സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെന്റിലുള്ള മലയാളികളായ നേഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ഇത് കഷ്ടകാലത്തിന്റെ ദിനങ്ങളോ? ഒരു വശത്തു കോവിഡ് 19 എന്ന മഹാമാരി… ഭയം എല്ലാവരിലും ഒന്നുപോലെ ഉണ്ടെങ്കിലും പഠിച്ച ജോലിയോടുള്ള ആത്മാർഥതയും രോഗികളോട് ഉള്ള അനുകമ്പയും സ്വയം മറന്ന് പണിയെടുക്കുവാൻ മലയാളി നഴ്‌സുമാരെ പ്രാപ്തരാക്കുന്നു. മിക്ക അവസരങ്ങളിലും ബന്ധുക്കളെയും മിത്രങ്ങളെയും സഹായിക്കുവാൻ സാധിക്കുന്നതും അവർക്ക് മറ്റുള്ളവരെക്കുറിച്ചുള്ള ഈ സ്നേഹവും കരുതലും കൊണ്ട് ആണ്.
യുകെയുടെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാട് മലയാളികൾ സ്റ്റോക്കിൽ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവരും തന്നെ നഴ്സുമാർ ആണ് താനും. പല സമയങ്ങളിൽ ആയി സ്റ്റോക്ക് ഓൺ ട്രെന്റിൽ ഒരു പിടി മലയാളികളുടെ ഭവനങ്ങൾ മോഷണത്തിന് ഇരയായിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനത്തോടെ ഉണ്ടായ ലോക് ഡൗൺ കള്ളൻമാരെ വീട് കയറിയുള്ള മോഷണത്തിന് തടയിട്ടപ്പോൾ ഇതാ ഹോസ്‌പിറ്റൽ കാർ പാർക്കുകൾ ആണ് ഇപ്പോഴത്തെ ഹോട്ട്സ്പോട്ട്..
കഴിഞ്ഞ മാർച്ച് (21/03/2020 – 26/03/2020) വരെ മലയാളി നഴ്‌സുമാർക്ക് നഷ്ടപ്പെട്ടത് നാല് കാറുകൾ ആണ്. ജീവൻ പണയപ്പെടുത്തി വാർഡുകളിൽ പന്ത്രണ്ട് മണിക്കൂർ കോവിഡ് രോഗികളെ പരിചരിച്ചു പുറത്തുവന്നപ്പോൾ കള്ളൻമാർ തന്റെ കാറുകളോട് ചെയ്തത് ഉൾക്കൊള്ളുവാൻ അത്ര എളുപ്പമായിരുന്നില്ല. എല്ലാവരും ഓടിച്ചിരുന്നത് ഹോണ്ട ജാസ്.. നഷ്ടപ്പെട്ടത് കാറ്റലിക് കൺവെർട്ടർ… വണ്ടി വിലയേക്കാൾ കൂടുതൽ പണം മുടക്കിയാൽ മാത്രമേ വീണ്ടും ഓടിക്കാൻ സാധിക്കൂ. കൂടാതെ ക്ലെയിമയാൽ അതിന് കൊടുക്കുന്നതോടൊപ്പം പിന്നീട് ഇൻഷുറൻസ് തുക വർദ്ധിക്കുകയും ചെയ്യുന്നു. നോ ക്ലെയിം പ്രൊട്ടക്ഷൻ ഇല്ലെങ്കിൽ അതും നഷ്ടപ്പെടുന്നു. മിക്കവാറും വണ്ടി പാട്ട വിലക്ക് ഒഴിവാക്കേണ്ട അവസ്ഥ.
ടോയോട്ട ഹൈബ്രിഡ്, ഹോണ്ട ജാസ് എന്നിവയാണ് കള്ളൻമാരുടെ നോട്ടപ്പുള്ളി. ഇത്തരത്തിൽ നഷ്ടപ്പെട്ടവരുടെ ഇടയിലെ അവസാനത്തെ മലയാളി ആണ് നേഴ്‌സായ സിജി ബിനോയി. പതിവുപോലെ ജോലി കഴിഞ്ഞു പുറത്തെത്തിയ സിജി കാർ സ്റ്റാർട്ട് ചെയ്തപ്പോൾ പതിവില്ലാത്ത ഒരു ശബ്‌ദം. എന്താണ് പറ്റിയത് എന്ന് സിജിക്ക് മനസിലായില്ല. അടുത്തായതുകൊണ്ട് ഡ്രൈവ് ചെയ്‌തു വീട്ടിൽ എത്തി. പിറ്റേദിവസം ഭർത്താവ് ബിനോയ് സ്റ്റാർട്ട് ചെയ്‌തപ്പോഴും അസാധാരണമായ സൗണ്ട് വന്നപ്പോൾ ആർ എ സി യെ വിളിക്കുകയും ആണ് ചെയ്തത്. അങ്ങനെ അവർ പറഞ്ഞപ്പോൾ ആണ് മോഷണം ആണ് നടന്നിട്ടുള്ളത് എന്ന കാര്യം തന്നെ തിരിച്ചറിയുന്നത്.
ഇതേ ആശുപത്രിയിൽ നേഴ്‌സായി ജോലി നോക്കുന്ന ജോബി പീറ്റർ, സോഫി കുര്യക്കോസ്, നിനി ആൽബർട്ട് എന്നിവരുടെ കാറിന്റെ കാറ്റലിക് കൺവെർട്ടർ നഷ്ടപ്പെട്ടത് ഒരേ ദിവസം ആണ്. കുറച്ചു നാളുകൾക്ക് മുൻപ് ജുമോൾ തങ്കപ്പൻ എന്ന മലയാളി നേഴ്സിനും ഇതേ അനുഭവം ഉണ്ടായിരുന്നു. ഇതിൽ ജോബിയുടെ കാറിൽ നിന്നും ഉള്ള മോഷണം സി സി ടി വി യിൽ വളരെ വ്യക്തമായി കാണാം. രണ്ട് മിനിറ്റ് മാത്രമാണ് എടുത്തത് കട്ട് ചെയ്‌തു മാറ്റുവാൻ.
പ്രസ്‌തുത സംഭവങ്ങൾക്ക് ശേഷം ആശുപത്രി അധികൃതർ കൂടുതൽ സെക്യൂരിറ്റി ഏർപ്പെടുത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല മോഷണം വീണ്ടും നടക്കുകയും ചെയ്തിരിക്കുകയാണ്. എന്തായാലും പോലീസ് അന്വോഷണം നടത്തുന്നു എങ്കിലും നഷ്ടപ്പെട്ട കാറും അതുണ്ടാക്കുന്ന മനോവിഷമവും പറഞ്ഞറിയിക്കാൻ സാധിക്കില്ല. കൊറോണ രോഗികളെ പരിചരിക്കുന്നത്തിൽ നിന്നും ഉള്ള ഭയം ഒരു വശത്തുള്ളപ്പോൾ മറുവശത്തു വീട്ടിലെ കുട്ടികളുമായി ഇടപഴുകുന്നതിൽ ഉള്ള ആശങ്ക… എല്ലാറ്റിനുമുപരിയായി ഇത് ഉണ്ടാക്കി വയ്ക്കുന്ന സാമ്പത്തിക ബാധ്യത… ഇതെല്ലാം പരിഹരിക്കാൻ എങ്ങനെ സമയം കണ്ടെത്തും… എല്ലാം നേരിടാനുള്ള കരുത്തു നൽകട്ടെ എന്ന് ആശംസിക്കുക എന്നല്ലാതെ എന്ത് ചെയ്യാൻ..
യുകെയിൽ ആശങ്കാ ജനകമായി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന എല്ലാ ദിവസങ്ങളിലും യുകെ മലയാളികൾ ആഗ്രഹിച്ചിരുന്നത് ആർക്കും ഒന്നും വരുത്തരുതേ എന്നാണ്. ലോക ജനതയെ ഒരു ദാക്ഷിണ്യവുമില്ലാതെ ശിക്ഷിക്കുന്ന കോവിഡ് 19 ന്റെ ഇരകളായി ഇന്ന് മരണമടഞ്ഞ രണ്ട് പേരുകള്‍ യുകെ മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.. സ്വാൻസിയിലുള്ള സിസ്റ്റർ സിയന്നയും ബിർമിങ്ഹാമിൽ ചികിത്സയിൽ ആയിരുന്ന പെരിന്തൽമണ്ണക്കാരനായ ഡോക്ടർ പച്ചീരി ഹംസയുടെയും സ്വാന്‍സിയിലെ സിസ്റ്റര്‍ സിയന്നയുടെയും മരണങ്ങളാണ് യുകെ മലയാളികള്‍ക്കിടയില്‍ ദുഃഖം നിറച്ചിരിക്കുന്നത്.
സിസ്റ്റർ സിയന്ന സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സ്വാൻസിയിലുള്ള മഠത്തിലാണ് സേവനം ചെയ്‌തിരുന്നത്. നിരവധി മലയാളികള്‍ ഉള്‍പ്പെട്ട സ്വാന്‍സിയിലെ കത്തോലിക്കാ സമൂഹത്തിന്‍റെ ആത്മീയ ശുശ്രൂഷകളില്‍ വലിയ പങ്ക് വഹിച്ചിരുന്നു സിസ്റ്റര്‍ സിയന്ന. കഴിഞ്ഞ ആഴ്ച്ച രോഗലക്ഷണങ്ങൾ കാണിച്ചതോടെ അവിടെയുള്ള മോറിസ്ടന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യ നില വഷളാവുകയും ഇന്ന് മരണം സംഭവിക്കുകയും ആയിരുന്നു.
ബിർമിങ്ഹാമിൽ മരിച്ച ഡോക്ടർ പച്ചീരി വർഷങ്ങളോളം നാഷണൽ ഹെൽത്ത് സെർവിസിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ക്കാരം യുകെയിൽ തന്നെ നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്. രണ്ടുപേരുടെയും മരണത്തിൽ മലയാളം യുകെയുടെ അനുശോചനം രേഖപ്പെടുത്തിക്കൊള്ളുന്നു.
മാർച്ച് മാസം പതിനെട്ടാം തിയതി ബ്ലാക്ക് ബേണിൽ മരിച്ച മെയ് മോൾ മാത്യുവിന്റെ (കടിയംപള്ളിൽ, 43) കബറിടക്ക ചടങ്ങുകൾ അടുത്ത ബുധനാഴ്ച്ച (8-4-2020) നടക്കുന്നു.
ശവസംസ്കാര ശുശ്രുഷകൾ 08-04-2020, ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് മെയ്‌മോളുടെ സഹോദരൻ ബിബി മാത്യു താമസിക്കുന്നതിന് അടുത്തുള്ള McNulty ഫ്യൂണറൽ സർവീസ് സെന്ററിൽ ആരംഭിക്കുന്നു. തുടർന്ന് 1.30 pm ന് Hay Lane Cemetery, Huddersfield -ൽ കബറടക്കം നടത്തപ്പെടുകയും ചെയ്യുന്നു.
Covid-19 -ന്റെ പ്രത്യേക പശ്ചാത്തലത്തിൽ സർക്കാരിന്റെയും, സഭയുടെയും നിയമങ്ങൾ പാലിച്ചായിരിക്കും ശവസംസ്ക്കാരം നടത്തപ്പെടുന്നത്. നമ്മുടെ ആല്മീയ സാന്നിദ്ധ്യവും പ്രാർത്ഥനകളും ഉറപ്പുവരുത്തി മെയ് മോളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ക്നാനായ മിഷൻ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. വീട്ടിൽ രണ്ടുപേർക്കും സിമട്രിയിൽ പത്തുപേർക്കും മാത്രമേ പങ്കെടുക്കുവാൻ അനുവാദമുള്ളൂ. എന്നിരുന്നാലും പ്രസ്തുത ചടങ്ങുകൾ ക്നാനായ വോയിസ് ലൈവ് ആയി ടെലികാസ്റ് ചെയ്യുന്നുണ്ട്.
മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും സർവീസ് നിർത്തിവെച്ചത് മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമങ്ങൾക്ക് തടസമായി. നാട്ടിൽ ഉള്ള അമ്മക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ആഗ്രഹ പൂർത്തീകരണത്തിനായി കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും അവസാനം ഉപേക്ഷിക്കുകയാണ് ചെയ്‌തിരിക്കുന്നത്. കാരണം ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷം നാട്ടില്‍ എത്തിച്ചാലും സംസ്‌കാരത്തിന് നിയന്ത്രണം നിലനിൽക്കുന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ യുകെയിൽ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത് എന്നാണ് അറിയുന്നത്.
