ലിവര്‍പൂള്‍: ജൂണ്‍ ഒന്നിന് ലിവര്‍പൂളിലെ ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടക്കുവാന്‍ പോകുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായികമേളയിലേക്ക് വിവിധ സ്റ്റാളുകള്‍ ഒരുക്കുന്നതിനുള്ള ക്വട്ടേഷനുകളും പരസ്യ ദാതാക്കളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പുകളും ക്ഷണിച്ചുകൊള്ളുന്നു. താല്‍പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ മെയ് ഒന്നിന് മുന്‍പായി [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണെന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ട്രഷറര്‍ ബിജു പീറ്റര്‍ അറിയിച്ചു.
ജൂണ്‍ ഒന്ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മാര്‍ച്ച് പാസ്റ്റോടുകൂടി ആരംഭിക്കുന്ന മല്‍സരങ്ങള്‍ വൈകിട്ട് അഞ്ചു മണിയോടെ സമാപിക്കുന്ന രീതിയിലാണ് ഒരുക്കങ്ങള്‍ നടക്കുന്നത്. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായിക മേളയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ 13 അംഗ അസ്സോസിയേഷനുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് റീജിയണല്‍ സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍ ബിനു വര്‍ക്കി അറിയിച്ചു.
ജൂണ്‍ 15ന് നടക്കുന്ന ദേശീയ കായിക മേളയുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന കായിക മാമാങ്കം തികച്ചും ആവേശം നിറഞ്ഞതായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ തങ്ങളുടെ അസോസിയേഷന്‍ പ്രതിനിധികളുമായി ബന്ധപ്പെട്ട് മെയ് മാസം 27ന് മുന്‍പായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് റീജിയന്‍ സെക്രട്ടറി സുരേഷ് നായര്‍ അറിയിച്ചു.
നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ജാക്‌സന്‍ തോമസിന്റെ നേതൃത്വത്തില്‍ നാഷണല്‍ റീജിയണല്‍ ഭാരവാഹികള്‍ കായിക മേളക്ക് നേതൃത്വം വഹിക്കും. നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കായിക മേളയിലേക്ക് എല്ലാ അസോസിയേഷന്‍ നിന്നുമുള്ള പ്രതിനിധ്യം ഉറപ്പിക്കണമെന്നും, ഏവരേയും സ്വാഗതം ചെയ്യുന്നതായും റീജിയണല്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിനു വര്‍ക്കി – 07846443318,
ജാക്‌സണ്‍ തോമസ് – 07403863777,
സുരേഷ് നായര്‍ – 07886653468
റീജിയണല്‍ കായികമേള നടക്കുന്ന വേദിയുടെ വിലാസം:-
ലിതര്‍ലാന്‍ഡ് സ്‌പോര്‍ട്‌സ് പാര്‍ക്, ബൗണ്ടറി റോഡ്, ലിതെര്‍ലാന്‍ഡ്,
L21 7NW.
സ്റ്റഫോര്‍ഡ്: പിറവത്ത് നിന്നും യു.കെയിലേക്ക് കുടിയേറിപ്പാര്‍ത്ത പിറവം നിവാസികളുടെ കൂട്ടായ്മ പതിനഞ്ചാം വര്‍ഷത്തിലേക്ക്. ഈ ക്രിസ്റ്റല്‍ ഇയര്‍ വര്‍ഷത്തില്‍ പിറവം സംഗമം മെയ് 5, 6 (ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ സ്റ്റഫോര്‍ഡിലെ ഹോട്ടല്‍ സ്റ്റോണ്‍ ഹൗസില്‍ വെച്ചായിരിക്കും നടക്കുന്നത്.
മെയ് 5ന് ഞായറാഴ്ച വൈകുന്നേരം 6ന് പൊതുയോഗത്തില്‍ ഷാജു കുടിലില്‍ അദ്ധ്യക്ഷത വഹിക്കും. നാട്ടില്‍ നിന്നും മക്കളുടെ അടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്ന മാതാപിതാക്കന്‍മാര്‍ ചേര്‍ന്ന് സംഗമത്തിന് തിരിതെളിക്കും. ഡോ.സാം എബ്രഹാം, ഡോ.ജോര്‍ജ് ജേക്കബ്, ബിജു ചക്കാലക്കല്‍, എബി കുടിലില്‍, സനില്‍ ജോണ്‍ കുഞ്ഞുമ്മാട്ടില്‍, ജിജോ കോരാപ്പിള്ളില്‍, രഞ്ജി വര്‍ക്കി, തുടങ്ങിയവര്‍ ആശംസകള്‍ നേരും.
തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറും. തിങ്കളാഴ്ചയും പല തരത്തിലുള്ള പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രോഗ്രാം കോ ഓഡിനേറ്റര്‍മാരായ ഫെബിന്‍ ജോണ്‍, ലിറ്റി ജിജോ, ദീപു സ്റ്റീഫന്‍ പുളിമലയില്‍, സില്‍വി ജോര്‍ജ് എന്നിവര്‍ അറിയിച്ചു. പിറവത്ത് നിന്നുമുള്ള 100ല്‍ പരം കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ പിറവം നിവാസികളെയും പിറവം സംഗമം- 2019 ലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
രഞ്ജി വര്‍ക്കി – 07711101195,
സനില്‍ ജോണ്‍ – 07929025238,
ബിജു ചക്കാലക്കല്‍ – 07828107367,
എബി കുടിലില്‍ – 07775864806.
സംഗമവേദിയുടെ വിലാസം:-
Hotel Stone House,
Staffordshire,
ST15 0BQ.
മെയ് 4ന് ശനിയാഴ്ച ബെര്‍മിംഹാമിലെ വുള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ സ്‌നേഹ കൂട്ടായ്മക്ക് എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഈ സ്‌നേഹ കൂട്ടായ്മക്ക് ഇടുക്കിയുടെ എം.എല്‍.എ റോഷി അഗസ്റ്റിന്‍ ആശംസകള്‍ നേര്‍ന്നു.
നമ്മുടെ ഈ കൂട്ടായ്മ രാഷ്ടിയ ജാതിമത വിശ്വാസത്തിന് അതീതമായി ഇടുക്കി ജില്ലാക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിനും, അന്യനാട്ടില്‍ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാരമ്പര്യവും,
സ്‌നേഹവും കാത്തു പരിപോക്ഷിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു. ജന്‍മനാടിന്റെ കൂറും, സംസ്‌ക്കാരവും നിലനിര്‍ത്തി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂട്ടി ഉറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.
ഇടുക്കി ജില്ലാക്കാരായ വ്യക്തികളില്‍ നിന്നും വിദ്യാഭാസം, കല, സാമൂഹികം, ചാരിറ്റി തുടങ്ങിയ മേഖലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളവരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആദരിക്കുകയും ചെയ്യുന്നതാണ്. ഒരോ വര്‍ഷം കഴിയുമ്പോഴും ജനകീയമായി തെരഞ്ഞെടുക്കുന്ന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥവും, ജനോപകാരപ്രദവുമായ വിവിധ പരിപാടികള്‍ നടപ്പാക്കി നല്ലൊരു കൂട്ടായ്മയായി അനുദിനം മുന്നേറികൊണ്ടിരിക്കുന്നു.
ഈ വര്‍ഷത്തെ സംഗമം മുന്‍ വര്‍ഷങ്ങളിലെപോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും, ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യു.കെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.
യു.കെയിലെ എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസേര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യാന്‍ കുടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം. മെയ് മാസം 4-ാം തിയതി ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുന്നവര്‍, നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമുക്ക് ക്യാന്‍സര്‍ റിസേര്‍ച്ചിന് സംഭാവന കൊടുക്കുവാന്‍ സാധിക്കും.
ഒരിക്കല്‍കൂടി എല്ലാ ഇടുക്കി ജില്ലാക്കാരെയും ഈ കൂട്ടായ്മയിലേക്ക് സ്‌നേഹത്തിന്റെ ഭാഷയില്‍ ഹാദ്രവമായി ക്ഷണിക്കുന്നൂ.
സംഗമം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ അഡ്രസ്,
Woodcross Lane
Bliston ,
Wolverhampton.
BIRMINGHAM.
WV14 9BW.
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിലുള്ള എം.എം.എ(MMA) സപ്ലിമെന്ററി സ്‌കൂളിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍ 27 ശനിയാഴ്ച്ച എം.എം.എ സ്‌കൂള്‍ അങ്കണത്തില്‍ നടക്കും. (Cedar mount academy Gorton)
രാവിലെ 11 മണിക്ക് കുട്ടികളുടെ ചിത്രരചന, പെയിന്റിംഗ് എന്നീ മത്സരങ്ങളോടെ പരിപാടികള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം മലയാളം ക്ലാസിലെ കുട്ടികളുടെ സ്‌കിറ്റ്, തുടര്‍ന്ന് കാരട്ടെ പരിശീലിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രകടനം, ബോളിവുജ് ട്രൂപ്പുകളുടെ അവതരണം ഒപ്പം ക്ലാസിക് ഡാന്‍സുമായി വിവിധ ട്രൂപ്പുകളെത്തും. കൂടാതെ പിയാനോ ട്രൂപ്പിന്റെ പ്രകടനവും പരിപാടിയുടെ ഭാഗമാവും.
എം.എം.എ സപ്ലിമെന്ററി സ്‌കൂളില്‍ 100ലധികം വിദ്യാര്‍ത്ഥികളാണ് വിവിധയിനത്തില്‍ പരിശീലനം നടത്തുന്നത്. മലയാളത്തിന്റെ തനതായ കലകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സപ്ലിമെന്ററി സ്‌കൂള്‍ ആരംഭിക്കുന്നത്.
യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്. യുകെ സീനിയർ കോർട്ട് സോളിസിറ്ററായ ലേഖകന്‍ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ടാക്സി ലൈസൻസിംഗ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആണ്.
ലൈസന്‍സിംഗ് അതോറിറ്റിയുടെ പരമപ്രധാനമായ ലക്ഷ്യം പൊതുജന സംരക്ഷണവും സുരക്ഷയുമാണ്. ഒരാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍, അയാൾ Fit and Proper Person ആണെന്ന് തെളിയിക്കപ്പെടണം. ഒരു ടാക്‌സി ഡ്രൈവര്‍ Fit and Proper Person ആണോയെന്ന് നിശ്ചയിക്കാന്‍ പൂര്‍വ്വ തൊഴില്‍, സാമൂഹ്യ പശ്ചാത്തലം, പോലീസ് അന്വേഷണം, ക്രിമിനല്‍ റെക്കോര്‍ഡ് മുതലായ പലതരം പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍ അന്വേഷണം നടത്തി കിട്ടിയ വിവരങ്ങള്‍ പ്രകാരം ഇയാൾ ഫിറ്റ് ആന്റ് പ്രോപ്പര്‍ അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ഇയാളുടെ ലൈസന്‍സ് നിരസിക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. പഴയ Conviction, അംഗീകരിക്കാനാവാത്ത സ്വഭാവ രീതി, പെരുമാറ്റ ദൂഷ്യം ഇതൊക്കെ തീര്‍ച്ചയായും തീരുമാനത്തിൽ നിർണായകമായിരിക്കും
ഇത്തരത്തില്‍ ലൈസന്‍സന്‍സ് ലഭിക്കുന്ന ഒരാള്‍ക്ക് പിന്നീട് പൊതുജനത്തിന്റെ പരാതി മൂലമോ മറ്റേതെങ്കിലും ഏജന്‍സിയുടെ(പോലീസ്) പരാതി മൂലമോ അന്വേഷണ വിധേയമാവുകയും ഇയാള്‍ Fit and Proper Person അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ലൈസന്‍സ് റിവോക്ക് ചെയ്യപ്പെടാവുന്നതുമാണ്.
പൊതുജനത്തിന്റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് ഒരു ലോക്കല്‍ ഗവണ്‍മെന്റിന്റെ നിയമപരമായ ബാധ്യതയാണ്. നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ടാക്സി ഹയറിംങ് ലൈസൻസ് നൽകുന്നത് ലോക്കൽ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. ടാക്‌സിയിലേക്ക് ഒരാള്‍ കയറുമ്പോള്‍ യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ടാക്‌സി ഡ്രൈവര്‍ അപരിചിതനായിരിക്കും. ഡ്രൈവര്‍ വിശ്വസിക്കാവുന്ന വ്യക്തിയാണോ, കാര്യക്ഷമതയുള്ളയാളാണോ, താന്‍ സുരക്ഷിതനാണോയെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ യാതൊരു സാധ്യതയുമുണ്ടാവില്ല.
മാത്രമല്ല ഒരു യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ തനിയെയായിരിക്കും യാത്ര ചെയ്യേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറിന്റെ മുന്‍കാല പശ്ചാത്തലമോാ അല്ലെങ്കില്‍ തൊഴില്‍ ക്രമക്കേടുകളോ ക്രിമിനല്‍ പശ്ചാത്തലമോ അറിവില്ലാത്ത ഒരു അവസ്ഥയില്‍, യാതൊരു പരിചയമോ ഇല്ലാത്ത ഒരാളുടെ കൂടെ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിതി വിശേഷം സംജാതമാകുകയും, അതിലുമുപരിയായി വാഹനത്തിന്റെ യാതൊരു നിയന്ത്രണവും യാത്രക്കാരന്റെ കൈകളിൽ അല്ല എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മറ്റേതൊരു സാഹചര്യത്തിലും ഒരുപക്ഷേ സര്‍വീസ് യൂസര്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത മറ്റൊരു തൊഴില്‍ മേഖല തന്നെയുണ്ടെന്ന് തോന്നുന്നില്ല. ഉദാ: ഒരു ലോയറിന്റെ ഓഫീസില്‍ എത്തുമ്പോള്‍ അവിടെ മറ്റു തൊഴിലാളികള്‍, മറ്റു ലോയേര്‍സ്, ഒരു ഡോക്ടറിനെ കാണുമ്പോള്‍ മറ്റ് മെഡിക്കല്‍ ജീവനക്കാര്‍.
എന്നാല്‍ ഒരു ടാക്‌സി വിളിച്ച് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാളിനൊപ്പം വാഹനത്തിന്റെ യാതൊരു കണ്‍ട്രോളും ഇല്ലാതെ യാത്ര ചെയ്യുകയാണ്. പ്രത്യേകിച്ചും ബ്രിട്ടന്‍ പോലുള്ള ഒരു രാജ്യത്ത് പല രാജ്യത്ത് നിന്നും കുടിയേറിയവര്‍, പലതരം സംസാരശൈലി, ഉച്ചാരണശൈലി, പലതരം ജനങ്ങള്‍. മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം കണക്കിലെടുത്താണ് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സിംഗ് സംമ്പ്രദായം ഏര്‍പ്പെടുത്തിയത്.
ഒരു പുതിയ ടാക്‌സിക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ബാധ്യത വളരെ വലുതാണെന്ന വസ്തുത സ്വഭാവികമായും സൂചിപ്പിക്കുന്നു. കാരണം ഇത്തരത്തില്‍ ലൈസന്‍സ് നല്‍കപ്പെടുന്ന അല്ലെങ്കില്‍ പുതുക്കി കൊടുക്കപ്പെടുന്ന ആള്‍ സത്യസന്ധനും, വിശ്വസ്തനും, ഒരാളെ ഒരു യാത്രക്കാരനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി എത്തിക്കുമെന്നത് വിശ്വസനീയമായ രീതിയിൽ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് ബോധ്യപ്പെട്ടിരിക്കണം.
ഒരുപക്ഷേ യാത്രക്കാര്‍ നിങ്ങള്‍ തന്നെയാവാം, നിങ്ങളുടെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍, നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ആരുമാകാം. അതില്‍ കുട്ടികളുണ്ടാവും നമ്മുടെ പെണ്‍മക്കളുണ്ടാകും, പ്രായമായവര്‍ ഉണ്ടാകും, രോഗികള്‍ ഉണ്ടാകും ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാന്‍ പ്രാപ്തിയുള്ളയാള്‍ക്ക് മാത്രമെ ലൈസന്‍സ് നല്‍കാവു എന്നത് നിയമപരമായ ബാധ്യതയാണ്. ഏതൊരു അതോറിറ്റിയുടെയും നിയമപരവും ധാർമികവുമായ ഉത്തരവാദിത്വവുമാണ്.
ടാക്‌സി ഡ്രൈവറായി തൊഴില്‍ ചെയ്യുന്ന ഒരു തൊഴിലാളിക്ക് പൊതുസമൂഹത്തിനോടും, പൊതുജനത്തോടുമുള്ള ഉത്തരവാദിത്വബോധം വളരെ ഉയര്‍ന്ന നിലവാരം പുലർത്തേണ്ടതാണ്. പൊതുജന സംരക്ഷണം കണക്കിലെടുക്കുമ്പോള്‍ മറ്റ് യാതൊരു മാനദണ്ഡവും കണക്കാക്കേണ്ട കാര്യമില്ല എന്നത് നിയമപരമാണ്. അക്കാരണത്താല്‍ ഏതെങ്കിലും കാര്യത്തില്‍ അച്ചടക്ക നടപടിക്ക് വിധേയമാവുന്ന ടാക്‌സി ഡ്രൈവറുടെ ജീവിത സാഹചര്യം(mitigation) കുടുംബത്തിന്റെ ജീവിത മാര്‍ഗം (financial circumstances) തുടങ്ങിയവയൊന്നും പരിഗണിക്കേണ്ട കാര്യമില്ല.
അക്കാരണത്താല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണെന്ന് ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്. കാരണം പൊതുജനത്തെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനു മാത്രമാണ് പ്രാധാന്യം നല്കപ്പെടുന്നത്, അതിന് മുന്‍പില്‍ മറ്റൊരു മാനദണ്ഡവും നോക്കേണ്ട ആവശ്യം ലോക്കൽ അതോറിറ്റിക്കില്ല. പൊതുജനം സംരക്ഷിക്കപ്പെട്ടിരിക്കണം അത്രമാത്രം.
ഒരുപക്ഷേ ടാക്‌സി ഡ്രൈവര്‍ എന്ന നിലയിൽ ഒരാൾക്കു സമൂഹത്തോടുള്ള ഉത്തരവാദിത്വം മറ്റൊരു തൊഴിലിലും ഇല്ല എന്നുപറയുന്നതിൽ വസ്തുതാപരമായി യാതൊരു തെറ്റും തോന്നുന്നില്ല. ഇക്കാരണത്താല്‍ തന്നെ ടാക്‌സി ലൈസൻസ് നൽകുമ്പോൾ അല്ലെങ്കിൽ പുതുക്കുമ്പോള്‍ പരിഗണിക്കേണ്ട മാനദണ്ഡം പല കോടതി വിധികളിലും ആവശ്യപ്പെടുന്ന മാര്‍ഗരേഖയിലൂടെ മാത്രമാണ് തീരുമാനമെടുക്കുന്നത്.
ന്യൂസ് ഡെസ്ക്
ശ്രീലങ്കയിലെ ഈസ്റ്റർ ദിനം രക്തപങ്കിലമാക്കി വൻ സ്ഫോടന പരമ്പര. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ക്രിസ്ത്യൻ പള്ളികളിലുൾപ്പെടെ നിരവധി സ്ഥലങ്ങളിലുണ്ടായ ബോംബ് സ്ഫോടനങ്ങളിൽ 138 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കാസർഗോഡ് സ്വദേശി പി.എസ് റസീനയും ഉൾപ്പെടുന്നു. മുന്നൂറിലേറെപ്പേർക്ക് പരിക്കേറ്റു. മൂന്ന് കത്തോലിക്ക പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. ഈസ്റ്റർ പ്രാർഥനയ്ക്കിടെ രാവിലെ ആയിരുന്നു പള്ളികളിലെ സ്ഫോടനം.
കൊളംബോയിലെ സെന്റ് ആന്റണീസ് ദേവാലയം, നെഗമ്പോയിലെ സെബാസ്റ്റ്യൻസ് ദേവാലയം, ബട്ടിക്കലോവയിലെ ദേവാലയം എന്നീ പള്ളികളിലായിരുന്നു സ്ഫോടനം നടന്നത്. സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിംസ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനമുണ്ടായി. ഒന്‍പതു വിദേശവിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച പ്രദേശിക സമയം രാവിലെ 8.45 ന് ആയിരുന്നു പള്ളികളിൽ സ്ഫോടനം റിപ്പോർട്ട് ചെയ്തത്. രണ്ടു പള്ളികളിൽ ഒന്നിലേറെ സ്ഫോടനം ഉണ്ടായതായും റിപ്പോർട്ട് ഉണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. സ്ഫോടനത്തിൽ ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും പ്രസിഡന്റ് മൈത്രിപാല സിരിസേനയും നടുക്കം രേഖപ്പെടുത്തി. ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ഷിബു മാത്യൂ
“നീതിയും സത്യവും എന്നാളും ഉയിര്‍ത്തെഴുന്നേല്‍ക്കും. അനുതപിക്കാതെ ദൈവമുമ്പാകെ നീതീകരണമില്ല. ലൗകീകത അല്‍മായരെപ്പോലെ തന്നെ വൈദീകരെയും ബിഷപ്പുമാരേയും ഒന്നുപോലെ വലയം ചെയ്തിരിക്കുന്നു. സഭയുടെ ആദ്ധ്യാത്മീക പരിശീലനത്തിന്റെ കുറവ് കൊണ്ടല്ല ഇത് സംഭവിക്കുന്നത്”. തുറന്നടിച്ച് അഭിവന്ദ്യ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മലയാളം യുകെ ന്യൂസിനോട്.
പീഠാനുഭവാഴ്ചയിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായി യുകെയിലെത്തിയ ഇടുക്കി ഭദ്രാസനം മെട്രോപ്പോളിറ്റന്‍ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മാഞ്ചെസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ച് മലയാളം യുകെ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
“സത്യത്തെ കുരിശില്‍ തറച്ചു. സത്യം ഉയര്‍ത്തെഴുന്നേറ്റു. നമുക്ക് തരുന്ന പ്രതീക്ഷയും അതുതന്നെയാണ്. ഈ നഗ്‌ന സത്യം വൈദീകരും സഭാനേതൃത്വവും ആഴത്തില്‍ മനസ്സിലാക്കണം. ലൗകീകമായ വലയത്തില്‍ നിന്നു ഇവര്‍ പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അസ്സമത്വത്തിലും അസ്സന്തുഷ്ടിയിലും പരസ്പരമുള്ള സ്‌നേഹ കൂട്ടായ്മയുടെ അഭാവത്തിലും ലോകം മുമ്പോട്ട് പോവുകയാണ്. അതവര്‍ മനസ്സിലാക്കാതെ പോകുന്നു. മലിനമായി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹങ്ങളുടെയും കുടുംബങ്ങളെയും മേല്‍ എന്ത് ഉത്തരവാദിത്വമാണ് ഇവര്‍ക്കുള്ളത്”?
അപ്പസ്‌തോലന്മാര്‍ ലോകത്തിനു നല്കിയ സന്ദേശം വെള്ളിയും പൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്കുള്ളത് നിനക്ക് തരുന്നു. ക്രൈസ്തവ സഭകളെല്ലാം തന്നെ സാമ്പത്തികമായി ശക്തമായ നിലയിലാണ്. ബിഷപ്പ്മാരും വൈദീകരും (എല്ലാവരുമില്ല) ഒരു പരിധിവരെ ലോകത്തോടുള്ള ലൗകീകമായ സമ്പത്തിനെ തേടിയുള്ള അന്വേഷണങ്ങള്‍, അത് നേടാനുള്ള വ്യഗ്രത ഇത് കത്തോലിക്കാ സമൂഹത്തില്‍ മാത്രമല്ല എല്ലാ സഭയിലും വൈദീക സമൂഹത്തിന്റെ അപചയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വേദനിപ്പിക്കുന്ന എത്രയെത്ര സംഭങ്ങളാണ് നിരന്തരം സഭകളില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. സഭയുടെ പേരുകള്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല.
കാലാകാലങ്ങളിലായിട്ടുണ്ടായിട്ടുള്ള സഭയുടെ ഓരോ പ്രശ്‌നങ്ങളിലും സഭാനേതൃത്വം എടുത്ത നിലപാടുകള്‍ ശരിയായിരുന്നോ എന്ന് ഓരോ സഭാ നേതൃത്വവും ചിന്തിക്കേണ്ടതുണ്ട്. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടനിലക്കാര്‍ ആവശ്യമില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു തുടങ്ങിയതും ഇതേ നിലപാട് കാരണമായിരുന്നില്ലേ?? സഭയുടെ നിലപാടുകള്‍ മൂലം വിശ്വാസികള്‍ വേറിട്ടൊരു ചിന്തയിലേക്ക് തിരിയാന്‍ പാടില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിക്കുന്നതും അതുതന്നെയാണ്. ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് ഭാരതത്തിലെ എല്ലാ സഭകളും കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതിന് മാറ്റം ഉണ്ടാവണം. ബഹുമാനപ്പെട്ട വൈദീക ഗണത്തിന്റെ ലളിതവും മാതൃകാപരവുമായ ജീവിതരീതിയും വിശ്വാസികള്‍ കണ്ടു പഠിക്കട്ടെ. മാറ്റം അവിടെ നിന്നാണ് തുടങ്ങേണ്ടത്.
ക്രൈസ്തവ സഭകള്‍ രാഷ്ട്രീയത്തിലിറങ്ങുന്ന പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പൗരന്റെ അവകാശത്തില്‍ സഭ കൈ കടത്താന്‍ പാടില്ല. ജോയിസ് ജോര്‍ജ്ജും ഡീന്‍ കുര്യാക്കോസും ഇടുക്കി ഭദ്രാസനത്തില്‍ എത്തിയിരുന്നു. ആഗ്രഹം അറിയിച്ച് അനുഗ്രഹം വാങ്ങിപ്പോയതിനപ്പുറം ഒന്നും അവിടെ സംഭവിച്ചില്ല. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ബിഷപ്പുമാര്‍ വേദിയൊരുക്കി കൊടുക്കുന്നത് എന്തുകൊണ്ട്? ഭാരതത്തിന്റെ ഭരണ സംവിധാനങ്ങള്‍ അത് എഴുതപ്പെട്ടതുപോലെ തന്നെ പോകട്ടെ. സഭയുടേത് വിശുദ്ധലിഖിതത്തില്‍ എഴുതപ്പെട്ടതു പോലെയും.
പൂര്‍വ്വികര്‍ ചെയ്തു പോയ വീഴ്ചകള്‍ ഈ സമൂഹം ക്ഷമിക്കണമേ എന്ന് പറയുവാനുള്ള ആര്‍ജ്ജത്വവും നല്ല മനസ്സാക്ഷിയില്‍ ക്രിസ്തുവിനെ തേടിയുള്ള നിരന്തരമായ അന്വേഷണവും കത്തോലിക്കാ സഭയുടെ പിതാവായ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ നടത്തിയിട്ടുണ്ട്. അതിനുള്ള അടുത്ത കാലത്തെ എറ്റവും വലിയ ഉദാഹരണമാണ് വംശീയ കലാപം നടക്കുന്ന സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ പാദം ചുംബിച്ചുകൊണ്ട് അനുരജ്ഞനത്തിന്റെ പാത നിങ്ങള്‍ തുടരണമെന്ന് ഫ്രാന്‍സീസ് പാപ്പാ അവരോട് അഭ്യര്‍ത്ഥിച്ചത്. ഇത് വളരെ വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പരിശുദ്ധ പിതാവ് നല്‍കുന്ന ഈ വലിയ സന്ദേശം വൈദീക ഗണം ഉള്‍ക്കൊള്ളണം. സ്വയം മാറ്റപ്പെടാത്തവര്‍ എന്തു സന്ദേശമാണ് സഭയ്ക്കും സമൂഹത്തിനും നല്കുന്നത്?
ഭാരതത്തിലുള്ള എല്ലാ സഭകളുടേയും വേരോട്ടം മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യത്തിനുണ്ട്. ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് ചര്‍ച്ചിന് യുകെയില്‍ ഒത്തിരി സാക്ഷ്യം വഹിക്കുവാനുണ്ട്. ബഹുമാനപ്പെട്ട ഹാപ്പി അച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന ആത്മീയ പ്രവര്‍ത്തനങ്ങളെ സഭയൊന്നടങ്കം പ്രത്യേകിച്ച് ഞാനും അതീവസന്തുഷ്ടനാണ്. യുവതലമുറയുടെ വളര്‍ച്ചയില്‍ അച്ചന്റെ സാന്നിധ്യം വിലമതിക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ്.
ഹൃദയപരമാര്‍ത്ഥതയുള്ളവരില്‍ യേശു ജീവിക്കുന്നു. ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതത്തിലേയ്ക്ക് നമ്മളെ നാം തിരിച്ചു കൊണ്ടുവരണം. നമ്മുടെ തലമുറകള്‍ നമ്മെ മാതൃകയാക്കാന്‍ തക്കവണ്ണം നമ്മള്‍ മാറണം. ഹൃദയത്തിലാണ് യേശു ആദ്യം ഉയിര്‍ക്കേണ്ടത്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും പുതുജീവന്‍ നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. യുകെയിലെ എല്ലാ നല്ലവരായ വിശ്വാസ സമൂഹത്തിനും ഈസ്റ്ററിന്റെ മംഗളങ്ങള്‍ നേരുന്നു.
ഷിബു മാത്യൂ
“ഓശാനയ്ക്ക് എന്തെങ്കിലും ഒരു വ്യത്യസ്തമായ ചിത്രമെടുക്കണം എന്ന ഒരു ചിന്ത എന്റെ മനസ്സില്‍ നേരത്തെതന്നെ ഉദിച്ചിരുന്നു. അതിരാവിലെ തന്നെ എണീറ്റ് റെഡിയായി അനൂപിന്റെയടുത്തു നിന്നു ക്യാമറയും വാങ്ങി നേരെ പള്ളിയിലേയ്ക്ക് പോയി. വെറുതേ സമയം കളഞ്ഞതൊഴിച്ചാല്‍ ആഗ്രഹിച്ചതു പോലെ ഒരു ഫ്രെയിമും കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് കൂട്ടുകാരായ രണ്ട് അമ്മച്ചിമാര്‍ നടന്ന് വരുന്നത് കണ്ടത്. അവരില്‍ ഒരാളുടെ കൈയ്യില്‍ രണ്ട് കുരുത്തോലയുണ്ട്. ഇവര്‍ പള്ളിയുടെ നടയിറങ്ങുന്നതിന് തൊട്ടുമുമ്പ് ‘നിനക്ക് രണ്ട് ഓല കിട്ടിയോടീ ?’ എന്ന ചോദ്യവും അതോടൊപ്പം അവരുടെ ഹൃദയത്തില്‍ നിന്ന് വന്ന നിഷ്‌ക്കളങ്കമായ ചിരിയും. അത് ഞാന്‍ ക്യാമറയില്‍ പകര്‍ത്തി. അവരത് അറിഞ്ഞില്ല! ഇതെല്ലാം സംഭവിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍. പറഞ്ഞറിയ്ക്കാന്‍ പറ്റാത്ത സന്തോഷമാണ് അപ്പോഴെനിക്കുണ്ടായത്”. ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന്റെ വാക്കുകളാണിത്.
