Uncategorized

ഇടുക്കി ജില്ലയില്‍ ഇടവട്ടി പഞ്ചായത്തില്‍ പള്ളിപ്പാട്ട് ജിബിനാണ് ഇന്ന് നിങ്ങളുടെ മുന്‍പില്‍ കരുണയ്ക്കായ് കാത്തിരിക്കുന്നത് ഒന്പത് മാസം മുന്പ് പയ്യന്നൂരില്‍ വച്ച് നടന്ന ഒരു അപകടമാണ് ജിബിന്റെ ജീവിതമാകെ തകടം മറിച്ചത്.നിര്‍ത്തിയിട്ടിരുന്ന ജിബിന്റെ വണ്ടിയില്‍ നിയന്ത്രണം വിട്ടു വന്ന ഒരു ട്രക്ക് ഇടിക്കുകയായിരുന്നു.അപകടത്തില്‍ ജിബിന്റെ രണ്ട് കാലുകളും ഒടിയുകയും ഒരു കാല്‍ അറ്റ് പോകുകയും ചെയ്തു. ഇത് വരെ ഏകദേശം 14 ഒപ്പറേഷനുകള്‍ നടത്തി. ഒന്പത് ലക്ഷത്തോളം രൂപ ചിലവാകുകയും ചെയ്തു. ജിബിന്‍ എഴുന്നേറ്റു നടക്കണമെങ്കില്‍ ഇനിയും രണ്ടു ഒപ്പറേഷനുകള്‍ കുടി നടത്തണമെന്നാണ് ഡോക്ടര്‍മാര് നിര്‍ദേശിച്ചിരിക്കുന്നത്. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത ജിബിന് നാട്ടുകാരും പള്ളിക്കാരുമാണ് ഇതുവരെയുള്ള ചികിത്സയ്ക്ക് സഹായം ചെയ്തത്.പരസഹായം കൂടാതെ ജിബിന് കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കുവാന്‍ പോലും സാധിക്കില്ല കൂലി പണി ചെയ്തുകൊണ്ടിരുന്ന ഭാര്യക്ക് ജിബിന്റെ അവസ്ഥ മൂലം ജോലിയ്ക്ക് പോകുവാനും സാധിക്കുന്നില്ല . ഏഴും, അഞ്ചും വയസുള്ള രണ്ടു കുട്ടികളുണ്ട് ജിബിന്.സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തെ സഹായിക്കാന്‍
സന്മനസുള്ളവര്‍ ഫെബ്രുവരി മാസം 25നു മുന്പായി വോക്കിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൌണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നിഷേപിക്കാന്‍ എളിമയോടെ അറിയിക്കുന്നു.

Charitties Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720
web: http://www.wokingkarunya.co.uk/

ടോം ശങ്കൂരിക്കല്‍
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ശ്രീമതി ജെസീത്ത ദയാനന്ദന്റെ ശിക്ഷണത്തില്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ഡാന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഇത് സ്വപ്ന മുഹൂര്‍ത്തം. യു കെ യിലെ ഡാന്‍സ് എഡ്യുകേഷന്‍ വിഭാഗം അംഗീകരിച്ചിട്ടുള്ള ശാസ്ത്രീയ നൃത്ത വിഭാഗത്തില്‍ വരുന്നതാണ് ഭരതനാട്യം കഥക് എന്നീ നൃത്ത വിഭാഗങ്ങള്‍. ഇതില്‍ ഭരതനാട്യം വിഭാഗത്തിലാണ് ഈ വിദ്യാര്‍ഥിനികള്‍ പരീക്ഷക്ക് ഒരുങ്ങുന്നത്. ഇംപീരിയല്‍ സൊസൈറ്റി ഓഫ് ടീച്ചിംഗ് ഡാന്‍സ് (ISTD) അതോറിറ്റി ആയിരിക്കും ഗ്രേഡിംഗ് നല്കുന്നത്. ലെവല്‍ ഒന്ന് രണ്ടു വിഭാഗത്തിലേക്ക് വേണ്ടിയാണ് ഈ കുട്ടികള്‍ പരീക്ഷയെ നേരിടുന്നത്. തിയറിയും പ്രാക്ടിക്കലും എല്ലാം അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ പരീക്ഷ ആയിരിക്കും ഇത്.

മൊത്തം ആറു ലെവലുകളാണു ഈ വിഭാഗത്തിലുള്ളത്. ഈ ആറു ലെവലുകളും വിജയിച്ചു കഴിഞ്ഞാല്‍ ഒരു GCSE സബ്‌ജെക്റ്റ് ആയിട്ടാണ് കണക്കാക്കുന്നത്. ഇതിലെ വിജയ നിലവാരം അനുസരിച്ചുള്ള ഗ്രേഡുകളും അതോടൊപ്പം UCAS (Universities and College Admission Sevice )പോയന്റുകളും ലഭ്യമാകുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു യൂണിവേഴ്‌സിറ്റിയിലേക്കു പോകുന്ന നമ്മുടെ കുട്ടികള്‍ക്ക് തങ്ങളുടെ ഇഷ്ട വിഭാഗത്തില്‍ അഡ്മിഷന്‍ കിട്ടുവാന്‍ ഈ എക്‌സ്ട്രാ കരികുലര്‍ വിഭാഗത്തിലുള്ള പൊയന്റുകള്‍ ഒരു വല്യ പങ്കാണ് വഹിക്കുന്നത്. മിക്കവാറും എല്ലാ സബ്‌ജെറ്റുകളിലും എ+ ഉണ്ടായിരിന്നിട്ടുകൂടി തന്റെ ഇഷ്ട വിഭാഗത്തിലുള്ള അഡ്മിഷന്‍ ഈ ഒരു കാരണം കൊണ്ട് മാത്രം ലഭ്യമാകാതെ പോയ നിരവധി അനുഭവങ്ങള്‍ ഇതിലൂടെ കടന്നു പോയ പലര്‍ക്കും പറയാനുണ്ട്. ഇനി വരുന്ന കുട്ടികള്‍ക്കെങ്കിലും ഈ അവസ്ഥ ഉണ്ടാകരുത് എന്ന ഈ ഒരു കാരണം കൊണ്ട് തന്നെയാണു ജി എം എ അതിനു പറ്റിയ യോഗ്യതകളുള്ള ഒരു ഡാന്‍സ് അധ്യാപികയെ കണ്ടു പിടിച്ചതും ഈ ഉദ്യമം ധൈര്യമായി എല്‍പ്പിച്ചതും.

Gloucestershire-1

എട്ടു മുതല്‍ അഡള്‍ട്‌സ് വരെയുള്ള വിഭാഗത്തില്‍ ഏതാണ്ട് നാല്പതോളം വിദ്യാര്‍ഥിനികളാണു നൃത്തം അഭ്യസിക്കുന്നത്. ഇതില്‍ ഇരുപതോളം കുട്ടികളാണ് പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഇനി മുതല്‍ ഓരോ ആറു മാസത്തിലും പരീക്ഷകള്‍ നടത്തി എല്ലാ ലെവലുകളും കരസ്ഥമാക്കി കൊടുക്കുവാനാണ് ടീച്ചര്‍ ശ്രീമതി ജെസീത്ത ദയാനന്ദന്‍ ഉദ്ധേശിക്കുന്നത്. ജി എം എ യുടെ അഡള്‍ട്‌സ് വിഭാഗത്തില്‍ നൃത്തം അഭ്യസിക്കുന്നവരാണു ഈ കഴിഞ്ഞ യുക്മ റീജിയണല്‍, നാഷണല്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ഡാന്‍സിനു പുറമേ ശാസ്ത്രീയ സംഗീതത്തിലും കീ ബോര്‍ഡിലും കൂടെ ജി എം എ യുടെ നേതൃത്വത്തില്‍ തങ്ങളുടെ കുട്ടികള്‍ക്ക് നേത്രുത്വം നല്കുന്നുണ്ട്. ഈ വിഭാഗങ്ങളിലും നൃത്തം പോലെ തന്നെ ഗ്രേഡിംഗ് പരീക്ഷ നടത്തി അത് അവരുടെ എക്‌സ്ട്രാ കരികുലര്‍ പോയന്റ്‌സ് വിഭാഗത്തില്‍ പെടുത്തി കൂടുതല്‍ അവരുടെ ഭാവിക്ക് ഉതകുന്ന രീതിയിലുള്ള ഒരു പരിശീലനം ആണു ജി എം എ നടത്തുന്നത്.

ലണ്ടന്‍: പാര്‍ലമെന്ററി രംഗത്തെ ഇന്‍ഡ്യയിലെ നേതാക്കള്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് സംഘടിപ്പിച്ചിട്ടുള്ള പാര്‍ലമെന്ററി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ കൊല്ലം പാര്‍ലമെന്റ് അംഗം എന്‍.കെ പ്രേമചന്ദ്രന് ക്രോയ്‌ടോണില്‍ ഇന്ന് ഓ ഐ സി സി സ്വീകരണം നല്‍കും. കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ ആര്‍.എസ്.പി യുടെ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കൂടിയായ പ്രേമചന്ദ്രന് ഓ ഐ സി സി എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കിയിരുന്നു. ഇന്ന് നടക്കുന്ന സ്വീകരണ ചടങ്ങില്‍ ക്രോയ്‌ഡോന്‍ മുന്‍ മേയര്‍ മഞ്ചു ഷാഹുല്‍ ഹമീദ് തുടങ്ങി വിവിധ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. വൈകിട്ട് ഏഴിന് തുടങ്ങുന്ന യോഗത്തില്‍ എം പി യുമായി ആശയ സംവാദത്തിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. പസ്തുത ചടങ്ങില്‍ മുഴുവന്‍ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്

അല്‍ സഹാര്‍:07887992999
ബേബിക്കുട്ടി ജോര്ജ്ജ്:07961390907
ജവഹര്‍:07426823210

അഡ്രസ്സ്
സെന്റ്.സേവിയെര്‍സ് ചര്‍ച്ച്
115 സെന്റ്.സേവിയെര്‍സ് റോഡ്
ക്രോയ്‌ഡോണ്‍
CR0 2XF

ലണ്ടന്‍: പൊതുമേഖലയിലെ സ്‌കൂളുകള്‍ മികച്ച നിലവാരം കൈവരിക്കുന്നുവെന്ന് ഗുഡ് സ്‌കൂള്‍സ് ഗൈഡിന്റെ സ്ഥാപകന്‍ റാല്‍ഫ് ലൂകാസ്. രക്ഷിതാക്കളില്‍ പലരും പൊതുമേഖലയിലുള്ള സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് സ്വകാര്യ സ്‌കൂളുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായും സൂചനയുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളുടെ പരീക്ഷാ ഫലവും സ്വഭാവവും മെച്ചപ്പെട്ടതിനാല്‍ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് താങ്ങാനാകുന്ന രക്ഷിതാക്കളും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ അയക്കുന്നുവെന്നാണ് ലൂകാസ് ചൂണ്ടിക്കാട്ടുന്നത്. പല രക്ഷിതാക്കളും സ്‌കൂളുകളുടെ വിവരങ്ങള്‍ തേടി തങ്ങളെ സമീപിക്കുന്നുണ്ട്. കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് അയക്കാനാണ് മിക്കവര്‍ക്കും താല്‍പര്യമെന്നും ലൂകാസ് വ്യക്തമാക്കി.
സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഇത് ഭീഷണി സൃഷ്ടിക്കുന്നത്. ലണ്ടനു പുറത്തുളള പല സ്വതന്ത്ര സ്‌കൂളുകളും അടച്ച് പൂട്ടുകയാണ്. അതുമല്ലെങ്കില്‍ അവര്‍ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുകയോ അക്കാഡമികളായി മാറുകയോ ചെയ്യുന്നു. ഈ പ്രവണത തുടരുമെന്ന് തന്നെയാണ് ലൂകാസിന്റെ അഭിപ്രായം. ലൂകാസിന്റെ വീക്ഷണങ്ങള്‍ക്ക് സ്വതന്ത്ര സ്‌കൂള്‍ പ്രതിനിധികളില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹെഡ്മാസ്‌റ്റേഴ്‌സ് ആന്‍ഡ് ഹെഡ്മിസ്ട്രസ് കോണ്‍ഫറന്‍സിന്റെ ജനറല്‍ സെക്രട്ടറി വില്യം റിച്ചാര്‍ഡ്‌സണ്‍ അവകാശപ്പെടുന്നത്. ലൂകാസിന്റെ പ്രസ്താവനകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും മികച്ച നിലവാരം ഉളളവയല്ലെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ രണ്ട് തലമുറകള്‍ കൊണ്ട് രാജ്യത്തെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതീക്ഷ വളര്‍ന്നിട്ടുണ്ട്. കഴിഞ്ഞ കൊല്ലം പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മകളെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തിരുന്നു. ആദ്യമായാണ് ഒരു കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രി സ്വന്തം കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കുന്നത്. ലണ്ടനിലെ ഗ്രേ കോട്ട് ഹോസ്പിറ്റല്‍ സ്‌കൂളിലാണ് കാമറൂണിന്റെ മകളെ ചേര്‍ത്തത്. കാമറൂണിന്റെ മകനും ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തിലാണ് ഇപ്പോള്‍ പഠിക്കുന്നത്. എന്നാല്‍ ഒരു സ്വകാര്യ സ്‌കൂളിലേക്ക് മകനെ മാറ്റുന്നതിനെക്കുറിച്ച് കുടുംബം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ബാബു മങ്കുഴിയില്‍
പുതുമയാര്‍ന്നതും ഐതിഹാസികവുമായ സ്‌കൈ ഡൈവിംഗിലൂടെ ഇപ്‌സ്വിച്ചിലെ ജെഫിന്‍ കുഞ്ഞുമോന്‍ ജനശ്രദ്ധയാകര്‍ഷിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എല്ലായ്‌പ്പോഴും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെ അഭിമാനമായ ഈ യുവതാരം നിരവധി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇപ്‌സ്വിച്ച് ഹോസ്പിറ്റലില്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന ജെഫിന്‍ കുഞ്ഞുമോനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ഹോസ്പിറ്റലിലെ നിയോനാറ്റല്‍ വാര്‍ഡിന് സാമ്പത്തിക സഹായം സമാഹരിക്കുന്നതിന് വേണ്ടി 12,000 അടി ഉയരത്തില്‍ നിന്ന് പാരച്യൂട്ട് സ്‌കൈഡൈവിംഗ് നടത്തുകയും തദ്വാര മൂവായിരം പൗണ്ടില്‍ അധികം സമാഹരിക്കുകയും ചെയ്തു.

പത്ത് വര്‍ഷത്തിലേറെയായി ഇബ്‌സ്വിച്ചില്‍ സ്ഥിരതാമസമാക്കിയ കോട്ടയം കൈപ്പുഴ സ്വദേശി കുഞ്ഞുമോന്‍ അറക്കലിന്റെയും ജയകുഞ്ഞുമോന്റെയും ഇളയമകനാണ് ഈ അഭിമാനതാരം. നല്ലൊരു അഭിനേതാവും ഗായകനുമായ ജാക്‌സണ്‍ കുഞ്ഞുമോന്‍ സഹോദരനാണ്. പൈതൃകമായി കിട്ടിയിട്ടുളള സംഗീത വാസനയ്‌ക്കൊപ്പം അഭിനയരംഗത്തും ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയിട്ടുളള ഈ 21 വയസുകാരന്‍ കെന്റ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയാണ്.

ജീവന്‍ തൃണവത്ഗണിച്ച് കൊണ്ടുളള ഈ ഐതിഹാസിക പ്രകടനത്തിന് എല്ലാ സഹായ സഹകരണങ്ങളും നല്‍കിയ നോര്‍വിക് എയര്‍ഫീല്‍ഡ് സ്‌കൈലൈന്‍ പാരച്യൂട്ടിങ്ങിനോടും നിര്‍ലോഭമായ സാമ്പത്തിക സഹകരണത്തോടൊപ്പം വൈകാരിക പിന്തുണകളും നല്‍കിയ നല്ലവരായ ബഹുജനങ്ങളോട് ജെഫിന്‍ കുഞ്ഞുമോന്റെയും ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്റെയും നന്ദി അറിയിച്ച്‌കൊളളുന്നു. കൂടാതെ വരാനിരിക്കുന്ന വൈവിധ്യമാര്‍ന്ന ഭാവി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും നിര്‍ലോഭമായ സഹകരണം പ്രതീക്ഷിച്ച് കൊളളുന്നു.

9W9A9486 IMG_0992 IMG_1097 IMG_1160 IMG_1205

ഷാജിമോന്‍ കെ.ഡി.
മാഞ്ചസ്റ്ററിലെ മലയാളികള്‍ക്ക് തനി നാടന്‍ കേരള വിഭവങ്ങളുമായി എംഎംഎയുടെ തട്ടുകട എല്ലാ ശനിയാഴ്ചയും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.
നാടന്‍ വിഭവങ്ങളായ സുഖിയന്‍, ബോണ്ട, ഉഴുന്നുവട, പരിപ്പുവട, ഉളളി വട, പപ്‌സ്, തുടങ്ങി നിരവധി കൂട്ടം ആണ് എംഎംഎയുടെ വനിത വിഭാഗം ഒരുക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും ഡാന്‍സ് സ്‌കൂളിനോട് അനുബന്ധിച്ചാണ് തട്ടുകട പ്രവര്‍ത്തിക്കുന്നത്.മാഞ്ചസ്റ്റര്‍ ലോംഗ്‌സെറ്റ് സെന്റ് ജോസഫ് ചര്‍ച്ച് ഹാള്‍ ( സീറോമലബാര്‍) ലാണ് തട്ടുകട പ്രവര്‍ത്തിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരമുതല്‍ നാലരവരെയാണ് പ്രവര്‍ത്തനസമയം.

യാന്ത്രിക ജീവിതത്തില്‍ വീണുകിട്ടുന്ന വാരാന്ത്യത്തില്‍ മലയാളി കൂട്ടായ്മയില്‍ നാടന്‍ രൂചിയും ഒപ്പം നാടന്‍ വര്‍ത്തമാനങ്ങളും പറഞ്ഞ് കേരളീയ ഓര്‍മകള്‍ അയവിറക്കുന്നതോടൊപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് തട്ടുകട പ്രവര്‍ത്തിക്കുന്നത്. എല്ലാ മാഞ്ചസ്റ്റര്‍ മലയാളികള്‍ക്കും ഇതിലേക്ക് പങ്കാളികളാകാം. എല്ലാവര്‍ക്കും സ്വാഗതം, കൂടുതല്‍ വിവരങ്ങള്‍ക്ക് എംഎംഎ പിആര്‍ഓയുമായി ബന്ധപ്പെടുക. 07886526706
വാര്‍ത്ത അയച്ചത് കെ.ഡി.ഷാജിമോന്‍

ലണ്ടന്‍: മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് പുതിയ പകര്‍ച്ചവ്യാധിയായ സിക വൈറസ്. കൊതുകുകള്‍ പകര്‍ത്തുന്ന ഈ വൈറസ് ബാധിക്കുന്ന ഗര്‍ഭിണികളുടെ കുട്ടികള്‍ക്ക് തലച്ചോറിന്റെ വലിപ്പം കുറയുന്ന മൈക്രോസെഫാലി എന്ന രോഗമുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ജന്മവൈകല്യവുമായി പിറക്കുന്ന കുട്ടികളുടെ തലയ്ക്ക് വലിപ്പം കുറവായിരിക്കും. തലച്ചോറിന് ഗുരുതരമായ വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലില്‍ രണ്ടായിരത്തോളം കുട്ടികള്‍ ഈ വൈകല്യവുമായി പിറന്നു വീണു എന്നാണ് കണക്ക്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് ഈ രോഗം പടര്‍ന്നു പിടിച്ചതെങ്കിലും അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും രോഗം എത്തിയതായി കഴിഞ്ഞ ദവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ബ്രസീല്‍ കൂടാതെ മറ്റു പതിമൂന്നു രാജ്യങ്ങളിലാണ് പ്രധാനമായും സിക പടര്‍ന്നു പിടിച്ചത്. രോഗത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ലോകാരോഗ്യ സംഘടന ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്ത്രീകള്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് ഗര്‍ഭിണികളാകുന്നത് ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശവും ഭരണകൂടങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതുവരെ മൂന്ന് ബ്രിട്ടീഷ് പൗരന്‍മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. സിക വൈറസ് ബാധയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടേ?

രോഗലക്ഷണങ്ങള്‍

പനി, ശരീരത്ത് തടിച്ച പാടുകള്‍, സന്ധി വേദന, കണ്ണുകള്‍ക്ക് കടും ചുവപ്പ് നിറം എന്നിവയാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. രോഗബാധയുണ്ടായ അഞ്ചില്‍ ഒരാള്‍ക്കു മാത്രമേ രോഗംമൂലമുള്ള അസ്വസ്ഥതകള്‍ പ്രകടമായി കണ്ടിട്ടുള്ളൂ. ഗര്‍ഭിണികളിലാണ് രോഗം ഏറ്റവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളെ ബാധിക്കുന്ന വൈറസ് കുട്ടികളില്‍ മൈക്രോസെഫാലി എന്ന അവസ്ഥ സൃഷ്ടിക്കുന്നു. ഈ രോഗം ബാധിച്ച കുട്ടികളാണ് വലിപ്പം കുറഞ്ഞ തലയുമായി ജനിക്കുന്നത്.

ഗര്‍ഭിണികള്‍ക്ക് രോഗം എങ്ങനെ ഗുരുതരമാകുന്നു

ബ്രസീലില്‍ കഴിഞ്ഞ വര്‍ഷം മൈക്രോസെഫാലി ബാധിച്ച 3000ത്തോളം കുട്ടികള്‍ പിറന്നതായാണ് കണക്ക്. 2014ല്‍ ഇത് 200 മാത്രമായിരുന്നു. സിക വൈറസ് മാത്രമാണോ ഈ അവസ്ഥയ്ക്ക് കാരണമെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. എങ്കിലും സികയും ഇതിനു പിന്നിലുണ്ടെന്ന നിഗമനത്തിലാണ് വിദഗ്ദ്ധര്‍.

zika-1

രോഗവ്യാപനം

രോഗം പ്രധാനമായും വ്യാപിക്കുന്നതിനു കാരണം കൊതുകുകളാണ്. ഈഡിസ് ഈജിപ്തി വിഭാഗത്തിലുള്ള കൊതുകുകളാണ് രോഗാണു വാഹകര്‍. ഈ കൊതുകുകള്‍ തന്നെയാണ് ഡെങ്കി, മഞ്ഞപ്പനി എന്നീ രോഗങ്ങളും പടര്‍ത്തുന്നത്. രോഗാണു വഹിക്കുന്ന ഒരു കൊതുകിന്റെ കടിയേറ്റാലും രോഗം ബാധിക്കും. രോഗത്തിന് ഇതേവരെ വാക്‌സിനുകള്‍ കണ്ടെത്തിയിട്ടില്ല. ഈ രോഗം പടരാതിരിക്കാന്‍ കൊതുകുകളെ നിയന്ത്രിക്കുക മാത്രമാണ് ഏക മാര്‍ഗം. രോഗം പടര്‍ന്നിട്ടുള്ള രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അത്തരം സ്ഥലങ്ങളില്‍ പോകേണ്ടത് അനിവാര്യമാണെങ്കില്‍ കൊതുകുകടിയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിദഗദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

zika-2

കുട്ടികളുടെ ബുദ്ധിവികാസം അവരുടെ ഭാവിയെയാണ് നിര്‍ണയിക്കുന്നത്. അവരുടെ ധിഷണ, വ്യക്തിത്വം, മാനസികമായ സ്ഥിരത തുടങ്ങിയവയ്ക്ക് ചെറുപ്പത്തിലേ അടിത്തറ പാകണം. ബുദ്ധി വികാസം കുട്ടി ജനിക്കുന്നതിനു മുമ്പു തന്നെ തുടങ്ങുന്നു. അതുകൊണ്ടു തന്നെ ബുദ്ധിമാനായ/ ബുദ്ധിമതിയായ കുട്ടി ജനിക്കണമെങ്കില്‍ മാതാപിതാക്കള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ത്തന്നെ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങണമെന്നു സാരം.
1. ബുദ്ധിവികാസത്തില്‍ മാതാപിതാക്കള്‍ക്കുള്ള സ്വാധീനം

ഗര്‍ഭത്തിലായിരിക്കുമ്പോള്‍ത്തന്നെ കുഞ്ഞിന്റെ തലച്ചോറ് വളരെ വേഗം വളരുന്നുണ്ട്. ഭ്രൂണം മൂന്നാഴ്ച പ്രായം പിന്നിടുമ്പോള്‍ തലച്ചോറിന്റെ പ്രധാനപ്പെട്ട മൂന്നു ഭാഗങ്ങള്‍ രൂപം കൊള്ളുന്നു. അടുത്ത ആഴ്ച മുതല്‍ തലച്ചോറ് പ്രവര്‍ത്തനമാരംഭിക്കും. അതായത് ഒരു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനും ബുദ്ധിവികാസം ആരംഭിക്കാന്‍ തുടങ്ങും. കുട്ടി ജനിച്ച് ആദ്യത്തെ അഞ്ചു വര്‍ഷത്തിലാണ് തലച്ചോറിന്റെ 90 ശതമാനവും വികസിക്കുന്നത്. കുട്ടിയുടെ വളര്‍ച്ചയിലും ബുദ്ധിശക്തി ആര്‍ജ്ജിക്കുന്നതിലും ചുറ്റുപാടുകളും ഏറെ പങ്കു വഹിക്കുന്നുണ്ട്.

2. ഗര്‍ഭിണികള്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും

ശിശുക്കള്‍ ഗര്‍ഭാവസ്ഥയില്‍ അനുഭവിച്ച കാര്യങ്ങള്‍ മറക്കുമെന്ന് ഒരിക്കലും കരുതരുത്. അവരുമായി സംസാരിക്കാനും പുസ്തകങ്ങള്‍ വായിച്ചു കൊടുക്കാനും പാട്ടുകള്‍ കേള്‍പ്പിക്കാനും മറക്കരുത്. ജനനത്തിനു ശേഷമുള്ള വളര്‍ച്ചയിലും ഇക്കാര്യങ്ങള്‍ കുട്ടികളെ ഏറെ സ്വാധീനിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഭക്ഷണത്തിലും ഏറെ ശ്രദ്ധിക്കാനുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സമൃദ്ധമായ മീനുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. മൂന്നു മുതല്‍ ആറുമാസം ഗര്‍ഭാവസ്ഥയിലുള്ള സത്രീകള്‍ ഭക്ഷണത്തില്‍ മത്സ്യത്തിന്റെ അളവു വര്‍ദ്ധിപ്പിച്ചാല്‍ അവര്‍ക്കു ജനിക്കുന്ന കുട്ടികളിലുണ്ടാകുന്ന മാനസിക വളര്‍ച്ച വേഗത്തിലായിരിക്കുമെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. മുതിരയെണ്ണ, കടുകെണ്ണ എന്നിവയും ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. വെജിറ്റേറിയന്‍മാര്‍ക്ക് ഇവ ഉപയോഗിക്കാം. മുട്ടയുടെ വെള്ള, കോളിഫഌവര്‍ എന്നിവയും ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിന് മികച്ചതാണ്.

ഭക്ഷണത്തിന്റെ അളവല്ല, പോഷകാംശമാണ് പ്രധാനം. രണ്ടു പേര്‍ക്കുള്ള ഭക്ഷണം കഴിച്ച് വണ്ണം കൂട്ടുന്നത് വളര്‍ച്ചയെത്താതെയുള്ള പ്രസവത്തിനി കാരണമായേക്കാം. കുട്ടിയുടെ തലയ്ക്കും തലച്ചോറിനും വലിപ്പം കുറയുന്നതിനും അതുമൂലം ബുദ്ധിശക്തി കുറയുന്നതിനു പോലും ഇത് കാരണമായേക്കാം.

പുകവലി, ആല്‍ക്കഹോള്‍, മലിനമായ വായു തുടങ്ങിയവ ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. മാലിന്യങ്ങള്‍ പ്ലാസന്റ വഴി കുഞ്ഞിന്റെ ഡിഎന്‍എയിലെത്തുകയും പെരുമാറ്റ വൈകല്യങ്ങള്‍്കു വരെ കാരണമാകുകയും ചെയ്യും. മലിനമായ നഗരാന്തരീക്ഷത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിക്കുക.

3. ജനനം മുതല്‍ മൂന്നു വയസു വരെ

ഈ പ്രായത്തില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കുക. അവരുമായി സംസാരിക്കാനും അവസരം കണ്ടെത്തണം. പങ്കുവയ്ക്കല്‍ പോലയുള്ള സാമൂഹ്യ മര്യാദകളും സ്വഭാവ ഗുണങ്ങളും ഈ പ്രായത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് സ്വായത്തമാക്കുന്നു

4. നാലു വയസു മുതല്‍ ഏഴു വയസു വരെ

ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസും വളര്‍ത്തിയെടുക്കാന്‍ ഈ പ്രായത്തില്‍ പരിശീലിപ്പിക്കാം. സൈക്കിള്‍ ചവിട്ടാനും ശാരീരികമായി അധ്വാനമുള്ള കളികളില്‍ പങ്കെടുക്കാനും പ്രേരിപ്പിക്കുക. ടിവി, ഡിവിഡി എന്നിവയില്‍ നിന്ന് പരമാവധി അകലം പാലിക്കാനും ഈ സമയത്ത് കുട്ടികളെ പ്രേരിപ്പിക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകുകയുള്ളൂ. മാനസിക വളര്‍ച്ചയില്‍ ശാരീരികാരോഗ്യം കെട്ടിപ്പടുക്കുന്നതും പ്രധാനമാണ്.

ബീജിംഗ്: വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറുന്ന യാത്രക്കാരെ ചൈന കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നു. യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണിത്. നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
ചെക്ക് ഇന്‍ കൗണ്ടറുകളിലെ അക്രമം, സുരക്ഷാ പരിശോധനകളിലെ പെരുമാറ്റം. ബോര്‍ഡിംഗ് ഗേറ്റിലെ പെരുമാറ്റങ്ങള്‍ എന്നിവയടക്കം 10 തരത്തിലുള്ള അപമര്യാദ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ പുറത്തിറക്കി. വിമാനത്താവളത്തിലും വിമാനത്തിലും അപമര്യാദയായി പെരുമാറുക, കോക്പിറ്റിലേക്ക് അതിക്രമിച്ച് കയറുക, വ്യാജ ഭീഷണികള്‍ മുഴക്കുക എന്നിവയും നിയമത്തിന്റെ പരിധിയില്‍പ്പെടും.

നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വിമാനയാത്രക്കാരുടെ വിവരങ്ങള്‍ വിമാന കമ്പനികള്‍ക്ക് കൈമാറും. യാത്രക്കാരുടെ വിവരങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കരിമ്പട്ടികയില്‍ ഉള്‍പ്പെടുന്ന യാത്രക്കാര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക എന്ന് വ്യക്തത വന്നിട്ടില്ല.

ലണ്ടന്‍: ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത നേടിയവരാണെങ്കിലും കറുത്തവര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ വെളുത്ത വര്‍ഗക്കാരുമായി വലിയ അന്തരമുള്ളതായി റിപ്പോര്‍ട്ട്. വംശീയ ന്യൂനപക്ഷങ്ങള്‍ തൊഴില്‍രംഗത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ബിരുദധാരികളായ കറുത്തവര്‍ഗക്കാര്‍ക്ക് അവരുടെ വെളുത്ത വര്‍ഗക്കാരായ സമാന തസ്തികയിലുളളവരെക്കാള്‍ 23 ശതമാനം കുറഞ്ഞ വേതനത്തിന് ജോലി ചെയ്യേണ്ടി വരുന്നു. എന്നാല്‍ ഈ സര്‍വേ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കഠിനാദ്ധ്വാനവും ഉയര്‍ന്ന യോഗ്യതയും കൈമുതലായുളളവര്‍ക്ക് അവരുടെ നിറമോ വംശമോ നോക്കാതെ തൊഴിലില്‍ ഉയര്‍ന്ന വിജയം നേടാന്‍ രാജ്യത്ത് അവസരമുണ്ടെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ സ്ഥാപനങ്ങളില്‍ നടന്നുവരുന്ന വംശീയ വേര്‍തിരിവുകളെ ഇല്ലായ്മ ചെയ്യാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സര്‍വകലാശാലകളിലും വ്യവസായ രംഗത്തും സൈനിക രംഗത്തും കറുത്ത വര്‍ഗക്കാര്‍ക്ക് മതിയായ പ്രാതിനിധ്യമില്ലാത്തത് രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം നേരത്തെ പ്രസ്താവിച്ചിട്ടുണ്ട്. സൈന്യത്തില്‍ കറുത്തവര്‍ഗക്കാരായ ജനറല്‍മാരില്ല. രാജ്യത്തെ എഫ്ടിഎസ്ഇകളില്‍ വെറും നാല് ശതമാനം മാത്രം എക്‌സിക്യൂട്ടീവുകളാണ് കറുത്ത വര്‍ഗത്തില്‍ നിന്നുളളവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് വംശീയ വിദ്വേഷം കൊണ്ടാണോ അവസരസമത്വമില്ലാത്തത് കൊണ്ടാണോ അതിനേക്കാള്‍ മോശം കാരണങ്ങള്‍ വല്ലതുമാണോ ഇതിന്റെ പിന്നിലെന്നും അദ്ദേഹം ചോദിക്കുന്നു.

കറുത്തവര്‍ക്ക് മണിക്കൂറിന് ലഭിക്കുന്ന വേതനത്തില്‍ വെളളക്കാരുമായി 4.30 പൗണ്ടിന്റെ വ്യത്യാസമുണ്ട്. എ ലെവല്‍ യോഗ്യതയുള്ളവര്‍ ചെയ്യുന്ന ജോലികളില്‍ വേതന വ്യത്യാസം 14.3 ശതമാനമാണ്. അഥവാ മണിക്കൂറിന് 1.65 പൗണ്ടിന്റെ വ്യത്യാസം. ജിസിഎസ്ഇ യോഗ്യതയുളളവരുടെ വേതനത്തില്‍ 11.4 ശതമാനം വ്യത്യാസമുണ്ട്. അതായത് മണിക്കൂറിന് 1.18 പൗണ്ടിന്റെ വ്യത്യാസം. അതേസമയം യോഗ്യതകളില്ലാത്തവര്‍ക്കുളള തൊഴിലില്‍ ഇരുകൂട്ടര്‍ക്കും തുല്യവേതനം ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസതലം മുതല്‍ തന്നെ ഇത് കാണാനാകുമെന്ന് നാഷണല്‍ സ്്റ്റുഡന്റ്‌സ് യൂണിയന്റെ ബ്ലാക് സ്റ്റുഡന്റ്‌സ് ഓഫീസര്‍ മാലിയ ബാവൂട്ടിയ പറയുന്നു.

അധ്യാപകരുടെ കാര്യത്തിലും ഇത് കാണാവുന്നതാണ്. നമുക്ക് നിഷേധിക്കപ്പെട്ടിട്ടുളള ഒരു സ്ഥലത്തേക്ക് കടന്നുകയറിയുകയും പിന്നീട് തൊഴിലിടത്തില്‍ എത്തിപ്പെടുകയും ചെയ്താല്‍ ഉയര്‍ന്ന പദവിയിലേക്ക് കടക്കാന്‍ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലിടങ്ങളിലെ വംശീയ വേര്‍തിരിവിനെതിരെ ഈ മാസം പത്ത് മുതല്‍ സമരത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ് മാലിയ. വെളുത്തവര്‍ഗത്തില്‍ പെട്ടവരാണെങ്കില്‍ തൊഴിലിടങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ കറുത്തവര്‍ഗത്തില്‍ പെട്ടവര്‍ക്ക് ധാരാളം തിരിച്ചടികള്‍ നേരിടേണ്ടി വരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വംശീയ ന്യൂനപക്ഷങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും വേതന കാര്യത്തില്‍ വലിയ വത്യാസമുണ്ട്. ബിരുദതലത്തില്‍ പെട്ടവര്‍ക്ക് ഇത് 10.3 ശതമാനവും എ ലെവലിലേക്കെത്തുന്നപോള്‍ ഇത് പതിനേഴ് ശതമാനം വരെയും വര്‍ദ്ധിക്കുന്നു. റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ ഗ്രീന്‍ പാര്‍ക്ക് ഗ്രൂപ്പ് നടത്തിയ സര്‍വേയിലാണ് ഈ വെളിപ്പെടുത്തലുകള്‍. വംശീയ സമത്വത്തിന് വേണ്ടി സര്‍ക്കാര്‍ ഒരു രാഷ്ട്രീയതന്ത്രത്തിന് തന്നെ രൂപം നല്‍കണമെന്നാണ് ടിയുസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ ദുഃഖകരമായ കണ്ടെത്തലുകളാണിതെന്നും ടിയുസി പറയുന്നു. കറുത്തവരും ഏഷ്യാക്കാരും വലിയ വേതന വ്യത്യാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. യോഗ്യത മാത്രമല്ല ഇതിന് കാരണം. വംശീയ ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുളള വിവേചനമാണിതെന്നും ടിയുസി ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved