ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- വെസ്റ്റ് ലണ്ടനിലെ മെയ് ഡാ വെയിലിൽ നാല്പത്തിമൂന്നുകാരിയായ സ്ത്രീയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. തൊട്ടടുത്ത നിമിഷം തന്നെ അക്രമയിലേക്ക് കാർ ഓടിച്ചു കയറ്റി ഇരുപത്തിയാറുകാരനായ യുവാവ്. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ത്രീയും അക്രമിയും കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കാറിന്റെ ഡ്രൈവറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഉത്തരവായി. തിരക്കേറിയ ലണ്ടൻ നഗരത്തിൽ നടന്ന അസാധാരണമായ ഒരു സംഭവമാണിതെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ജിം ഈസ്റ്റ്‌വുഡ് വിലയിരുത്തി. ആക്രമി സ്ത്രീയെ പല തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പലരും സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആക്രമണം ഭയന്ന് സാധിച്ചില്ല.
പലതവണ സ്ത്രീ രക്ഷയ്ക്കായി നിലവിളിച്ചെങ്കിലും ചുറ്റും കൂടിനിന്നവർക്ക് കണ്ട് നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. തുടർന്നാണ് തൊട്ടടുത്ത നിമിഷത്തിൽ ആക്രമിയിലേക്ക് റെനോൾട്ടിന്റെ ക്ലിയോ കാർ ഒരു യുവാവ് ഓടിച്ചുകയറ്റിയത്. ആക്രമി കാറിനടിയിൽ പെട്ടാണ് മരണപ്പെട്ടത്. സിനിമയിൽ മാത്രം കാണുന്ന ദൃശ്യങ്ങളാണ് ഇന്നലെ അരങ്ങേറിയതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ പാരാമെഡിക്കൽ ടീമുകളും, ഫയർ ബ്രിഗേഡും എല്ലാം എത്തി. എന്തുകൊണ്ട് ഈ സംഭവം നടന്നു എന്നത് സംബന്ധിച്ച് വ്യക്തത ഇനിയും എത്തിയിട്ടില്ല. കാർ ഡ്രൈവർക്ക് ഈ സംഭവത്തിൽ പങ്കുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നു പോലീസ് അധികൃതർ വ്യക്തമാക്കി.
അന്യനാടുകളിൽ കാണുന്ന നൂറുകണക്കിന് നന്മകൾ നേരിട്ട് കാണുമ്പോൾ അവരോട് ഇടിച്ചു നിൽക്കാൻ നാളിതുവരെ സഹായിച്ചിരുന്നത് നമ്മുടെ നാട്ടിലെ കുടുംബകെട്ടുറപ്പും ഭാര്യാഭർത്താ ബന്ധങ്ങളുടെ ഊഷ്മതകളുമൊക്കെ ആയിരുന്നു . നമ്മുടെ നാട്ടിലെ ഭാര്യാഭർത്താക്കന്മാർ 50 -60 വർഷങ്ങളായി ഒരുമിച്ചു താമസിക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു വർഷം കഷ്ടിച്ച് ഭാര്യഭർത്ത ബന്ധം കൊണ്ടുനടക്കുന്ന വെള്ളക്കാരുടെ കണ്ണ് തള്ളുമായിരുന്നു .
പക്ഷെ ഇന്ന് നമ്മളുടെ കേരളം സ്വന്തം ഇണയെ തന്നെ മാറ്റി വിറ്റു ജീവിതം അവരുടേതായ രീതിയിൽ കൊണ്ടാടുമ്പോൾ പലവിധ ത്യാഗങ്ങൾ സഹിച്ചും നമ്മുടെ അപ്പനമ്മമാർ വർഷങ്ങളോളം ഒറ്റകെട്ടായി നിലനിന്നിരുന്നതിന്റെ നാരങ്ങാ മുട്ടായി നമ്മളിന്നും നുകരുമ്പോൾ നമ്മൾ നമ്മുടെ മക്കൾക്കായി എന്ത് മൂല്യമാണ് അവശേഷിപ്പിക്കുന്നത് ?
അതിനാൽ നമുക്കു തോന്നുന്ന ഈ താത്കാലിക പ്രേമബന്ധങ്ങൾ ദൃഢതയുള്ളതാണോ ? നമുക്ക് നോക്കാം .
പ്രേമതിയറി അനുസരിച്ചു നമുക്കാരോടെങ്കിലും ഒരു പ്രണയം തോന്നുമ്പോഴെ അതൊരു യഥാർത്ഥ പ്രണയമാകുന്നില്ല എന്നതാണ് സത്യം . മറിച്ചു അതിന് കാരണം ലൈംഗികാഭിലാഷങ്ങൾ തോന്നുമ്പോൾ മാത്രം ഒരാൾക്ക് മറ്റൊരാളോട് കൂടുതൽ അടുക്കാൻ പ്രകൃതി തന്നെ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും കൊടുത്തിരിക്കുന്ന ഒരു അനുഗ്രഹം മാത്രമാണിത് . അതിശയകരമെന്നു പറയട്ടെ, കാമമെന്ന ഈ വികാരം മനുഷ്യരിൽ മാത്രം ഒതുങ്ങുന്നുമില്ല. ഈ ഒരു വികാരത്തിലൂടെയാണ് ഭൂമിയിലുള്ള ഓരോ ജീവജാലങ്ങളും അവരുടെ ജീനുകളെ പുനർനിർമ്മിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത് അവയുടെ വംശം നിലനിർത്തുന്നത് . ഇത് പ്രകൃതി നിയമമനുസരിച്ചു പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ആവശ്യമാണ്.
അല്ലാതെ ആരോടേലും അദ്യം തോന്നുന്ന ഒരടുപ്പം ഒരിക്കലുമൊരു യഥാർത്ഥ പ്രണയബന്ധം ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും മനുഷ്യർ ഈ ഘട്ടത്തിൽ അവർക്കുണ്ടാകുന്ന കലശലായ ലൈംഗിക ആഗ്രഹം നേടുന്നതിനായി പരസ്പരം ഒത്തിരി സംഭവിക്കാൻ സാധ്യതയില്ലാത്ത വാഗ്ദാനങ്ങൾ നൽകി വശീകരിച്ചേക്കാം.
മനുഷ്യരിൽ ഈ മോഹം ഉണ്ടാകാൻ കാരണം പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ, സ്ത്രീകളിൽ ഈസ്ട്രജൻ എന്നീ ലൈംഗിക ഹോർമോണുകളിൽ നിന്നാണ്. ഹൈപ്പോതലാമസ് പുരുഷന്മാരിലെ വൃഷണങ്ങളിൽ നിന്ന് ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തെയും സ്ത്രീകളിലെ ഓവറിസിൽ നിന്ന് ഈസ്ട്രജൻ ഉൽപാദനത്തെയും ക്രമീകരിപ്പിച്ചു ലിബിഡോ അല്ലെങ്കിൽ കാമം അനുഭവിക്കാൻ ഉത്തേജിപ്പിക്കുന്നു.
അടുത്ത ഘട്ടം ആകർഷണമാണ്. കാമത്തിനപ്പുറം മറ്റൊരാളോടു തോന്നുന്ന ശക്തമായ താൽപ്പര്യം. ഇത് വിജയകരമായ പ്രണയ ബന്ധങ്ങൾക്കിത് അത്യന്താപേക്ഷിതമായി കണക്കാക്കപ്പെടുന്നു. ഈ ഒരു ഘട്ടത്തിലാണ് വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ, ഹൃദയമിടിപ്പിന്റെ ദ്രുതഗതിയിലുള്ള വർദ്ധനവ് എന്നിവ ഉൾപ്പെടെയുള്ള പ്രണയത്തിന്റെ എല്ലാ ക്ലാസിക് അടയാളങ്ങളും ഒരാൾക്ക് അനുഭവപ്പെടുന്നത് ഈ ആകർഷണത്തിന്റെ ഘട്ടത്തിലാണ് . ഇവക്കെല്ലാം കുറ്റക്കാർ നമ്മുടെ ഡോപാമൈൻ, സെറോടോണിൻ എന്നീ ചില ഹോർമോണുകളാണ് . ഇവർ മൂലം നമ്മുടെ ശരീരത്തിനുണ്ടാകുന്ന ചില പ്രതികരണങ്ങളാണ് ഈ മേല്പറഞ്ഞവയെല്ലാം .
ഡോപാമൈൻ ആഹ്‌ളാദകരമായ പ്രവർത്തനങ്ങളെ പുറത്തുകൊണ്ടുവരുന്നു . ഉദാഹരണത്തിന് നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരോട് വളരെ ആകർഷണീയത തോന്നുക അവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ തോന്നുക ഇവയെല്ലാം ഡോപാമിന്റെ അളവ് കൂടുന്നതിനാലാണ് .
ഡോപാമിൻ കൂടാതെ നോറെപിനെഫ്രിൻ എന്ന മറ്റൊരു രാസവസ്തുവും ശരീരത്തിൽ നിന്ന് പുറത്തുവിടുന്നു ഇവയുടെ സംയോജനം നിങ്ങളെ ആവേശഭരിതനാക്കുന്നത് കൂടാതെ പലപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അടുത്തിരിക്കാൻ വിവിധ തരം ഐഡിയകൾ രൂപപ്പെടുത്തുക, ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിന് കാരണമാകുന്ന രാസവസ്തുക്കളുടെ അളവ് വർദ്ധിപ്പിക്കുക, രക്തസമ്മർദ്ദം കൂട്ടുക, ഊർജ്ജം വർദ്ധിപ്പിക്കുക എന്നിവക്കൊക്കെ കൂട്ടു നിൽക്കുന്നു .
അതിനാലാണ് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ആരെങ്കിലുമായി ബന്ധം സ്ഥാപിക്കുകയോ പ്രണയത്തിലാകുകയോ ചെയ്യുമ്പോൾ ഹൃദയമിടിപ്പ് വർദ്ദിക്കുകയും വിയർക്കുകയും കൂടാതെ ചില അസ്വസ്ഥതകളും ഊർജ്ജത്തിന്റെ കുതിച്ചുചാട്ടവുമൊക്കെ അനുഭവപ്പെടുന്നത് .
അതിനാൽ നിങ്ങൾ ഒരാളുമായി പ്രണയത്തിലാകുന്നത് നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല, എന്നിരുന്നാലും ആകർഷണം പ്രാഥമികമായി വേണ്ടുന്ന ബന്ധങ്ങളിലെ ഒരു ശക്തിയാണ് .
ഈ ഘട്ടത്തിൽ ശരീരം സെറോടോണിന്റെ ഉത്പാദനം കുറക്കുകയും എന്തും സഹിച്ചും മാതാപിതാക്കളെ പോലും ഉപേക്ഷിച്ചും തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് മാത്രമായി തിരിയാനും ഇത് പ്രേരിപ്പിക്കുകയും ചെയ്യുന്നു . കൂടാതെ ഇത് ഒരു വ്യക്തിയുടെ വിശപ്പിനെയും മറ്റുപല മാനസികാവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു . നിങ്ങളുടെ മനസ്സിൽ നിന്ന് ഒരാളെ പുറത്താക്കാൻ കഴിയില്ലെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയാൽ അത് നിങ്ങളുടെ തെറ്റല്ല, മറിച്ച് സെറോടോണിന്റെ താഴ്ന്ന അളവിനാണ് ഉത്തരവാദിത്തം.
അടുത്ത സ്റ്റേജിൽ കയറുമ്പോളും ജീവിതം മുഴുവൻ തങ്ങളുടെ ബന്ധം കഴിഞ്ഞ സ്റ്റേജുപോലെ തന്നെ ആഹ്ലാദകരമായിരിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നു.ഈ ഘട്ടത്തിലേക്ക് കയറുന്ന പങ്കാളികൾ തന്റെ പങ്കാളിയുമായി കൂടുതൽ കൂടുതൽ ദിനങ്ങൾ പങ്കിടുന്നതനുസരിച്ചു നിങ്ങൾ അവരെ കൂടുതൽ കൂടുതൽ അറിയുകയും പതുക്കെ ഡോപാമൈൻ തിരക്ക് സാവധാനം കുറയുകയും ചെയ്യുമ്പോൾ കുടുംബ പ്രശ്നങ്ങൾ ആരംഭിക്കുന്നു. അങ്ങനെ ആവുമ്പോൾ മനുഷ്യ മനസ്സ് ആ പഴയ സ്റ്റേജിലേക്ക് പോകാൻ കൊതിക്കുകയും അതിനായി ഇപ്പോഴുള്ള ബന്ധം ഉപേക്ഷിച്ചും പുതിയൊരു ബന്ധത്തിലേക്ക് പ്രേവേശിച്ച് സെക്കന്റ് സ്റ്റേജ് എന്നെന്നേക്കുമായി നിലനിർത്താമെന്നും കരുതുതുന്നു. പക്ഷെ എത്ര ബന്ധങ്ങൾ ഉണ്ടായാലും നമ്മൾ ഈ തേർസ് സ്റ്റേജിലേക്ക് വന്നേ പറ്റൂ എന്ന് ഓർമ വേണം . ഇത് തങ്ങളുടെ കുറ്റമല്ല ഹോര്മോണാണ് വില്ലൻ എന്ന് മനസിലാക്കി മുമ്പോട്ടു പോയാൽ പ്രണയത്തിന്റെ അടുത്ത സ്റ്റേജിലേക്ക് കടക്കാം .
ഈ ഘട്ടത്തിൽ, നിങ്ങളുടെ ബന്ധം കൂടുതൽ സ്ഥിരതയുള്ളതും എന്നാൽ ആവേശം കുറഞ്ഞതുമായിരിക്കും. പ്രണയം അവസാനിച്ചു, പക്ഷേ നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി വളരെയധികം പ്പ്രണയത്തിലാണ്. കാരണം നിങ്ങളിലെ ആഴത്തിലുള്ള വൈകാരിക ബന്ധം ഉറപ്പിക്കുന്നതിനു പുറമേ, നിങ്ങളും നിങ്ങളുടെ പങ്കാളിയും പരസ്പരം കൂടുതൽ മനസിലാക്കാൻ തുടങ്ങുന്നു. അതിലൂടെ നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുകയും , ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കുന്നതിൽ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിലും ഈ ഒരു സ്റ്റേജിൽ രണ്ടുപേരും അവർക്കിഷ്ടമുള്ള കാര്യങ്ങൾക്കായി വേറിട്ട് സമയം ചെലവഴിക്കുകയും അതിന് ശേഷം അവർക്ക് വീണ്ടും ഒരുമിച്ച് വരാൻ കഴിയുമെന്നും അവർ ഈ ഘട്ടത്തിൽ വിശ്വസിക്കുന്നു.
അല്ലങ്കിൽ ഒരുമിച്ചുള്ള കൂടിച്ചേരലിനായി അവർ പല പദ്ധതികളും പ്ലാൻ ചെയ്യുന്നു . ഉദാഹരണത്തിന് രണ്ടുപേരും കൂടി ഒരു ഹോളിഡേ അല്ലങ്കിൽ ഒരു സിനിമാ അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും ഈ അവരുടെ പ്രണയത്തെ വല്യ ആർഭാടങ്ങളില്ലാതെ തന്നെ നിലനിർത്തികൊണ്ടു പോകാൻ ഈ ഘട്ടത്തിൽ ആകുന്നു .
എങ്കിലും നിങ്ങളുടെ ബന്ധം പഴയത് പോലെ രസകരമായിരിക്കില്ല, നിങ്ങളുടെ വിവാഹത്തെക്കുറിച്ചു നിങ്ങൾ ശരിയായ തീരുമാനമെടുത്തോ അല്ലെങ്കിൽ നിങ്ങളുടെ ബന്ധം നിലനിൽക്കുമോ എന്ന്നൊക്കെ ഈ ഘട്ടത്തിൽ നിങ്ങൾ നിങ്ങളോടു തന്നെ ചോദ്യം ചെയ്യാൻ തുടങ്ങും. കാരണം ഈ ഘട്ടത്തിൽ രണ്ടുപേരുടെയും എല്ലാവിധ മുഖംമൂടികളും അഴിഞ്ഞു വീഴും. നിങ്ങളുടെ പങ്കാളിയുടെ ഏറ്റവും മോശമായ അവസ്ഥ നിങ്ങൾ കാണേണ്ടി വന്നേക്കാം.
പ്രണയത്തിന്റെ അവസാന ഘട്ടത്തിൽ പ്രണയം എന്ന പ്രതിഭാസം ചില റൊമാന്റിക് പ്രതികരണങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല, മറിച്ച് ലൈംഗികതക്ക് ഒരു സ്ഥാനവുമില്ലാത്ത എന്നാൽ പരസ്പരം അടുപ്പവും വാത്സല്യവും കൂട്ടുന്ന പ്രണയങ്ങളായി ഈ ഘട്ടങ്ങളിൽ കാണപ്പെടുന്നുവെങ്കിലും ചില വർഷങ്ങളായുള്ള ദമ്പതികളിൽ ആകർഷത ചിലപ്പോൾ ഈ ഘട്ടത്തിൽ കുറയുന്നത് അവരുടെ ഡോപാമൈൻ കുറഞ്ഞ അളവിൽ ആയതാണ് കരണം. എങ്കിലും അവരെ പിടിച്ചുനിർത്താൻ ഭാഗ്യവശാൽ ഇവിടെ ഓക്സിടോസിൻ എന്ന പുള്ളി ആലിംഗനം ചെയ്യുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു .
(ലൈംഗിക വേളയിലുള്ള അടുപ്പം കുട്ടിയെ പ്രസവിക്കുന്ന സമയത്തും മുലയൂട്ടുന്ന സമയത്തുമൊക്കെ ഈ ഹോർമോൺ കൂടുതലായി കാണപ്പെടുന്നു ) ഇവ ദമ്പതികൾക്കിടയിൽ റൊമാന്റിക് ബന്ധം ഇല്ലാതെതന്നെ അവരിലെ വൈകാരിക ബന്ധം കൂട്ടുന്നു. ഈ ആളു തന്നെ സ്നേഹ കൂടുതൽ കാരണം ഇവർക്കിടയിൽ അസൂയയുണ്ടാക്കാമെങ്കിലും വാസോപ്രസിൻ ഇവരിലെ ബന്ധം ശക്തിപ്പെടുത്തി മുൻപോട്ടു നയിക്കുന്നു .
പറഞ്ഞു പറഞ്ഞു കാടു കേറി … എന്തായാലും ഇവിടെ പറയാൻ ഉദ്ദേശിച്ചത് പയ്യെ തിന്നാൽ പനയും തിന്നാമെന്നാണ് . മനസ്സിൽ വരുന്നതും മറ്റുള്ളവർ കാണിച്ചു കൂട്ടുന്നതുമായ കാര്യങ്ങൾ കാട്ടാനുള്ള ആക്രാന്തം ഒഴിവാക്കി ജീവിതത്തെ പതുക്കെ പതുക്കെ മനസിലാക്കി അനുഭവിച്ചാൽ ജീവിതം സുന്ദരം .
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
ക്രോയിഡോൺ/ ലണ്ടൻ: യുകെ NHS ആശുപത്രിയിൽ 19 വര്‍ഷമായി ജോലി ചെയ്തുകൊണ്ടിരുന്ന നഴ്സിനെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍. ആശുപത്രിയില്‍ ജോലിസമയത്ത് കഴുത്തില്‍ കുരിശുമാല ധരിച്ചു എന്ന കുറ്റത്തിന് നഴ്‌സിനെ പിരിച്ചുവിട്ട നടപടിയാണ് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ റദ്ദാക്കിയിരിക്കുന്നത്.. ക്രോയിഡോൺ യൂണിവേഴ്സിറ്റി ആശുപത്രിക്കെതിരെയാണ് (NHS) എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ വിധിയുണ്ടായിരിക്കുന്നത്.
2020 ജൂണിലാണ് മേരി ഒൻഹയെ ആശുപത്രിയിൽ നിന്നും പുറത്താക്കിയത്. രണ്ട് വർഷം നീണ്ടുനിന്ന മേലധികാരികളുടെ നിരന്തരമായ അപമാനകരവും ശത്രുതാപരവും ഭീഷണിപ്പെടുത്തുന്നതുമായ അന്തരീക്ഷം സൃഷ്‌ഠിച്ചതിന് ശേഷമാണ് മേരിക്കെതിരെ നടപടി ഉണ്ടായത് എന്നുള്ളതായിരുന്നു മേരിയുടെ വാദം. ജോലിയിൽ കുരിശുമാല ധരിക്കുന്നത് ഇൻഫെക്ഷന് കാരണമാകുമെന്നും, അതുകൊണ്ടാണ് മാറ്റാൻ ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ ട്രിബ്യുണലിൽ വാദിച്ചു.
ദിവസവും നാലുനേരം നിസ്‌കാരത്തിന് പോകുന്ന ഇസ്ലാമത വിശ്വാസികള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അതുപോലെ തന്നെ ഇസ്ലാമത വിശ്വാസികളായ സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചു തീയേറ്ററിൽ എത്താറുണ്ടെന്നനും, ഹിന്ദുമത വിശ്വാസികളായവര്‍ കൈകളില്‍ ബ്രേസ്‌ലെറ്റ് ധരിച്ച് എത്താറുണ്ട് എന്നും എന്നെ വിലക്കിയതുപോലെ അവരെ ആരും വിലക്കുന്നില്ല എന്നും മേരി ഒനുഹ ചൂണ്ടിക്കാട്ടി.
19 വർഷമായി ഞാൻ ഇവിടെ ആശുപത്രിയിൽ ജോലിചെയ്യുന്നു. ഞാൻ തികഞ്ഞ ഒരു ക്രിസ്ത്യൻ വിശ്വാസിയും, കഴിഞ്ഞ 40 വർഷത്തോളമായി ഞാൻ ഈ കുരിശുമാല അണിയുന്നു. മറ്റുള്ളവർ അണിയുന്നത് വിലക്കാത്ത അധികൃതർ ചെയ്‌തത് എന്റെ വിശ്വാസത്തിൻമേൽ ഉള്ള കടന്നു കയറ്റമാണ്. മറ്റുള്ളവർ അവരവരുടെ വിശ്വാസത്തിനനുസരിച്ചു വരുമ്പോൾ ഇവർ ഒരു കുരിശുമാല ധരിക്കുന്നത് വിലക്കിയത് മനുഷ്യത്വരഹിതമെന്ന് ട്രൈബൂണൽ പറയുകയുണ്ടായി.
അനസ്തേഷ്യ കൊടുത്ത രോഗിയെ പരിചരിക്കുമ്പോൾ മാനേജർ പിടിച്ചുമാറ്റിയ സന്ദർഭവും ഉണ്ടായിട്ടുണ്ട്. ഓപ്പറേഷൻ നടക്കാൻ പോകുന്ന രോഗിയുടെ ജീവനെക്കാളും മേരി ധരിച്ചിരിക്കുന്ന കുരിശുമാലയെ വലിയ ഒരു പ്രശ്‌നമായി കണ്ട് അവരെ അവിടെ നിന്നും മാറ്റിയത് സാമാന്യ ബുദ്ധി ഇല്ലാത്ത, വിവേചനപരമായ പ്രവർത്തി എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല. മേരിയെ വിവേചനത്തിന്റെ ഇരയാക്കുകയായിരുന്നു. ലഭിക്കേണ്ടിയിരുന്ന തുല്യ പരിഗണ അല്ലെങ്കിൽ പണിസ്ഥലത്തെ സമത്വവും ഇല്ലാതാക്കി എന്നും ട്രൈബൂണൽ കണ്ടെത്തി.
തീയറ്ററിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും അതുപോലെ കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ഒരു നഴ്‌സിന്റെ മാലയില്‍ നിന്നും അണുബാധയുണ്ടാകുമെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതരുടെ പ്രവർത്തി വിശ്വസിക്കാനാവില്ലെന്ന് ട്രിബ്യുണല്‍ വിലയിരുത്തി. എന്തായാലും ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി ആരോഗ്യ പ്രവർത്തകർക്ക് ഇതൊരു അനുഗ്രഹമാകും.
വിധിയെത്തുടർന്ന് ആശുപത്രി അധികൃതര്‍ മേരി ഒനുഹയോട് ഖേദം പ്രകടിപ്പിക്കുകയും ഈ കാര്യം ഉയര്‍ന്നുവന്നതിനു ശേഷം തങ്ങളുടെ യൂണിഫോം നയത്തിലും ഡ്രസ്സ്‌കോഡിലും മാറ്റങ്ങള്‍ വരുത്തിയതായും അറിയിച്ചു.
ലണ്ടൻ: മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് അവരമൊരുക്കുന്ന വിസ നിയമ ഭേദഗതിയുമായി ബ്രിട്ടീഷ് സർക്കാർ. ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നു നഴ്സസ്, കെയർ വിസയ്ക്ക് പുറമെയാണ് എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ജനുവരി അവസാനത്തോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേദ്രമോദിയുമായി നടക്കാൻ പോകുന്ന വളരെ സുപ്രധാനമായ ചർച്ചയിൽ ഉണ്ടാകാൻ പോകുന്ന ചില തീരുമാനങ്ങളുടെ വിവരമാണ് പുറത്തു വന്നിട്ടുള്ളത്. ഈ വിസ നിയയമങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഈ വർഷം(2022) ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് യുകെയിൽ യഥേഷ്ടം ജോലിക്കും അതുപോലെ പഠനത്തിനുമായി എത്തുവാൻ സാധിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം നല്ലൊരു പുതുവർഷ സമ്മാനമായി തന്നെ കരുതാം.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടക്കാൻ പോകുന്ന വ്യവസായിക ചർച്ചയിൽ ആണ് തീരുമാനം ഉണ്ടാകുക എന്നാണ് അറിയുന്നത്. ഇന്ത്യയുമായി ഫ്രീ ട്രേഡ് ഉടമ്പടി ഉണ്ടാക്കുവാനുള്ള കഠിന ശ്രമത്തിലാണ് ബ്രിട്ടീഷ് സർക്കാർ. അതിനുള്ള തയ്യാറെടുപ്പിൽ ആണ് ഇപ്പോൾ യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരി. വളരെ ലളിതമായ വിസ നിയമങ്ങൾ ഇന്ത്യൻ അധികാരികൾക്ക് നൽകുവാൻ ആണ് യുകെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി തയ്യാറാക്കുന്ന കരടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. യൂറോപ്പിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം കുറയ്ക്കുക എന്ന ലക്ഷ്യവും ഇതിലുണ്ട് എന്ന് യുകെയിലെ മുൻനിര മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ഇന്ത്യയും ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറിൽ എത്താൻ വളരെ ലളിതവും ഉദാരവുമായ വിസാ നിയമങ്ങൾ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒന്നാണ് എന്ന് ബ്രിട്ടീഷ് മന്ത്രിസഭ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട് എന്നും എതിർപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്നും ഒരു സർക്കാർ വ്യക്താവ് പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഫോറിൻ സെക്രട്ടറി ലിസ് ട്രസ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്ന മാരിയെ പൂർണ്ണമായി പിന്താങ്ങുന്നു എന്നിരിക്കുമ്പോഴും ഇന്ത്യക്കാരിയായ ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഇതിനെ പിന്താങ്ങില്ല എന്നാണ് അറിയുവാൻ കഴിയുന്നത്.
പുതിയ പ്ലാൻ അനുസരിച്ചു ഇന്ത്യക്കാർക്ക് ലഭിക്കുന്നത് ഓസ്‌ട്രേലിക്കാർക്ക് ലഭിച്ചിരിക്കുന്ന അതെ വിസ നിയമങ്ങൾ ആണ്. അതായത് ചെറുപ്പക്കാർക്ക് മൂന്ന് വർഷം വരെ യുകെയിൽ എത്തി ജോലി ചെയ്യുവാനുള്ള അവസരം. കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ഫീസിൽ ഇളവ് നൽകുവാനും പഠന ശേഷം ഇവിടെത്തന്നെ ജോലി ചെയ്യുവാനുമുള്ള അവസരം. എന്നാൽ എത്ര വർഷം ലഭിക്കും എന്നതിൽ തീരുമാനം ആയിട്ടില്ല.
ഏകദേശം 1400 പൗണ്ടാണ് (RS. 1,40,000.00) വർക്ക് ആൻഡ് ടുറിസം വിസയ്ക്കായി ഫീ ആയി നൽകേണ്ടത്. ഇതിൽ കാര്യമായ കുറവ് വരുത്തി ഇന്ത്യൻ അധികാരികളെ സന്തോഷിപ്പിക്കുവാനും തീരുമാനം ഉള്ളതായി അറിയുന്നു.
ഫ്രീ ട്രേഡ് ഉടമ്പടി സാധ്യമായാൽ യുകെ – ഇന്ത്യ ബന്ധങ്ങളിൽ ഒരു കുതിച്ചു ചട്ടം ഉണ്ടാകും എന്നാണ് കരുതുന്നത്. ഇതിനോടകം ഒരു ബില്യൺ പൗണ്ടിന്റെ വ്യവസായിക നിക്ഷേപം പ്രഖ്യപിച്ചിരുന്നു. തുടർ ചർച്ചകൾ കോവിഡ് വ്യാപനത്തോടെ മാറ്റിയിരുന്നു. ഈ ചർച്ചകളാണ് ഡൽഹിയിൽ പുനരാരംഭിക്കുന്നത്.
ഇന്ത്യയുടെ £533 മില്യൺ നിക്ഷേപം ആണ് യുകെയിൽ എത്തിയതായി ഡൗണിംഗ് സ്ട്രീറ്റ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. £240 മില്ല്യൺ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിക്ഷേപം ഉൾപ്പെടെയാണ്. “റോഡ് മാപ് 2030” യുകെ ഇന്ത്യ ബന്ധത്തിലെ ഒരു കുതിച്ചുചാട്ടം ആയിരിക്കും എന്നാണ് ഇരു നേതാക്കളും ഇതുമായി പ്രതികരിച്ചിട്ടുള്ളത്.
ഷെറിൻ പി യോഹന്നാൻ
ഒരു ഡ്രൈവിംഗ് സ്കൂൾ നടത്തിയാണ് അറുപത്തേഴുകാരനായ കേശുവും കുടുംബവും ജീവിക്കുന്നത്. വണ്ടിയിൽ പെട്രോൾ അടിക്കാത്ത, മകൻ കഴിക്കുന്നതിനെപ്പോഴും കണക്ക് പറയുന്ന, പിശുക്കനായ വ്യക്തിയാണ് കേശു. സഹോദരിമാരും അളിയന്മാരുമെല്ലാമായി രാമേശ്വരത്തിന് പോകും വഴിയാണ് തനിക്ക് 12 കോടിയുടെ ലോട്ടറി അടിച്ച വിവരം കേശു അറിയുന്നത്…
ദിലീപ്, നാദിർഷാ, ഉർവശി എന്നിവർ ഒന്നിക്കുമ്പോൾ ഒരു ചിരിപ്പടം പ്രതീക്ഷിക്കുന്നതിൽ പ്രേക്ഷകനെ തെറ്റ് പറയാൻ കഴിയില്ല. എന്നാൽ ആ പടത്തിൽ പുതുമയോ നല്ലൊരു കഥയോ പ്രതീക്ഷിക്കരുത്… തമാശ കാണാൻ വേണ്ടി പോലും ഈ ചിത്രം എടുക്കരുതെന്നാണ് എന്റെ പക്ഷം. കാരണം തമാശ എന്ന പേരിൽ കുറേ ചളികൾ വാരി വിതറുകയാണ് കേശുവും കൂട്ടരും.
രണ്ടര മണിക്കൂർ നീളമുള്ള ചിത്രത്തിലെ ഒരു രംഗമാണിത് – എസി ഇടട്ടെ എന്ന് ചോദിക്കുമ്പോൾ പ്ലേറ്റിലെ ചോർ നീക്കി ഇവിടിട്ടോള്ളൂ എന്ന ഉർവശിയുടെ കോമഡി !!! ദിലീപിന്റെ വേഷപ്പകർച്ച നന്നായാലും ഉർവശിയുടെ പ്രകടനം നന്നായാലും ഒരു മോശം കഥയിൽ ഇതിനെല്ലാം പ്രസക്തി നഷ്ടപ്പെടുന്നു. നാദിർഷായുടെ സിനിമകളിൽ സ്ഥിരമായി കണ്ടുവരുന്ന ‘തേപ്പ്’ ഇവിടെയും കുത്തികയറ്റിയിട്ടുണ്ട്. ബോഡി ഷെയിമിങ് തമാശകളും ഇവിടെ സുലഭം.
കേശുവിന്റെ അമ്മയുടെ ഒരു സംഭാഷണത്തിന് ഉചിതമായ പശ്ചാത്തലസംഗീതം കൂടി നൽകിയതോടെ സീരിയൽ കണ്ടു കഴിഞ്ഞ പ്രതീതി ആയിരുന്നു. കഥാപാത്രങ്ങളോട് പ്രേക്ഷകന് യാതൊരു അടുപ്പവും തോന്നാത്തതിനാൽ തന്നെ ഫൈനൽ ആക്ടിൽ വരുന്ന കോൺഫ്ലിക്ടുകൾ ഒന്നും നമ്മെ സ്വാധീനിക്കുന്നില്ല. ഓൾഡ് മോഡലിൽ കെട്ടിപൊക്കിയ ക്ലൈമാക്സ് കൂടി എത്തുന്നതോടെ ശുഭം.
ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി ഒരു മോശം തിരക്കഥയിൽ വലിച്ചു നീട്ടി എങ്ങനെ സിനിമയൊരുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. പഴയ ദിലീപിനെ അല്ല ഇവിടെ കാണുന്നത്, പഴയ ബോറൻ തമാശകൾ നിറഞ്ഞൊരു നാദിർഷാ ചിത്രം. കേശുവിന്റെ തട്ടിക്കൂട്ട് ‘ബംബർ’ കഥയോടു കൂടി ഈ വർഷത്തെ മലയാള സിനിമ കാഴ്ചകൾക്ക് വിട…
ജോൺ കുറിഞ്ഞിരപ്പള്ളിയിയുടെ ഏറ്റവും പുതിയ നോവൽ ആറോൺ ഉടൻ വായനക്കാരിലേയ്ക്ക് എന്തും.
നിർവ്വചിക്കാനാവാത്ത ജന്മബന്ധങ്ങളുടെ അദൃശ്യമായ ചരടുകളാൽ ബന്ധിക്കപ്പെട്ട ഒരു സൗഹൃദത്തിൻറെ കഥയാണ് ആറോൺ.പ്രായമോ സ്വഭാവമോ സാഹചര്യങ്ങളോ അനുകൂലമല്ലാത്ത രണ്ടുവ്യക്തികൾ തമ്മിൽ എങ്ങനെ സുഹൃത്തുക്കളാകും എന്ന ചോദ്യത്തിന് ഉത്തരമില്ല. എവിടെനിന്നോ ഉത്ഭവിച്ചു് വ്യത്യസ്തമായ ഭൂതലങ്ങളിലൂടെ ഒഴുകി ഒന്നായി ചേർന്നൊഴുകുന്ന അരുവികൾ പോലെ ഒരു പ്രതിഭാസം.ചിലപ്പോൾ അവരുടെ മനസ്സുകളുടെ സങ്കീർണ്ണമായ ഉള്ളറകളിൽ എവിടെയോ മറഞ്ഞിരിക്കുന്ന നിസ്സഹായതയുടെ ബഹിർസ്പുരണം ആകാം അവരെ തമ്മിൽ അടുപ്പിക്കുന്നത് അനാഥത്വത്തിൻറെ നിസ്സഹായത അനുഭവിക്കുന്നതുവരെ മനസ്സിലാകാൻ വിഷമമാണ് എന്നാണ് പറയപ്പെടുന്നത്.
വ്യത്യസ്തമായ വായനാനുഭവം നൽകി വായനക്കാരെ ഒരു പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു ആറോൺ.
ജോൺ കുറിഞ്ഞിരപ്പള്ളി മലയാളം യുകെയിൽ എഴുതിയ മേമനെകൊല്ലി തുടങ്ങിയ രചനകൾ വൻ ജനപ്രീതി നേടിയിരുന്നു .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്തിലാദ്യമായി കൊറോണാ വൈറസിന്റെ ജനിതക വകഭേദമായ ഒമൈക്രോൺ ബാധിച്ച് യുകെയിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു . പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഇക്കാര്യം അറിയിച്ചത് . ഒമൈക്രോൺ വ്യാപനം മൂലം കൂടുതൽ വൈറസ് ബാധിതർ ആശുപത്രികളിൽ എത്തിച്ചേരുന്നത് എൻഎച്ച്എസിനെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്ക ശക്തമാണ്. ഇപ്പോൾ ജനങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അവരുടെ ബൂസ്റ്റർ ഡോസ് എടുക്കുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ഡോസ് പ്രതിരോധകുത്തിവയ്പ്പ് സ്വീകരിച്ചവർക്ക് ഒമൈക്രോൺ വൈറസിൽ നിന്ന് സംരക്ഷണം ലഭിക്കുകയില്ലന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇംഗ്ലണ്ടിലെ 20 ശതമാനം കേസുകളും ഇപ്പോൾ ഒമൈക്രോൺ വൈറസ് മൂലമാണെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എംപിമാരോട് പറഞ്ഞു.
തിങ്കളാഴ്ച 5 ദശലക്ഷത്തിലധികം ജനങ്ങൾ തങ്ങളുടെ ബൂസ്റ്റർ ഡോസിനായി ബുക്കു ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ബൂസ്റ്റർ ഡോസ് ബുക്കിംഗിനായുള്ള എൻഎച്ച്എസ് വെബ്സൈറ്റ് തകരാറിലായി . ഒമൈക്രോൺ ഭീതിയിൽ കൂടുതൽ ആളുകൾ ബൂസ്റ്റർ ഡോസ് ബുക്കിംഗിനായി ശ്രമിച്ചതാണ് തകരാറിന് കാരണമായത്. അതുപോലെതന്നെ ആവശ്യക്കാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതിന് തുടർന്ന് കോവിഡ് ടെസ്റ്റിനായുള്ള ലാറ്ററൽ ഫ്ലോ കിറ്റുകളുടെ വിതരണവും താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ടെസ്റ്റ് കിറ്റുകളുടെ ലഭ്യതയിൽ കുറവില്ലെന്നും ആവശ്യക്കാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതു മൂലം വിതരണത്തിലുണ്ടായ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു. ഇന്നലെ 54661 പ്രതിദിന കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 38 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. രാജ്യത്തെ 4713 ഒമൈക്രോൺ കേസുകൾ സ്ഥിതീകരിച്ചിട്ടുണ്ടെങ്കിലും പ്രതിദിന അണുബാധയുടെ നിരക്ക് രണ്ടു ലക്ഷമാണെന്ന് യുകെ സെക്യൂരിറ്റി ഏജൻസി കണക്കാക്കുന്നതായി ആരോഗ്യ സെക്രട്ടറി പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- 900 ജീവനക്കാരെ ഒരൊറ്റ സൂം കോളിലൂടെ പിരിച്ചുവിട്ട അമേരിക്കൻ കമ്പനി സി ഇ ഒ യ് ക്കെതിരെ വിമർശനങ്ങൾ വിവിധ ഭാഗത്തുനിന്നും ഉയർന്നു വരുന്നു. ബെറ്റർ. കോം കമ്പനി സി ഇ ഒ വിശാൽ ഗാർഗ് ആണ് ബുധനാഴ്ച ഈ തീരുമാനം അറിയിച്ചത്. ഈ വീഡിയോ കോളിന്റെ വിവിധ റെക്കോർഡിങ്ങുകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ക്രിസ്മസ് അവധിക്കാലത്തിനു മുൻപേയുള്ള ഇത്തരമൊരു തീരുമാനം ജോലിക്കാരെ എല്ലാവരെയും തന്നെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മൂന്ന് മിനിറ്റിലധികം ഈ കോൾ നീണ്ടുനിന്നില്ല എന്ന് ജീവനക്കാർ വ്യക്തമാക്കി.
കോളിന്റെ തുടക്കത്തിൽ മോശം വാർത്തയുമായാണ് താൻ എത്തിയിരിക്കുന്നതെന്ന് സി ഇ ഒ വ്യക്തമാക്കുന്നുണ്ട്. കമ്പനിയുടെ നിലനിൽപ്പിന് ആവശ്യമായ ഒരു തീരുമാനമാണ് താൻ നടപ്പിലാക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുശേഷം ഉടൻതന്നെ ജീവനക്കാരെ പിരിച്ചു വിടുന്ന തീരുമാനം അറിയിക്കുകയായിരുന്നു. പുറത്തു വരുന്ന മറ്റു റിപ്പോർട്ടുകൾ പ്രകാരം കമ്പനിക്ക് കഴിഞ്ഞ ആഴ്ച 750 മില്യൻ ഡോളർ ധനസഹായം ലഭിച്ചതായി വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച യാതൊരു പരാമർശവും സിഇഒ നടത്തിയില്ല.
തന്റെ ജീവിതത്തിൽ താൻ രണ്ടാം പ്രാവശ്യം ആണ് ഇത്തരമൊരു തീരുമാനം അറിയിക്കുന്നതെന്നും സി ഇ ഒ പറഞ്ഞു. പിരിച്ചുവിടൽ സംബന്ധിച്ച മെയിൽ ഉടൻതന്നെ എല്ലാ ജീവനക്കാർക്കും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി വിമർശനങ്ങൾ കമ്പനിക്കെതിരെ ഉയർന്നുവരുന്നുണ്ട്. ഇത്തരമൊരു തീരുമാനം അപ്രതീക്ഷിതമായിരുന്നു എന്ന് ജീവനക്കാരും വ്യക്തമാക്കി.
മലയാളം യുകെ സ്പെഷ്യൽ
ലൂട്ടൻ: ഒരു പക്ഷെ യുകെയിലെ മലയാളികളിൽ 99 ശതമാനം പേരും ഈ വേദനയുടെ, സഹന ജീവിതത്തിന്റെ വാർത്ത അറിഞ്ഞിരിക്കാൻ വഴിയില്ല. വാർത്തകളിൽ നിറഞ്ഞത് യുകെമലയാളി നേഴ്സ് എയർ ഇന്ത്യ വിമാനത്തിൽ പ്രസവിച്ചു എന്നും ഫ്രാങ്ക്ഫർട്ടിൽ ഇറക്കി ആശുപത്രിയിലേക്ക് മാറ്റി എന്നുള്ളത് മാത്രമാണ്. നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കല്ലാതെ മറ്റൊരു സഹായവും നൽകാൻ കേന്ദ്ര, കേരള സർക്കാരുകൾക്ക് താല്പര്യമില്ല എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് കരളലിയിക്കും ഈ യുകെ മലയാളി നഴ്‌സ് കുടുംബത്തിന്റെ ദുരിത കഥ.
2019 ഒക്ടോബറിൽ സിമി ആദ്യമായി യുകെയിൽ എത്തിയത്. ലണ്ടനടുത്ത് ല്യൂട്ടൻ NHS ആശുപത്രിയിൽ നഴ്‌സായി ജോലി ആരംഭിച്ചു. കൊറോണയുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വെറും എട്ട് മാസം മുൻപാണ് ചെറിയാൻ യുകെയിൽ എത്തിച്ചേർന്നത്.
ഒക്ടോബർ 5 തിയതിയാണ് ചെറിയാനും ഗർഭിണിയായ ഭാര്യ സിമിയും ഹീത്രുവിൽനിന്നും കൊച്ചിക്കുള്ള ഫ്ലൈറ്റിൽ നാട്ടിലേക്കു പ്രസവ ശുശ്രുഷകൾക്കായി പുറപ്പെട്ടത്. എന്നാൽ ഭക്ഷണശേഷം സിമിക്ക് വല്ലാത്ത അസ്വസ്ഥ തോന്നുകയും, ടോയ്ലെറ്റിൽ പോയി വരുകയും ചെയ്‌തു. കാലാവസ്ഥ അത്ര സുഗമമായിരുന്നില്ല കാരണം എയർ ഗട്ടറുകൾ വിമാനത്തിന് നല്ല രീതിയിൽ ഉള്ള കുലുക്കവും നൽകുന്നുണ്ടായിരുന്നു. വേദനയുടെ കാഠിന്യത്തെക്കുറിച്ചു സിമി ഐർഹോസ്റ്റസിനെ വിവരം അറിയിച്ചു. പെട്ടെന്നു തന്നെ ഭർത്താവായ ചെറിയാനെയും മറ്റൊരു യാത്രക്കാരെനെയും അവിടെ നിന്ന് മാറ്റി ഇരുത്തി. തുടർന്ന് ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരുടെ കാര്യക്ഷമമായ ഇടപെടലും മനോബലവും അമ്മയ്ക്കും കുഞ്ഞിനും രക്ഷയായി.
എയർ ഇന്ത്യ വിമാനത്തിൽ സിമിയുടെ പ്രസവത്തിൽ സഹായിച്ചവർ ഇവരാണ്.
എന്നാൽ സിമിയും ചെറിയാനും കടന്നു പോയ മനോവ്യഥകളുടെ സമാപനം ആയിരിക്കും എന്ന് കരുതിയപ്പോൾ വരാനിരിക്കുന്ന വിഷമങ്ങളുടെ നാന്ദി കുറിക്കലാണ് അതെന്നു സിമിയും ചെറിയാനും ഒരിക്കിലും ചിന്തിച്ചിരുന്നില്ല. ഇന്ത്യയിലേക്ക് യാത്രചെയ്യാനുള്ള ആരോഗ്യ സ്ഥിതി അമ്മയ്ക്കും കുഞ്ഞിനും ഇല്ലാത്തതിനാൽ ഫ്രാങ്ക്ഫർട്ടിൽ ഇറക്കി. ഭർത്താവായ ചെറിയാനും കൂടെയിറങ്ങി. പൈലറ്റ് അറിയിപ്പ് ഉണ്ടായിരുന്നതുകൊണ്ട് ആംബുലൻസ്, പോലീസ് (ഇംഗ്ലീഷ് അറിയുന്ന പൊലീസുകാരെ നിർത്തിയിരുന്നു) എന്നിവർ വിമാനത്താവളത്തിൽ കാത്തു നിന്നു. അനുബന്ധ രേഖകളും കൊടുത്തതോടെ സിമിയുടെ കുടുംബം ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ….
ആശുപത്രിയിൽ എത്തി സിമിയെയും കുഞ്ഞിനേയും അഡ്മിറ്റ് ചെയ്‌തു. സിമിയുടെ മുറിയുടെ പുറത്തു ജർമ്മൻ പോലീസ് കാവലുമായി. സിമിക്ക് വിസ ഇല്ലാത്തത് തന്നെ കാരണം. ആശുപത്രിയിൽ ചെറിയാന് നില്ക്കാൻ അനുവാദം ഇല്ല എന്ന് പോലീസ് വ്യക്തമാക്കിയതോടെ കാര്യങ്ങൾ ചെറിയാൻ തിരിച്ചറിയുകയായിരുന്നു. പോലീസ് അകമ്പടിയോടെ തിരിച്ചു എയർ പോർട്ടിലേക്ക്. ചെറിയാന് സഹായത്തിനായി ഹിന്ദി അറിയുന്ന ഒരു പോലീസ് കാരനും. വിസയില്ലാതെ പുറത്തിങ്ങാൻ സാധിക്കില്ല.
ഒരു ദിവസം മുഴുവൻ എയർപോർട്ടിൽ, പിടയുന്ന മനസ്സുമായി. അമ്മയും കുഞ്ഞും ആശുപത്രിൽ. യുകെയിൽ പ്രസവിച്ചാൽ സഹായത്തിന് ആരുമില്ല എന്ന ചിന്തയിലും കോംപ്ലിക്കേഷൻ ഉള്ളതുകൊണ്ടും വളരെ നേരത്തെ നാട്ടിലേക്ക് പുറപ്പെട്ട ഇവർ സ്വപ്നത്തിൽ പോലും കാണാത്ത ഒരു പ്രതിസന്ധിയിലേക്ക്… വിറയലോടെ നോക്കി നില്ക്കാൻ മാത്രമേ സാധിച്ചുള്ളൂ… കാരണം ചെറിയാൻ ബ്രിട്ടനിൽ എത്തിയിട്ട് 8 മാസത്തെ പരിചയം മാത്രമാണുള്ളത്. ചെറിയാൻ മലയാളം യുകെയോട് തുടർന്നു.
ജർമ്മൻ ഉദ്യോഗസ്ഥർ ഈ മലയാളി കുടുംബത്തോട് വലിയ ആദരവാണ് പ്രകടമാക്കിയത്. ഒരു പൈസ പോലും വാങ്ങാതെ മൂന്ന് പേർക്കും ഡിസംബർ 31 വരെയുള്ള ജർമ്മൻ എൻട്രി വിസ അടിച്ചു കൊടുത്തു. (ഇന്ത്യൻ എംബസി കുഞ്ഞിന് താൽക്കാലിക ജനന സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട് ) നൽകി. ഫ്രാങ്ക്ഫർട്ട് ജനന സ്ഥലം). തുടർന്ന് ചെറിയാനെ മറ്റൊരു ഹോട്ടലിലേക്ക് പോലീസ് മാറ്റുകയും ചെയ്‌തു. സിമിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതോടെ ആശുപത്രി ഡിസ്ചാർജ് ചെയ്‌തു. ഈ സമയം കുഞ്ഞു എൻ ഐ സി യൂ വിൽ ആയിരുന്നതിനാൽ കുഞ്ഞിനൊപ്പം നില്ക്കാൻ അവിടെ അനുവാദം ലഭിച്ചില്ല. പ്രീ മെച്വർ ഡെലിവറി ആയിരുന്നതിനാൽ കുഞ്ഞിന് പാല് സ്വന്തമായി കുടിക്കുക അസാധ്യമായതിനാൽ കുട്ടി ആശുപത്രിൽ തന്നെയാണ് ഇപ്പോഴും ഉള്ളത്. ഇപ്പോൾ കുഞ്ഞു വളരെ മെച്ചപ്പെടുക ചെയ്തു എങ്കിലും 70 ശതമാനം സക്കിങ് റിഫ്ലക്ഷൻ ( 70% sucking reflection either bottle feed or Breast milk) ആകുന്നതുവരെ ആശുപത്രി ഡിസ്ചാർജ് ഉണ്ടാവുകയില്ല എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഇപ്പോഴത്തെ വിവരം അനുസരിച്ചു ഡിസംബർ മധ്യത്തോടെ ഡിസ്ചാർജ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതേ സമയം ഒൻപതാം തിയതി തിരിച്ചു യാത്ര തുടരാൻ സാധിക്കും എന്ന പ്രതീക്ഷയിൽ എയർ ഇന്ത്യ ഇന്ത്യയിലെക്കുള്ള ടിക്കറ്റ് വാഗ്‌ദാനം ചെയ്തിരുന്നു. എന്നാൽ ഇത് സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ എയർ ഇന്ത്യ സിമിയുടെയും മറ്റ് ബാഗേജുകൾ ഹോട്ടലിൽ എത്തിച്ചുനൽകി.
ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം അനുസരിച്ചു ഇവർക്ക് ഇന്ത്യയിലേക്ക് സഞ്ചരിക്കാൻ സാധിക്കുകയില്ല. ഡോക്ടർമാർ തിരിച്ചു ബ്രിട്ടനിലേക്ക് പോകുവാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കാരണം കുഞ്ഞിന്റെ ആരോഗ്യനില തന്നെ. ദീർഘയാത്ര അഭികാമ്യമല്ലെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുന്നു. ഇതനുസരിച്ചു എയർ ഇന്ത്യയുമായി സംസാരിച്ചപ്പോൾ യുകെയിലേക്ക് വിമാന ടിക്കറ്റ് തരാൻ സാധിക്കില്ല എന്ന് ഉത്തരമാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെ രണ്ടു മാസം പിന്നിടുമ്പോൾ, ഹോട്ടൽ ബില്ലുകൾ പിടി തരാതെ പായുമ്പോൾ ഈ മലയാളി നേഴ്സ് കുടുംബം സാമ്പത്തികമായി നടുക്കടലിൽ ആണ് ഇപ്പോൾ നിൽക്കുന്നത്…
ജർമ്മൻ ആശുപത്രി അതികൃതർ സിമി ജോലി ചെയ്യുന്ന ട്രസ്റ്റുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതുവരെയുള്ള ജർമ്മനിയിലെ ആശുപത്രി ബില്ല് യുകെയിലെ NHS ആശുപത്രി ആണ് വഹിക്കുന്നത്. (നാഷണൽ ഇൻഷുറൻസ്). 45 ദിവസത്തെ ബില്ല് £50,000 മുതൽ £75,000 വരെയാണ് എന്നാണ് അറിയുവാൻ കഴിയുന്നത്. ആശുപത്രി ബില്ല് കൊടുക്കും എന്ന സന്ദേശം ചെറിയാന് NHS സും ഇപ്പോൾ ചികിസിക്കുന്ന ആശുപത്രിയും ഈ കുടുംബത്തെ ഇമെയിൽ അറിയിച്ചിട്ടുണ്ട്. തുക എത്രയെന്നോ എന്നുവരെയെന്നോ ഒന്നും അറിയിപ്പില്ല. ഇപ്പോൾ രണ്ട് മാസം പിന്നിടുകയും എന്ന് പോരാമെന്നതിന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ ബാക്കി വരുന്ന ബില്ല് കൊടുമെന്നോ ഇല്ലയോ എന്ന് പോലും അറിയുവാൻ സാധിക്കുന്നില്ല. ചികിത്സ ഒഴികെ മറ്റൊരു ചിലവുകൾക്കും പണം ലഭിക്കുകയില്ല.
ഇതിനിടയിൽ കുഞ്ഞിന്റെ ജനനം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്‌തു. ജർമ്മൻ ഗവൺമെന്റ് വിസ ഫീസ് ഒഴിവാക്കി നൽകിയപ്പോഴും ഇന്ത്യൻ എംബസി കൃത്യമായി തന്നെ തുക മേടിക്കുകയും ചെയ്‌തു. കുഞ്ഞിനുള്ള പാസ്പോർട്ട് അപേക്ഷിച്ചു കാത്തിരിക്കുന്ന ഈ കുടുംബം… അടിയന്തര സാഹചര്യം ആണെങ്കിലും എല്ലാം മുറപോലെ…! പാസ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ യുകെ വിസയ്ക്കായി കൊടുക്കുവാൻ സാധിക്കുക… ക്രിസ്മസ് അടുക്കുന്നു.. പല എംബസി ഓഫീസുകളും അടക്കും… എട്ട് മാസത്തെ മാത്രം യുകെ ജീവിതാനുഭവം ഉള്ള ചെറിയാന്റെ ആശങ്ക… പ്രസവ ശുശ്രുഷ ലഭിക്കേണ്ട ഭാര്യ എന്നും 20 മിനിറ്റോളം ആശുപത്രിയിലേക്ക് ദിവസവും നടക്കുന്നു.. പരാതിയില്ലാതെ… ഹോട്ടൽ ബില്ലുകൾ ഉയരുന്നു… ഹോട്ടൽ ഭക്ഷണം… എത്ര ചുരുങ്ങിയിട്ടും ചിലവുകൾ പിടിവിടുകയാണ്…
സഹായം ചെയ്യാം എന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയും, സഹായം അഭ്യർത്ഥിച്ച കേരളം മുഖ്യമത്രിയുടെ ഓഫിസും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. കോടികൾ ചിലവഴിച്ചു പ്രവാസികൾക്കായി ലോക കേരള സഭ ഉണ്ടാക്കിയ കേരളം കേട്ടതായി ഭാവിക്കുന്നുപോലും ഇല്ല.
പ്രിയ യുകെ മലയാളികളെ ഞങ്ങളെ ഒന്ന് സഹായിക്കാമോ എന്ന ഈ കുടുംബത്തിന്റെ അഭ്യർത്ഥന മലയാളം യുകെ ഇന്ന് നിങ്ങളുടെ മുൻപിൽ സമർപ്പിക്കുകയാണ്… വേദനിക്കുന്ന ഒരു പ്രവാസിയുടെ മുഖഭാവം പോലും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരാണ് മലയാളി പ്രവാസികൾ… തുടക്കത്തിൽ കൊറോണ പിടിപെട്ട പല യുകെ മലയാളി കുടുംബങ്ങളിൽ ഭക്ഷണവും മരുന്നും എത്തിച്ചവർ… സഹായിക്കാമോ എന്ന് ചോദിച്ചവരെ ജാതി മത വേർതിരിവ് ഇല്ലാതെ സഹായിച്ച യുകെ മലയാളികളെ സിമിയും ചെറിയാനും ഇന്ന് നമ്മുടെ കനിവ് തേടുകയാണ്… ഹൃദയത്തിൽ തട്ടി ചോദിക്കുന്നു… തങ്ങൾ പെട്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ..
പ്രിയ മലയാളികളെ നമ്മൾ എല്ലാവരും പണമുള്ളവരാണ് എന്ന് മലയാളം യുകെയും കരുതുന്നില്ല. എന്നാൽ കഠിനാധ്വാനം കൊണ്ട് നമ്മൾ പലതും നേടി. അതിനു നിങ്ങൾ ഒരുപാട് വേദനകൾ സഹിച്ചിട്ടുണ്ട്.. തർക്കമില്ല.. പക്ഷെ നമ്മൾ ഒന്നോ അഞ്ചോ അതുമല്ലെങ്കിൽ നമുക്ക് സാധിക്കുന്നത് എത്രയോ അത്രമാത്രം കൊടുത്താൽ ഇവരുടെ കണ്ണീരൊപ്പുവാൻ ഉപകരിക്കും എന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. നമ്മുടെ പൂർവ്വികർ നമുക്ക് കാണിച്ചു തന്നിട്ടുള്ള, പറഞ്ഞു തന്നിട്ടുള്ള ഒരു കാര്യം… സഹാനുഭൂതി.. അനുകമ്പ എന്നിവ നമുക്ക് മറക്കാതെയിരിക്കാം.
ലൂട്ടനിലെ ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന ഇവർക്ക് മുൻപോട്ട് പോകണമെങ്കിൽ നമ്മുടെ കരങ്ങൾ നീളണം… കൂടുതൽ ശ്രദ്ധ വേണ്ട കുഞ്ഞ്… ആറാം മാസത്തിൽ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടവരാണ് ഈ ദമ്പതികൾ.. അത് അറിയുന്നവർ ചുരുക്കം.. ഇനിയും വിഷമം തരല്ലേ എന്ന പ്രാർത്ഥനയോടെ നാട്ടിലേക്ക് പുറപ്പെട്ടവർ ആണ് ഇവർ… നാട്ടിൽ എത്താൻ പറ്റിയിരുന്നു എങ്കിൽ ഈ കുടുംബം നമ്മളോട് ചോദിക്കില്ലായിരുന്നു എന്ന വസ്തുത നമ്മൾ യുകെ മലയാളികൾ ഓർക്കണമെന്ന് വിനയത്തോടെ ഞങ്ങൾ മലയാളം യുകെ അഭ്യർത്ഥിക്കുന്നു. നമ്മൾ നമ്മുടെ തന്നെ കുട്ടികൾക്കായി എത്രയോ ഉടുപ്പുകൾ വാങ്ങി നമ്മുടെ അലമാരകളിൽ ഇപ്പോഴും ഉപയോഗിക്കാതെ ഇരിക്കുന്നു… നമ്മൾ ഈ കുടുംബത്തിനായി ചെറിയ ഒരു ഉടുപ്പ് വാങ്ങി എന്ന വിചാരത്തോടെ നമുക്ക് ഇവരെ ഒന്ന് സഹായിക്കാം. ചെയ്യുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ മലയാളം യുകെയും…
സാധാരണ വിമാന കമ്പനികൾ ചെയ്യാറുള്ള ഒരു സേവനവും ഇവർക്ക് ലഭിച്ചിട്ടില്ല എന്നും നാം അറിയുക…
യുകെ മലയാളികളെ ഒരാളുടെ ജീവിതത്തിലേക്ക് പ്രതിസന്ധികൾ എപ്പോൾ വേണമെങ്കിലും കടന്നു വരാം… ലക്ഷങ്ങൾ വിലമതിക്കുന്ന ലോക്ക് ഉപയോഗിച്ച് നാട്ടിലെ വീട് സുരക്ഷിതമാക്കിയ പ്രവാസികൾ ഉണ്ട്.. എന്നാൽ മഹാപ്രളയത്തിൽ ഈ ലോക്കുകൾക്ക് വെള്ളം വീടിനുള്ളിൽ പ്രവേശിക്കുന്നത് തടാനായില്ല…. ഇതുതന്നെയല്ലേ നമ്മുടെ പ്രവാസ ജീവിതവും പ്രതിസന്ധികളും…
സിമിയുടെ ഭർത്താവായ ചെറിയാന്റെ യുകെ ബാങ്ക് വിവരങ്ങൾ ചുവടെ
Mr. CHERIAN IYPE
SORT CODE 20-25-38
A/C NO. 80948675
BARCLAYS BANK,
LUTON TOWN CENTRE.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കൽക്കരി ഉപയോഗം കുറയ്ക്കാൻ ഉതകുന്നതാണ് ഗ്ലാസ്‌ഗോ കാലാവസ്ഥാ കരാർ എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കൽക്കരിയുടെ ഉപയോഗം പടിപടിയായി നിർത്തലാക്കുക എന്നതിന് പകരം ഉപയോഗം പടിപടിയായി കുറയ്ക്കുമെന്ന രീതിയിലുള്ള കരാറാണ് രാജ്യങ്ങൾ അംഗീകരിച്ചിരിക്കുന്നത്. ഇത് അതിശയകരമായ നേട്ടമാണെന്ന് പ്രധാനമന്ത്രിപറഞ്ഞു. ചൈനയുടെയും ഇന്ത്യയുടെയും സമ്മർദം മൂലമാണ് കരാറിൽ മാറ്റം വരുത്തേണ്ടിവന്നത്. ഇത്തരമൊരു കാലാവസ്ഥ കരാറിൽ ആദ്യമായാണ് കൽക്കരി, പെട്രോളിയം ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള നിർദേശം ഉൾപ്പെടുത്തുന്നത്. കൽക്കരി രാജ്യത്തിൻറെ വികസനത്തിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപയോഗം അവസാനിപ്പിക്കണമെന്ന ശുപാർശ ഇന്ത്യ എതിർത്തത്. ഇന്ധന സബ് സിഡി ഒഴിവാക്കണമെന്ന നിർദേശവും ഇന്ത്യ അംഗീകരിച്ചില്ല. കൽക്കരി ഉപയോഗിച്ച് വികസിച്ച രാജ്യങ്ങൾ ഇപ്പോൾ വികസ്വര രാജ്യങ്ങൾക്ക് മേൽ കൽക്കരി നിർമാർജനം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
രണ്ടാഴ്ചയിലേറെ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിൽ ഗ്ലാസ്ഗോ കാലാവസ്ഥ ഉടമ്പടിക്ക് ഇരുന്നൂറോളം രാജ്യങ്ങളാണ് അംഗീകാരം നൽകിയത്. എന്നാൽ കരാർ അത്ര വേണ്ടത്ര മുന്നോട്ട് പോകില്ലെന്നും നൂറ്റാണ്ടിൻറെ അവസാനത്തോടെ ആഗോളതാപനം 1.5Cയായി കുറയ്ക്കുക എന്ന ഉച്ചകോടിയുടെ ലക്ഷ്യം കൈവരിക്കാൻ സാധിക്കില്ലെന്നും വിമർശകർ അഭിപ്രായപ്പെട്ടു. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ഏറ്റവും മോശമായ ആഘാതങ്ങളെ പരിമിതപ്പെടുത്താൻ ഇത്തരത്തിലുള്ള ഒരു നീക്കം കൊണ്ട് സാധിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഉച്ചകോടിയുടെ നേട്ടങ്ങൾക്കിടയിലും താൻ നിരാശനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം ജീവന്മരണ പ്രശ്നമായി മാറിയ രാജ്യങ്ങൾ വലിയ താത്പര്യമാണ് കരാറിനോട് പുലർത്തിയത്. ഉടമ്പടി പാലിക്കുവാൻ പലരും തയ്യാറായപ്പോൾ മറ്റുപലരും അതിനെ എതിർത്തു. എന്നാൽ ഉടമ്പടി അനുസരിച്ച് പ്രവർത്തിക്കാൻ രാജ്യങ്ങളെ നിർബന്ധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവെച്ച മൂന്ന് പ്രധാന നിർദ്ദേശങ്ങൾക്കും ഉച്ചകോടിയിൽ അംഗീകാരം ലഭിച്ചില്ല. 2030നകം കാർബൺഡയോക്സൈഡ് ബഹിർഗമനം പകുതിയായി കുറയ്ക്കുക, പാവപ്പെട്ട രാജ്യങ്ങൾക്ക് സമ്പന്നരാജ്യങ്ങൾ പതിനായിരം കോടി ഡോളർ സഹായം നൽകുക, ഈ തുകയുടെ പകുതിയോളം കാലാവസ്ഥ ദുരന്ത സഹായമായി നൽകുക എന്നിവയായിരുന്നു യുഎൻ നിർദ്ദേശങ്ങൾ. കാലാവസ്ഥയിലുള്ള മാറ്റങ്ങൾ ഏറ്റവും കൂടുതലായി ബാധിക്കുന്ന രാജ്യങ്ങളോട് ചൈനയും ഇന്ത്യയും വിശദീകരണം നൽകേണ്ടി വരുമെന്ന് അലോക് ശർമ പറഞ്ഞു. 2100 ഓടുകൂടി ആഗോളതാപനം 1.5C ക്ക് മുകളിൽ പോകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതായിരുന്നു cop26 ൻെറ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ക്ലൈമറ്റ് ആക്ഷൻ ട്രാക്ക് ഗ്രൂപ്പിൻറെ റിപ്പോർട്ട് പ്രകാരം നിലവിലെ നിരക്കിൽ ലോക താപനില 2.4C യിലേക്ക് നീങ്ങുകയാണ്. അഞ്ചുവർഷം കാത്തിരിക്കാതെ അടുത്ത വർഷാവസാനത്തോടെ കൂടെ തന്നെ ലക്ഷ്യം നേടാനായി പ്രവർത്തിക്കാനും ഉടമ്പടി ആഹ്വാനം ചെയ്തു. കാർബൺ ഉപയോഗം വെട്ടിക്കുറയ്ക്കാൻ പ്രതിജ്ഞയെടുക്കാൻ രാജ്യങ്ങൾ അടുത്തവർഷം വീണ്ടും ഉച്ചകോടി ചേരും.