Uncategorized

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആമസോണിന്റെ പേരിൽ ഫോൺ വിളികളിലൂടെ തട്ടിപ്പ് വ്യാപകമെന്ന് മുന്നറിയിപ്പ് നൽകി ലോയിഡ് ബാങ്ക്. തുടക്കത്തിൽ മുഖ്യ കമ്പനികളിലെ സ്റ്റാഫ് എന്ന രീതിയിൽ ആയിരിക്കും തട്ടിപ്പുകാർ ഉപഭോക്താക്കളെ ബന്ധപ്പെടുക. ഉപഭോക്താവിന് എന്തെങ്കിലും റീഫണ്ട് നൽകാനുണ്ടെന്നോ, അല്ലെങ്കിൽ എന്തെങ്കിലും കംപ്ലയിന്റ് ഉണ്ടെങ്കിൽ പരിഹാരം ചെയ്തു തരാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പുകാർ വിശ്വാസം പിടിച്ചുപറ്റുന്നത്. എന്നാൽ ഇത്തരത്തിൽ സഹായങ്ങൾ ലഭിക്കുന്നതിനായി ഉപഭോക്താവിന്റെ ഡിവൈസിന്റെ മുഴുവൻ നിയന്ത്രണവും തങ്ങൾക്ക് വേണമെന്നാണ് അവർ പിന്നീട് ആവശ്യപ്പെടുക. ഇത്തരം തട്ടിപ്പുകൾ കഴിഞ്ഞവർഷം രണ്ടിരട്ടിയായി വർദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇതിനുവേണ്ടി സംഘടിതമായ.രീതിയിൽ പ്രവർത്തിച്ചുവരുന്ന തട്ടിപ്പ് സംഘങ്ങൾ ഉണ്ടെന്ന് ലോയ്ഡ് ബാങ്ക് ഫ്രോഡ് പ്രിവൻഷൻ ഡയറക്ടർ ഫിലിപ്പ് റോബിൻസൺ വ്യക്തമാക്കി. ഓരോ തവണയും പുതിയ മാർഗ്ഗങ്ങളുപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.

ഉപഭോക്താവിന്റെ ഡിവൈസിൽ എന്തെങ്കിലും പുതിയ സോഫ്റ്റ്‌വെയർ അപ്‌ലോഡ് ചെയ്യണമെന്ന ആവശ്യവുമായി പ്രമുഖ കമ്പനികളിലെ സ്റ്റാഫ് എന്ന രീതിയിൽ ഫോൺകോളുകൾ ചെയ്യുന്ന തട്ടിപ്പുകാരുമുണ്ട്. ഉപഭോക്താവിന്റെ ഫോണിന്റെയോ, ടാബ്ലറ്റിന്റെയോ, കമ്പ്യൂട്ടറിന്റെയോ അക്സസ്സ് ഇത്തരം തട്ടിപ്പുകാർക്ക് ലഭിച്ചാൽ എല്ലാവിധ സ്വകാര്യ വിവരങ്ങളും ഇവർക്ക് ലഭിക്കും. ചിലപ്പോൾ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും മറ്റും ഇവർക്ക് ഇത്തരത്തിൽ ലഭിക്കും. അതിനാൽ തന്നെ ഇമെയിലുകളിലൂടെയോ മെസ്സേജുകളിലൂടെയോ ലഭിക്കുന്ന ലിങ്കുകളിൽ എല്ലാം തന്നെ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.


ഇതോടൊപ്പംതന്നെ ലഭിക്കുന്ന ഫോൺകോളുകൾ കൃത്യമായിട്ടുള്ളവ ആണെന്ന് വിലയിരുത്തി മാത്രമേ സ്വകാര്യ വിവരങ്ങളും മറ്റും നൽകാവൂ എന്നും കർശനമായ നിർദ്ദേശമാണ് ബാങ്ക് അധികൃതർ നൽകുന്നത്. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻതന്നെ ബാങ്ക് അധികൃതരുമായി ബന്ധപ്പെടേണ്ടതാണ്. ആമസോണിന്റെ പേരിൽ നടന്ന തട്ടിപ്പിൽ, കസ്റ്റമർക്ക് റീഫണ്ട് ഉണ്ട് എന്ന രീതിയിലാണ് ഫോൺ കോൾ ലഭിച്ചത്. ഇത് ലഭിക്കുന്നതിനായി അവരുടെ അക്കൗണ്ട് വിവരങ്ങളും മറ്റും ആവശ്യമാണെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇത്തരത്തിൽ നിരവധി തട്ടിപ്പുകളാണ് സമൂഹത്തിൽ നടന്നു വരുന്നതെന്ന് ലോയിഡ് ബാങ്ക് വ്യക്തമാക്കി. അതിനാൽ തന്നെ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന കർശന നിർദേശമാണ് നൽകുന്നത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം തകർത്ത വെഡിങ് പ്ലാനറിനെ സംബന്ധിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദമ്പതികളായ ജെയ്‌സൻ തോർപ്പും നിക്കിയും. ഇവരിൽനിന്ന് വിവാഹ ആവശ്യങ്ങൾക്കായി 2000 പൗണ്ട് ആണ് വെഡിങ് പ്ലാനർ വാങ്ങിയത്. എന്നാൽ വിവാഹത്തിന് രണ്ടു ദിവസങ്ങൾക്കു മുൻപ് ഈ പണവുമായി വെഡിങ് പ്ലാനർ കടന്നു കളഞ്ഞു. നോർത്ത് യോർക്ക്ക്ഷെയറിൽ നിന്നുള്ള ഈ ദമ്പതികൾ തങ്ങളുടെ വിവാഹത്തിന് നൂറോളംപേർക്ക് റിസപ്ഷൻ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. 2019 ജൂലൈ 27 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ പണം വാങ്ങിയ ഡാനാ ട്വിഡെയിൽ എന്ന വെഡിങ് പ്ലാനർ പണവുമായി മുങ്ങുകയായിരുന്നു.

ഫേസ്ബുക്കിൽ കണ്ട പരസ്യത്തിലൂടെയാണ് ഇവരെ പരിചയപ്പെടുന്നത് എന്ന് ദമ്പതികൾ വ്യക്തമാക്കി. നിരവധിപേർ നല്ല അഭിപ്രായങ്ങൾ ആയിരുന്നു ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിരുന്നത്. ഡാനയും വളരെ നല്ല രീതിയിൽ തന്നെയാണ് തങ്ങളോട് ഇടപെട്ടത്. മുൻകൂട്ടി തന്നെ ഇവർക്ക് പണം നൽകിയിരുന്നുവെങ്കിലും, പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല എന്ന് ദമ്പതികൾ പറഞ്ഞു. പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ വളരെ വേഗത്തിൽ തങ്ങളുടെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തങ്ങൾക്ക് ചെയ്യേണ്ടി വന്നുവെന്ന് ദമ്പതികൾ വെളിപ്പെടുത്തുന്നു. മൂവായിരത്തോളം പൗണ്ട് അധിക തുകയാണ് ഇതിനായി ദമ്പതികൾക്ക് ചിലവാക്കേണ്ടി വന്നത്. ഇത്തരത്തിൽ 26 ഓളം തട്ടിപ്പുകളാണ് ഡാനാ നടത്തിയിരിക്കുന്നതെന്ന് പോലീസ് അധികൃതർ വെളിപ്പെടുത്തുന്നു. അറസ്റ്റിലായ ഇവർക്കെതിരെയുള്ള കോടതി വിധി അടുത്തവർഷം ഉണ്ടാകും.

Don’t think family means a love of affair.

കുടുംബം എന്നാൽ കൂടുമ്പോൾ ഇമ്പം ഉണ്ടാകേണ്ട ഒന്നാണ് . പക്ഷെ കൂടണം. ഇന്ന് ആരും കൂടുന്നില്ല. ആർക്കും കൂടാൻ സമയമില്ല . ഒരാൾ ജോലിക്കു പോവുമ്പോൾ ഒരാൾ വരുന്നു. അല്ലങ്കിൽ പിള്ളേർ സ്‌കൂളിൽ പോവുമ്പോൾ വേറൊരാൾ വരുന്നു. ഇനി എല്ലാരും ഉണ്ടങ്കിൽ തന്നെ അവർ അവരുടേതായ ലോകത്ത്. അടുക്കള, ഫ്രണ്ട്സ്, ഓൺലൈൻ അങ്ങനങ്ങനെ ..അങ്ങനെ കൂടാതെ കൂടുമ്പോൾ കൂട്ടിമുട്ടലുകളും പ്രശ്നങ്ങളും ഉറപ്പല്ലേ ?

അഥവാ ഇനി കൂടിയാൽ തന്നെ അവിടെ കൂടുന്നവർ പല സ്വഭാത്തിൽ ഉള്ളവരും രണ്ടു ഫാമിലിയിൽ നിന്നും വന്നവരും ആണ് . അപ്പോൾ ഇമ്പം ഉണ്ടാകാനും ഉണ്ടാക്കാനും വളരെ പാടുപെടേണ്ടി വരും. അല്ലാതെ നമ്മൾ സിനിമയിൽ കാണുന്നപോലെ അടിച്ചുപൊളിച്ചു താമസിച്ചു തീർക്കാൻ ഇതൊരു രണ്ടു രണ്ടര മണിക്കൂർ ദൈർഘ്യം മാത്രമുള്ള ഡ്രാമ അല്ല .

സിനിമ അല്ലങ്കിൽ ഒരു അരങ്ങ് തട്ടകത്തിൽ വരുന്നതിനു മുമ്പ് എന്തുമാത്രം പ്രാക്ടീസ് നടത്തീട്ടുണ്ടായിരിക്കും. അവരുടെ മേക്കപ്പ് റൂം ഒന്ന് പോയ് കണ്ടു നോക്കണം എത്ര മാത്രം മെസ്‌ ആണന്ന് . പക്ഷെ അവർ ആടിത്തിമിർക്കുമ്പോൾ കാണാൻ നമുക്ക് ചന്തമേറെ. പക്ഷെ ഇങ്ങനൊരു റിഹേഴ്സലും ഇല്ലാതെ തട്ടകത്തിൽ വരുമ്പോൾ പ്രോബ്ലെംസ് ഇല്ലാതെ ആടി തീർക്കാൻ പറ്റില്ല.

നമ്മൾ മലയാളികൾ ചെറുപ്പം മുതൽ കണ്ടു വളർന്ന സമൂഹം ആണിനെയും പെണ്ണിനേയും വേർതിരിക്കുന്നത് കണ്ടു തന്നാണ്. ഉദാഹരണത്തിന് സ്കൂൾ കാലം തന്നെ എടുക്ക്. ആൺ പിള്ളേർ എല്ലാം ഒരു വശത്ത് പെൺപിള്ളേർ എല്ലാം മറ്റൊരു വശത്ത്. പള്ളിയിൽ പോയാലും ആശുപത്രി ടോക്കൺ ക്യുവിൽ നിന്നാലും എന്തിനേറെ കഞ്ഞീം പയറും മേടിക്കാൻ പോലും ആണ് പെണ്ണ് മിക്സ് ആകുന്നത് പാപമാണ് എന്ന് കണ്ടു വളർന്ന തലമുറയിൽ പെട്ട നമ്മൾ പെട്ടെന്നൊരു ദിവസം വീട്ടുകാർ കണ്ടിഷ്ടപ്പെട്ട് ഉറപ്പിച്ച ബന്ധത്തിൽ പെട്ട് ഒരുമിച്ചു ജീവിക്കാൻ തുടങ്ങുന്നു .

ഇതുവരെ ഓപ്പോസിറ്റ് പാർട്ടി ആയി മാത്രം കണ്ടുവളർന്ന രണ്ടു പറ്റം ആളുകൾ ഒരുമിച്ചു ജീവിക്കുമ്പോൾ ഉറപ്പായും താളപ്പിഴകൾ ഉണ്ടാകും . അത് എത്ര കല്യാണ കോഴ് സുകൾ കൂടിയാലും ശരി എത്ര അഡ് ജസ്റ് റ്മെന്റ് ചെയ്താലും പ്രശ്നങ്ങൾ വരും . അവിടെയാണ് നമുക്ക് ലോട്ട് ഓഫ് മാനേജ്‌മന്റ് സ്‌കിൽസ് വേണ്ടി വരുന്നത് .

പിന്നെ ഇവിടെ നമ്മൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് . രണ്ടുപേർ തമ്മിൽ കല്യാണം കഴിക്കുന്നതിന്റെ പ്രധാന കാരണം തന്നെ ഒരാൾക്ക് ഉള്ള എന്തോ ഒരു കുറവിനെ പരിഹരിക്കപ്പെടാൻ വേണ്ടി തന്നാണ് . അത് ചിലപ്പോൾ സമൂഹത്തിൽ ഫാമിലി ആയി ജീവിക്കാനുള്ള കാരണം ആകാം, രണ്ടുപേരുടെയും വികാരപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഒരു ഉപാധിയായിട്ടാകാം. അല്ലെങ്കിൽ സാമ്പത്തികമായി ഉയരാൻ ആകാം. അതുമല്ലെങ്കിൽ സമൂഹത്തിൽ ഒരു പെൺ അല്ലെങ്കിൽ ആൺ തുണ സുരക്ഷിതത്വത്തിന് വേണം എന്ന് കരുതിയാകാം.

അങ്ങനെ പല പല ആവശ്യകതകൾ മനസ്സിൽ കണ്ടുകൊണ്ടു മേടിക്കുന്ന ഒരു ബെറ്റർ പാക്കേജ് ആയിട്ടാണ് കല്യാണത്തിനെ തിരഞ്ഞെടുക്കുന്നത്. അപ്പോൾ ഈ മേൽപറഞ്ഞ എല്ലാമൊന്നും നേടാൻ പറ്റിയില്ലെങ്കിലും , കുറഞ്ഞത് ഒരു ആവശ്യമെങ്കിലും അതായത് ജോലിക്ക് പോകുമ്പോൾ കുട്ടികളെ അടുത്തിരുത്തി പോകാനൊരിടം അല്ലെങ്കിൽ രാത്രിയിൽ ആരെയും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാൻ കൂടെ ഒരാൾ . അങ്ങനെ എന്തെങ്കിലുമൊക്കെ നമ്മുടെ പാർടണർ മൂലം നമുക്ക് നേടിയെടുക്കാൻ പറ്റുന്നുണ്ടങ്കിൽ നമ്മൾ അവിടെ ഓപ്പോസിറ് പാർട്ടിയെ കുറ്റപ്പെടുത്തുന്നതിൽ എന്ത് കാര്യമാണുള്ളത്‌ .

കാരണം അവിടെ നമ്മുടെ കുറവുകൾ തന്നല്ലേ മറ്റേ ആൾമൂലം നികത്തപ്പെടുന്നത് . അങ്ങനുള്ളപ്പോൾ നമുക്ക് നമ്മുടെ പങ്കാളിയോട് വിരോധപ്പെടാൻ എന്തവകാശം .

എന്നിരുന്നാലും ഫിസിക്കൽ പവർ മാത്രം വല്യ സംഭവം ആണന്നു ശീലിച്ചു വളർന്ന ആണുങ്ങൾ അവർ കുടുംബത്തിന് വേണ്ടി ചെയ്യുന്ന കഠിനാധ്വാനം മുഴുവൻ തന്റെ കുടുംബത്തിന് വേണ്ടി ആണല്ലോ എന്നോർത്ത്‌ ആശ്വസിക്കുമ്പോൾ . ഒരു പെണ്ണ് ആണിന്റെ ഒരു തലോടൽ അല്ലെങ്കിൽ ഒരു ആശ്ലേഷം അത്രയേ പ്രതീക്ഷിക്കുന്നുള്ളു .

പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടു വരാറുള്ള ചില കാഴ്ചകൾ ആണ് ജോലിക്ക് കെട്ടിയവളെ ഡ്രോപ്പ് ചെയ്യുമ്പോൾ കൊടുക്കുന്ന ഒരു ചുംബനം അല്ലെങ്കിൽ കൈ കോർത്തുള്ള ഒരു നടത്തം അതുമല്ലെങ്കിൽ ഒരുമിച്ചു സൊറ പറഞ്ഞ് ഒരു ചായകുടിയൊക്കെ..

അത്രയൊക്കെയേ ഒരു പെണ്ണ് പ്രതീക്ഷിക്കുന്നുള്ളു . ആണുങ്ങൾ നിസ്സാരമായി കരുതുന്ന ഇങ്ങനത്തെ ഇമ്പങ്ങൾ ഇല്ലാതെ വരുമ്പോൾ പ്രശ്നങ്ങൾ ഉടലെടുക്കാം.

ആഹാ ഇത്രയേ ഉള്ളോ കാര്യം എന്ന് നമ്മളിപ്പോ ചിന്തിക്കും പക്ഷെ ആ ഇത്രേം വരാൻ നമ്മൾ ഒത്തിരി സ്‌കിൽസ് ആൻഡ് അഡ്ജസ്റ്മെന്റ്‌സുകൾ ചെയ്യേണ്ടിവരും .
എന്നിരുന്നാലും
No where in the history of humanity or today or in any time in future will human relationship will absolute?

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

സോണി സ്വാൻസി

പിറന്ന നാടിനു സ്നേഹത്തിൻ്റെ കരുതലുമായി സ്വാൻസിയിലെ മലയാളികൾ. കോവിഡ് മഹാമാരി കൊണ്ട്ബുദ്ധിമുട്ടുന്ന കേരള ജനതയ്ക്കായി ബിരിയാണി ചലഞ്ചിലൂടെ മൂന്ന് ലക്ഷത്തിലധികം രൂപ സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മറ്റുള്ളവർക്ക് മാതൃക ആയി സ്വാൻസി മലയാളികൾ. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് സ്വാൻസിയിലെ ഏകദേശം125 കുടുംബങ്ങളിൽ ഫാമിലി പാക്കറ്റ് ബിരിയാണി വിതരണം ചെയ്തും സ്പോൺസർമാരിലൂടെ പണം സമാഹരിച്ചും 303930രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വാൻസി മലയാളികൾ സംഭാവന ചെയ്തത്.

സ്വാൻസിയിലെ ഒരു സംഘം ചെറുപ്പക്കാർ ഈ സംരംഭവുമായി മുൻപോട്ട് വന്നപ്പോൾ മറ്റുള്ള സംഘടനകളും കുടുംബങ്ങളും പിന്തുണയുമായി എത്തുകയായിരുന്നു. എല്ലാവരും ഒന്ന് ചേർന്നപ്പോൾ നല്ല ഒരു തുക സംഭാവനയായി നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് സംഘാടകർ. ഈ നല്ല സംരംഭത്തിന് കൂടെനിന്ന് സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ച് സ്വാൻസി മലയാളി അസോസിയേഷൻ, മോറിസ്റ്റൻ ബോയ്‌സ് ഗ്രൂപ്പ് മറ്റ് സ്‌പോൺസർമാർ തുടങ്ങിയവർക്ക് അകമഴിഞ്ഞ നന്ദി രേഖപെടുത്തുന്നതായി ഇതിൻറെ ഭാരവാഹികൾ അറിയിച്ചു.

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. ചരിത്രവിജയവുമായി തുടർ ഭരണത്തിലെത്തിയ സർക്കാറിനെ പിണറായി വിജയൻ നയിക്കുമ്പോൾ പ്രതിപക്ഷത്ത് പുതിയ നായകനായി ഇനി വി. ഡി. സതീശൻ എത്തും.
ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം സഭാ സമ്മേളനം തുടങ്ങുന്നത്. തുടർച്ചയായി അധികാരമേൽക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടവുമായി പിണറായി. മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ഭരണപക്ഷം. തെരഞ്ഞെടുപ്പിൽ തോറ്റ യുഡിഎഫിനെ നയിക്കാനും പിണറായിയോട് എതിരിടാനും പുതിയ പ്രതിപക്ഷനേതാവായി വി. ഡി. സതീശൻ എത്തുന്നു.
സ്പ്രിംഗ്ലർ, സ്വർണ്ണക്കടത്ത് മുതൽ ഇഎംസിസി വരെ സഭയിൽ  അഞ്ച് വർഷം മുഴങ്ങിയ ആരോപണ പരമ്പരകളെല്ലാം ജനം തള്ളി എന്ന് പറഞ്ഞാകും പ്രതിപക്ഷത്തെ ഭരണപക്ഷം നേരിടുക. മറുവശത്ത് പ്രതിപക്ഷ നേതാവെന്ന നിലയിൽ ആദ്യ വിലയിരുത്തലിന് വേദിയാകുന്നത്, എന്നും മിന്നും പ്രകടനം കാഴ്ച വെച്ച സഭാതലമെന്നത് സതീശന്റെ അനുകൂല ഘടകം.
പക്ഷെ, വമ്പൻ തെരഞ്ഞെടുപ്പ് തോൽവിക്കും പ്രതിപക്ഷനേതാവിന്റെ തെരഞ്ഞെടുപ്പ് നീണ്ടതിനും ചെന്നിത്തലയെ മറികടന്നതിനുമൊക്കെ ഭരണപക്ഷനിരയിൽ നിന്നുയരുന്ന വിമർശനങ്ങളെ നേരിടൽ വെല്ലുവിളിയാകും. സതീശനെന്ന പുതിയനേതാവിന് പിന്നിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മാറുന്ന കോൺഗ്രസ്സിലെ തലമുറമാറ്റത്തിനും സഭ സാക്ഷിയാകും.
പിണറായി മുഖ്യമന്ത്രിയായ നിയമസഭയിൽ പ്രതിപക്ഷനിരയിലേക്ക് കെ. കെ. രമയെത്തുന്നതും മറ്റൊരു കൗതുകം. സംപൂജ്യരായ ബിജെപിക്ക് ഇത്തവണ പുറത്തു നിന്നും കളി കാണേണ്ട സ്ഥിതിയാണ്. നാളെ തന്നെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 28ന് നയപ്രഖ്യാപനപ്രസംഗവും ജൂൺ 4 ന് ബജറ്റവതരണവും നടക്കും. 14 വരെ സഭാ സമ്മേളനം തുടരും.

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. കൊവിഡ് വ്യാപനത്തിനൊപ്പം കനത്ത മഴയും തുടർന്നാൽ പകർച്ചവ്യാധികൾ പടരാനുളള സാധ്യത കണക്കിലെടുത്താണ് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. വീടും പരിസരവും വൃത്തിയാക്കി വീടുകളിൽ തന്നെ ഡ്രൈ ഡേ ആചരിക്കാനാണ് നിർദ്ദേശം. മഴക്കാല പൂർവ്വ ശുചീകരണം വേഗത്തിലാക്കാനും മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റബർ തോട്ടങ്ങളിൽ ചിരട്ടയിലും മറ്റും തങ്ങി നിൽക്കുന്ന വെള്ളം ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.വീടിന് സമീപത്തെ വെള്ളക്കെട്ടുകൾ അണുനാശിനി ഉപയോഗിച്ച് അണുവിമുക്കമാക്കണം. ഫോഗിങ്ങ് നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കും നിർദ്ദേശമുണ്ട്

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അവശ്യ മെഡിക്കൽ വസ്തുക്കളുടെ വില സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു.

ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്‌കിന് 22 രൂപയും സർജിക്കൽ മാസ്‌കിന് 3.90 രൂപയുമാക്കി സർക്കാർ വിലനിശ്ചയിച്ചു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സുപ്രധാനമായ സാനിറ്റൈസറും വിലനിയന്ത്രണ പട്ടികയിൽ കൊണ്ടുവന്നു. ഇതുപ്രകാരം അരലിറ്റർ സാനിറ്റൈസറിന് പരമാവധി 192 രൂപയെ ഈടാക്കാനാകൂ.

വിലവിവര പട്ടിക:

∙ പിപിഇ കിറ്റ്– 273രൂപ

∙ എൻ95 മാസ്ക്– 22രൂപ

∙ ട്രിപ്പിൾ ലെയർ മാസ്ക്– 3.90രൂപ

∙ ഫേസ് ഷീൽഡ്– 21രൂപ

∙ ഏപ്രൺ– 12 രൂപ

∙ സർജിക്കൽ ഗൗൺ– 65രൂപ

∙ പരിശോധനാ ഗ്ലൗസ്– 5.75രൂപ

∙ സാനിറ്റൈസർ (500 മില്ലി)– 192രൂപ

∙ സാനിറ്റൈസർ (200 മില്ലി) – 98രൂപ

∙ സാനിറ്റൈസർ (100 മില്ലി) – 55രൂപ

∙ എൻആർബി മാസ്ക്– 80രൂപ

∙ ഓക്സിജൻ മാസ്ക്– 54രൂപ

∙ ഹ്യുമിഡിഫയറുള്ള ഫ്ലോമീറ്ററിന് –1520രൂപ

∙ ഫിംഗർടിപ് പൾസ് ഓക്സീമീറ്റർ–1500രൂപ

 

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിലും ഡല്‍ഹിയില്‍ ലോക്ഡൗണിനിടയിലും പ്രധാനമന്ത്രിക്കായി ഒരുങ്ങുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നടപ്പാക്കുന്നതിനെതിരെ രാഹുല്‍ ഗാന്ധി. രാജ്യത്തിനാവശ്യം ഓക്‌സിജനാണന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

സെന്‍ട്രല്‍ വിസ്ത പദ്ധതി കുറ്റകരമായ പാഴ്‌ചെലവാണന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവിതത്തിനുമേല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.

. കോവിഡ് പ്രതിസന്ധിയിലും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്

കൊവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മരുന്ന് വിതരണ രംഗത്തേയ്ക്ക് കൺസ്യൂമർ ഫെഡും. പൊതു വിപണിയിൽ 637 രൂപയോളം വില വരുന്ന മരുന്നുകളാണ് 200 രൂപയ്ക്ക് നീതി മെഡിയ്ക്കൽ സ്റ്റോറുകൾ വഴി കൺസ്യൂമർ ഫെഡ് നൽകുന്നത്. കൊവിഡാനന്തര ചികിത്സയ്ക്കുള്ള കിറ്റും ഉടൻ വിൽപ്പനയ്ക്ക് എത്തുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് പറഞ്ഞു.
കൊവിഡ് ബാധിതർക്ക് ചികിത്സയ്ക്കുള്ള മരുന്നുകൾ, മാസ്‌ക്കുകൾ, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങി പത്ത് ഉത്പന്നങ്ങളാണ് മെഡിക്കൽ കിറ്റിലുള്ളത്. പൊതു വിപണിയിലേക്കാൾ വളരെ കുറഞ്ഞ വിലയിലാണ് കൺസ്യൂമർ ഫെഡിന്റെ മരുന്ന് ലഭിക്കുക. ആദ്യഘട്ടത്തിൽ 78 നീതി മെഡിയ്ക്കൽ സ്റ്റോറുകളിലാണ് വിൽപ്പന. അടുത്ത ആഴ്ചയോടെ കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും മരുന്ന് വിതരണം ചെയ്യും. 3000 കിറ്റുകൾ വിൽപ്പനയ്ക്കായി ഷോപ്പുകളിൽ എത്തിച്ചിട്ടുണ്ട്.
വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ നിർദ്ദേശ പ്രകാരമാണ് കൊവിഡിന് ശേഷം പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ചികിത്സാ കിറ്റ് തയ്യാറാക്കുന്നത്. കൺസ്യൂമർ ഫെഡിന് കീഴിലെ ഷോപ്പുകളിൽ 48 കോടി രൂപയുടെ പലവ്യഞ്ജനങ്ങളും മറ്റ് ഭക്ഷ്യ സാധനങ്ങളും സ്റ്റോക്കുണ്ടന്നും ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ നിന്ന് ഉൾപ്പെടെ കൂടുതൽ സാധനങ്ങൾ എത്തിയ്ക്കുമെന്നും കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് വ്യക്തമാക്കി .

തിരുവനന്തപുരം :➡️ കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർത്ഥികളെ കൊവിഡ് പ്രതിരോധത്തിനു ഉപയോഗിക്കും. മെഡിക്കൽ വിദ്യാർത്ഥികൾ വാക്‌സിൻ എടുത്തവരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരും വാക്‌സിൻ എടുത്തവരാണ്.

രണ്ടാമത്തെ ഡോസ് വാക്‌സിൻ 3 മാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപ്പോർട്ട്. ഓക്‌സിജൻ ലഭ്യതയിൽ നിലവിൽ വലിയ പ്രശ്‌നങ്ങളില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിനു ഓക്‌സിജൻ ലഭ്യമാക്കും. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. മെഡിക്കൽ വിദ്യാർത്ഥികളിൽ പഠനം കഴിഞ്ഞവർക്കു താത്കാലിക രജിസ്‌ട്രേഷൻ നൽകും.എറണാകുളം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 % കടന്ന പഞ്ചായത്തുകൾ ബുധനാഴ്ച മുതൽ അടച്ചിടും. എറണാകുളത്തെ മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകൾ അടച്ചിടും. മുനമ്പം ഹാർബർ പൂർണമായി അടച്ചിടും.

കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി കുടിശിക പിരിവ് 2 മാസത്തേക്കു നിർത്തും. ബാങ്കുകളുടെ റിക്കവറി പ്രവർത്തനങ്ങൾ തൽക്കാലത്തേക്കു നിറുത്തണമെന്ന് ആവശ്യപ്പെട്ടും. സപ്ലൈക്കോ കൺസ്യൂമർഫെഡ് എന്നിവയ്ക്കു പുറമേ എൻജിഒകൾ രാഷ്ട്രീയ പാർട്ടികൾ അസോസിയേഷനുകൾ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും. നേരിട്ടോ സർക്കാർ ഏജൻസികൾ വഴിയോ സഹായം വിതരണം ചെയ്യാം. വിദേശത്തു പ്രവർത്തിക്കുന്ന സംഘടനകൾക്കു കൂടുതൽ സഹായം നൽകാൻ കഴിയും. അത്തരം ഏജൻസികളെക്കുറിച്ച് നോർക്ക പരിശോധിച്ച് അംഗീകാരം നൽകും. സർക്കാർ ഏജൻസികൾ മുഖേനയായിരിക്കും സഹായ വിതരണം.

കെ എം എസ് സി എൽ , കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയ സ്റ്റേറ്റ് ഗവണ്മെൻ്റ് ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾ, എൻ.ജി.ഒ കൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് രജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും ഈ ഘട്ടത്തിൽ അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും.

ദുരിതാശ്വാസ സഹായങ്ങൾ നേരിട്ടോ, സർക്കാർ ഏജൻസികൾ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകൾ മുഖേനയോ വിതരണം ചെയ്യാവുന്നതാണ്.

സർക്കാർ ഹോസ്പിറ്റലുകളിൽ നിലവിലുള്ളത് 2857 ഐസിയു ബെഡുകളാണ്. അതിൽ 996 ബെഡുകൾ കോവിഡ് രോഗികളുടേയും 756 ബെഡുകൾ കോവിഡിതര രോഗികളുടേയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്. സർക്കാർ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകൾ ആണ് ഇപ്പോൾ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐസിയു ബെഡുകളിൽ 1037 എണ്ണമാണ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്.

സർക്കാർ ആശുപത്രികളിൽ നിലവിൽ ഉള്ള ആകെ വെൻ്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതിൽ 441 വെൻ്റിലേറ്ററുകൾ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സയ്ക്കായും ഉപയോഗത്തിലാണ്. സർക്കാർ ആശുപത്രികളിലെ മൊത്തം വെൻ്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ 1523 വെൻ്റിലേറ്ററുകളിൽ 377 എണ്ണമാണ് നിലവിൽ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

സിഎഫ്എൽടിസികളിലെ ബെഡുകളിൽ 0.96 ശതമാനവും സിഎൽടിസികളിലെ ബെഡുകളിൽ 20.6 ശതമാനവും ബെഡുകൾ ഓക്സിജൻ ബെഡുകളാണ്. മെഡിക്കൽ കോളേജുകളിൽ ആകെയുള്ള 3231 ഓക്സിജൻ ബെഡുകളിൽ 1731 എണ്ണമാണ് കോവിഡ് ചികിത്സയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അതിൽ 1429 ബെഡുകളിലും രോഗികൾ ചികിത്സയിലാണ്. 546 പേർ കോവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജൻ ബെഡുകളിൽ 1975 എണ്ണവും ഇപ്പോൾ ഉപയോഗത്തിൽ ആണ്.

ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിനു കീഴിലുള്ള ആശുപത്രികളിൽ 3001 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അതിൽ 2028 ബെഡുകൾ ആണ് കോവിഡ് ചികിത്സയ്ക്ക് നീക്കി വച്ചിരിക്കുന്നത്. അവയിൽ 1373 ഓക്സിജൻ ബെഡുകളിൽ ഇപ്പോൾ രോഗികൾ ചികിത്സയിലാണ്. കോവിഡേതര രോഗികളെക്കൂടെ കണക്കിലെടുത്താൽ ഈ ആശുപത്രികളിലെ 51.28 ശതമാനം ഓക്സിജൻ ബെഡുകളിലും രോഗികൾ ചികിത്സിക്കപ്പെടുന്നു.
സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ ബെഡുകളിൽ 66.12 ശതമാനം ഓക്സിജൻ ബെഡുകൾ ഇതിനോടകം ഉപയോഗത്തിലായിക്കഴിഞ്ഞു.

ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത മെഡിക്കൽ ഓക്സിജനിൽ ചുരുങ്ങിയത് ആയിരം മെട്രിക് ടൺ കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്.

രണ്ടാം തരംഗത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഓക്സിജന്റെ ആവശ്യം വലിയതോതിൽ വർധിച്ചിരിക്കുകയാണ്. ഓക്സിജന്റെ സ്റ്റോക്ക് വളരെ വേഗം കുറയുന്നു. ഈ സാഹചര്യത്തിൽ മതിയായ കരുതൽശേഖരം ഉണ്ടാക്കുന്നതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved