Uncategorized

ന്യൂസ് ഡെസ്ക്

ജോലി സ്ഥലം മതവിശ്വാസത്തിന്റെ പ്രചാരണത്തിന് ഉപയോഗിച്ച നഴ്സിന് ജോലി നഷ്ടപ്പെട്ടു. ഉത്തരവാദിയായ നഴ്സിനെ എൻഎച്ച്എസ് പുറത്താക്കിയത് കോടതി ശരിവച്ചു. ക്രൈസ്തവ വിശ്വാസിയായ നഴ്സിനെയാണ് എൻഎച്ച്എസ് ട്രസ്റ്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ബാൻഡ് 5 ഗ്രേഡിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്ന നഴ്സാണ് തന്റെ കെയറിലുള്ള രോഗികളുമായി മതപരമായ കാര്യങ്ങൾ ചർച്ച ചെയ്തത്.

മെഡിക്കേഷൻ സംബന്ധമായ ഒരു തെറ്റു സംഭവിച്ചതിനെ തുടർന്ന് ട്രസ്റ്റ് നഴ്സിനെ പ്രീ ഓപ്പറേറ്റീവ് അസസ്മെൻറ് യൂണിറ്റിലേയ്ക്ക് ഫോർമൽ വാണിംഗോടെ മാറ്റിയിരുന്നു. പുതിയ റോളിൽ ദിവസേന ആറു മുതൽ 12 വരെ രോഗികളെ അസസ്മെൻറ് ചെയ്യേണ്ട ചുമതല ഇവർക്ക് ഉണ്ടായിരുന്നു. ഇതിന് ഉപയോഗിച്ചിരുന്ന ഫോർമാറ്റിൽ രോഗിയുടെ മതമേതെന്ന് രേഖപ്പെടുത്തുന്ന ഒരു ഭാഗമുണ്ടെങ്കിലും അതിനപ്പുറമുള്ള മതപരമായ കാര്യങ്ങൾ അന്വേഷിക്കാനുള്ള നിർദ്ദേശങ്ങളോ സ്വാതന്ത്ര്യമോ നല്കിയിരുന്നില്ല.

അസസ്മെൻറ് നടത്തുന്നതിനിടെ പരിധിയിൽ കവിഞ്ഞ വിധത്തിൽ രോഗിയുമായി മതവിശ്വാസം സംബന്ധിച്ച് സംഭാഷണത്തിലേർപ്പെട്ടതായി പല പരാതികളും ട്രസ്റ്റിന് ലഭിച്ചു. മാർച്ച് 2016 ലെ ആദ്യ പരാതി പ്രകാരം ഈസ്റ്റർ എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു എന്നതായിരുന്നു. ഈ ചോദ്യം ഏതു നിലയിലേയ്ക്കാണ് പോവുന്നതെന്നു മനസിലാക്കിയ രോഗി, നഴ്‌സിന്റെ ജോലിയുടെ പരിധിക്കപ്പുറമുള്ള ഇടപെടൽ മനസിലാക്കി സംഭാഷണം നിർത്താനാവശ്യപ്പെട്ടു. മറ്റൊരു രോഗിയോട്‌ ക്രിസ്തുമതം എന്താണെന്ന് അറിയാമോ എന്നാണ് ആരാഞ്ഞത്.

ഏപ്രിൽ 2016 ലെ പരാതിയിൽ ക്യാൻസറിന് മേജർ സർജറിക്ക് വിധേയനാകുന്ന രോഗിയോട്, ദൈവത്തോട് പ്രാർത്ഥിക്കുകയാണെങ്കിൽ സർജറി വിജയകരമാകുവാൻ കൂടുതൽ സാധ്യതയുണ്ടെന്ന് പറഞ്ഞു എന്നതായിരുന്നു.  മറ്റൊരു പരാതി പ്രകാരം അസസ്മെന്റിന്റെ ഭൂരിഭാഗം സമയവും മതപരമായ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ഉപയോഗിച്ചു എന്നായിരുന്നു. ഇതേത്തുടർന്ന് നഴ്സിന് എൻഎച്ച്എസ് ട്രസ്റ്റ് മുന്നറിയിപ്പ് നല്കിരുന്നു.

തുടർന്നും തന്റെ മതപ്രചാരണ ജോലി നിർബാധം തുടർന്ന നഴ്സ് ഒരു രോഗിക്ക് ബൈബിൾ നല്കി.  പരാതി ലഭിച്ചതിനെത്തുടർന്ന് ട്രസ്റ്റ് നഴ്സിനെ ജൂൺ 2016ൽ  അച്ചടക്ക നടപടിയിലൂടെ സസ്പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പരാതി എൻ എം സി യുടെയും എംപ്ളോയ്മെൻറ് ട്രൈബ്യൂണലിന്റെ മുൻപാകെ എത്തിയെങ്കിലും നഴ്സിനെ പുറത്താക്കിയ നടപടി ശരിവയ്ക്കപ്പെടുകയായിരുന്നു. ഇതിനെതിരെ കോടതി മുമ്പാകെ നല്കിയ അപ്പീലിൽ 2019 മാർച്ച് 18ന് ഹിയറിംഗ് നടക്കുകയും 2019 മെയ് 14 ന് ഡാർട്ട്ഫോർഡ് ആൻഡ് ഗ്രേഷാം ട്രസ്റ്റിന്റെ നടപടിക്കെതിരെ നഴ്സ് നല്കിയ അപ്പീൽ തള്ളുകയുമായിരുന്നു.

