ടമരണം ഉണ്ടായിട്ടും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്താത്തതു വിവാദമായി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ മണ്ഡലമായിരുന്നിട്ടും ദുരന്തം നടന്ന് മൂന്നു ദിവസത്തിനു ശേഷം മാത്രം യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തിയതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി സിദ്ധാര്‍ഥ് നാഥ് സിങ്ങും ദുരന്തത്തിന്റെ ഗൗരവം കുറച്ചുകാണുന്ന സമീപനമാണ് സ്വീകരിച്ചതെന്ന ആക്ഷേപവും ഉയര്‍ന്നു.
മുഖ്യമന്ത്രി ആദിത്യനാഥും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയും ഇന്നലെയാണ് സന്ദര്‍ശനം നടത്തിയത്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി ആശുപത്രിയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. കുട്ടികളുടെ ഐസിയുവിലടക്കം കയറിയാണ് പൊലീസ് പരിശോധന നടത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് കുട്ടികള്‍ കൂടി ആശുപത്രിയില്‍ മരിച്ചിരുന്നു.
ഓക്‌സിജന്‍ വിതരണത്തില്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ 48 മണിക്കൂറിനുളളില്‍ 30 പിഞ്ചുകുട്ടികള്‍ ഒന്നൊന്നായി മരണമടഞ്ഞത്. ആറുദിവസത്തിനിടെ ശ്വാസംകിട്ടാതെ ആശുപത്രിയില്‍ പിടഞ്ഞുമരിച്ചത് 67 കുഞ്ഞുങ്ങളാണ്. ഇതില്‍ 17 നവജാത ശിശുക്കളുമുണ്ട്. ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരും വിതരണകമ്പനിയും എഴുതിയ കത്തുകളും ഇന്നലെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് നിരവധി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്നലെ എത്തിച്ചിരുന്നു. എങ്കിലും ഗുരുതരാവസ്ഥയിലായ കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.
ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം ആരും മരിച്ചിട്ടില്ലെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്. കൂടാതെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട് സര്‍ക്കാര്‍. ആശുപത്രിയില്‍ കേന്ദ്ര സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കൂട്ടമരണത്തിന് കാരണം മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുളള അസുഖങ്ങളാണെന്നാണ് ആശുപത്രി അധികൃതരുടെയും സര്‍ക്കാരിന്റെയും വാദം.
അതിനിടെ ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ.കഫീല്‍ അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തു. സ്വകാര്യപ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ഡോ.കഫീല്‍ അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
കുട്ടികള്‍ക്കുള്ള ഓക്സിജന്‍ സിലിന്‍ഡറുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സ്വന്തം പണം കൊണ്ട് സിലിന്‍ഡറുകള്‍ വാങ്ങിയ കഫീല്‍ മുഹമ്മദിന്റെ പ്രവൃത്തിക്ക് വലിയ കൈയടിയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നതിന് പിന്നാലെയാണ് കഫീലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
വയനാടന്‍ ആദിവാസി ഊരുകളില്‍ കാരുണ്യ പ്രവര്‍ത്തനുമായി ലണ്ടന്‍ മലയാള സാഹിത്യവേദി പ്രവര്‍ത്തകരെത്തി. സുല്‍ത്താന്‍ബത്തേരി ആയുര്‍വേദ ആശുപത്രി, റിപ്പോണ്‍ ഏകാധ്യാപക വിദ്യാലയം, നൂല്‍പ്പുഴ കുണ്ടൂര്‍ പണിയ കോളനിയിലുമായിരുന്നു സാഹിത്യവേദിയുടെ കാരുണ്യ പ്രവര്‍ത്തനം നടന്നത്. സാഹിത്യവേദി ഭാരവാഹികളായ ടോണി ചെറിയാന്‍, ഷാജന്‍ ജോസഫ്, ജോബി ജോസഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സുല്‍ത്താന്‍ബത്തേരി ആയുര്‍വേദ ആശുപത്രിയില്‍ രണ്ടു മാസത്തേക്കുള്ള സൗജന്യ ഉച്ച ഭക്ഷണ വിതരണോദ്ഘാടനം ടോണി ചെറിയാന്‍ നിര്‍വഹിച്ചു. റിപ്പോണ്‍ ആദിവാസി ഏകാധ്യാപക വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് സൗജന്യ വസ്ത്രങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു.
നൂല്‍പ്പുഴ കുണ്ടൂര്‍ പണിയ കോളനിയില്‍ ആദിവാസികള്‍ക്ക് സൗജന്യ ഓണക്കോടികള്‍ വിതരണം ചെയ്തു. കേരള വനം വകുപ്പ് (വൈല്‍ഡ് ലൈഫ്) മുത്തങ്ങ റേഞ്ചിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ ടോണി ചെറിയാന്‍, ഷാജന്‍ ജോസഫ്, ജോബി ജോസഫ്, ഡെപ്യൂട്ടി റേഞ്ചര്‍ ജോസ് കെ.ജെ എന്നിവര്‍ പങ്കെടുത്തു.
ലണ്ടന്‍ മലയാള സാഹിത്യവേദി പുതുതായി രൂപീകരിച്ച ചാരിറ്റി വിഭാഗത്തിന് ടോണി ചെറിയാന്‍ നേതൃത്വം നല്‍കുന്നു. പരിമിത സമയത്തിനുള്ളില്‍ ഇത്രയും മഹത്തായ കര്‍മങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ ടോണി ചെറിയാനെയും സംഘത്തെയും ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കണ്‍വീനര്‍ റജി നന്തികാട്ട്
അഭിനന്ദനം അറിയിച്ചു.
മലയാളം യുകെ ന്യൂസ് ടീം.
കാത്തലിക് ഹെൽത്ത് അസോസിയേഷൻറെ കേരള റീജിയൻറെ കീഴിലുള്ള ഹോസ്പിറ്റലുകളിൽ ഓഗസ്റ്റ് മുതൽ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന തീരുമാനം നടപ്പാവില്ല. ശമ്പളം വർദ്ധിപ്പിക്കാൻ കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരള (CHAKE) യുടെ കീഴിലുള്ള ഹോസ്പിറ്റലുകൾക്ക് പൊതുവായ ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് CHAKE യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.സൈമൺ പല്ലുപെട്ട മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. “എല്ലാ ഹോസ്പിറ്റലുകളിലും ഒരേ രീതിയിലുള്ള ശമ്പള വർദ്ധന നടപ്പാക്കുക പ്രായോഗികമല്ല. വരുമാനവും പ്രാദേശിക സാഹചര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. ശമ്പള വർദ്ധനമൂലം രോഗികൾക്ക് അധികഭാരം ഉണ്ടാവും. ചികിത്സാ നിരക്ക് വർദ്ധിപ്പിക്കേണ്ടി വരും. ശമ്പള വർദ്ധന മൂലം ഉണ്ടാവുന്ന അധിക സാമ്പത്തിക ബാധ്യതയെ നേരിടുവാൻ ഫണ്ട് കണ്ടെത്തുവാൻ ചെറുകിട ആശുപത്രികൾക്ക് കഴിഞ്ഞെന്നു വരില്ല. ആശുപത്രികൾ അടച്ചു പൂട്ടേണ്ട സ്ഥിതി ഇതു സൃഷ്ടിച്ചേക്കാം” അദ്ദേഹം പറഞ്ഞു. മേജർ ഹോസ്പിറ്റലുകളിൽ ശമ്പള വർദ്ധന ആഗസ്റ്റ് മുതൽ നടപ്പാകാൻ സാധ്യതയുണ്ടെന്നും ഫാ. സൈമൺ മലയാളം യുകെയോട് പറഞ്ഞു. പക്ഷേ ഏകീകരിച്ച ഒരു ശമ്പള സ്കെയിൽ നടപ്പാക്കുക പ്രായോഗികമല്ല. ഗവൺമെന്റ് തീരുമാനം വരുന്നതുവരെ സുപ്രീം കോടതി നിർദ്ദേശിച്ച ശമ്പളം ലഭിക്കാൻ കാത്തിരിക്കേണ്ടി വരും.
കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് കേരളയുടെ കീഴിൽ 10 ൽ കൂടുതൽ ബെഡുള്ള 193 ഹോസ്പിറ്റലുകളും 13 നഴ്സിംഗ് സ്കൂളുകളുമുണ്ട്. ഓഗസ്റ്റ് മുതൽ ശമ്പള വർദ്ധന ലഭിക്കുമെന്ന് കരുതിയിരുന്ന ഈ ഹോസ്പിറ്റലുകളിലെ നഴ്സുമാർക്ക് തിരിച്ചടിയാവുകയാണ് CHAKE യുടെ തീരുമാനം. കെ.സി.ബി.സിയുടെ സർക്കുലറിനെ വേണ്ട ഗൗരവത്തിൽ പരിഗണിക്കാൻ കാത്തലിക് ഹോസ്പിറ്റലുകളിലെ മാനേജ്മെന്റുകൾ തയ്യാറായിട്ടില്ല എന്നാണ് ഇതു തെളിയിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ നഴ്സുമാർക്ക് 18,232 രൂപ മുതൽ 23,760 വരെ ശമ്പളം ഹോസ്പിറ്റലുകളിലെ ബെഡുകളുടെ എണ്ണമനുസരിച്ച് നല്കണമെന്നാണ് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ കാത്തലിക് ഹെൽത്ത് അസോസിയേഷൻറെ കീഴിലുള്ള ഹോസ്പിറ്റലുകൾക്ക് നിർദ്ദേശം നല്കിയിട്ടുള്ളത്.
കേരളാ കാത്തലിക് ബിഷപ്സ് കൗൺസിൽ നല്കിയിരിക്കുന്ന നിർദ്ദേശം സംസ്ഥാനത്തെ കാത്തലിക് ഹോസ്പിറ്റലുകൾ നഴ്സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ നടപ്പാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്ന് KCBC യുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ.വർഗീസ് വള്ളിക്കാട്ടിൽ പറഞ്ഞിരുന്നു. കെസിബിസിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത് നടപ്പാക്കാൻ ഹോസ്പിറ്റലുകൾ തയ്യാറാവുമെന്ന് തന്നെയാണ് കരുതുന്നത്. ഇതുവരെയും ഹോസ്പിറ്റലുകൾ ശമ്പള വർദ്ധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലാത്തതു മലയാളം യുകെ ന്യൂസ് ചൂണ്ടിക്കാണിച്ചപ്പോൾ ഇനിയും ഒരു മാസം സമയമുണ്ടല്ലോ എന്നും ഓഗസ്റ്റ് 31 ന് ശമ്പളം ലഭിക്കുമ്പോൾ വർദ്ധിപ്പിച്ച തുക നഴ്സുമാർക്ക് കിട്ടുമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും ഫാ. വർഗീസ് വള്ളിക്കാട്ടിൽ അഭിപ്രായപ്പെട്ടിരുന്നു.
ജൂലൈ 17ന് പുറത്തിയ പത്രക്കുറിപ്പിൽ ആഗസ്റ്റ് മാസം മുതൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന ശമ്പളം കത്തോലിക്കാ സഭയുടെ ആശുപത്രികളിൽ നടപ്പിൽ വരുത്തണമെന്ന് കെസിബിസി നിർദ്ദേശിച്ചതായി അറിയിച്ചിരുന്നു. പരിഷ്കരിച്ച വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതിനുള്ള കാലതാമസം പരിഗണിച്ചാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതുക്കിയ വേതന നിരക്ക് സഭയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ആഗസ്റ്റ് മാസം മുതൽ നടപ്പാക്കുന്നതെന്ന് പത്രകുറിപ്പിൽ പറഞ്ഞിരുന്നു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെടുന്ന സുപ്രീം കോടതി നിർദ്ദേശിച്ച ശമ്പള വർദ്ധന നടപ്പാക്കുന്നതു സംബന്ധിച്ച മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനത്തിന് ഇനിയും മാസങ്ങളെടുക്കും.