Uncategorized

ടോമി ജോസഫ്

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേള ശ്രീരാഗം 2019ന്റെ ലെസ്റ്റര്‍ ഷോയുടെ ഔപചാരിക ഉദ്ഘാടനം ലെസ്റ്ററില്‍ നടന്നു. ശ്രീരാഗം 2019ന്റെ സംഘാടകരായ യു.കെ ഇവന്റ് ലൈഫ് ഡയറക്ടര്‍ സുദേവ് കുന്നത്താണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹികള്‍ക്ക് ആദ്യ ടിക്കറ്റുകള്‍ കൈമാറിയത്. എല്‍.കെ.സി പ്രസിഡന്റ് ബിന്‍സു ജോണ്‍, സെക്രട്ടറി ബിജു ചാണ്ടി, എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ടോമി ജോസഫ്, അജീഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.

ഗായകന്‍ എം.ജി ശ്രീകുമാറിനെ കൂടാതെ ഗ്രാമി അവാര്‍ഡ് വിജയിയായ പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോര്‍ജ്ജ്, ഗായികമാരായ ടീനു ടെലന്‍സ്, ശ്രേയ തുടങ്ങിയവര്‍ അണിനിരക്കുന്ന ഗാനമേള കേരളത്തില്‍ നിന്നെത്തുന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ പിന്‍ബലത്തില്‍ അരങ്ങേറുമ്പോള്‍ അത് യു.കെ മലയാളികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറുമെന്ന് ഉറപ്പാണ്. രണ്ടായിരത്തിലധികം ആളുകള്‍ക്ക് സൗകര്യപ്രദമായി പ്രോഗ്രാം വീക്ഷിക്കാന്‍ പറ്റുന്ന അത്യാധുനിക സജ്ജീകരണങ്ങള്‍ ഉള്ള ലെസ്റ്റര്‍ അഥീന തിയേറ്ററാണ് ശ്രീരാഗം 2019ന് വേദിയാവുന്നത് എന്നത് മറ്റൊരു ആകര്‍ഷണമാണ്.

കുടുംബസമേതം ആസ്വദിക്കാന്‍ ഒരുക്കിയിരിക്കുന്ന ശ്രീരാഗം 2019 ഷോയുടെ പ്രവേശനം വളരെ മിതമായ നിരക്കില്‍ നിര്‍ണ്ണയിച്ചിരിക്കുന്ന ടിക്കറ്റുകള്‍ വഴിയാണ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഷോയുടെ ടിക്കറ്റുകള്‍ എല്‍കെസി ഭാരവാഹികള്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അസോസിയേഷന്‍ വക സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

ടിക്കറ്റ് നിരക്കുകള്‍

Diamond
Adults – £60
Kids – £50

Platinum
Adults – £40
Kids – £30

Gold
Adults – £30
Kids – £20

Silver
Adults – £20
Kids – £10

ഷിബു മാത്യൂ

കേംബ്രിഡ്ജ്: വാഴ കുലയ്ക്കുന്നത് സർവ്വസാധാരണമാണെങ്കിലും വീടിനുള്ളിലെ ചെടിച്ചട്ടിയിൽ അവിശ്വസനീയമായ ഉയരത്തിൽ ഒരു വാഴ കുലയ്ക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായിരിക്കും. ആറ് പടലകളോടുകൂടിയ വാഴക്കുല ഒമ്പതടി ഉയരത്തിലാണുള്ളത്. ഇലകളുടെ നീളം ഏഴടിയ്ക്കുംമേൽ. കൺസർവേറ്ററിയിലെ ചെടിച്ചട്ടിയിൽ വളരുന്ന വാഴയ്ക്ക് ഒരാൾ പൊക്കത്തോളമുള്ള രണ്ട് തൈകളും കൂടിയുണ്ട്. അമിത ഉയരത്തിലേയ്ക്ക് വളർന്ന വാഴയിലകൾ വളച്ച് നാലു സൈഡിലേയ്ക്കുമായി ഒതുക്കിയപ്പോൾ സാമാന്യം വലുപ്പമുള്ള ഒരു കൺസർവേട്ടറി ഒരു വാഴത്തോട്ടത്തിന്റെ പ്രതീതിയായി മാറി.

യുകെയിലെ കേംബ്രിഡ്ജിൽ താമസിക്കുന്ന ബിനോയ് തോമസ്സിന്റെ വീടിനുള്ളിലാണ് ആരെയും അമ്പരിപ്പിക്കുന്ന ഭീമൻ വാഴ കുലച്ചത്. മൂന്നു വർഷവും അഞ്ച് മാസവും എടുത്ത് കുലച്ച ഈ വാഴ റോഗസ്റ്റാ ഇനത്തിൽപ്പെട്ടതാണ്. 2015ൽ അടുത്ത ഒരു സുഹൃത്തിൽ നിന്നും സംഘടിപ്പിച്ച ടിഷ്യൂ കൾച്ചറൽ വാഴച്ചെടിയായിരുന്നു ഇത്. കൈയ്യിൽ കിട്ടുമ്പോൾ ഒരു ടേബിൾ സ്പൂണിന്റെ വലുപ്പമേയുണ്ടായിരുന്നുള്ളുവെന്ന് ബിനോയ് തോമസ് പറയുന്നു. മണ്ണ് നിറച്ച ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിലാണ് വാഴത്തൈ കിട്ടിയത്. പിന്നീടത് ഒരു ചെറിയ ചെടി ചട്ടിയിലേയ്ക്ക് മാറ്റി. ഒരു ഭംഗിക്കെന്നുവോളം വീടിന്റെ കൺസർവേറ്ററിയിൽ മറ്റുള്ള ചെടികളോടൊപ്പം ഈ വാഴച്ചെടിയും പതിയെ വളർന്നുതുടങ്ങി. മറ്റുള്ള ചെടികൾക്കപ്പുറം പ്രത്യേകിച്ചൊരു പരിഗണന ഈ വാഴച്ചെടിയ്ക്ക് നൽകിയിരുന്നില്ല എന്ന് ബിനോയ് തോമസ്സ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മുരടിച്ച അവസ്ഥയിലായിരുന്നു തുടക്കം. ഇതിനിടയിൽ മൂന്നു തണുപ്പുകാലവും കടന്നു പോയി. തണുപ്പ് കാലങ്ങളിൽ ചെടികൾക്ക് പൊതുവേ വളർച്ച കുറവാണല്ലോ! കൂടാതെ ഇടവിട്ടുള്ള നാട്ടിൽപോക്കും വാഴച്ചെടിയുടെ വളർച്ചയെ കാര്യമായി ബാധിച്ചു. അയൽപക്കക്കാരായ അനീഷും അനുവും പ്രകാശും ഡെന്നിയുമൊക്കെ ഇടയ്ക്കു വന്ന് അവധിക്കാലത്ത് വാഴയെ പരിചരിച്ചിരുന്നു. അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പലപ്പോഴും ഇലകൾ വാടി ഒടിഞ്ഞു വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. വെള്ളമൊഴിച്ച് വീണ്ടും പരിചരിക്കുമ്പോൾ വാഴ വീണ്ടും വളർന്നു തുടങ്ങും. എന്നാൽ കഴിഞ്ഞ വർഷത്തെ വേനൽക്കാലത്താണ് വാഴച്ചെടിയുടെ വളർച്ചയിൽ കാര്യമായ വ്യത്യാസം കണ്ടുതുടങ്ങിയതെന്ന് ബിനോയ് പറയുന്നു. ഇതിനോടകം ചെറിയ രണ്ടു വാഴച്ചെടികളും കൂടി പൊട്ടി മുളയ്ക്കാൻ തുടങ്ങി. തുടർന്ന് വാഴ ചെറിയ ചട്ടിയിൽ നിന്നും അല്പം കൂടി വലിയ ചട്ടിയിലേയ്ക്ക് മാറ്റേണ്ടതായി വന്നു. ചട്ടിയിൽ നിറച്ച സാധാരണ കിട്ടാറുള്ള കംമ്പോസ്ററും മണ്ണും ചേർന്ന മിശ്രിതത്തിലാണ് വാഴ വളരുന്നത്. ആവശ്യത്തിന് വെള്ളവുമൊഴിക്കും. കഴിഞ്ഞ ഒരു വർഷമായിട്ട് ക്രമാതീതമായ വളർച്ചയായി രുന്നു. ഏകദേശം എട്ടടിപ്പൊക്കത്തിന് മുകളിലായപ്പോൾ കുലയ്ക്കാനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങി. കഴിഞ്ഞ മാസം ആദ്യത്തോടെ വാഴ കുലച്ചു. ആറ് പടലകൾ. ഓരോ പടലയിലും പന്ത്രണ്ട് കായ്കൾ വീതമുണ്ട്. ദിവസങ്ങൾ പിന്നിടുമ്പോഴും കായ്കൾ വലുതായിക്കൊണ്ടിരിക്കുകയാണ്.

വാഴക്കുലയുടെ പ്രശക്തി കേംബ്രിഡ്ജിന് പുറത്തേയ്ക്കും വ്യാപിച്ച് തുടങ്ങി. കേംബ്രിഡ്ജിന് അകത്തും പുറത്തു നിന്നുമായി പാശ്ചാത്യർ ഉൾപ്പെടെ നിരവധിയാളുകൾ ഇതിനോടകം ബിനോയിയുടെ വീട്ടിലേയ്ക്ക് എത്തിക്കഴിഞ്ഞു. കുലച്ചു നിൽക്കുന്ന വാഴയോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നവരും ധാരാളം. വാഴക്കുലയും വാഴച്ചുണ്ടും സ്വന്തമാക്കുന്നതിന് പലരും ഇതോടെ ശ്രമമാരംഭിച്ചു കഴിഞ്ഞു. വാഴത്തൈ ആവശ്യപ്പെടുന്നവരും ധാരാളം.ഈ വാഴയോട് ഒരു പ്രത്യേക മമതയുണ്ടെന്ന് തികഞ്ഞ കർഷക സ്നേഹിയായ ബിനോയ് തോമസ് പറയുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഈ വാഴയുടെ ഇലയിലാണ് ബിനോയിയും കുടുംബവും ഓണസദ്യ ഉണ്ണുന്നത്. അത്യാവശ്യം സുഹൃത്തുകൾക്കും വാഴയില കൊടുക്കാറുണ്ട്. കോട്ടയം ജില്ലയിലെ വി. കന്തീശങ്ങളുടെ നാടായ കോതനല്ലൂർ വെള്ളാമറ്റം കുടുംബാംഗമാണ് ബിനോയ് തോമസ്സ്. ഐഡിയലിസ്റ്റിക് ഫൈനാൻഷ്യൽ സർവ്വീസ് അഡ്‌വൈസറായി ജോലി ചെയ്യുന്നു. മഞ്ചുവാണ് ഭാര്യ. ലിയോൺ, ക്രിസ് എന്നിവർ മക്കളാണ്. കൂടാതെ ബിനോയിയുടെ സഹോദരൻ സിനോയ് തോമസും കുടുംബവും കേംബ്രിഡ്ജിൽ തന്നെയാണ് താമസം.

ഇരിട്ടി: വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമത് സഹായമായ നാല്‍പ്പത്തിരണ്ടായിരം രൂപ ക്യാന്‍സര്‍ രോഗിയായ കുമാരിക്ക് പായം പഞ്ചായത്തു മെമ്പര്‍ ടോമി ആഞ്ഞിലിത്തോപ്പില്‍ കൈമാറി. തദവസരത്തില്‍ വോക്കിങ് കാരുണ്യയുടെ പ്രസിഡന്റ് ജയിന്‍ ജോസഫ് സന്നിഹിതനായിരുന്നു. മലബാറിലെ കുടിയേറ്റ ഗ്രാമമായ വള്ളിത്തോട് പ്രദേശത്തു താമസിക്കുന്ന ക്യാന്‍സര്‍ രോഗിയായ കുമാരിയും (49) കുടുംബവും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. രണ്ടു മക്കളും ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബം ഒരു കൊച്ചു വീട്ടില്‍ കൂലിപ്പണി ചെയ്താണ് കഴിഞ്ഞു പോന്നിരുന്നത്. പെട്ടന്നുണ്ടായ പനിയെത്തുടര്‍ന്നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും പനി കുറയാതെ വന്നപ്പോള്‍ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ തൊണ്ടയ്ക്ക് ക്യാന്‍സര്‍ ആണെന്ന് വ്യക്തമായി. അപ്രീതീഷിതമായി കടന്നുവന്ന ഈ മഹാരോഗം നിര്‍ധനരായ ഈ കുടുംബത്തെ തളര്‍ത്തിക്കളഞ്ഞു.

കൂലിവേല ചെയ്തു നിത്യവൃത്തി കഴിഞ്ഞിരുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചികിത്സകള്‍ ഈ കുടുംബത്തെ വലിയ കടക്കെണിയിലാണ് കൊണ്ടെത്തിച്ചത്. ഏകദേശം മൂന്നു ലക്ഷം രൂപ ഇപ്പോള്‍ത്തന്നെ കടമുണ്ട്. ഒരു മാസത്തെ മരുന്നിന് തന്നെ ആറായിരം രൂപയിലധികം ചെലവ് വരുന്നുണ്ട്. കുട്ടികളുടെ പഠനവും തുടര്‍ചികിത്സകളും വീട്ടാനാവാത്ത കടവും ഈ കുടുംബത്തെ ഇന്ന് പ്രതിസന്ധികളുടെ നാടുവിലാക്കിയിരിക്കുകയാണ്. മലബാര്‍ ക്യാന്‍സര്‍ സെന്ററിലാണ് ഇപ്പോള്‍ ചികിത്സകള്‍ നടക്കുന്നത്. നല്ല ചികിത്സകള്‍ ലഭിക്കുകയാണെങ്കില്‍ കുമാരിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ കഴിയുമെന്നാണ് ഡോക്ട്ടര്‍ പറയുന്നത്. ചികിത്സക്കും നിത്യച്ചിലവിനും കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തെ സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി.

Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

ന്യൂസ് ഡെസ്ക്

ന്യൂസിലൻഡിലെ വെടിവയ്പ്പിൽ മലയാളി യുവതിയും കൊല്ലപ്പെട്ടു. ന്യൂസിലൻഡിലെ ലിൻകൺ യുണിവേഴ്സിറ്റിയിൽ അഗ്രിബിസിനസ് മാനേജ്മെന്റിൽ വിദ്യാർത്ഥിനിയായ തൃശൂർ കൊടുങ്ങല്ലൂർ മാടവന പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ 23 കാരിയായ അൻസിയാണ് മരണമടഞ്ഞത്. കഴിഞ്ഞ ഒരു വർഷമായി ന്യൂസിലൻഡിൽ താമസിക്കുന്ന ആൻസി കരിപ്പാക്കുളം അലി ബാവയുടെ മകളാണ്.

ന്യൂസിലൻഡിൽ നടന്ന കൂട്ടക്കുരുതിയിൽ 49 പേർ മരിക്കുകയും 20 അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അൽപം മുമ്പാണ് മരണവിവരം വീട്ടുകാരെ അറിയിക്കുന്നത്. ആക്രമണ സമയത്ത് അൻസിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന ഭർത്താവ് നാസർ പരിക്കേൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ഇരുവരും ന്യൂസിലൻഡിലേക്ക് പോയത്. നാസർ ന്യൂസീലൻഡിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്.

അൻസിയെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നായിരുന്നു ആദ്യം വീട്ടുകാർക്ക് ലഭിച്ച വിവരം. ആക്രമണ സമയത്ത് ഇവർ ഡീൻസ് അവന്യുവിലുള്ള മോസ്ക്കിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്ക്രോസ് പറയുന്നു. റെഡ്ക്രോസ് നൽകിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുണ്ടായിരുന്നത്.

വെടിവെപ്പിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. ഒമ്പത് ഇന്ത്യക്കാരെ വെടിവെപ്പുമായി ബന്ധപ്പെട്ട് കാണാതായെന്ന് ന്യൂസീലൻഡിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇവർക്ക് വെടിയേറ്റതായി സംശയവും അവർ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് സ്വദേശിയും മലയാളിയായ അൻസിയും കൊല്ലപ്പെട്ടതായി വിവരങ്ങൾ പുറത്തുവന്നത്.

ലോക വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ Elizabeth Gaskellന്റെയും Emmeline Pankhurtsന്റെയും ഓര്‍മകള്‍ തങ്ങിനില്‍ക്കുന്ന മാഞ്ചസ്റ്ററിന്റെ മണ്ണില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ വനിതാ ദിനാഘോഷം. മാര്‍ച്ച് 16-ാം തിയതി ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ എം.എം.എയുടെ supplementary സ്‌കൂളില്‍ വെച്ചാണ് പരിപാടി.

Levenshulme Councillor Dzidra Noor മുഖ്യാതിഥി ആകുന്ന പരിപാടിയില്‍ വിവിധ കലാ പരിപാടികളും, വനിതകളുടെ അവകാശങ്ങളെ ക്കുറിച്ചുള്ള സെമിനാറും എം.എം.എയുടെ ബ്ലോഗിലേക്ക് (https://manchestermalayalee.wordpress.com/) നടന്ന കവിത, ചെറുകഥാ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും നടത്തപ്പെടുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് റീന വില്‍സണെ 07588561976 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

വിലാസം:
MMA
Cedar Mount Academy
50 Wembley Road
Gorton
Manchester M18 7DT

ന്യൂസ് ഡെസ്ക്

ബ്രെക്സിറ്റിന് കൂടുതൽ സമയം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടാൻ ബ്രിട്ടീഷ് പാർലമെൻറ് തീരുമാനിച്ചു. മൂന്നു മാസം സമയം വേണമെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് ബ്രെക്സിറ്റ് തിയതി ജൂൺ 30 ആയേക്കും. നിലവിൽ മാർച്ച് 29 ന് ബ്രെക്സിറ്റ് നടപ്പാകേണ്ടതാണ്. അടുത്തയാഴ്ച ബ്രെക്സിറ്റ് ഡീൽ വീണ്ടും പാർലമെൻറിൽ വോട്ടിനിടും. പാർലമെന്റ് ഇതംഗീകരിച്ചാൽ സാങ്കേതിക കാരണങ്ങളാൽ മൂന്നു മാസവും അതല്ലെങ്കിൽ കൂടുതൽ സമയവും ആവശ്യപ്പെടാനാണ് പ്രധാനമന്ത്രി തെരേസ മേ പദ്ധതിയിടുന്നത്.

യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുന്ന സമയപരിധിയിൽ മാറ്റം വരുത്തണമെങ്കിൽ യൂണിയനിലെ അംഗങ്ങളായ 27 രാജ്യങ്ങളുടെയും ഏകകണ്ഠേനയുള്ള തീരുമാനം ഉണ്ടാകണം. തക്കതായ കാരണങ്ങൾ ബ്രിട്ടൻ യൂറോപ്യൻ യൂണിയനു മുമ്പിൽ നിരത്തിയാൽ മാത്രമേ യൂറോപ്യൻ പാർലമെന്റ് ഇക്കാര്യം പരിഗണിക്കുകയുള്ളു.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ടുള്ള മറ്റൊരു റഫറണ്ടം വേണമെന്ന ആവശ്യം ബ്രിട്ടീഷ് പാർലമെൻറ് ഇന്ന് തള്ളിക്കളഞ്ഞു. ബ്രെക്സിറ്റിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ 412 എം പിമാർ പിന്തുണച്ചപ്പോൾ 202 എം പിമാർ എതിർത്തു.

ഓമ്നിയുടെ 2019-21 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനും ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനുമായി ഒരു ജനറല്‍ ബോഡി ഏപ്രില്‍ 7 ഞായറാഴ്ച വൈകിട്ട് 5.30ന് ചേരുവാന്‍ മാര്‍ച്ച് പത്തിന് നടന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമായി. പ്രസ്തുത യോഗത്തിലേക്ക് ഓമ്നിയുടെ അഭ്യുദയകാംക്ഷികളായ എല്ലാ സുഹൃത്തുക്കളേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സെക്രട്ടറി അറിയിച്ചു.

ന്യൂസ് ഡെസ്ക്

യൂറോപ്യൻ യൂണിയനിൽ നിന്ന് നോ ഡീൽ അടിസ്ഥാനത്തിൽ പിന്മാറാനുള്ള പദ്ധതിയ്ക്ക് ബ്രിട്ടീഷ് പാർലമെൻറ് അനുമതി നല്കിയില്ല. ഇന്ന് നടന്ന വോട്ടെടുപ്പിൽ നോ ഡീൽ ബ്രെക്സിറ്റ് പ്രമേയം എംപിമാർ 278 നെതിരെ 321 വോട്ടിന് തള്ളി. മാർച്ച് 29 ന് യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പിന്മാറുന്നതിന് മുന്നൊരുക്കമായി തയ്യാറാക്കിയ ഗവൺമെൻറ് ഡീൽ പാർലമെന്റിൽ ഇന്നലെ പരാജയപ്പെട്ടതിനെത്തുടർന്നാണ് നോ ഡീൽ പ്ളാൻ അവതരിപ്പിച്ചത്. പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച പുതിയ ബ്രെക്സിറ്റ് ഡീൽ പാർലമെൻറ് 242 നെതിരെ 391 വോട്ടുകൾക്കാണ് ഇന്നലെ തള്ളിയത്.

ജനുവരി 15 ന്  നടന്ന സമാനമായ വോട്ടെടുപ്പിലും തെരേസ മേ അവതരിപ്പിച്ച ഡീൽ പാർലമെൻറ് തള്ളിയിരുന്നു. 202 നെതിരെ 432 വോട്ടിനായിരുന്നു അന്ന് എംപിമാർ പാർലമെന്റിൽ ഡീൽ പരാജയപ്പെടുത്തിയത്. ഇതേത്തുടർന്നു യൂറോപ്യൻ യൂണിയനുമായി  ഉണ്ടാക്കിയ ഡീൽ മെച്ചപ്പെടുത്തുന്നതിനായി തെരേസ മേ മാരത്തൺ ചർച്ചകളാണ് നടത്തിയത്. ഐറിഷ് ബാക്ക് സ്റ്റോപ്പുമായി ബന്ധപ്പെട്ടാണ്  പ്രധാനമായും അഭിപ്രായ സമന്വയം ഉണ്ടാകാത്തത്. നിയമ പരിരക്ഷയോടെയുള്ള ഉറപ്പ് ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നല്കിയിട്ടുണ്ടെന്ന് തെരേസ മേ പാർലമെൻറിനെ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ ഭൂരിപക്ഷം എംപിമാരും തയ്യാറാകുന്ന ലക്ഷണമില്ല.

രണ്ടാം ദിവസവും തുടർച്ചയായി രണ്ടു വോട്ടിംഗുകളിൽ തെരേസ മേയുടെ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് പാർലമെൻറ് തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇനി രണ്ടു വഴികളാണ് ഗവൺമെന്റിന് മുൻപിലുള്ളത്. നോ ഡീൽ പ്രമേയം പാർലമെന്റ് തള്ളിയതുമൂലം നാളെ ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടാനുള്ള അനുമതിക്കായി തെരേസ മേ വീണ്ടും പാർലമെൻറിനോട് അഭ്യർത്ഥിക്കും. ആർട്ടിക്കിൾ 50 നടപ്പാക്കാൻ കൂടുതൽ സമയം ഇതിലൂടെ ലഭിക്കും. അനുമതി ലഭിച്ചാൽ യൂറോപ്യൻ യൂണിയനുമായി വീണ്ടും ഡീൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടിക്കിട്ടാൻ തെരേസ മേ യൂറോപ്യൻ പാർലമെൻറിനെ സമീപിക്കും. പാർലമെൻറ് അനുമതി നൽകാത്ത പക്ഷം മാർച്ച് 29 ന് യൂറോപ്യൻ യൂണിയനുമായി യാതൊരു കരാറും ഉറപ്പിക്കാതെ ബ്രിട്ടൺ പുറത്തുവരും.

ന്യൂസ് ഡെസ്ക്

യുകെയിൽ ജോലി തേടുന്ന വിദേശ നഴ്സുമാർക്ക് കൂടുതൽ അവസരമൊരുക്കുന്ന രീതിയിൽ ഹോം ഓഫീസ് വിസാ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നു. വിദേശ നഴ്സുമാർക്ക് യുകെയിൽ ടിയർ 2 വിസ ലഭിക്കാൻ വേണ്ട കുറഞ്ഞ ശമ്പളം 20,800 പൗണ്ട് എന്ന നിയമം 2021 ജനുവരി വരെ തുടരും. ടിയർ 2 ജനറൽ വിസയ്ക്ക് 30,000 പൗണ്ട് കുറഞ്ഞ ശമ്പളം വേണമെന്നാണ് നിലവിലുള്ള നിയമത്തിൽ നിന്നുള്ള ഇളവ് നീട്ടാൻ ഗവൺമെൻറ് തീരുമാനിച്ചു. 2018-19 ന്റെ മൂന്നാം ക്വാർട്ടറിൽ ഇംഗ്ലണ്ടിൽ മാത്രം 39,148 നഴ്സിംഗ് വേക്കൻസികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനു തൊട്ടുമുമ്പത്തെ ക്വാർട്ടറിൽ 42,370 ഒഴിവുകൾ ആണ് കണക്കാക്കിയിരുന്നത്.

2016 നവംബറിൽ നടപ്പിലാക്കിയ വിദേശ നഴ്സുമാരുടെ ശമ്പള സ്കെയിലിലെ ഇളവ് 2019 ജൂലൈയിൽ അവസാനിക്കേണ്ടതായിരുന്നു. സ്റ്റാഫ് ഷോർട്ടേജ് ചൂണ്ടിക്കാട്ടി നഴ്സിംഗ് യൂണിയൻ നേതാക്കൾ ഇതിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം ഗവൺമെന്റ് ഗൗരവമായി പരിഗണിക്കുകയായിരുന്നു. എന്നാൽ 2021 ജനുവരിയിൽ ഈ നിയമം റിവ്യൂ ചെയ്യുമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു.

പാരാമെഡിക്സ്, മെഡിക്കൽ റേഡിയോഗ്രാഫർ, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, മാണ്ടരിൻ ഭാഷ എന്നിവ പഠിപ്പിക്കുന്ന സെക്കണ്ടറി സ്കൂൾ ടീച്ചർമാർ എന്നിവർക്കും ഈ ഇളവ് ബാധകമാണ്. കുടിയേറ്റം നിയന്ത്രിക്കുന്നതിനൊപ്പം യുകെയിലെ അവശ്യ സർവീസുകളിൽ ആവശ്യത്തിന് വിദഗ്ദ തൊഴിലാളികളെ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് സാജിദ് ജാവേദ് പറഞ്ഞു.

മാഞ്ചസ്റ്റര്‍:എക്കാലവും വ്യത്യസ്തതയിലൂടെ മുന്നേറുന്ന മലയാള സംഘടനയാണ് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (എം.എം .എ). യു.കെയിലെ ഒട്ടുമിക്ക മലയാളിക്കൂട്ടായ്മകളും ഓണം, ക്രിസ്ത്മസ് ആഘോഷങ്ങളുമായി ഒതുങ്ങിക്കൂട്ടുമ്പോള്‍ അസീമമായ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തുകയാണവര്‍.

മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലുമായി ചേര്‍ന്ന് കഴിഞ്ഞ നാലുവര്‍ഷമായി മാഞ്ചസ്റ്റര്‍ ഫെസ്റ്റിവല്‍, മാഞ്ചസ്റ്റര്‍ ഡേ പരേഡ് തുടങ്ങിയവയിലുള്ള സഹകരണം തുടരുന്നതോടൊപ്പം കേരള വിനോദ സഞ്ചാര വകുപ്പുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത ”സാംസ്‌കാരിക വിനിമയം” പദ്ധതി വന്‍ വിജയത്തിലേക്കു നീങ്ങുന്നു. ബ്രിട്ടനിലെ കലാകാരന്മാരെ കേരളത്തിലെ കലാസാംസ്‌കാരിക വേദികളില്‍ പരിചയപ്പെടുത്തുന്നതോടൊപ്പം കേരളത്തിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ അഭിരുചികള്‍ ഇംഗ്ലീഷ് മണ്ണില്‍ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

സിറ്റി കൗണ്‍സിലിനുവേണ്ടി, വാക് ദി പ്ലാങ്കിന്നെയും, മാഞ്ചസ്റ്റര്‍ ഡേ പരേഡിന്റെ ക്രീയേറ്റീവ് ഡയറക്ടറിനെയും, കേരള വിനോദ സഞ്ചാര വകുപ്പിനുവേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്നത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആണ്. ഉത്തരവാദിത്ത ടൂറിസത്തില്‍ രാജ്യാന്തര പുരസ്‌കാരമായ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നു മാഞ്ചസ്റ്റര്‍ ഡേ പരേഡിന്റെ ക്രീയേറ്റീവ് ഡയറക്ടര്‍ കൂടിയായ ശ്രീമതി. കാന്‍ഡിഡ ബോയ്‌സ്, ലണ്ടനിലെ മീറ്റിംഗിനെ തുടര്‍ന്ന്, കേരളത്തിലെത്തി ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനെ സന്ദര്‍ശിച്ചിരുന്നു. ടൂറിസം മിഷന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കലാകാരന്മാര്‍ക് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുമെന്നതിനാലും കേരള ടൂറിസത്തിന് മാര്‍ക്കറ്റിംഗില്‍ ലഭിക്കുന്ന അനന്തമായ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടും സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് ശ്രീമതി. കാന്‍ഡിഡ ബോയ്‌സിനെ കേരളത്തിലേക്ക് ക്ഷണിച്ചത്. തുടര്‍ന്ന് നടന്ന കൂടിക്കാഴ്ച്ചയില്‍ ഒരു ദീര്‍ഘകാല കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആവിഷ്‌കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കേരളത്തിലെ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും ഒരുപോലെ ഗുണപരമാകുമെന്ന പ്രതീക്ഷയില്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ സഹകരണത്തെ മന്ത്രി പ്രത്യേകം പ്രശംസിച്ചു.

വൈക്കത്തെയും തിരുവന്തപുരം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളിലെയും ഉത്തരവാദിത്ത ടൂറിസം മിഷന് യൂണിറ്റുകള്‍ മിഷന് കോ-ഓര്‍ഡിനേറ്റര്‍ രൂപേഷ് കുമാര്‍ ശ്രീമതി. കാന്‍ഡിഡ ബോയ്‌സിന് നേരില്‍ കാണിച്ച് പരിചയപ്പെടുത്തിയിരുന്നു. ഈ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ തെയ്യത്തിന്റെ മുഖരൂപങ്ങള്‍ ഉണ്ടാക്കുന്നവര്‍, യക്ഷഗാനീ, ബൊമ്മയാട്ടം, തീയാട്ട് കളം, കഥകളി എന്നിവ ഉള്‍പ്പെടയുള്ള വിവിധ കലാപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച അവര്‍ ഇതില്‍ നിന്നും ഒന്നാം ഘട്ടമെന്ന നിലയില്‍ പ്രസ്തുത കലാരൂപങ്ങളുടെ ത്രിമാന നിര്‍മ്മിതികള്‍ ഈ വര്‍ഷത്തെ മാഞ്ചസ്റ്റര്‍ ഡേ പരേഡിന്റെ മുഖ്യ ആകര്‍ഷണമായി മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് പ്രോഗ്രാമില്‍ ഭാഗമാക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ തെരെഞ്ഞടുത്ത കാസര്‍കോട് നിന്നുള്ള ആര്‍.ടി മിഷന്‍ കള്‍ച്ചറല്‍ ഗ്രൂപ്പ് അംഗമായ ശ്രീ. അനില്‍ കാര്‍ത്തികയെയും കൊല്ലം ചന്ദനത്തോപ്പിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗില്‍ നിന്നുള്ള രണ്ടു കലാ വിദ്യാര്‍ത്ഥികളെയും മാഞ്ചസ്റ്റര്‍ ഡേ പാരഡിലെ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫ്‌ളോട്ടുകള്‍ ഡിസൈന്‍ ചെയ്യുവാന്‍ ക്ഷണിച്ചത്.

തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റും പ്രമുഖ ടൂര്‍ കമ്പനിയായ ഇന്റര്‍സൈറ്റ് ഹോളിഡേയ്‌സിന്റെ യൂറോപ്യന്‍ പ്രതിനിധിയുമായ ശ്രീ. വില്‍സണ്‍ മാത്യു മന്ത്രിക്കു ഔദ്യോഗിക ക്ഷണക്കത്ത് കൈമാറി. ചടങ്ങില്‍ കേരളാ ടൂറിസം വകുപ്പ് സിറ്റി കൗണ്‍സിലിന്റെ സഹകരണത്തോടെ നടത്തുന്ന ”കേരളാ ഫെസ്റ്റിവല്‍ 2020’യുടെ ഔദ്യോഗിക പ്രഖ്യാപനവും നടത്തപ്പെട്ടു. ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് IAS,ടൂറിസം ഡയറക്ടര്‍ ഡോ ബാലകിരണ്‍ IAS, ശ്രീ മോഹന്‍ലാല്‍ IFS (ചെയര്‍മാന്‍ കെ.ടി.ഐ.എല്‍), ശ്രീ രൂപേഷ്‌കുമാര്‍ (റെസ്‌പോണ്‍സിബിള്‍ ടൂറിസം കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ സന്നിഹിതരായിരുന്നു . തെരെഞ്ഞെടുക്കപ്പെട്ട കലാപ്രവര്‍ത്തകര്‍ക്കുള്ള മുഴുവന്‍ ചിലവുകളും മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലും ആര്‍ട്ട് കൗണ്‍സിലും ചേര്‍ന്നു വഹിക്കും.

 

കേരളടൂറിസവും ഉത്തരവാദിത്ത ടൂറിസം മിഷനും മാഞ്ചസ്റ്റര്‍ ിറ്റിയും ചേര്‍ന്ന് ഒരു ദീര്‍ഘകാല കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് തുടക്കമിടാന്‍ അവസരം ലഭിച്ചത് കേരളത്തിലെ കലാപ്രവര്‍ത്തകര്‍ക്കു പ്രത്യേകിച്ചും കേരള ടൂറിസത്തിനു പൊതുവിലും വലിയ കുതിച്ചു ചാട്ടത്തിനു സഹായകമാകും. സംസ്ഥാന ടൂറിസത്തിനും ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തങ്ങള്‍ക്കും ലഭിച്ച വലിയ അംഗീകാരമായി ഈ കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ചു പ്രോഗ്രാമിനുള്ള ക്ഷണത്തെ വിലയിരുത്താം. ടൂറിസം മേഖലയില്‍ സംസ്ഥാനത്ത് നടക്കുന്ന കള്‍ച്ചറല്‍ എക്‌സ്പീരിയന്‍സ് പ്രവര്‍ത്തനങ്ങള്‍ ഇതോടെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരാനുള്ള സാധ്യതയേറി.

മുന്നോട്ടു വെക്കുന്ന ഉദ്യമങ്ങള്‍ക്കു അംഗങ്ങളില്‍ നിന്നും ലഭിക്കുന്ന പൂര്‍ണ സഹകരണമാണ് ഇത്തരം പദ്ധതികളുടെ വിജയത്തിന് നിദാനമെന്നു സെക്രട്ടറി ശ്രീ അരുണ്‍ചന്ദ് അവകാശപ്പെട്ടു. 350 ഓളം അംഗങ്ങളും നൂറിലേറെ കുട്ടികള്‍ പഠിക്കുന്ന സപ്ലിമെന്ററി സ്‌കൂളും മുതല്‍ക്കൂട്ടായുള്ള മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ഇതര മലയാളി സംഘടനകള്‍ക്കും മാതൃകയാവുമെന്നു പ്രത്യാശിക്കുന്നതായി പ്രസിഡന്റ് അനീഷ് കുര്യന്‍ അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved