ന്യൂസ് ഡെസ്ക്
ഐൽ ഓഫ് വൈറ്റിലെ ന്യൂപോർട്ടിൽ ഡബിൾ ഡെക്കർ ബസും രണ്ടു കാറുകളും കൂട്ടിയിടിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അറുപത് വയസോളം പ്രായമുള്ള സ്ത്രീയാണ് മരണമടഞ്ഞത്. പരിക്കേറ്റ 19 പേർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. നാല് പേരെ എയർ ലിഫ്റ്റു ചെയ്താണ് ഹോസ്പിറ്റലിൽ എത്തിച്ചത്.
റെഡ് ഫിയറ്റ് ബ്രാവോ കാറിലുണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്. അതിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരിക്കുണ്ട്. നാല് പേർ യാത്ര ചെയ്തിരുന്ന സിൽവർ മിനി കൂപ്പറും അപകടത്തിൽ പെട്ടു. ബസ് ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
യു.കെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം(IJS) കഴിഞ്ഞ ഏട്ടു വര്‍ഷമായി ക്രിസ്മസ്, ന്യൂ-ഇയറിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ചാരിറ്റി നടത്തി വരുന്നു. ഈ വര്‍ഷത്തെ ചാരിറ്റി വഴി 6005പൗണ്ട് സമാഹരിക്കാന്‍ സാധിച്ചു. ഇടുക്കി ജില്ലാ സംഗമം യു.കെയുടെ ചാരിറ്റി തുക തൊടുപുഴയില്‍, മണക്കാട് ഉള്ള മുരളിധരനും കുടുംബത്തിനും കൈമാറി.
അതോടൊപ്പം തൊടുപുഴയില്‍, കൂവകണ്ടത്തുള്ള ശിവദാസ് തേനന് സ്വന്തമായിട്ട് ഒരു ഭവനം ഇല്ല. ഷീറ്റ് വലിച്ച് കെട്ടിയ ഒരു ഒറ്റമുറിയില്‍ മാതാപിതാക്കള്ളും, സഹോദരങ്ങളും അടങ്ങിയ അഞ്ച് പേര്‍ ഈ ഒറ്റമുറിയിലാണ് താമസിക്കുന്നത്. ശിവദാസനും, സഹോദരങ്ങള്‍ക്കുമായി സ്വന്തമായി ഒരു ഭവനം പണിത് കൊടുക്കുന്നതിനായി ആദ്യഘട്ടമായി ഒരു ലക്ഷം രൂപാ കൈമാറുകയും ചെയ്തു. ശിവദാസന് ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ വീട് പണിതുടങ്ങി കഴിഞ്ഞു.
ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ ബാബു തോമസ്, ജോയിന്റ് കണ്‍വീനര്‍ സിജോ വേലംകുന്നേല്‍, റിട്ടേര്‍ട് പഞ്ചായത്ത് സെക്രട്ടറി ബാലഗോപാല്‍ സര്‍, വെഹിക്കിള്‍ ഇന്‍പക്ടര്‍ സുരേഷ് കുമാര്‍, കണ്‍വീനറുടെ സഹോദരന്‍ ബെന്നി തോമസ് മറ്റ് അയല്‍വാസികള്‍ ഇവരുടെ നേതൃത്വത്തില്‍ തുക കൈമാറി.
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ മണക്കാട് ഉള്ള മുരളിധരന്റ വീടുപണി പുരോഗമിക്കുന്നു. അതോടൊപ്പം നല്ലവരായ നാട്ടുകാരും മുരളിധരനെ സഹായിക്കുവാന്‍ സന്മനസുമായി മുന്നോട്ട് വന്നിട്ടുണ്ട്. മുരളീധരനും കുടുംബത്തിനും ഒരു വീടെന്ന ആഗ്രഹമാണ് സാധ്യമാകുന്നത്. ഈ രണ്ട് കുടുംബങ്ങള്‍ക്കും സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാല്‍കരിക്കുവാന്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റിയില്‍ സഹകരിച്ച എല്ലാ സ്‌നേഹ മനസുകള്‍ക്കും ഇടുക്കി ജില്ലാ സംഗമം യുകെയുടെ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു.
തുടര്‍ന്നും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങളുടെ സഹായ സഹകരണങ്ങള്‍ ആവശ്യമാണ്.
എട്ടാമത് ഇടുക്കി ജില്ലാ സംഗമം മെയ് 4ന് ബര്‍മിംഹ്ഹാമില്‍ വെച്ച് നടത്തപ്പെടുന്നു. ഈ സ്‌നേഹ കൂട്ടായ്മയിലേക്ക് എല്ലാ സ്‌നേഹ മനസുകളെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ഇടുക്കി ജില്ലാ സംഗമം കമ്മറ്റിക്ക് വേണ്ടി കണ്‍വീനര്‍ ബാബു തോമസ് അറിയിച്ചു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയടക്കമുള്ള ഇരുപത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെയും, മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ്സിന്റെയും സഖ്യ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. കെഎംസിസി, പ്രവാസി കേരളാ കോണ്‍ഗ്രസ്, ഗ്ലോബല്‍ ഇന്ത്യന്‍ ഫോറം പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിമുതല്‍ ലണ്ടന്‍ മാനോര്‍ പാര്‍ക്കിലെ കേരളാ ഹൗസില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. ഭാരതത്തില്‍ വളര്‍ന്നു വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിനും, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഒരു മതേതരത്വ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനും വേണ്ടി ശക്തമായ ക്യാമ്പയിന്‍ നടത്താന്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ തീരുമാനമെടുത്തു. കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ഫേസ്ബുക് വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.
കേരളത്തിലെ ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളെയും യുഡിഎഫ് സ്ഥാനാര്‍ഥികളെയും പരിചയപ്പെടുത്തികൊണ്ട് വിവിധ സംഘടനാ നേതാക്കള്‍ സംസാരിച്ചു. ഒഐസിസി ലണ്ടന്‍ റീജിണല്‍ ചെയര്‍മാന്‍ ടോണി ചെറിയാന്‍ സദസ്സിന് സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ ജെയ്‌സണ്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു, ഒഐസിസി നേതാക്കളായ ഗിരി മാധവന്‍, തോമസ് പുളിക്കന്‍, അനു ജോസഫ്, എബി സെബാസ്റ്റ്യന്‍, ഡോ: ജോഷി ജോസ്,നിഹാസ് റാവുത്തര്‍ കുമാര്‍ സുരേന്ദ്രന്‍, പ്രസാദ് കൊച്ചുവിള,ബിജു ഗോപിനാഥ്,ജൂസാ മരിയ,നജീബ് രാജ , എബ്രഹാം വാഴൂര്‍, ജോസഫ് കൊച്ചുപുരയ്ക്കല്‍, ശാരിക അമ്പിളി, ആയിഷ ലാറ, ഗ്ലോബല്‍ ഇന്ത്യന്‍ ഫോറം പ്രതിനിധി ഡോ : മനീഷാ ജാനിഷ്, കെഎംസിസി പ്രതിനിധികളായ സഫീര്‍ എന്‍.കെ, മുനീര്‍, ജുനൈദ്, പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രതിനിധി തോമസ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒഐസിസി പ്രതിനിധി ജിജി വര്‍ഗീസ് സമ്മേളനത്തിന് നന്ദി പറഞ്ഞു
ഗ്ലാസ്ഗോ: ഓര്‍മ്മയുടെ തീരങ്ങളിലേക്ക് പോയ തൊഴില്‍ മേഖലയിലും എഴുത്തുലോകത്തും അടിയുറച്ച് നിന്ന ബാബു പോളിനെ ലണ്ടന്‍ മലയാളി കൗണ്‍സില്‍ അനുസ്മരിച്ചു. വേദ സാഹിത്യ ശാസ്ത്ര രംഗത്ത് ബാബു പോള്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനാണ് ‘വേദശബ്ദ രന്താകര’ എന്ന കൃതി. ധാരാളം പുരസ്‌കാരങ്ങള്‍ ഈ കൃതി വാരിക്കൂട്ടി. സ്വന്തം നിലനില്‍പ്പിനായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ മേലാളന്മാരുടെ താളത്തിന് തുള്ളി നില്‍ക്കുമ്പോള്‍ ബാബു പോളിന് അവരില്‍ നിന്ന് ലഭിച്ചത് ധര്‍മ്മികരോഷമാണ്.
രാഷ്ട്രീയക്കാര്‍ വികസിപ്പിച്ചെടുത്ത അഴിമതി പുരണ്ട വെടിയുണ്ടകള്‍ ബാബുപോളിന്റ മുന്നിലെത്തുമ്പോള്‍ നിര്‍ജ്ജീവമാകുക മേലാളന്മാരെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. വേട്ടക്കാര്‍ തോക്കുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ യാത്രാര്‍ഥ്യങ്ങളില്‍ നിന്നും ബാബു പോള്‍ ഒളിച്ചോടിയില്ല. ഭയന്ന് വിറച്ചില്ല. ഐ.എ.എസ് തൊഴില്‍ രംഗത്ത് ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെട്ട, പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനായ ബാബുപോള്‍ വേട്ടക്കാരുടെ മുന്നിലെ വലിയേട്ടനായിരുന്നുവെന്ന് കാരൂര്‍ സോമന്‍ അനുശോചന സന്ദേശത്തിലറിയിച്ചു.
അദ്ദേഹത്തിന്റ ‘കഥ ഇതുവരെ’ എന്ന ആത്മ കഥ ഐ,എ.എസ് രംഗത്തേക്ക് കടന്നു വരുന്നവര്‍ക്ക് ശുദ്ധിയും അശുദ്ധിയും തിരിച്ചറിയാനുള്ള ഒരു വഴിവിളക്കും ഉള്‍ക്കരത്തുമാണ് നല്‍കുന്നത്. ഭരണ രംഗത്ത് തിളങ്ങിയ ബാബുപോള്‍ സാഹിത്യ ലോകത്തിന് വലിയ ശൂന്യത ഉണ്ടാക്കിയെന്ന് എല്‍.എം.സി പ്രസിഡന്റ് സണ്ണി പത്തനംതിട്ട അഭിപ്രായപ്പെട്ടു. സെക്രട്ടറി ശശി ചെറായി അനുശോചനം രേഖപ്പെടുത്തി.
ന്യൂസ് ഡെസ്ക്
ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.
രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത് ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.
ഓശാന ഞായര്‍ മുതലുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ, പെസഹ വ്യാഴാഴ്ച ആചരണത്തില്‍ അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.
ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.
ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 15-3ം മത് വാര്‍ഷിക പൊതുയോഗം ആഷ്‌ഫോര്‍ഡ് സൈമണ്‍സ് ഹാളില്‍ വെച്ച് പ്രസിഡന്റ് ജെസ്റ്റിന്‍ ജോസഫിന്റെ അധ്യക്ഷതയില്‍ നടന്നു. ജോയിന്റ് സെക്രട്ടറി സിജോ ജെയിംസ് യോഗത്തിന് സ്വാഗതം ആശംസിച്ചു. ശേഷം സെക്രട്ടറി ട്രീസാ സുബിന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറര്‍ ജെറി ജോസഫ് വാര്‍ഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2019-20 വര്‍ഷത്തെ ഭാരവാഹികളായി സജി കുമാര്‍ ഗോപാലന്‍ (പ്രസിഡന്റ്), ആന്‍സി സാം (വൈസ്-പ്രസിഡന്റ്), ജോജി കോട്ടക്കല്‍ (സെക്രട്ടറി), സുബിന്‍ തോമസ് (ജോയിന്റ് സെക്രട്ടറി), ജോസ് കാനൂക്കാടന്‍ (ട്രഷറര്‍), ഇവര്‍ക്കൊപ്പം ബൈജു ജോസഫ്, ലിജു മാത്യു, ഡോ. രിതേഷ്, രാജീവ് തോമസ്, സോനു സിറിയക്, ജോണ്‍സണ്‍ മാത്യൂസ്, സിജോ ജെയിംസ്, ജെസ്റ്റിന്‍ ജോസഫ്, ജെറി ജോസ്, മോളി ജോളി, സാമ്യ ജിബി, വിനീത മാര്‍ക്വിസ്, ലിന്‍സി അജിത് എന്നിവരെ കമ്മറ്റിയംഗങ്ങളായി ഏകക്ണ്ഠമായി തെരെഞ്ഞെടുത്തു.
തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനത്തില്‍ പുതിയ ഉണര്‍വ്വോടെ, കരുത്തോടെ, പതിനഞ്ചാം വയസിലേക്ക് കാല്‍വെക്കുന്ന ഈ വേളയില്‍ പുതിയ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന്, നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് സജികുമാകര്‍ ഗോപാലന്‍ അഭ്യര്‍ത്ഥിച്ചു.
2018-19 ലെ എല്ലാ പരിപാടികള്‍ക്കും സമയ കിപ്ല്തത പാലിച്ചതുപോലെ ഈ ഈ വര്‍ശവും എല്ലാവരും സമയക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി ജോജി കോട്ടക്കല്‍ എല്ലാ അംഗങ്ങളെയും ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തി. ജോസ് കാനൂക്കാടന്‍ സദസിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് യോഗം അവസാനിപ്പിച്ചു. കേരളാ ബിറ്റ്‌സിന്റെ ശ്രാവണാനന്ദകരമായ ഗാനമേളയും വിഭസമൃദ്ധമായ ഭക്ഷണവും ഭാരവാഹികള്‍ സംഘടിപ്പിച്ചിരുന്നു.
ബിനോയി ജോസഫ്
ആ പ്രിയ നേതാവ് പാലായെ സ്നേഹിച്ചു. ആ നഗരം സ്വന്തം നേതാവിനെ കൈവെള്ളയിൽ പരിപാലിച്ചു. പ്രിയ നേതാവിന്റെ വേർപാടിൽ പാലാ തേങ്ങി. പാലായെയും പാലാക്കാരെയും ഏറെ സ്നേഹത്തോടെ സേവിച്ച മാണിസാർ അന്ത്യ വിടയ്ക്കായി നഗരവീഥിയിലൂടെ വഹിക്കപ്പെട്ടു. പാലായിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. നിറകണ്ണുകളോടെ തങ്ങളുടെ പ്രിയ നേതാവിനെ യാത്രയയയ്ക്കുവാൻ മലബാറടക്കമുള്ള മലയോര മേഖലകളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തിയത്.
മാണി സാറിന്റെ പാലായിലെ വസതിയിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ തങ്ങളുടെ നേതാവിനൊപ്പം ആയിരങ്ങളാണ് അണിചേർന്നത്. ഒരു പുഞ്ചിരിയോടെ തന്റെ വസതിയിൽ ഏവരെയും സ്വീകരിച്ചിരുന്ന മാണിസാർ അവസാന യാത്രയ്ക്കായി പുറപ്പെട്ടപ്പോൾ ദു:ഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞവർ നിരവധിയായിരുന്നു.
“മാണിസാർ മരിക്കുന്നില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ”.. എന്ന മുദ്രാവാക്യവുമായി നൂറുകണക്കിനു പേർ മാണി സാറിന്റെ ശവമഞ്ചത്തിന് അകമ്പടി സേവിച്ചു. അര നൂറ്റാണ്ട് കാലം താൻ പടുത്തുയർത്തിയ നഗരത്തിന്റെ വിരിമാറിലൂടെ വഹിക്കപ്പെട്ട് അന്ത്യവിശ്രമസ്ഥാനമായ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വിലാപയാത്ര എത്തിച്ചേർന്നു.
