Uncategorized

ബിനോയി ജോസഫ്

ആ പ്രിയ നേതാവ് പാലായെ സ്നേഹിച്ചു. ആ നഗരം സ്വന്തം നേതാവിനെ കൈവെള്ളയിൽ പരിപാലിച്ചു. പ്രിയ നേതാവിന്റെ വേർപാടിൽ പാലാ തേങ്ങി. പാലായെയും പാലാക്കാരെയും ഏറെ സ്നേഹത്തോടെ സേവിച്ച മാണിസാർ അന്ത്യ വിടയ്ക്കായി നഗരവീഥിയിലൂടെ വഹിക്കപ്പെട്ടു. പാലായിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. നിറകണ്ണുകളോടെ തങ്ങളുടെ പ്രിയ നേതാവിനെ യാത്രയയയ്ക്കുവാൻ മലബാറടക്കമുള്ള മലയോര മേഖലകളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തിയത്.

മാണി സാറിന്റെ പാലായിലെ വസതിയിൽ നിന്നാരംഭിച്ച വിലാപയാത്രയിൽ തങ്ങളുടെ നേതാവിനൊപ്പം ആയിരങ്ങളാണ് അണിചേർന്നത്. ഒരു പുഞ്ചിരിയോടെ തന്റെ വസതിയിൽ ഏവരെയും സ്വീകരിച്ചിരുന്ന മാണിസാർ അവസാന യാത്രയ്ക്കായി പുറപ്പെട്ടപ്പോൾ ദു:ഖം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞവർ നിരവധിയായിരുന്നു.

“മാണിസാർ മരിക്കുന്നില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ”.. എന്ന മുദ്രാവാക്യവുമായി നൂറുകണക്കിനു പേർ മാണി സാറിന്റെ ശവമഞ്ചത്തിന് അകമ്പടി സേവിച്ചു. അര നൂറ്റാണ്ട് കാലം താൻ പടുത്തുയർത്തിയ നഗരത്തിന്റെ വിരിമാറിലൂടെ വഹിക്കപ്പെട്ട് അന്ത്യവിശ്രമസ്ഥാനമായ പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വിലാപയാത്ര എത്തിച്ചേർന്നു.

രാഷ്ട്രീയ രംഗത്തെ നൂറു കണക്കിന് പ്രമുഖരും നിരവധി ബിഷപ്പുമാരും വൈദികരും സന്യസ്തരും ഇടവക ജനങ്ങളും മാണിസാറിനെ ജീവനുതുല്യം സ്നേഹിച്ച ആയിരങ്ങളും കത്തീഡ്രലിന്റെ അങ്കണത്തിൽ ആദരവോടെ കാത്തു നിന്നു. ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം കേരളം കണ്ട രാഷ്ട്രീയ ഇതിഹാസത്തിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വിടവാങ്ങൽ നൽകി.

മാണി സാറിനൊപ്പം ഊണിലും ഉറക്കത്തിലും സന്തത സഹചാരികളായി പ്രവർത്തിച്ചിരുന്ന നിരവധി കേരളാ കോൺഗ്രസ് പ്രവർത്തകർ ഹൃദയവേദനയിൽ നുറുങ്ങുമ്പോൾ കേരള കോൺഗ്രസിന്റെ പതാക മൃതശരീരത്തിൽ അണിയിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അന്ത്യചുംബനത്താൽ തങ്ങളുടെ കുടുംബനാഥന് വിട നല്കി. പാലാക്കാരുടെ സ്നേഹമറിഞ്ഞ് പാലായുടെ മാണിക്യം പാലായുടെ മണ്ണിൽ അടക്കപ്പെട്ടു. ഒരു യുഗത്തിന്റെ അന്ത്യം.. അതെ മാണി സാർ ഇനി ഓർമ്മകളിൽ മാത്രം.

മലയാളം യുകെ എഡിറ്റോറിയൽ

കേരള രാഷ്ട്രീയത്തിൽ എന്നും വിജയക്കൊടി പാറിച്ച അതികായൻ വിടപറഞ്ഞു. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അരനൂറ്റാണ്ടിലേറെ നിറഞ്ഞു നിന്ന അസാമാന്യ പ്രതിഭയായിരുന്നു കെ എം മാണി. സുശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന ആശയം മുന്നോട്ട് വച്ചു കൊണ്ട് പ്രാദേശിക പാർട്ടികൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ അതിപ്രധാനമായ സ്ഥാനമുണ്ടെന്ന് ധൈര്യപൂർവ്വം വിളിച്ചു പറഞ്ഞ ഭരണാധികാരിയായിരുന്നു അദ്ദേഹം.

54 വർഷം തുടർച്ചയായി എം എൽ എ പദവിയിൽ അദ്ദേഹം തുടർന്നു. പാലാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ഇന്നുവരെ അതിന്റെ നിയമസഭാ പ്രതിനിധി കെ എം മാണിയായിരുന്നു. 13 തവണയാണ് പാലാ മണ്ഡലം കെ എം മാണിയെ നിയമസഭയിലേക്ക് അയച്ചത്. 25 വർഷക്കാലം അദ്ദേഹം മന്ത്രിയായിരുന്നു. ധനകാര്യ മന്ത്രി എന്ന നിലയിൽ അവതരിപ്പിച്ചത് 13 ബഡ്ജറ്റുകൾ. ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കും ഒരു നിഘണ്ടുവായിരുന്നു കെഎം മാണി.

അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം. ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീഷ്മാചാര്യൻ. മികച്ച പാർലമെന്റേറിയൻ എന്ന നിലയിലും നിയമവിദഗ്ദൻ എന്ന നിലയിലും എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയായിരുന്നു കെ.എം മാണി. വസ്തുതകൾ പഠിച്ച് നിയമങ്ങൾ നൂലിഴ കീറി വിശകലനം ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം. ധനകാര്യത്തിനു പുറമേ ആഭ്യന്തരം, വൈദ്യുതി, റവന്യൂ, ജലസേചനം, നിയമം എന്നീ വകുപ്പുകളും മാണി കൈകാര്യം ചെയ്തു. ഇടത് വലത് മന്ത്രിസഭകളിൽ കെ എം മാണി നിരവധി തവണ വിവിധ മുഖ്യമന്ത്രിമാരോടൊത്ത് മികച്ച ഭരണം കാഴ്ചവച്ചു.

വെളിച്ച വിപ്ളവവും കർഷകത്തൊഴിലാളി പെൻഷനും താലൂക്ക് അദാലത്തും കാരുണ്യ പദ്ധതിയുമടക്കം നിരവധി നൂതന ആശയങ്ങളായിരുന്നു അദ്ദേഹം കേരളത്തിന്റെ പൊതു സമൂഹത്തിന് സമ്മാനിച്ചത്. പാലാക്കാർ സ്നേഹപൂർവ്വം മാണിസാർ എന്നു വിളിച്ച ആ മഹാ വ്യക്തിത്വത്തിന് മത രാഷ്ട്രീയ രംഗങ്ങളിൽ വൻ സുഹൃദ് വലയമാണ് ഉണ്ടായിരുന്നത്. യുകെയിൽ കെ എം മാണിയുമായി അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നിരവധി പേർ മലയാളി സമൂഹത്തിലുണ്ട്. പ്രിയ നേതാവിന്റെ വേർപാടിൽ ദു:ഖാർത്തരായി സോഷ്യൽ മീഡിയയിലൂടെ മാണി സാറിന്റെ ഓർമ്മകൾ പങ്കു വയ്ക്കുകയാണ് യുകെ മലയാളികൾ.

കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കാരുണ്യസ്പർശം നിറഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്.

കേരള രാഷ്ട്രീയത്തിൽ ഒരു വൻ പ്രസ്ഥാനമായി നിറഞ്ഞു നിന്ന ബഹുമാനപ്പെട്ട കെ എം മാണിയുടെ വേർപാടിൽ മലയാളം യുകെ ന്യൂസ് അനുശോചനം രേഖപ്പെടുത്തുകയും ആ സ്മരണകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു.

ബിനോയി ജോസഫ്
അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ

ന്യൂസ് ഡെസ്ക്

മാണിസാറിന് സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ പ്രാർത്ഥനഞ്ജലി അർപ്പിച്ചു. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ഇന്നലെ വൈകുന്നേരം പ്രസ്റ്റൺ കത്തീഡ്രലിൽ പ്രത്യേക അനുസ്മരണാശുശ്രൂഷ നടത്തി. കെ എം മാണിയുമായി വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ.

“മാണിസാറിനെ 20 വർഷത്തോളമായി അടുത്തറിയാം. കുടുംബപരമായും ബന്ധുക്കളാണ്. അതിലുപരി അടുത്ത വ്യക്തി ബന്ധവുമുണ്ട്. സഭയുടെ പ്രവർത്തനങ്ങളിൽ എന്നും പൂർണ പിന്തുണ നല്കിയിരുന്നു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രവർത്തനങ്ങളെ മാണിസാർ അടുത്തറിയുകയും നിർദ്ദേശങ്ങൾ നല്കുകയും ചെയ്തിരുന്നു”. അഭിവന്ദ്യ പിതാവ് കുർബാനയ്ക്ക് ആമുഖമായി അനുസ്മരിച്ചു. മാണി സാറിന്റെ വേർപാട് കത്തോലിക്കാ സഭയ്ക്ക് തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്

കേരളം കണ്ട ഏറ്റവും വലിയ വിലാപയാത്ര പുരോഗമിക്കുന്നു. കേരള രാഷ്ട്രീയത്തിലെ അതികായൻ കെ.എം മാണിയുടെ അന്ത്യയാത്ര കോട്ടയത്തേക്ക് നീങ്ങുകയാണ്. എറണാകുളത്ത് നിന്ന് പുറപ്പെട്ട് 11 മണിക്കൂർ കഴിഞ്ഞപ്പോൾ വിലാപയാത്ര ഏറ്റുമാനൂരിൽ എത്തി.

വൻ ജനാവലിയാണ് തിരുനക്കര മൈതാനത്ത് പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്നത്. വിലാപയാത്ര കടന്നുപോകുന്ന വഴിയിലുടനീളം കൈയിൽ പൂക്കളുമായി ജനം കാത്തുനിൽക്കുകയാണ്. എല്ലാവർക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയാണ് വിലാപയാത്ര നീങ്ങുന്നത്. ഇതുമൂലം വിലാപയാത്ര ഇനിയും മണിക്കൂറുകൾ വൈകുമെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയൻ കടുത്തുരുത്തിയിൽ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.

കോട്ടയം തിരുനക്കര മൈതാനത്ത് കെ.എം മാണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രിമാരായ കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ അടക്കമുള്ള നേതാക്കൾ എത്തിയിട്ടുണ്ട്.

ബിനോയി ജോസഫ്

പാലായുടെ സ്വന്തം മാണിസാർ വിട പറഞ്ഞു.. പാലാക്കാരുടെ ജീവനായ കെ എം മാണി പൊടുന്നനെ നിത്യതയിലേയ്ക്ക് പറന്നകന്നു. കേരളം കണ്ട അതിപ്രഗത്ഭനായ രാഷ്ട്രീയാചാര്യൻ… വാക് ധോരണി കൊണ്ടും നവീനമായ ആശയങ്ങൾ കൊണ്ടും പാണ്ഡിത്യം കൊണ്ടും സംസ്ഥാന ചരിത്രത്തിൽ നിറഞ്ഞു നിന്ന മഹാനായ നേതാവ്… ലക്ഷ്യത്തിലേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുൻപോട്ട് കുതിച്ച സാധാരണ ജനങ്ങളുടെ പടനായകൻ.. തലയുയർത്തി മന്ദസ്മിതവുമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന വിശിഷ്ട വ്യക്തിത്വം.

പാലായോട് എന്നും വിധേയത്വം പുലർത്തിയ ഭരണാധികാരിയായിരുന്നു മാണി സാർ. പാലാക്കാർ ഹൃദയത്തിൽ സൂക്ഷിക്കുന്ന വികാരമാണ് മാണിസാർ. തലമുറകളായി പകർന്നു നല്കപ്പെട്ട ഒരു പേരാണത്. പാലാ ലോകപ്രശസ്തമെങ്കിൽ അതിന്റെ ക്രെഡിറ്റ് കരിങ്ങോഴയ്ക്കൽ കുഞ്ഞു മാണി എന്ന മാണി സാറിന് തന്നെ.. സംഘാടന മികവിലൂടെയും അസാമാന്യമായ വ്യക്തിത്വത്തിലൂടെയും തന്നിലേയ്ക്കും താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനത്തിലേയ്ക്കും ആയിരങ്ങളെയാണ് മാണിസാർ ആകർഷിച്ചത്.

കർഷകർക്കും അദ്ധ്വാനവർഗത്തിനുമായി എന്നും മുഴങ്ങിയ ശബ്ദമായിരുന്നു കെ.എം മാണിയുടേത്. അദ്ദേഹത്തിന്റെ കരസ്പർശം പതിഞ്ഞ ഓരോ ഉത്തരവുകളും അനേകരുടെ കണ്ണുനീർ ഒപ്പി. അദ്ദേഹത്തിന്റെ ഓരോ ഒപ്പുകളും ആയിരങ്ങളുടെ ഹൃദയത്തിലാണ് ആശ്വാസമായി ആലേഖനം ചെയ്യപ്പെട്ടത്. വൈദ്യുതി വിപ്ളവം മുതൽ കാരുണ്യ പദ്ധതി വരെ കേരള ജനതയ്ക്കായി അദ്ദേഹം ഒരുക്കി.

രാഷ്ട്രീയ തന്ത്രങ്ങളും നയതന്ത്രജ്ഞതയും ഉയർന്ന കാഴ്ചപ്പാടുകളുമായി അരനൂറ്റാണ്ടിലേറെ കേരള രാഷ്ടീയത്തിലെ അതികായനായി മാണിസാർ വിരാജിച്ചു. മധ്യ തിരുവിതാംകൂറിന്റെ രാഷ്ട്രീയ ഭൂപടത്തിൽ എന്നും പ്രഥമസ്ഥാനം അലങ്കരിക്കുന്ന പ്രസ്ഥാനമായി കേരള കോൺഗ്രസിനെ അദ്ദേഹം വളർത്തി. ആയിരക്കണക്കിന് യുവാക്കളെയാണ് ആ പ്രസ്ഥാനം കേരളത്തിന്റെ രാഷ്ട്രീയക്കളരിലേയ്ക്ക് കൈപിടിച്ചു നയിച്ചത്. കെ.എം മാണി എന്നാൽ വെറുമൊരു രാഷ്ടീയ നേതാവായിരുന്നില്ല, മറിച്ച് ഈ തലമുറ ദർശിച്ച ഒരു അനിതരസാധാരണമായ പ്രസ്ഥാനവും പ്രതിഭാസവുമായിരുന്നു.

