Uncategorized

ബിനോയി ജോസഫ്

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന നഗരത്തിൽ നിന്നും സാമൂഹിക നവോത്ഥാനത്തിനായി മലയാളികളുടെ ശബ്ദം ഉയരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബിംഗിൽ ഏറ്റവും നാശനഷ്ടങ്ങൾ നേരിട്ട ബ്രിട്ടണിലെ അതിപുരാതന തുറമുഖ നഗരവും  അടിമവ്യാപാരത്തിന് അന്ത്യം കുറിപ്പിച്ച വിൽബർ ഫോഴ്സിന്റെ ജന്മനാടുമായ ഹള്ളിൽ നിന്നും ആധുനിക യുഗത്തിലും പിന്തുടരുന്ന ആർഷഭാരതത്തിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിക്കുന്ന കവിത ലോക ശ്രദ്ധ നേടുന്നു. ഇരുന്നൂറ് വർഷങ്ങളിലേറെയായി നിലനിന്ന അടിമ വ്യാപാരത്തിന് അറുതി വരുത്താൻ 1833 ൽ സ്ളേവ് ട്രേഡ് ആക്ട് നിലവിൽ വരുന്നതുവരെ പടപൊരുതിയ വില്യം വിൽബർഫോഴ്‌സിന്റെ യശസാൽ പ്രസിദ്ധമായ ഈസ്റ്റ് യോർക്ക് ഷയറിന്റെ ഹൃദയ നഗരത്തിൽ നിന്നും ലോക മനസാക്ഷിയ്ക്കു മുന്നിലേക്ക് മാറ്റത്തിന്റെ ചിന്തകൾ “അശുദ്ധ ആർത്തവം” എന്ന കവിതയിലൂടെ പങ്കു വയ്ക്കുകയാണ് മലയാളികളായ സ്റ്റീഫൻ കല്ലടയിലും സാൻ ജോർജ് തോമസ് മമ്പലവും. അതിപ്രശസ്തമായ സംസ്കാരങ്ങളുറങ്ങുന്ന നമ്മുടെ നാടിന്റെ ദയനീയമായ ഒരു ആധുനിക നേർക്കാഴ്ചയോടുള്ള ആത്മ രോഷം ആ വരികളിൽ തുളുമ്പുന്നു.

ഭാരത ജനത വളർച്ചയുടെ പടവുകൾ താണ്ടുമ്പോഴും ഇന്നും നിശബ്ദമായി സമൂഹം അടിച്ചേൽപ്പിക്കുന്ന നിർദ്ദയവും പ്രാകൃതവുമായ ആചാരങ്ങൾക്കെതിരെ ഉഴവൂർ സ്വദേശിയായ സ്റ്റീഫൻ രചിച്ച ഹൃദയവേദനയിൽ ചാലിച്ച കവിതയ്ക്ക്, സുന്ദരമായ ശബ്ദവ്യതിയാനങ്ങളിലൂടെ മാറ്റത്തിനായുള്ള മുറവിളിയുടെ പ്രതിധ്വനി  മനുഷ്യ കർണ്ണങ്ങളിൽ  ആലാപനത്തിന്റെ തീവ്രതയാല്‍ സന്ദേശമായി പകർന്നു നല്കിയത് സാൻ ജോർജ് തോമസ് മമ്പലമാണ്. ആർത്തവത്തിന്റെ ദിവസങ്ങളിൽ സാമൂഹികാചാരമനുസരിച്ച് മാറ്റി പാർപ്പിക്കപ്പെടുകയും അതിനിടയിൽ മരം വീണ് അകാല മൃത്യു വരിക്കുകയും ചെയ്ത തഞ്ചാവൂരിലെ പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു കണ്ണീർ പ്രണാമമർപ്പിച്ചുകൊണ്ടാണ് സ്റ്റീഫൻ തന്റെ കവിത ലോകത്തിന് സമർപ്പിക്കുന്നത്.

“മകളെ നീയും നിന്റെയാർത്തവുമശുദ്ധമാ… പെണ്ണാണ് നീ വെറും പെണ്ണ്, ആണിന്നടിമയാം പെണ്ണ്..” എന്നീ വരികളിലൂടെ സമൂഹ മനസാക്ഷിയുടെ വിധിയ്ക്കായി,  ഇന്നിന്റെ അനാചാരങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. സ്ത്രീകൾ അബലകളാണെന്നും പിറന്നു വീഴും നിമിഷം മുതൽ പുരുഷനാൽ അടിച്ചമർത്തപ്പെടേണ്ടവളാണെന്നുമുള്ള നാട്ടുനടപ്പുകൾക്ക് എതിരേയുള്ള ഹൃദയത്തിന്റെ ഭാഷയിലുള്ള രോഷപ്രകടനം കവിതയിൽ നിറയുന്നു. “ശുദ്ധരിൽ ശുദ്ധരാം ദൈവങ്ങൾക്കാവുമോ കേൾക്കുവാൻ… അശുദ്ധരിൽ അശുദ്ധയാം ഋതുമതി നീട്ടുമീയർത്ഥന.. ആര്‍ത്തവ പെണ്ണിനാ ദേവനെ ഒരു നോക്കുകാണാന്‍… കാലവും മാറി കോലവും പിന്നെ നിൻ ചിന്തകളും.. മാറാത്തത് ഈ പെണ്ണെന്ന വാക്കിന്റെ അർത്ഥമതൊന്നു മാത്രം..” കവിതയിലെ വരികൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു.

അ. ആര്‍ത്തവം കവിത

മാനവരാശിയുടെ നിലനില്പിനായി പ്രകൃതി സ്ത്രീകൾക്കായി കനിഞ്ഞു നല്കിയ വരദാനങ്ങൾ, അവരെ ചൊൽപ്പടിക്കു നിർത്താനുള്ള കുറുക്കുവഴികളാക്കുന്ന ആധുനിക സമൂഹത്തിന്റെ നേർക്കാഴ്ചയാണ് ഈ കവിത. ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്നു. “ലണ്ടൻ ജംഗ്ഷൻ” എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. “അ. ആർത്തവം” എന്ന പേരിൽ  യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത കവിത മനോഹരമായി ആലപിച്ച സാൻ മമ്പലം കഴിഞ്ഞ വർഷത്തെ യുക്മ സ്റ്റാർ സിംഗർ വിജയിയാണ്. പ്രശസ്ത ഗായകനായ ജി. വേണുഗോപാലിന്റെ പ്രശംസ ലഭിച്ച ശബ്ദസൗന്ദര്യത്തിന്റെ ഉടമയായ സാൻ എന്ന യുവഗായകന്റെ തീക്ഷ്ണമായ ആലാപനം കവിതയെ കൂടുതൽ മികവുറ്റതാക്കി. 2017, 2018 വർഷങ്ങളിൽ യുക്മ നാഷണൽ കലാമേളയിൽ കലാപ്രതിഭയായി തിളങ്ങിയ സാൻ എഞ്ചിനീയറിംഗിൽ മാസ്റ്റേർസ് ഡിഗ്രി ഹോൾഡറാണ്.  ഗോഡ് സൺ സ്റ്റീഫൻ എഡിറ്റിംഗ് നിർവ്വഹിച്ച കവിതയ്ക്ക് അഭിനന്ദനങ്ങളുമായി നൂറുകണക്കിനാളുകളാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.

ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ(ലിമ) ഓണാഘോഷവും ഈസ്റ്റര്‍ വിഷു ആഘോഷവും ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചതായി ലിമ പ്രസിഡന്റ് ഇ.ജെ കുര്യാക്കോസ് അറിയിച്ചു. ഈസ്റ്റര്‍, വിഷു ആഘോഷം ഏപ്രില്‍ 28ന് വിസ്റ്റോണ്‍ ടൗണ്‍ ഹാളില്‍ വെച്ച് നടക്കും.

വിപുലമായ കലാപരിപാടികളോടെ ഓണാഘോഷം സെപ്റ്റംബര്‍ 21നും നടക്കുമെന്നും ഈ പരിപാടികളിലേക്ക് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികളെയും ആദരവോടെ ഷണിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.

