Uncategorized

ലണ്ടന്‍: ഹേര്‍ട് ഫോര്‍ഡ് ഷെയര്‍ ഹിന്ദു സമാജത്തിന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 22-ന് വാട്ട് ഫോര്‍ഡില്‍ നടക്കും.

ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് വാട്ട്‌ഫോര്‍ഡിലെ ഓക്‌സി വുഡ് പ്രൈമറി സ്‌കൂളില്‍ വിഷു ആഘോഷം ആരംഭിക്കും.

കേരള ബീറ്റ് – ഹാം ഷെയറിന്റെ സംഗീതനിശയും നയന മനോഹരങ്ങളാകുന്ന നൃത്ത നൃത്യേതര വിസ്മയങ്ങള്‍ക്കൊപ്പം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സുരാജ് കൃഷ്ണന്‍- 07886495832
വിനോദ് കുമാര്‍- 0786222110
രതീഷ് – 07402828825
വേദിയുടെ വിലാസം
OXHEY WOOD PRIMARY SCHOOL
OXHEY DRIVE
WAT FORD WD19 7 SL

ജോയല്‍ ചെറുപ്ലാക്കില്‍

അയര്‍ക്കുന്നം- മറ്റക്കര പ്രദേശങ്ങളില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നുമായി യുകെയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമത്തില്‍ പങ്കെടുക്കാമെന്ന് ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതുപ്പള്ളിയുടെ സ്വന്തം എംഎല്‍എയും മുന്‍ കേരള മുഖ്യമന്ത്രിയുമായ ശ്രീ. ഉമ്മന്‍ ചാണ്ടി സന്തോഷത്തോടെ സമ്മതിച്ചിരുന്നുവെങ്കിലും സംഗമം നടക്കുന്ന ഏപ്രില്‍ 29ന് നാട്ടില്‍ ഉണ്ടാവേണ്ട സാഹചര്യം ഉള്ളതുകൊണ്ട് ഇത്തവണത്തെ സംഗമത്തില്‍ സംബന്ധിക്കുവാന്‍ സാധിക്കുകയില്ലായെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചു. അധികം താമസിയാതെ യുകെ സന്ദര്‍ശിക്കുമെന്നും ആ അവസരത്തില്‍ നിശ്ചയമായും അയര്‍ക്കുന്നം മറ്റക്കര പ്രദേശങ്ങളില്‍ നിന്നുമായി യുകെ യില്‍ താമസിക്കുന്നവരുടെ കൂട്ടായ്മയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് തരുകയും ചെയ്തു.സംഗമത്തിന് എല്ലാ വിധ വിജയങ്ങളും ആശംസിച്ചു നല്‍കിയ വീഡിയോ സന്ദേശത്തിലാണ് ഉമ്മന്‍ ചാണ്ടി മനസ്സ് തുറന്ന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഉമ്മന്‍ ചാണ്ടി നേരിട്ട് തന്നെ വിശദീകരണം നല്‍കിയത് കൊണ്ട് അദ്ദേഹത്തിന്റെ യുകെ സന്ദര്‍ശനം സംബന്ധിച്ച് പുറത്തുവന്ന ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയുകയാണ്.

അയര്‍ക്കുന്നം മറ്റക്കര സംഗമത്തിന്റെ മുഖ്യ അതിഥിയായി എത്തുന്ന, ഈപ്രദേശങ്ങളിലെ കുടുംബങ്ങളുമായി നേരിട്ട് ബന്ധമുള്ള കോട്ടയത്തിന്റെ സ്വന്തം എം പി ജോസ് കെ മാണിയും, സംഗമത്തിന്റെ വിജയത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുകയും, ഏപ്രില്‍ 29 ലെ മനോഹരമായ സംഗമ ദിനത്തിനായി സന്തോഷപൂര്‍വം കാത്തിരിക്കുകയാണെന്നും വീഡിയോ സന്ദേശത്തില്‍ അറിയിക്കുകയും ചെയ്തു.

കൂടാതെ അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോനിമോള്‍ ജെയ്‌മോന്‍, മറ്റക്കര പ്രദേശങ്ങളടങ്ങുന്ന അകലക്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സണ്ണി എബ്രഹാം, അയര്‍ക്കുന്നം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും, ദീര്‍ഘനാള്‍ അയര്‍ക്കുന്നംസ്‌കൂളില്‍ അദ്ധ്യാപകനുമായിരുന്ന ശ്രീ ജയിംസ് കുന്നപ്പള്ളി എന്നിവരും യുകെയിലെ അയര്‍ക്കുന്നം – മറ്റക്കര പ്രഥമ കുടുംബ സംഗമത്തിന് സര്‍വ്വ വിധ ഭാവുകങ്ങളും വിജയങ്ങളും ആശംസിച്ചു.

ഗൃഹാതുരത്വം നിറഞ്ഞ നാടിന്റെ പൈതൃകവും, ഓര്‍മ്മകളും, സൗഹൃദങ്ങളും മനസ്സില്‍ മായാതെ നിലനില്‍ക്കുന്ന എല്ലാ കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്ന് പ്രഥമ സംഗമം വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. അയര്‍ക്കുന്നത്തും മറ്റക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കും ഈപ്രദേശങ്ങളുമായി ആത്മബന്ധമുള്ളവര്‍ക്കും, വിവാഹ ബന്ധമുള്ളവര്‍ക്കും കുടുംബത്തോടൊപ്പം സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇക്കഴിഞ്ഞ ജിസിഎസ്ഇ /എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സംഗമത്തിലെ അംഗങ്ങളുടെ കുട്ടികളെ സംഗമവേദിയില്‍ വച്ച് അംഗീകാരം നല്‍കി ആദരിക്കുന്നതുമാണ്.

സംഗമത്തിനു വേണ്ടി ജനറല്‍ കണ്‍വീനര്‍ സി. എ ജോസഫ് രചിച്ച്, ജോജി കോട്ടയംഈണം നല്‍കി, സുമേഷ് അയിരൂര്‍ ആലപിച്ച തീം സോങ്ങ് വീഡിയോ ഇതിനോടകംഅനവധി ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യപ്പെടുകയുമുണ്ടായി. ഓരോ വര്‍ഷവുംകലാകായിക വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്തി കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘാടകര്‍ വിഭാവന ചെയ്യുന്നത്.

അയര്‍ക്കുന്നം- മറ്റക്കര പ്രദേശങ്ങളില്‍ നിന്നുമുള്ള നൂറ്റിപ്പതിനാല് കുടുംബങ്ങളാണ് ഇപ്പോള്‍ സംഗമത്തിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഉള്ളത്. അതില്‍ ഭൂരിഭാഗം കുടുംബങ്ങളുംഏപ്രില്‍ 29ന് നടക്കുന്ന ആദ്യസംഗമത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കേണ്ടതുള്ളതുകൊണ്ട് ഇനിയും അയര്‍ക്കുന്നം- മറ്റക്കര പ്രദേശങ്ങളില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും ഏതെങ്കിലും കുടുംബങ്ങള്‍ക്ക് സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ എത്രയും വേഗം സംഘാടകരെ അറിയിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍മാരേയോ താഴെ പറയുന്നവരെയോ ബന്ധപ്പെടുക
സി.എ. ജോസഫ് ( ജനറല്‍ കണ്‍വീനര്‍) 07846747602
ജോജി ജോസഫ് -07809770943
ഷൈനു ക്ലയര്‍ മാത്യൂസ് -07872514619
ബാലസജീവ് കുമാര്‍ -07500777681

സംഗമ വേദിയുടെ വിലാസം

UKKCA Hall
Woodcross Lane
Wolverhampton
WV14 9BW

Date 29/04/2017, Time 9.00am to 6.00 pm

ഡെര്‍ബി മലയാളി അസോസിയേഷന്റെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ക്കു തുടക്കമായി. മത സൗഹാര്‍ദ്ദത്തിന്റെ ശംഖനാദം മുഴക്കിക്കൊണ്ട് ഡെര്‍ബി മലയാളി അസോസിയേഷന്‍ (DMA) യുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 22-ാം തിയതി നടക്കുന്ന ഈസ്റ്റര്‍/വിഷു ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മറ്റി അറിയിച്ചു.

പ്രസിഡന്റ് വില്‍സണ്‍ ബെന്നിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഈസ്റ്റര്‍ വിഷു പരിപാടികള്‍ക്ക് നൂതനമായ കലാകായിക പരിപാടികളാണ് ഈ വര്‍ഷം തയാറാക്കിയിരിക്കുന്നത്. സത്യനാരായണനും ജെസ്ലിന്‍ വിജോയും റെജി നോട്ടിങ്ഹാം, രജന മനുവും ബ്രയാന്‍ എബ്രഹാം & ടീമും ഒരുക്കുന്ന സംഗീത വിരുന്നും ആരതിയും ദീപ നായരും സംഘവും ഒരുക്കുന്ന നൃത്തവിരുന്നും ഈ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

”ലോകാ സമസ്താ സുഖിനോ ഭവന്തു”ലോകമെങ്ങും മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുമ്പോള്‍ അതില്‍നിന്നും വ്യത്യസ്തമായി മതസാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് മാനേജിങ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷം DMAയുടെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ എല്ലാ ഡെര്‍ബി മലയാളികളെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്നു സെക്രട്ടറി ജിനീഷ് തോമസ് അറിയിച്ചു.

Contact: Jineesh Thomas (secretary) – 07828808097

കെറ്ററിങ്ങ്: നിരാലംബര്‍ക്ക് കൈത്താങ്ങ് എന്ന ലക്ഷ്യവുമായി യു.കെ.കെ.സി.എ ആരംഭിച്ച ‘ലെന്റ് അപ്പീല്‍’ തുക കെറ്ററിങ്ങ് ക്നാനായ കാത്തലിക് അസോസിയേഷന്‍ കൈമാറി. ദുഃഖദുരിതമനുഭവിക്കുന്ന സഹോദരരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ യു.കെ.കെ.സി.എ ആരംഭിച്ച ലെന്റ് അപ്പീലിനു മികച്ച പ്രതികരണമാണ് കെറ്ററിങ്ങ് യൂണിറ്റില്‍ നിന്നും ലഭിച്ചത്.

പെസഹ തിരുന്നാള്‍ ദിവസം നടന്ന അപ്പംമുറിക്കല്‍ ശുശ്രൂഷയില്‍ കെറ്ററിങ്ങ് ക്നാനായ യൂണിറ്റ് അംഗങ്ങള്‍ നോമ്പ് വിഹിതം കൊണ്ടുവരികയും യു.കെ.കെ.സി.എയ്ക്ക് കൈമാറുകയും ചെയ്തു.

പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി ബിജു അലക്സ് വടക്കേക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റോയി മാത്യു
മെയ് ആറാം തിയതി ബിര്‍മിങ്ങ്ഹാം വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഇടുക്കിജില്ലാ സംഗമം കൂട്ടായ്മക്ക് ഇടുക്കി ജില്ലയുടെ മുന്‍മന്ത്രി ശ്രീ പി.ജെ ജോസഫ് ആശംസകള്‍ നേര്‍ന്നു. എല്ലാ വര്‍ഷവും നടക്കുന്ന ഇടുക്കി ജില്ലയുടെ തനിമ നിലനിര്‍ത്തുന്ന, ഇടുക്കിയുടെ മക്കളുടെ സംഗമം ശക്തിമത്തായി മുന്നേറട്ടെ എന്നും, കുടിയേറ്റ കാര്‍ഷിക ജില്ലയുടെ മനുഷ്യത്വപരമായ പാരമ്പര്യം നിലനിര്‍ത്താനും സംരക്ഷിക്കാനും ഇടുക്കി ജില്ലാ സംഗമത്തിന് കഴിയട്ടേയെന്നും പി.ജെ ജോസഫ് ആശംസിച്ചു.

ഇടുക്കി ജില്ലക്കാരായ വ്യക്തികളില്‍ നിന്നും വിദ്യാഭാസം, കല, സാമൂഹികം ചാരിറ്റി തുടങ്ങിയ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള അവസരമാണ് ഇടുക്കി ജില്ലാ സംഗമം. ഇത്തരത്തിലുള്ള നേട്ടങ്ങള്‍ കൈവരിച്ചവര്‍ തങ്ങളുടെ പേരു വിവരങ്ങള്‍ സംഗമം കമ്മറ്റിയെ അറിയിക്കണം. മെയ് മാസം ആറാം തീയതി വ്യത്യസ്ഥമായ കലാപരിപാടികളാലും, വിഭവ സമൃദ്ധമായ ഭക്ഷണത്താലും എത്തിച്ചേരുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു.ഈ സംഗമത്തിലെയ്ക്ക് എല്ലാ ഇടുക്കി ജില്ലാക്കാരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരത്തിന് www.idukkijillasangamam.co.uk അല്ലങ്കില്‍ idukkijillasangamam ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. പങ്കെടുക്കുന്നവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുവാനുള്ള അവസരം ഉണ്ട് നിങ്ങളുടെ പേരു വിവരം ഇടുക്കി ജില്ലാ സംഗമം ആക്ക്ണ്ടില്‍ രജിസ്റ്റര്‍ ചെയ്യുക ഫാമിലി 20/വ്യക്തികള്‍ 10/. BANK – BARCLAYS
ACCOUNT NAME – – IDUKKI JILLA SANGAMAM
ACCOUNT NO — 93633802.
SORT CODE — 20 76 92.

സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ് Woodcross Lane
Bliston , Wolverhampton. BIRMINGHAM. WV14 9BW.

ചാരുമൂട്: യേശുക്രിസ്തുവിന്റെ ഉയര്‍പ്പിന്റെ സന്ദേശം വിളിച്ചോതി ‘നന്മയുടെ സ്‌നേഹകൂട് ” കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കൊയിനോണിയ ഗ്രൂപ്പിന്റെ സഹകരണത്തോടെ ഈസ്റ്റര്‍ ദിനത്തില്‍ കുഷ്ഠരോഗാശു പത്രിയില്‍ ഈസ്റ്റര്‍ ആഘോഷവും സ്‌നേഹവിരുന്നും നടത്തി. രാവിലെ 10ന് ഈസ്റ്റര്‍ സംഗമം ആര്‍.രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള് അദ്യക്ഷത വഹിച്ചു. റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫാ ഈസ്റ്റര്‍ സന്ദേശം നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരുമണിമംഗലം ശ്രീ മഹാദേവര്‍ ക്ഷേത്രം പ്രസിഡന്റ് എന്‍.മുരളി ജീവകാരുണ്യ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു .കൊയി നോണിയ ഗ്രൂപ്പ് മാനേജര്‍ റജി എം. വര്‍ഗ്ഗീസ്, ഡോ .മീരാ ടി .അബ്ദുല്ല ,എ. കെ.എന്‍ അഷറഫ് , മീരാ സാഹിബ് , ദാനിയേല്‍ തോമസ് എന്നിവര്‍ ആശംസ അറിയിച്ചു.പേഷ്യന്റ്‌സ് വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ വൈ. ഇസ്മയേല്‍ നന്ദി അറിയിച്ചു. തുടര്‍ന്ന് ഈസ്റ്റര്‍ വിരുന്ന് നല്‍കി.

ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് സമൂഹത്തില്‍ നിന്നും ഒറ്റപെട്ട് കഴിയുന്ന കുഷ്ഠരോഗാശുപത്രിയിലെ 200 അന്തേവാസികള്‍ക്ക് തുടര്‍ച്ചയായി 15 ക്രിസ്മസ് ദിനങ്ങളില്‍ ജീവകാരുണ്യം പ്രവര്‍ത്തനം നടത്തി യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റിക്കോര്‍ഡ് ഉള്‍പെടെ 7 റിക്കോര്‍ഡുകളില്‍ ഇടം നേടിയ എടത്വാ സ്വദേശി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുളയുടെ നേതൃത്വത്തില്‍ ഇത് മൂന്നാം തവണയാണ് ഈസ്റ്റര്‍ ദിനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്.

മലയാളം യുകെ ന്യൂസ് ടീം

കഠിന പരിശ്രമം അത്യാവശ്യം.. അവസരങ്ങൾ തേടി പോകണം.. സ്വയം വിചിന്തനം നടത്തണം.. അറിവു വർദ്ധിപ്പിക്കാൻ നിരന്തരം ശ്രമിക്കണം. ഇംഗ്ലീഷ് പരിജ്ഞാനക്കുറവ് പലർക്കും തടസമായി.. ക്രിയാത്മകവും വിമർശനപരവുമായ വീക്ഷണത്തോടെ വിലയിരുത്തലുകൾ നടത്തി ലേഖന മത്സരത്തിൽ പങ്കെടുത്തത് നിരവധി പേർ.  യുകെയിലെ മലയാളി നഴ്സിംഗ് പ്രഫഷണലുകൾക്കായി നടത്തിയ ലേഖന മത്സരത്തിലെ വിജയികളെ  പ്രഖ്യാപിച്ചു. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിനോടനുബന്ധിച്ചാണ് മത്സരം ഒരുക്കിയത്. പ്രഫഷണൽ സമീപനത്തോടെ അവാർഡ് നൈറ്റിന് സമയബന്ധിതമായി ഒരുക്കങ്ങൾ നടത്തി വരികയാണ് ലെസ്റ്റർ കേരളാ കമ്യൂണിറ്റിയും മലയാളം യുകെ ന്യൂസ് ടീമും. ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയാണ് അവാർഡ് നൈറ്റിന് ആതിഥേയത്വം ഒരുക്കുന്നത്. അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും ഇതോടനുബന്ധിച്ച് നടക്കും.യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ? എന്ന വിഷയത്തെ അധികരിച്ചാണ് ലേഖന മത്സരം നടത്തിയത്.

മത്സരത്തിൽ ഒന്നാമതെത്തിയ ഷെറിൻ ജോസ് ലിങ്കൺ ഷയറിലെ ഗെയിൻസ് ബറോയിൽ താമസിക്കുന്നു . ജോൺ കൂപ് ലാൻഡ് NHS ഹോസ്പിറ്റൽ ഗെയിൻസ് ബറോയിൽ ജോലി ചെയ്യുകയാണ് ഷെറിൻ. ഭർത്താവ് ജെറിൻ തോമസും ഗെയിൻസ്ബറോയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇരുവരും പാലാ സ്വദേശികൾ. രണ്ടു കുട്ടികൾ ഇവർക്കുണ്ട്. ഇയർ 2 വിൽ പഠിക്കുന്ന അലിസ്റ്ററും നഴ്സറിയിൽ പോകുന്ന ഓസ്റ്റിനും. ഗെയിൻസ് ബറോ കേരള കമ്യൂണിറ്റിയിലെ സജീവ പ്രവർത്തകരാണ് ഷെറിനും കുടുംബവും. 2007 ൽ ആണ് ഷെറിനും കുടുംബവും യുകെയിൽ എത്തിയത്. തൻെറ ജീവിതത്തിലേയ്ക്ക് തന്നെ തിരിഞ്ഞു നോക്കാനുള്ള അവസരമാണ് മലയാളം യുകെ ലേഖന മത്സരത്തിലൂടെ ഒരുക്കിയതെന്ന് ഷെറിൻ പറഞ്ഞു. ആരായിരുന്നു താനെന്നും ജീവിതത്തിൽ എന്താകണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും ഇപ്പോൾ എവിടെയെത്തി നിൽക്കുന്നുവെന്നും മനസ്സിലാക്കാൻ ഈ മത്സരം വഴിയൊരുക്കി. ഇതുപോലെയുള്ള അവസരങ്ങൾ നല്കുന്ന മലയാളം യുകെയുടെ ശ്രമങ്ങൾ  അഭിനന്ദനീയമെന്ന് പറയുന്ന ഷെറിൻ,  മലയാളം യുകെ നടത്തുന്ന ഇത്തരം ഇടപെടലുകൾ സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ടു.

മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയത് പ്രസ്റ്റണിൽ നിന്നുള്ള ബീനാ ബിബിനാണ്. മലയാളം യുകെ നടത്തിയ ലേഖന മത്സരം, നഴ്സിംഗ് രംഗത്ത് മലയാളികൾ മെച്ചപ്പെടേണ്ടതുണ്ട് എന്ന വസ്തുതയെക്കുറിച്ച് ഉറക്കെ ചിന്തിക്കാനുള്ള ഒരു അവസരമാണ് എന്നു ബീന പറഞ്ഞു. നൂതന ആശയങ്ങളുമായി മുന്നോട്ടു പോകുന്ന മലയാളം യുകെയുടെ സംരംഭങ്ങൾക്ക് ബീനാ ബിബിൻ ആശംസകൾ അറിയിക്കുകയും മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കിയതിന് ന്യൂസ് ടീമിന് നന്ദിയും അറിയിച്ചു. റോയൽ പ്രസ്റ്റൺ NHS ഹോസ്പിറ്റലിൽ ആണ് ബീനാ ബിബിൻ ജോലി ചെയ്യുന്നത്. ഭർത്താവ് ബിബിൻ അഗസ്റ്റിനും നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നു. 2007 ൽ യുകെയിലെത്തിയ ബീനായും ബിബിനും പാലാ സ്വദേശികളാണ്. ബീനയ്ക്കും ബിബിനും ഒരു മകനുണ്ട്. നഴ്സറി സ്കൂളിൽ പഠിക്കുന്ന ജോഷ്വാ ബിബിൻ.

ലേഖന മത്സരത്തിൽ പങ്കെടുത്ത് വിജയിയായ ബിർമ്മിങ്ങാമിലെ സ്റ്റെക് ഫോർഡിൽ നിന്നുള്ള ബിജു ജോസഫ് ഹാർട്ട്ലാൻഡ്സ് NHS ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്നു. ഭാര്യ റീനാ ബിജു ഇതേ ഹോസ്പിറ്റലിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്. ഇയർ 7ൽ പഠിക്കുന്ന ആൽഫിയും ഇയർ 4 ൽ പഠിക്കുന്ന അമേലിയയും. ബിജു ജോസഫ് പാലാ മരങ്ങാട്ടുപള്ളി സ്വദേശിയാണ്.  സാമൂഹിക സാംസ്കാരിക ആത്മീയ രംഗങ്ങളിൽ സജീവ പ്രവർത്തനങ്ങളുമായി എന്നും മുന്നിലുണ്ട് ബിജു. ബർമ്മിങ്ങാം സിറ്റി മലയാളി കമ്യൂണിറ്റിയുടെ മുൻ പ്രസിഡന്റുകൂടിയാണ് ബിജു. യുക്മ വെസ്റ്റ് മിഡ്ലാൻസ് റീജിയണിൻെറ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റെക് ഫോർഡിലെ സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റിയിലെ സെന്റ് തെരേസാ യൂണിറ്റിൻെറ സെക്രട്ടറി നിലവിൽ ബിജു ജോസഫ് ആണ്. 2004 മുതൽ യുകെയിൽ ജോലി ചെയ്തു വരുന്നു. മലയാളം യുകെ ഒരുക്കുന്ന ഇത്തരം അവസരങ്ങൾ മലയാളി സമൂഹത്തിൻെറ നാളെകളിലെ വളർച്ചയ്ക്കുള്ള  അടിസ്ഥാന ശിലകളാണെന്ന് ബിജു ജോസഫ് പറയുന്നു. മലയാളം യുകെയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ബിജു ജോസഫ് അഭിപ്രായപ്പെട്ടു.

ലേഖന മത്സരത്തിലെ വിജയികൾക്ക് മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ വച്ച്  ട്രോഫികൾ സമ്മാനിക്കും. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1.30  മുതൽ ഒൻപതു മണി വരെ 15, റാവൻസ് ബ്രിഡ്ജ് ഡ്രൈവിലുള്ള മെഹർ കമ്യൂണിറ്റി സെന്ററിലാണ് അവാർഡ് നൈറ്റ് നടക്കുന്നത്. ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ചീഫ് ഗസ്റ്റായും ജോയിസ് ജോർജ് എം.പി സ്പെഷ്യൽ ഗസ്റ്റായും പങ്കെടുക്കും. മാഗ്നാവിഷനും ലണ്ടൻ മലയാളം റേഡിയോയും അവാർഡ് നൈറ്റിന്റെ മീഡിയ പാർട്ണർമാരാണ്. മിസ് മലയാളം യുകെ മത്സരവും ഇതോടനുബന്ധിച്ച് നടക്കും. മലയാളം യുകെയുടെയും ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെയും സംയുക്ത യോഗം ഏപ്രിൽ 9ന് ചേർന്ന് ഇവൻറിൻെറ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.

ഇസ്താംബുള്‍: തുര്‍ക്കി ജനാധിപത്യത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണത്തിലേക്ക് മാറുന്നു. ഇതു സംബന്ധിച്ച് നടന്ന ഹിതപരിശോധനയില്‍ ജനസംഖ്യയില്‍ പകുയിലേറെപ്പേര്‍ പ്രസിഡന്‍ഷ്യല്‍ ഭരണത്തിന് അനുകൂലമായി വോട്ട് ചെയ്തു. 98.2 ശതമാനം വോട്ടുകള്‍ എണ്ണ്ിക്കഴിഞ്ഞപ്പോള്‍ 51.3 ശതമാനം പേര്‍ പ്രസിഡന്റ് തയ്യിപ് എര്‍ദോഗാന് അനുകൂലമായാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തുര്‍ക്കിയില്‍ ഇനി എര്‍ദോഗാനായിരിക്കും ഭരണാധികാരി.

രാജ്യത്തെ 1,67,140 പോളിംഗ് സ്റ്റേഷനുകളിലായി അഞ്ചരക്കോടി ആളുകള്‍ ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തി. പാര്‍ലമെന്ററ്ി ജനാധിപത്യത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണത്തിലേക്ക് സമ്പൂര്‍ണ്ണ മാറ്റമാണ് ഭരണഘടനാ ഭേദഗതിയിലൂടെ എര്‍ദോഗാന്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിന് ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനായാണ് ഹിതപരിശോധന നടത്തിയത്. ജനങ്ങള്‍ അംഗീകാരം നല്‍കിയതോടെ എര്‍ദോഗാന് 2029 വരെ രാജ്യത്തിന്റെ പ്രസിഡന്റായി തുടരാം.

ജുഡീഷ്യറിയിലും ക്യാബിനറ്റിലും പ്രസിഡന്റിന് സമ്പൂര്‍ണ്ണാധിപത്യം നല്‍കുന്ന ഭേദഗതിയാണ് നടപ്പിലാകുന്നത്. ഇതോടെ ജഡ്ജിമാരെയും മന്ത്രിമാരെയും പ്രസിഡന്റ് നേരിട്ട് നിയമിക്കും. രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്കും അട്ടിമറികള്‍ക്കുമുളള മറുപടിയാണ് വിജയമെന്ന് പ്രസിഡന്റ് തയ്യിപ് എര്‍ദോഗനും പ്രധാനമന്ത്രി ബിനാലി യില്‍ദിരിമും വ്യക്തമാക്കി. അതേസമയം വീണ്ടും വോട്ടെണ്ണണമെന്നും വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ആരോപിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് പ്രധാന നഗരങ്ങളില്‍ എര്‍ദോഗന് തിരിച്ചടി ഉണ്ടായിരിക്കുകയാണെന്നും പ്രതിപക്ഷം പറയുന്നു. കൂര്‍ദ് വംശജര്‍ക്ക് ഭൂരിപക്ഷമുളള പ്രദേശങ്ങളിലും തീരമേഖലകളും എര്‍ദോഗനെ കൈവിട്ടതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

സൂറിച്ച് : വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് 2017 ലെ കേരളപ്പിറവി ആഘോഷങ്ങള്‍ നവംബര്‍ 4 ന് നടത്തുവാന്‍ സൂറിച്ചില്‍ കുടിയ എക്‌സിക്കുട്ടീവ് കമ്മറ്റി തീരുമാനിച്ചു.

ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം കേരളത്തിലെ പ്രശസ്ത മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ് സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് സ്വിസ്സ് മലയാളികളെ ആനയിക്കുമെന്നതാണ്.

ഗോവിന്ദ് മേനോന്‍, സിദ്ധാര്‍ഥ് മേനോന്‍ എന്നീ സഹോദരന്മാര്‍ ചേര്‍ന്ന് രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യന്‍ മ്യൂസിക് ബാന്‍ഡ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികള്‍ക്കിടയില്‍ വന്‍ തരംഗം ആയി മാറി. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായ് വേറിട്ട ശൈലിയില്‍ അമ്പരിപ്പിക്കുന്ന പ്രകടനവുമായി 18 പ്രശസ്ത കലാകാരന്മാരാണ് തൈക്കുടം ബ്രിഡ്ജിന്റെ ഈ ഷോയില്‍ പങ്കെടുക്കാനെത്തുന്നത്. മ്യൂസിക് മോജോ എന്ന പ്രശസ്ത ഷോയിലും ഏറ്റവുമധികം ആരാധകരുള്ള ബാന്‍ഡ് ആണ് തൈക്കൂടം ബ്രിഡ്ജ്. ഫേസ്ബുക്കില്‍ 16 ലക്ഷത്തോളം ആരാധകര്‍ ഉള്ള ഇവരുടെ പാട്ടുകള്‍ യുറ്റുബില്‍ 60 ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു. ഒരു ബിഗ് ബഡ്ജറ്റ്മെഗാ ഇവന്റ് ആയി സ്വിസ്സ് മലയാളികളുടെ ചരിത്രത്തില്‍ രേഖപ്പെടുമെന്ന് ഉറപ്പുള്ള ഈ പ്രോഗ്രാമിന് എല്ലാവരെയും വളരെ നേരത്തെ തന്നെ ക്ഷണിക്കുകയാണെന്ന് കമ്മറ്റി അറിയിച്ചു.

പ്രോഗ്രാം കമ്മറ്റികളുടെ നേതൃത്വം വഹിക്കുന്നത് ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയില്‍, പ്രസിഡണ്ട് ജോസ് വള്ളാടിയില്‍, ജനറല്‍ സെക്രട്ടറി ബാബു വേതാനി, ട്രഷറര്‍ ബോസ് മണിയംപാറയില്‍ എന്നിവരാണ്. ഈ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍ ആയി ടോമി തൊണ്ടാംകുഴിയെ കമ്മറ്റി തെരഞ്ഞെടുത്തു.

കേരളപ്പിറവിയോടനുബന്ധിച്ച് നടത്തുന്ന ഈ സംഗീതസായാഹ്നം ഒരു വന്‍ വിജയമാക്കുന്നതിനായി രൂപീകരിച്ച കമ്മറ്റിയില്‍ വിവിധ കണ്‍വീനര്‍മാരായി ജോയ് കൊച്ചാട്ട്, ജോബിന്‍സണ്‍ കൊറ്റത്തില്‍, ജോഷി പന്നാരക്കുന്നേല്‍, ജോണി ചിറ്റക്കാട്ട്, ജോര്‍ജ്കുട്ടി നമ്പുശേരില്‍, ജോഷി താഴത്തുകുന്നേല്‍, ആല്‍ബി ജോസഫ്, സിറിയക് മുടവംകുന്നേല്‍, സാജു ചേലപ്പുറത്ത്, ടോണി ഉള്ളാട്ടില്‍, മോളി പറമ്പേട്ട്, മിനി ബോസ് മണിയംപാറയില്‍, സ്മിത നമ്പുശേരില്‍ എന്നിവര്‍ ചുമതലയേറ്റു.

മലയാളം യുകെ ന്യൂസ് ടീം.

മൈലോഡിസ്പ്ലാസിയ ബാധിച്ച് ചികിത്സയിലുള്ള 22 കാരനായ മലയാളി വിദ്യാർത്ഥിക്ക് ജീവൻ നിലനിർത്താൻ മജ്ജ മാറ്റിവയ്ക്കലേ മാർഗ്ഗമുള്ളുവെന്ന് വൈദ്യശാസ്ത്രം. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിലാണ് വെസ്റ്റ് ഓഫ് ഇംഗ്ളണ്ട്, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ജെയിംസ് ജോസ് ചികിത്സയിൽ കഴിയുന്നത്. പഠനത്തിൽ മിടുമിടുക്കനായ ജെയിംസിന് അനുയോജ്യമായ മജ്ജ ദാതാവിനെ തേടിയുള്ള അന്വേഷണം തുടങ്ങിയത് ഫെബ്രുവരിയിലാണ്. സമാനമായ ജീൻ പൂളിൽ നിന്നുള്ളവരിൽ നിന്നു മജ്ജ മാറ്റിവയ്ക്കാൻ സാധിച്ചാൽ ചികിത്സ വിജയകരമാകും.

മൈലോഡിസ് പ്ലാസിയാ എന്നത് ബ്ലഡ് സെല്ലുകളെ ബാധിക്കുന്ന ഒരു തരം ക്യാൻസറാണ്. ശരീരത്തിലെ ബോൺമാരോയിൽ നിന്നാണ് ബ്ലഡ് സെല്ലുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളിൽ സ്ഥിതി ചെയ്യുന്ന മജ്ജ ദുർബലമാവുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്യുമ്പോൾ ശരീരത്തിലെ രക്ത ഉദ്പാദനത്തെ ഇത് ബാധിക്കുന്നു. മജ്ജയുടെ ആദ്യ രൂപമായ സ്റ്റെം സെല്ലുകൾ മാറ്റി വയ്ക്കുക എന്നതാണ് ഇതിനു ചെയ്യാവുന്ന ചികിത്സ. ഇതു വഴി ആരോഗ്യ പൂർണമായ മജ്ജ രൂപം പ്രാപിക്കുകയും രക്ത ഉത്പാദനം സാധാരണ ഗതിയിൽ എത്തുകയും വഴി രോഗി സുഖം പ്രാപിക്കും.

 

അനുയോജ്യമായ മജ്ജ ദാതാവിനെ കണ്ടെത്തുന്നതിനായി ഉള്ള പരിശ്രമത്തിലാണ് ജെയിംസിൻെറ പിതാവ് ജോസും മാതാവ് ഗ്രേസിയും സഹോദരൻ ജോയലും. ഡിലീറ്റ് ക്യാൻസറും ഉപഹാറും അവരുടെ ശ്രമങ്ങൾക്ക് കൈത്താങ്ങാകാൻ മുന്നോട്ട് വന്നിട്ടുണ്ട്. സ്റ്റെം സെൽ- ഓർഗൻ ഡൊണേഷൻ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ചാരിറ്റികളാണ് ഡിലീറ്റ് കാൻസറും ഉപഹാറും. ഏഷ്യൻ കമ്യൂണിറ്റിയിൽ നിന്ന് സ്റ്റെം സെൽ ഡോണർ രജിസ്റ്ററിൽ ഉളളവരുടെ എണ്ണം വളരെ കുറവാണ്. ഒരേ എത്നിക് ഒറിജിനിൽ ഉള്ളവരുടെ മജ്ജ ലഭ്യമായാൽ രോഗത്തിൽ നിന്ന് സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുതലാണ്. അനുയോജ്യമായ മജ്ജ ദാതാവിനെ കണ്ടെത്തുവാനുള്ള ശ്രമം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ജെയിംസിൻെറ കുടുംബവും ഉപഹാറും. മജ്ജ മാറ്റി വയ്ക്കലിനെക്കുറിച്ചുള്ള അജ്ഞത മൂലം വളരെ കുറച്ച് ആളുകൾ മാത്രമേ പേരു രജിസ്റ്റർ ചെയ്യാൻ മുന്നോട്ട് വന്നിട്ടുള്ളൂ. ഏഷ്യൻ വംശജരായവർ ഇതിനെക്കുറിച്ച് കൂടുതൽ ബോധവൽക്കരിക്കപ്പെടേണ്ടതുണ്ട് എന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദർ അഭിപ്രായപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി 07412934567 എന്ന നമ്പരിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Copyright © . All rights reserved