ജോലി സ്ഥലങ്ങളിൽ പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കണമെന്നതിന്റെയും വ്യക്തിപരമായ താത്പര്യങ്ങൾ നടപ്പാക്കുന്നതിനായി  ജോലി സ്ഥലത്തെ മാറ്റരുതെന്നുമുള്ളതിന്റെ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ്  ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പറഞ്ഞു.

സമ്മര്‍ദ്ദം ചെലുത്തി വീടുകളില്‍ സ്ഥാപിച്ച സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ പ്രവര്‍ത്തന രഹിതം. 20 ലക്ഷത്തിലേറെ വീടുകളിലെ മീറ്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ സേവനദാതാക്കളെ മാറിയാല്‍ കണക്ടാകാതിരിക്കാനോ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കാനോ സാധ്യതയുള്ളവയാണ് 15 ശതമാനത്തോളം മീറ്ററുകളെന്നും കണ്ടെത്തി. 2.3 മില്യന്‍ ഡിവൈസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബിബിസി നടത്തിയ അമ്പേഷണത്തില്‍ വ്യക്തമായത്. 440 മില്യന്‍ പൗണ്ട് ചെലവഴിച്ച് സ്ഥാപിച്ച മീറ്ററുകളാണ് ഇപ്പോള്‍ യാതൊരു ഉപകാരവുമില്ലാതെ വെറുതെയിരിക്കുന്നത്. ഊര്‍ജ്ജോപഭോഗം കുറയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

വീടിനു പുറത്ത് സ്ഥാപിച്ച മീറ്റര്‍ കാണാന്‍ നല്ല ഭംഗിയൊക്കെയുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആന്‍ഡ് ബാനിസ്റ്റര്‍ എന്ന ഉപഭോക്താവ് പറയുന്നു. ഇത് സ്ഥാപിക്കുന്നതിലുള്ള താല്‍പര്യം തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ക്ക് ഇല്ലെന്നാണ് ആന്‍ഡി പറയുന്നത്. വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസ്, വൈദ്യുതി എന്നിവയുടെ അളവ് സ്വയം കണക്കാക്കുന്ന ഉപകരണമാണ് ഇത്. വിവരങ്ങള്‍ സ്‌ക്രീനില്‍ കാണുകയും ചെയ്യാം. എന്നാല്‍ സേവനദാതാവിനെ മാറ്റിയാല്‍ ഇതിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതായാണ് കണ്ടു വരുന്നത്. ഓട്ടോമാറ്റിക് മീറ്റര്‍ റീഡിംഗുകള്‍ അയക്കുന്നതും എനര്‍ജി ചെലവ് എത്രയാണെന്ന് കാണിക്കുന്നതും ഇല്ലാതാകുകയാണ് ചെയ്യുന്നത്.

എട്ടു ലക്ഷം രണ്ടാം തലമുറ സ്മാര്‍ട്ട് മീറ്ററുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പവര്‍ കമ്പനികളെ പ്രതിനിധീകരിക്കുന്ന എനര്‍ജി യുകെ ബിബിസിക്ക് നല്‍കിയ വിവരം. 2012 മുതല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിലൂടെ എനര്‍ജി ഉപയോഗത്തിന്റെ കൃത്യമായ കണക്ക് ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇതിലൂടെ ജനങ്ങള്‍ക്ക് സാമ്പത്തികമായി ഏറെ ലാഭമുണ്ടാകുന്നുണ്ട്. തകരാറിലായ ഡിവൈസുകള്‍ നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് പൂര്‍ത്തിയാകുമെന്നും വക്താവ് അറിയിച്ചു.

മാര്‍ച്ച് മാസം അധികാരമേറ്റ കമ്മറ്റി അതിന്റെ പ്രഥമ പൊതുപരിപാടിയായ റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. 2019 ജൂണ്‍ മാസം 1-ാം തിയതി (ശനിയാഴ്ച) രാവിലെ 9:30മാ മുതല്‍ ലീഡ്‌സിലെ ഈസ്റ്റ് കെസ്വിക്ക് ക്രിക്കറ്റ് ക്ലബില്‍ (LS17 9HN) വെച്ചാണ് ഈ കായിക മാമാങ്കം അരങ്ങേറാന്‍ പോവുന്നത്.

ഈ ദിനത്തില്‍ വിവിധ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് പുറമെ സിക്‌സ് എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വടംവലി, ജാവലിന്‍ ത്രോ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള Lemon & spoon race തുടങ്ങി വിവിധയിനം പരിപാടികളാണ് നടത്തപ്പെടുക. റീജിയനില്‍ ആദ്യമായി നടത്തപ്പെടുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ ആയ മലയാളികള്‍ ഇത് ഏറ്റെടുക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

മത്സര വിജയികള്‍ക്കായുള്ള ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കി കഴിഞ്ഞു. ഉച്ചക്ക് ഇന്ത്യന്‍ ഭക്ഷണ പാനീയങ്ങളും വൈകുന്നേരം കേരളീയ ‘നാടന്‍ കടികളും’ വളരെ മിതമായ നിരക്കില്‍ ലഭ്യമാവും. ക്രമാനുഗതമായ വളര്‍ച്ചയോടെയും ചിട്ടയായ ആസൂത്രണത്തിലൂടെയും കഴിഞ്ഞ വര്‍ഷം ദേശീയ കലാമേളയിലെ സമഗ്ര ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ യോര്‍ക്ക്ഷയര്‍ ഹംബര്‍ റീജിയന്, എല്ലാ റീജിയനുകളും കാംക്ഷിക്കുന്ന കായിക പട്ടവും നേടിയെടുക്കാനുള്ള ആദ്യ ചവിട്ടു പടിയാവും ജൂണ്‍ 1-ന് നടക്കുന്ന ഈ റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റ്.

വേദി:
East Keswick Cricket Club
Moor Lane
Leeds
LS17 9HN

കായിക മത്സരങ്ങള്‍ക്കുപരിയായി, ഒരു ഉല്ലാസദിനം ആക്കാന്‍ ആണ് കമ്മറ്റി ശ്രമിക്കുന്നതെന്ന് കമ്മറ്റി അറിയിച്ചു. അതോടൊപ്പം എല്ലാ യുകെ മലയാളികളെയും ഈ ദിനത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുകയും ചെയ്തു. ജൂണ്‍ 15-ന് ബെര്‍മിംഗ്ഹാമില്‍ വെച്ചാണ് ദേശീയ കായികമേള.

സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

ലോക മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ജ്വാല’ ഇ-മാഗസിന്റെ മെയ് ലക്കം പ്രസിദ്ധീകൃതമായി. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്‌ക്കാരികവിഭാഗം യുക്മാ സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് ജ്വാല പ്രസിദ്ധീകരിക്കുന്നത്.

2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘ജ്വാല’ കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ കൊണ്ട് യു കെ യുടെ അതിര്‍ത്തികള്‍ കടന്ന് ലോക പ്രവാസി മലയാളികള്‍ക്ക് ആകെ പ്രിയങ്കരമായി തീര്‍ന്നു കഴിഞ്ഞു. ഈ കാലയളവില്‍ അന്‍പത് പതിപ്പുകള്‍ പുറത്തിറക്കിക്കൊണ്ട് പ്രസിദ്ധീകരണ രംഗത്തു ഒരു നാഴികക്കല്ല് കുറിക്കാനും ജ്വാലക്ക് കഴിഞ്ഞു. പ്രസിദ്ധീകരണത്തില്‍ അര്‍ദ്ധ ശതകം തികച്ച ജ്വാല ഇ-മാഗസിന്റെ അന്‍പത്തിയൊന്നാം ലക്കമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മാനേജിങ് എഡിറ്ററായും റജി നന്തികാട്ട് ചീഫ് എഡിറ്ററായും യു കെ യിലെ കലാ സാഹിത്യ രംഗങ്ങളില്‍ പ്രമുഖരായ ജോര്‍ജ്ജ് അറങ്ങാശ്ശേരി, സി ജെ റോയി, നിമിഷ ബേസില്‍, മോനി ഷിജോ എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായും വരുന്ന ശക്തമായ ഒരു ടീമാണ് ജ്വാല ഇ-മാഗസിനെ അടുത്ത രണ്ടു വര്‍ഷത്തേക്ക് നയിക്കുന്നത്.

ഓണ്‍ലൈന്‍ പ്രസിദ്ധീകരണ രംഗത്തണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജ്വാല ഇ-മാഗസിന്റെ മുന്നോട്ടുള്ള പ്രയാണം. അതുതന്നെയാണ് ജ്വാലയെ വായനക്കാര്‍ക്കു സ്വീകാര്യം ആക്കുന്നതുമെന്ന് അന്‍പത്തിയൊന്നാം ലക്കത്തിന്റെ എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു.

ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരികളില്‍ പ്രമുഖയും, 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌ക്കാര ജേതാവുമായ അന്തരിച്ച കഥാകാരി അഷിതയുടെ മുഖചിത്രം മെയ് ലക്കം ജ്വാലക്ക് ഐശ്വര്യവും തേജസ്സും പ്രസരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം യുക്മാ സാംസ്‌ക്കാരികവേദി നടത്തിയ സാഹിത്യ മത്സരത്തില്‍ സമ്മാനാര്‍ഹമായ ചില രചനകള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്ത് പ്രസിദ്ധരായ എഴുത്തുകാരുടെ വ്യത്യസ്തങ്ങളായ രചനകള്‍ ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്‍പ്പന ചെയ്ത മെയ് ലക്കം ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുമെന്ന് നിസ്സംശയം പറയാന്‍ കഴിയും.

മെയ് ലക്കം ജ്വാല വായിക്കാം

ടോം ജോസ് തടിയംപാട്

തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ വിഷമിക്കുന്ന പലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠന് അന്തിയുറങ്ങാന്‍ ഒരു വീടുപണിതു നല്‍കുന്നതിനു വേണ്ടിയും, ഇടിഞ്ഞുവീഴറായി നില്‍ക്കുന്ന വീട്ടില്‍ താമസിക്കുന്ന വിധവയും രോഗികളായ മക്കളുടെ മൂന്നുമക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കതിനും, മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതില്‍ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകള്‍ക്കും വീടു പണിയുന്നതിനും കുട്ടിക്ക് പഠന സഹായം നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 381 പൗണ്ട് ലഭിച്ചു. കളക്ഷന്‍ തുടരുകയാണ്. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

മൂന്നാറിലെ സ്ത്രിയുടെ വേദനകള്‍ പറയുന്ന മുന്നാര്‍ സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ വീഡിയോ ഞങ്ങള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ പിരിക്കുന്ന പണം സബ് കളക്ടര്‍ ഡോക്ടര്‍ രേണുക രാജിനെ ഏല്‍പ്പിക്കുമെന്ന് അറിയിക്കുന്നു. മണികണ്ഠനു വേണ്ടി യു.കെയിലെ നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യു (ഫോണ്‍ നമ്പര്‍ 07798722899 ), നബിസക്കു വേണ്ടി ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകനായ വിജയന്‍ കൂറ്റാംതടത്തിലുമാണ് (ഫോണ്‍ നമ്പര്‍ 0091,9847494526), ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. ലഭിക്കുന്ന പണം ഇവര്‍ക്ക് മുന്ന് പേര്‍ക്കുമായി വീതിച്ചു നല്‍ക്കും എന്നറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു.കെയില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. 2004ല്‍ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വെള്ളപോക്കത്തിലും ഞങ്ങള്‍ പണം പിരിച്ചു മുഖ്യമന്ത്രിക്കു വേണ്ടി ഇടുക്കി ജില്ല കളക്ടറെ ഏല്‍പ്പിച്ചിരുന്നു. ഞങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ സ്ഥലകാല പരിഗണനകള്‍ ഇല്ല.

കഴിഞ്ഞ പ്രളയത്തില്‍ ഞങ്ങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഞങ്ങള്‍ ഇതു വരെ 70 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട്, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയ്ക്ക് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്

നിങ്ങള്‍ ദയവായി ഞങ്ങളുടെ ഈ അപേക്ഷ കൈവിടരുത് നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക  ഞങ്ങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേമെന്റ് മെയില്‍ വഴിയോ, ഫേസ്ബുക്ക് വഴിയോ, വാട്ട്‌സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു”

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626.

സജീഷ് ടോം
(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

യുക്മ പുതു ദേശീയ നേതൃത്വത്തിന്റെ 2019 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം വെസ്റ്റ് മിഡ്ലാന്‍ഡ്ലിലെ വാല്‍സാല്‍ റോയല്‍ ഹോട്ടലില്‍ നടന്നു. യുക്മ ദേശീയ – റീജിയണല്‍ ഭാരവാഹികളുടെയും പുനഃസംഘടിപ്പിക്കപ്പെട്ട പോഷക സംഘടനാ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ വരുംനാളുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളെ ക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ നടന്നു.

2019 പ്രവര്‍ത്തനവര്‍ഷത്തില്‍ ഏറെ പ്രതീക്ഷയോടെ വിഭാവനം ചെയ്യുന്ന യുക്മ യൂത്ത് & വിമന്‍സ് ഫോറത്തിന്റെ ചുമതലയുള്ള ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ, സെലീന സജീവ് എന്നിവര്‍ യുവാക്കള്‍ക്കും വനിതകള്‍ക്കുമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന മേഖലകളെക്കുറിച്ച് വിശദമായ രൂപരേഖ അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെയും വനിതകളെയും പങ്കെടുപ്പിച്ചു കൊണ്ട് ദേശീയ തലത്തിലും, വിവിധ മേഖലകളായും സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികള്‍, എട്ട് വയസ്സ് മുതല്‍ എ-ലെവല്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായുള്ള വ്യക്തിത്വ വികസനം, കരിയര്‍ ഗൈഡന്‍സ്, കമ്യൂണിറ്റി ബോധവല്‍ക്കണം, യു കെ സിവില്‍ സര്‍വ്വീസ് ക്ലാസ്സുകള്‍, മുന്‍ വര്‍ഷങ്ങളിലെപ്പോലെ ദേശീയ തല മാത്തമാറ്റിക്‌സ് ചലഞ്ച് പരീക്ഷകള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയെപ്പറ്റിയുള്ള പദ്ധതികള്‍ ദേശീയ നേതൃ സമ്മേളനം ചര്‍ച്ചചെയ്തു.

തുടര്‍ന്ന് യുക്മ യു-ഗ്രാന്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍ ഈ വര്‍ഷത്തെ യു-ഗ്രാന്റ് പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചു. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വില്പന നടത്തുന്ന റീജിയണ് ഇദംപ്രഥമമായി ക്യാഷ് അവാര്‍ഡ് കൊടുക്കുവാനുള്ള തീരുമാനം ദേശീയ നേതൃത്വ സമ്മേളനം ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.

യുക്മ ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ടൂറിസത്തിന്റെ കീഴില്‍ യുകെയിലെ വിവിധ സ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് കള്‍ച്ചറല്‍ എക്സ്‌ചേഞ്ച് പ്രോഗ്രാം വിപുലമായ രീതിയില്‍ നടത്തുന്നതാണെന്ന് അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും യുക്മ വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ ആയിരുന്ന എബി, മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ ഈ വര്‍ഷവും സമ്മര്‍ അവധിക്കാലത്ത് ജലോത്സവം സംഘടപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് യുക്മ ദേശീയ കമ്മറ്റി മുന്നോട്ടുപോകുന്നതെന്ന് സമ്മേളനത്തില്‍ സൂചിപ്പിച്ചു.

ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിനെക്കുറിച്ചു ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസും, നഴ്‌സസ് ഫോറത്തെ സംബന്ധിച്ച് ജയകുമാര്‍ നായരും ‘ജ്വാല’ ഇ-മാഗസിനെ പ്രതിനിധീകരിച്ചു എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മോനി ഷിജോയും സംസാരിച്ചു. കായിക മേളയെക്കുറിച്ചും നാഷണല്‍ കായിക മേളയില്‍ റീജിയണുകളില്‍നിന്നുമുള്ള പ്രാതിനിധ്യം സംബന്ധിച്ചും സ്‌പോര്‍ട്‌സിന്റെ ചുമതലയുള്ള ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് സംസാരിച്ചു.

യുക്മ നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ സജീഷ് ടോം യുക്മ വാര്‍ത്തകള്‍ കൂടുതല്‍ യു കെ മലയാളികളിലേക്ക് എത്തിക്കുവാന്‍ സമ്മേളന പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു. യുക്മന്യൂസിനെ പ്രതിനിധീകരിച്ച് ചീഫ് എഡിറ്റര്‍ സുജു ജോസഫ്, ഉപദേശ സമിതിയംഗങ്ങളും മുന്‍ ദേശീയ പ്രസിഡന്റുമാരുമായ വര്‍ഗ്ഗീസ് ജോണ്‍, വിജി കെ പി, യുക്മ സാംസ്‌കാരിക വേദി മുന്‍ വൈസ് ചെയര്‍മാന്‍ സി എ ജോസഫ്, യുക്മ പ്രഥമ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ ഡി ഷാജിമോന്‍ തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സമ്മേളന പ്രതിനിധികള്‍ തികച്ചും പ്രൊഫഷണലിസം പാലിച്ചുകൊണ്ട് വിവിധ വിഷയങ്ങളില്‍ യുക്മയുടെ വളര്‍ച്ചക്ക് സഹായകമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുകയുണ്ടായി. മിഡ്ലാന്‍ഡ്സ് റീജിയണ്‍ നാഷണല്‍ കമ്മിറ്റിയംഗം സന്തോഷ് തോമസ് നേതൃത്വ സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു.

നേതൃത്വ സമ്മേളനത്തിനും പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനത്തിനും മുന്നോടിയായി ദേശീയ നിര്‍വാഹക സമിതിയുടെ യോഗം രാവിലെ ചേരുകയുണ്ടായി. പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ദേശീയ ഭാരവാഹികളും നിര്‍വാഹക സമിതി അംഗങ്ങളുമായ അലക്‌സ് വര്‍ഗീസ്, അനീഷ് ജോണ്‍, എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ, സെലീന സജീവ്, ടിറ്റോ തോമസ്, ഡോക്റ്റര്‍ ബിജു പെരിങ്ങത്തറ, സന്തോഷ് തോമസ്, വര്‍ഗീസ് ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂർ: നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിച്ചതിന് പിന്നാലെ രോഗം ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയോടുള്ള ആദരസൂചകമായി സര്‍ക്കാര്‍ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച സ്റ്റാഫ് നേഴ്‌സിനുള്ള പുരസ്‌കാരമായ  ‘സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ്’ പൂഞ്ഞാറുകാരി ഡിനു ജോയിക്ക്. 2019 വർഷത്തിലെ കേരള സംസ്ഥാന മികച്ച നേഴ്സിനുള്ള “സിസ്റ്റർ ലിനി പുതു ശേരി അവാർഡ് ” കോട്ടയം ജില്ലയിലെ കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ്‌ നേഴ്‌സും ആർദ്രം പദ്ധതിയുടെ സംസ്ഥാന പരിശീലകയുമായ ശ്രീമതി ഡിനു എം ജോയിക്ക്‌ ബഹു  ആരോഗ്യ വകുപ്പ് മന്ത്രി  മന്ത്രി കെ കെ ഷൈലജ ടീച്ചർ കണ്ണൂരിൽ നടന്ന നേഴ്‌സസ് വാരാഘോഷത്തിന്റെ സംസ്ഥാനതല ഉത്‌ഘാടനത്തിൽ വച്ച് സമ്മാനിച്ചു.

കാഞ്ഞിരപ്പള്ളി മേരി ക്യുൻസ് നേഴ്‌സിങ് കോളേജിൽ നിന്നും നേഴ്സിങ് പാസ്സായത്‌.   എം എസ് സി നഴ്സിംഗ്  ബിരുദാനന്തരബിരുദധാരിയായ ശ്രീമതി ഡിനു എം ജോയി മഹാത്മാ ഗാന്ധി സർവകല ശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയുമാണ് ഇപ്പോൾ. പൂഞ്ഞാർ പെരിങ്ങുളം സ്വദേശി നിയാണ്. വരിക്കപ്ലാക്കൽ ശ്രീ ജോബി ജോസഫിന്റെ ഭാര്യ യാണ്. ഡിജൽ , ഡിയോൺ എന്നിവർ മക്കളാണ്. ഉരുളികുന്നം മടുക്കാവിൽ പരേതനായ എം വി തോമസിന്റെയും മേരിയുടെയും മകളാണ് ഡിനു.

കോട്ടയം നഗരസഭയോടൊപ്പവും  ജില്ലയിലെ മിക്ക പഞ്ചായത്തുകളും ഏറ്റെടുത്തു നടത്തപ്പെടുന്ന ഒട്ടുമിക്ക ആരോഗ്യ സെമിനാറുകൾക്കും ക്ലാസുകൾ എടുക്കുന്ന ഡിനു കോട്ടയം ജില്ലയുടെ മാത്രമല്ല കേരളം എന്ന സംസ്ഥാനത്തു തന്നെ നിറഞ്ഞു നിൽക്കുന്ന മാലാഖയാണ് ഈ കോട്ടയംകാരി.

ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ പിതാവായ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സഹോദരൻ ബിജു മാത്യു സ്രാമ്പിക്കൽ വിവാഹം കഴിച്ചിരിക്കുന്നത് ഡിനുവിന്റെ സഹോദരി ദീപയെയാണ്.ലിനിയുടെ മരണം നിപാ വൈറസ് ഭീതിയുടെ കാലത്ത് സംസ്ഥാനത്തിന്റെ തീരാവേദനയായിരുന്നു. കോഴിക്കോട് ചെമ്പനോട സ്വദേശിനിയായ ലിനി, നിപ ബാധിതനായ യുവാവിനെ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ ശുശ്രൂഷിച്ചിരുന്നു. ഇതിന് പിറകെയാണ് പനി ബാധിച്ചത്. അസുഖം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇവര്‍ പിന്നീട് നിപ ലക്ഷണങ്ങളോടെ മരിക്കുകയായിരുന്നു. മരണ ശേഷമാണ് ഇവര്‍ നിപാ ബാധിതയായിരുന്നെന്ന റിപ്പോർട്ട് ലഭിച്ചത്. തുടർന്നാണ് കേരള സർക്കാർ ലിനിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയത്.

മേരി ക്വീൻസ് നേഴ്‌സിങ് ബാച്ചിന്റെ ചിത്രം.

ലണ്ടന്‍: ഇംഗ്ലണ്ടില്‍ റിപ്പര്‍ മോഡല്‍ ആക്രമണം നടത്തി പോലീസിനെ കബളിപ്പിച്ച് നടക്കുകയായിരുന്ന പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അപ്പു സതീശന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും മറ്റും ചിത്രം സഹിതം ഇയാളെക്കുറിച്ച് വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ കീഴടങ്ങി എന്നാണ് പുറത്തുവരുന്ന വിവരം. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഒരാളെ ചുറ്റികകൊണ്ട് മുഖത്തടിച്ച് റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയശേഷം ഇയാള്‍ മുങ്ങിയത്. ആക്രമണത്തിന് ഇരയായതും ഏഷ്യക്കാരന്‍ തന്നെയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ആക്രമണത്തിന് ഇരയായ ആൾ മലയാളിയാണോ എന്നറിയില്ല.

വ്യക്തമായ മേല്‍വിലാസമില്ലാതെ കഴിയുന്ന പ്രതിയെക്കുറിച്ച് ഏഷ്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ഏഷ്യന്‍ കടകളിലും നേരിട്ടെത്തിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈസ്റ്റ് ലണ്ടനിലെ ഈസ്റ്റ്ഹാം, ഇല്‍ഫോര്‍ട്, ഗ്രേറ്റര്‍ ന്യൂഹാം, റെഡ്ബ്രിഡ്ജ്, കാനിങ്‌ടൌണ്‍ തുടങ്ങിയ ഏഷ്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇയാള്‍ പലവട്ടം വന്നുപോയിട്ടുള്ളതായി പൊലീസ് സംശയിച്ചിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ചിത്രം പുറത്തുവിട്ട മെറ്റ് പോലീസ് കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുസമൂഹത്തോട് അഭ്യര്‍ഥിച്ചിരുന്നു.

പ്രതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ വിവരവും പോലീസാണ് പുറത്തുവിട്ടത്. മുഖത്ത് മാരകമായി പരിക്കേല്‍പ്പിച്ചതിനും വധശ്രമത്തിനുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇസ്റ്റ്ഹാമിലും ഇല്‍ഫഡിലുമാണ് ഇയാളെ കൂടുതല്‍ കണ്ടിരുന്നതെങ്കിലും ഗ്രേറ്റര്‍ ന്യൂഹാമിലും റെഡ്ബ്രിഡ്ജ് ഏരിയയിലും ഇയാളെ കണ്ടതായും പോലീസിന് വിവരം ലഭിച്ചിരുന്നു. മെറ്റ് പോലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. ഏഷ്യക്കാരനാണെന്ന് സംശയിക്കുന്ന ഒരാളുടെ മുഖത്ത് ചുറ്റിക കൊണ്ട് ഇടിച്ചുവെന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. മെറ്റ്‌സ് ഏരിയ ഒഫന്‍ഡര്‍ മാനേജ് മെന്റ് ടീം ആണ് കേസ് അന്വേഷിക്കുന്നത്.

അനുജ.കെ

പുറത്ത് കനത്ത മഴ പെയ്യുകയാണ്, തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റും പേമാരിയും. അതിന്റെ ബാക്കിയായാണ് കേരളത്തിലെ മഴ. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടത്രേ. എന്റെ ചെറുപ്പകാലത്ത് ഈ ന്യൂനമര്‍ദ്ദത്തെക്കുറിച്ചോ സുനാമിയെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും ഒരറിവുമുണ്ടായിരുന്നില്ല. മഴയായാല്‍ പിന്നെ കമ്പളിപുതപ്പിനുള്ളില്‍ ദിവസങ്ങളോളം…. സ്‌കൂള്‍ അവധിയായിരിക്കും.. വീടിന് പുറത്തിറങ്ങാനെ പറ്റില്ല. കാറ്റിന്റെ അവശേഷിപ്പുകളായ ഇലകളും ചുള്ളിക്കമ്പുകളും മുറ്റം നിറയെ.. ഞരമ്പുകളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ്.. ആഴ്ച്ചകളോളം ഇരുട്ട്.. വൈദ്യുതി ഉണ്ടാകില്ല.. വനത്തിലെവിടെയെങ്കിലും ഇലക്ട്രിക് ലൈന്‍ പോയിട്ടുണ്ടാകും.. തണുപ്പിനെ പ്രതിരോധിക്കാന്‍ മധുരമുള്ള കട്ടന്‍കാപ്പിയാണ് ശരണം. തൊടിയിലുണ്ടാകുന്ന കാപ്പിക്കുരു ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്ന കാപ്പിയാണ്. വറുത്ത ഉലുവയും കുരുമുളുകും കൂടി ചേര്‍ത്ത് പൊടിച്ചാല്‍ അതികേമം.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് കാപ്പിച്ചെടികള്‍ പൂക്കുന്നത്. ആ സമയത്ത് വെളുപ്പാന്‍ കാലത്ത് കാപ്പിത്തോട്ടങ്ങളിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണ്. കാപ്പിപ്പൂവിന്റെ മണം നാസാരന്ധ്രങ്ങളിലൂടെ തുളച്ചുകയറും. കുട്ടിക്കാലത്തെ പുസ്തകത്താളുകളില്‍ ആ മണം നിറഞ്ഞ നില്‍ക്കുന്നതായി എനിക്കു തോന്നുന്നു. കാപ്പികമ്പുകളില്‍ ഇടവിട്ട് വിടര്‍ന്ന് നില്‍ക്കുന്ന കാപ്പിപ്പൂങ്കുലകള്‍ ഗന്ധത്തിലുപരി കണ്ണിനും കുളിര്‍മയാകുന്നു… എന്റെ വിവാഹ നിശ്ചയത്തിന് തലയില്‍ വെയ്ക്കാനായി മുല്ലപ്പൂ കിട്ടിയില്ല. പകരം പിച്ചിപ്പൂവായിരുന്നു മാലകെട്ടാന്‍ ഉപയോഗിച്ചത്. അന്നേ ദിവസം എന്റെ പ്രതിശ്രുത വരന്‍ എന്റെ അടുത്തുവന്നു എന്റെ തലയിലെ പൂവില്‍ തൊട്ടിട്ടു ചോദിച്ചു. ‘ഇതെന്താ കാപ്പിപ്പൂവാണോ..’ ചോദ്യം ആദ്യമെന്നെ ചൊടിപ്പിച്ചുവെങ്കിലും കാപ്പിപ്പൂവിന്റെ വാസന എന്റെ മനം കുളിര്‍പ്പിച്ചു.

മഴയ്ക്ക് ഒരു അവസാനമില്ലാത്ത പോലെ. വീണ്ടുമൊരു പ്രളയത്തെ താങ്ങാന്‍ ഇനീയീ നാടിന് പറ്റില്ലെയെന്നു മഴയ്ക്കറിഞ്ഞു കൂടെ… അമ്മ വീട്ടിലാണ് എന്റെ, എന്റെ സ്വന്തം വീട്ടില്‍. കാപ്പിക്കുരു പറിക്കാന്‍ പോയിരിക്കുന്നു. കാപ്പിക്കുരു പഴുത്ത് കിളികളെല്ലാം കൊത്തിപ്പറിക്കുന്നുവെന്ന് പരാതി. കാപ്പിച്ചെടിയുടെ ചുവട്ടില്‍ കുരുക്കള്‍ പെറുക്കിയെടുക്കണം. അതാണ് ബുദ്ധിമുട്ട്. അമ്മയെ സഹായിക്കാന്‍ ചിലപ്പോള്‍ ഞാനും കുട്ടികളും പോവാറുണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുകയെന്നത് വളരെ രസമുള്ള ജോലിയാണ്. ബലമുള്ള കാപ്പിക്കമ്പുകളില്‍ തൂങ്ങിയാടാനും സൂര്യയ്ക്കും കിരണിനും ഏറെയിഷ്ടമാണ്.

മധുരമുള്ള കട്ടന്‍കാപ്പി തണുപ്പിനെ അകറ്റി ശരീരത്തിനുള്ളിലേക്ക് തുളച്ചുകയറുമ്പോള്‍ കാപ്പിപൊടിയുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളെല്ലാം അസ്ഥാനത്താകും.

ഭര്‍തൃഗൃഹത്തില്‍ വന്നതിന് ശേഷം എന്റെ കാപ്പി കുടിക്ക് കുറച്ച് ശമനം ഉണ്ട്. ഹൈറേഞ്ചിലെ തണുപ്പില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടല്ലോ.. പക്ഷെ കറുത്ത കട്ടന്‍കാപ്പിയും ചുവന്ന മുത്തുകള്‍ പോലുള്ള കാപ്പിക്കുരുക്കളും വെളുത്ത പിച്ചിപ്പൂക്കള്‍ പോലുള്ള കാപ്പിപ്പൂക്കളും എന്റെ തണുത്ത രാത്രിയെ വീണ്ടും ചൂടുപിടിപ്പിക്കുന്നു..!

 

അനുജ.കെ

ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

സജീഷ് ടോം.
(യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

യുക്മയുടെ പുത്തന്‍ പ്രവര്‍ത്തന വര്‍ഷത്തിലെ ആദ്യ പൊതുപരിപാടിക്ക് ബര്‍മിംഗ്ഹാം വേദിയൊരുക്കുന്നു. യുക്മ ദേശീയ നേതൃത്വ സമ്മേളനവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരിയും നാളെ, മെയ് 11 ശനിയാഴ്ച നടക്കും. യുക്മ ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുക്മ നേതാക്കള്‍ക്ക് വന്നെത്താനുള്ള സൗകര്യം കണക്കിലെടുത്താണ് ബര്‍മിംഗ്ഹാം സമ്മേളന വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് സെഷനുകളായാണ് നേതൃത്വ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന സമ്മേളനം യുക്മയുടെ 2019 ലെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യും. യുക്മ കഴിഞ്ഞ വര്‍ഷം യുവജനങ്ങള്‍ക്കായി തുടങ്ങിവച്ച ‘യുക്മ യൂത്ത്’ കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആദ്യ സെഷനില്‍ നടക്കും. പൊതുരംഗങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും പരിശീലനവും നല്‍കുകയെന്ന ലക്ഷ്യം കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ട് പുനര്‍രൂപീകരിച്ച ‘യുക്മ വിമന്‍ & യൂത്ത്’ വിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ഒരു വേദികൂടിയാകും ദേശീയ നേതൃത്വ സമ്മേളനം.

ഇതിനകംതന്നെ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞ ‘യുക്മ സാന്ത്വനം’ പദ്ധതിയുടെ അവലോകനവും, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കുവാനുള്ള ചര്‍ച്ചകളും, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും. യുക്മ അംഗ അസ്സോസിയേഷനുകള്‍ക്കും യുക്മ റീജിയനുകള്‍ക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയ്യാറാക്കി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയ യു – ഗ്രാന്റ് ലോട്ടറിയുടെ 2019 ലെ ലോഞ്ചിങ്ങും ദേശീയ നേതൃത്വ സമ്മേളനത്തില്‍ നടക്കുന്നതായിരിക്കും.

യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജിയണല്‍ ഭാരവാഹികളെ മുഴുവന്‍ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൂടുതല്‍ വേഗത്തില്‍ അംഗങ്ങളിലേക്കെത്തിക്കുവാന്‍ കഴിയുന്നു എന്നതാണ് നേതൃത്വ സമ്മേളനത്തിന്റെ പ്രധാന സവിശേഷതയെന്ന് യോഗത്തിന്റെ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചുകൊണ്ട് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് പറഞ്ഞു.

‘യുക്മ ടൂറിസം ക്ലബ്’ന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുന്നതും ഏകോപിപ്പിക്കുന്നതുമായ ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും രാവിലത്തെ സെഷനില്‍ അവസരമുണ്ടായിരിക്കും. അതോടൊപ്പം തന്നെ ‘യുക്മ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍’ കാര്യക്ഷമം ആക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കും.

ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിമുതല്‍ നാല് മണിവരെ നടക്കുന്ന രണ്ടാമത്തെ സെഷനില്‍ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചര്‍ച്ചാ ക്ലാസ്സുകളും നടക്കും. യുക്മ നേഴ്സസ് ഫോറം ഓര്‍ഗനൈസിംഗ് കമ്മറ്റി യോഗം നേഴ്സസ് ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കും. യുക്മയുടെ നിരവധി ജനകീയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള യുക്മ സാംസ്‌ക്കാരിക വേദിയുടെ ആലോചനായോഗമാണ് പ്രധാനപ്പെട്ട മറ്റൊന്ന്.

സോഷ്യല്‍ മീഡിയഗുണകരമായി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന ചര്‍ച്ചാക്ലാസ്സ്, യുക്മന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡിന്റെയും ന്യൂസ് ടീമിന്റെയും സംയുക്ത യോഗം, ‘ജ്വാല’ ഇ-മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മീറ്റിംഗ് തുടങ്ങിയവയും ദേശീയ നേതൃത്വ സമ്മേളനത്തിന്റെ സവിശേഷതകളായിരിക്കും. പരിപാടികള്‍ക്ക് യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, എബി സെബാസ്റ്റിയന്‍, ലിറ്റി ജിജോ, സാജന്‍ സത്യന്‍, സെലീന സജീവ്, ടിറ്റോ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഏതെങ്കിലും കാരണത്താല്‍ വ്യക്തിപരമായ ക്ഷണം ലഭിച്ചിട്ടില്ലെങ്കില്‍ പോലും, തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ദേശീയ – റീജിയണല്‍ ഭാരവാഹികളും, പുതുതായി രൂപീകരിക്കപ്പെട്ട യുക്മ പോഷക സംഘടനകളുടെ പ്രവര്‍ത്തകരും ദേശീയ നേതൃയോഗത്തില്‍ എത്തിച്ചേരണമെന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അഭ്യര്‍ത്ഥിക്കുന്നു. യുക്മയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ നേതൃയോഗം കൂടുതല്‍ കരുത്തേകുമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പ്രതീക്ഷ പ്രകടിപ്പിച്ചു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സമാന രീതിയിലുള്ള ദേശീയ നേതൃയോഗങ്ങള്‍ കൂടുകയെന്ന ലക്ഷ്യമാണ് യുക്മ നേതൃത്വത്തിനുള്ളത്. യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം താഴെ കൊടുക്കുന്നു: –

The Royal Hotel,
Ablewell Street, Walsall,
West Midlands – WS1 2EL

Copyright © . All rights reserved