Uncategorized

ലണ്ടന്‍: അഹിംസയ്ക്കുമേല്‍ ദേവി (നന്മ) വിജയം നേടിയ ദിനമായാണ് മീന മാസത്തിലെ ഭരണിയെ പഴമക്കാര്‍ വിശേഷിപ്പിക്കുന്നത്. ശാന്തസ്വരൂപിണിയായ ദേവിയുടെ (ദുര്‍ഗ്ഗ) ഉല്‍പ്പത്തിയുമായും മീനമാസത്തിലെ ഭരണിയെ ബന്ധപ്പെടുത്തി ഐതീഹ്യങ്ങളുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ദേവീ ക്ഷേത്രങ്ങളില്‍ ഉത്സവം സമാപിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നത് ഈ നാളിലാണ്. ദേവീ പ്രീതിക്കായി ഭക്തര്‍ വഴിപാടുകളും നേര്‍ച്ചകളുമായി ക്ഷേത്രങ്ങളിലെത്തുന്നതും മീനമാസത്തിലെ ഭരണിക്ക് പ്രാധാന്യം നല്‍കുന്നു.

‘ഭക്തിയുടെ രൗദ്രഭാവം’ എന്ന് വിശേഷിപ്പിക്കുന്ന മീന ഭരണി ഉത്സവം ലണ്ടന്‍ ഹിന്ദു ഐക്യവേദി ഈ വര്‍ഷവും വിവിധയിനം പരിപാടികളോടെ ലണ്ടനില്‍ ക്രോയിഡോണില്‍ വെച്ച് ആഘോഷിക്കുന്നു.

ഇസ്‌കോണ്‍, International Society for Krishna Consciounsess (ISKCON), നടത്തുന്ന പ്രത്യേക ഭജനയോടൊപ്പം, ഇസ്‌കോണില്‍ നിന്നുള്ള ശ്രീ. നഭിനന്ദന്‍ ദാസ് ജി ഭഗവത് ഗീതയെക്കുറിച്ചു നടത്തുന്ന അദ്ധ്യാത്മിക പ്രഭാഷണവും ചോദ്യോത്തര സംവാദങ്ങളും ഈ വര്‍ഷത്തെ മീന ഭരണി ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ ആയിരിക്കും. ഇതോടൊപ്പം ദീപാരാധനയും തുടര്‍ന്ന് ഒരു ലഘു ഭക്ഷണവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഭക്തി സാന്ദ്രമായ ഈ സായം സന്ധ്യയിലേക്ക് എല്ലാ ഭക്ത ജനങ്ങളെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി സംഘാടകരെ സമീപിക്കുക: Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: [email protected]

Facebook: https://www.facebook.com/londonhinduaikyavedi.org/posts/553245165084570

ന്യൂസ് ഡെസ്ക്

മാർച്ച് 29 ന് യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പിന്മാറുന്നതിന് മുന്നൊരുക്കമായി തയ്യാറാക്കിയ ഗവൺമെൻറ് ഡീൽ പാർലമെന്റിൽ പരാജയപ്പെട്ടു. പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച പുതിയ ബ്രെക്സിറ്റ് ഡീൽ പാർലമെൻറ് 242 നെതിരെ 391 വോട്ടുകൾക്ക് തള്ളി. ഡീൽ തൃപ്തികരമല്ലെന്ന് വാദിക്കുന്ന കൺസർവേറ്റീവ് അംഗങ്ങളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയും പ്രതിപക്ഷമായ ലേബർ പാർട്ടിയും ഡീലിനെതിരായി വോട്ടു രേഖപ്പെടുത്തി. ജനുവരി 15 ന്  നടന്ന സമാനമായ വോട്ടെടുപ്പിലും തെരേസ മേ അവതരിപ്പിച്ച ഡീൽ പാർലമെൻറ് തള്ളിയിരുന്നു. 202 നെതിരെ 432 വോട്ടിനായിരുന്നു അന്ന് എംപിമാർ പാർലമെന്റിൽ ഡീൽ പരാജയപ്പെടുത്തിയത്. ഇതേത്തുടർന്നു യൂറോപ്യൻ യൂണിയനുമായി  ഉണ്ടാക്കിയ ഡീൽ മെച്ചപ്പെടുത്തുന്നതിനായി തെരേസ മേ മാരത്തൺ ചർച്ചകളാണ് നടത്തിയത്.

ഐറിഷ് ബാക്ക് സ്റ്റോപ്പുമായി ബന്ധപ്പെട്ടാണ് പ്രധാനമായും എം പിമാർ അസംതൃപ്തി പ്രകടിപ്പിക്കുന്നത്. നിയമ പരിരക്ഷയോടെയുള്ള ഉറപ്പ് ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നല്കിയിട്ടുണ്ടെന്ന് തെരേസ മേ പാർലമെൻറിനെ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ ഭൂരിപക്ഷം എംപിമാരും തയ്യാറായില്ല.

ഇനി രണ്ടു വഴികളാണ് ഗവൺമെന്റിന് മുൻപിലുള്ളത്. നേരത്തെ തീരുമാനിച്ച സമയക്രമം പാലിച്ചുകൊണ്ട് നോ ഡീൽ ബ്രെക്സിറ്റിനുള്ള പ്രമേയം നാളെ പാർലമെന്റിൽ അവതരിപ്പിക്കും. നോ ഡീലിന് പാർലമെൻറ് സമ്മതിക്കുന്ന പക്ഷം മാർച്ച് 29 ന് ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ ബന്ധം അവസാനിക്കും. നോ ഡീൽ പ്രമേയം പാർലമെന്റ് തള്ളിയാൽ മാർച്ച് 14 ന് ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടാനുള്ള അനുമതിക്കായി തെരേസ മേ വീണ്ടും പാർലമെൻറിനോട് അഭ്യർത്ഥിക്കും. അനുമതി ലഭിച്ചാൽ യൂറോപ്യൻ യൂണിയനുമായി വീണ്ടും ഡീൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടിക്കിട്ടാൻ തെരേസ മേ യൂറോപ്യൻ പാർലമെൻറിനെ സമീപിക്കും. പാർലമെൻറ് അനുമതി നൽകാത്ത പക്ഷം മാർച്ച് 29 ന് യൂറോപ്യൻ യൂണിയനുമായി യാതൊരു കരാറും ഉറപ്പിക്കാതെ ബ്രിട്ടൺ പുറത്തുവരും.

യു.കെയിലെ കലാസ്‌നേഹികള്‍ ഉത്സാഹപൂര്‍വ്വം കാത്തിരിക്കുന്ന സമര്‍പ്പണ-2019, ഈ വരുന്ന ശനിയാഴ്ച്ച മാര്‍ച്ച് 16ന് ബെര്‍മിംഗ്ഹാമിലെ വീളി കാസില്‍ വര്‍ക്കിംഗ് മെന്‍സ് ക്ലബില്‍ വെച്ച് നടക്കുന്നതാണ്. 2016ല്‍ ആരംഭിച്ച ഈ കലാവിരുന്ന് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് നമുക്ക് മുന്നിലെത്തുന്നത്. ബെര്‍മിംഗ്ഹാമിലെ സംഗീത അധ്യാപികയും നര്‍ത്തകിയുമായ ആരതി അരുണിന്റെ നേതൃത്വത്തില്‍, യു.കെയിലെ ഏറ്റവും മികച്ച കലാകരാന്മാരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട, തങ്ങളുടെ കലാമേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള കലാകാരന്മാരും കലാകാരികളുമാണ് സമര്‍പ്പണയില്‍ അണിനിരക്കുന്നത്.

പ്രശ്‌സ്ത നര്‍ത്തികമാരായ രശ്മി സുധീര്‍(ബ്രാഡ്‌ഫോര്‍ഡ്), ദിവ്യാ ഉണ്ണികൃഷ്ണന്‍(ഷെഫീല്‍ഡ്), ദീപാ നായര്‍(നോട്ടിംഗ്ഹാം), ആരതി അരുണ്‍(ബെര്‍മിംഗ്ഹാം) എന്നിവരോടപ്പം അറിയപ്പെടുന്ന നര്‍ത്തകനായ ലെസ്റ്ററില്‍ നിന്നുള്ള ഹിതേന്‍മിസ്ട്രിയും ഉണ്ട്. ഗായകരില്‍ പ്രമുഖര്‍ ഡോ. ഷെറിന്‍ ജോസ് പയ്യപ്പള്ളി(ബെര്‍മിംഗ്ഹാം), ബ്രയന്‍ എബ്രഹാം(ബ്ലാക്ക്പൂള്‍), അലന്‍ ആന്റണി(നോര്‍വിച്ച്), ശ്രീകാന്ത് നമ്പൂതിരി(ബെര്‍മിംഗ്ഹാം), വാറന്‍ വാസ്‌ബോസ് ഹേയ്‌സ്(വെസ്റ്റ് ബ്രോംവിച്ച്) എന്നിവരാണ്. കൂടാതെ യു.കെയിലെ ഇന്ത്യന്‍ യുവതലമുറയുടെ ഹരമായ സെല്ലിഹില്‍സ് എന്ന മ്യൂസിക് ബാന്‍ഡും സമര്‍പ്പണയുടെ മുന്‍നിരയിലുണ്ട്. സെല്ലിഹില്‍സ് ബാന്‍ഡ് അംഗങ്ങള്‍: ബാസില്‍ റെജി(സ്ലീവനേജ്), പ്രതീക് ആന്റണി(ന്യൂകാസില്‍), ബ്രയന്‍ എബ്രഹാം, അലന്‍ ആന്റണി എന്നിവരാണ്.

ഇവരെ കൂടാതെ ആരതി അരുണിന്റെ തെരഞ്ഞെടുക്കപ്പെട്ട ചില ശിഷ്യരും സമര്‍പ്പണയില്‍ പാടുന്നു. രശ്മി സുധീര്‍, ഹിതേന്‍മിസ്ട്രി എന്നിവരുടെ ശിഷ്യരും പരിപാടിയില്‍ നൃത്തം അവതരിപ്പിക്കുന്നു. പ്രമുഖ ഭരതനാട്യം നര്‍ത്തകനും അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ നൃത്താദ്ധ്വാപകനുമായ സന്തോഷ് മേനോനാണ് സമര്‍പ്പണ 2019ന്റെ മുഖ്യ അതിഥി

പ്രശസ്ത നര്‍ത്തകിയും അവതാരകയുമായി ദീപാ നായര്‍, കലാ-സാംസ്‌കാരിക രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വവും ഗായികയുമായി ആനി പാലിയത്ത് എന്നിവരാണ് സമര്‍പ്പണ 2019ന്റെ അവതാരകര്‍. മീഡിയ പാട്ണര്‍ ഗര്‍ഷം ടി.വി.

വിലാസം.

weoley Castle Working Men’s Club
158 Barnes Hill
Birmingham
B29 5TY

Sponsors: Arun Kumar and Jibi George(Ample Finance Ltd.)

ലണ്ടൻ: സാമ്പത്തികവും സാമൂഹികവുമായ കേരളത്തിന്റെ പുരോഗതിയിൽ പ്രവാസികൾക്കുള്ള പങ്ക് ഒട്ടും ചെറുതല്ല. കേരളത്തിലെ പല കുടുംബങ്ങളെയും സാമ്പത്തികമായി സുരക്ഷിതരാക്കിയതില്‍ വിദേശത്തു ജോലിയും സംരംഭങ്ങളും വിജയിപ്പിച്ചവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് എന്ന് പറയാം. അതുകൊണ്ടുതന്നെ മലയാളികളുടെ സ്വപനമായി വിദേശ തൊഴിലും , വിദേശപഠനവും മാറിയിരിക്കുകയാണ്. വിദേശത്ത് ഉന്നത പഠനം, അവിടെ തന്നെ ഉയര്‍ന്ന ജോലി എന്നിവ സ്വപ്നം കണ്ടുതുടങ്ങുന്നവര്‍ IELTS, OET ടെസ്റ്റുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

International English Language Testing System എന്ന IELTS ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ മേഖലയില്‍ ജോലിചെയ്യാനാഗ്രഹിക്കുന്നവര്‍, സ്റ്റുഡന്‍സ്, എന്‍ജിനിയര്‍മാര്‍ , ടീച്ചര്‍മാര്‍, അക്കൗണ്ടന്റ്, സോഷ്യല്‍ വര്‍ക്കേഴ്‌സ് തുടങ്ങി പ്രൊഫഷണല്‍ മേഖലയില്‍ തൊഴില്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം IELTS വേണം. എന്നാല്‍ OET അഥവാ ഒക്കുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് എന്നത് ആരോഗ്യമേഖലയില്‍ ഉള്ളവര്‍ക്ക് വേണ്ടി മാത്രമുള്ള പരീക്ഷയാണ്. ആരോഗ്യ മേഖലയിലെ 12 പ്രൊഫഷണലുകള്‍ക്ക് OET ടെസ്റ്റിന് അപേക്ഷിക്കാവുന്നതാണ്. ഡയറ്റിക്‌സ് , മെഡിസിന്‍ , നഴ്‌സിംഗ് , ഒക്കുപേഷണല്‍ തെറാപ്പി, ഒപ്‌റ്റോ മെട്രി , ഫര്‍മസി , ഡെന്റിസ്ട്രി, ഫിസിയോതെറാപ്പി, പോഡിയാട്രി, റേഡിയോളജി , സ്പീച് പാത്തോളജി , വെറ്റിനറി സയന്‍സ് എന്നിവയാണ്.

ആശയവിനിമയത്തിന് ഇംഗ്ലീഷ് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഉപരിപഠനത്തിനും ജോലിക്കും പോകുന്നവർ നിർബന്ധമായും അവര്‍ നിഷ്‌ക്കര്‍ഷിക്കുന്ന പരീക്ഷ (IELTS , OET) എഴുതി നിശ്ചിത സ്കോർ അഥവാ ഗ്രേഡ് നേടിയിരിക്കണം. ഒരാളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള നാല് കഴിവുകളെയാണ് IELTS ലും OET യിലും വിലയിരുത്തുന്നത്. (Writing, Speaking Listening , Reading) ചെറിയ ചില കാര്യങ്ങളിലെ അറിവില്ലായിമയാണ് IELTS ലും OET യിലും സ്കോർ കുറയുന്നതിനോ പരാജയപ്പെടുന്നതിനോ കാരണമായി തീരുന്നത്. അവ കൃത്യമായി മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കും.

എന്നാൽ IELTS, OET എന്നിവയെ കുറിച്ച് നാട്ടിൽ ഉള്ള പലര്‍ക്കും വ്യക്തമായ ധാരണയില്ല. ഇത് വിദേശ സ്വപ്നത്തിന് തടസമാവുകയും ചെയ്യുന്നു. ഇത് നാട്ടിൽ എങ്കിൽ ഇത്തരം കടമ്പകൾ വരുന്നതിന് മുൻപേ യുകെയിൽ എത്തിച്ചേർന്ന ഒരുപാട് നേഴ്‌സുമാർ കെയറർ ജോലി ചെയ്‌ത്‌ പോരുന്നു. യുകെയിലുള്ള പല സ്ഥാപനങ്ങളിലും പഠിച്ചു എഴുതിയിട്ടും IELTS കിട്ടാതെ വിഷമിക്കുന്നവർ ധാരാളം. അങ്ങനെയുള്ളവർക്കാണ് ഇപ്പോൾ നല്ലൊരവസരം വന്നുചേർന്നിരിക്കുന്നത്.  IELTS, OET പരിശീലന രംഗത്ത് സുദീര്‍ഘമായ പ്രവൃത്തി പരിചയമുള്ള ശ്രീ. ജോബി ജോസഫിന്റെ നേതൃത്വത്തില്‍ ഈ രംഗത്തെ പ്രഫഷണലുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിങ്ങൾക്കായി എടുക്കുന്നു. ഇദ്ദേഹത്തിന്റെ വ്യക്തിഗത പാഠ്യശൈലികള്‍ കൊണ്ട് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ നല്ല സ്‌കോര്‍ കരസ്ഥമാക്കി വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നു. റെഗുലര്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് എഫക്ടീവ് ക്ലാസ് നല്‍കുന്നു.

Writing, Speaking score കിട്ടാത്തവര്‍ക്ക് ഇത് ഒരു സുവര്‍ണാവസരമാണ്. Listening, reading എന്നിവയിൽ ഏറ്റവും പുതിയ study meterials IELTS, OET യിലും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. ഇവിടെ നിങ്ങളുടെ സമയത്തിന് അനുസരിച്ചു ക്ലാസുകൾ എടുക്കുന്നു എന്നുള്ളതാണ്.

ഓൺലൈൻ ട്യൂഷന്റെ ഹൈലൈറ്റുകൾ

*ഓരോ ദിവസവും 2 Letters (OET)ഉം ഒരു writing task 1 x 2 Discuss ചെയ്യുന്നു.

* Corrections, Answers കൊടുക്കുന്നു. ഒരോ ദിവസവും Role play/ ഒരു സ്പീക്കിംഗ് സെക്ഷന്‍

* Grammar Excise

*Affordable fee structure

*ഉദ്യോഗാര്‍ത്ഥിക്ക് സമയക്രമം തീരുമാനിക്കാവുന്നതാണ്.

* Free one day Orientation

* 24 മണിക്കൂറും ക്ലാസ്

* No shortcut for success need your dedication and cooperation

*Feel the difference by attending a few classes

IELTS, OET പരിശീലന രംഗത്ത് സുദീര്‍ഘമായ പ്രവൃത്തി പരിചയമുള്ള ശ്രീ. ജോബി ജോസഫ് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന RB Academy Ltd. ന്റെ കീഴില്‍ മാര്‍ച്ച് പകുതിയോട് കൂടി ക്ലാസുകള്‍ ആരംഭിക്കുന്നു. Writing, Speaking സ്‌കോര്‍ കിട്ടാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. ലെസ്റ്ററിലാണ് രണ്ടാഴ്ച്ച ദൈര്‍ഘ്യമുള്ള Intensive and extensive regular ക്ലാസുകള്‍ തുടങ്ങുന്നത്. ശനിയാഴ്ച്ചകളില്‍ ലണ്ടനിലും ക്ലാസുകള്‍ എടുക്കുന്നു.

അതോടൊപ്പം തന്നെ സ്റ്റോക്ക് ഓൺ ട്രെൻഡ്, നോട്ടിങ്ഹാം, പോർട്സ്മൗത്, ഡെർബി, ലെസ്റ്റർ എന്നീ സ്ഥലങ്ങളിൽ സെമിനാറുകൾ നടത്തുന്ന തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. താൽപ്പര്യമുള്ളവർ  ബന്ധപ്പെടുക

കൂടുതല്‍ വിവരങ്ങള്‍ക്ക്:
RB Academy Ltd, UK 07 533 523 500, 07400712345 നമ്പറില്‍ ബന്ധപ്പെടുക.

ന്യൂസ് ഡെസ്ക് സ്പെഷ്യല്‍ റിപ്പോര്‍ട്ട്‌

യുകെയിലെ മലയാളി അസോസിയേഷനുകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന യുക്മയുടെ നാഷണൽ കമ്മിറ്റിയിലേയ്ക്കുള്ള ഇലക്ഷൻ നാളെ നടക്കും. പ്രവാസി മലയാളികളുടെ ഇടയിൽ കലാ സംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന യുക്മ, രൂപീകരണത്തിന്റെ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ സംഘടനയുടെ നാഷണൽ കമ്മിറ്റിയിലെ എട്ട് സ്ഥാനങ്ങൾക്കായി 16 സ്ഥാനാർത്ഥികളാണ് രംഗത്തുള്ളത്. നിലവിലെ യുക്മ ജനറൽ സെക്രട്ടറിയായ റോജിമോൻ വർഗീസിന്റെ നേതൃത്വത്തിലുള്ള പാനലും ഡോർസെറ്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായ മനോജ് പിള്ളയുടെ നേതൃത്വത്തിലുള്ള പാനലും എല്ലാ സ്ഥാനങ്ങളിലേയ്ക്കും സ്ഥാനാർത്ഥികളുമായി ശക്തമായ മത്സരത്തിന് തയ്യാറെടുത്തു കഴിഞ്ഞു. ശനിയാഴ്ച ബിർമ്മിങ്ങാമിലെ സെന്റ് എഡ്മണ്ട് കാമ്പ്യൻ കാത്തലിക് സ്കൂളിൽ വച്ച് നടക്കുന്ന യുക്മ ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ നാഷണൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ്. യുക്മയിൽ അംഗത്വമുള്ള യുകെയിലെമ്പാടുമുള്ള നൂറിലേറെ അസോസിയേഷനുകളിൽ നിന്നുള്ള മുന്നൂറിലേറെ പ്രതിനിധികൾ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള സാരഥികളെ തെരഞ്ഞെടുക്കും.

മനോജ് പിള്ള നേതൃത്വം നല്കുന്ന പാനലിൽ അലക്സ് വർഗീസ്, എബി സെബാസ്റ്റ്യൻ, സാജൻ സത്യൻ, ജയകുമാർ നായർ, ലിറ്റി ജിജോ, സെലിനാ സജീവ്, ടിറ്റോ തോമസ് എന്നിവരാണ് മത്സരിക്കുന്നത്. 

റോജിമോൻ വറുഗീസ് നയിക്കുന്ന പാനലിൽ ലോറൻസ് പെല്ലിശ്ശേരി, ഡോ. ശീതൾ ജോർജ്, ഓസ്റ്റിൻ അഗസ്റ്റിൻ, കിരൺ സോളമൻ, രശ്മി മനോജ്, അനീഷ് ജോൺ, അജിത് വെൺമണി എന്നിവരാണ് മത്സര രംഗത്തുള്ളത്.

1. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1. റോജിമോൻ വറുഗീസ്

യുക്മയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രശംസനീയമായ പ്രവർത്തനമാണ് കഴിഞ്ഞ രണ്ടു വർഷക്കാലം റോജിമോൻ വറുഗീസ് നടത്തിയത്. യുകെയിലെ മലയാളികളെ കോർത്തിണക്കിക്കൊണ്ട് യുക്മ നടത്തിയ വിവിധ ഇവന്റുകളെ വിജയത്തിൽ റോജിമോന്റെ സംഘടനാ പാടവവും അക്ഷീണ പരിശ്രമവും നിർണ്ണായക പങ്ക്  വഹിച്ചു. ഏറ്റെടുക്കുന്ന കർത്തവ്യങ്ങൾ പരിപൂർണ്ണതയിൽ എത്തിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമാണ് റോജിമോൻ കാഴ്ചവച്ചത്. യുക്മയുടെ സംയുക്ത സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണിന്റെ പ്രസിഡന്റ്, ട്രഷറർ എന്നീ സ്ഥാനങ്ങളിലും റോജിമോൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഹോർഷാം റിഥം മലയാളി അസോസിയേഷൻ അംഗമാണ്. നഴ്സിംഗ് പ്രഫഷനിലെ തന്റെ പരിചയസമ്പത്തും സാമൂഹിക സേവന മനോഭാവവും സംഘടനാ പ്രവർത്തന രംഗത്ത് ലക്ഷ്യബോധത്തോടെ മുന്നേറാൻ റോജിമോന് പ്രചോദനമാണ്. നിമിഷാ റോജിയാണ് ഭാര്യ. രണ്ടു മക്കൾ ആഷ് വിൻ, ആർച്ചി.

2.മനോജ് പിള്ള

സംഘടനാ പ്രവർത്തന രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്തുമായാണ് മനോജ് പിള്ള യുക്മയുടെ നാഷണൽ കമ്മിറ്റിയിലേക്ക് തന്റെ പാനലിനെ നയിക്കുന്നത്. യുക്മയുടെ സംയുക്ത സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയണിന്റെ ആദ്യ സെക്രട്ടറിയായിരുന്നു മനോജ്. ഇപ്പോൾ യുക്മ സാംസ്കാരിക വേദിയുടെ കൺവീനറാണ്. നിലവിൽ ഡോർസെറ്റ് കേരള  കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് സ്ഥാനവും മനോജ് പിള്ള വഹിക്കുന്നുണ്ട്. സാമൂഹിക കലാ സാംസ്കാരിക രംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും വിവിധ കമ്യൂണിറ്റികളെ കോർത്തിണക്കിക്കൊണ്ടുള്ള നിരവധി പ്രവർത്തനങ്ങൾക്ക് മനോജ് പിള്ള നേതൃത്വം നല്കിയിട്ടുണ്ട്.  ഭാര്യ ജലജ മനോജ്. മക്കൾ ജോഷിക, ആഷിക, ധനുഷ്.

2.വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.എബി സെബാസ്റ്റ്യൻ

യുകെ മലയാളികൾക്കിടയിൽ  ചിരപരിചിതനായ എബി സെബാസ്റ്റ്യൻ ഡാർട്ട് ഫോർഡ് മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്ന എബി സെബാസ്റ്റ്യൻ കുറവിലങ്ങാട് ദേവമാതാ കോളജിലും  മഹാരാജാസ്  ലോ കോളജിലും യൂണിയൻ മെമ്പറായിരുന്നു.  എം.ജി യൂണിവേഴ്സിറ്റിയുടെ  സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനായ എബി സെബാസ്റ്റ്യൻ  യുകെ മലയാളികൾ ആവേശത്തോടെ നെഞ്ചിലേറ്റിയ യുക്മ ബോട്ട് റേസ് ഓൾഗനൈസിംഗ് കമ്മിറ്റിയുടെ ജനറൽ കൺവീനറായിരുന്നു. യുകെയിലെ സാമൂഹ്യ പ്രവർത്തന രംഗങ്ങളിൽ എന്നും സജീവ സാന്നിദ്ധ്യമാണ് എബി സെബാസ്റ്റ്യൻ. ഭാര്യ റിനറ്റ് എബി.

2.ലോറൻസ് പെല്ലിശ്ശേരി

ഗ്ലോസ്റ്റർ മലയാളി അസോസിയേഷന്റെ രൂപീകരണത്തിന് നേതൃത്വം നല്കിയ മികച്ച സംഘാടകനാണ് ലോറൻസ് പെല്ലിശേരി. നിലവിൽ ജി.എം.എയുടെ ചാരിറ്റി കോർഡിനേറ്റർ ആണ്. സംഘടനയിൽ വിവിധ നേതൃസ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.  കേരള ഫ്ളഡ് റിലീഫുമായി ബന്ധപ്പെട്ടുള്ള ഫണ്ട് ശേഖരണത്തിൽ വളരെ സജീവമായി അദ്ദേഹം പ്രവർത്തിച്ചു. പ്രളയ ദുരിതബാധിതരുടെ പുനരധിവാസത്തിനായി വീടുകളുടെ നിർമ്മാണം ഈ ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ പൂർത്തിയായി വരുന്നു. കേരളത്തിലെ ഡിസ്ട്രിക്ട് ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ട ചാരിറ്റി, ഓർഗൻ ഡൊണേഷൻ എന്നിവയും ലോറൻസ് പെല്ലിശ്ശേരിയുടെ പ്രവർത്തന മേഖലകളാണ്. ബിൽജി പെല്ലിശേരിയാണ് ഭാര്യ. മക്കൾ പോൾ, മാത്യു

3.വൈസ് പ്രസിഡന്റ് (വനിത) സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.ഡോ. ശീതൾ ജോർജ്

അർപ്പണ മനോഭാവത്തോടെ കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന ഡോ. ശീതൾ ജോർജ് ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ ഓർഗനൈസേഷന്റെ വൈസ് പ്രസിഡന്റാണ്. യുക്മയുടെ കഴിഞ്ഞ നാഷണൽ കലാമേളയിൽ മിന്നിത്തിളങ്ങിയ കലാകാരന്മാരെയും കലാകാരികളെയും സ്റ്റേജിലെത്തിക്കാൻ പിന്നണിയിൽ അക്ഷീണം പരിശ്രമിച്ച ഡോ. ശീതൾ ജോർജ് ഈസ്റ്റ് യോർക്ക്ഷയർ കൾച്ചറൽ അസോസിയേഷനെ കലാമേളയുടെ നാഷണൽ ചാമ്പ്യൻ പദവിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. കേരളത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവൽക്കരണം നടത്തുന്ന ജ്വാലയുടെ പ്രവർത്തനങ്ങളിലും കേരള ഫ്ളഡ് റിലീഫിനു വേണ്ടി ചാരിറ്റി ഇവന്റുകൾ സംഘടിപ്പിക്കുന്നതിലും ഡോ. ശീതൾ സജീവമായിരുന്നു.  അസോസിയേഷനെ ആക്ടീവായി നിലനിർത്തുന്നതിൽ ഡോ. ശീതൾ പ്രധാന പങ്കുവഹിക്കുന്നു. യുവതലമുറയ്ക്ക് ആത്മവിശ്വാസം പകരുന്നതും കഴിവുകൾ വളർത്തിയെടുക്കുവാൻ സഹായകരവുമായ നിരവധി കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് ഡോ. ശീതൾ നേതൃത്വം നല്കുന്നുണ്ട്.  ലണ്ടൻ ഇൻവെസ്റ്റ്മെൻറ് കൺസൾട്ടൻസിയുടെ ഡയറക്ടറായും നിലവിൽ പ്രവർത്തിക്കുന്നു.  ജിബി ജോർജാണ് ഭർത്താവ്. മക്കൾ ദിയാ, ആദിത്ത്.

2.ലിറ്റി ജിജോ

ബിർമ്മിങ്ങാം മലയാളി കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകയാണ് ലിറ്റി ജിജോ. കുട്ടികളെ വിവിധ ഇവന്റുകൾക്കായി ഒരുക്കുന്നതിനായി എന്നും അത്യദ്ധ്വാനം ചെയ്യുന്ന വ്യക്തിയാണ് ലിറ്റി. കലാ സംസ്കാരിക രംഗത്തോടൊപ്പം വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലും സജീവമാണ്. നിരവധി സ്റ്റേജുകളിലും ഇവന്റുകളിലും വിവിധ ഡാൻസ് ഇനങ്ങളിൽ ടീമിനെ നയിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പുതു തലമുറയുടെ കഴിവുകൾ വളർത്തിയെടുക്കാൻ എന്നും  മുന്നിട്ടിറങ്ങുന്ന വ്യക്തിയാണ് ലിറ്റി ജിജോ. ജിജോ ഉതുപ്പാണ് ഭർത്താവ്. മക്കൾ സേറ, റെബേക്ക.

4.ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.അലക്സ് വർഗീസ്

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ പ്രസിഡന്റാണ് അലക്സ് വർഗീസ്. യുക്മയുടെ ട്രഷററാണ് നിലവിൽ. യുക്മയുടെ ജോയിന്റ് സെക്രട്ടറി, ജോയിൻറ് ട്രഷറർ, പി ആർഒ പദവികളും വഹിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് നിരവധി വർഷത്തെ പരിചയ സമ്പത്ത് അലക്സ് വർഗീസിനുണ്ട്. യുക്മ നടത്തിയ എല്ലാ ഇവന്റുകളുടെയും വിജയത്തിനായി അലക്സ് വർഗീസ് അക്ഷീണം പ്രവർത്തിച്ചിരുന്നു. ഭാര്യ ബെറ്റിമോൾ അലക്സ്. മക്കൾ അനേഘ, അഭിഷേക്, ഏഡ്രിയേൽ.

2.ഓസ്റ്റിൻ അഗസ്റ്റിൻ

ബെഡ് ഫോർഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായ ഓസ്റ്റിൻ അഗസ്റ്റിൽ നിലവിൽ യുക്മ നാഷണൽ കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയാണ്. യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ സെക്രട്ടറി പദവും വഹിച്ചിട്ടുണ്ട്. യുക്മ കലാമേള, ബോട്ട് റേസ് അടക്കമുള്ള സംഘടിപ്പിക്കുന്നതിൽ യുക്മ ടീമിനോടൊപ്പം പ്രധാന പങ്കുവഹിച്ചു. സംഘടനാ പ്രവർത്തനങ്ങളിൽ പക്വതയോടെ മികവാർന്ന പ്രകടനം കാഴ്ച വച്ച വ്യക്തിയാണ് ഓസ്റ്റിൻ അഗസ്റ്റിൻ. ദീപ അഗസ്റ്റിനാണ് ഭാര്യ. മക്കൾ ഫെലിക്സ്, ഫെലീസിയ.

5.ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.സാജൻ സത്യൻ

വെസ്റ്റ് യോർക്ക് ഷയർ മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി സാജൻ സത്യൻ നിലവിൽ പ്രവർത്തിച്ചു വരുന്നു. അസോസിയേഷനെ സജീവമായി മുന്നോട്ട് കൊണ്ടുപോവുന്നതിൽ മുഖ്യ പങ്കാണ് സാജൻ വഹിക്കുന്നത്.  കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. അസോസിയേഷന്റെ യുക്മ പ്രതിനിധിയായി മുൻ വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കുമ്പോൾ മുതൽ  തന്നെ സാജൻ പൊതു പ്രവർത്തനത്തിൽ സജീവമായിരുന്നു. അനൂപ സാജനാണ് ഭാര്യ. മക്കൾ മിലൻ, മിയാ.

2.കിരൺ സോളമൻ

ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെ സജീവ പ്രവർത്തകനാണ് കിരൺ സോളമൻ. അസോസിയേഷനിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള കിരൺ കഴിഞ്ഞ ടേമിൽ യുക്മയുടെ യോർക്ക് ഷയർ ആൻഡ് ഹമ്പർ റീജിയണിന്റെ പ്രസിഡന്റായിരുന്നു. യുക്മയുടെ നാഷണൽ കലാമേളയ്ക്ക് ഷെഫീൽഡിൽ ആതിഥ്യമരുളാനും യോർക്ക് ഷയർ ആൻഡ് ഹമ്പർ റീജിയനെ നാഷണൽ ചാമ്പ്യൻ പട്ടത്തിലേയ്ക്ക് കൈപിടിച്ചുയർത്താനും അക്ഷീണം പരിശ്രമിച്ച ടീമിന്റെ അമരക്കാരനായിരുന്നു കിരൺ സോളമൻ. ഭാര്യ ഷെബാ. മക്കൾ  സഞ്ജയ്, ടാനിയ.

6.ജോയിന്റ് സെക്രട്ടറി (വനിത) സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.സെലീന സജീവ്

എഡ്മണ്ടൻ മലയാളി അസോസിയേഷനിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട് സെലീന സജീവ്. യുക്മയുടെ നാഷണൽ സ്പോർട്സിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടയം ബിസിഎം കോളജിലെ ക്രിക്കറ്റ്, വോളിബോൾ ടീമുകളുടെ ക്യാപ്റ്റനായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി അസോസിയേഷന്റെ യുക്മ പ്രതിനിധിയാണ്.കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് സെലീന സജീവ്. സജീവ് തോമസാണ് ഭർത്താവ്. മക്കൾ ശ്രേയ, ടോണി.

2.രശ്മി മനോജ്

ഗോസ്റ്റർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമാണ് രശ്മി മനോജ്. അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ, ബ്രിട്ടീഷ് റെഡ്ക്രോസ്, സാൽവേഷൻ ആർമി തുടങ്ങിയ ചാരിറ്റികൾക്കു വേണ്ടിയും കേരള ഫ്ളഡ് റിലീഫിനായി ജി.എം.എ സംഘടിപ്പിച്ച ഫണ്ട് റെയിസിങ്ങിനായും അക്ഷീണം പരിശ്രമിച്ച രശ്മി മനോജ് വിവിധ ഇവൻറുകൾ വൻ വിജയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ഫാഷൻ ഡ്രസ് ഡിസൈൻ, കോറിയോഗ്രഫി തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ചിട്ടുണ്ട്. മനോജ് ജേക്കബാണ് ഭർത്താവ്. മക്കൾ സിയൻ, ജേക്കബ്.

7.ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.അനീഷ് ജോൺ

മിഡ്‌ ലാന്‍ഡ്സിലെ ഏറ്റവും വലിയ അസോസിയേഷനായ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തി ച്ചിട്ടുള്ള അനീഷ് ജോൺ യുക്മ രൂപീകരണ യോഗം മുതൽ യുക്മയുമായി ബന്ധപ്പെട്ട്‌ രംഗത്ത് കലാ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്നു. എൽ.കെ.സി സ്കൂളിന്റെ നടത്തിപ്പിൽ മുഖ്യപങ്കുവഹിച്ച അനീഷ് ഒരു നല്ല ഗായകനും കലാസ്വാദകനുമാണ്. യുക്മയുടെ മിഡ്ലാൻസ് റീജിയന്റെ സ്പോർട്സ് കോർഡിനേറ്ററായും കഴിവു തെളിയിച്ചിട്ടുണ്ട്. ഭാര്യ അനു സാറാ അനിഷ്. മക്കൾ ആൽവിൻ, അനൈഡാ, അലൈനാ.