St. Pius X Proposed ക്നാനായ മിഷൻ കുടുംബാംഗം ആയിരുന്നു. പരേത കോട്ടയം പുന്നത്തറ സ്വദേശിനിയും കടിയംപള്ളിൽ കുടുംബാംഗവുമാണ്. ബ്ലാക്ക് ബേൺ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. പരേതയായ മെയ് മോൾക്ക് രണ്ട് സഹോദരൻമ്മാരാണ് ഉള്ളത്. യുകെയിലെ ഹഡേഴ്സഫീൽഡ് (Huddersfield) ൽ താമസിക്കുന്ന ബിബിയും കാനഡയിൽ ഉള്ള ലൂക്കാച്ചനും സഹോദരങ്ങളാണ്.
ലണ്ടൻ: പ്രവാസ ജീവിതത്തിൽ മരണങ്ങൾ എന്നും തീരാ വേദനകളാണ് ബന്ധുമിത്രാദികൾക്ക് സമ്മാനിക്കുന്നത്. കൊറോണ എന്ന മഹാമാരിക്ക് മുൻപ് ഒരു മരണം സംഭവിച്ചാൽ ഉറ്റവർക്ക് അവസാനമായി ഒരു നോക്ക് കാണുവാനുള്ള ഒരു അവസരം ഉണ്ടായിരുന്നു. എന്നാൽ കൊറോണ എന്ന മഹാമാരി ആ അവസരവും ഇല്ലാതാക്കിയിരിക്കുകയാണ് എന്നത് വേദനയുടെ ആഴം കൂട്ടാൻ മാത്രമേ ഉപകരിച്ചിട്ടുള്ളു.
ലോകമെമ്പാടും ആയി പടർന്നുപന്തലിച്ച് പ്രവാസി മലയാളികൾ സ്വന്തം കുടുംബത്തെ കരകയറ്റാനായി അക്ഷീണം പണിയെടുക്കുന്ന സമയത്തുണ്ടാകുന്ന ഇത്തരം മരണങ്ങൾ ഉണ്ടാക്കുന്ന വേദന താങ്ങുക എന്നത് ഉറ്റവരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല.
ഈ മാസം ആദ്യം ഹാറോവില്‍ ആകസ്മികമായി മരിച്ച റിജോ അബ്രഹാമിന്റെ സംസ്‌കാരം നാളെ നടക്കും. കാര്യമായ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതിരുന്ന റിജോ രാവിലെ ഉറക്കമെഴുന്നേറ്റ ഉടന്‍ കുഴഞ്ഞു വീഴുകയും പാരാമെഡിക്സ് എത്തി ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മരണത്തിനു കീഴടങ്ങുകയും ആയിരുന്നു. ഇതോടെ കോവിഡ് രോഗ സംശയം മൂലം അദ്ദേഹം താമസിച്ചിരുന്ന ഫ്ലാറ്റ് അടക്കം സീല്‍ ചെയ്‌തിരുന്നു.
പോലീസ് കര്‍ശന പരിശോധനകള്‍ നടത്തിയതോടെ യുകെയിലെ മാധ്യമങ്ങള്‍ റിജോയുടെ മരണത്തിനു വലിയ പ്രാധാന്യമാണ് നല്‍കിയത്. തുടർന്ന് കൂടെ താമസിച്ചിരുന്നവരുടെ സ്രവം പരിശോധന നടത്തി ഫലം നെഗറ്റീവ് ആയിട്ടാണ് വന്നത്. തുടര്‍ന്ന് നടന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് 33 കാരനായിരുന്ന റിജോ ഹൃദയാഘാതം മൂലമാണ് മരണത്തിനു കീഴടങ്ങിയത് എന്നും കൊറോണ ബാധിച്ചിരുന്നില്ല എന്നും വ്യക്തമായത്. ഫെബ്രുവരി ഒടുവില്‍ നാട്ടില്‍ പോയി അമ്മയെയും ബന്ധുക്കളെയും കണ്ടു വന്ന ഉടനെയാണ് റിജോയെ തേടി മരണം എത്തുന്നത്.
മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശനം നടത്തിയത് മൂലമാണ് കൊറോണ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയിലേക്കു സംശയം ഉയര്‍ത്തിയത്. റിജോയുടെ കൂടെ താമസിച്ചിരുന്നവര്‍ അറിയിച്ചത് അനുസരിച്ചാണ് സമീപവാസികളായ മലയാളികള്‍ മരണത്തെ കുറിച്ച് അറിയുന്നതു തന്നെ. എന്താണ് മരണകാരണമെന്ന് എന്നറിയാതെ തുടക്കത്തില്‍ കുടുംബം ഏറെ ആശങ്കപ്പെടുകയും ചെയ്തിരുന്നു.
പോലീസ് വിട്ടുനല്‍കിയ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ കഴിവതും ശ്രമിച്ചെങ്കിലും കോവിഡ് രോഗം പടര്‍ന്നതോടെ ഇന്ത്യയിലേക്കുള്ള മുഴുവന്‍ വിമാനങ്ങളും നിലത്തിറങ്ങിയത് റിജോവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ തടസമായി. കാര്‍ഗോ വഴി അയക്കാന്‍ ഉള്ള ശ്രമങ്ങളും തടസമായി മാറി. മാത്രമല്ല ഇന്ത്യയിലും ലോക് ഔട്ട് പ്രഖ്യാപിച്ചതോടെ നീണ്ട കാത്തിരിപ്പിനു ശേഷവും നാട്ടില്‍ എത്തിയാല്‍ സംസ്‌കാരത്തിന് നിയന്ത്രണം ഉണ്ടാകും എന്ന സ്ഥിതി വന്നതോടെയാണ് ഒടുവില്‍ മനസില്ലാ മനസോടെ ബന്ധുമിത്രാദികൾ ലണ്ടനില്‍ തന്നെ സംസ്ക്കാരം നടത്താൻ നിർബന്ധിതരായത് എന്നാണ് അറിയുന്നത്. കൗണ്‍സില്‍ ക്രിമറ്റോറിയത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കുന്നത്.
ശവസംസ്ക്കാര ചടങ്ങുകൾക്ക് യുകെയിൽ തടസമില്ല എങ്കിലും ഒരുപാട് പേർ ഒരുമിച്ചു കൂടുന്നത് കഴിവതും ഒഴിവാക്കാൻ ശ്രമിക്കണമെന്നാണ് അഭ്യർത്ഥന. മാര്‍ത്തോമ്മാ സഭ മുംബൈ ഡോംബിവിലി ഇടവകക്കാരന്‍ ആയിരുന്നു റിജോയും കുടുംബവും. മൃതദേഹ സംസ്‌കാരത്തിനും മറ്റും ആവശ്യമായ ചിലവുകള്‍ റിജോ ജോലി ചെയ്തിരുന്ന ഹോട്ടല്‍ സ്ഥാപനവും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വരൂപിച്ചത്. ലണ്ടനിൽ മരിച്ച സിജി തോമസിന്റെ ബോഡിയും നാട്ടിൽ കൊണ്ടുപോകാൻ സാധിക്കാതെ വന്നിരുന്നു.
ന്യൂഡല്‍ഹി: കൊറോണ വൈറസിനെ തുരത്താനായി അഭിനയം മാറ്റിവച്ച് നഴ്സിങ് ജോലി എറ്റെടുതിരിക്കുകയാണ് ബോളിവുഡ് നടിയാണ് ശിഖ മൽഹോത്ര. തന്റെ തന്നെ ട്വിറ്റർ അക്കൗണ്ടിലും ഫേസ്ബുക്കിലും ആണ് ഇക്കാര്യം വെളിപ്പെടുത്തി പോസ്റ്റ് നടി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഹിന്ദി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് ശിഖ മല്‍ഹോല്‍ത്രയുടേത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ആണ് നടി വോളിന്റിയർ നേഴ്‌സായി ജോലിക്കു കയറിയിരിക്കുന്നത്. സഫ്രാജങ് (Safdarjung hospital) ഹോസ്പിറ്റലിൽ നിന്നും ബി സ് സി നഴ്സിംഗ് പൂർത്തിയാക്കിയത് 2004 ലിൽ ആണ്. അവസാനമായി പുറത്തിറങ്ങിയ പടം ‘കാജലി’ ഫെബ്രുവരിയിൽ ആണ് റിലീസ് ചെയ്‌തത്.
താന്‍ ഒരു നേഴ്‌സ് കൂടിയാണെന്ന് ഈ കൊറോണ കാലത്ത് തെളിയിച്ചിരിക്കുകയാണ് ശിഖ. അതോടൊപ്പം റിട്ടയർ ചെയ്ത എല്ലാവരും ആവുന്ന വിധത്തിൽ മറ്റുള്ളവരെ സഹായിക്കാൻ ആഹ്വാനം ചെയ്യുന്നു. അഭിനയത്തോട് തല്ക്കാലം വിട പറഞ്ഞ് കോവീഡ് രോഗികളുടെ ശുശ്രൂഷകള്‍ക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്ന നടിയെ എല്ലാവരും അഭിനന്ദിക്കുന്നു സോഷ്യൽ മീഡിയയിൽ. മനുഷ്യരാശി ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധത്തിലുള്ള ഈ പകര്‍ച്ചവ്യാധിയുടെ ആക്രമണസമയത്ത് രോഗികളെ ശുശ്രൂഷിക്കുക എന്നത് തന്റെ കടമയാണെന്ന് നടി പയറുന്നതോടൊപ്പം ഞാൻ നേഴ്സിങ് കഴിഞ്ഞപ്പോൾ എടുത്തപ്രതിജ്ഞ നിറവേറ്റുകയാണ് എന്ന് കുറിച്ചിരിക്കുന്നു.
നിങ്ങളുടെ അനുഗ്രഹം വേണം. എല്ലാവരും വീടുകളിലായിരിക്കുക, സുരക്ഷിതമായിരിക്കുക. ഗവണ്‍മെന്റിനെ പിന്തുണയ്ക്കുക. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയും ഫേസ്ബുക്കിലൂടെയും ശിഖ അറിയിച്ചു.
[ot-video][/ot-video]
ന്യൂസ് ഡെസ്ക്ക്. മലയാളം യുകെ.
കോവിഡ്- 19 ലോകത്തെ ജനങ്ങളെയും സാമ്പത്തിക മേഖലയെയും കാർന്നു തിന്നുകൊണ്ട് രോഗം പടരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. മരണസംഖ്യ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. മരണ നിരക്കിനെ പിടിച്ചു നിർത്തുന്നതിനും രോഗ പകർച്ച തടയുന്നതിനുമായി യുകെ സർക്കാർ ഒരു സമ്പൂർണ്ണ ഷട്ട് ഡൗൺ പ്രഖ്യപിക്കുകയും ചെയ്‌ത സാഹചര്യത്തിൽ അത്യവശ്യമില്ലാത്ത മിക്ക കമ്പനികൾ അടക്കുകയോ, വർക്ക് ഫ്രം ഹോം ആക്കുകയോ ചെയ്തിരിക്കുകയാണ്. എന്നാൽ ഇതുമൂലം വളരെയധികം തൊഴിൽ നഷ്ടവും സാമ്പത്തിക ബാധ്യതയും ഉണ്ടാകുമെന്നറിവുള്ളതുകൊണ്ടാണ് ഷട്ട് ഡൗൺ പ്രഖ്യപിച്ചതിനൊപ്പം സാമ്പത്തിക പാക്കേജ് കൂടി സർക്കാർ പ്രഖ്യപിച്ചത്.
അങ്ങനെ യുകെ ഗവൺമെന്റ് മുന്നോട്ട് വച്ച ഒന്നാണ് മോർട്ടഗേജ് പേയ്മെന്റ് ഹോളിഡേ. മൂന്ന് മാസത്തേക്ക് മോര്‍ട്ട്ഗേജ് അടക്കുന്നതില്‍ അവധി നല്‍കുകയാണ് മോര്‍ട്ട്ഗേജ് ഹോളിഡെ കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ ധനകാര്യ സ്ഥാപനങ്ങളും ക്രിയാത്‌മകമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു പ്രധാനമന്ത്രി ബോറിസ് ജോൺസൻ തഥവസരത്തിൽ. ബാങ്കുകളുടെ ഇമെയിൽ എല്ലാവർക്കും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പേയ്മെന്റ് ഹോളിഡേയിൽ ഒളിഞ്ഞിരിക്കുന്ന നല്ല വശങ്ങളെയും അതോടൊപ്പം ഉണ്ടാകാവുന്ന വിവരീതഫലങ്ങളെക്കുറിച്ചും അറിയുന്നത് നല്ലതായിരിക്കും.
പ്രഖ്യപനം അനുസരിച്ചു വരുന്ന മൂന്ന് മാസത്തേയ്ക്ക് മോർട്ഗേജ് അടയ്ക്കേണ്ടതില്ല. ഇതിനുവേണ്ടി ഫോൺ വിളിക്കാൻ ശ്രമിക്കാതെ അയച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ, അതുമല്ലെങ്കിൽ നേരിട്ടോ നമ്മുടെ മോർട്ഗേജ് അക്കൗണ്ടിൽ കയറി വളരെ സിമ്പിൾ ആയിട്ടുള്ള ചോദ്യാവലി പൂരിപ്പിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. തുടർന്ന് മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ബാങ്ക് തിരിച്ചു കൺഫെർമേഷൻ ടെക്സ്റ്റ് മെസ്സേജ് വഴി അറിയിക്കുന്നതാണ്. ഓരോ ധനകാര്യ സ്ഥാപനങ്ങളുടെയും തീരുമാനത്തിന് എടുക്കുന്ന സമയം വ്യത്യസ്തമായിരിക്കും എന്ന് ഓർക്കുക.
എന്താണ് പെയ്മെൻ്റ് ഹോളിഡേ (Payment Holiday) ?
പൂർണ്ണമായി ഒരു മോർട്ഗേജ് തിരിച്ചടക്കുന്നതിൽ നിന്ന് മൂന്ന് മാസം വരെ വിട്ടു നിൽക്കുന്ന പ്രക്രിയ ആണ് ഇത്. എന്നാൽ ഈ പേയ്മെന്റ് വിട്ടു നിൽപ്പിന് മുൻകൂർ ആയി മോർട്ഗേജ് അനുവദിച്ച ബാങ്ക്, ബിൽഡിങ് സൊസൈറ്റികൾ എന്നിവ നിങ്ങൾക്ക് തന്നിരിക്കുന്ന ഓൺലൈൻ അപേക്ഷകൾ പൂരിപ്പിച്ചു സമർപ്പിക്കുകയും തുടർന്ന് അതാത് ധനകാര്യ സ്ഥാപനങ്ങളുടെ കൺഫെർമേഷൻ ലഭിച്ചിരിക്കുകയും ചെയ്യണം. ഡയറക്റ്റ് ഡെബിറ്റ് ആണ് എങ്കിൽ ഒന്നും ചെയ്യേണ്ടിവരില്ല എന്നാണ് ബാങ്ക് വ്യക്തമാക്കുന്നത്. ഓർക്കുക കൺഫെർമേഷൻ ലഭിക്കുന്നതിന് മുൻപേ പേയ്മെന്റ് നിർദ്ദേശം ക്യാൻസൽ ചെയ്യാൻ പാടുള്ളതല്ല. ഓർക്കുക ക്യാൻസൽ ചെയ്‌താൽ മൂന്ന് മാസത്തിന് ഉള്ളിൽ പുനഃസ്ഥാപിക്കേണ്ട ചുമതലയും നമ്മിൽ നിക്ഷിപ്തമാണ്. ( ക്യാന്സലേഷൻ ചെയ്യുന്നതിന് മുൻപായി അതാത് ബാങ്കുകൾ നിങ്ങൾക്ക് അയച്ച നിർദ്ദേശത്തിന് അനുസൃതമായി മാത്രമേ ചെയ്യാൻ പാടുള്ളു… ബാങ്കുകൾ അനുവർത്തിക്കുന്ന രീതികൾ വിവിധ തരത്തിലുള്ളതായിരിക്കും എന്ന് ഓർമ്മ വെയ്ക്കുക.)
അതിൻ പ്രകാരം കുടിശ്ശിക വരുന്ന തുക ബാങ്കുകൾ വീണ്ടും കണക്ക് കൂട്ടി മൂന്ന് മാസത്തിന് ശേഷം അടക്കേണ്ട തുക എത്രയെന്ന് നിങ്ങളെ അറിയിക്കുന്നതാണ്. മോർട്ഗേജ് പീരിയഡിലെ അവശേഷിക്കുന്ന മാസ തവണകളിൽ
പരിമിതമായ നിയമ വ്യവസ്ഥകൾ പ്രകാരം മുതലിനോട് ചേർത്ത് തുല്യമായി വിഭജിച്ച് ഈടാക്കുകയാണ് ചെയ്യുക എന്നാണ് ബാങ്കുകൾ പങ്ക് വയ്ക്കുന്ന വിവരം. ഇപ്പോൾ ഓരോ മാസവും അടച്ചു കൊണ്ടിരിക്കുന്ന മാസവരിയിൽ ഒരു ചെറിയ വർദ്ധനവ് ഉണ്ടാകുമെന്ന് സാരം. കോവിഡ്- 19 ലോകം മുഴുവൻ പകർന്ന് പിടിക്കുമ്പോൾ ബ്രട്ടീഷ് ഗവൺമെൻ്റിൻ്റെ ഈ പുതിയ നയത്തിനെ സ്വാഗതം ചെയ്യുകയാണ് യുകെയിലെ മലയാളികൾ. യുകെയിലെ നല്ലൊരു ശതമാനം മലയാളി കുടുംബങ്ങൾക്ക് ആശ്വാസമാകും എന്നാണ് കരുതുന്നത്.
പെയ്മെൻ്റ് ഹോളിഡേ (Payment Holiday) എടുക്കാൻ ഞാൻ അർഹനാണോ?
തീർച്ചയായും സാധിക്കും. ചെറിയ നിബന്ധനകൾ മാത്രം. ഒന്നാമത് ജോയിൻ്റ് മോർട്ഗേജ് ആണെങ്കിൽ അതിൽ ഉള്ള എല്ലാവരുടെയും സമ്മതം ഉണ്ടായിരിക്കണം. നിലവിൽ കുടിശിഖ ഉണ്ടാവുകാൻ പാടില്ല. ഏതെങ്കിലും തരത്തിൽ കുടിശിഖ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ബാങ്കുകൾ മറ്റു മാർഗ്ഗങ്ങളും നിർദ്ദേശിക്കുന്നുണ്ട്. ഓവർ പേയ്മെന്റ് ഉണ്ടെങ്കിൽ അത് മാറ്റുന്നതിനോ, പലിശ മാത്രം കൊടുക്കുന്ന വിധത്തിലേക്കോ മാറ്റാൻ അവസരം നൽകുന്നു എന്നാണ് അറിയുന്നത്. ഇതിന് ബാങ്കുമായി സംസാരിക്കേണ്ടിവരും എന്ന് മാത്രം.
ഭാവിയിലുള്ള തിരിച്ചടവിനെ ഇത് എങ്ങനെ ബാധിക്കും?
ഉദാഹരണം. നിലവിലുള്ള കുടിശിഖ £100,000വും പലിശ നിരക്ക് 2.7% ഉം തിരിച്ചടയ്ക്കാനുള്ള കാലാവധി 20 വർഷവുമാണെനിരിക്കെ നിലവിൽ മാസമടയ്ക്കേണ്ടത് £541.84 ആണ്. ഇതേ കണക്കനുസരിച്ച് പെയ്മെൻ്റ് ഹോളിഡേ (Payment Holiday) കാലാവധിക്ക് ശേഷം ഓരോ മാസവും തിരിച്ചടക്കേണ്ടത് £548.00 ആണ്. ഫലത്തിൽ £6.16 ൻ്റെ വർദ്ധനവേ മാസത്തിൽ ഉണ്ടാകുന്നുള്ളൂ. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താൽ വളരെ ചെറിയ തുകയുടെ ബാധ്യതയേ ഓരോരുത്തർക്കും ആവുകയുള്ളൂ.
പെയ്മെൻ്റ് ഹോളിഡേയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
നേരിട്ട് ഫോൺ വിളിച്ചും ഓൺ ലൈനുമായി ആപ്ലിക്കേഷൻ ആയ്ക്കാം. ഫോണിലെ തിരക്കുകൾ കാരണം ഓൺലൈനായി ആപ്ലിക്കേഷൻ അയ്ക്കുന്നതിനാണ് മോർട്ഗേജ് കമ്പനികൾ മുൻഗണന നല്കുന്നത്. 2 മിനിറ്റിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടതില്ല. മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ബാങ്കിൻ്റ മറുപടി ഇമെയിലായിട്ടോ ടെസ്റ്റ് മെസ്സേജായിട്ടൊ അറിയ്ക്കും. ഏതെങ്കിലും കാരണത്താൽ പെയ്മെൻ്റ് ഹോളിഡേയ്ക്ക് അർഹരാകുന്നില്ലങ്കിൽ അവരെ സഹായിക്കാൻ ഓരോ ബാങ്കുകളും അവരുടെ ഹെൽപ്പ് ലൈൻ നമ്പരുകളും ഇതിനോടകം പ്രസിദ്ധിപ്പെടുത്തിക്കഴിഞ്ഞു. എല്ലാം വിവരങ്ങളും അതാത് മോർട്ഗേജ് കമ്പനികളുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
പെയ്മെൻ്റ് ഹോളിഡേ എടുത്താൽ വരും കാലങ്ങളിലെ ക്രഡിറ്റ് സ്കോറിൽ ദോഷം ചെയ്യുമോ?
ഒരിക്കലുമില്ല. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾക്ക് ഇതുമായി ഒരു അറിയിപ്പും കൊടുക്കുന്നില്ലാത്തതിനാൽ ക്രഡിറ്റ് സ്ക്കോറിനെ ഇത് ബാധിക്കുകയില്ല.
പെയ്മെൻ്റ് ഹോളിഡേ പാക്കേജിൽ അപേക്ഷിക്കാൻ താല്പര്യമുള്ളവർ അവരവരുടെ മോർട്ഗേജ് കമ്പനികളുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഇതിനോടകം യുകെയിലെ പല മലയാളി കുടുംബങ്ങളും ഈ പുതിയ അവസരം പ്രയോജനപ്പെടുത്തിക്കഴിഞ്ഞെന്ന് മലയാളം യുകെയ്ക്ക് അറിയുവാൻ കഴിഞ്ഞു. ഹാലിഫാക്സ് ബാങ്കിൽ നിന്ന് ഇന്ന് രാവിലെ ഒരു യുകെ മലയാളിയ്ക്ക് ലഭിച്ച മെസേജ് ചുവടെ കൊടുക്കുന്നു.
The request for a payment holiday has been granted on your account. Payments will not be required for the following months: April May June. If you currently pay by direct debit there is no further action to take, it is your responsibility to cancel any other methods of payments and re-instate at the end of the payment holiday. We will write to you to confirm your new monthly payment in the last month of your payment holiday.
ക്രെഡിറ്റ് കാർഡുകൾ.
യുകെയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് ദാതാക്കളായ എം ബി എൻ എ (MBNA,) ഹാലിഫാക്സ് എന്നീ കമ്പനികൾ പേയ്മെന്റ് ഹോളിഡേകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതിന്റെ പൂർണ്ണ അധികാരം അതാത് ബാങ്കുകൾ തീരുമാനിക്കും പ്രകാരമാണ്. മൂന്ന് മാസത്തെ പേയ്മെന്റ് ഹോളിഡേ എല്ലാവരും നൽകുന്നത്. ഇവിടെയും മുൻകൂർ അനുമതി ലഭിക്കേണ്ടതുണ്ട്. വേണ്ടവർ അക്കൗണ്ടിൽ ലോഗിൻ ചെയ്തത് അപേക്ഷിക്കേണ്ടതാണ്. തീരുമാനം ബാങ്ക് പിന്നീട് അറിയിക്കുന്നു.
തിരിച്ചടവ് മുടങ്ങിയാലും ഫൈൻ ഈടാക്കുന്നതല്ല എന്ന് എം ബി എൻ എ അറിയിക്കുന്നു. എന്നാൽ ഇത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും എന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് മിസ് പേയ്‌മെന്റുകൾ വരാതെ എല്ലാവരും സൂക്ഷിക്കുക. ഇത്തരത്തിൽ പേയ്മെന്റ് ഹോളിഡേ എടുക്കുന്നവർ ഇനി പറയുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങൾ പേയ്മെന്റ് ഹോളിഡേ എടുക്കുകയും ഈ മൂന്ന് മാസത്തെ കാലാവധിക്കുള്ളിൽ നിങ്ങളുടെ ബാലൻസ് ട്രാൻഫർ, മണി ട്രാൻഫർ കാലാവധി തീരുകയും ചെയ്‌താൽ ഓഫർ തീർന്ന് സ്റ്റാൻഡേർഡ് പലിശ നിരക്കിലേക്ക് മാറാൻ സാധ്യത കൂടുതൽ ആണ്. സാധാരണ ക്രെഡിറ്റ് കാർഡ് പലിശ നിരക്കുകൾ 18 ശതമാനം മുതൽ 50 ശതമാനം വരെ ഉണ്ടെന്ന് ഓർക്കുക. ഓരോരുത്തരുടെയും പലിശ നിരക്കുകൾ വ്യത്യസ്തമാണ്. അതുകൊണ്ട് ഇതുമായിബന്ധപ്പെട്ട് ബാങ്കുകളുമായി സംസാരിച്ചു മാത്രം പേയ്മെന്റ് ഹോളിഡേ എടുക്കുക.
HSBC അക്കൗണ്ട് ഉള്ളവർക്ക് 300 പൗണ്ട് വരെയുള്ള ഓവർ ഡ്രോൺ തുകക്ക് പലിശ ഈടാക്കുന്നില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ഒരു ഹ്രസ്വകാലതേക്ക് മാത്രമുള്ള ക്രമീകരണമാണ്. എന്നാൽ ഒരു അവസാന തിയതി പറയാതെ ഇനി ഒരു നോട്ടീസ് ഉണ്ടാകുന്നത് വരെ എന്നാണ് ഇമെയിൽ പറയുന്നത്. ഇത് ഓട്ടോമാറ്റിക് ആയി ചെയ്തിട്ടുണ്ട് എന്നും ഇതിനായി അക്കൗണ്ട് ഉള്ളവർ ഒന്നും ചെയ്യേണ്ടതില്ല എന്നും അവർ ഓർമ്മപ്പെടുത്തുന്നു. ഇത് ഓവർ ഡ്രാഫ്റ്റ് ഉള്ളവരുടെ തുകയുടെ പരിധി വർദ്ധിപ്പിക്കുക അല്ല എന്നും ബാങ്ക് വെളിപ്പെടുത്തുന്നു. അതോടൊപ്പം തന്നെ കോണ്ടാക്‌ട് ലെസ്സ് പേയ്മെന്റ് പരിധി 45 പൗണ്ട് ആയി ഉയർത്തുകയും ചെയ്‌തു. നോട്ട് ഉപയോഗിക്കുന്നതിലൂടെ വൈറസ് പടരുന്നത് തടയാൻ കൂടിവേണ്ടിയാണ് ഇത് നടപ്പിലാക്കിയത്.
അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടനെ ദുഃഖത്തിലാഴ്ത്തി 71 കാരനായ ചാൾസ് രാജകുമാരന് കൊറോണാ ബാധ ഉള്ളതായി സ്ഥിരീകരിച്ചു . കിരീടവകാശി കൂടിയായ ചാൾസ് രാജകുമാരൻ ചെറിയ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൊറോണ വൈറസ് ടെസ്റ്റിന് വിധേയമായത്. ചെറിയ രോഗലക്ഷണങ്ങൾ അദ്ദേഹം കാണിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവുപോലെ തന്നെ അദ്ദേഹം വീട്ടിലിരുന്ന് ജോലി ചെയ്യുന്നു എന്ന് ക്ലാരൻസ് ഹൗസ് പറഞ്ഞു.
ഡച്ചസ് 72 – കാരിയായ കാമിലയ്ക്ക് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. ഇപ്പോൾ ദമ്പതികൾ രാജകുമാരന്റെ സ്കോട്ട് ലാൻഡിൽ ഉള്ള ഭവനത്തിൽ ഒറ്റപ്പെട്ടു ജീവിക്കുകയാണ്. അബർഡീൻ ഷെയറിലെ എൻഎച്ച് എസ്സിൽ ആണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും പരിശോധനകൾ നടത്തിയത്. കഴിഞ്ഞ കുറെ ആഴ്ചകളിലായി രാജകുമാരൻ ധാരാളം ആളുകളുമായി ഇടപഴകിയതിനാൽ രോഗം ആരിൽ നിന്നാണ് പടർന്നത് എന്ന് കണ്ടെത്താൻ കഴിയില്ലെന്നും കൊട്ടാരവൃത്തങ്ങൾ അറിയിച്ചു. കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ച മൊണോക്കോയിലെ ആൽബർട്ട് രാജകുമാരനുമായി ഈ മാസം ആദ്യം ചാൾസ് രാജകുമാരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
മാർച്ച് 12 നാണ് ചാൾസ് രാജകുമാരൻ അവസാനമായി രാജ്ഞിയെ സന്ദർശിച്ചതെന്നും രാജ്ഞി ആരോഗ്യവതിയാണെന്നും ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു.
കോവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്ന് ലോക ജനതയെ കാർന്നു തിന്നുകയാണ്. ലോകരാജ്യങ്ങൾ എല്ലാം ജനസമൂഹത്തെ കാർന്നു തിന്നുന്ന വൈറസിനെ പിടിച്ചുകെട്ടാൻ അക്ഷീണം ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ. മരണം താണ്ഡവമാടുന്ന കാഴ്ച്ചയാണ് ഇറ്റലിയിൽ നിന്നും പുറത്തുവരുന്നത്. രോഗത്തിന്റെ കാഠിന്യമെത്രയെന്ന് അവിടെയുള്ള മലയാളികൾ നമ്മോടു വിളിച്ചുപറയുന്നു.. അത്തരത്തിൽ ഒരു വൈദീകൻ തന്റെ ജീവിതം ഒരു ചെറുപ്പക്കാരാനായി മാറ്റിവെച്ചു മരണത്തെ വരിച്ചപ്പോൾ ലോകമൊന്നാകെ പുകഴ്ത്തുകയാണ് ആ പ്രവർത്തിയെ… ഫാ. ജുസേപ്പേ ബെരാര്‍ദല്ലി എന്ന 72 – കാരന്‍ ഇറ്റാലിയന്‍ വൈദികന്‍, തന്നെക്കാളും ചെറുപ്പക്കാരനായ ഒരാള്‍ക്ക് തന്റെ ശ്വസന യന്ത്രം നല്കി (respirator), മരണത്തിലേയ്ക്ക് യാത്രയായി. ഈ ധീരമരണം വി. മാക്‌സി മില്ല്യന്‍ കോള്‍ബേയുടെ മരണത്തെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ലോകം മുഴുവന്‍ മരണത്തിന്റെ മണമാണ് ഇപ്പോള്‍. കൊറോണ എന്ന കോവിഡ് 19 – ന്റെ ഫലം. ഒരു മനുഷ്യന്‍ ജീവിക്കണമോ വേണ്ടയോ എന്ന് ഡോക്ടര്‍മാര്‍ നിശ്ചയിക്കുന്ന ഒരു കാലം. സിമിത്തേരികള്‍ നിറഞ്ഞു സ്ഥലമില്ലാതായതോടെ പാഴ്‌വസ്തുക്കള്‍ കത്തിക്കുന്ന ലാഘവത്തോടെ മൃതദേഹങ്ങള്‍ കത്തിക്കേണ്ടി വരുന്ന നിസ്സഹായതയുടെ നാളുകള്‍. എങ്ങും നിറയുന്ന ഭീതി. പട്ടാളം ഇറങ്ങി ശവസംക്കാരം നടത്തുന്ന കാഴ്ച്ച.. വിവരിക്കാൻ പറ്റാത്ത വേദനയുടെ നാളുകളിൽ കൂടി കടന്നു പോകുന്ന ലോക ജനത..
എങ്ങനെയും ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള ആളുകളുടെ അലച്ചിലുകള്‍ക്കിടയിലും സ്വന്തം വെന്റിലേറ്റര്‍ നല്‍കി ഒരു യുവാവിനെ ജീവിക്കാന്‍ അനുവദിച്ചു കൊണ്ട് വിശുദ്ധ സ്‌നേഹത്തിന്റെ പരിമളം പടര്‍ത്തി സ്വര്‍ഗ്ഗപിതാവിന്റെ പക്കലേയ്ക്ക് യാത്രായായിരിക്കുകയാണ് ജുസേപ്പേ ബെരാര്‍ദല്ലി എന്ന വൈദികന്‍. എഴുപത്തി രണ്ടുകാരനായ ഈ വിശുദ്ധ വൈദികന്റെ മരണ വാര്‍ത്ത അറിഞ്ഞ ലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത് സ്‌നേഹത്തിന്റെ രക്തസാക്ഷി എന്നാണ്.
കൊറോണ ബാധിതനായി ഇറ്റലിയിലെ ലോവേരയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. അതിനിടയില്‍ ആണ് അദ്ദേഹം തനിക്കായി നല്‍കിയ ചികിത്സാ ഉപകരണങ്ങള്‍ ഒരു യുവാവിന് നല്‍കി മാര്‍ച്ച് 15 നു മരണത്തെ പുല്‍കിയത്.
ആളുകള്‍ക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു ഫാ. ജുസേപ്പേ ദരാര്‍ദില്ലി. വിശ്വാസികളില്‍ സാമ്പത്തിക സഹായം ആവശ്യമായവര്‍ക്കായി സഹായങ്ങള്‍ നല്‍കുവാന്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ എത്തിയിരുന്ന അദ്ദേഹത്തിന്റെ മുഖം ജനങ്ങള്‍ക്ക് ഇന്നും മറക്കാന്‍ കഴിയുന്നില്ല. സ്വന്തം ജീവന്‍ ബലിനല്‍കി വിശുദ്ധിയുടെ പടവുകള്‍ കയറിയ മാക്‌സിമില്യന്‍ കോള്‍ബെയുടെ പിന്‍ഗാമി എന്നാണ് അദ്ദേഹത്തെ ലോകം വിശേഷിപ്പിക്കുന്നത്.
ഒന്ന് വളരെ വ്യക്തം… ഏതൊരാവസ്ഥയിലും തന്റെ മരണത്തിൽ പോലും.. അതെ തന്റെ ജീവൻ തന്നെ മറ്റുള്ളവർക്കായി നൽകുക വഴി നമുക്ക് നൽകുന്ന സന്ദേശം… നന്മകളുടെ ജീവിതം.. നമ്മളിലും മറ്റുള്ളവരിലും നിലനിൽക്കുമാറാകട്ടെ…
ഹൃദയസ്തംഭനം മൂലം മരണത്തിനു കീഴടങ്ങിയ ക്രോയിഡോണ്‍ മലയാളി സിജി ടി അലക്‌സിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഈ മാസം 23ന് തിങ്കളാഴ്ച നടക്കും. കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് സംസ്‌കാര ചടങ്ങുകളും പൊതുദര്‍ശന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്രോയിഡോണില്‍ തന്നെയാണ് സംസ്‌കാരവും നടക്കുക. ബ്രോക്ക്‌ലി സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലാണ് സംസ്‌കാരത്തോടനുബന്ധിച്ചുള്ള കുര്‍ബ്ബാന നടക്കുക. രാവിലെ ഒന്‍പതു മണി മുതല്‍ 10.30 വരെയാണ് ശുശ്രൂഷ. ഈ സമയത്തു തന്നെ പൊതുദര്‍ശന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
തുടര്‍ന്ന് ക്രോയിഡോണ്‍ ക്രിമറ്റോറിയം വെസ്റ്റ് ചാപ്പലിലാണ് മൃതദേഹം സംസ്‌കരിക്കുക. 11.15 മുതല്‍ 12.15 വരെ ഒരു മണിക്കൂര്‍ ഇവിടെയും പൊതുദര്‍ശന സൗകര്യം ഉണ്ടായിരിക്കും. 12.30നാണ് സംസ്‌കാരം നടക്കുക. തുടര്‍ന്ന് തോണ്ടന്‍ഹീത്ത് സെന്റ്. ജൂഡ് ചര്‍ച്ച് ഹാളില്‍ റീഫ്രഷ്‌മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നു മുതല്‍ 3.30 വരെയാണ് ഇതിനുള്ള സൗകര്യം.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പള്ളിയിലും ക്രിമറ്റോറിയത്തിലും പൊതുദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ കൂടുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാന്‍ ഇതു സഹായിക്കുമെന്നാണ് ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.
ഈ കഴിഞ്ഞ 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്‌ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ എ ആന്റ് ഇ സേവനം തേടിയത്.
അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു. തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു.
ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുക ആയിരുന്നു. എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണം സംഭവിക്കുക ആയിരുന്നു.
ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍. പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.
ലണ്ടൻ: ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ക്രോയ്ഡഡോണിൽ താമസിച്ചിരുന്ന മലയാളിയായ തിരുവല്ല സിജി ടി അലക്‌സ് (50) ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു മരണം സംഭവിച്ചത്.
ക്രോയ്ഡോണില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ബിന്‍സി സിജിയാണ് ഭാര്യ. സിബിന്‍ , അലന്‍, ദിയ എന്നിവർ മക്കളാണ്. നാട്ടില്‍ തിരുവല്ല പുതുശേരി തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.
യുകെ മലയാളികള്‍ക്ക് സുപരിചിതനായ സിജി പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയായ സോജി ടി മാത്യുവിന്റെ സഹോദരനും ക്രോയ്ടോൻ മലയാളി സൈമി ജോർജിന്റെ ഭാര്യാസഹോദരനുമാണ്.
പരേതന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ മലയാളം യുകെയും പങ്കുചേരുന്നു.. ശവസംക്കാരം സംബദ്ധമായ വിവരങ്ങൾ പിന്നീട് അപ്പ്ഡേറ്റ് ചെയ്യുന്നതാണ്.