രാഷ്ട്രീയ രംഗത്തെ നൂറു കണക്കിന് പ്രമുഖരും നിരവധി ബിഷപ്പുമാരും വൈദികരും സന്യസ്തരും ഇടവക ജനങ്ങളും മാണിസാറിനെ ജീവനുതുല്യം സ്നേഹിച്ച ആയിരങ്ങളും കത്തീഡ്രലിന്റെ അങ്കണത്തിൽ ആദരവോടെ കാത്തു നിന്നു. ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം കേരളം കണ്ട രാഷ്ട്രീയ ഇതിഹാസത്തിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിടവാങ്ങൽ നൽകി.
മാണി സാറിനൊപ്പം ഊണിലും ഉറക്കത്തിലും സന്തത സഹചാരികളായി പ്രവർത്തിച്ചിരുന്ന നിരവധി കേരളാ കോൺഗ്രസ് പ്രവർത്തകർ ഹൃദയവേദനയിൽ നുറുങ്ങുമ്പോൾ കേരള കോൺഗ്രസിന്റെ പതാക മൃതശരീരത്തിൽ അണിയിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അന്ത്യചുംബനത്താൽ തങ്ങളുടെ കുടുംബനാഥന് വിട നല്കി. പാലാക്കാരുടെ സ്നേഹമറിഞ്ഞ് പാലായുടെ മാണിക്യം പാലായുടെ മണ്ണിൽ അടക്കപ്പെട്ടു. ഒരു യുഗത്തിന്റെ അന്ത്യം.. അതെ മാണി സാർ ഇനി ഓർമ്മകളിൽ മാത്രം.
മലയാളം യുകെ എഡിറ്റോറിയൽ
കേരള രാഷ്ട്രീയത്തിൽ എന്നും വിജയക്കൊടി പാറിച്ച അതികായൻ വിടപറഞ്ഞു. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞു നിന്ന അസാമാന്യ പ്രതിഭയായിരുന്നു കെ എം മാണി. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം മുന്നോട്ട് വച്ചു കൊണ്ട് പ്രാദേശിക പാർട്ടികൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ അതിപ്രധാനമായ സ്ഥാനമുണ്ടെന്ന് ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹം.
54 വർഷം തുടർച്ചയായി എം എൽ എ പദവിയിൽ അദ്ദേഹം തുടർന്നു. പാലാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ഇന്നുവരെ അതിന്റെ നിയമസഭാ പ്രതിനിധി കെ എം മാണിയായിരുന്നു. 13 തവണയാണ് പാലാ മണ്ഡലം കെ എം മാണിയെ നിയമസഭയിലേക്ക് അയച്ചത്. 25 വർഷക്കാലം അദ്ദേഹം മന്ത്രിയായിരുന്നു. ധനകാര്യ മന്ത്രി എന്ന നിലയിൽ അവതരിപ്പിച്ചത് 13 ബഡ്ജറ്റുകൾ. ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും ഒരു നിഘണ്ടുവായിരുന്നു കെഎം മാണി.
അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം. ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യൻ. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും നിയമവിദഗ്ദൻ എന്ന നിലയിലും എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയായിരുന്നു കെ.എം മാണി. വസ്തുതകൾ പഠിച്ച് നിയമങ്ങൾ നൂലിഴ കീറി വിശകലനം ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. ധനകാര്യത്തിനു പുറമേ ആഭ്യന്തരം, വൈദ്യുതി, റവന്യൂ, ജലസേചനം, നിയമം എന്നീ വകുപ്പുകളും മാണി കൈകാര്യം ചെയ്തു. ഇടത് വലത് മന്ത്രിസഭകളിൽ കെ എം മാണി നിരവധി തവണ വിവിധ മുഖ്യമന്ത്രിമാരോടൊത്ത് മികച്ച ഭരണം കാഴ്ചവച്ചു.
വെളിച്ച വിപ്ളവവും കർഷകത്തൊഴിലാളി പെൻഷനും താലൂക്ക് അദാലത്തും കാരുണ്യ പദ്ധതിയുമടക്കം നിരവധി നൂതന ആശയങ്ങളായിരുന്നു അദ്ദേഹം കേരളത്തിന്റെ പൊതു സമൂഹത്തിന് സമ്മാനിച്ചത്. പാലാക്കാർ സ്നേഹപൂർവ്വം മാണിസാർ എന്നു വിളിച്ച ആ മഹാ വ്യക്തിത്വത്തിന് മത രാഷ്ട്രീയ രംഗങ്ങളിൽ വൻ സുഹൃദ് വലയമാണ് ഉണ്ടായിരുന്നത്. യുകെയിൽ കെ എം മാണിയുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നിരവധി പേർ മലയാളി സമൂഹത്തിലുണ്ട്. പ്രിയ നേതാവിന്റെ വേർപാടിൽ ദു:ഖാർത്തരായി സോഷ്യൽ മീഡിയയിലൂടെ മാണി സാറിന്റെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് യുകെ മലയാളികൾ.
കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കാരുണ്യസ്പർശം നിറഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്.
കേരള രാഷ്ട്രീയത്തിൽ ഒരു വൻ പ്രസ്ഥാനമായി നിറഞ്ഞു നിന്ന ബഹുമാനപ്പെട്ട കെ എം മാണിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസ് അനുശോചനം രേഖപ്പെടുത്തുകയും ആ സ്മരണകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു.
ബിനോയി ജോസഫ്
അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ
ന്യൂസ് ഡെസ്ക്
മാണിസാറിന് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ പ്രാർത്ഥനഞ്ജലി അർപ്പിച്ചു. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഇന്നലെ വൈകുന്നേരം പ്രസ്റ്റൺ കത്തീഡ്രലിൽ പ്രത്യേക അനുസ്മരണാശുശ്രൂഷ നടത്തി. കെ എം മാണിയുമായി വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ.
“മാണിസാറിനെ 20 വർഷത്തോളമായി അടുത്തറിയാം. കുടുംബപരമായും ബന്ധുക്കളാണ്. അതിലുപരി അടുത്ത വ്യക്തി ബന്ധവുമുണ്ട്. സഭയുടെ പ്രവർത്തനങ്ങളിൽ എന്നും പൂർണ പിന്തുണ നല്കിയിരുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രവർത്തനങ്ങളെ മാണിസാർ അടുത്തറിയുകയും നിർദ്ദേശങ്ങൾ നല്കുകയും ചെയ്തിരുന്നു”. അഭിവന്ദ്യ പിതാവ് കുർബാനയ്ക്ക് ആമുഖമായി അനുസ്മരിച്ചു. മാണി സാറിന്റെ വേർപാട് കത്തോലിക്കാ സഭയ്ക്ക് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്
കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര പുരോഗമിക്കുന്നു. കേരള രാഷ്ട്രീയത്തിലെ അതികായൻ കെ.എം മാണിയുടെ അന്ത്യയാത്ര കോട്ടയത്തേക്ക് നീങ്ങുകയാണ്. എറണാകുളത്ത് നിന്ന് പുറപ്പെട്ട് 11 മണിക്കൂർ കഴിഞ്ഞപ്പോൾ വിലാപയാത്ര ഏറ്റുമാനൂരിൽ എത്തി.
വൻ ജനാവലിയാണ് തിരുനക്കര മൈതാനത്ത് പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്നത്. വിലാപയാത്ര കടന്നുപോകുന്ന വഴിയിലുടനീളം കൈയിൽ പൂക്കളുമായി ജനം കാത്തുനിൽക്കുകയാണ്. എല്ലാവർക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയാണ് വിലാപയാത്ര നീങ്ങുന്നത്. ഇതുമൂലം വിലാപയാത്ര ഇനിയും മണിക്കൂറുകൾ വൈകുമെന്നാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തുരുത്തിയിൽ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
കോട്ടയം തിരുനക്കര മൈതാനത്ത് കെ.എം മാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രിമാരായ കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ അടക്കമുള്ള നേതാക്കൾ എത്തിയിട്ടുണ്ട്.