2018 ഓഗസ്റ്റ് മാസത്തിലായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയുണ്ടായത്. അവസരത്തിനൊത്ത് ഉയര്‍ന്ന യുകെകെസിഎ അതിന്റഎ 51 യൂണിറ്റുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ദുരിതാശ്വാസ ഫണ്ട് സമാഹരണം നടത്തി. യുകെകെസിഎയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഇത്തരമൊരു ബൃഹത്തായ ധനസമാഹരണം നടത്തിയത്, ഏകദേശം 20,000 പൗണ്ടോളം ഇതിലേക്ക് സമാഹരിക്കാന്‍ കഴിഞ്ഞു. പ്രളയം കശക്കിയെറിഞ്ഞ ജീവിതങ്ങളെ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വിവേചനമില്ലാതെ ആവുന്നത്ര സഹായിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടവരെയാണ് സഹായിക്കുവാന്‍ മുന്‍കയ്യെടുത്തത്. അതിലൂടെ 47 കുടുംബങ്ങള്‍ക്കാണ് യുകെകെസിഎ അത്താണിയായി മാറിയത്. 110 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് അര്‍ഹരായവരെ കണ്ടെത്താന്‍ നിയോഗിച്ച് സഹായം അവരുടെ അക്കൗണ്ടില്‍ നേരിട്ടെത്തിക്കുകയായിരുന്നു. ധനസഹായം കരിപ്പാടം പള്ളി വികാരി ഫാ.ബിജു പല്ലോന്നി, പള്ളിത്തിരുനാള്‍ കലാസന്ധ്യയോടനുബന്ധിച്ച് നവംബര്‍ 21-ാം തിയതി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വെറും 40 ദിവസങ്ങള്‍ കൊണ്ട് സമാഹരിച്ച തുക മുഴുവന്‍ വിതരണം നടത്തുവാന്‍ കഴിഞ്ഞത് സെന്‍ട്രല്‍ കമ്മിറ്റിയുടെ എടുത്തു പറയുവാന്‍ കഴിയുന്ന നേട്ടങ്ങളില്‍ ഒന്നു മാത്രമാണ്. ഇതില്‍ പങ്കുകൊണ്ട എല്ലാ ക്‌നാനായ സമുദായാംഗങ്ങളെയും നന്ദിയോടെ സ്മരിക്കുന്നുവെന്ന് ജോയിന്റ് സെക്രട്ടറി സണ്ണി ജോസ് രാഗമാലിക പറഞ്ഞു.

ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രൂ മലയാളി അസോസിയേഷന്‍ (HMA) മുന്‍വര്‍ഷങ്ങളുടെ തുടര്‍ച്ചയായി ഉദയം 2019 എന്ന സംഗീത, നൃത്ത ഹാസ്യ പ്രാധാന്യമുള്ള പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 12 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വെസ്റ്റ് ലണ്ടനിലെ Feltham Springwest അക്കാഡമിയിലാണ് പരിപാടി.

ആധുനിക കേരള ദര്‍ശിച്ച മഹാപ്രളയത്തില്‍ സംഘടന സമാഹരിച്ച 6100 പൗണ്ട് സംഭാവന ഉള്‍പ്പെടെ രോഗികള്‍ക്കും നിര്‍ധനര്‍ക്കും മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എച്ച്എംഎയുടെ നേതൃത്വത്തില്‍ നടത്തി വരുന്നു. ബ്രിട്ടനിലെ വളര്‍ന്നു വരുന്ന മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും ആവലാതികള്‍ക്കുമൊപ്പം എന്നും നിലകൊണ്ടിട്ടുള്ള സംഘടന മലയാളികള്‍ക്ക് മാത്രമല്ല ഭാരതത്തിനും അഭിമാനമാണ്. ഒരു വലിയ ജനസമൂഹത്തെ പ്രതീക്ഷിക്കുന്ന ഈ സന്ധ്യയില്‍ നിങ്ങളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ഉറപ്പു വരുത്തുക.

കേരളത്തിന്റെ തനതായ ഭക്ഷണക്കൂട്ടുകളുടെ ഒരു കലവറ തന്നെ സംഘാടകര്‍ ഒരുക്കുന്നുണ്ട്.

അംഗബലം കൊണ്ടും സംഘടനാ പ്രവര്‍ത്തങ്ങള്‍കൊണ്ടും ഓക്‌സ്‌ഫോര്‍ഡിലെ ഏറ്റവും വലിയ സംഘടനയായ ഓക്സ്മാസിന്റെ ക്രിസ്തുമസ്, പുതുവത്സരാഘോഷം നിറഞ്ഞ സദസില്‍ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. യേശുക്രിസ്തുവിന്റെ തിരുപ്പിറവി വിളിച്ചറിയിക്കുന്നു കരോളില്‍ ഗായകസംഘത്തിന്റെ അകമ്പടിയോടു കൂടി ക്രിസ്തുമസ് പാപ്പാ (വര്‍ഗീസ് ജോണ്‍) വേദിയില്‍ എത്തി ക്രിസ്തുമസ് സന്ദേശം നല്ലിയതോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. സമാജം പ്രസിഡന്റ് ജോബി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തില്‍ സെക്രട്ടറി സജി തെക്കേക്കര സ്വാഗതവും പ്രമോദ് കുമരകം, ബിനോയ് വര്‍ഗീസ്, മീന മനോജ് ആശംസകളും പ്രിന്‍സി വര്‍ഗീസ് നന്ദിയും അറിയിച്ചു.

നമ്മുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും പൈതൃ കത്തെയും വരും തലമുറയിലേക്കു കൈമാറുന്നതിനും, സമാജ അംഗങ്ങള്‍ തമ്മില്‍ ഉള്ള പരസ്പര സ്‌നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാന്‍ ഇങ്ങനെയുള്ള ആഘോഷങ്ങള്‍ സഹായകമാകട്ടെ എന്ന് സെക്രട്ടറിയും, നമ്മുടെ സമൂഹത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെയും പരിപാടികളെ പറ്റിയും പ്രസിഡന്റ് യും സൂചിപ്പിക്കുകയും കലാപരിപാടികളുടെ വിജയത്തിന് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു വരുന്ന ആര്‍ട്‌സ് കോര്‍ഡിനേറ്റേഴ്സ് ശ്രീ. രൂപേഷ് ജോണ്‍, ജിനിതാ നൈജോ, സോണിയ സന്തോഷ് എന്നിവരെ പൊതുയോഗത്തില്‍ അനുമോദിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന കലാ പരിപാടികളുടെ ആദ്യ ഇനമായ ഓക്സ്മാസ് ഡാന്‍സ് അക്കാദമിയിലെ 60ല്‍പരം കുട്ടികളെ അണിനിരത്തി സുജാത ടീച്ചര്‍ അണിയിച്ചൊരുക്കിയ വെല്‍ക്കം ഡാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ സദസിനെ വിസ്മയം കൊള്ളിച്ചു, കൂടാതെ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടുന്നതിനു വേണ്ടി നയനമനോഹരങ്ങളായ നൃത്തനൃത്യങ്ങള്‍, രസകരങ്ങളായ സ്‌കിറ്റുകള്‍, കോമഡി പരിപാടികള്‍, ശ്രവണ സുന്ദരമായ ഗാനങ്ങള്‍, ഭക്തിനിര്‍ഭരമായ കരോള്‍ ഗാനങ്ങള്‍, സിനിമാറ്റിക് ബാലേ എല്ലാം തികച്ചും അംഗങ്ങളെ ആനന്ദത്തില്‍ ആറാടിച്ചു. ഇതോടൊപ്പം ഓക്സ്മാസ് ഡാന്‍സ് അക്കാദമി കുട്ടികളുടെ ഗ്രേഡ് എക്സാമിനേഷന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തുകയുണ്ടായി.

സംഘടനാ പ്രവര്‍ത്തനത്തില്‍ അംഗങ്ങളുടെ സംഘ ബോധത്തില്‍ പരസ്പര സഹകരണത്തില്‍ യുകെയിലെ വലിയ സമാജങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഓക്സ്മാസ് വേറെ ഒരു സഘടനകളുടെയും പിന്‍ബലമില്ലാതെ അതിന്റെ ജൈത്രയാത്ര തുടരുകയാണ്. സമാജ അംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണം ഒന്നുമാത്രമാണ് ഓക്സ്മാസിന്റെ പ്രവര്‍ത്തന വിജയമെന്ന് ഒരിക്കല്‍ കൂടി തെളിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ്. ഏപ്രില്‍ 27 നടക്കുന്നു ഈസ്റ്റര്‍ &വിഷു ആഘോഷവേളയില്‍ കൂടുതല്‍ കരുത്തോടെ ഐക്യത്തോടെ കാണാമെന്ന വിശ്വാസത്തോടെ ആഘോഷപരിപാടികള്‍ അവസാനിച്ചു.

ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷവും പോതുയോഗവും ഇന്നു നടന്നു. യോഗത്തില്‍ വെച്ച് വരുന്ന ഒരു വര്‍ഷത്തെക്കുള്ള പുതിയ നേതൃത്വത്തെയും തെരഞ്ഞെടുത്തു. കഴിഞ്ഞ ശനിയാഴ്ച ലിവര്‍പൂളിലെ ഐറിഷ് ഹാളിലാണ് പരിപാടികള്‍ നടന്നത്. ഇ.ജെ കുര്യാക്കോസിനെ പ്രസിഡന്റായും എല്‍ദോസ് സണ്ണി സെക്രട്ടറിയായും ബിനു വര്‍ക്കി ട്രഷറായുമുള്ള 12 അംഗ കമ്മറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഹരികുമാര്‍ ഗോപാലന്‍ പി.ആര്‍.ഒ ആയി തുടരും.

ലിമ മുന്‍ പ്രസിഡന്റ് ടോം ജോസ് തടിയംപാടിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍, ജോഷ്വ ബിജു ക്രിസ്തുമസ് സന്ദേശം നല്‍കി. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മുന്‍ സെക്രട്ടറി ബിജു ജോര്‍ജ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം ലിമ നടത്തിയ പരിപാടികള്‍ അക്കമിട്ടു നിരത്തിയിരുന്നു. ട്രഷര്‍ ബിനു വര്‍ക്കി കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവു കണക്കുകള്‍ അവതരിപ്പിച്ചു. മാത്യു എബ്രഹാം ഇന്‍ഷുറന്‍സ് പോളിസികളെപറ്റി വളരെ അറിവ് പകരുന്ന ഒരു ക്ലാസ്സ് നല്‍കി.

കഴിഞ്ഞ ഒരു വര്‍ഷം ലിമക്ക് നേതൃത്വം കൊടുത്ത പ്രസിഡന്റ് ടോം ജോസ് തടിയംപാട് സെക്രട്ടറി ബിജു ജോര്‍ജ്, ട്രഷര്‍ ബിനു വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കമ്മിറ്റി ഒട്ടേറെ പുതിയ പുതിയ പരിപാടികള്‍ സംഘടിപ്പിച്ചും വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കു ചാരിറ്റി നടത്തിയും കൂടാതെ വളരെ ബൃഹത്തായ ഓണപരിപടിയും, വിഷു, ഈസ്റ്റര്‍ പരിപാടിയും സംഘടിപ്പിച്ചു കാലാവധി പൂര്‍ത്തിയാക്കിയാണ് പിരിഞ്ഞത്.

ഈ വര്‍ഷം ലിമ നടത്താന്‍ പോകുന്ന ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഇ.ജെ കുര്യാക്കോസ് പറഞ്ഞു.

അശാന്തിയും അരാജകത്വവും അധികാര ഭ്രമവും അന്ധവിശ്വാസങ്ങളും വിദ്വേഷങ്ങളും അതിന്റെ പാരമ്യതയില്‍ നിറഞ്ഞാടുന്ന ഈ നൂറ്റാണ്ടിലും ശാന്തിയുടെയും സമാധാനത്തിന്റെയും വിനയത്തിന്റെയും സര്‍വ്വോപരി പരസ്പര സ്‌നേഹത്തിന്റെയും മറ്റൊരോര്‍മ്മപ്പെടുത്തലുമായി ഒരിക്കല്‍ കൂടി നാമെല്ലാം ക്രിസ്തുമസ് ആഘോഷിച്ചു. പതിവു തെറ്റാതെ പുതുപുത്തന്‍ പ്രതീക്ഷകളും തീരുമാനങ്ങളുമായി പുത്തനുണര്‍വോടെ നാമെല്ലാം പുതുവര്‍ഷത്തെ പുല്‍കി.

കാലിത്തൊഴുത്തില്‍ പിറന്നവനെ ഡിജിറ്റല്‍ പുല്‍ക്കൂട്ടില്‍ വീണ്ടും പുനര്‍ജനിപ്പിക്കുന്നവരും ദരിദ്രനായി പിറന്നവന്റെ ജന്മദിനം സമ്പന്നതയുടെ ധാരാളിപ്പായി മാറിയതുമെല്ലാം വിധി വൈരുധ്യം എന്നല്ലാതെന്തു വിളിക്കും. കലാകേരളം ഗ്ലാസ്‌ഗോയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്‍വര്‍ഷങ്ങളേക്കാള്‍ ഇരട്ടിതിളക്കമുണ്ട് കാരണം ഗ്ലാസ് ഗോയിലെ 40 കുടുംബങ്ങള്‍ ചേര്‍ന്നുള്ള ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ 20 ലക്ഷത്തിലധികം രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഈ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടത്തിയത്.

പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന എറണാകുളം ജില്ലയിലെ കാലടിയില്‍ പുതിയ രണ്ടു വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രളയകാലത്ത് ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലെ മുപ്പതിലധികം ദുരിതാശ്വസ ക്യാമ്പുകളില്‍ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എത്തിക്കുവാനും ഭാഗികമായി തകര്‍ന്ന രണ്ടു വീടുകള്‍ പുനരധിവാസ യോഗ്യമാക്കി നല്‍കുവാനും കലാകേരളം സംഘടനയ്ക്ക് സാധിച്ചു. ഇതു കൂടാതെ എറണാകുളം ജില്ലയിലെ വെട്ടിക്കുഴിയിലുള്ള സ്മയില്‍ വില്ലേജിലെ 60ല്‍പ്പരം അന്തേവാസികള്‍ക്കായി ക്രിസ്മസ് ആഘോഷവും സ്‌നേഹവിരുന്നും ഒരുക്കി.

കലാകേരളം ഗ്ലാസ് ഗോയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ് സഹകരിച്ച എല്ലാ സുമനസ്സുകള്‍ക്കും അകമഴിഞ്ഞ നന്ദിയും, പുല്‍ക്കൂട്ടില്‍ പിറന്നവന്റെ കൃപാകടാക്ഷവും നേരുന്നതോടൊപ്പം ഏവര്‍ക്കും ക്രിസ്തുമസ്സ് – നവവത്സരാഘോഷരാവിലേയ്ക്ക് ഹൃദ്യമായ സ്വാഗതം. ഇന്ന് (04/01/2019) വൈകുന്നേരം 5 മണിക്ക് കോട്ട് ബ്രിഡ്ജിലുള്ള സെന്റ് മേരീസ് പള്ളി ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ആഘോഷ വേളയില്‍ മാജിക് ഷോ, ഡിസ്‌ക് ജോക്കി (DJ), കരോള്‍ സിംഗിങ്ങ്, മറ്റു കലാപരിപാടികളും സ്‌നേഹവിരുന്നും നടത്തപ്പെടുന്നു.

വിലാസം

St Mary’s chapel
10 Hozier St
Coatbridge
ML5 4DB.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ആദൃമായി ഇംഗ്ലീഷ് സമൂഹത്തിനു വേണ്ടി നടത്തിയ ചാരിറ്റി നോറിസ് ഗ്രീന്‍ സെന്റ്‌റ് ട്രീസ പള്ളിയില്‍ എത്തി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് വികാരി ഫാദര്‍ ക്രിസ് ഫാളോനെ ഏല്‍പിച്ചു. ഇത്രയും വികസിച്ച രാജ്യത്ത് എങ്ങനെയാണു പട്ടിണി അനുഭവിക്കുന്നവര്‍ ഉണ്ടാകുന്നത് എന്ന് അച്ചനോട് ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെ നയമാണ് ഇങ്ങനെ ഉണ്ടാകാന്‍ കാരണം എന്ന് പറഞ്ഞു. ബെനിഫിറ്റുകള്‍ മാക്‌സിമം കുറച്ചു ആളുകളെ ജോലിയിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പണിയെടുക്കാന്‍ കഴിയാത്തവര്‍ ഇവിടെ കഷ്ട്ടപ്പെടുന്നു എന്നതാണ് വസ്തുത.സര്‍ക്കാര്‍ നടപ്പിലാക്കിയ യുണിവേഴ്‌സല്‍ ക്രെഡിറ്റ് എന്ന പദ്ധതി വന്നതോടെ ആഴ്ചയില്‍ കിട്ടിയിരുന്ന ബെനിഫിറ്റ് മാസത്തിലാക്കിയതും പട്ടിണിക്ക് കാരണമായിട്ടുണ്ടെന്ന് അച്ചന്‍ പറഞ്ഞു. നിങ്ങള്‍ എങ്ങനെയാണു 521 പൗണ്ട് കളക്റ്റു ചെയ്തത് എന്ന് അച്ചന്‍ ചോദിച്ചു. ഞങ്ങളുടെ സമൂഹത്തില്‍ നിന്നുമാണ് പണം ശേഖരിച്ചത് എന്നു പറഞ്ഞപ്പോള്‍ അവരെ എല്ലാവരെയും നന്ദി അറിയിക്കണമെന്ന് ഫാദര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവങ്ങള്‍ക്കു മുന്‍പ് പള്ളിയില്‍ ആള്‍ട്ടര്‍ സര്‍വീസില്‍ പങ്കെടുക്കുന്ന എന്റെ കുട്ടികളെ പള്ളിയില്‍ കൊണ്ടുപോകണമെന്ന് ജോലിയില്‍ ആയിരുന്ന ഭാര്യ അവശ്യപ്പെട്ടതു കൊണ്ടാണ് പള്ളിയില്‍ പോയത്. അച്ചന്റെ പ്രസംഗത്തില്‍ പള്ളിക്കു ചുറ്റും ഇരുപതു കുടുംബങ്ങള്‍ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്നു എന്നറിയിച്ചു. ഒരുവീട്ടില്‍ രണ്ടു കുഞ്ഞു കുട്ടികള്‍ പട്ടിണി അനുഭവിക്കുന്നു. അവരുടെ പിതാവ് രോഗിയാണ്. ചില കുടുംബങ്ങള്‍ ഭക്ഷണവും വസ്ത്രവും കറണ്ടും ഗ്യാസും ഹീറ്ററും ഇല്ലാതെ വളരെ ബുദ്ധിമുട്ടി കഴിയുന്നു. മറ്റൊരു വീട്ടില്‍ ഒരു പ്രായമായ സ്ത്രീക്ക് ഒരു ജോഡി ഡ്രസ്സ് മാത്രമാണുള്ളത്. അത് കഴുകിയിട്ട് നാളുകള്‍ ഏറെയായിയെന്ന് ഫാദര്‍ ക്രിസ് ഫാളോന്‍ കുര്‍ബാനക്കിടയില്‍ പറഞ്ഞപ്പോള്‍ ആ വിവരം ഞാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളെ അറിയിച്ചു. അവരെല്ലാം പറഞ്ഞു നമ്മള്‍ ഇപ്പോള്‍ ചാരിറ്റി നടത്തിയാല്‍ വിജയിക്കില്ല. കാരണം ചാരിറ്റി കൊടുത്തു മടുത്തു നില്‍ക്കുകയാണ് ഇവിടുത്തെ ആളുകള്‍. തന്നെയുമല്ല നമ്മളുടെ ഒരു ചാരിറ്റി ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ എന്നും അംഗങ്ങള്‍ ഓര്‍മിപ്പിച്ചു.

നമ്മള്‍ ശ്രമിച്ചാല്‍ ഒരു 500 പൗണ്ട് എങ്കിലും പിരിച്ചു കൊടുക്കാന്‍ കഴിയും. ദാരിദ്ര്യവും പട്ടിണിയും കണ്ടിട്ട് നമുക്ക് എങ്ങനെ മാറിനില്‍ക്കാന്‍ കഴിയുമെന്ന കണ്‍വീനര്‍ സാബു ഫിലിപ്പിന്റെ വാക്കുകള്‍ ശരിവച്ചുകൊണ്ടാണ് ഞങ്ങള്‍ ഈ ചാരിറ്റി ആരംഭിച്ചത്. എത്ര കൊടുത്തു എന്നതല്ല എന്തെങ്കിലും കൊടുക്കാന്‍ ശ്രമിച്ചോ എന്നതാണ് നാം ശ്രദ്ധിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

പട്ടിണിയും കഷ്ടപ്പാടും അനുഭവിച്ച ഞങ്ങള്‍ക്ക് അതില്‍ ഇടപെടാതെ മുഖം തിരിച്ചു നടക്കാന്‍ കഴിഞ്ഞില്ല അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ഈ ചാരിറ്റി നടത്താന്‍ തീരുമാനിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ചാരിറ്റികളില്‍ ഏറ്റവും ചെറിയ തുകയാണ് ഈ ചാരിറ്റിയില്‍കൂടി ലഭിച്ച 521 പൗണ്ട്. പക്ഷേ ഞങ്ങള്‍ ജീവിക്കുന്ന ഈ സമൂഹത്തിനു വേണ്ടി ഇത്രയും എങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. ഞങ്ങളുടെ ഈ എളിയ പ്രവൃത്തിയെ സഹായിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശവിവേകമുള്ളു.

ഹരികുമാര്‍ ഗോപാലന്‍

ഇന്നു കൂടിയ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ കമ്മറ്റി വരുന്ന ശനിയാഴ്ച്ച നടക്കുന്ന ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ ഒരു വര്‍ഷം ലിമ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചിലവ് കണക്കുകളും അംഗീകരിച്ചു കഴിഞ്ഞ വര്‍ഷം ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുവാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി.

കെന്‍സിങ്ടണ്‍ ഐറിഷ് ഹാളില്‍ വച്ച് ജനുവരി മാസം 5-ാം തിയതി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളോടൊപ്പം നടക്കുന്ന ജനറല്‍ ബോഡിയില്‍ വച്ച് ലിമയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കും.

പരിപാടിയില്‍ കുട്ടികളുടെയും വലിയവരുടെയും വിവിധ കലാപരിപകള്‍ അവതരിപ്പിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക, 07886247099

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്

Liverpool Irish Centre
6 Boundary Lane
Liverpool
L6 5JG

ന്യൂസ് ഡെസ്ക്.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതായി സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ 3.15 നായിരുന്നു യുവതികളായ ബിന്ദുവും കനക ദുർഗ്ഗയുമാണ് പോലീസ് സഹായത്തോടെ അതീവ രഹസ്യമായി ദർശനം നടത്തിയത്. അർദ്ധരാത്രിയിൽ പുരുഷൻമാർ ഉൾപ്പെടുന്ന എട്ടംഗ സംഘത്തിന്റെ ഭാഗമായാണ് ഇവർ പമ്പയിൽ എത്തിയത്. സുരക്ഷ ഒരുക്കുന്നതിലുള്ള ബുദ്ധിമുട്ട് പോലീസ് അറിയിച്ചെങ്കിലും ഇവർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് പോലീസ് രഹസ്യ പദ്ധതി തയ്യാറാക്കുകയായിരുന്നു. വലിയ നടപ്പന്തലിൽ എത്തിയ യുവതികളെ മേൽപ്പാലം വഴി കടത്തിവിടാതെ ട്രാക്ടർ കടന്നു പോവുന്ന വഴിയിലൂടെയാണ് സന്നിധാനത്തേയ്ക്ക് എത്തിച്ചത്. യുവതികൾ ദർശനം നടത്തി പമ്പയിൽ തിരിച്ചെത്തിയ ശേഷമാണ് ഇക്കാര്യം ദേവസ്വം ബോർഡ് അധികൃതർ പോലും അറിയുന്നത്. യുവതികൾ തന്നെ തങ്ങളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ പുറത്തു വിട്ടാണ് വാർത്ത ലോകത്തോട് അറിയിച്ചത്.

ശബരിമലയിൽ ആചാരലംഘനം നടന്നതിനേത്തുടർന്ന് തന്ത്രി നട അടച്ചു. ദർശനം നടത്തിയ യുവതികളുടെ വീടിന് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്. തലസ്ഥാനത്ത് പോലീസും ബി ജെ പി – യുവമോർച്ചാ പ്രവർത്തകരും തമ്മിൽ തെരുവു യുദ്ധമായിരുന്നു നടന്നത്. പല സ്ഥലങ്ങളിലും കടകൾ അടപ്പിച്ചു. വാഹന ഗതാഗതം മിക്കയിടങ്ങളിലും പ്രതിഷേധത്തെത്തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്. നാളെ സംസ്ഥാന വ്യാപകമായ ഹർത്താലിന് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. യു ഡി എഫ് നാളെ കരിദിനമാചരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved