മലയാള സിനിമയ്ക്ക് യൂറോപ്പില്‍ ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമായ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടന്നു. മലയാള സിനിമാ രംഗത്ത് നിന്നും അന്‍പതോളം താരങ്ങള്‍ പങ്കെടുത്ത ചടങ്ങ് യൂറോപ്പ്യന്‍ മലയാളികള്‍ക്ക് മറ്റൊരു മറക്കാനാവാത്ത അനുഭവമായി മാറി. മലയാള സിനിമാ താരങ്ങള്‍ക്കൊപ്പം ബോളിവുഡിലെ ഇതിഹാസ താരമായ അനില്‍ കപൂര്‍ കൂടി ചേര്‍ന്നപ്പോള്‍ അത് പ്രോഗ്രാമിന്‍റെ മികവ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
നിവിന്‍ പോളി, ഇന്നസെന്‍റ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജു വാര്യര്‍, ഭാവന തുടങ്ങി നിരവധി താരങ്ങള്‍ ആദരിക്കപ്പെട്ട ചടങ്ങില്‍ യുകെയില്‍ നിന്നും ആദരവിന് പാത്രമായത് വളര്‍ന്ന് വരുന്ന യുകെ ബിസിനസ്സുകാരനായ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു. മികച്ച ക്യാഷ് ബാക്ക് സ്കീമുകള്‍ അവതരിപ്പിച്ചതിലൂടെ യുകെ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരങ്ങളുടെ മനസ്സില്‍ പതിഞ്ഞ പേരായ ബീ വണ്‍, ബീ ഇന്‍റര്‍നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍. യുകെ മലയാളികള്‍ക്ക് ഇടയിലെ മികച്ച ബിസിനസ് സംരഭകരെ അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിക്കുക എന്ന ആനന്ദ് ടിവിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ അവാര്‍ഡിന് അര്‍ഹനായത്. ബോളിവുഡ് ഇതിഹാസ താരം അനില്‍ കപൂര്‍ ആണ് സുഭാഷ് ജോര്‍ജ്ജിനുള്ള അവാര്‍ഡ് സമ്മാനിച്ചത്.
ഇക്കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സുഭാഷിന് ലഭിക്കുന്ന രണ്ടാമത്തെ മികച്ച പുരസ്കാരമാണ് ആനന്ദ് ടിവിയുടെ യംഗ് ബിസിനസ്സ് മാന്‍ അവാര്‍ഡ്. മെയ് മാസത്തില്‍ മലയാളം യുകെ ഓണ്‍ലൈന്‍ പത്രം നല്‍കുന്ന മികച്ച ബിസിനസ്സ് സംരംഭകനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡിന് സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ അര്‍ഹനായിരുന്നു. പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ വൈശാഖ് ആയിരുന്നു ഈ പുരസ്കാരം സമ്മാനിച്ചത്.
കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഒരു അദ്ധ്യാപന്റെ മകനായി ജീവിതം ആരംഭിച്ച്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ് സംരംഭങ്ങളില്‍ ഒന്നായ ബീ ഗ്രൂപ്പ് ഒാഫ് കമ്പനീസ്സിന്റെ അമരക്കാരനായി മാറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായിരുന്നു ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ ലഭിച്ച അംഗീകാരം. ലീഗല്‍ കണ്‍സ്സള്‍ട്ടന്‍സി ആന്‍റ് റെപ്രെസെന്റെഷനില്‍ തുടങ്ങി, ക്രിപ്റ്റോ കറന്‍സി, ക്യാഷ് ബാക്ക് ലോയല്‍റ്റി പ്ലാറ്റ്ഫോം, ബ്ലോക്ക് ചെയിന്‍ സര്‍വീസ്സസ്, ഡിജിറ്റല്‍ അസ്സെറ്റ്‌സ്, ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ്, ഈ മണി, ഫ്യൂച്ചര്‍ ബാങ്കിംഗ് തുടങ്ങി ഇന്ന് വ്യത്യസ്തങ്ങളായ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു ബീ ഗ്രൂപ്പിന്റെ സ്വാധീന ശക്തി.
യുകെയില്‍ ആദ്യമായി ഇറ്റീരിയം ബേസ്ട് ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്തത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. യുകെ മലയാളികള്‍ക്കിടയില്‍ ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ് സര്‍വീസ്സസ് തുടങ്ങിയ ഏക മലയാളിയാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍.
യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ , ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ പ്രാക്റ്റീസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ലീഗല്‍ ആന്‍റ് ബിസ്സിനസ്സ് സ്റ്റഡീസ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈകോര്‍ട്ട് ഓഫ് കേരള, സീനിയര്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് എന്നിവിടങ്ങളില്‍ നിയമ ഉപദേശകനായും, കമ്മീഷണര്‍ ഓഫ് ഓത്ത് ആയും പ്രവര്‍ത്തിച്ചു വരുന്നു.
യുകെയിലും മറ്റു രാജ്യങ്ങളിലുമായി പതിനായിരത്തിലധികം ജോലി സാധ്യതകള്‍ നേരിട്ടും, അതിലധികം ജോലി സാധ്യതകള്‍ വിതരണ ശൃംഖല വഴിയും സൃഷ്ടിക്കുവാനും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ബീ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ ലക്ഷ്യവും പൂര്‍ത്തീകരിക്കുമ്പോഴും, പുതിയ ബിസ്സിനസ് തീരങ്ങള്‍ തേടിയുള്ള യാത്രയും, അതിലേക്ക് എത്തിച്ചേരുവാന്‍ അദ്ദേഹം പിന്തുടരുന്ന രീതികളും, കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം, വ്യത്യസ്തവും അനുകരണനാര്‍ഹവുമാണ്.
എബിന്‍ ബേബി, പിആര്‍ഒ
യുക്മ സ്‌പോര്‍ട്‌സ് മീറ്റില്‍ എസ്എംഎയ്ക്ക് മികച്ച് നേട്ടം. കഴിഞ്ഞ ദിവസം ബര്‍മിംഗ്ഹാമിലെ വിന്‍ഡ്ലി ലിഷര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടന്ന നൂറില്‍പരം അസോസിയേഷനുകള്‍ അംഗങ്ങളായിട്ടുള്ള യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ മറ്റു പ്രമുഖ അസോസിയേഷനുകളെയും പിന്‍തള്ളിക്കൊണ്ടാണ് എന്നും യൂകെയിലെ മറ്റുഅസോസിയേഷനുകള്‍ക്കു മാതൃക ആയിട്ടുള്ള സ്റ്റാഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്റ കരുത്തുറ്റ പടക്കുതിരകള്‍ മൂന്നു വക്തിഗത ചാംപ്യന്‍ഷിപ്പോടെ നാഷണല്‍ ചാംപ്യന്‍ഷിപ് പട്ടം കരസ്ഥാമാക്കിയത്. റയാന്‍ ജോബി, അനീഷ വിനു, ഷാരോണ്‍ ടെറന്‍സ് എന്നിവരാണ് വക്തിഗത ചാംപ്യന്‍ഷിപ് സ്വന്തമാക്കിയത്.
ആഞ്ചലീന സിബി, സിയന്ന സോണി, നികിത സിബി, നോയല്‍ സിബി, അസോസിയേഷന്‍ പ്രസിഡന്റ് വിനു ഹോര്‍മിസ് എന്നിവരാണ് വിവിധ മത്സരങ്ങളില്‍ പ്രധാനമായും വിജയികളായത്. മത്സരങ്ങളില്‍ പങ്കടുക്കുകയും വിജയിക്കുകയും ചെയ്തവരോടുള്ള നന്ദി ഈയവസരത്തില്‍ എസ് എം എ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ് എന്നിവര്‍ അറിയിച്ചു.
സുധാകരന്‍ പാലാ, സുജിത് തിരുവല്ല
ടോണ്ടന്‍ (സോമര്‍സെറ്റ്): മലയാള ഭാഷ പഠിക്കുവാനും പ്രചരിപ്പിക്കുവാനും അതുവഴി മലയാളത്തനിമയുള്ള കൂട്ടായ്മയും സാംസ്‌കാരിക പൈതൃകവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ലക്ഷ്യമിട്ട് രൂപീകൃതമായ മലയാളം സാംസ്‌കാരിക സമിതിയുടെ (MASS) പ്രഥമ യൂണിറ്റ് മാസ് ടോണ്ടന്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പുകള്‍പെറ്റ യുകെയില്‍ സൗത്ത് വെസ്റ്റിന്റെ പൂന്തോട്ട നഗരിയെന്ന് വിശേഷിപ്പിക്കുന്ന ടോണ്ടനില്‍ ചരിത്രത്തില്‍ ഇടം നേടുന്ന ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുകൊണ്ട് റംസാന്‍ ആഘോഷരാവിന് തിരിതെളിക്കുന്നു.
ഓണം, ക്രിസ്മസ്, ന്യൂഇയര്‍, വിഷു, ഈസ്റ്റര്‍ എന്നീ ആഘോഷങ്ങള്‍ മലയാളിക്ക് അന്യമല്ല. എന്നാല്‍ സ്വാതന്ത്ര്യദിനം, കേരളപ്പിറവി എന്നിവ ഗംഭീരമായി ആഘോഷിച്ചത് തികച്ചും വ്യത്യസ്തവും മലയാളികള്‍ക്ക് ഏറെ അഭിമാനം പകരുന്നതുമായിരുന്നു. ചരിത്രപ്രസിദ്ധമായ ടോണ്ടന്‍ കാര്‍ണിവലില്‍ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ചരിത്രത്തില്‍ അതൊരു പുതിയ അധ്യായമായി. സ്വന്തം ക്രിക്കറ്റ് ടീം, മാസ്‌കെയര്‍ മൊമന്റ്‌സ് (നഴ്‌സിംഗ് ഏജന്‍സി), ഷോര്‍ട്ട് ഫിലിം, IELTS പരിശീലനം, മലയാളം ക്ലാസ്, സംഗീത-സാഹിത്യ ചര്‍ച്ചാക്ലാസുകള്‍ എന്നിങ്ങനെ ഒരുപിടി കാര്യങ്ങള്‍ക്ക് തുടക്കമിടാനും വന്‍ വിജയത്തിലെത്തിക്കാനും കഴിഞ്ഞു.
മാനവ സംസ്‌കാരത്തിന്റെ ആത്മാവ് മതമൈത്രിയിലാണെന്ന് കണ്ടറിഞ്ഞ മാസ് ടോണ്ടന്‍ ത്യാഗോജ്ജ്വലമായ നോമ്പിന്റെ പുണ്യദിനം റംസാന്‍ ആഘോഷിക്കുമ്പോള്‍ യുകെ മലയാളി സമൂഹത്തിനാകെ ഉള്‍പ്പുളകം നല്കുന്ന ചരിത്ര നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല. ജൂണ്‍ 28 ബുധനാഴ്ച വൈകിട്ട് 4 മുതല്‍ രാത്രി 10 വരെ നടക്കുന്ന ആഘോഷ പരിപാടികള്‍ മാസ് യുകെ രക്ഷാധികാരിയും ഗായകനുമായ രജഗോപാല്‍ കോങ്ങാട് ഉദ്ഘാടനം ചെയ്യും.
മാസ് ടോണ്ടന്‍ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. അബ്ദുള്‍ റൗഫ് ലൈമാന്‍ റംസാന്‍ ദിന സന്ദേശം നല്കും. വൈസ് പ്രസിഡന്റ് ജിജോ വര്‍ഗീസ്, ട്രഷറര്‍ സെബാസ്റ്റിയന്‍ കുര്യാടന്‍, പിആര്‍ഒ സുജിത് സോമരാജന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. എച്ച്ആര്‍ മാനേജര്‍ നിസാര്‍ മന്‍സില്‍ സ്വാഗതവും ഐടി സെക്രട്ടറി ദ്വിതീഷ് ടി. പിള്ള കൃതജ്ഞതയും പറയും.
ആഘോഷത്തിന് മാറ്റ് കൂട്ടുവാന്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങിലെത്തും. മാപ്പിളപ്പാട്ട്, ഒപ്പന, ഡാന്‍സ്, സ്‌കിറ്റ്, ഗാനമേള എന്നിവ പരിപാടികള്‍ക്ക് പുതുമ പകരും. ആഘോഷ പരിപാടികള്‍ക്കെത്തുന്ന മുഴുവന്‍ പേര്‍ക്കും ഇഫ്താര്‍ വിരുന്ന് ഒരുക്കിയിട്ടുണ്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാസിന്റെ ആഘോഷം -വിനോദം കോഓര്‍ഡിനേറ്റര്‍ ജെഫിന്‍ ജേക്കബ് പറഞ്ഞു. ഇഫ്താര്‍ വിരുന്നിലും ആഘോഷ പരിപാടികളിലും ജാതിമതഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാമെന്നും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ജെഫിന്‍ ജേക്കബ് അറിയിച്ചു.
പ്രമുഖ ഇടത് സാംസ്‌കാരിക പ്രസ്ഥാനമായ സമീക്ഷയുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് ദേശീയ സമിതി അംഗീകാരം നല്‍കി. ഇടത് സാംസകാരിക സംഘടന സ്വീകരിക്കേണ്ട നയസമീപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതനായി കവന്‍ട്രിയില്‍ കഴിഞ്ഞ പതിഞ്ചാം തീയതി സമീക്ഷ ദേശീയ സമിതി അംഗങ്ങളുടെ പ്രത്യേക യോഗം എ.ഐ.സി നേതൃത്വം വിളിച്ചിരുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രിയും സിപിഎം ബ്യുറോ അംഗവുമായ സ:എം.എ.ബേബി, എ.ഐ.സി സെക്രട്ടറി സ: ഹര്‍സേവ് ബെയിന്‍സ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇരുവരുടെയും നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തന പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കിയത്.
ഭാഷ, സാഹിത്യം, സാംസ്‌കാരികം എന്നിങ്ങനെയുള്ള മേഖലകളിലും, യു.കെയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന മലയാളി കുടുംബങ്ങളിലെ കുട്ടികളുമായിയുള്ള തലമുറകളുടെ അന്തരം കുറക്കാനും ഉതകുന്ന വാര്‍ഷിക പരിപാടികളില്‍ യു.കെയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള കലാ-സാംസ്‌കാരിക നായകന്മാരുടെ നിര്‍ദ്ദേഹങ്ങളും ഉള്‍പ്പെടുത്തിട്ടുണ്ട്. ഈസ്റ്റ്ഹമില്‍ നടന്ന ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ ശ്രീ: മുരളി വെട്ടത്ത്, മുരുകേഷ് പനയറ, സുരേഷ് മണമ്പൂര്‍ അടക്കമുള്ളവര്‍ പങ്കെടുത്തിട്ടിരുന്നു.
സമീക്ഷയുടെ 21 അംഗ ദേശീയ സമിതിയും 8 അംഗ സെക്രട്ടറിയറ്റ് രൂപീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ഒരാളെ കൂടി സെക്രട്ടറിയറ്റിലേയ്ക്ക് വൈകാതെ കോപ്റ്റ് ചെയ്യും. സമീക്ഷയുടെ എല്ലാ ചാപ്റ്ററുകളും യു.കെയുടെ എല്ലാ പ്രാദേശിക ലൈബ്രറികള്‍ക്കും സൗജന്യമായി മലയാള സാഹിത്യ പുസ്തകങ്ങളും, മലയാള സാഹിത്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷകളും സംഭാവനായി നല്‍കും. സമീക്ഷ ദേശീയ സമിതി ഒരുക്കുന്ന ഇടശ്ശേരി കവിതയായ ‘പൂതപ്പാട്ടിന്റെ’ പരിശീലനം നല്ല നിലയില്‍ പുരോഗമിക്കുന്നു.
യു.കെ മലയാളികള്‍ക്ക് ഇടയില്‍ മതേതര സമൂഹം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പൊതു വേദി എന്ന ലക്ഷ്യത്തില്‍ എത്താനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരികരിച്ചതായി ദേശിയ ഭാരവാഹികളായ സഖാക്കള്‍ രാജേഷ് ചെറിയാന്‍, എസ്.എസ്. പ്രകാശ് എന്നിവര്‍ അറിയിച്ചു.
സൂറിച്ച്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് മിനിമം വേജസ് ലഭിക്കുന്നതിനായി നടത്തുന്ന സമരത്തിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംഘിടിത രാഷ്ട്രീയ ശക്തി അല്ലാത്തതുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിധേയരാകാന്‍ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ നേഴ്സുമാര്‍ എന്ന് യോഗം വിലയിരുത്തി. സുപ്രിംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നീതി ഉറപ്പുവരുത്തുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ മുഖ്യമന്ത്രിയോട് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഈ തൊഴിലിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ലഭിച്ച് വിദേശ രാജ്യങ്ങളില്‍ കഴിയുന്ന മുഴുവന്‍ പ്രവാസികളും ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്റെ അധ്യക്ഷതയില്‍ സൂറിച്ചില്‍ കൂടിയ യോഗത്തില്‍ കമ്മറ്റി അംഗം സുനില്‍ ജോസഫ് പ്രമേയം അവതരിപ്പിച്ചു. പ്രൊവിന്‍സ് പ്രസിഡണ്ട് ജോസ് വള്ളാടിയില്‍, ഗ്ലോബല്‍ ട്രഷറര്‍ ജോബിന്‍സണ്‍ കൊറ്റത്തില്‍, പ്രൊവിന്‍സ് ട്രഷറര്‍ ബോസ് മണിയമ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സോജന്‍ ജോസഫ്
ചമ്പക്കുളം സംഗമം 2017 വെയില്‍സില്‍ ഉള്ള കെഫെന്‍ ലീ പാര്‍ക്കില്‍ ജൂണ്‍ 16, 17, 18 തീയതികളില്‍ നടന്നു. കുട്ടനാടന്‍ ഭക്ഷണവും നാടന്‍ കലാകായിക മത്സരങ്ങളും നടത്തി. സംഗമത്തിന്റെ ആദ്യ ദിവസമായ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടുകൂടി കെഫെന്‍ ലീ പാര്‍ക്കില്‍ എത്തിച്ചേരുകയും ഒന്നിച്ചുള്ള അത്താഴത്തോടുകൂടി സംഗമത്തിന് തുടക്കം കുറിക്കുകയുമായിരുന്നു. രണ്ടാം ദിവസമായ പതിനേഴാം തീയതി ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ അബെര്‍ടോവി ബീച്ചിലേക്ക് യാത്ര തിരിച്ചു. പ്രകൃതി രമണീയമായ ബീച്ചില്‍ മൂന്നു മണി വരെ സമയം ചിലവഴിച്ചു. നാലു മണിയോടെ താമസസ്ഥലത്തു തിരിച്ചെത്തി ഭക്ഷണത്തിനു ശേഷം ഫോറസ്റ്റില്‍ നടക്കാന്‍ പോയി.
അതിനു ശേഷം മലകയറാന്‍ പോയി. മൂന്നാം ദിവസം ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം സംഗമത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സാലി ജേക്കബ് എല്ലാവരെയും സ്വാഗതം ചെയ്തു. സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം റീന ജോമോന്റെ മാതാപിതാക്കള്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്ക പള്ളിയുടെ ചരിത്രം ഡോ. മാര്‍ട്ടിന്‍ എഴുതിയ പുസ്തകം എല്ലാവര്‍ക്കും വിതരണം ചെയ്തു. പുസ്തകം എഴുതിയ ഡോ. മാര്‍ട്ടിന്‍ പള്ളിയുടെ ചരിത്രത്തെ കുറിച്ചും അതുപോലെ പള്ളിയുടെ ചരിത്രത്തില്‍ പലരും മറന്നു പോയ രക്തസാക്ഷിയായ മാര്‍ ഇക്കാക്കോ കത്തനാരെക്കുറിച്ചും വിവരണം നല്‍കി.
സമ്മേളനത്തില്‍ വിവിധ തരം കലാരൂപങ്ങളും അവതരിപ്പിക്കപ്പെട്ടു. പാട്ട്, ഡാന്‍സ്, മോണോആക്ട്, കവിതാപാരായണം വഞ്ചിപ്പാട്ട് എന്നിവയും ഉണ്ടായിരുന്നു. ജേക്കബ്, ജോമോന്‍, സഞ്ജയ്, ജോപ്പന്‍, പോള്‍, ജോജോ, ടെസ്സി, ജിന്‍സി, റോസ്മേരി എന്നിവര്‍ നാടും നാടിനോടുള്ള സ്‌നേഹവും ഓര്‍മ്മകളും പങ്കുവച്ചു. സമ്മേളനത്തിന്റെ അവസാനം സോജന്‍ ചമ്പക്കുളം, സംഗമം ഒരു വന്‍വിജയമാക്കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അടുത്ത വര്‍ഷത്തെ സംഗമം 2018 ജൂണ്‍ മാസം 15, 16, 17 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം നാലു മണിയോടുകൂടി ഓരോരുത്തരും അവരുടെ വീടുകളിലേക്ക് യാത്ര തിരിച്ചു.
സാബു ചുണ്ടക്കാട്ടില്‍
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ഏകദിന സെമിനാര്‍ നഴ്‌സുമാര്‍ക്കായി ജൂലൈ മാസം 22 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെ ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു
1) നഴ്സ്മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍,
2) ഏജന്‍സി ഡ്യൂട്ടി ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
3) നിയമോപദേശം തേടുവാന്‍ എന്ത് ചെയ്യണം
4) പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ വന്ന മാറ്റങ്ങള്‍
5) റീവാലിഡേഷന്‍ എങ്ങനെ ചെയ്യണം പോര്‍ട്ട് ഫോളിയോ എങ്ങനെ തയ്യാറാക്കണം
6)റിഫ്‌ളക്റ്റീവ് പ്രാക്ടീസ് എങ്ങനെ തയ്യാറാക്കണം
7)ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവര്‍ നഴ്‌സിംഗ് ഹോമില്‍ ഏജന്‍സി ജോലി ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.
ഇങ്ങനെ നഴ്‌സുമാര്‍ക്കും അവരുടെ കുടുംബത്തിനും പ്രയോജനം ലഭിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും, അറിവുകള്‍ പങ്കു വെക്കുവാനും ഈ അവസരം നമ്മെ സഹായിക്കും എന്ന് ഉറപ്പു നല്‍കുന്നു. ഈ സുവര്‍ണാവസരം നമ്മുടെ നേഴ്‌സ് മാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും പ്രയോജനപ്പെടും. ആയതിനാല്‍ ഒരു ഓഫ് ബുക്ക് ചെയ്യൂ നമ്മുടെ അറിവുകള്‍ നമുക്ക് പങ്കുവെക്കാം. എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
ഇംഗ്ലണ്ടിലെ വിശ്വാസികൾക്ക് പള്ളികളിലെ കളക്ഷന് ഇനി മുതൽ മോഡേൺ ടെക്നോളജി ഉപയോഗിക്കാം. പള്ളികൾ കുർബാന മദ്ധ്യേയുള്ള പിരിവിനായി കാർഡ് ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കി. ഓഗസ്റ്റ് മുതൽ ഈ സംവിധാനം നടപ്പാക്കിത്തുടങ്ങും. തുടക്കത്തിൽ നാല്പത് പള്ളികളിലാണ് കാർഡ് പേയ്മെന്റ് പരീക്ഷിക്കുന്നത്. ചർച്ച് ഓഫ് ഇംഗ്ലണ്ടാണ് തങ്ങളുടെ കീഴിലുള്ള പള്ളികളിൽ കോണ്ടാക്റ്റ് ലെസ് കാർഡും പേയ്മെൻറ് ടെർമിനലും ഉപയോഗിച്ചുള്ള ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള പ്ലേറ്റ് സംവിധാനം ഇതോടെ ഇല്ലാതാകും. ഹാർവെസ്റ്റ് ഫെസ്റ്റിവലിനും ക്രിസ്മസിനും പുതിയ കളക്ഷൻ സംവിധാനം ഉപയോഗിക്കും.
പുതിയ തലമുറ കാഷ് ഉപയോഗിക്കാൻ കാണിക്കുന്ന വിമുഖതയ്ക്ക് ഒരു പരിഹാരമായാണ് ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നാഷണൽ സ്റ്റീവാർഡ്ഷിപ്പ് ഓഫീസർ ജോൺ പ്രെസ്റ്റൺ പറഞ്ഞു. ഏതൊക്കെ പള്ളികളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ഉടൻ തീരുമാനിക്കും. വിജയകരമാണ് എങ്കിൽ എല്ലാ രൂപതകളിലും ഇത് നടപ്പാക്കും. വിവാഹവേളകൾ, മാമ്മോദീസ ചടങ്ങുകൾ എന്നിവ നടക്കുമ്പോഴും ഡിജിറ്റൽ കളക്ഷൻ ഉപയോഗിക്കും. സ്ഥിരമായി പള്ളികളിൽ വരാത്തവർ ഇത്തരം ചടങ്ങുകൾക്ക് എത്തുമ്പോൾ കാഷ് കരുതാറില്ലാത്തതിനാൽ ഡൊണേഷൻ നല്കാൻ കാർഡ് ഉപയോഗിക്കാനാകും. ചാരിറ്റി മേഖലയിൽ നടത്തിയ ഡിജിറ്റൽ കളക്ഷൻ പരീക്ഷണം വൻ വിജയമായിരുന്നു. ബോക്സ് ഡൊണേഷനേക്കാൾ മൂന്ന് മടങ്ങ് തുക ഡിജിറ്റൽ സംവിധാനം വഴി ജനങ്ങൾ കൂടുതൽ നല്കി.
എഡിന്‍ബറോ: കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ച മുതൽ ദുരൂഹസാഹചര്യത്തില്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും കാണാതായ മലയാളി വൈദികൻ ഫാദർ മാർട്ടിൻ മരിച്ചതായി കണ്ടെത്തി. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയും സെന്റ്: മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവും ആയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ തെക്കേപുത്തൻപറമ്പ് ( വാഴച്ചിറ, 33)ന്റെ മൃതദേഹം ആണ് കണ്ടെത്തിയതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. സി എം ഐ സഭയിലെ വൈദീകർ അച്ചന്റെ വീട്ടിലെത്തി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അച്ചന്റെ താമസ സ്ഥലത്തുനിന്നും ഏകദേശം പന്ത്രണ്ട് മയിൽ അകലെ കടൽ തീരത്താണ് ബോഡി കണ്ടെടുത്തത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബുധനാഴ്ച്ച രാവിലെ നായയുമായി നടക്കാൻ പോയവരാണ് അജ്ഞാതമായ ഒരു മൃതദേഹം കാണുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. പിന്നീട് പോലീസും ആംബുലൻസ് സർവീസും ചേർന്ന് തിരിച്ചറിയാത്ത ബോഡി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മരിച്ചത് ഫാദർ മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ചത്, ഇന്നലെ പോലീസ് അച്ചന്റെ മുറിയിനിന്നും കണ്ടെത്തിയ ഫോറൻസിക് വിവരങ്ങൾ മോർച്ചറിയിൽ ഉണ്ടായിരുന്ന ബോഡിയുടെ വിവരങ്ങളുമായി ഒത്തുനോക്കിയതിന് ശേഷമായിരുന്നു. അടുത്ത ചൊവ്വാഴ്ചയാണ് പോസ്റ്റ്മാർട്ടം ഉണ്ടാവുക എന്നതാണ് ഇപ്പോൾ കിട്ടുന്ന വിവരം. എന്താണ് മരണകാരണമെന്ന് അതിന് ശേഷമേ വ്യക്തമാകുകയുള്ളു.
ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും, ഫോണിലും സംസാരിച്ചവരുണ്ട്. എന്നാല്‍ അതിനുശേഷം ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതര്‍തന്നെ കാണാതായ വിവരം പൊലീസില്‍ അറിയിച്ചത്. പഴ്‌സും പാസ്‌പോര്‍ട്ടും മറ്റ് സ്വകാര്യസാമഗ്രികളും എല്ലാം റൂമില്‍തന്നെയുണ്ട്, മുറിയുടെ വാതില്‍ തുറന്നുമാണ് കിടന്നിരുന്നത്. വ്യാഴാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികളാണ് വൈദീകന്റെ അസാന്നിധ്യം രൂപതാധികൃതരെ അറിയിച്ചത് എന്നാണ് പോലീസിന്റെ നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. ഉടൻതന്നെ രൂപതാ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്‍ട്ടിന്‍ 2013 ലാണ് സി എം ഐ സഭയിലെ അച്ചനായി പട്ടം സ്വീകരിച്ചത്. ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ 2016 ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു വന്നത്. പഠനത്തിനൊപ്പം ഫാര്‍കിക് ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് എഡിന്‍ബറോ രൂപതയിലെ കോര്‍സ്‌ട്രോഫിന്‍ ‘സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്’ റോമന്‍ കാത്തലിക് പള്ളിയിലായിരുന്നു ഫാ. മാര്‍ട്ടിന്റെ സേവനവും താമസവും. കോര്‍സ്‌ട്രോഫിന്‍ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാര്‍ട്ടിന്‍ ഏറെ ആസ്വദിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന പൊലീസ് പറഞ്ഞിരുന്നു. വൈദികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് റോജേഴ്‌സണ്‍ അറിയിച്ചിരുന്നു. എട്ടുമാസമായി ഇവിടെ താമസിക്കുന്ന വൈദികന് പ്രദേശത്തെ വഴികളും മറ്റും സുപരിചിതമാണെന്നതിനാല്‍ വഴിതെറ്റി അലയാനുള്ള സാധ്യത പോലീസ് തള്ളിയിരുന്നു. ബ്രിട്ടനിലെ സിഎംഐ. വൈദികരും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയും എഡിന്‍ബറോ രൂപതയുമായി ചേര്‍ന്ന് വൈദികനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
ഫാ. മാര്‍ട്ടിന്റെ സുഹൃത്തും കോതമംഗലം രൂപതയിലെ വൈദികനുമായ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ എഡിന്‍ബറോയിലെത്തിയിരുന്നു. ബ്രിട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം വിവിധ പള്ളികളിലും പ്രാര്‍ത്ഥന കൂട്ടായ്മകളിലും ഫാ. മാര്‍ട്ടിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്നു. ഫാ. മാട്ടിന്‍ സുരക്ഷിതമായി തിരിച്ചുവരാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് മാര്‍ ഡോ. ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കിയാണ് അച്ചൻ ഈ ലോകത്തോട് വിടപറഞ്ഞത്. ഫാദർ മാർട്ടിന്റെ അകാല വിയോഗത്തിലും, ബന്ധുമിത്രാധികളുടെ ദുഃഖത്തിലും ഞങ്ങളും പ്രാർത്ഥനയോടെ പങ്കുചേരുന്നു..
ലോറന്‍സ് പെല്ലിശേരി
റമദാന്‍ വ്രതം അനുഷ്ഠിച്ചു വരുന്ന സഹോദരങ്ങളോട് ഒത്തു ചേര്‍ന്ന് ജി.എം.എ ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നു. കര്‍മ്മ പഥങ്ങളിലെല്ലാം മതേതരത്വവും സാഹോദര്യവും പാലിച്ചു വരുന്ന ജി.എം.എ അംഗങ്ങള്‍ വേറിട്ട ഈ കൂടിച്ചേരലിന്റെ ആവേശത്തിലാണ്. ജൂണ്‍ 24 ശനിയാഴ്ച വൈകീട്ട് 8.30ന് ചെല്‍റ്റന്‍ഹാമിലെ സ്വിന്‍ഡന്‍ വില്ലജ് ഹാളാണ് ഇതിന് വേദിയാകുന്നത്.
സമാധാനത്തിലും സഹനത്തിലും കരുണയിലുമെല്ലാം അധിഷ്ഠിതമായ റമദാന്റെയും ഇഫ്താറിന്റെയും മഹത്തായ സന്ദേശം ഒരിക്കലും മറക്കാത്ത അനുഭവമാക്കാനുള്ള കാത്തിരിപ്പിലാണ് ഗ്ലോസ്റ്റര്‍ഷയര്‍ മലയാളികള്‍. ഇഫ്താര്‍ വിരുന്നിന് ആവശ്യമായി വരുന്ന വൈവിധ്യങ്ങളായ ഭക്ഷണ പദാര്‍ത്ഥങ്ങളെല്ലാം നാലും അഞ്ചും കുടുംബങ്ങള്‍ വീതം ഒത്തു ചേര്‍ന്ന് തയ്യാറാക്കുമ്പോള്‍ അത് സ്‌നേഹത്തിന്റെയും പങ്കുവക്കലിന്റെയും രുചിക്കൂട്ടായി മാറുന്നു.
ജി.എം.എ അംഗങ്ങളും ഭാരവാഹികളുമായ ബീന ജ്യോതിഷ്, ഷറഫുദ്ദീന്‍, സുനില്‍ കാസിം, ലിയാഖത്, മാത്യു അമ്മായിക്കുന്നേല്‍, ബിനു പീറ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തയ്യാറെടുപ്പുകള്‍ക്ക് പ്രസിഡന്റ് ടോം ശങ്കൂരിക്കല്‍, സെക്രട്ടറി മനോജ് വേണുഗോപാല്‍, ട്രഷറര്‍ അനില്‍ തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റി സമ്പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. ഇഫ്താര്‍ വിരുന്നിലേക്ക് ഏവര്‍ക്കും ജി.എം.എ യുടെ സ്വാഗതം.
വേദിയുടെ അഡ്രസ്:
Church Rd, Swindon Village, Cheltenham GL51 9QP