മത സാഹോദര്യത്തിന്റെ സന്ദേശം ഉയര്ത്തി ലിവര്പൂള് മലയാളി അസോസിയേഷന് (ലിമ )യുടെ നേതൃത്ത്വത്തില് ശനിയാഴ്ച വൈകുന്നേരം ലിവര്പൂള്, വിസ്റ്റെന് ടൗണ്ഹാളില് നടന്ന വിഷു, ഈസ്റ്റര്, ആഘോഷം പുതുമകള് കൊണ്ട് നിറഞ്ഞുനിന്നു. അമ്മന്കുടമായിരുന്നു പുതുമകള്ക്ക് ആക്കം കൂട്ടിയത്.
വൈകുന്നേരം 7 മണിക്ക് നിലവിളക്ക് കൊളുത്തികൊണ്ടാണ് പരിപാടികള് ആരംഭിച്ചത് , പിന്നീട് കുട്ടികളെ മനോഹരമായി ഒരുക്കിയിരുന്ന വിഷുക്കണി കാണിക്കുകയും വിഷു കൈനീട്ടം നല്കുകയും ചെയ്തു. ആഘോഷത്തിനു സ്വാഗതം ആശംസിച്ചുകൊണ്ട് ലിമയുടെ പ്രസിഡന്റ് ഹരികുമാര് ഗോപാലന് സംസാരിച്ചു. ആശംസകള് നേര്ന്നുകൊണ്ട് യുക്മ നോര്ത്ത് വെസ്റ്റ് റീജിയന് പ്രസിഡണ്ട് ഷിജോ വര്ഗീസ് സംസാരിച്ചു. ലിമയുടെ ഈസ്റ്റര് വിഷു സന്ദേശം ടോം ജോസ് തടിയംപാട് നല്കി.
ലിവര്പൂളിന്റെ ചരിത്രത്തില് ആദ്യമായാണ് ഈസ്റ്ററിനെയും വിഷുവിനെയും സമിന്വയിപ്പിച്ചു കൊണ്ട് ഇത്തരം ഒരു കൂടിച്ചേരല് നടന്നത്. അതിനു നേതൃത്വം കൊടുത്ത ലിമയുടെ പ്രസിഡന്റ് ഹരികുമാര് ഗോപാലന്റെ നേതൃത്ത്വത്തിലുള്ള കമ്മിറ്റി പ്രശംസയര്ഹിക്കുന്നു.
കുട്ടികള് അവതരിപ്പിച്ച വിവിധ കലാപരിപാടികള് കാണികളെ സന്തോഷത്തില് ആറാടിച്ചു. പത്തൊന്പതാം വിവാഹ വാര്ഷികം ആഘോഷിക്കുന്ന ബിജു മഞ്ചു ദമ്പതികള്ക്കും പുതിയതായി വിവാഹിതരായ രണ്ടു ദമ്പതികളെയും യോഗത്തില് അനുമോദിച്ചു.
രുചികരഭക്ഷണമാണ് പരിപാടിയോടനുബന്ധിച്ച് വേദിയില് വിളമ്പിയത്. ലിവര്പൂളിലെ സ്പൈസ് ഗാര്ഡനാണ് ഭക്ഷണം വിതരണം ചെയ്തത്.
ലോകമെങ്ങും മതത്തിന്റെ പേരില് മനുഷ്യര് തമ്മിലടിക്കുമ്പോള് അതില്നിന്നു വ്യത്യസ്തമായി മതസാഹോദര്യത്തിന്റെ സന്ദേശം ഉയര്ത്താനാണ് ഈ പരിപാടിയിലൂടെ ശ്രമിക്കുന്നതെന്ന് ലിമ ഭാരവാഹികള് പറഞ്ഞു. പരിപാടിയില് പങ്കെടുത്ത എല്ലാവര്ക്കും ലിമ ട്രഷറര് ജോസ് മാത്യു നന്ദി അറിയിച്ചു.
മലയാളം യുകെയുടെ ഡയറക്ടറും യുക്മ മുന് ദേശീയ ട്രഷററുമായ ഷാജി തോമസിന്റെ ഭാര്യാ ആന്സി ഷാജിയുടെ സഹോദരന് തോമസ് പി സി, പാണ്ടിയാലയില് (73 വയസ്സ്)നിര്യാതനായി. ഒരു മാസമായി അര്ബുദ രോഗത്തിന് ചികിത്സയിലായിരുന്ന തോമസ് ഇന്നലെ വൈകിട്ട് ആണ് നിര്യാതനായത്. രോഗ വിവരമറിഞ്ഞു നാട്ടിലെത്തിയിരുന്ന ഷാജി തോമസിന്റെ ഭാര്യ ആന്സി ഷാജി ഉള്പ്പെടെയുള്ള ബന്ധുമിത്രാദികള് മരണസമയത്ത് അരികില് ഉണ്ടായിരുന്നു.
ബിജു, അനി, വിനീത എന്നിവരാണ് മക്കള്. മക്കള് മൂന്നു പേരും കുവൈറ്റിലാണ് ജോലി നോക്കുന്നത്. ഭാര്യ മേരി തോമസ്.
ആന്സി ഷാജിയെക്കൂടാതെ മേരി ലൂക്കോസ്, മോളി ഫിലിപ്പ്, എന്നീ രണ്ട് സഹോദരിമാരും സഹോദരന്മാരായി ലൂക്കോസ്, സൈമണ് എന്നിവരും കൂടിയുണ്ട്. സംസ്കാരം നാളെ (തിങ്കള്) വൈകുന്നേരം മൂന്ന് മണിക്ക് ഉഴവൂര് സെന്റ് സ്റ്റീഫന് ദേവാലയത്തില് നടക്കും.
പി സി തോമസിന്റെ നിര്യാണത്തില് മലയാളം യുകെ ന്യൂസ് ടീം അംഗങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
അയര്ക്കുന്നം മറ്റക്കര സംഗമത്തില് പങ്കെടുക്കുന്നതിനായി യുകെ യില് എത്തുന്ന കോട്ടയം പാര്ലമെന്റ് അംഗവും, കേരളാ കോണ്ഗ്രസ് പാര്ട്ടി വൈസ് ചെയര്മാനും ആയ ജോസ് കെ. മാണി ക്ക് പ്രവാസി കേരളാ കോണ്ഗ്രസിന്റെ ആഭ്യമുഖ്യത്തില് സ്വീകരണം നല്കുന്നു. ഈ മാസം 30 ഞായറാഴ്ച രാവിലെ 11 മണിക്ക് കവന്ട്രി സേക്രഡ് ഹാര്ട്ട് പാരിഷ് ഹാളില് നടക്കുന്ന സ്വീകരണ യോഗത്തില് യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി കേരളാ കോണ്ഗ്രസ് പ്രവര്ത്തകരും പാര്ട്ടിയിലും മറ്റു പോഷക സംഘടനകളിലും പ്രവര്ത്തിച്ചിരുന്ന നേതാക്കന്മാരും പാര്ട്ടി പ്രവര്ത്തകരും അനുഭാവികളും പങ്കെടുക്കും.
സംസ്ഥാനത്തെ പാര്ലമെന്റ് അംഗങ്ങളില് മികച്ച പാര്ലമെന്റേറിയനായും പാര്ലമെന്റില് മലയാളികളുടെയും പ്രവാസികളുടെയും പ്രശ്നങ്ങള് അവതരിപ്പിക്കുന്ന കാര്യത്തില് ഊര്ജസ്വലനും വികസന സ്വപ്നങ്ങള്ക്ക് ജീവന് കൊടുക്കുന്ന കാര്യത്തില് കര്മ്മനിരതനുമായ ജോസ് കെ. മാണിയുടെ യുകെ സന്ദര്ശനം യുകെയിലെമ്പാടുമുള്ള കേരളാ കോണ്ഗ്രസ് പ്രവര്ത്തകരിലും, കോട്ടയം പാര്ലമെന്റ് മണ്ഡലത്തിലെ പ്രവാസികളിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ആദ്യമായി യുകെയിലെത്തുന്ന ജോസ് കെ. മാണി എംപിയെ പ്രവാസി കേരളാ കോണ്ഗ്രസ് പ്രവര്ത്തകര് ഹീത്രൂ വിമാനത്താവളത്തില് സ്വീകരിക്കും.
പാലാ എന്ന ഒരേ നിയമസഭാ മണ്ഡലത്തില് നിന്ന് കഴിഞ്ഞ 50 കൊല്ലം തുടര്ച്ചയായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ എം മാണി, പി ജെ ജോസഫ് തുടങ്ങി നേതാക്കന്മാര് നയിക്കുന്ന കേരളാ കോണ്ഗ്രസ് എന്ന കര്ഷക പ്രസ്ഥാനത്തിലും പോഷക സംഘടനകളിലും ഉന്നത നേതൃസ്ഥാനങ്ങള് വഹിച്ചിരുന്ന ഒരു പറ്റം നേതാക്കന്മാരും പാര്ട്ടി പ്രവര്ത്തകരും അനുഭാവികളുമടക്കം ആയിരക്കണക്കിന് കേരളാ കോണ്ഗ്രസ് പ്രവര്ത്തകര് യുകെയുടെ മണ്ണില് ഇപ്പോഴും കേരളാ കോണ്ഗ്രസ് എന്ന പ്രസ്ഥാനത്തിനെ സ്വന്തം നെഞ്ചിലേറ്റി ജീവിക്കുന്നു.
കേരളാ കോണ്ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുപകരാന്, യുകെ യിലെമ്പാടുമുള്ള മുഴുവന് കേരള കോണ്ഗ്രസ് പാര്ട്ടി പ്രവര്ത്തകരെയും അനുഭാവികളെയും കോര്ത്തിണക്കി ഇപ്പോള് നിലവിലുള്ള പ്രവാസി കേരള കോണ്ഗ്രസ് പ്രസ്ഥാനത്തെ കൂടുതല് ശക്തവും ജനകീയവുമായ ഒരു പ്രവാസി സംഘടനയാക്കാനുള്ള ശ്രമത്തിനും ജോസ് കെ. മാണിയുടെ സാന്നിധ്യത്തില് ആലോചിക്കും.
കോട്ടയം പാര്ലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ സ്വപ്നങ്ങള്ക്ക് ചിറകു വിരിക്കാന് മണ്ഡലത്തില് വികസന വിസ്മയം തീര്ക്കുന്ന ജോസ് കെ മാണി എംപി യുടെ കഴിഞ്ഞ കാല വികസന പദ്ധതികള് മാത്രം ശ്രദ്ധിച്ചാല് മതിയാവും. യുകെയില് താമസിക്കുന്ന തന്റെ മണ്ഡലത്തിലെ പ്രവാസികളായ ജനങ്ങളെ നേരിട്ട് കാണുന്നതിനും എംപി താല്പര്യം അറിയിച്ചിട്ടുണ്ട്. യുകെയിലെ തന്റെ ഹ്രസ്വ സന്ദര്ശത്തിനിടയില് ഈ മാസം 30ന് ഉച്ചക്ക് മുന്പായി മുന്കൂട്ടി അറിയിക്കുന്നവര്ക്കായി കവന്ട്രി യില് എംപിയെ കാണുന്നതിനായുള്ള അവസരം ലഭിക്കുന്നതാണ്. താല്പര്യമുള്ളവര് [email protected] എന്ന ഈമെയിലില് മുന്കൂട്ടി ബന്ധപ്പെടേണ്ടതാണ്.
പ്രവാസി കേരളാ കോണ്ഗ്രസിന്റെ ആഭ്യമുഖ്യത്തില് നടക്കുന്ന സ്വീകരണയോഗത്തില് കേരളാ കോണ്ഗ്രസ് പാര്ട്ടിയെ സ്നേഹിക്കുന്ന മുഴുവന് ആളുകളും ഈ യോഗത്തില് പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഷൈമോന് തോട്ടുങ്കല്, ജനറല് സെക്രട്ടറിമാരായ ടോമിച്ചന് കൊഴുവനാല് ( 07828704378), സി എ ജോസഫ് (07846747602), മാനുവല് മാത്യു (07737812369), ജോര്ജ് കുട്ടി എണ്ണ പ്ലാശേരില് (07886865779), സോജി ടി മാത്യു, ബെന്നി അമ്പാട്ട്, ജിജോ അരയത്തു, ജിജി വരിക്കാശ്ശേരി, ബിനു മുപ്രാപ്പള്ളില്, ജോയി വള്ളോംകോട്ട് എന്നിവര് അറിയിക്കുന്നു.
ചെല്ട്ടന്ഹാം: പ്രൗഢഗംഭീരമായ രാജകീയ ഭംഗിയാര്ന്ന ചെല്ട്ടന്ഹാമിലെ ജോക്കി ക്ലബില് യുകെസിഎയുടെ 16ാമത് വാര്ഷികാഘോഷങ്ങള്ക്ക് ഇനി 75 ദിനങ്ങള് മാത്രം. യുകെകെസിഎയിലെ ക്നാനായ സമുദായത്തിന്റെ ശക്തിപ്രകടനമാകുന്ന യുകെസിഎ കണ്വന്ഷന് പങ്കെടുക്കുവാന് യൂണിറ്റുകള് തയ്യാറായികഴിഞ്ഞു.
ശതകോടീശ്വരരും ലോകപ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന ലോകത്തിലെ പ്രധാന കുതിരയോട്ട വേദികളിലൊന്നായ ചെല്ട്ടന്ഹാമിലെ ജോക്കി ക്ലബില് യുകെകെസിഎ കണ്വന്ഷന് നടത്തപ്പെടുമ്പോള് ഇത്തവണ റാലി മത്സരത്തില് ആര് മുത്തമിടുമെന്ന് ഉറ്റു നോക്കുകയാണ് ഓരോ ക്നാനായക്കാരനും. വിശ്വോത്തര വേദിയില് റാലി മത്സരത്തില് കപ്പില് മുത്തമിടാന് ഓരോ യൂണിറ്റുകളും വാശിയേറിയ മത്സരത്തിനു തയ്യാറെടുക്കുകയാണ്. മൂന്ന് കാറ്റഗറിയിലായാണ് റാലി മത്സരം നടത്തപ്പെടുന്നത്.
യുകെകെസിഎ കണ്വന്ഷന് കലാപരിപാടികള് അവതരിപ്പിക്കുവാന് ആഗ്രഹിക്കുന്ന യൂണിറ്റുകള് മെയ് 7നു മുന്പായി പേര് രജിസ്റ്റര് ചെയ്യേണ്ടതാണ്. ബിജു മടക്കകുഴി ചെയര്മാനായുള്ള കമ്മിറ്റിയില് ജോസി നെടുംതുരുത്തി പുത്തന്പുര, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ ചാത്തന്കളം, ഫിനില് കളത്തില്കോട്ട്, ബെന്നി മാവേലില്, റോയി സ്റ്റീഫന് എന്നിവര് പ്രവര്ത്തിക്കുന്നു.
ലണ്ടന്; മലങ്കര ഓര്ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ ബെല്ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകാംഗം കാല്വിന് പൂവത്തൂരിന് ശെമ്മാശപട്ടം നല്കുന്നു. ലണ്ടന് സെന്റ് ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് പള്ളിയില് മെയ് 7 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്ബാനയെത്തുടര്ന്ന് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മാര് തിമോത്തിയോസ് ശെമ്മാശപട്ടം നല്കും.
യുകെയില് കുടിയേറിയ ഓര്ത്തഡോക്സ് വിശ്വാസികളില് ആദ്യമായിവൈദികവൃത്തിക്ക് നിയോഗിക്കപ്പെടുന്ന വ്യക്തിയാണ് കാല്വിന്. ലിസ്ബണിലെ ഫോര്ട്ട്ഹില് കോളേജില് പഠനത്തിനു ശേഷം ലണ്ടന് ഗ്രീന്വിച്ച് യൂണിവേഴ്സിറ്റിയില് നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില് ബിരുദവും നേടിയതിനു ശേഷമാണ് കാല്വിന് വൈദിക സെമിനാരിയില് ചേര്ന്നത്.
ബെല്ഫാസ്റ്റില് താമസിക്കുന്ന അടൂര് ഇളമണ്ണൂര് പൂവത്തൂര് വീട്ടില് ജെയ്സണ് തോമസ് പൂവത്തൂരിന്റെയും ലിനിയുടെയും മകനാണ് കാല്വിന്. സഹോദരി റിമ. അടൂര് കടമ്പനാട് ഭദ്രാസനത്തിലെ ഇളമണ്ണൂര് സെന്റ് തോമസ് പള്ളിയായിരുന്നു ഇവരുടെ മാതൃഇടവക. മലങ്കര ഓര്ത്തഡോക്സ് സഭ ആദ്യമായിട്ടാണ് യുകെയില് ശെമ്മാശപട്ട സ്ഥാനാരോഹണ ശുശ്രൂഷ നടത്തുന്നത്.
ലെസ്റ്റര്: ഇന്ന് ലെസ്റ്ററില് ക്നാനായ വികാരാവേശം അലതല്ലും. യു.കെ.കെ.സി.എയുടെ ബൃഹത്തായ യൂണിറ്റുകള് അടങ്ങുന്ന മിഡ്ലാന്ഡ്സ് റീജയണ് പ്രവര്ത്തനോദ്ഘാടനവും ലെസ്റ്റര് ദശാബ്ദിയും ആഘോഷമാക്കുവാനുറച്ച് മിഡ്ലാന്ഡ്സ് ക്നാനായക്കാര്. ക്നാനായ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന പ്രൗഢഗംഭീരായ വേദിയില് മിഡ്ലാന്ഡ്സ് ക്നാനായക്കാര് തങ്ങളുടെ കരുത്ത് പ്രകടമാക്കും.
ഇന്ന് രാവിലെ പത്തരയ്ക്ക് ലെസ്റ്ററിലെ മദര് ഓഫ് ഗോഡ് കത്തോലിക്കാ ദേവാലയത്തില് ഫാ. ജസ്റ്റിന്ഡ കാരയ്ക്കാട്ട് -ന്റെ കാര്മ്മികത്വത്തില് ദിവ്യബലിയോടെ മിഡ്ലാന്ഡ്സ് റീജയണ് പ്രവര്ത്തനോദ്ഘാടനത്തിനും ലെസ്റ്റര് ദശാബ്ദിയ്ക്കും തുടക്കമാകും. തുടര്ന്ന് ലെസ്റ്റര് യൂണിറ്റ് പ്രസിഡന്റും മിഡ്ലാന്ഡ്സ് റീജിയണ് കണ്വെന്ഷന് ചെയര്മാനുമായ സിബു ജോസിന്റെ അധ്യക്ഷതയില് പൊതുസമ്മേളനം നടക്കും.
തിരുവനന്തപുരം: ജനകീയ സമിതി രജത ജൂബിലി ആഘോഷവും പുരസ്കാര സമര്പ്പണവും ഏപ്രില് 24ന് 10 മണിക്ക് തിരുവനന്തപുരം വൈ. എം.സി.എ ഹാളില് നടക്കും. കേരള ഗവര്ണര് ജസ്റ്റിസ് പി.സദാശിവം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി അഡ്വ.മാത്യു ടി.തോമസ് അദ്ധ്യക്ഷത വഹിക്കും. ഭരണ പരിഷ്ക്കരണ കമ്മിറ്റി അംഗം സി.പി.നായര് ആമുഖ പ്രസംഗം നിര്വഹിക്കും. അവാര്ഡ് കമ്മിറ്റി ചെയര്മാന് ജോര്ജ്ജ് തഴക്കര അവാര്ഡ് ജേതാക്കളെ സദസിന് പരിചയപ്പെടുത്തും. രജതജൂബിലി ആഘോഷ കമ്മിറ്റി ചെയര്മാന് വി.പി ജയചന്ദ്രന് പശസ്ത്രി പത്ര പരായണം നടത്തും.
തുടര്ന്ന് വിവിധ മേഖലകളില് സമഗ്ര സംഭാവനകള് നല്കുന്ന രാജ്യസഭാ ഉപാദ്ധ്യക്ഷന് പ്രൊഫ. പി.ജെ കുര്യന് (രാഷ്ട്ര സേവ പുരസ്ക്കാരം) മാതൃഭൂമി മാനേജിംഗ് എഡിറ്റര് എം.പി.വീരേന്ദ്രകുമാര് (മാധ്യമ പുരസ്ക്കാരം), യുവവ്യവസായി ഡെല്റ്റ ഗ്രൂപ്പ് ചെയര്മാന് തോമസ് ഫിലിപ്പ് (കാരുണ്യ പുരസ്കാരം) എന്നീ വിശിഷ്ട വ്യക്തികള്ക്ക് നല്കും.
സമിതി ജനറല് സെക്രട്ടറി അനി വര്ഗ്ഗീസ് മാവേലിക്കര സ്വാഗതവും ഡയറക്ടര് ഡോ. അശോക് അലക്സ് ഫിലിപ്പ് കൃതജ്ഞതയും പ്രകാശിപ്പിക്കും. കേരളത്തിലെ സാമൂഹിക സാംസ്ക്കാരിക മേഖലകളില് ശ്രദ്ധപതിപ്പിച്ച് സ്വാതന്ത്യ സമര സേനാനി സര്വ്വ ശ്രീ. കെ.ഇ.മാമ്മന് അമരക്കാരന് ആയ സ്വതന്ത്ര ആശയ വിനിമയ സംഘടനയാണ് ജനകീയ സമിതി.
മാഞ്ചസ്റ്റര്: കേരളാ കാത്തലിക് അസോസിയേഷന് ഓഫ് മാഞ്ചസ്റ്ററിന്റെ ഈസ്റ്റര് ആഘോഷപരിപാടികളും, ജെയിംസ് ജോസിനായുള്ള സ്റ്റെംസെല് ക്യാമ്പും നാളെ (ശനി) നടക്കും. സെയില്മൂര് കമ്യൂണിറ്റി സെന്ററില് ശനിയാഴ്ച ഉച്ചക്ക് 2.30ന് നടക്കുന്ന ദിവ്യബലിയോടെ ആഘോഷപരിപാടികള്ക്ക് തുടക്കമാകും. റവ.ഡോ ലോനപ്പന് അറങ്ങാശേരി ദിവ്യബലിയില് കാര്മ്മികനാകും. തുടര്ന്ന് അസോസിയേഷന് പ്രസിഡന്റ് ജെയ്സണ് ജോബ്, റവ.ഡോ ലോനപ്പന് അറങ്ങാശേരി എന്നിവര് ഈസ്റ്റര് ആശംസകള് നേര്ന്നു സംസാരിക്കുന്നതോടെ കലാപരിപാടികള്ക്കും ഗാനമേളക്കും തുടക്കമാകും.
ഇതേസമയം ബ്ലഡ് ക്യാന്സര് ബാധിച്ച ജെയിംസ് ജോസിനായി ഉപഹാറിന്റെ നേതൃത്വത്തില് സ്റ്റൈംസെല് കാമ്പയിനും നടക്കും. നിങ്ങള് മാഞ്ചെസ്റ്ററിലോ പരിസരപ്രദേശങ്ങളിലോ ആണ് താമസിക്കുന്നതെങ്കില് ദയവായി വൈകുന്നേരം 5 മുതല് രാത്രി 9 വരെയുള്ള സമയങ്ങളില് എപ്പോഴെങ്കിലും ഇവിടെത്തി രണ്ടു മിനിറ്റ് മാത്രം നീണ്ടുനില്ക്കുന്ന സ്വാബ് ശേഖരണത്തില് പങ്കാളികള് ആകണമെന്ന് അഭ്യര്ത്ഥിക്കുന്നു.
ഓള്ഡാം ബെന്നിയുടെ നേതൃത്വത്തിലുള്ള ഗായകരാണ് പരിപാടിയില് സംഗീതവിരുന്ന് ഒരുക്കുക. വിവിധങ്ങളായ പരിപാടികളെ തുടര്ന്ന് സ്നേഹവിരുന്നോടെ പരിപാടികള് സമാപിക്കും. സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തും. ഈസ്റ്റര് ആഘോഷപരിപാടിയിലും ജെയിംസ് ജോസിനായുള്ള സ്റ്റെംസെല് കാമ്പയിനും പങ്കെടുക്കുവാന് ഏവരെയും അസോസിയേഷന് എസ്സിക്യൂട്ടിവ് കമ്മറ്റി സ്വാഗതം ചെയ്യുന്നു.
വേദിയുടെ വിലാസം
Sale moor community hall
Norris road
Sale
M33 2TN.
കേരള രാഷ്ട്രീയ വിഹായസ്സില് കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഒളിമങ്ങാതെ നില്ക്കുന്ന സൂര്യന് ഒന്നേയുള്ളൂ..! അത് സാക്ഷാല് കെ.എം. മാണി തന്നെ. കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചര്യനായി അറിയപ്പെടുന്ന ഈ ജനകീയ നേതാവിനെ, ജനങ്ങളുടെ ഹൃദയമിടിപ്പോ ജനഹിതമോ ആരും പഠിപ്പിക്കേണ്ടതില്ല. ജനങ്ങള് ആഗ്രഹിക്കുന്നതെന്തെന്ന് മനസ്സിലാക്കി പ്രവര്ത്തിക്കുവാനുള്ള കഴിവാണ് മദ്ധ്യതിരുവിതാംകൂറിലെ ഈ നേതാവിനെ കേരളത്തിന്റെ പ്രിയപ്പെട്ട മാണിസാര് ആക്കിയത്. ഈ ജനകീയതയാണ് കേരള രാഷ്ട്രീയത്തിലെ ഭൂകമ്പങ്ങളേയും കൊടും കാറ്റുകളേയും അതിജീവിച്ചു കേരള കോണ്ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സുരക്ഷിതമായി നങ്കൂരമിടാന് കെ. എം. മാണിയെ പ്രാപ്തനാക്കുന്നത്.
നിയമസഭാ സാമാജികനായും മന്ത്രിയായും ധനകാര്യ വിദഗ്ദനായും നിയമജ്ഞനായുമെല്ലാം കേരള സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില് നിറഞ്ഞു നില്ക്കുന്ന കെ. എം. മാണി മലയാളം യു കെ യുടെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ച് വായനക്കാര്ക്കും അണിയറ പ്രവര്ത്തകര്ക്കും ആശംസകള് നേര്ന്നു. മാധ്യമ പ്രവര്ത്തനത്തില് മലയാളം യു കെ യുടെ സത്യസന്ധതയെ ശ്രീ കെ. എം. മാണി അഭിനന്ദിച്ചു. നല്ലതും ചീത്തയും മലരും പതിരും വേര്തിരിച്ച് നേരായ വാര്ത്തയില്ക്കൂടി സമൂഹത്തിലെ പ്രശ്നങ്ങളെ ജനമദ്ധ്യത്തിലെത്തിക്കുവാന് മലയാളം യു കെ നടത്തുന്ന പ്രയത്നങ്ങളെ പ്രത്യേകം പ്രശംസിച്ചു. ആതുരസേവന രംഗത്ത് മലയാളത്തിന്റെ നേഴ്സുമാര് ലോകത്തിന് നല്കുന്ന സംഭാവനകളേക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.
[ot-video][/ot-video]
കെ. എം. മാണിയുടെ വാക്കുകളില് നിന്ന്.
മലയാളം യു കെ യുടെ രണ്ടാം വാര്ഷികത്തോടനുബന്ധിച്ച് ലെസ്റ്ററില് നടക്കുന്ന അവാര്ഡ് നൈറ്റിന്റെ പ്രവര്ത്തനങ്ങള് ധ്രുതഗതിയില് പുരോഗമിക്കുകയാണ്. മലയാളം യു കെ നേഴ്സിംഗ് പ്രാഫഷണില് ഉള്ളവര്ക്കായി നടത്തിയ ലേഖന മത്സരത്തിന് കിട്ടിയ മികച്ച പ്രതികരണം മലയാളം യു കെ എക്സല് അവാര്ഡ് നൈറ്റ് യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയതിന് തെളിവാണ്.
മെയ് പതിമൂന്നിന് ലെസ്റ്റര് കേരളാ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യു കെ എക്സല് അവാര്ഡ് നൈറ്റിന് ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന് മാര്. ജോസഫ് സ്രാമ്പിക്കല് മുഖ്യാതിഥി ആയിരിക്കും. ജോയിസ് ജോര്ജ് എംപി സ്പെഷ്യല് ഗസ്റ്റായിരിക്കും. ലെസ്റ്ററില് ഒരുക്കങ്ങള് പുരോഗമിക്കുകയാണ്.
ലെസ്റ്റര്: യു.കെ.കെ.സി.എയുടെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന മിഡ്ലാന്ഡ്സ് റീജയണ് പ്രവര്ത്തനോദ്ഘാടനവും ലെസ്റ്റര് യൂണിറ്റിന്റെ ദശാബ്ദിയാഘോഷത്തിനുമായി മിഡ്ലാന്ഡ്സ് റീജിയണിലെ ക്നാനായക്കാര് ശനിയാഴ്ച ലെസ്റ്ററിലേക്ക് ഒഴുകിയെത്തും.
യു.കെ.കെ.സി.എയുടെ ശക്തമായ യൂണിറ്റുകളായ ബര്മിങ്ങ്ഹാം, ലെസ്റ്റര് കവന്ട്രി, ഡെര്ബി, കെറ്ററിങ്ങ്, വൂസ്റ്റര്, ഓക്സ്ഫോര്ഡ്, നോട്ടിങ്ങ്ഹാം എന്നീ യൂണിറ്റുകളിലെ അംഗങ്ങള് ഒന്നാകെ ലെസ്റ്ററില് അണിചേരുമ്പോള് പുത്തന് ചരിത്രഗാഥയ്ക്ക് തുടക്കമാകും.
ക്നാനായ ആവേശം അലതല്ലിയടിക്കുന്ന, സമുദായ ഐക്യവും സ്നേഹവും ഒത്തൊരുമയും പ്രകടമാകുന്ന വേദിയായി മാറും ലെസ്റ്റര്. മിഡ്ലാന്ഡ്സ് റീജിയണിലെ വിവിധ യൂണിറ്റുകള് അവതരിപ്പിക്കുന്ന കലാപരിപാടികള് പരിപാടികള്ക്ക് മാറ്റ് കൂട്ടും.
ലെസ്റ്ററിലെ മദര് ഓഫ് ഗോഡ് ചര്ച്ചില് രാവിലെ പത്തരയ്ക്ക് ദിവ്യബലിയോടെയാണ് മിഡ്ലാന്ഡ്സ് റീജയണ് – ലെസ്റ്റര് ദശാബ്ദിയാഘോഷങ്ങള്ക്ക് തുടക്കമാവുക.
തുടര്ന്ന് പൊതുസമ്മേളനം, നടവിളി മത്സരം, വിവിധ യൂണിറ്റ് അംഗങ്ങളുടെ കലാപരിപാടി എന്നിവ നടക്കും.