എ. പി. രാധാകൃഷ്ണന്‍

ഹൈന്ദവ സമൂഹത്തിന്റെ ആദ്ധ്യാത്മികം, വിദ്യാഭ്യാസം,സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നീ അഞ്ചു പ്രധാന മേഖലകളുടെ ഉന്നമനത്തിനായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്‍ നേതൃത്വം നല്കുന്ന സംപൂജ്യ സ്വാമി ചിദാനന്ദപുരിയുടെ യുകെ പര്യടനമായ ‘സത്യമേവ ജയതേ’ പരിപാടിയുടെ ഭാഗമായി ക്രോയ്ഡനില്‍ നടക്കുന്ന ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ജൂണ്‍ മാസം ഒന്‍പതാം തിയതി ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിമുതല്‍ നിരവധി കലാ സാംസ്‌കാരിക പരിപാടികളോടെ ഉത്സവസമാനമായി നടക്കുന്ന ഹിന്ദു ധര്‍മ്മ പരിഷത്തില്‍ സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തും. ക്രോയ്ഡനിലെ പൊതു പരിപാടികള്‍ക്ക് ലഭ്യമാകുന്നതില്‍ വെച്ച് ഏറ്റവും വലിയ വേദിയില്‍ ആണ് ഹിന്ദു ധര്‍മ്മ പരിഷത്ത് നടക്കുന്നത്.

ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന സ്വാമിജിയുടെ സന്ദര്‍ശനത്തില്‍ യുകെയിലെ മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും സദ്ഗമയ ഫൗണ്ടേഷനുമായി ചേര്‍ന്ന് പരസ്പര സഹകരണത്തോടെ ഒന്നിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന നിരവധി പരിപാടികളുടെ ഭാഗമായാണ് ക്രോയ്ഡനില്‍ ഹിന്ദു ധര്‍മ്മ പരിഷത്തും നടക്കുന്നത്. കേരളത്തിലെയും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഉള്ള ഹൈന്ദവ നേതാക്കളെ യുകെയിലേക്ക് സ്വാഗതം ചെയ്ത് വിവിധ പൊതു പരിപാടികളിലൂടെ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്താനും ഹൈന്ദവ സംഘടനകള്‍ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാനും അതിലൂടെ മുഴുവന്‍ ഹൈന്ദവ സമൂഹത്തിനും ശക്തി പകരാനും ഉദ്ദേശിച്ചാണ് സദ്ഗമയ ഫൗണ്ടേഷന്‍ ‘സത്യമേവ ജയതേ’ എന്ന പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. യുകെയിലെ ഹൈന്ദവ കുടിയേറ്റ ചരിത്രത്തില്‍ ഇതുവരെ ഇത്രയും വിപുലമായ ഇതുപോലൊരു പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടില്ല.

പ്രശസ്ത നര്‍ത്തകിയും കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ അധികമായി ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന സ്വന്തം നൃത്ത വിദ്യാലയത്തിലൂടെ നിരവധി കലോപാസകരെ യു കെ ക്കു സമ്മാനിക്കുകയും ചെയ്ത ശ്രീമതി ശാലിനി ശിവശങ്കര്‍ഹിന്ദു ധര്‍മ്മ പരിഷത്തില്‍ നൃത്താഞ്ജലിയുമായി എത്തും. മോഹിനിയാട്ടം, കഥക്ക്, ഭരതനാട്യം എന്നീ ഭാരതത്തിന്റെ തനതായ മൂന്ന് നൃത്ത രൂപങ്ങളും വേദിയില്‍ അവതരിപ്പിക്കും എന്ന് ശ്രീമതി ശാലിനി ശിവശങ്കര്‍ അറിയിച്ചു. മറ്റു നൃത്ത അധ്യാപകരില്‍ നിന്നും വ്യത്യസ്തമായി ശ്രീമതി ശാലിനി ശിവശങ്കര്‍ തന്നെ വേദിയില്‍ നൃത്തച്ചുവടുകളുമായി സദസിനെ വിസ്മയിപ്പിക്കും. തന്റെ പന്ത്രണ്ടാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച നൃത്ത സപര്യ ഇന്നും മുടക്കം കൂടാതെ മുന്നോട്ടു നയിക്കുന്ന അപൂര്‍വം കലാകാരികളില്‍ ഒരാളാണ് ശ്രീമതി ശാലിനി ശിവശങ്കര്‍. ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഏവര്‍ക്കും ഉള്ള ഒരു സുവര്‍ണ അവസരമാണ് ശ്രീമതി ശാലിനി ശിവശങ്കറിന്റെ നൃത്ത ചുവടുകള്‍ നേരില്‍ കാണാന്‍ കഴിയുക എന്നത്.

പരിപാടികളുടെയും സ്വാമി ചിദാനന്ദപുരിയുടെയും സുരക്ഷ മുന്‍നിര്‍ത്തി ഹിന്ദു ധര്‍മ്മ പരിഷത്തില്‍ പങ്കെടുക്കുന്ന എല്ലാവരും സൗജന്യമായി രജിസ്റ്റര്‍ ചെയ്തു ടിക്കറ്റ് എടുക്കേണ്ടതാണ്. ഒരാള്‍ക്ക് അഞ്ച് ടിക്കറ്റ് വരെ എടുക്കാനുള്ള സൗകര്യം ആണ് ഇപ്പോള്‍ ലഭ്യമാകുന്നത്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകള്‍ എത്രയും വേഗം ബുക്ക് ചെയ്തു യുകെയില്‍ ആദ്യമായി ഇത്രയും വിപുലമായി നടത്തുന്ന ഹൈന്ദവ മുന്നേറ്റത്തിന്റ ഭാഗമാകണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്

ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ വേദിയുടെ വിലാസം
ദി അസംബ്ലി ഹാള്‍, ഹാരിസ് അക്കാദമി പേര്‍ളി, കേന്ദ്ര ഹാള്‍ റോഡ്, ക്രോയ്ഡന്‍ CR2 6DT
കൂടുതല്‍ വിവരങ്ങള്‍ക്ക് സദ്ഗമയ ഫൗണ്ടേഷനുമായി ബന്ധപെടുക
[email protected]
[email protected]
07932635935, 07414004646, 07846145510, 07894878196