Uncategorized

മധു ഷണ്‍മുഖം

ബ്രിട്ടനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ലിവര്‍പൂളിലെ വിസ്റ്റനിലെ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച നാലാമത് ജില്ലാ കുടുംബസംഗമം അവിസ്മരണീയമായി. ഇംഗ്ലണ്ടിന്റെ നോര്‍ത്തില്‍ ആദ്യമായി കൊണ്ടുവന്ന ജില്ലാ സംഗമത്തിനെ നോര്‍ത്തിലെ തൃശൂര്‍ ജില്ലക്കാര്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. നോര്‍ത്തിലെ ജില്ലാനിവാസികളുടെ നിര്‍ലോഭമായ സഹായങ്ങള്‍ കൊണ്ടും സഹകരണങ്ങള്‍ കൊണ്ടും വളരെ വര്‍ണ്ണാഭമായ ഒരു പരിപാടിയായി മാറ്റുവാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.

ഇതുവരെ നടന്ന ജില്ലാസംഗമത്തിനെക്കാളും വളരെ വ്യത്യസ്ഥമായ ഒരു അനുഭവമാണ് ജില്ലാനിവാസികള്‍ക്ക് ഉണ്ടായത്. കുടുംബങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്ത് ഇടപെടാനും കുടുംബവിശേഷങ്ങളും നാട്ടുവിശേഷങ്ങളും തൃശൂര്‍ ജില്ലക്കാരുടെ പരമ്പരാഗത ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും ഒക്കെ പങ്കുവെയ്ക്കുന്ന ഒരുവേദിയായി മാറിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തൃശൂര്‍ പൂരത്തിന് ഒത്തുകൂടിയ ഒരു പ്രതീതിയാണ് വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ കാണാന്‍ കഴിഞ്ഞത്.

കനത്ത മഴയെ തോല്‍പ്പിച്ചുകൊണ്ടും ആദ്യകുര്‍ബാന സ്വീകരണത്തിന്റെ തിരക്കുകള്‍ക്കിടയിലും ഇരുപത്തിയഞ്ച് കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ നാടിന്റെ പഴയകാല ഓര്‍മ്മകളും പരിചയങ്ങളും പങ്കുവെയ്ക്കുന്നത് കൗതുകത്തോടെ പുതുതലമുറ നോക്കി മനസിലാക്കുന്നുണ്ടായിരുന്നു.

ഇംഗ്ലണ്ടിന്റെ നോര്‍ത്തില്‍ സ്ഥിരതാമസക്കാരായ തൃശ്ശൂര്‍ അതിരൂപതയില്‍ നിന്നുള്ള വൈദികനായ ഫാ.ലോനപ്പന്‍ അരങ്ങാശേരിയും ഇരിങ്ങാലക്കുട രൂപതയില്‍ നിന്നുള്ള വൈദികനായ ഫാ.ജിനോ അരീക്കാട്ടും ചേര്‍ന്ന് നാലാമത് കുടുംബസംഗമം നിലവിളക്കില്‍ ദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ തൃശൂര്‍ ജില്ലക്കാരുടെ വേറിട്ട ഭാഷാപ്രയോഗത്തെയും അതുപോലെതന്നെ തനതായ തൃശൂര്‍ സംസ്‌കാരത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വാചാലമായി സംസാരിച്ച ഫാ.ലോനപ്പന്‍ അരങ്ങാശേരി സദസിന്റെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി. വിദേശരാജ്യത്ത് താമസിക്കുന്നവരായ നമുക്ക് ഇതുപോലുള്ള പ്രാദേശിക കൂട്ടായ്മകള്‍ അടുത്ത തലമുറയ്ക്ക് നമ്മുടെ നാടുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് വളരെയേറെ സഹായിക്കുമെന്ന് ഫാ.ജിനോ അരീക്കാട്ട് പറഞ്ഞു.

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘടനയുടെ ട്രഷറര്‍ സണ്ണി ജേക്കബ് സ്വാഗതവും ജനറല്‍ സെക്രട്ടറി ജീസണ്‍ പോള്‍ കടവി നന്ദിയും പറഞ്ഞു.

കുടുംബങ്ങളുടെ പരിചയപ്പെടലും തമാശകളും പൊട്ടിച്ചിരികളും കുസൃതിചോദ്യങ്ങളും കൊണ്ട് ഒരു തനി നാടന്‍ കുടുംബസംഗമമായി മാറിയ ചടങ്ങിന് ഫാ.ലോനപ്പന്‍ അരങ്ങാശേരിയുടെയും ഫാ.ജിനോ അരീക്കാട്ടിലിന്റെയും സാന്നിധ്യം വലിയ ഒരു മുതല്‍ക്കൂട്ടായിമാറി. കൃത്യമായ സമയങ്ങളില്‍ തമാശകള്‍കൊണ്ടും ഫലപ്രദമായ ഇടപെടല്‍ കൊണ്ടും പരിചയപ്പെടല്‍ ചടങ്ങിനെ വലിയ ഒരു സംഭവമാക്കിത്തീര്‍ക്കുകയും അടുത്ത വര്‍ഷത്തെ കുടുംബസംഗമം വരെ ഓര്‍ത്തിരിക്കാനുള്ള ഒരു സംഭവമാക്കിത്തീര്‍ക്കുന്നതില്‍ രണ്ടു വൈദികരുടെയും സംഭാവനകള്‍ വളരെ വലുതാണ്.

കുടുംബങ്ങള്‍ തമ്മിലുള്ള പരിചയപ്പെടലിനുശേഷം തൃശൂര്‍ ജില്ലാ സൗഹൃദവേദി അംഗങ്ങളുടെ മക്കളുടെ കലാപരിപാടികള്‍ കാണികളില്‍ ഇമ്പവും ആനന്ദവും സൃഷ്ടിച്ചു. കീര്‍ത്തന തെരസ്സാ കുറ്റിക്കാട്ട് അവതരിപ്പിച്ച കീറ്റാര്‍ വാദ്യോപകരണം കൊണ്ടുള്ള മലയാള ചലച്ചിത്രഗാനങ്ങള്‍ കാണികളെ സംഗീതസാഗരത്തില്‍ കൊണ്ടുചെന്നെത്തിച്ചു. കാണികള്‍ക്ക് സംഗീതത്തിന്റെ മാധുര്യം നല്‍കിയ ജോസഫ് ബിന്നിയും നൃത്തച്ചുവടുകളുമായി ജോ അന്ന ജീസനും പരിപാടികള്‍ക്ക് കൊഴുപ്പേകി.

ഈ കുടുംബസംഗമം വന്‍വിജയമാക്കിത്തീര്‍ക്കുന്നതിന് ഓടിനടന്ന പ്രാദേശിക സംഘാടകനിരയുടെ നായകനും സംഘടനയുടെ ട്രഷററുമായ സണ്ണി ജേക്കബിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. അതുപോലെ ഈ സംഗമത്തിന്റെ വിജയശില്പികളായിരുന്ന ഡോണ്‍ പോള്‍, സ്വപ്ന സണ്ണി, ലിസ ജിജു എന്നിവരുടെ സഹായങ്ങള്‍ വളരെ വിലപ്പെട്ടതായിരുന്നു. അവതാരകനായ ബിനോയി ജോര്‍ജിന്റെയും അവതാരകയും കഴിഞ്ഞ ജില്ലാ സംഗമങ്ങളുടെ അണിയറ ശില്പിയുമായിരുന്ന ഷൈനി ജീസന്റെയും പ്രകടനങ്ങള്‍ കാണികളുടെ മുക്തകണ്ഠം പ്രശംസ പിടിച്ചുപറ്റി.

നേരത്തെ നടത്തിയ റാഫില്‍ ടിക്കറ്റിന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഫാ.ലോനപ്പന്‍ അരങ്ങാശേരിയും ഫാ.ജിനോ അരീക്കാട്ടും ചേര്‍ന്ന് സമ്മാനിച്ചു. കലാപരിപാടികള്‍ അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള സമ്മാനം സംഘടനയുടെ ഭാരവാഹികളും മെമ്പര്‍മാരും ചേര്‍ന്ന് നല്‍കി.

തനതായ തൃശൂര്‍ രുചിയുള്ള ഉച്ചഭക്ഷണത്തിനുശേഷം ജിതേഷ് നയിച്ച സിംഫണി ഓര്‍ക്കസ്ട്രയുടെ ഗാനമേള ആവേശത്തിന്റെ തിരമാലകള്‍ സൃഷ്ടിച്ചു.

അന്യോന്യം പരിചയമില്ലാതെ ജില്ലാ സംഗമത്തില്‍ വന്ന പലകുടുംബങ്ങളും കുറെകൊല്ലങ്ങളായി അടുപ്പമുള്ളവരെപ്പോലെയാണ് അവിടെ സൗഹൃദം പങ്കുവച്ചതും സന്തോഷം പങ്കിട്ടതും. കുടുംബബന്ധങ്ങളും വ്യക്തിബന്ധങ്ങളും ഊട്ടിയുറപ്പിച്ച് സന്തോഷത്താലും ആവേശത്താലും ഇനി നമുക്ക് അടുത്തവര്‍ഷം കാണാമെന്ന് പരസ്പരം പറഞ്ഞ് പിരിയുമ്പോഴേയ്ക്കും നേരം ഒരുപാട് വൈകിയിരുന്നു.

പരിശീലക സ്ഥാനത്തു നിന്നും വിരമിക്കാനുണ്ടായ കാരണങ്ങൾ വിശദീരിച്ച് കോച്ച് അനിൽ കുംബ്ലെ രംഗത്തെത്തി. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി ഒത്തു പോകാൻ കഴിയാത്ത ബന്ധമായിരുന്നെന്നും ഇതാണ് വിരമിക്കലിലേക്ക് നയിച്ചതെന്നും കുംബ്ലെ പറഞ്ഞു. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും പുറത്ത് വിട്ട രാജിക്കത്തിലാണ് കുംബ്ലെ ഇക്കാര്യം തുറന്നടിക്കുന്നത്. തന്നോട് കോച്ചായി തുടരാൻ ആവശ്യപ്പെട്ട സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, വി.വി.എസ് ലക്ഷ്മൺ എന്നിവർ അടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി തന്നെ ആദരിച്ചതായി കുംബ്ലെ കത്തിൽ പറയുന്നു.

‘ഇന്ത്യന്‍ ടീമിന്റെ നായകന് എന്റെ ‘രീതികളോടും’ ഞാന്‍ പ്രധാന പരിശീലകനായി തുടരുന്നതിനോടും അഭിപ്രായ വ്യത്യാസമുണ്ടെന്ന് ബിസിസിഐ ആദ്യമായി എന്നെ അറിയിച്ചു. നായകന്റെയും പരിശീലകന്റെയും ബന്ധങ്ങളുടെ അതിര്‍ത്തികളെ കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളെന്ന നിലയില്‍ ഇതെന്നെ അത്ഭുതപ്പെടുത്തി. ഞാനും നായകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ബിസിസിഐ ശ്രമിച്ചെങ്കിലും ഈ പങ്കാളിത്തത്തിന് ഭാവിയില്ലാത്തതിനാല്‍, ഇതില്‍ നിന്നും ഒഴിവാകാനുള്ള ഏറ്റവും നല്ല സന്ദര്‍ഭം ഇതാണെന്ന് ഞാന്‍ കരുതുന്നു.’ കുംബ്ലെ വ്യക്തമാക്കുന്നു.

എന്റെ പരിശീലന രീതിയോടും താൻ കോച്ചായി തുടരുന്നതിനോടും താൽപര്യമില്ലെന്ന വിരാട് കോഹ്ലിയുടെ അഭിപ്രായം തിങ്കളാഴ്ചാണ് ബോർഡ് അറിയിക്കുന്നതെന്നും കുംബ്ലെ പറഞ്ഞു. പ്രഫഷണലിസം, അച്ചടക്കം, പ്രതിബദ്ധത, സത്യസന്ധത എന്നിവയിലൂടെയായിരുന്നു തന്റെ രീതിയെന്നും രാജിക്കത്തിൽ കുംബ്ലെ വ്യക്തമാക്കുന്നു. ‘ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കുന്ന എണ്ണമില്ലാത്ത ആരാധകരോട് നന്ദി രേഖപ്പെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ രാജ്യത്തിന്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യത്തെ ആരാധിക്കുന്ന ഒരാളായി ഞാന്‍ തുടരും’ എന്ന് പറഞ്ഞാണ് കുംബ്ലെ കത്ത് അവസാനിപ്പിക്കുന്നത്.

കോഹ്‌ലിയുടെ ഈ പ്രവൃത്തിക്കെതിരെ കായികലോകത്ത് നിന്നും വൻ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.

ഒളിംപിക്സിൽ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വർണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്ര ട്വിറ്ററിലൂടെയാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”എന്റെ ഗുരുവും വഴികാട്ടിയും എന്റെ പരിശീലകനായിരുന്നു. ഞാൻ അദ്ദേഹത്തെ വെറുത്തിരുന്നു. എന്നിട്ടും 20 വർഷം അദ്ദേഹത്തിന്റെ കീഴിൽ പരിശീലനം തേടി. ഞാനൊരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അദ്ദേഹം എപ്പോഴും പറയുക”. ട്വീറ്റിൽ കോഹ്‌ലിയുടെ പേര് പരാമർശിക്കുന്നില്ലെങ്കിലും കോഹ്‌ലിയെ ഉദ്ദേശിച്ചിട്ടുളളതാണെന്ന് ബിന്ദ്രയുടെ വാക്കുകളിൽനിന്നും വ്യക്തം.

Follow
Abhinav Bindra ✔ @Abhinav_Bindra
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
10:27 PM – 20 Jun 2017
1,659 1,659 Retweets 2,415 2,415 likes
Twitter Ads info and privacy
എന്റെ പരിശീലകനും ഇങ്ങനെ തന്നെ ആയിരുന്നെന്നും അദ്ദേഹം ഇപ്പോഴും ഇത് തന്നെയാണ് ചെയ്യുന്നതെന്നും ബിന്ദ്രയെ പിന്തുണച്ച് ജ്വാല ഗുട്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്.

13h
Abhinav Bindra ✔ @Abhinav_Bindra
My biggest teachers was coach Uwe.I hated him!But stuck with him for 20 years.He always told me things I did not want to hear.#justsaying
Follow
Gutta Jwala ✔ @Guttajwala
@Abhinav_Bindra Sometimes that’s the important part of training 🙈 I remember my sir doing the same…he still does it!!!
4:17 AM – 21 Jun 2017
8 8 Retweets 51 51 likes
Twitter Ads info and privacy
ചാംപ്യൻസ് ട്രോഫിയോടെ കുബ്ലെയുടെ കരാർ കാലാവധി അവസാനിച്ചിരുന്നു. വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിനെ അനുഗമിക്കാൻ കുബ്ലെയോട് നിർദേശിച്ചിരുന്നു. എന്നാൽ പര്യടനത്തിനു പുറപ്പെട്ട ഇന്ത്യൻ ടീമിന്റെ യാത്രയിൽനിന്നും കുബ്ലെ വിട്ടുനിന്നു. സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ക്രിക്കറ്റ് കമ്മിറ്റി ഇരുവരും തമ്മിലുളള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുബ്ലെയുമായി യോജിച്ചു പോകാൻ സാധിക്കില്ലെന്ന് കോഹ്‌ലി നിലപാടെടുത്തു. ടീമിലെ പലരും കോഹ്‌ലിക്കൊപ്പം ചേർന്നതോടെ കുബ്ലെ രാജി വയ്ക്കുകയായിരുന്നു.

ബിനോയി ജോസഫ്

കണ്ണുകളിൽ വിസ്മയം വിരിയിക്കുന്ന കരവിരുതുമായി.. ഭാവനയും സർഗാത്മകതയും  വിരൽതുമ്പിൽ അത്ഭുതമാകുമ്പോൾ.. നിറക്കൂട്ടുകളുടെ ലോകത്ത് ഹൃദയങ്ങളെ സാന്ദ്രമാക്കാൻ.. മനസിൻറെ സൗന്ദര്യം മറ്റുള്ളവരിലേയ്ക്ക് നിശബ്ദ പ്രവാഹമായി പകരുന്ന.. യുകെയുടെ സ്വന്തം സ്റ്റാൻലി ചേട്ടൻ. യുകെയിലെ കലാ സംസ്കാരിക സാമൂഹിക രംഗത്ത്  ഉന്മേഷത്തോടെ ഓടി നടക്കുന്ന ജന സ്നേഹിയായ തിരുത്തൽവാദി.. വിലയിരുത്തലും വിമർശനങ്ങളും ഈ ഡെർബിക്കാരന് ജീവിതത്തിൻറെ ഭാഗം തന്നെ.. ലോകമെമ്പാടും സുഹൃദ് വലയം.. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം.. നന്മയെ ഉൾക്കൊള്ളാനും തിന്മയെ തമസ്കരിക്കാനുള്ള നിശ്ചയ ദാർഡ്യം സ്റ്റാൻലി ചേട്ടന് എന്നും കരുത്ത് പകരുന്നു..

യുകെയിലേക്ക് കുടിയേറിയത് 2003 ൽ പ്രിയ പത്നി എത്സി തോമസുമൊത്ത്. ഡെർബി റോയൽ ഹോസ്പിറ്റലിൽ നഴ്സ് ആണ് എത്സി തോമസ്. കുഷേൽ സ്റ്റാൻലി, സുസൈൻ സ്റ്റാൻലി, സ്വൈൻ സ്റ്റാൻലി എന്നിവർ മക്കൾ.  ഇവർ എല്ലാവരും യുകെയിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്.   ബർട്ടനിലാണ് യു കെയിൽ ആദ്യം എത്തിയപ്പോൾ താമസിച്ചിരുന്നത്‌. ഇപ്പോൾ പത്തു വർഷമായി ഡെർബിയാണ് പ്രവർത്തന മണ്ഡലം. മലയാളികളുടെ ഇടയിൽ കേറ്ററിംഗിന് യുകെയിലെ മിഡ്ലാൻഡിൽ ആദ്യമായി തുടക്കം കുറിച്ചത് സ്റ്റാൻലി തോമസാണ്.

ഫ്ലവർ ഡെക്കറേഷൻ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു സ്റ്റാൻലി തോമസ്‌. ഫ്രൂട്ടുകൾ കൊണ്ടും കണ്ണഞ്ചിപ്പിക്കുന്ന ഡിസ്പ്ളേ ഒരുക്കുന്നതിൽ അഗ്രഗണ്യനാണ് അദ്ദേഹം. വിവാഹ, ആദ്യകുർബാന, ബർത്ത്ഡേ, കോർപറേറ്റ് ഇവൻറുകൾ എന്നിവയിൽ നിരവധി തവണ ജനങ്ങളുടെ പ്രശംസയ്ക്ക് സ്റ്റാൻലി തോമസ് അർഹനായി. യുകെയിലെ റ്റാന്റൺ ഫ്ളവർ ഷോയിൽ ലൈവ് ഫ്ളവർ അറേഞ്ച്മെൻറിൽ ഇരുനൂറിലേറെ ഫ്ളോറിസ്റ്റുകളുടെ മുൻപിൽ ജഡ്ജസിൻറെ പ്രശംസ നേടിയത് സ്റ്റാൻലി തോമസ് സന്തോഷത്തോടെ ഓർക്കുന്നു. അദ്ദേഹത്തിന് ഇതൊരു ബിസിനസല്ല, കർമ്മ സായൂജ്യമാണ്. ഇന്ത്യയിൽ ഇൻഷുറൻസ് സെക്ടറിൽ ഓഫീസറായി ജോലി ചെയ്തിരുന്ന സ്റ്റാൻലി ഇക്കണോമിക്സ് ഗ്രാജ്വേറ്റ് ആണ്.

കൊച്ചുനാൾ മുതൽ തന്നെ കലാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സ്റ്റാൻലി ഇവന്റ് ആങ്കറിംഗ്, നാടക സംവിധാനം, ഏകാങ്ക നാടകാഭിനയം, കോറിയോഗ്രഫി എന്നിവയിലും കഴിവു തെളിയിച്ചിട്ടുണ്ട്. കാലിക്കറ്റ് ഗവ: ആർട്സ് ആൻഡ് സയൻസ് കോളജിൽ പഠിച്ച സ്റ്റാൻലി തോമസ് മലയാള ഭാഷയെയും സംഗീതത്തെയും അത്യധികം സ്നേഹിക്കുന്നു. ഒ.എൻ.വിയും തായാട്ട് ശങ്കരനും ഹമീദ് ചേന്നമംഗലൂരും തൻറെ ഗുരുക്കന്മാരായിരുന്നു എന്ന് അദ്ദേഹം അഭിമാനത്തോടെ ഓർക്കുന്നു. ഫോട്ടോഗ്രഫിയും ഇദ്ദേഹം ഒരു ഹോബിയായി കൊണ്ടു നടക്കുന്നു. ഇടക്കാലത്ത് സിനിമയിലും ഒരു കൈ നോക്കിയിട്ടുണ്ട് സ്റ്റാൻലി. ‘മരിക്കുന്നില്ല ഞാൻ’ എന്ന സിനിമയുടെ കോ- പ്രൊഡ്യൂസർ ആയിരുന്ന സ്റ്റാൻലി തോമസ് ആ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

ബിബിന്‍ ഏബ്രഹാം

വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് യു.കെയിലെ മണ്ണില്‍ ചരിത്രം കുറിച്ചതു വര്‍ണ്ണശബളമായ വിസ്മയ കാഴ്ച്ചകളൊരുക്കി. പോയ ഞായറാഴ്ച്ച കെന്റിലെ ടോണ്‍ബ്രിഡ്ജില്‍ ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തിയ കാര്‍ണിവലില്‍ ആദ്യമായി പങ്കെടുത്ത സഹൃദയ ഒന്നാം സ്ഥാനം നേടിയെടുത്തത് ജനഹൃദയങ്ങളെ കീഴടക്കി കൊണ്ടു തന്നെ.

പത്താം വാര്‍ഷിക നിറവില്‍ ജ്വലിച്ചു നില്‍ക്കുന്ന സഹൃദയയുടെ ചരിത്രത്താളുകളില്‍ സ്വര്‍ണ ലിപികളില്‍ രചിക്കുവാന്‍ ഉതകുന്ന വിസ്മയ പ്രകടനത്തോടെ സഹൃദയ തിങ്ങിനിറഞ്ഞ ജനസാഗരത്തെ ഇളക്കി മറിച്ചത് കേരളീയ തനത് കലാരൂപങ്ങളുടെയും കലാപ്രകടനത്തിന്റെയും മാന്ത്രിക സ്പര്‍ശം ഒരുക്കി. രാജഭരണത്തിന്റെ ഓര്‍മ്മകളെ പൊടിതട്ടി ഉണര്‍ത്തി മഹാരാജാവും മഹാറാണിയും തോഴിയും ഒപ്പം നൃത്ത വേഷവിധാനങ്ങളുമായി കുട്ടികളും മുന്നില്‍ നിന്നു നയിച്ച ഘോഷയാത്രയില്‍ താലപ്പൊലിയേന്തി മങ്കകളും മുത്തുക്കുട ചൂടി പുരുഷ കേസരികളും നയനമനോഹര ദൃശ്യാവിഷ്‌കാരം നെയ്തു.

കെന്റിലെ ഏറ്റവും വലിയ കാര്‍ണിവലില്‍ പങ്കെടുത്ത ആദ്യ തവണ തന്നെ മറ്റു മത്സരാര്‍ഥികളെ നിഷ്പ്രഭമാക്കി കൊണ്ടു സഹൃദയ മുന്നേറിയപ്പോള്‍ കാണികളുടെ ഹൃദയം കവര്‍ന്ന് തിരുവാതിരയും ചെണ്ടമേളവും കഥകളിയും തെയ്യവും അക്ഷരാര്‍ഥത്തില്‍ ഒരു വിസമയ നിറക്കൂട്ട് തന്നെ ചാര്‍ത്തി.

പല സംസ്‌കാരങ്ങളുടെ സംഗമ വേദിയായ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലില്‍ മലയാളി തനിമയുടെ നേര്‍കാഴ്ച്ചകളുമായി കണ്ണിനു അഴകും കാതിന് ഇമ്പവുമായി സഹൃദയ നടന്നു കയറിയപ്പോള്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ നിലയ്ക്കാത്ത കരഘോഷത്താലും ആര്‍പ്പുവിളികളോടെയുമാണ് സ്വീകരണമൊരുക്കിയത്. പിന്നെ മലയാളത്തിന്റെ മുഗ്ദ്ധസൗന്ദര്യം ഒപ്പിയെടുക്കുവാന്‍ സ്വദേശികള്‍ മത്സരിക്കുന്ന നിറപ്പകിട്ടാര്‍ന്ന് കാഴ്ചക്കാണ് ടോണ്‍ബ്രിഡ്ജ് സാക്ഷ്യം വഹിച്ചത്.

ഏകദേശം നാലായിരത്തോളം കാണികളും മുപ്പത്തിയഞ്ചോളം പ്ലോട്ടുകളും പങ്കെടുത്ത ഘോഷയാത്രയില്‍ കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും ചരിത്രവും വിളിച്ചറിയിച്ചു സഹൃദയാംഗങ്ങള്‍ അണിനിരന്നപ്പോള്‍ അത് കേരള സംസ്‌കാരത്തിന്റെ പ്രൗഢിയും പ്രതാപവും ബ്രിട്ടീഷ് മണ്ണില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള ഒരു വേദിയായി മാറുകയായിരുന്നു.

ഒപ്പം സഹ്യദയ ടീം ഒരുക്കിയ ലൈവ് ഫുഡ് സ്റ്റാളിലെ കൊതിയൂറുന്ന വിവിധയിനം നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കുവനായി സ്വദേശികളും വിദേശികളും മല്‍സരിച്ചപ്പോള്‍ അത് സഹൃദയക്കു ലഭിച്ച മറ്റൊരു അംഗീകാരമായി. ഈ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര കാണുവാനും ഈ ആവേശത്തില്‍ പങ്കുചേര്‍ന്നു ഇത് ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാ സഹൃദയനോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ടീം സഹൃദയ ഹൃദയത്തിന്റെ ഭാഷയില്‍ അറിയിക്കുകയാണ്.

സാജു ജോസഫ്

സത്യത്തിലാരും തിരിച്ചറിയാതെ കിടന്ന ഈ വ്യത്യസ്ത സംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം. യുകെയില്‍ സാമൂഹ്യ സാംസ്‌കാരിക കലാ മണ്ഡലങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒട്ടനവധി വ്യക്തികളുടെ അപൂര്‍വ്വ കൂട്ടായ്മയായ ചേര്‍ത്തല സംഗമം ജൂണ്‍ 24 ശനിയാഴ്ച സ്‌റ്റേ്ാക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടത്തപ്പെടുന്നു. ഇത്തവണ പരിപാടികള്‍ക്ക് മാറ്റുകൂട്ടുവാന്‍ നാട്ടില്‍ നിന്നും എത്തിയിട്ടുള്ള അനുഗ്രഹീത കലാകാരന്‍ വില്‍സ്വരാജ് മുഖ്യാതിഥി ആയി വരുന്നുണ്ട് എന്നത് ചേര്‍ത്തലക്കാരില്‍ ആവേശം ജനിപ്പിച്ചിട്ടുണ്ട്. ഒരു ദിവസത്തെ സംഗമത്തില്‍ നാട്ടുകാരുമായി അടുത്തിടപഴകാന്‍ സമയം പോരാ എന്ന പരാതിയെത്തുടര്‍ന്ന്, ആഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് ദിവസം താമസിച്ച് ആസ്വദിക്കുന്നതിനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

പലരും തലേ ദിവസവും പിറ്റേ ദിവസവും ഹോട്ടലുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ചേര്‍ത്തലക്കാര്‍ ധാരാളമായുള്ള വോക്കിംഗ്, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കോച്ച് ബുക്ക് ചെയ്താണ് സംഗമത്തിന് പോകുന്നത് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എത്ര മാത്രം ആവേശം ഉണ്ടെന്നു പറയാതെതന്നെ മനസ്സിലാകും.
മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ കലാ സംസ്‌കാരിക സാമൂഹ്യ മണ്ഡലങ്ങളില്‍ ചേര്‍ത്തലക്കാരുടെ പേര് വാനോളം ഉയര്‍ത്തിയ വ്യക്തികള്‍ക്ക് നല്‍കി വരുന്ന ‘പ്രൈഡ് ഓഫ് ചേര്‍ത്തല’ പുരസ്‌കാരം ഇത്തവണ മൂന്ന് പേര്‍ക്കാണ് നല്‍കുന്നത് എന്നതും ഈ സംഗമത്തിന്റെ പ്രത്യേകതയാണ്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ മോഡലിംഗ് രംഗത്തേക്ക് ചുവടു വെച്ച് ഈ വര്‍ഷത്തെ ‘കാര്‍ണിവല്‍ ക്വീന്‍ ഓഫ് ഗ്ലോസ്റ്റ്ര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ട സിയന്‍ ജേക്കബ്, യുക്മയുടെ സ്ഥാപക പ്രസിഡന്റും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും ആയ വോക്കിങ്ങിലെ വര്‍ഗീസ് ജോണ്‍, കലാ സാഹിത്യ മേഖലയിലെ പ്രമുഖന്‍ ഷെഫീല്‍ഡിലെ അജിത് പാലിയത്ത് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം നല്‍കുന്നത്.

സംഗമവേദിയായ സ്‌റ്റേ്ാക്കിലെ ബ്രാഡ്വെല്‍ കമ്മ്യുണിറ്റി സെന്റര്‍ അലങ്കരിക്കുന്നത് ബാത്തിലുള്ള കെ പി എസ് ഡെക്കറേഷന്‍ ആണ്.

സംഗമവേദിയുടെ വിലാസം : Bradwell community centre, Riceyman Road, Stoke-on-Trent, ST5 8LF.

Contacts : Canatious ( 07737061687), Manoj (07986244923)

പൂള്‍ ആന്‍റ് ബോണ്‍മൌത്ത് ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂൺ പതിനേഴാം തീയതി വൈകുന്നേരo 4.00മണിക്ക് റവ. ഫാ. ചാക്കോ പനന്തറയുടെ കാർമ്മികത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷയും ഒപ്പീസും നടന്നു. തുടർന്ന് സജു ചക്കുങ്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ വിവിധ സാംസ്കാരിക മത രാഷ്ട്രീയ സംഘടനകളുടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ജാതിമതഭേദമെന്യേ ഏവർക്കും പ്രിയങ്കരനായിരുന്നു. അതിനാൽ PBKCA യുടെ അനുശോചന യോഗത്തിൽ കക്ഷിരാഷ്ട്രീയ മത ഭേദമെന്യേ ഏവരും പങ്കെടുത്തു. യോഗത്തെ അഭിസംബോധന ചെയ്ത് സീറോ മലബാർ പള്ളിയുടെ ട്രസ്റ്റിയും യുക്മ പ്രതിനിധിയുമായ ഷാജി തോമസ്, മൂർ ഡൗൺ അസോസിയേഷന്റെ പ്രസിഡന്റും പള്ളികമ്മിറ്റി ട്രസ്റ്റിയുമായ നോബിൾ തെക്കുംമുറി, ഡോർസെറ്റ് കേരളാ കമ്മൂണിറ്റി ക്കു വേണ്ടിയും ഹിന്ദു സമാജത്തിനു വേണ്ടിയും പ്രസിഡന്റ് മനോജ് പിള്ള എന്നിവര്‍ സംസാരിച്ചു. PBKCA യ്ക്കു വേണ്ടി സ്റ്റീഫൻ മുളക്കലും റെമി ജോസഫും ശാലു ചാക്കോയും യോഗത്തിൽ സംസാരിച്ചു. ടെലിഫോണില്‍ കൂടി SNDP പ്രസിഡന്റ് ഉല്ലാസ് ശങ്കറും, ചേതന പ്രസിഡന്റ് വിനോ തോമസും, ഓർത്തഡോക്സ് സഭയ്ക്കു വേണ്ടി മാത്യു വർഗ്ഗീസും അനുശോചനം രേഖപ്പെടുത്തി.

യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയത്തിന്റ ഭാഷയിൽ PBKCA ക്കു വേണ്ടി പ്രസിഡന്റ് സജു ചക്കുങ്കൽ നന്ദി അറിയിച്ചു.

By Natasha Rajesh, Leicester

He never looks for praises

He’s never one to boast

He just goes on quietly working

For those he loves the most

His dreams are seldom spoken

His wants are very few

And most of the time his worries

Will go unspoken too..

He’s there… A firm foundation

Through all our storms of life

A sturdy hand to hold to

In times of stress and strife

 A true friend we can turn to

When times are good or bad

One of our greatest blessings

The man we call DAD

Happy Father’s Day…

Natasha Rajesh, Granby Primary School, Leicester

യുക്മ വെയില്‍സ് റീജിയണല്‍ കായികമേളയ്ക്ക് ആവേശോജ്ജ്വലമായ സമാപനം. യുക്മ വെയില്‍സ് റീജിയനില്‍ ഉള്‍പ്പെടുന്ന എല്ലാ അസോസിയേഷനുകളില്‍ നിന്നുമായി നിരവധി കായിക താരങ്ങള്‍ പങ്കെടുത്ത റീജിയണല്‍ കായികമേള ഈ വര്‍ഷം യുക്മ നടത്തിയ റീജിയണല്‍ കായികമേളകളില്‍ ഏറ്റവും മികച്ചതായിരുന്നു. പങ്കെടുത്തവരുടെ എണ്ണം കൊണ്ടും സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട കായികമേള എന്നും ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന ഒന്നായിരുന്നു. റീജിയണിലെ ശക്തരായ അസോസിയേഷനായ സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആതിഥേയത്വത്തില്‍ ആയിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് രജിസ്ട്രേഷനോട് കൂടിയായിരുന്നു കായികമേളയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് കായികമേളയുടെ ഉദ്ഘാടനം നടന്നു. യുക്മ വെയില്‍സ് റീജിയണല്‍ പ്രസിഡണ്ട് ബിനു കുര്യാക്കോസിന്‍റെ അദ്ധ്യക്ഷതയില്‍ സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ബിജു മാത്യു ആണ് കായികമേള ഫ്ലാഗ് ഓഫ് ചെയ്തത്. റീജിയണല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. യുക്മ മുന്‍ നാഷണല്‍ ജോയിന്‍റ് സെക്രട്ടറി ബിജു തോമസ്‌ പന്നിവേലില്‍ ആശംസകള്‍ അര്‍പ്പിച്ചു. റീജിയണല്‍ ഭാരവാഹികളായ സിബി ജോസഫ് പറപ്പള്ളി, ജയകുമാര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

മത്സര സജ്ജരായി ഒരുങ്ങി വന്ന കായിക താരങ്ങള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ തീരുമാനിച്ച് അണിനിരന്നപ്പോള്‍ ഓരോ മത്സരവും അത്യന്തം വീറും വാശിയും നിറഞ്ഞതായി. കാണികളുടെ  നിര്‍ലോഭമായ പ്രോത്സാഹനം കൂടിയായപ്പോള്‍ മത്സരങ്ങള്‍ ആവേശഭരിതമായി. ട്രാക്ക് ഇനങ്ങളിലെ മത്സരങ്ങളുടെ ശേഷം നടന്ന വടംവലി മത്സരം റീജിയണിലെ കരുത്തന്മാരുടെ പ്രകടനത്തിന്‍റെ നേര്‍ക്കാഴ്ചയായി മാറി. വടംവലിയില്‍ ആതിഥേയ അസോസിയേഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ട്രോഫി കരസ്ഥമാക്കിയത് കാര്‍ഡിഫ് മലയാളി അസോസിയേഷനാണ്.

സ്വാന്‍സി മലയാളി അസോസിയേഷന്‍ നല്‍കിയ മികച്ച ആതിഥ്യം കായികമേളയുടെ മറ്റൊരു സവിശേഷതയായി മാറി. ചരിത്രത്തിലാദ്യമായി ഒരു റീജിയണല്‍ കായികമേളയില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും സൗജന്യ ഭക്ഷണം ഒരുക്കി നല്‍കുക വഴി ആതിഥ്യമര്യാദയുടെ അവസാന വാക്കായി സ്വാന്‍സി മലയാളി അസോസിയേഷന്‍ മാറുകയുണ്ടായി.

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ സ്വാന്‍സി മലയാളി അസോസിയേഷന്‍

മത്സരത്തില്‍ ഏറ്റവുമധികം പോയിന്‍റുകള്‍ കരസ്ഥമാക്കി സ്വാന്‍സി മലയാളി അസോസിയേഷന്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയപ്പോള്‍ ശക്തമായ മത്സരം കാഴ്ച വച്ച കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ കേവലം മൂന്ന് പോയിന്‍റ് വ്യത്യാസത്തില്‍ ആണ് റണ്ണേഴ്സ് അപ്പ് ആയി മാറിയത്. വെസ്റ്റ്‌ വെയില്‍സ് മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം. മെല്‍വിന്‍ ജോണ്‍ (എസ്എംഎ), ഫിയ പോള്‍ (സി എം എ), ജോഷ്വ ബോബി (സിഎംഎ), മരിയ ടോമി (എസ്എംഎ), ജിയോ റെജി (എസ്എംഎ), ലൗബി ബിനോജി (എസ്എംഎ), ജസ്റ്റിന്‍ (സിഎംഎ), ബിജു പോള്‍ (സിഎംഎ), സിസി വിന്‍സെന്റ് എന്നിവര്‍ വിവിധ വിഭാഗങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാര്‍ ആയി.

റീജിയണല്‍ മത്സരത്തിലെ വിജയികള്‍ക്ക് ജൂണ്‍ 24ന് മിഡ്ലാന്‍ഡ്സില്‍ നടക്കുന്ന നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ട്. എല്ലാ വിജയികള്‍ക്കും ട്രോഫിയും മെഡലുകളും വിതരണം ചെയ്തതോടെ അത്യന്തം മനോഹരമായ ഒരു കായികമേളയ്ക്ക് സമാപനം കുറിച്ചു. ബിജു മാത്യു, ജേക്കബ് ജോണ്‍, ജിജി ജോര്‍ജ്ജ്, ലിസി റെജി, സിബി ജോസഫ്, ജയന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കായികമേളയെ ഒരു വന്‍ വിജയമാക്കി തീര്‍ക്കാന്‍ ശ്രമിച്ച എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിക്കുന്നതായി റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.

രാഷ്ട്രപതി സ്ഥാനത്ത് ഇനി ഒരു മാസം മാത്രം ബാക്കി നില്‍ക്കെ പ്രണബ് മുഖര്‍ജി ഒരു ദയാഹര്‍ജി കൂടി തളളി. പൂനെ വിപ്രോ ബിപിഒ കോള്‍ സെന്റര്‍ ജീവനക്കാരിയായിരുന്ന ജ്യോതികുമാരിയുടെ കൊലപാതകികളുടെ ദയാഹര്‍ജിയാണ് തളളിയത്.

2007ല്‍ രാജ്യത്തെ നടുക്കിയ കാലപാതകത്തിലെ പ്രതികളായ പുരുഷോത്തം ബൊരാത്തെ, പ്രദീപ് കൊകാഡെ എന്നിവരെ ഔദ്യോഗിക ഉത്തരവ് ലഭിക്കുന്നതോടെ തൂക്കിലേറ്റുമെന്നാണ് വിവരം. മെയ് 12ന് ലഭിച്ച ദയാഹര്‍ജി പരിശോധനയ്ക്ക് ശേഷം മെയ് 26നാണ് തളളിയത്. ഇതോടെ അദ്ദേഹത്തിന്‍റെ കാലയളവില്‍ തള്ളിയ ദയാഹരജികളുടെ എണ്ണം 30 ആയി.

രാഷ്ട്രപതിയില്‍ നിന്നും നിര്‍ദേശം ലഭിക്കുന്നതോടെ വധശിക്ഷ നടപ്പിലാക്കാനുളള നടപടികളിലേക്ക് നീങ്ങുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വാര്‍ദ്ധക്യം ബാധിച്ച രക്ഷിതാക്കളെ നോക്കേണ്ടതുണ്ടെന്ന് കാട്ടിയാണ് 36കാരനായ പുരുഷോത്തമും 30കാരനായ പ്രദീപും ദയാഹര്‍ജി നല്‍കിയത്. എന്നാല്‍ ദയാഹര്‍ജി തളളിയതോടെ 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി യാക്കൂബ് മേമന് ശേഷം മഹാരാഷ്ട്രയില്‍ ഇവരെയായിരിക്കും തൂക്കിലേറ്റുക. 2015 ജൂലൈ 30നാണ് മേമനെ തൂക്കിലേറ്റിയത്.

ഗോരക്പൂര്‍ സ്വദേശിനിയായ 22കാരിയായ ജ്യോതികുമാരിയെ 2007 നവംബര്‍ 2നാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി 10 മണിയോടെ വിപ്രോയില്‍ നിന്നും വിരമിച്ച ജ്യോതികുമാരിയെ കമ്പനി ഡ്രൈവറായ പുരുഷോത്തമും സുഹൃത്തായ പ്രദീപും കാറില്‍ കൊണ്ടുപോയി പീഡിപ്പിച്ച് കൊല്പപെടുത്തുകയായിരുന്നു.

ജ്യോതികുമാരിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് ഇവര്‍ കൊലപ്പെടുത്തിയത്. കൊലയ്ക്ക് മുമ്പ് കൈത്തണ്ട ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും തല കല്ലില്‍ ഇടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ ഗഹൂഞ്ചെയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

2012ല്‍ ഇന്‍ഡോറില്‍ നാല് വയസുള്ള ബാലികയെ മൂന്ന് പേര്‍ കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ കേസിലെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഭരണഘടനയിലെ 72ആം വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി ദയാഹരജികള്‍ പരിഗണിക്കുന്നത്. സര്‍ക്കാരിന്‍റെ ഉപദേശം കൂടി പരിഗണിച്ച് രാഷ്ട്രപതി ദയാഹരജികളില്‍ തീരുമാനമെടുക്കുന്നു. ഏറ്റവും അധികം ദയാഹരജികള്‍ തള്ളിയത് മുന്‍രാഷ്ട്രപതി ആര്‍ വെങ്കട്ടരാമന്‍റെ കാലത്താണ്. 44 ഹരജികള്‍ അദ്ദേഹം തള്ളി. കെ ആര്‍ നാരായണന്‍ ഒരു ദയാഹരജിയും പരിഗണിച്ചില്ല. എപിജെ അബ്ദുല്‍ കലാം 24 അപേക്ഷകളില്‍ രണ്ടെണ്ണത്തില്‍ മാത്രം തീര്‍പ്പുകല്‍പിച്ചു. പ്രതിഭാ പാട്ടീലാകട്ടെ 30 അപേക്ഷകളില്‍ ഇളവ് നല്‍കി

ഷിബു മാത്യൂ.
വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ജൂലൈ പതിനാറ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പതിനായിരത്തോളം വരുന്ന മലയാളി ക്രൈസ്തവ വിശ്വാസികള്‍
പരിശുദ്ധ അമ്മയുടെ പുണ്യ ഭൂമിയിലെത്തി അനുഗ്രഹം പ്രാപിക്കുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ചത് ഫാ. ടെറിന്‍ മുള്ളക്കരയ്ക്കാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപികൃതമായതിനു ശേഷമുള്ള ആദ്യ തീര്‍ത്ഥാടനത്തില്‍ തന്നെ ഇത്രയും വലിയ ഒരു ജനസമൂഹം എത്തിച്ചേരുന്നത് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയോടുള്ള വിശ്വാസികളുടെ താല്പര്യവും അതിലുപരി പരിശുദ്ധ അമ്മയോടുള്ള ഭക്തിയുമാണെന്നുള്ളതില്‍ തെല്ലും തര്‍ക്കമില്ലന്ന് വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്ററും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലിനുമായ റവ. ഫാ. ടെറിന്‍ മുള്ളക്കര പറയുന്നു. തീര്‍ത്ഥാടനത്തിന്റെ സ്ഥിതിഗതികളെക്കുറിച്ചറിയുവാന്‍ മലയാളം യുകെയുടെ പ്രതിനിധികള്‍ ഫാ. മുളളക്കരയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

റവ. ഫാ. ടെറിന്‍ മുള്ളക്കര 

പരിശുദ്ധ അമ്മയുടെ ഒരു തികഞ്ഞ ഭക്തനാണ് ഫാ. ടെറിന്‍ മുള്ളക്കര. അദ്ദേഹം ജനിച്ചതും പരിശുദ്ധ അമ്മയുടെ ജനന ദിവസമായ സെപ്റ്റംബര്‍ എട്ടിന് തന്നെ. തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടറായിരിക്കുന്ന കാലത്താണ് യുകെയിലെത്തുന്നത്. കാനന്‍ മാത്യൂ വണ്ടാളക്കുന്നേല്‍ പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് നേതൃത്വം കൊടുത്താരംഭിച്ച വാല്‍സിംഹാം തീര്‍ത്ഥാടനത്തിന്റെ കോര്‍ഡിനേറ്ററാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു.
തീര്‍ത്ഥാടനത്തിന്റെ പൂര്‍ണ്ണ വിജയത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് കഴിഞ്ഞ ആറ് മാസമായി സുഡ്ബറിയില്‍ വിശുദ്ധ കുര്‍ബാനയും മറ്റു പ്രാര്‍ത്ഥനകളും നടന്നു വരുന്നു. അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഇന്നലെ നടന്ന സമൂഹബലിയില്‍ സഡ്ബറിയിലെ കുടുംബങ്ങളും കമ്മറ്റി മെമ്പേഴ്‌സും പങ്കെടുത്തു. പിതാവിന്റെ നേതൃത്വത്തില്‍ നിരവധി മീറ്റിംഗുകളും ഇതിനോടകം നടന്നു കഴിഞ്ഞു.

പതിനായിരത്തിലധികം തമിഴ് ക്രൈസ്തവ വിശ്വാസികള്‍ പങ്കെടുത്ത തീര്‍ത്ഥാടനമാണ് വാല്‍സിംഹാമില്‍ നടന്നതില്‍ വെച്ചേറ്റവും വലിയ തീര്‍ത്ഥാടനം. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം മലയാളി ക്രൈസ്തവ വിശ്വാസികളും ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാ. ടെറിന്‍ മുള്ളക്കര പറഞ്ഞു.

തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി വലിയ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വോളന്റിയേഴ്‌സിനെ ഒരു വലിയ നിര തന്നെയുണ്ട്. കൂടാതെ ഫസ്റ്റ് എയിഡ്, ആംബുലന്‍സ് സര്‍വ്വീസ്, ഫയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളുടെ സേവനവും ഉറപ്പുവരുത്തിയിരിക്കുന്നു. കൂടാതെ അല്‍മായ സംഘടകളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സഡ്ബറി ക്രിസ്റ്റ്യന്‍ കമ്മ്യൂണിറ്റിയാണ് പ്രധാനമായും തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത്. ജൂലൈ പതിനാറിന് രാവിലെ 8 മണി മുതല്‍ വിശ്വാസികള്‍ എത്തിത്തുടങ്ങും. ഒമ്പതു മണി മുതല്‍ ശുശ്രൂഷകള്‍ ആരംഭിക്കും. ഒമ്പതു മണിക്ക് റവ. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ ടീമിന്റെ ധ്യാനം നടക്കും. പതിനൊന്നരയോടെ ധ്യാനം അവസാനിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തിനുള്ള സമയമാണ്. ഈ സമയത്ത് പരിശുദ്ധ അമ്മയ്ക്കായി വിശ്വാസികള്‍ അടിമ വെയ്ക്കുന്നതിനുള്ള അവസരമാണ്. ഉച്ചതിരിഞ്ഞ് ഒന്നരയ്ക്ക് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണം ആരംഭിക്കും. മൂന്ന് മണിക്ക് പ്രദക്ഷിണം കപ്പേളയില്‍ തിരിച്ചെത്തിയാലുടന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മീകത്വത്തില്‍ ആഘോഷമായ സമൂഹബലി നടക്കും. തദവസരത്തില്‍ അഭിവന്ദ്യ പിതാവ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളെ അഭിസംബോധന ചെയ്യും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഔദ്യോഗീക പ്രഖ്യാപനവും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബിഷപ്പായി പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനമെന്ന പ്രത്യേകത കൂടിയുണ്ട് ജൂലൈ പതിനാറിന്. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് ശേഷം ഇത്രയും വലിയ ഒരു ജനസമൂഹത്തെ അഭിവന്ദ്യ പിതാവ് അഭിസംബോധന ചെയ്യാനൊരുങ്ങുന്നത് ഇതാദ്യമാണ്. രൂപത രൂപികൃതമായതിനു ശേഷം സഭാ വിശ്വാസത്തെയും പാരമ്പര്യങ്ങളെയും ഒരു കുടക്കീഴിലാക്കാന്‍ വളരെയധികം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പിതാവിന്റെ ‘വാല്‍സിംഹാമിലെ പ്രസംഗത്തെ’ വളരെ ആകാംക്ഷയോടെയാണ് മാധ്യമങ്ങള്‍ നോക്കിക്കാണുന്നത്.
രൂപതയില്‍ നിന്നും പുറത്തു നിന്നുമായി മുപ്പതിലധികം വരുന്ന വൈദീകരും വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മ്മീകത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മെത്രാഭിഷേക ശുശ്രൂകള്‍ ഉള്‍പ്പെടെ നിരവധി ശുശ്രൂഷകള്‍ക്ക് സംഗീതം പൊഴിച്ച റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള ഗായക സംഘമാണ് വാല്‍സിംഹാമിലെ വിശുദ്ധ കുര്‍ബാനയിലും സ്വര്‍ഗ്ഗീയ സംഗീതം പൊഴിക്കുന്നത്.

റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല

വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഒരുങ്ങിക്കഴിഞ്ഞു. രൂപതയുടെ കീഴിലുള്ള ചാപ്ലിന്‍സികളിലും വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും അന്നേ ദിവസം വിശുദ്ധ കുര്‍ബാനയോ സണ്‍ഡേസ്‌ക്കൂളോ ഉണ്ടായിരിക്കുന്നതല്ല. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നതിനായി ഒട്ടുമിക്ക ചാപ്ലിന്‍സികളില്‍കളില്‍ നിന്നും കോച്ചുകളിലാണ് വിശ്വാസികള്‍ എത്തുന്നത്. കൂടാതെ സ്വന്തം കാറുകളിലും കൂട്ടമായി വിശ്വാസികള്‍ എത്തും. പാര്‍ക്കിംഗിന് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടനം നടക്കുന്ന വാല്‍സിംഹാമില്‍ വളരെ വിപുലമായ ഭക്ഷണക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള നാല് ഗ്രൂപ്പാണ് വളരെ മിതമായ നിരക്കില്‍ കേറ്ററിംഗ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ മുതല്‍ തീര്‍ത്ഥാടനം തീരുന്ന സമയം വരെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാണ്.

ജൂലൈ പതിനാറിന് നടക്കുന്ന വാല്‍സിംഹാം തീര്‍ത്ഥാടനവും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പ്രസംഗവും മലയാളം യുകെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യും. കൂടാതെ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ‘മാതൃ തീര്‍ത്ഥങ്ങളിലേയ്ക്ക്’ എന്ന തലക്കെട്ടില്‍ തീര്‍ത്ഥാടനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
തീര്‍ത്ഥാടനം നടക്കുന്ന വാല്‍സിംഹാമിലുള്ള ദേവാലയത്തിന്റെ അഡ്രസ്..

Catholic National Shrine of our Lady
Walsingham, Houghton St Giles,
Norfolk NR22 6AL
Contact.
Rev. Fr. Terin Mullakkara
Mob # 07985695056
Mr. Bibin August
Mob # 07530738220

RECENT POSTS
Copyright © . All rights reserved