2.ജയകുമാർ നായർ

വെനസ് ഫീൽഡ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റാണ് ജയകുമാർ നായർ. യുക്മ മിഡ്ലാൻഡ്സ് റീജിയണിന്റെ പ്രസിഡന്റായും നഴ്സസ് ഫോറത്തിന്റെ ആദ്യത്തെ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ യുക്മയുടെ ജോയിന്റ് ട്രഷറർ ആണ്. കലാ സംസ്കാരിക ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് ജയകുമാർ നായർ. ഭാര്യ ഷീജ ജയകുമാർ. മക്കൾ ആനന്ദ്, ആദിത്യ.

8.ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികള്‍.

1.അജിത്ത് വെൺമണി

കെന്റ് സഹൃദയയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ അജിത്ത് വെൺമണി പ്രവർത്തിച്ചിട്ടുണ്ട്. യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ സെക്രട്ടറിയായും പ്രവർത്തിച്ച് പരിചയമുണ്ട്. കേരളത്തിൽ സ്കൂൾ കോളജ് തലം മുതൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അജിത്ത് വെൺമണി പഞ്ചായത്ത് മെമ്പർ, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ സ്വർണ അജിത്കുമാർ. മക്കൾ അർജുൻ, ആരാധ്യ.

2.ടിറ്റോ തോമസ്

ഓക്സ്ഫോർഡ് മലയാളി സമാജത്തിന്റെ മുൻ പ്രസിഡനും നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ ടിറ്റോ തോമസ് യുക്മ നാഷണൽ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംഘടനാ രംഗത്ത് ദീർഘകാല പരിചയ സമ്പത്തുള്ള ടിറ്റോ തോമസ് യുക്മയുടെ ടൂറിസം വിഭാഗത്തിന്റെ കോർഡിനേറ്റർ ആണ്.  ഭാര്യ ടെസി ടിറ്റോ. മക്കൾ ജിതിൻ, ജിസ് മരിയ.

 

ബാബുതോമസ്

ഇടുക്കി ജില്ലാ സംഗമം ന്യൂഇയറിനോടനുബന്ധിച്ച് നടത്തിയ ചാരിറ്റി കളക്ഷനില്‍ 6005 പൗണ്ട് ലഭിച്ചു. ഈ തുക തൊടുപുഴ, മങ്ങാട്ടുകവലിയില്‍ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും പിന്നെ മേരികുളത്തുള്ള അശ്വിനും ആയി നല്‍കുകയാണ്. ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരന്‍ അശ്വിന്‍ താമസിക്കുന്നത് ടാര്‍പോളിന്‍ കെട്ടിയ ഒരു കുടിലിലാണ്. അശ്വിന്റ പിതാവിന് സ്വന്തമായി പത്ത് സെന്റ് സ്ഥലം ഉണ്ടങ്കിലും, പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുകയില്ല. ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ചാരിറ്റി വഴി ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഒരു വീട് എന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ പോകുകയാണ്.

കുഞ്ഞ് അശ്വിന് ഇടുക്കി ജില്ലാ സംഗമം വീട് നിര്‍മ്മിച്ച് നല്‍കും. മഹാ പ്രളയത്തില്‍ നമ്മുടെ കേരളം മുങ്ങിയപ്പോള്‍, ഇടുക്കി ജില്ലാ സംഗമത്തിനൊപ്പം യു.കെയിലുള്ള നിരവധി നന്മ നിറഞ്ഞ മനസ്സുകള്‍ സഹായിച്ചപ്പോള്‍ രണ്ട് ദിവസം കൊണ്ട് ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രളയ സഹായനിധിയിലേക്ക് ലഭിച്ചത് 2250 പൗണ്ടാണ്. അതില്‍ 500 പൗണ്ട് നോര്‍ത്താംബറ്റണ്‍ മലയാളി അസോസിയേഷന്‍ നല്‍കി സഹായിച്ചു. രണ്ട് ലക്ഷത്തി അയ്യായിരം രൂപാ ജില്ലയുടെ പലയിടത്തായി പൂര്‍ണ്ണമായും വീടുകള്‍ നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങള്‍ക്ക് നല്‍കി.

ഇടുക്കി ജില്ലാ സംഗമം നടത്തിയ ഈ ചാരിറ്റികളില്‍ സഹായിച്ച എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും പ്രത്യേകമായി ജന്മനാടിനോടുള്ള സ്‌നേഹം നിലനിര്‍ത്തി ഈ ചാരിറ്റി വന്‍ വിജയമാക്കിയ മുഴുവന്‍ ഇടുക്കി ജില്ലക്കാരോടും, നമ്മുടെ നാട്ടില്‍ കഷ്ട്ത അനുഭവിക്കുന്ന വ്യക്തികള്‍ക്കോ, പ്രസ്ഥാനങ്ങള്‍ക്കോ തങ്ങളാല്‍ കഴിയും വിധം ചെറു സഹായങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍ ഇവിടെയുള്ള നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും. ഞങ്ങളുടെ ചാരിറ്റിയില്‍ പങ്ക് ചേര്‍ന്ന മറ്റുള്ള ജില്ലകാരെയും, ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച മുഴുവന്‍ സംഗമം കമ്മറ്റികാരെയും, എല്ലാ പ്രവര്‍ത്തവകരെയും ഇടുക്കി ജില്ലാ സംഗമം ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.

 

പലതുള്ളി പെരുവെള്ളം എന്ന പഴം ചൊല്ലുപോലെ നിങ്ങള്‍ നല്‍കുന്ന തുകയുടെ വലിപ്പമല്ല ഓരോ വ്യക്തികളുടെയും ചെറിയ ഒരു പങ്കാളിത്തമാണ് ഇടുക്കി ജില്ലാ സംഗമത്തിന്റെ വിജയവും ശക്തിയും. ഈ ചാരിറ്റി കളക്ഷനികളില്‍ പങ്കാളികളായ മുഴുവന്‍ വ്യക്തികളെയും ഒരിക്കല്‍ കൂടി ഇടുക്കി ജില്ലാ സംഗമം കമ്മറ്റി നന്ദിയോടെ ഓര്‍ക്കുന്നു.

ഇനിയും ഇടുക്കി ജില്ലാ സംഗമത്തിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഒരോരുത്തരുടെയും ആത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നൂ.
എട്ടാമത് ഇടുക്കി ജില്ലാ സംഗമം മെയ് നാലിന് ബര്‍മ്മിംഗ്ഹാമില്‍ വച്ച് നടത്തപ്പെടുന്നു നിങ്ങള്‍ ഏവരെയും ഈ സ്‌നേഹ കൂട്ടായ്മലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

ന്യൂസ് ഡെസ്ക്

ഇന്ത്യ മുഴുവൻ ആ ധീര ജവാനായി കാത്തിരുന്നു… വീര പോരാളിയുടെ സുരക്ഷിതമായ തിരിച്ചു വരവിനായി 135 കോടി ജനങ്ങളുടെ പ്രാർത്ഥനകൾ… നിരായുധനായി ശത്രുരാജ്യത്തിന്റെ തടവിൽ കഴിയുമ്പോഴും സാഭിമാനം തലയുയർത്തി നിന്ന ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെയോർത്ത് രാജ്യം അഭിമാനം കൊണ്ടു… ജനീവ കൺവൻഷൻ ധാരണ അനുസരിച്ച് അഭിനന്ദനെ ഉടൻ വിട്ടയയ്ക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന് നിരാകരിക്കാൻ ആവുന്നതായിരുന്നില്ല.

ലോക രാഷ്ട്രങ്ങൾ മുഴുവൻ ഇന്ത്യയ്ക്കായി അണിനിരന്ന ദിനങ്ങൾ. ഇന്ത്യൻ സൈന്യത്തിന്റെ ശക്തി അളക്കാനിരുന്ന പാക് ഭരണകൂടത്തിന് കണക്കു കൂട്ടൽ പാതി വഴി അവസാനിപ്പിക്കേണ്ടി വന്ന അവസ്ഥ. നിരായുധനായ സൈനികനെ വച്ച് വിലപേശാനുള്ള പാപ്പരത്തം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഇന്ത്യൻ സൈന്യം പ്രഖ്യാപിക്കും മുൻപ് ജാമ്യമെടുത്തു പാക് ഭരണകൂടം. പാക്കിസ്ഥാന്റെ ഔദാര്യമായി അഭിനന്ദിന്റെ മോചനമാകാമെന്ന് പാക് പ്രധാനമന്ത്രി പാർലമെന്റിൽ പ്രഖ്യാപിക്കുമ്പോള്‍ പാക് അധികൃതർക്ക് അറിയാമായിരുന്നു വൈകി വരുന്ന വിവേകത്തിന്റെ വില കനത്തതായിരിക്കുമെന്ന്.

ഇന്നു ഇന്‍ഡ്യന്‍ സമയം രാത്രി 9.20 ന്  വാഗാ ബോർഡറിൽ പാക്കിസ്ഥാനി റേഞ്ചേഴ്സ് ഇന്ത്യയുടെ ധീരനായ പോരാളിയെ ആർത്തിരമ്പുന്ന ജനതയുടെ കൈകളിലേയ്ക്ക് കൈമാറി. നെഞ്ചുവിരിച്ച് നിർഭയനായി തലയുയർത്തി തീക്ഷ്ണമായ നോട്ടവുമായി മാതൃരാജ്യത്തിന്റെ മണ്ണിലേയ്ക്ക് തിരിച്ചെത്തി അഭിനന്ദൻ. ഓരോ ഇന്ത്യാക്കാരനും വീരനായകനെ അഭിമാനത്തോടെ നെഞ്ചോടു ചേർത്തു. യുദ്ധമുഖത്തെ നായകനായി അഭിനന്ദൻ വർധമാൻ നടന്നു കയറിയത് ഭാരത ജനതയുടെ ഹൃദയത്തിലേയ്ക്കായിരുന്നു.

ന്യൂസ് ഡെസ്ക്

ഭീകരരെ തീറ്റിപ്പോറ്റി ചാവേറുകളായി ഇന്ത്യയിലേയ്ക്ക് കയറ്റുമതി ചെയ്ത് സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ കൂട്ടുനിന്ന പാക്കിസ്ഥാന് ഇന്ത്യ നല്കിയത് ചുട്ട മറുപടി. ഇന്ത്യൻ സൈനികരെ ചാവേറാക്രമണത്തിൽ കൊന്നൊടുക്കിയ ശേഷം കൈയും കെട്ടി കളി കണ്ടിരുന്ന പാക് ഭരണകൂടം ഉറക്കം വിട്ടെണീറ്റു. ഇന്ത്യൻ സൈന്യത്തിന്റെ അപ്രതീക്ഷിത നീക്കത്തിൽ വിരണ്ട ഭീകര പ്രസ്ഥാനങ്ങളുടെ പിന്തുണക്കാർ സ്വന്തം മാനം കാക്കാൻ ഇന്ത്യയോട് ചർച്ചയ്ക്ക് തയ്യാറാവുന്നു.

ഇന്ത്യൻ അതിർത്തി കടന്ന് ബോംബ് വർഷിക്കാൻ പാക് സൈനിക വിമാനങ്ങൾ ശ്രമിച്ച സമയത്തും ഇന്ത്യയോട് കൊമ്പുകോർക്കാൻ തന്നെയായിരുന്നു പാക്കിസ്ഥാന്റെ ഭാവം. തങ്ങളുടെ തടവിൽ രണ്ടു  ഇന്ത്യൻ പൈലറ്റുമാർ ഉണ്ടെന്ന് വെളിപ്പെടുത്തിയ പാക് സൈനിക വക്താവ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു പൈലറ്റ് മാത്രമേ ഉള്ളു എന്ന് അറിയിച്ചു. കസ്റ്റഡിയിലുള്ള വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ വച്ച് വിലപേശാനായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആദ്യ ശ്രമം.

സമാധാന ചർച്ചയ്ക്ക് തയ്യാറാവുകയാണെങ്കിൽ ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇമ്രാന്റെ ഓഫർ. തകർന്നു വീണ ഫൈറ്ററിൽ നിന്നും പാരച്യൂട്ടിൽ പറന്നിറങ്ങിയ അഭിനന്ദനെ വളഞ്ഞിട്ട് പിടിക്കാൻ ജനക്കൂട്ടം ആർത്തിരമ്പുകയായിരുന്നു. പാക്കിസ്ഥാന്റെ ഇരുപതുകോടി വരുന്ന ജനത ഇന്ത്യയുടെ ഒരു സൈനികനെതിരെ എന്ന സ്ഥിതിവിശേഷം. ഭാരതാംബയുടെ വീരയോദ്ധാവിനെ കൈകളും കാലുകളും ബന്ധിച്ച് ലോകത്തിന് മുൻപിൽ പ്രദർശിപ്പിച്ച് ലോക മനസാക്ഷിക്കു മുൻപിൽ പാക്കിസ്ഥാൻ വീണ്ടും നാണം കെട്ടു.  ജനീവ കൺവൻഷൻ എന്നതു പോയിട്ട് നിരായുധനായ ഒരാളോട് എങ്ങനെ മനുഷ്യത്വപരമായി പെരുമാറണമെന്ന് പോലും ഒരു രാജ്യത്തിന്റെ ഭരണാധികാരികൾക്ക് അറിയില്ലെന്ന് ആ രാജ്യം ലോകത്തെ മുഴുവൻ അറിയിച്ചു. അഭിനന്ദനെ ജനക്കൂട്ടം മർദ്ദിക്കുന്ന വീഡിയോ പ്രചരിക്കുന്നത് തടയാൻ പാക് ഭരണകൂടം ഒരു നടപടിയുമെടുത്തില്ല.

ഭാരതത്തിന്റെ അഖണ്ഡതയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പോരിനിറങ്ങി തടവിലായ അഭിനന്ദൻ വർധമാൻ ലോകത്തിനു മുൻപിൽ ഇന്ത്യയുടെ അഭിമാനമുയർത്തിപ്പിടിച്ചു. ജനീവ കൺവൻഷൻ ധാരണയനുസരിച്ച് പൈലറ്റിനെ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ, സമാധാനം പുനസ്ഥാപിക്കാൻ ഒരു ഔദാര്യമെന്ന നിലയിൽ അക്കാര്യം പരിഗണിക്കാമെന്ന നിലപാടായിരുന്നു പാക്കിസ്ഥാന്റേത്.

ഇതിനിടയിൽ ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ എന്തു നടപടിയും സ്വീകരിക്കാൻ ഇന്ത്യൻ സൈന്യത്തിന് ഇന്ത്യാ ഗവൺമെന്റ് സ്വാതന്ത്ര്യം നല്കുമെന്ന് പാക്കിസ്ഥാൻ മനസിലാക്കി. ഇന്ത്യൻ പ്രധാനമന്ത്രിയടക്കമുള്ള ഭരണരംഗത്തെ പ്രമുഖരാരും പ്രതികരിക്കാതെയിരുന്നതും ഇന്ത്യൻ വ്യോമ കര നാവിക സേനാ മേധാവികൾ സംയുക്തമായി വാർത്താ സമ്മേളനം വിളിച്ചതും പെട്ടെന്ന് മനസ്സു മാറ്റാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചു. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ സമനിലയ്ക്കായി അങ്ങനെ ഇമ്രാൻഖാൻ എന്ന സ്പിന്നർ ഓഫർ വച്ചു, വെള്ളിയാഴ്ച അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് കൈമാറുമെന്ന്.

ന്യൂസ് ഡെസ്ക്

സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പട നയിച്ച വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ധീരനായ പിതാവിന്റെ നിർഭയനായ മകൻ. ഇന്ത്യൻ അതിർത്തി കടന്ന് സൈനിക പോസ്റ്റുകൾക്കു നേരെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങൾക്കുനേരെയും ആക്രമണം നടത്താൻ തുനിഞ്ഞ ഭീകരതയുടെ മൊത്തക്കച്ചവടക്കാരായ പാക്കിസ്ഥാന്റെ ഫൈറ്ററുകളെ പുറകേ ചെന്ന് തുരത്തിയ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായ അഭിനന്ദൻ പാക് അതിർത്തിയിൽ താൻ പറത്തിയിരുന്ന മിഗ് 21 തകർന്നതിനെത്തുടർന്ന് ശത്രുക്കളുടെ കൈയിൽ പെടുകയായിരുന്നു. പാക് മിലിട്ടറി എത്തുന്നതു വരെ തദ്ദേശീയരായ പാക്കിസ്ഥാനികളുടെ ക്രൂരമായ മർദ്ദനങ്ങൾക്ക് അദ്ദേഹം വിധേയമായി. ധീരനായ അഭിനന്ദനെ തലങ്ങും വിലങ്ങും അടിക്കാനും ചവിട്ടാനും ഭീകരരുടെ സഹോദരന്മാർ മത്സരിച്ചു.

ഇന്ത്യൻ വിംഗ് കമാൻഡറെ കൈയിലും കാലിലും ബന്ധിച്ച് ഒരു ഘോഷയാത്രയാണ് ആക്രമണോത്സുകരായ ജനക്കൂട്ടം നടത്തിയത്. എങ്കിലും പതറാതെ മനസ്ഥൈര്യത്തോടെ ജീവന് ഭീഷണിയുയർന്ന അത്യപൂർവ്വമായ സാഹചര്യങ്ങളെ അഭിനന്ദൻ സധീരം തരണം ചെയ്തു. പാക് മിലിട്ടറി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഒരു ധീര പോരാളിയെപ്പോലെ ആത്മാഭിമാനത്തോടെ തലയുയർത്തി മറുപടി പറയാൻ അഭിനന്ദൻ വർത്തമാനെന്ന രാജ്യസ്നേഹിക്കു കഴിഞ്ഞു.

ഈസ്റ്റേൺ എയർ കമാൻഡിന്റെ ചീഫായിരുന്ന എയർ മാർഷൽ എസ് വർത്തമാന്റെ മകനാണ് പാക് സൈന്യം തടവിലാക്കിയ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. സൈനിക പാരമ്പര്യമുള്ള ധീരന്മാരുടെ കുടുംബത്തിലെ അംഗം. കാർഗിൽ യുദ്ധകാലത്ത് വർത്തമാൻ സീനിയർ സൈനിക നടപടികളിൽ സജീവമായിരുന്നു. 40 തരം എയർക്രാഫ്റ്റുകൾ പറത്താൻ വിദഗ്ദ്ധനായ വർത്തമാൻ സീനിയർ മിറാഷ് 2000 ഫൈറ്ററിന്റെ അപ്ഗ്രേഡിങ്ങ് കോർഡിനേഷൻ ചെയ്ത മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു.

2011 ലാണ് അഭിനന്ദൻ വർത്തമാൻ ഫൈറ്റർ പൈലറ്റായി ജോലി ആരംഭിക്കുന്നത്. ചെന്നൈ സ്വദേശിയാണ്. തകർന്നുവീണ മിഗ് 21 ഫൈറ്റർ ജെറ്റിന്റെ പൈലറ്റിനെ മാധ്യമങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ പ്രദർശിപ്പിച്ചത് അന്താരാഷ്ട മര്യാദകരുടെ ലംഘനമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.  ജനീവ കൺവൻഷന്റെയും മനുഷ്യാവകാശ ഉടമ്പടികളുടെയും ലംഘനം നടത്തിയ പാക്കിസ്ഥാൻ പരിക്കേറ്റ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത് സംസ്കാര ശൂന്യമായ നടപടിയെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. മുഖത്ത് രക്തമൊഴുകുന്ന നിലയിൽ കൈകളും കാലുകളും വിലങ്ങുകളണിയിച്ച നിലയിലുള്ള ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ ചിത്രങ്ങളാണ് പാക് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അഭിനന്ദൻ വർത്തമാന്റെ കണ്ണുകൾ കെട്ടിയാണ് പാക് സൈനികർക്ക് ഇടയിൽ  നിൽക്കുന്ന വീഡിയോയിൽ കാണുന്നത്.

രണ്ട് ഇന്ത്യൻ പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാൻ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഒരാളേ മാത്രമേ തടവിലാക്കിയിട്ടുള്ളൂ എന്ന് പിന്നീട് തിരുത്തി. ഒരു പോറൽ പോലുമേൽപ്പിക്കാതെ തടവിലുള്ള ഇന്ത്യൻ സൈനികനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈനികൻ കസ്റ്റഡിയിലുള്ള കാര്യം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കാത്ത നടപടിയെ ഇന്ത്യ വിമർശിച്ചു. പാക് ഹൈക്കമ്മീഷണറെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നടത്തിയ സൈനിക നടപടിയിൽ കനത്ത അമർഷം രേഖപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ന്യൂസ് ഡെസ്ക്

തകർന്നുവീണ മിഗ് 21 ഫൈറ്റർ ജെറ്റിന്റെ പൈലറ്റിനെ മാധ്യമങ്ങൾക്കു മുന്നിൽ പാക്കിസ്ഥാൻ പ്രദർശിപ്പിച്ചത് അന്താരാഷ്ട മര്യാദകരുടെ ലംഘനമെന്ന് ഇന്ത്യ. ജനീവ കൺവൻഷന്റെയും മനുഷ്യാവകാശ ഉടമ്പടികളുടെയും ലംഘനം നടത്തിയ പാക്കിസ്ഥാൻ പരിക്കേറ്റ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടു. മുഖത്ത് രക്തമൊഴുകുന്ന നിലയിൽ കൈകളും കാലുകളും വിലങ്ങുകളണിയിച്ച  ചിത്രങ്ങളാണ് പാക് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. അഭിനന്ദൻ വർത്തമാന്റെ കണ്ണുകൾ കെട്ടിയാണ് പാക് സൈനികർക്ക് ഇടയിൽ  നിൽക്കുന്ന വീഡിയോയിൽ കാണുന്നത്.

രണ്ട് ഇന്ത്യൻ പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് പാക്കിസ്ഥാൻ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഒരാളേ മാത്രമേ തടവിലാക്കിയിട്ടുള്ളൂ എന്ന് പിന്നീട് തിരുത്തി. ഒരു പോറൽ പോലുമേൽപ്പിക്കാതെ തടവിലുള്ള ഇന്ത്യൻ സൈനികനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈനികൻ കസ്റ്റഡിയിലുള്ള കാര്യം ഔദ്യോഗികമായി ഇന്ത്യയെ അറിയിക്കാത്ത നടപടിയെ ഇന്ത്യ വിമർശിച്ചു. പാക് ഹൈക്കമ്മീഷണറെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ നടത്തിയ സൈനിക നടപടിയിൽ കനത്ത അമർഷം രേഖപ്പെടുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

RECENT POSTS
Copyright © . All rights reserved