ദിനേശ് വെള്ളാപ്പള്ളിയില്‍, പി ആര്‍ ഒ

കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാന നായകനും ആരെന്നതിന് ഒരുത്തരമേ ഉള്ളൂ ശ്രീനാരായണ ഗുരുദേവന്‍. ശ്രീനാരായണീയരെ സംബന്ധിച്ച് ഗുരുദേവന്റെ ജന്മദിനം ഒരു അവിസ്മരണീയമായ സുദിനമാണ്. അതിനാല്‍ തന്നെ സേവനം യുകെ 163-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷം വൂസ്റ്ററില്‍ സെപ്തംബര്‍ 10ന് ഗംഭീരമായി കൊണ്ടാടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗ്ലോസ്റ്ററില്‍ നടന്ന യോഗത്തില്‍ സേവനം യുകെയുടെ വരും കാല പ്രവര്‍ത്തനങ്ങളും ശ്രീനാരയണ ഗുരുജയന്തി ആഘോഷവും ചര്‍ച്ച ചെയ്തു. ജയന്തി ആഘോഷത്തില്‍ നാട്ടില്‍ നിന്നും കലാരാഷ്ട്രീയസാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വിപുലമായ പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.

വൂസ്റ്ററില്‍ സെപ്തംബര്‍ 10ന് നടക്കുന്ന 163-ാമത് ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് വേണു ചാലക്കുടി കണ്‍വീനര്‍ ആയി 101 അംഗങ്ങളുടെ സ്വാഗത സംഘം രൂപീകരിച്ചിരിക്കുകയാണ്. ഗുരുദേവ ജയന്തി ആഘോഷത്തിനായി വിവിധ സബ് കമ്മറ്റികളും രൂപീകരിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ ആശയം ശ്രീനാരയണീയരിലേക്കെത്തിക്കാന്‍ സേവനം യുകെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിക്കഴിഞ്ഞു.

അറിവും, വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും താഴ്ന്ന ജാതിക്കാര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു എന്ന ആദരണീയനായ ഗുരുവിലേക്ക് ഉയര്‍ന്ന മഹാത്മാവാണ് അദ്ദേഹം. അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി, ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് ഇന്ന് നാം അഭിമാനത്തോടെ കൊണ്ടുനടക്കുന്ന സ്വാതന്ത്ര്യങ്ങള്‍ പലതും.

നീണ്ട 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി ജിവതം വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍. സാമൂഹിക വിപ്ലവത്തിലൂടെ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിച്ച ഗുരുദേവന്റെ പാതയില്‍ ഏവരേയും മുന്നോട്ട് നയിക്കാന്‍ സേവനം യുകെ ആത്മാര്‍ത്ഥമായ ശ്രമമാണ് നടത്തിവരുന്നത്. തങ്ങളുടെ പ്രവര്‍ത്തന മികവുകളാണ് സേവനം യുകെയുടെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയ്ക്കും നിദാനം.

ഇനിയുള്ള ദിവസങ്ങള്‍ ആഘോഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കാണ് സംഘം നീക്കിവച്ചിരിക്കുന്നത്. മുത്തുക്കുടയുടെയും അമ്മന്‍കുടത്തിന്റേയും ശിങ്കാരി മേളത്തിന്റെയും സാന്നിധ്യത്തില്‍ വലിയ ഘോഷയാത്രയാണ് ഇക്കുറി ഒരുക്കുന്നത്. ഏവരെയും ആഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ബൈജു പാലക്കല്‍ കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടതില്‍ എന്നിവര്‍ അറിയിച്ചു.