ഗ്ലാസ് നോസ്റ്റും പെരിസ്ട്രോയിക്കയും ഇന്ത്യൻ ജനതയ്ക്ക് പരിചയപ്പെടുത്തിയ രാഷ്ട്രീയ ഭീമാചാര്യൻ. കേരളത്തിന്റെ ഖജനാവിനെ ഏറ്റവും കാലം നിയന്ത്രിച്ച ധനകാര്യ മന്ത്രി… ആഭ്യന്തരവും റവന്യൂവും നിയമവും വൈദ്യുതിയും ജലസേചനവും തുടങ്ങിയ മിക്ക വകുപ്പുകളും അനായാസം കൈകാര്യം ചെയ്ത മാനേജ്മെന്റ് വിദഗ്ദനായിരുന്നു കെ.എം മാണി. മികച്ച പാർലമെന്റേറിയനായും നിയമ വിദഗ്ദ്ധനായും അദ്ദേഹം പേരെടുത്തു. ഇടത് വലത് പക്ഷങ്ങളോടൊപ്പം അധികാരം പങ്കിട്ട് നാടിനെ സേവിച്ച, അദ്ധ്വാന വർഗ്ഗസിദ്ധാന്തം രചിച്ച കർഷക നേതാവായിരുന്നു അദ്ദേഹം.

പാലായെ സ്വന്തം ജീവനെപ്പോലെ സ്നേഹിച്ചു മാണിസാർ. അവരുടെ ദുഃഖങ്ങളിലും സന്തോഷത്തിലും ഒരു മുതിർന്ന കാരണവരായി ഓടിയെത്തിയിരുന്ന മാണി സാർ. അതെ പാലായെന്ന വലിയ കുടുംബത്തിന്റെ വഴികാട്ടിയായ കുടുംബനാഥനായിരുന്നു അദ്ദേഹം. തന്റെ മണ്ഡലത്തിലുള്ളവരെ അടുത്തറിഞ്ഞ് പേരുവിളിച്ച് സംവദിച്ചിരുന്ന നേതാവായിരുന്നു മാണിസാർ. അദ്ദേഹത്തിന്റെ അനുഗ്രഹ സ്പർശമേറ്റുവാങ്ങാത്ത ജനങ്ങൾ പാലാമണ്ഡലത്തിൽ ഉണ്ടാവാനിടയില്ല.

ഏവർക്കും മാതൃകയായ ഒരു പൊതു പ്രവർത്തകനായിരുന്നു കെ.എം മാണി. എല്ലാ മതസ്ഥരെയും സ്നേഹത്തോടെ ആശ്ളേഷിച്ച വ്യക്തിത്വം. എല്ലാ മത രാഷ്ട്രീയ നേതാക്കളുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന അദ്ദേഹം കേരള രാഷ്ട്രീയ തട്ടകത്തിൽ അനിഷേധ്യ സാന്നിധ്യമായിരുന്നു. താൻ നേതൃത്വം കൊടുത്ത പ്രസ്ഥാനം പലതവണ പിളർന്നപ്പോഴും അണികളെ ഒപ്പം നിർത്തി  രാഷ്ട്രീയ മുഖ്യധാരയിൽ നിർണായക ശക്തിയാകുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.

സ്വന്തം ജനതയെ എന്നും സ്നേഹിച്ച് സംരക്ഷിച്ച മാണിസാർ വിടപറയുമ്പോൾ ഹൃദയത്തിൽ വിങ്ങിപ്പൊട്ടുകയാണ് പാലാ എന്ന കർഷകനാട്. മാണിസാർ ഇല്ലാത്ത പാലാ ആ ജനതയ്ക്ക് ആലോചിക്കാനേ പറ്റുന്നതല്ല. അതെ,  പാലാക്കാർക്ക് എം എൽഎയും മന്ത്രിയും പ്രധാനമന്ത്രിയും മാണിസാർ തന്നെയായിരുന്നു.. പ്രഗത്ഭനായ ജനനായകൻ വിട പറയുമ്പോൾ… നിശബ്ദമായി ജനസഹസ്രങ്ങൾ ഹൃദയവേദനയോടെ കണ്ണീർ പൊഴിക്കുന്നു. പാലാ കേഴുകയാണ്. അതെ, പാലാക്കാരുടെ എല്ലാമെല്ലാമായ മാണിസാർ… ഇനി ഓർമ്മകളിൽ മാത്രം.

വാല്‍ത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ആഘോഷിക്കുന്ന ഏറ്റവും പ്രമുഖവും ഭക്തജന സഹസ്രങ്ങള്‍ പങ്കുചേരുന്നതുമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 20 ന് ശനിയാഴ്ച ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ രക്ഷകന്റെ ആഗമന പ്രഖ്യാപനമായ മംഗള വാര്‍ത്ത ശ്രവിച്ച ‘നസ്രത്തിലെ ഭവനം’ മാതൃഹിതത്തില്‍ യു കെ യിലേക്ക് അത്ഭുതകരമായി പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവും, യു കെ യിലെ ‘നസ്രത്ത്’ എന്നറിയപ്പെടുകയും ചെയ്യുന്ന അനുഗ്രഹങ്ങളുടെ പറുദീസയായ വാല്‍ത്സിങ്ങാമിലേക്കുള്ള തീര്‍ത്ഥാടനം ഭക്ത്യാദരപൂര്‍വ്വവും, ആഘോഷത്തോടെയും ഈ വര്‍ഷം കൊണ്ടാടുകയാണ്.

ഈസ്റ്റ് ആംഗ്ലിയായിലെ കാനന്‍ ഫാ. മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളി മാതൃഭക്തര്‍ക്കായി രൂപം കൊടുത്ത് നേതൃത്വം നല്‍കി ഈസ്റ്റ് ആംഗ്ലിയാക്കാരെ മുന്നിട്ടിറക്കി ആരംഭിച്ച വാല്‍ത്സിങ്ങാം തീര്‍ത്ഥാടനം ക്രമേണ യു കെ യിലെ മുഴുവന്‍ മാതൃഭക്തരും ഹൃദയത്തില്‍ ഏറ്റെടുക്കുകയും ആയിരങ്ങളുടെ സംഗമ വേദിയും അഭയ കേന്ദ്രവും ആയി മാറുകയുമായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിലൂടെ കൈവന്ന അജപാലന ശ്രേഷ്ട പങ്കാളിത്തവും, നേതൃത്വവും, മാതൃ ഭക്തജന വന്‍ പങ്കാളിത്തവും, ഒപ്പം ആത്മീയ ഉത്സവ പകിട്ടുമായി ഔദ്യോഗികമായ രൂപവും ഭാവവും കൈവന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രത്തിലേക്കുള്ള മൂന്നാമത് തീര്‍ത്ഥാടന തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നത് എസക്‌സിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രവും മരിയന്‍ ഭക്തരുമായ കോള്‍ചെസ്റ്റര്‍ ഇടവക അംഗങ്ങളാണ്. ഈ മരിയോത്സവത്തെ അനുഗ്രഹ സാന്ദ്രമാക്കുവാന്‍ ഫാ. തോമസ് പാറക്കണ്ടത്തിലും, ഫാ. ജോസ് അന്ത്യാംകുളവും കോള്‍ചെസ്റ്ററുകാരോടൊപ്പം മേല്‍നോട്ടം നല്‍കി കൂടെയുണ്ട്.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് തീര്‍ത്ഥാടന ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ആഘോഷപൂര്‍വ്വമായ സമൂഹ ബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അജപാലക ശ്രേഷ്ഠന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു തിരുന്നാള്‍ സന്ദേശം നല്‍കും. രൂപതയുടെ വികാരി ജനറാളുമാരായ ഫാ. ആന്റണിചുണ്ടിലക്കാട്ട്, ഫാ.ജോര്‍ജ്ജ് ചേലാട്ട്, ഫാ. ജിനോ അരീക്കാട്, ഫാ. സജി മലയില്‍പുത്തന്‍പുര എന്നിവരോടൊപ്പം തിരുന്നാള്‍ സമൂഹ ബലിയില്‍ സഹ കാര്‍മ്മികത്വം വഹിക്കുവാനായി യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായി അജപാലന ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികരും പങ്കു ചേരും.

മരിയന്‍ പ്രഘോഷണ റാലിയില്‍ മാതൃ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാല സമര്‍പ്പിച്ച്,’ആവേ മരിയാ’ സ്തുതിഗീതങ്ങളുമായി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ വാല്‍ത്സിങ്ങാം മാതാവിന്റെ തിരുരൂപവുമേന്തി നടത്തുന്ന തീര്‍ത്ഥാടനം മരിയ പ്രഘോഷണ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കും.

മൂന്നാമത് തീര്‍ത്ഥാടനത്തിലേക്കു പതിനായിരത്തിലധികം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നത്.

ഈ മരിയോത്സവത്തില്‍ പങ്കു ചേര്‍ന്ന് ഈശോയുടെ പക്കല്‍ ഏറ്റവും വലിയ മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ മാതൃ സങ്കേതത്തിലൂടെ അനുഗ്രഹങ്ങളും കൃപകളും പ്രാപിക്കുവാനായി ഏവരെയും വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിലേക്ക് സസ്‌നേഹം ക്ഷണിക്കുന്നതായി പ്രസുദേന്തികള്‍ അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടു കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസുദേന്തിമാര്‍ ടോമി പാറക്കല്‍- 0788301329 നിതാ ഷാജി – 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

സന്തോഷം തിരതല്ലുന്ന ഈസ്റ്റ റിന്റിയും, നന്മകള്‍ നിറം ചാര്‍ത്തുന്ന വിഷുവിനെ യും പുണ്യമാസത്തില്‍ സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 22 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ shettlestone സെന്‍ പോള്‍സ് ചര്‍ച്ച് ഹാളില്‍ വിവിധ കലാപരിപാടികളോട് കൂടി ഈസ്റ്റര്‍ വിഷു സംഗമം നടത്തപ്പെടുന്നു. ഡാന്‍സ്, പാട്ട്, സ്‌കിറ്റ്, instrumental music തുടങ്ങി എല്ലാ പരിപാടികള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അസോസിയേഷന്റെ ഭാരവാഹികളുമായി താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.

സുനില്‍ കെ ബേബി 07898735973,
സണ്ണി ഡാനിയല്‍ 07951585396.

പ്രോഗ്രാം നടക്കുന്ന ഹാള്‍ അഡ്രസ്സ്.

St. Paul’s Parish church Hall
1651 Shettlestone Road.
Glasgow G32 9AR

സ്‌കോട്ട്ലന്‍ഡിലെ മലയാളി സമൂഹത്തിന്റെ നാഡീസ്പന്ദനം ആയ സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഒരുപിടി നല്ല തീരുമാനങ്ങളും ആയിട്ടാണ് 2019 വരവേല്‍ക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ കായിക വാസനകള്‍ക്ക് പ്രചോദനം നല്‍കുന്നതിനുവേണ്ടി യുക്മ നോര്‍ത്ത് ഈസ്റ്റ് റീജയണ മായി ചേര്‍ന്ന് സ്‌കോട്ട്ലന്‍ഡില്‍ ഉള്ള മുഴുവന്‍ കലാ കായിക പ്രേമികളെ യും ഉള്‍പ്പെടുത്തി യുക്മ റീജനല്‍ കലോത്സവം സംഘടിപ്പിക്കുന്നു . റീജണല്‍ തലങ്ങളില്‍ വിജയികളാകുന്നവര്‍ക് യുക്മ നാഷണല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കുവാന്‍ അവസരം സൃഷ്ടിക്കുന്നു. സ്‌കോട്ട്ലന്‍ഡിലെ കലാ കായിക പ്രതിഭകളെ നാഷണല്‍ ലെവലിലേക്ക് എത്തിക്കുക എന്ന് ഒരു മഹത്തായ വെല്ലുവിളി സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഏറ്റെടുക്കുകയാണ്.

വളര്‍ന്നുവരുന്ന കുഞ്ഞുങ്ങളുടെ ഭാവി ജീവിതത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുവാന്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ഡ്രൈവിംഗ് രംഗത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി സേഫ്റ്റി അവയര്‍നസ് പ്രോഗ്രാമും, വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കളുടെയും ജീവിത പ്രാരാബ്ദങ്ങളുടെ യും വെളിച്ചത്തില്‍ സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ ആയിട്ടുള്ള എല്ലാ കുടുംബാംഗങ്ങള്‍ക്കും മരണാനന്തര ചടങ്ങുകളുടെ പൂര്‍ണ ഉത്തരവാദിത്വവും സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഏറ്റെടുക്കുന്നു.

സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷനില്‍ പങ്കാളികളായി പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കുവാന്‍ നമുക്കും ഒന്നുചേരാം, ഒത്തുചേരാം, പുതിയ ഒരു നാളേക്കായി. ഏവര്‍ക്കും സ്‌കോട്ട്ലന്‍ഡ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആശംസകള്‍.

എ.പി. രാധാകൃഷ്ണന്‍

യുകെയിലെ ക്ഷേത്ര നഗരം എന്ന് വിളിക്കാവുന്ന ഈസ്റ്റ് ഹാംമില്‍ ശബരിമല കര്‍മ്മ സമിതി അധ്യക്ഷനും ,കോഴിക്കോട് കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി യുടെ പ്രഭാഷണ പരിപാടി. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ‘സത്യമേവ ജയതേ’ പരിപാടിയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണം ജൂണ്‍ 9ന് ഞായാറാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും.

വര്‍ഷങ്ങളായി ഈസ്റ്റ് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും ഔദ്യോഗികമായി തന്നെ പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘടകര്‍ കരുതുന്നു. പരിപാടിയുടെ വന്‍ വിജയത്തിനായി പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണ തേടുമെന്ന് സദ്ഗമയ ഫൗണ്ടേഷന്റെ ഭാരവാഹികള്‍ അിയിച്ചു.

‘സനാതനം’ എന്ന് പേിട്ടിരിക്കുന്ന പരിപാടിയില്‍ ഭഗവദ് ഗീതയെ അടിസ്ഥാനമാക്കി ആയിരിക്കും സ്വാമിജിയുടെ പ്രഭാഷണം. ഈസ്റ്റ് ഹാമ്മിലെ ക്ഷേത്രങ്ങളില്‍ പ്രധാന ക്ഷേത്രമായ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ ഭാഗമായ പുതിയതായി പണികഴിച്ച ഓഡിറ്റോറിയത്തില്‍ ആണ് പരിപാടികള്‍ നടക്കുക.
പ്രാദേശികമായ ഹൈന്ദവ സംഘടനകളെ ശക്തിപെടുത്തി അതിലൂടെ ഹൈന്ദവ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കാന്‍ ലക്ഷ്യം വച്ച് കൊണ്ടാണ് സദ്ഗമയ ഫൗണ്ടേഷന്‍ ‘സത്യമേവ ജയതേ’ എന്ന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സനാതനം’ പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവരും താഴേ കാണുന്ന ലിങ്കില്‍ പോയി രജിസ്റ്റര്‍ ചെയ്തു നിര്‍ബന്ധമായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ടിക്കറ്റുകള്‍ തികച്ചും സൗജന്യം ആണ്.

Register for Bagavad Gita @ East Ham – Sanathanam
https://www.eventbrite.co.uk/e/essence-of-bagavad-gita-sanathanam-tickets-59435989645

ചാലക്കുടി ചങ്ങാത്തത്തിന്റെ എട്ടാമത് വാര്‍ഷികാഘോഷം ജൂണ്‍ 29 ശനിയാഴ്ച്ച രാവിലെ 11 മണി മുതല്‍ വൈകീട്ട 8 മണിവരെ നോട്ടിംഹാമിലെ Clinton Mednodist Church Parish ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. അന്നെ ദിവസം രാവിലെ വാദ്യമേളങ്ങളുടെയും. താലത്തിന്റെയും അകമ്പടിയോടെ സംഗമത്തിന് തിരശീല ഉയരും.

മുതിര്‍ന്നവരുടെയും, കുട്ടികളുടെയും കലാകായിക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ചാലക്കുടി മേഖലയില്‍ നിന്നും യു.കെയുടെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന എല്ലാവരും ഒത്തുചേരുന്ന സുദിനമാണ്, നാളിതുവരെ ചാലക്കുടി ചങ്ങാത്തത്തിന്റെ പേരില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്നുള്ളത് അഭിമാനാര്‍ഹമാണ്. വിഭവ സമൃദ്ധമായ നാടന്‍ സദ്യയും ഒരുക്കിയിട്ടുണ്ട്. ഇനിയും കാലാ-സാംസ്‌കാരിക സമ്മേളനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് താല്‍പ്പര്യപ്പെടുന്നു.

Presdent Mr. Babu Joseph, Nottingham: 07932069137
Secretary Mr. Jiyo Joseph, Chesterfield: 07741209516
Treasurer Mrs. Tancy Palatty, Wallsall: 07475204829

ഹാളിന്റെ വിലാസം

Clinton Methodist Church hall,
Rivergreen
Clinton,
Nottingham
NA 118 AV

സജീഷ് ടോം

ദശാബ്ദി വര്‍ഷത്തില്‍ പുത്തന്‍ കര്‍മ്മപരിപാടികളുമായി യുക്മ നവനേതൃത്വം കുതിപ്പ് തുടരുന്നു. മനോജ്കുമാര്‍ പിള്ളയും അലക്‌സ് വര്‍ഗീസും നേതൃത്വം നല്‍കുന്ന പുതിയ ഭരണസമിതി വ്യക്തമായ ദിശാ ബോധത്തോടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികളുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്. യു കെ മലയാളി പൊതുസമൂഹത്തിന് പ്രയോജനകരമായ പുത്തന്‍ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തുകയാണ് പുതിയ ഭരണസമിതി പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന വിഷയം.

പ്രതിസന്ധികള്‍ തരണം ചെയ്തു വര്‍ദ്ധിത വീര്യത്തോടെ യുക്മ മുന്നോട്ട് പോകേണ്ടത് യു കെ മലയാളി സമൂഹത്തിന്റെ ആവശ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി പ്രസ്ഥാനം എന്നനിലയില്‍ യുക്മ നിലകൊള്ളുമ്പോള്‍, ഈ ദശാബ്ദി വര്‍ഷം കൂടുതല്‍ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിപിടിക്കേണ്ടത് സംഘടനയുടെ ഏറ്റവും വലിയ ഉത്തരവാദിത്തം കൂടി ആകുന്നു.

സംഘടനയുടെ വളര്‍ച്ചയില്‍ എന്നും കരുത്തായിരുന്ന മുന്‍കാല ദേശീയ നേതാക്കളെ ഉള്‍പ്പെടുത്തി ഒരു ഉപദേശക സമിതി രൂപം നല്‍കിയതിലൂടെ, പുതിയ ഭരണസമിതിയുടെ ആദ്യ യോഗം തന്നെ ഈ വിഷയത്തില്‍ തങ്ങളുടെ തുറന്ന നിലപാട് വ്യക്തമാക്കുകയായിരുന്നു. വര്‍ഷങ്ങളുടെ സംഘടനാ അനുഭവം കൈമുതലായുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകവഴി , കൂടുതല്‍ പരിപക്വമായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കുവാനും ധീരമായ നിലപാടുകള്‍ എടുക്കുവാനും സംഘടനക്ക് സഹായകമാകുമെന്ന് ‘യുക്മ നാഷണല്‍ അഡൈ്വസറി ബോര്‍ഡ്’ പ്രഖ്യാപിച്ചുകൊണ്ട് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അഭിപ്രായപ്പെട്ടു.

മുന്‍ യുക്മ ദേശീയ പ്രസിഡന്റുമാരായ വര്‍ഗീസ് ജോണ്‍, മാമ്മന്‍ ഫിലിപ്പ്, വിജി കെ പി, അഡ്വ. ഫ്രാന്‍സിസ് മാത്യു, മുതിര്‍ന്ന നേതാവ് തമ്പി ജോസ്, പ്രഥമ ദേശീയ ട്രഷറര്‍ സിബി തോമസ്, മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സജീഷ് ടോം, മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ബീന സെന്‍സ് എന്നിവരടങ്ങിയ ദേശീയ ഉപദേശക സമിതിക്കാണ് യുക്മ ദേശീയ നിര്‍വാഹക സമിതി രൂപം നല്‍കിയിരിക്കുന്നത്. സംഘടനയുടെ അടുത്ത രണ്ടു വര്‍ഷങ്ങളിലെ നയരൂപീകരണത്തില്‍ പുതുതായി രൂപീകരിക്കപ്പെട്ട ദേശീയ ഉപദേശക സമിതിയുടെ ആരോഗ്യപരമായ പങ്കാളിത്തവും സ്വാധീനവും ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.

യുക്മയുടെ പ്രഥമ ദേശീയ പ്രസിഡന്റായ വര്‍ഗീസ് ജോണ്‍ ആദ്യ രണ്ട് ടേമുകളിലും സംഘടനയെ പ്രഗത്ഭമായി നയിച്ച വ്യക്തിത്വമാണ്. യു.കെയില്‍ അങ്ങോളമിങ്ങോളം യുക്മക്ക് സ്വാധീനം ഉറപ്പിക്കുവാന്‍ കഴിഞ്ഞത് വര്‍ഗീസ് ജോണിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്.

യുക്മയുടെ ആദ്യ ഭരണസമിതിയില്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും, 2015 -2017 കാലഘട്ടത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് ആയും കരുത്തുറ്റ സംഘടനാ പാടവം തെളിയിച്ച മാമ്മന്‍ ഫിലിപ്പ് കഴിഞ്ഞ ഭരണസമിതിയില്‍ ദേശീയ പ്രസിഡന്റ് എന്ന നിലയില്‍ നിരവധി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി സംഘടനയെ ആഗോളപ്രവാസി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയതിന് ശക്തമായ നേതൃത്വമാണ് നല്‍കിയിട്ടുള്ളത്.

2012 മുതല്‍ രണ്ട് ടേമുകളില്‍ യുക്മയെ നയിച്ച വിജി കെ.പി സംഘടനയെ ജനകീയമാക്കുന്നതിന് നേതൃത്വം നല്‍കിയ പ്രസിഡന്റ് എന്ന നിലയില്‍ തിളങ്ങിയ വ്യക്തിയാണ്. റീജിയണുകളെ കൂടുതല്‍ സജീവങ്ങള്‍ ആക്കുവാനും യുക്മ കലാമേളകള്‍ കൂടുതല്‍ ജനപ്രിയങ്ങളാക്കുവാനും വിജിയുടെ കൃത്യതയാര്‍ന്ന നയങ്ങളിലൂടെ സംഘടനക്ക് സാധിച്ചു.

യുക്മ ദേശീയ ട്രഷറര്‍, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലൂടെ പ്രവര്‍ത്തന മികവ് തെളിയിച്ചശേഷമാണ് അഡ്വ. ഫ്രാന്‍സിസ് മാത്യു 2015ല്‍ ദേശീയ പ്രസിഡന്റ് പദത്തിലേക്ക് എത്തിയത്. അവയവദാനത്തിലൂടെ ജീവകാരുണ്യ രംഗത്തു വലിയ മാതൃക കാട്ടിയ ഫ്രാന്‍സിസ് മാത്യു നിലവില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയാണ്.

യുക്മ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ ആദരണീയമായ ഒരു വ്യക്തിത്വമാണ് തമ്പി ജോസ്. യുക്മ നാഷണല്‍ കമ്മറ്റി അംഗം, നേഴ്‌സസ് ഫോറം ലീഗല്‍ അഡൈ്വസര്‍, സാംസ്‌ക്കാരിക സമിതി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്റെ സ്ത്യുത്യര്‍ഹമായ സേവനം ഈ സംഘടനയ്ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്.

അവയവ ദാനത്തിലൂടെ യു കെ മലയാളികള്‍ക്കാകെ മാതൃകയായ സിബി തോമസ് യുക്മയുടെ പ്രഥമ ദേശീയ ട്രഷറര്‍ ആണ്. ഇടപഴകുന്ന വ്യക്തികളില്‍ ഹൃദ്യമായ സൗഹൃദം രൂപപ്പെടുത്തുന്ന സിബി തോമസിന്റെ ലാളിത്യമാര്‍ന്ന വ്യക്തിത്വം തികച്ചും അനുകരണീയമാണ്.

2011ല്‍ യുക്മ നാഷണല്‍ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള സജീഷ് ടോം പിന്നീട് 2015 ല്‍ യുക്മ ജനറല്‍ സെക്രട്ടറി ആയാണ് ദേശീയ തലത്തിലേക്ക് മടങ്ങിയെത്തുന്നത്. നിലവില്‍ നാഷണല്‍ പി ആര്‍ ഒ ആന്‍ഡ് മീഡിയ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.

യുക്മയുടെ ആദ്യ വനിതാ ദേശീയ നേതാവാണ് ബീന സെന്‍സ്. തുടര്‍ച്ചയായി മൂന്നു തവണ ദേശീയ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ബീന സെന്‍സ് ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിച്ചിട്ടുള്ളതും യുക്മയില്‍ വലിയൊരു സുഹൃദ്വലയത്തിനു ഉടമയുമാണ്.

ദേശീയ ഉപദേശക സമിതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രവര്‍ത്തനങ്ങളും സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രചോദനവും പ്രോത്സാഹനവും ആകുമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി പ്രത്യാശ പ്രകടിപ്പിച്ചു.

Copyright © . All rights reserved