ഓശാന ഞായറില്‍ ഒരു പുതുമ തേടിയ മലയാളം യുകെയുടെ മുന്നില്‍ ഈ ചിത്രം അതിരാവിലെ തന്നെയെത്തിയിരുന്നു. എന്റെ അതിരമ്പുഴയുടെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം നിമിഷനേരങ്ങള്‍ കൊണ്ട് വൈറലായി കൊണ്ടിരിക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു. ചിത്രത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ ഞങ്ങള്‍ ഓശാന ഞായറിന് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ സന്ദേശമായി ഈ ചിത്രം ലോകത്തിന് പരിചയപ്പെടുത്തി. ലോക മലയാളികള്‍ ഒന്നടങ്കം ആസ്വദിച്ച ഈ ചിത്രമെടുത്തയാളെ തേടുകയായിരുന്നു പിന്നീടുള്ള ഞങ്ങളുടെ ലക്ഷ്യം. പക്ഷേ, അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ഞങ്ങളുടെ പ്രിയ വായനക്കാര്‍ തന്നെ ഞങ്ങളെ സഹായിച്ചു.
ജിതിന്‍ ജെയിംസ് എന്ന ഞങ്ങള്‍ തേടിയ ഫോട്ടോഗ്രാഫര്‍.
കോട്ടയം ജില്ലയിലെ പ്രസിദ്ധമായ അതിരമ്പുഴ പള്ളി ഇടവകാംഗം. പുന്നയ്ക്കപള്ളി വീട്ടില്‍ ജെയിംസ് ജോസഫിന്റെയും ബിജി ജെയിംസിന്റെയും ഏകമകന്‍. ജിതിന് രണ്ട് സഹോദരിമാരുണ്ട്. ജിത്തുവും അമലയും. മാന്നാനം കെ ഇ കോളേജില്‍ നിന്നും ബിരുദമെടുത്ത ജിതിനിപ്പോള്‍ എറണാകുളം സി പി സുസുക്കിയില്‍ അക്കൗണ്ടന്റായി ജോലി നോക്കുന്നു. ഫോട്ടോഗ്രാഫിയുമായി യാതൊരു ബന്ധവുമില്ലാത്ത ജിതിന് പ്രചോദനമായത് കൂട്ടുകാരാണ്. ജോര്‍ജ്ജ്, അനൂപ്, ഈപ്പന്‍, കുരിയാപ്പി, വിമല്‍, ഫെലിക്‌സ് അങ്ങനെ കുറച്ചു പേര്‍. മൊബൈല്‍ ഫോണിലായിരുന്നു ഫോട്ടോ എടുത്ത് തുടങ്ങിയത്. പിന്നീട് കൂട്ടുകാരുടെ ക്യാമറ ഉപയോഗിച്ചു തുടങ്ങി. കെ. ഇ കോളേജിലെ എന്റെ കൂട്ടുകാരും അതിരമ്പുഴയിലെ എന്റെ സൗഹൃദവുമാണ് ഫോട്ടോഗ്രാഫി ഞാന്‍ ഇഷ്ടപ്പെടുവാന്‍ കാരണം. ജിതിന്‍ പറയുന്നു. കൂട്ടുകാരും പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറുമാരുമായ ജോബി, കണ്ണന്‍ എന്നിവരുടെ കൂടെ ലൈറ്റ് പിടിച്ച് അവരെ സഹായിക്കാന്‍ ജിതിന്‍ പോകാറുണ്ട്. അതാണ് ഫോട്ടോഗ്രാഫി പഠിക്കാനുള്ള ശരിയായിട്ടുള്ള അവസരമെന്ന് ജിതിന്‍ പറയുന്നത്. നേരില്‍ കണ്ടും കേട്ടും എല്ലാം മനസ്സിലാക്കാന്‍ സാധിക്കും.
അതിരമ്പുഴയ്ക്ക് ഒരു പാട് കാലഘട്ടങ്ങളുടെ കഥ പറയുവാനുണ്ട്. ചരിത്ര പ്രസിദ്ധമായ അതിരമ്പുഴ പള്ളി. പഴയ കെട്ടിടങ്ങളും പഴയ ജീവിതങ്ങളും. ഗ്രാമീണതയില്‍ നിന്നെത്തുന്ന അമ്മച്ചിമാരുടെ കൂട്ടായ്മ. അതിരമ്പുഴ ചന്ത. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഒത്തൊരുമയോടെ വ്യാപാരം നടത്തുന പഴയ സംസ്‌ക്കാരത്തിലുള്ള ടൗണ്‍. ഇതൊക്കെ ആകര്‍ഷകങ്ങളായ പല ചിത്രങ്ങള്‍ക്കും പശ്ചാത്തലമൊരുക്കും.
ഒരു നല്ല ഫോട്ടോഗ്രാഫര്‍ ആകണം എന്ന ആഗ്രഹം എനിക്കുണ്ട്. ഒപ്പം ഇപ്പോള്‍ ചെയ്യുന്ന ജോലി നിലനിര്‍ത്തുകയും വേണം. ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ ആകുന്നതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍ ഒന്നുമില്ല. സാധാരണ മാതാപിതാക്കള്‍ ആഗ്രഹിക്കാറുള്ളതുപോലെ എനിക്കും ഒരു ജോലി കിട്ടി ജീവിതം സുരക്ഷിതമാക്കണമെന്ന് അവരും ആഗ്രഹിക്കുന്നു.
എന്റെ അതിരമ്പുഴ എനിക്കെന്നും പ്രചോദനമാണ്. അതിരമ്പുഴ പള്ളിയും യുവദീപ്തിയും ഞങ്ങളുടെ വികാരിയച്ചനും കൊച്ചച്ചനും കപ്പൂച്ചിന്‍ സഭയിലെ ബ്രദേഴ്‌സുമൊക്കെ ഇതില്‍പ്പെടുന്നു. ഫേസ്ബുക്കിലെ christian trolls എന്ന ഗ്രൂപ്പിലും സജ്ജീവമാണ്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനവും എനിക്ക് തരുന്ന സപ്പോര്‍ട്ട് എടുത്ത് പറയേണ്ടതുണ്ട്.
സ്വന്തമായി ഒരു വാഹനം എനിക്കില്ല. നടക്കുന്നതിലാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അതാണ് കൂടുതല്‍ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ എനിക്ക് സാധിക്കുന്നതും. ഒരു കാഴ്ച കാണുമ്പോള്‍ അത് എന്റെ മൂന്നാം കണ്ണില്‍ ഒപ്പും. അതാണ് എന്റെ ശീലം. അതില്‍ ഒരു പാട് പ്രത്യേകതകളും ഉണ്ടാകും. ഈ ചിത്രവും അങ്ങനെ സംഭവിച്ചതാണ്. അതിരമ്പുഴ പള്ളിയില്‍ ഓശാന ഞായറാഴ്ചത്തെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയവരില്‍ വേഷവിധാനത്തില്‍ വേറിട്ടു നില്‍ക്കുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് എന്റെ മൂന്നാം കണ്ണില്‍ പെട്ടു. അത് ചിത്രമായി.
എല്ലാ കാഴ്ചകള്‍ക്കും ഒരു സൗന്ദര്യമുണ്ട്. നമ്മള്‍ അതിനെ കാണുന്നതിനെ അനുസരിച്ചിരിക്കും അതിന്റെ പ്രത്യേകതകള്‍. ഫോട്ടോ ജീവന്‍ തുടിയ്ക്കുന്നതാകണം. ഓശാന ഞായറാഴ്ചത്തെ ചിത്രത്തേക്കുറിച്ച് ഒരു പാട് പറയുവാന്‍ സാധിക്കും. ഒരു കാലഘട്ടം, നിഷ്‌കളങ്കതയുടെ പര്യായം, ഒരു സംസ്‌കാരം അങ്ങനെ പലതും. സോഷ്യല്‍ മീഡിയയില്‍ അടിക്കുറിപ്പുകള്‍ വരെ എഴുതിയ വരുമുണ്ട്. ജിതിന്‍ പറയുന്നു.
എന്നെ പ്രോത്സാഹിപ്പിക്കുന്നവരോട് നന്ദി മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂ…
കത്തോലിക്കാ സഭയുടെ ഒരു കാലഘട്ടം ഒരു ചിത്രത്തിലാക്കിയ ജിതിന്‍ പുന്നയ്ക്ക പള്ളിയ്ക്ക് മലയാളം യുകെയുടെ ആശംസകള്‍..
യു.കെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമത്തിന്റെ(IJS) വാര്‍ഷിക ചാരിറ്റിയുടെ ഭാഗമായി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്ന മൂന്ന് വയസുകാരനായ അശ്വിന് വീട് നിര്‍മ്മിക്കാനുള്ള തുക ഇടുക്കി ജില്ലാ സംഗമം യു.കെയുടെ കണ്‍വീനര്‍ ബാബു തോമസ്, ബെന്നി തോമസ്, എബ്രാഹം തോമസ് കളപ്പുരക്കല്‍, അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എല്‍ ബാബു, മെമ്പര്‍ വിജയമ്മ ജോസഫ്, ബി.ആര്‍.സിയിലെ സ്വപ്ന ടീച്ചര്‍, ജോഷി മണിമല, സിജോ എവറസ്റ്റ്, ബിജു കണിയാമ്പറമ്പില്‍, എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ട്രാക്റ്റര്‍ ശരത് ഷാജിക്ക് തുക കൈമാറുകയും, വീട് പണി തുടങ്ങുകയും ചെയ്തു.
യു.കെയിലുള്ള ഇടുക്കി ജില്ലക്കാരുടെ ഈ കൂട്ടായ്മക്കും, ഇതില്‍ പങ്കാളികള്‍ ആയവരെ പ്രത്യേകം അഭിനന്ദിക്കുകയും ഈ കൂട്ടായ്മ നമ്മുടെ നാടിനു നല്ല മാതൃകയാകട്ടെയെന്ന് പഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രതിനിധികളും ആശംസിക്കുകയും ചെയ്തു.
ഈ വര്‍ഷത്തെ ക്രിസ്തുമസ് ചാരിറ്റി വഴി 6005 പൗണ്ട് (550000 രുപാ) സമാഹരിക്കാന്‍ ഇടുക്കി ജില്ലാ സംഗമത്തിന് സാധിച്ചു. അതില്‍ ഒരു ലക്ഷം രൂപാ വീതം മുരളീധരനും, ശിവദാസ് തേനനും കൈമാറിയിരുന്നു. 350000 രൂപ അശ്വിനും കൈമാറി. ഇടുക്കി ജില്ലാ സംഗമമാണ് അശ്വിന്റെ വീട് പണിത് നല്‍കുന്നത്. തങ്ങളുടെ ജന്മാനാടിനെ കുറിച്ചോര്‍ത്ത് നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്നേഹികള്‍ക്കും, ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണിത്.
നിങ്ങള്‍ നല്‍കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയുടെ വിജയവും, ശക്തിയും. ചാരിറ്റി കളക്ഷനില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഇടുക്കി ജില്ലാസംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു.
ഈ വര്‍ഷത്തെ നമ്മുടെ ചാരിറ്റി കളക്ഷന്‍ വന്‍ വിജയകരമാക്കുവാന്‍ സഹകരിച്ച യു.കെയിലുള്ള മുഴുവന്‍ മനുഷ്യ സ്നേഹികള്‍ക്കും, ചാരിറ്റിയുടെ വിശദവിവരങ്ങള്‍ ജനങ്ങളില്‍ എത്തിച്ച എല്ലാ ഓണ്‍ലൈന്‍ മാധ്യമത്തിനും, ഞങ്ങളോട് ഒപ്പം സഹകരിച്ച ഏവര്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.
മെയ് 4ന് ബര്‍മിംങ്ങ്ഹാമില്‍ വെച്ച് നടക്കുന്ന 8-ാമത് ഇടുക്കി ജില്ലാ സംഗമത്തിന് എല്ലാ ഇടുക്കി ജില്ലക്കാരയും ഹാര്‍ദവമായി ക്ഷണിക്കുന്നതായി കണ്‍വീനര്‍ ബാബു തോമസ് തോമസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: O7730883823.
മലയാളം യുകെ ന്യൂസ് എഡിറ്റോറിയൽ
ആധുനിക ലോകത്തിന്റെ സ്പന്ദനങ്ങൾ വിശ്വാസ്യതയോടെ ജനങ്ങളിലെത്തിക്കുന്ന മലയാളം യുകെ ഓൺലൈൻ ന്യൂസ് പ്രസിദ്ധീകരണമാരംഭിച്ചിട്ട് ഇന്ന് നാല് വർഷം പൂർത്തിയാവുന്നു. എളിയ രീതിയിൽ പ്രവർത്തനമാരംഭിച്ച മലയാളം യുകെയ്ക്ക് പൂർണ പിന്തുണ നല്കിയ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാരോട് മലയാളം യുകെ ന്യൂസ് ടീമിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
പ്രവാസികളുടെ മനസിന്റെ പ്രതിബിംബമായി, ശ്രദ്ധേയമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തോട് നേരിട്ട് സംവദിക്കുന്ന ഓൺലൈൻ ന്യൂസിന് വായനക്കാർ നല്കിയത് അഭൂതപൂർവ്വമായ പിന്തുണയാണ്. ബഹുമാനപ്പെട്ട വായനക്കാരും അഭ്യുദയകാംക്ഷികളും നല്കിയ നിർദ്ദേശങ്ങളും വിമർശനങ്ങളും പടിപടിയായ വളർച്ചയ്ക്ക് മലയാളം യുകെ ന്യൂസിനെ സഹായിച്ചു.
കേരള ജനത മഹാപ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ അവർക്ക് പിന്തുണ നല്കാനും സഹായമെത്തിക്കാനുള്ള സംരംഭങ്ങളിൽ ഭാഗഭാക്കാകുവാൻ മലയാളം യുകെയ്ക്ക് കഴിഞ്ഞു. ഐഇഎൽടിഎസിന് വേണ്ടത്ര സ്കോർ ലഭിക്കാത്തതിനാൽ എൻഎംസി രജിസ്ട്രേഷൻ ലഭിക്കാതെ കെയറർ പോസ്റ്റുകളിൽ യുകെയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന, ഇന്ത്യയിൽ ക്വാളിഫൈ ചെയ്ത നഴ്സുമാരുടെ കാര്യത്തിൽ അനുഭാവ പൂർണമായ നടപടി അഭ്യർത്ഥിച്ച് അധികാരികളെ സമീപിക്കാനുള്ള പ്രവർത്തനങ്ങളിൽ മലയാളം യുകെ പൂർണമായ പിന്തുണ നല്കുന്നുണ്ട്. യുകെയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച മലയാളം യുകെ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വായനക്കാരുള്ള ഓൺലൈൻ പോർട്ടലായി മാറിക്കഴിഞ്ഞിരിക്കുന്നു. സംഘടനകളും വ്യക്തികളും നടത്തിയ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നല്കാനും നിരവധി പ്രതിഭകളെ ലോകത്തിനു പരിചയപ്പെടുത്താനും മലയാളം യുകെയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ജനങ്ങളോടൊപ്പം… സമൂഹത്തിനു വേണ്ടി … ജനതയുടെ നന്മക്കായി.. സാമൂഹിക പ്രതിബദ്ധതയോടെ… സാമൂഹ്യ നീതിക്കുവേണ്ടി നിരന്തരം ശബ്ദമുയർത്തുന്ന… സാധാരണക്കാരന്റെ ശബ്ദമായി മാറിയ മലയാളം യുകെ, എന്നും നീതിയ്ക്കായി നിലകൊണ്ടു. കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും തങ്ങളുടെ ആശയങ്ങളും അഭിലാഷങ്ങളും ന്യൂസിലൂടെ പങ്കുവെയ്ക്കുവാൻ മലയാളം യുകെ ഓൺലൈൻ അവസരങ്ങൾ ഒരുക്കി വരുന്നു. വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി പംക്തികളും സമൂഹത്തിന്റെ നേർക്കാഴ്ചയായ വാർത്തകളും ഉത്തരവാദിത്വത്തോടെ പ്രസിദ്ധീകരിക്കുക എന്ന ദൗത്യമാണ് മലയാളം യുകെ നടപ്പിലാക്കുന്നത്.
ജനാധിപത്യത്തിന് സർവ്വ പിന്തുണയും നല്കിക്കൊണ്ട് എല്ലാ സംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ജനതയുടെ മനസറിഞ്ഞ് സമൂഹത്തിൽ വികസനത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെയും പുതുനാളങ്ങൾക്ക് ജീവൻ നല്കുന്ന ആധുനിക ഓൺലൈൻ മാദ്ധ്യമമായി പ്രവർത്തിയ്ക്കുവാൻ മലയാളം യുകെ ന്യൂസ് ടീം പ്രതിജ്ഞാബദ്ധമാണ്. സ്വതന്ത്രമായ പത്രപ്രവർത്തനത്തിലൂടെ സമൂഹത്തിനാവശ്യമായ നന്മയെ പ്രോത്സാഹിപ്പിക്കുക എന്ന മനോഭാവമാണ് മലയാളം യുകെ എന്നും സ്വീകരിച്ചു വരുന്നത്.
വ്യക്തമായ നയപരിപാടികളുടെ അടിസ്ഥാനത്തിൽ സത്യസന്ധതയോടെയും കാർക്കശ്യത്തോടെയും സമൂഹത്തിലെ ചൂഷണങ്ങൾക്കെതിരെയും അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും പ്രതികരിക്കാൻ മലയാളം യുകെ ന്യൂസ് എന്നും സമൂഹത്തോടൊപ്പം ഉണ്ടാവും. മലയാളത്തെയും കേരള സംസ്കാരത്തെയും സ്നേഹിക്കുന്ന കുടിയേറ്റക്കാരായ മലയാളികൾക്കും അവരുടെ ഭാവി തലമുറയ്ക്കും സ്വന്തം സംസ്കാരവും ആഘോഷങ്ങളും പാരമ്പര്യങ്ങളും തുടർന്നു പോകുവാനുള്ള അവസരങ്ങൾ ഒരുക്കാൻ മലയാളം യുകെ എന്നും മുൻകൈയെടുക്കും.
ബ്രിട്ടീഷ് ജനത ബ്രെക്സിറ്റിനായി ഒരുങ്ങുമ്പോൾ… ഇന്ത്യ, ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലൂടെ തങ്ങളുടെ ഭരണകൂടത്തെ തെരഞ്ഞെടുക്കുന്ന ഈ വേളയിൽ… നേർവഴിയിൽ… ജനങ്ങളുടെ വിശ്വാസമാർജിച്ച്.. ജനങ്ങളോടൊപ്പം.. വായനക്കാർക്കൊപ്പം .. ലക്ഷ്യബോധത്തോടെ മുന്നേറുന്ന മലയാളം യുകെ ന്യൂസിന് എല്ലാ പ്രിയ വായനക്കാരുടെയും പിന്തുണ തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
നന്ദിയോടെ
ബിനോയി ജോസഫ്, എഡിറ്റർ, മലയാളം യുകെ.