ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി തെരേസ മേയ്ക്ക് വൻ തിരിച്ചടി. പാർലമെൻറിന്റെ അംഗീകാരത്തിനായി സമർപ്പിച്ച ബ്രെക്സിറ്റ് ഡീൽ ബ്രിട്ടീഷ് പാർലമെൻറ് തിരസ്കരിച്ചു. അല്പസമയം മുൻപ് ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടിംഗിൽ 202 നെതിരെ 432 വോട്ടിന് യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാർ എംപിമാർ തള്ളിക്കളയുകയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയിലെ നിരവധി എംപിമാർ കരാറിനെ എതിർത്ത് വോട്ട് ചെയ്തു.ലേബർ പാർട്ടിയും എസ്എൻപിയും കരാറിനെതിരെ നിലയുറപ്പിച്ചതോടെ തെരേസ മേയുടെ നീക്കങ്ങൾ പാളി.
അഞ്ചു ദിവസം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ബ്രെക്സിറ്റ് ഡീൽ വോട്ടിനിട്ടത്. ബ്രിട്ടനെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേയ്ക്ക് നയിച്ച യൂറോപ്യൻ യൂണിയൻ റഫറണ്ടം പ്രധാനമന്ത്രി തെരേസ മേയുടെ പ്രധാനമന്ത്രി പദം തെറിപ്പിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. തെരേസ മേയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ലേബർ പാർട്ടി നോട്ടീസ് നല്കി. ഇതിൻമേൽ നാളെ ചർച്ചയും വോട്ടിംഗും നടക്കും.
സിന്ധു ഉണ്ണി/ മുരളി പിള്ള/ ദിനേശ്
മാഞ്ചസ്റ്റര്‍/നോട്ടിങ്ഹാം/ കവന്‍ട്രി: മകരം പുലരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ബ്രിട്ടനില്‍ മകരസംക്രമ പൂജയുടെ സായൂജ്യത്തില്‍ ഭക്തമനസുകള്‍ കര്‍പ്പൂര നാളമായി ഭഗവദ് പാദത്തില്‍ സായൂജ്യ പുണ്യം നുകര്‍ന്നു. മകരസംക്രമ പൂജയ്ക്ക് ശബരിമലയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയ വേളയിലാണ് ബ്രിട്ടനില്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മൂന്നിടങ്ങളില്‍ ഒരേ സമയം സ്വാമി അയ്യപ്പന് സംക്രമ പൂജ നടന്നത്. മാഞ്ചസ്റ്റര്‍, നോട്ടിങ്ഹാം, കവന്‍ട്രി എന്നിവിടങ്ങളില്‍ ഹിന്ദു സമാജം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച അയ്യപ്പ പൂജയില്‍ മറുനാട്ടുകാരുടെ സാന്നിധ്യവും ശ്രദ്ധ നേടി. മൂന്നിടത്തുമായി നൂറു കണക്കിന് അയ്യപ്പ ഭക്തരുടെ സാന്നിധ്യവും ശ്രദ്ധേയമായി. മാഞ്ചസ്റ്ററില്‍ വലിയ ഒരുക്കങ്ങളോടെ നടത്തപ്പെട്ട അയ്യപ്പ പൂജയില്‍ മുന്നൂറിലേറെ ഭക്തരാണ് ആദ്യാവസാനം പങ്കെടുത്തത്. മലയാളി കൂടിയായ ക്ഷേത്രം മേല്‍ശാന്തി പ്രസാദ് ഭട്ടിന്റെ നേതൃത്വത്തിലാണ് രാധാകൃഷണ ക്ഷേത്രത്തില്‍ സംക്രമ പൂജ നടന്നത്.
സാധാരണ വര്‍ഷങ്ങളില്‍ ജനുവരി പാതിയില്‍ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും പതിവാകുന്നത് ഇത്തവണ മാറിനിന്ന അനുകൂല സാഹചര്യത്തെ ഭഗവദ് കടാക്ഷമായി സ്വീകരിച്ച ഭക്തരുടെ വലിയ തോതിലുള്ള പങ്കാളിത്തം തന്നെയാണ് സംക്രമ പൂജയെ സവിശേഷമാക്കിയത്. മാഞ്ചസ്റ്ററില്‍ കൊടിമരവും ഗജവീരനും സാക്ഷിയാക്കിയാണ് പൂജ ചടങ്ങുകള്‍ക്ക് തുടക്കമായത്. കൊടിമര പൂജയോടെ തുടങ്ങിയ ചടങ്ങുകളില്‍ താലപ്പൊലിയുമായി സ്ത്രീകളും കുട്ടികളും ഒരു ഭാഗത്തു അണിനിരന്നപ്പോള്‍ മറുഭാഗത്തു പുരുഷന്മാര്‍ ചെണ്ടമേളത്തോടെ ഗജവീരനെ ആനയിച്ചു എത്തിക്കുകയായിരുന്നു. പ്രതീക്ഷിച്ചതിലും കവിഞ്ഞ ജനസഞ്ചയമാണ് മാഞ്ചസ്റ്റര്‍ മകരവിളക്കുത്സവത്തെ ദീപ്തമാക്കിയത്. ഗണപതി പൂജയോടെ ആരംഭിച്ച പൂജ ചടങ്ങുകള്‍ സമൂഹ അഷ്ടോത്തര അര്‍ച്ചനയടക്കം വൈവിധ്യമാര്‍ന്ന മണിക്കൂറുകളാണ് ഭക്തമനസുകള്‍ക്കു സമ്മാനിച്ചത്.
വിളക്ക് പൂജയ്ക്കു അര്‍ച്ചന ചെയ്യാന്‍ എത്തിയവരുടെ തിരക്ക് മൂലം മൂന്നു വരികള്‍ ക്രമീകരിച്ചാണ് എല്ലാവരെയും ഉള്‍പ്പെടുത്തിയത്. അഭിഷേക നിറവില്‍ അയ്യപ്പ സ്വാമിക്ക് നടന്ന പൂജകള്‍ ഏറെ ചൈതന്യം നിറഞ്ഞതായി ചടങ്ങില്‍ പങ്കെടുത്തവര്‍ ഒരേവിധം സൂചിപ്പിച്ചത് ഇത്തവണത്തെ ചടങ്ങുകള്‍ക്കായി അഹോരാത്രം പരിശ്രമിച്ച സംഘടനാ ഭാരവാഹികള്‍ക്കുള്ള അംഗീകാരം കൂടിയായി മാറി. പടിപൂജയും ഹരിവരാസനവുമായി മണിക്കൂറുകള്‍ നീണ്ട സംക്രമ പൂജ കൊടിയിറങ്ങിയപ്പോള്‍ സമാജം തയ്യാറാക്കിയ ആരവണയും അപ്പവും പ്രത്യേകം ഡപ്പികളിലാക്കി ചടങ്ങിന് എത്തിയവര്‍ക്കെല്ലാം ഓരോ കിറ്റ് സമ്മാനമായും ലഭിച്ചു. വ്രതശുദ്ധിയോടെ സംക്രമ പൂജ തൊഴാന്‍ എത്തിയവര്‍ക്ക് നാട്ടില്‍ അയ്യപ്പ പൂജയില്‍ പങ്കെടുത്തതു പോലെയുള്ള അനുഭവമാണ് പങ്കുവയ്ക്കാനായത്. അന്നദാനവും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
നോട്ടിങ്ഹാമില്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് ഹിന്ദു സമാജം നേതൃത്വം നല്‍കിയ മകര സംക്രമ അയ്യപ്പ പൂജയിലും ഏറെപ്പേരുടെ സാന്നിധ്യം പ്രത്യേകതയായി മാറി. മലയാളികള്‍ക്ക് പുറമെ അന്യനാട്ടുകാരും ഏറെ എത്തിയതും അയ്യപ്പ പൂജയില്‍ ആവേശമായി. നോട്ടിങ്ഹാമില്‍ നടന്ന പൂജയിലും സമൂഹാര്‍ച്ചനയും വിളക്കുപൂജയും പടിപൂജയും ഒക്കെ അയ്യപ്പ ഭക്തരുടെ നിറസാന്നിധ്യം കൊണ്ട് ധന്യമായി. വൈകുന്നേരം ആരംഭിച്ച ചടങ്ങുകള്‍ രാത്രിയോടെയാണ് സമാധാനമായത്. ചടങ്ങുകള്‍ക്കൊടുവില്‍ മഹാപ്രസാദമായി അന്നദാനവും നടന്നു.
കവന്‍ട്രി ഹിന്ദു സമാജം സംഘടിപ്പിച്ച മകര സംക്രമ പൂജ ക്ഷേത്രാചാര ചടങ്ങുകളുടെ പവിത്രതയിലാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രത്യേക അയ്യപ്പ വിഗ്രഹത്തില്‍ ദേവ ചൈതന്യം ആവാഹിച്ചു വിഭൂതി ചാര്‍ത്തിയാണ് ഇല്ലൈ കാന്തന്‍ ക്ഷേത്രം മേല്‍ശാന്തി പ്രദീപ് അടികള്‍ ചടങ്ങുകള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പഞ്ചാമൃതവും പനിനീരും കരിക്കും പാലും തേനും നെയ്യും കളഭവും മഞ്ഞളും അടക്കം നവാഭിഷേകം നടത്തിയാണ് ദേവചൈതന്യത്തില്‍ പൂജകള്‍ നടന്നത്. തുടര്‍ന്ന് നടന്ന ഭജനയ്ക്ക് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഡെര്‍ബി ഹിന്ദു സമാജം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. അഷ്ടോത്തര അര്‍ച്ചനയും സമര്‍പ്പണവും വിളക്ക് പൂജയും നടന്ന ശേഷം പടിപൂജയും നടത്തിയാണ് അയ്യപ്പ സ്വാമിക്കു ദീപാരാധന നടന്നത് ശാസ്താ ദശകത്തിലെ ലോകവീര്യം മഹാപൂജ്യം ചൊല്ലി സാഷ്ടാംഗ സമര്‍പ്പണം നടത്തി സമസ്താപരാധങ്ങള്‍ക്കും ക്ഷമചൊല്ലിയാണ് ഭക്തര്‍ സ്വാമി കടാക്ഷം തേടിയത്. തുടര്‍ന്ന് അര്‍ച്ചനകളും ദീപ പൂജയും നടത്തിയാണ് ഹരിവരാസനം ചൊല്ലി നടയടച്ചത്. ഏറെ ചൈതന്യ ധന്യമായ അന്തരീക്ഷമാണ് കവന്‍ട്രി മകരസംക്രമ പൂജയില്‍ ദൃശ്യമായത്. അപ്പവും പ്രസാദവും ഭക്തര്‍ക്ക് നല്‍കിയ ശേഷം അന്നദാനവും നടന്നു.
ലെസ്റ്റര്‍: സീറോ മലബാര്‍ മാര്‍ത്തോമ്മാ കത്തോലിക്കര്‍ ലെസ്റ്റര്‍ കേന്ദ്രീകരിച്ച് രൂപം കൊടുത്ത സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് വിശ്വാസി സമൂഹത്തില്‍ ഏറെ ശ്രദ്ധേയവും, ചര്‍ച്ചാകേന്ദ്രവും ആവുന്നു. കഴിഞ്ഞ ദിവസം സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് ലെസ്റ്ററില്‍ സംഘടിപ്പിച്ച തിരുപ്പിറവി-നവവത്സര ആഘോഷം പ്രൗഢ ഗംഭീരവും, വര്‍ണ്ണാഭവും ആയി.
വിശ്വാസവും, പൈതൃകവും, പാരമ്പര്യവും കാത്തു പരിപാലിക്കുകയും, സഭയുടെ വളര്‍ച്ചയില്‍ പങ്കാളിയാവുകയും അതിനൊപ്പം തങ്ങളുടേതായ ഒരു ഫാമിലി സോഷ്യല്‍ ക്ലബ്ബ് എന്ന ആശയത്തിന് പൂര്‍ണ്ണത കൈവരിക്കുകയുമാണ് ലെസ്റ്റര്‍ സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് എന്ന കൂട്ടായ്മ. നൂറോളം കുടുംബങ്ങള്‍ കൈകോര്‍ത്തും ഊര്‍ജ്ജം പകര്‍ന്നും രൂപം കൊടുത്ത ഫാമിലി സോഷ്യല്‍ ക്ലബ്ബിന്റെ ക്രിസ്തുമസ് ആഘോഷത്തെ കുട്ടികളുടെ നിറപ്പകിട്ടാര്‍ന്ന കലാമേളക്കൊപ്പം, ഗംഭീര സ്റ്റേജ് ഷോയും, നാടന്‍ വിഭവങ്ങളുടെ രുചിക്കൂട്ടും, ലൈവ് കിച്ചനും, മദര്‍ ഓഫ് ഗോഡ് പ്രീസ്റ്റ് ഫാ.ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്റെ ഉദ്ഘാടന സന്ദേശവും, കരോള്‍ ഗാനാലാപനവും ചേര്‍ന്നപ്പോള്‍ അവിസ്മരണീയവും, ആകര്‍ഷകവുമായി.
ഈശ്വര പ്രാര്‍ത്ഥനയോടെ സമാരംഭിച്ച ക്ലബ്ബിന്റെ ക്രിസ്തുമസ്സ്-നവവത്സര ആഘോഷം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ബഹു.ജോര്‍ജ്ജ് ചേലക്കല്‍ അച്ചന്‍ ഉദ്ഘാടനം ചെയ്തു സന്ദേശം നല്‍കി. ‘മുതിര്‍ന്ന തലമുറ ആര്‍ജ്ജിച്ച തനതായ സാമൂഹികവും, സാംസ്‌കാരികവുമായ നന്മയുടെ പാഠങ്ങളും, കലാ സാഹിത്യ പാഠവങ്ങളും പരിപാലിക്കപ്പെടുവാനും, നവ തലമുറയ്ക്ക് അത് പകര്‍ന്നു നല്‍കുവാനും, അവരെ പ്രോത്സാഹിപ്പിക്കുവാനും ഒരേ പാരമ്പര്യ വിശ്വാസ മനസ്സുകളുടെ ശക്തമായ ഒരു കൂട്ടായ്മ്മ പടുത്തയര്‍ത്തിയത് എല്ലാ നിലക്കും അഭികാമ്യമായി. സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് മറ്റുള്ളവര്‍ക്കു പ്രചോദനവും, മാതൃകയും സഹായവുമായി വര്‍ത്തിക്കുവാനാവണം. സന്തോഷവും, സന്താപവും, ആഹ്‌ളാദവും,വേദനയും, വിനോദവും ഒക്കെ പങ്കിടുമ്പോള്‍ വിശ്വാസം പങ്കു വെക്കുന്ന ഒരു സമൂഹത്തോടൊപ്പം ആവുന്നത് ഏറെ നന്നാവും’. ഫാമിലി ക്ലബ്ബിനു നല്ല കര്‍മ്മപഥത്തിലൂടെ മാത്രം എല്ലാക്കാലത്തും ചരിക്കുവാന്‍ കഴിയട്ടെയെന്നു ആശംശിച്ച ജോര്‍ജച്ചന്‍ സര്‍വ്വ വിജയങ്ങള്‍ നേരുകയും ചെയ്തു.
ലെസ്റ്റര്‍ ഫാമിലി ക്ലബ്ബിന്റെ ആഘോഷത്തിലേക്ക് ജസ്റ്റിന്‍ ഏവര്‍ക്കും ഹാര്‍ദ്ധവമായ സ്വാഗതം ആശംസിക്കുകയും ക്ലബ്ബിന്റെ പ്രവര്‍ത്തന മേഖലയെ പ്രദിപാദിച്ചു സംസാരിക്കുകയും ചെയ്തു. കലാപരിപാടികള്‍ക്കായി ദിവസങ്ങളായുള്ള പരിശീലനവും, ഒറ്റക്കെട്ടായ പാചക പങ്കാളിത്തവും, വേദിയുടെ ആകര്‍ഷകമായ ഒരുക്കങ്ങളും ആയി പങ്കിട്ട നല്ല നിമിഷങ്ങള്‍ ഏവര്‍ക്കും കൂടുതല്‍ സ്‌നേഹോര്‍മ്മകളേകുകയും, ഫാമിലി സോഷ്യല്‍ ക്ലബ്ബെന്ന ആശയത്തിന്റെ ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നതുമായി.
പൊറോട്ടയും, ബീഫ് കറിയും, ദം ബിരിയാണിയും, കപ്പയും, മീന്‍കറിയും അടക്കം നാടന്‍ വിഭവങ്ങളുടെ സമ്പന്നമായ രുചിക്കൂട്ട് ആഘോഷത്തിലെ ഹൈലൈറ്റായി. അടിപൊളി ‘കോഴിക്കോടന്‍ പൊറോട്ട’ക്കായുള്ള ‘തിക്കും തിരക്കും’ ഏറെ രസക്കാഴ്ച പകരുന്നതായി. വൈകും വരെ ‘ലൈവ് കിച്ചന്‍’ നിലനിറുത്തി ഏവരെയും സംതൃപ്തരാക്കിയ ‘പൊറോട്ട അടിക്കാരന്‍’ അലക്‌സ് ഏറെ കയ്യടിയും പ്രശംസയും നേടിയാണ് വേദി വിട്ടത്. ക്ലബ്ബ് അംഗങ്ങളുടെ നാടന്‍ വിഭവങ്ങളുടെ പാചക ‘കസര്‍ത്ത്’ ഏവരും നന്നായിത്തന്നെ ആസ്വദിച്ചു.
ഫാമിലി ക്ലബ്ബിലെ കുട്ടികളുടെ മികവുറ്റ വൈവിദ്ധ്യമായ കലാ പ്രകടനങ്ങള്‍ക്കൊപ്പം, ഗംഭീര സ്റ്റേജ് ഷോയും അരങ്ങു വാണു. ഫാമിലി ക്ലബ്ബ് ഒരുക്കിയ കലാ വിരുന്നില്‍ നേറ്റിവിറ്റി, ഓര്‍ക്കസ്ട്ര, നൃത്തനൃത്യങ്ങള്‍, സ്‌കിറ്റ്, പാട്ട്, പ്രസംഗം എന്നിവക്കൊപ്പം ആഘോഷത്തിന് മാന്തിക രസച്ചരടുമായെത്തിയ ഗംഭീര സ്റ്റേജ് ഷോയില്‍ ചാലക്കുടിയുടെ സ്വന്തം കലാഭവന്‍ മണിയെ അനുസ്മരിപ്പിച്ച തകര്‍പ്പന്‍ ‘ മണിയുടെ നാടന്‍ കലാ വിഭവങ്ങളുമായി’ വന്ന് വേദി കീഴടക്കിയ രഞ്ജി, ഹാസ്യ കൗണ്ടറടിയുടെ രാജാവായ പന്തളം ഉല്ലാസ്, നര്‍ത്തകി മഞ്ജു അടക്കം 14 കലാകാര്‍ അണിനിറഞ്ഞ സ്റ്റേജ് ഷോയും ഒന്നിച്ചപ്പോള്‍ ആഘോഷത്തിനു ഉത്സവത്തിന്റെ പൊന്‍ പ്രഭ പരന്നു.
പ്രോഗ്രാം വന്‍ വിജയമാക്കിയ സുബിന്‍ തോമസ്, സന്തോഷ് മാത്യു, ബിറ്റോ സെബാസ്റ്റ്യന്‍, ജോമി ജോണ്‍, ഷിബു, ജിജിമോന്‍, ജോബി എന്നിവരുടെ കോര്‍ഡിനേഷനും, ഏവരും നന്നായി ആസ്വദിച്ച നാടന്‍ വിഭവങ്ങളുടെ രുചിക്കൂട്ടിനു നേതൃത്വം നല്‍കിയ ജോസ്, ഷെറിന്‍, വിജയ് എന്നിവരുടെ പാചക നേതൃത്വവും, അരങ്ങു വാണ കൊച്ചു കലാകാരുടെ പ്രകടനങ്ങളും ഏവരുടെയും മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി.
ആഘോഷത്തെ വന്‍ വിജയമാക്കി മാറ്റിയ സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്‌ളബ്ബാംഗങ്ങള്‍ക്കും, അതിഥികള്‍ക്കും സ്റ്റാന്‍ലി പൈമ്പിള്ളില്‍ നന്ദി പ്രകാശിപ്പിച്ചു. ഏപ്രില്‍ മാസത്തില്‍ വിഭാവനം ചെയ്ത ‘ത്രിദിന ഫാമിലി ഔട്ടിങ്’ ഗംഭീരമാക്കുവാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ക്കു നാന്ദി കുറിച്ചു കൊണ്ടാണ് ഏവരും വേദി വിട്ടത്.
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ മാസം 16-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും, മരിയന്‍ പ്രദക്ഷിണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
പരിശുദ്ധ അമ്മയോടുള്ള സ്നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തിയുള്ള മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
5:30pm കുമ്പസാരം, 6.15pm പരിശുദ്ധ ജപമാല, 6.45pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യസഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, മരിയന്‍ പ്രദക്ഷിണം, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.
തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall tSreet,
Walthamstow, E17. 9HU
അനുജ കെ.
മലദേവര്‍നടയില്‍ തൊഴുതു മടങ്ങുന്നതിനായി കുറച്ചാളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ട്. നാട്ടിലെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണ് മലദേവര്‍നട. എണ്ണ, കര്‍പ്പൂരം, സാമ്പ്രാണി എന്നിവയുമായി ഞാനുമുണ്ടവിടെ. ഞാന്‍ കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചിട്ട് ഏകദേശം രണ്ടു മാസം. ഒരു മലയോര പ്രദേശത്തു നിന്നും നഗരത്തിലേക്ക് ചേക്കേറിയിരിക്കുകയാണ് ഞാന്‍. നഗരപ്രദേശമെങ്കിലും ഗ്രാമത്തിന്റെ പരിവേഷം തന്നെ. മലദേവന്‍മാരും പടയണിക്കോലങ്ങളും എല്ലാം നിറഞ്ഞ ഒരു നാട്. മലനടയില്‍ ഒന്നല്ല പ്രതിഷ്ഠ. മലദേവരുണ്ട്, ശിവനുണ്ട്, സര്‍പ്പക്കാവുണ്ട്, പാക്കനാരുണ്ട്…. ഇവിടെയെല്ലാം തൊഴുതു കഴിഞ്ഞാല്‍ വലിയ ഉരുളന്‍ കല്ലുകള്‍ക്കിടയില്‍ക്കൂടി കുറേ നടകള്‍ കയറേണ്ടി വരും. അവ കയറിച്ചെന്നാല്‍ വനദുര്‍ഗ്ഗയേയും മാടസ്വാമിയെയും കാണാം.
മാടസ്വാമിയെ തൊഴുമ്പോള്‍ എന്റെ മനസ് എപ്പോഴും എന്റെ സ്വന്തം ഗ്രാമത്തിലേക്ക് പോകും. അവിടെ പാറിപ്പറന്ന മുടിയും മുഷിഞ്ഞ വസ്ത്രവുമായി സൈക്കിളില്‍ പാഞ്ഞുപോകുന്ന ഒരു മാടസ്വാമിയുണ്ട്. ഞാനും എന്റെ സഹോദരങ്ങളും അയാളെ കൗതുകപൂര്‍വം നോക്കിനില്‍ക്കാറുണ്ടായിരുന്നു. അതിന് ഒരു കാരണമുണ്ട്. അയാളുടെ ഒരു ദിവസത്തെ ഭക്ഷണം പതിനാറു ബോണ്ടയാണത്രേ….! ബോണ്ടയെന്നാല്‍ ചെറിയ പന്തുപോലിരിക്കുന്ന എണ്ണയില്‍ വറുത്തെടുക്കുന്ന ഒരു പലഹാരമാണ്. ഇടുക്കിയിലെ ബോണ്ടയ്ക്ക് പത്തനംതിട്ടയിലെ ബോണ്ടയുടെ ഇരട്ടി വലിപ്പമുണ്ട്. ഒരെണ്ണം കഴിച്ചാല്‍ ഒരാളുടെ വയറു നിറയും. അപ്പോഴാണ് പതിനാറെണ്ണം.
അയാള്‍ ഒരു വരത്തനാണ്. സിറ്റിയിലെ ചായക്കടയില്‍ വിറകു കീറി കൊടുക്കലാണ് അയാളുടെ പണി. പ്രതിഫലമായി പതിനാറു ബോണ്ട. സിറ്റി എന്നാല്‍ മെട്രോ മാളുകളും മെഡിസിറ്റികളുമുള്ള വലിയ നഗരമൊന്നുമല്ല. ചെറിയ ചെറിയ കടകളും, കുരിശുപള്ളി, ക്ലിനിക്ക് എന്നിവയുമൊക്കെ ചേര്‍ന്നിരിക്കുന്ന ഒരു ചെറിയ പ്രദേശത്തിന് കേരളത്തിന്റെ കിഴക്കന്‍ ജില്ലയില്‍ സിറ്റി എന്നാണ് വിശേഷിപ്പിക്കുന്നത്.
മാടസ്വാമിയുടെ സൈക്കിളിനു പിന്നിലുമുണ്ട് ഒരു ചരിത്രം. അയാളുടെ ചക്കക്കുരു ബിസിനസിന്റെ ബാക്കിപത്രമാണ് സൈക്കിള്‍. ചക്കയുടെ സീസണുകളില്‍ പ്ലാവിന്റെ ചോടുകളില്‍ക്കൂടി ഒരു പഴയ ചാക്കുമായി നടക്കും. ചക്കക്കുരു ശേഖരിക്കുകയാണ് ലക്ഷ്യം. പെറുക്കിക്കൂട്ടിയ ചക്കക്കുരു ചാക്കില്‍ നിറച്ച് ഗ്രാമത്തിലെ വെയിറ്റിംഗ് ഷെഡ്ഡില്‍ കൊണ്ടിടും. വെയിറ്റിംഗ് ഷെഡ് ഉള്ളിടത്ത് ബസ് സ്റ്റോപ്പ് ഇല്ലാത്തതിനാല്‍ ഷെഡ് മാടസ്വാമിക്ക് സ്വന്തം. ഷെഡിന്റെ ഒരു ഭാഗം തപാലാഫീസായി പ്രവര്‍ത്തിക്കുന്നു. ചക്ക സീസണ്‍ അവസാനിക്കുന്നതോടെ മാടസ്വാമിയുടെ ഷെഡ്ഡില്‍ ഒരു ചക്കക്കുരു മല രൂപപ്പെടും. ചക്കക്കുരു കൊണ്ടാണ് ആരോറൂട്ട് ബിസ്‌കറ്റ് ഉണ്ടാക്കുന്നത് എന്ന അഭ്യൂഹം നാട്ടില്‍ പാട്ടാണ്. കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ബിസ്‌കറ്റിന്റെ ഭാഗമാകാന്‍ മാടസ്വാമിക്ക് കഴിഞ്ഞതില്‍ എനിക്കും അഭിമാനമുണ്ട്.
മലദേവര്‍നടയിലെ ദേവര്‍ എന്റെ ഗ്രാമത്തില്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന വിറകുവെട്ടുകാരന്‍, ചക്കക്കുരു ബിസിനസുകാരന്‍ എന്നീ രൂപങ്ങളില്‍ അവതരിച്ചിരിക്കുകയാണോ എന്ന് എനിക്ക് സംശയം.
അനുജ കെ.
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെ ലക്ചററാണ്. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാഡമി, കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടത്തിയ ആര്‍ട്ട് മാസ്‌ട്രോ കോംപറ്റീഷന്‍ ആന്‍ഡ് എക്‌സിബിഷനില്‍ സണ്‍ഫ്‌ളവര്‍, വയനാട്ടുകുലവന്‍ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ആഷ്‌ഫോര്‍ഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14-ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ‘ഉദയം’ ആഷ്‌ഫോര്‍ഡ് നോര്‍ട്ടണ്‍ നാച്ച്ബൂള്‍ സ്‌കൂളിലെ നയനമനോഹരമായ ഓഡിറ്റോറിയത്തില്‍ വെച്ച് വൈകുന്നേരം 4 മണിക്ക് 30ല്‍പ്പരം സ്ത്രീകളും ആണ്‍കുട്ടികളും അണിനിരന്ന ഫ്‌ളാഷ് മോബോടു കൂടി ആരംഭിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ട്രീസാ സുബിന്‍ വിശിഷ്ടാതിഥികള്‍ക്കും സദസ്സിനും സ്വാഗതം ആശംസിച്ചു. സമ്മേളനം പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫും മുഖ്യാതിഥിയായ ഡോ. അനൂജ് ജോഷ്വായും സംയുക്തമായി മൂന്ന് നക്ഷത്ര വിളക്കുകള്‍ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശേഷം ബ്രിട്ടീഷ് സിവില്‍ സര്‍വീസിലേക്ക് ആദ്യമായി കടന്നുവന്ന മലയാളിയും, Her Majesty’s Goverment’s ല്‍ സീനിയര്‍ ഇക്കണോമിക് അഡ്വേസറും, ഇന്‍വെസ്റ്റ്‌മെന്റ് അനാലിസിസിന്റെ തലവനും, പ്രശസ്ത വാഗ്മീയുമായ ഡോ. അനൂജ് ജോഷ്വാ മാത്യു ക്രിസ്തുമസ് ദൂത് നല്‍കി. ഈ കാലഘട്ടത്തില്‍ സ്‌നേഹത്തിനും സാഹോദര്യത്തിനും മുന്‍ഗണന നല്‍കിയും ക്രിസിതുവിന്റെ സുവിശേഷത്തെ പിന്തുടര്‍ന്നും സഹോദരങ്ങളെ ബുദ്ധിമുട്ടിക്കാതെയും വിഷമിപ്പിക്കാതെയും നാം ഒത്തൊരുമിച്ച കൈകോര്‍ക്കുമ്പോളാണ് ക്രിസ്തുമസ് അതിന്റെ പരിപൂര്‍ണതയിലെത്തുന്നതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ സംഘടിപ്പിച്ച പു്ല്‍ക്കൂട് മത്സരത്തില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തപ്പിന്റെയും കിന്നരത്തിന്റെയും കൈത്താളത്തിന്റെയും അകമ്പടിയോടെ നവീനഗാനങ്ങളുമായി ഡിസംബര്‍ മാസത്തില്‍ കടന്നുവന്ന അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കടന്നുചെന്ന എല്ലാ മലയാളി ഭവനങ്ങളിലെ അംഗങ്ങള്‍ക്കും ഉദയവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും സോനു സിറിയക് നന്ദി അറിയിച്ചു. ജോയിന്റ് സെക്രട്ടറി സിജോ ജെയിംസ്, വൈസ് പ്രസിഡന്റ് ജോളി മോളി, ട്രഷറര്‍ ജെറി ജോസ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഷാബു വര്‍ഗീസ് യോഗം നിയന്ത്രിച്ചു.
പ്രശസ്ത നര്‍ത്തകി ജെസിന്താ ജോയ്‌യുടെ മേല്‍നോട്ടത്തില്‍ പെണ്‍ക്കുട്ടികള്‍ അവതരിപ്പിച്ച അതീവഹൃദ്യവും, നയനമനോഹരവുമായ സ്വാഗത നൃത്തതോടെ ആഘോഷങ്ങള്‍ ആരംഭിച്ചു. 65ല്‍ പ്പരം കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച ‘ലോകരക്ഷിതാവിന്റെ ഉദയം’ എന്ന നൃത്ത സംഗീത ശില്‍പ്പവും കൊച്ചു കുട്ടികളും ക്രിസ്തുമസ് പാപ്പയും ചേര്‍ന്ന് അവതരിപ്പിച്ച പാപ്പാ നൃത്തവും ആഷ്‌ഫോര്‍ഡില്‍ ആദ്യമായി നീല ചിറകുകള്‍ ഏന്തിയ മാലഖമാരുടെ എയ്ഞ്ചല്‍ ഡാന്‍സും അരങ്ങേറി. കൂടാതെ ക്ലാസിക്കല്‍ ഡാന്‍സ്, ഭക്തിഗാനം, കരോള്‍ ഗാനം, കുട്ടികളുടെ കൊയര്‍, സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ്, എന്നിവയാല്‍ ഉദയം കൂടുതല്‍ സമ്പന്നമായി. സിനിമാറ്റിക്ക് ഡാന്‍സിന്റെ ഭാവി വാഗ്ദാനമായ അച്ചു കുമാര്‍ ചിട്ടപ്പെടുത്തിയ ഫ്യൂഷന്‍ ഡാന്‍സും വനിതകളുടെ സിനിമാറ്റിക് ഡാന്‍സും ജിന്റെില്‍ ബേബിയുടെ ഡി.ജെയും സദസിനെ ഇളക്കി മറിച്ചു.
ഉദയം വന്‍വിജയമാക്കി തീര്‍ക്കുവാന്‍ അരങ്ങിലും അണിയറയിലും പരിശ്രമിച്ച എല്ലാ വ്യക്തികള്‍ക്കും, സ്റ്റേജിയും ഹാളിന്റെ പുറത്തും വെളിച്ചത്താല്‍ അലങ്കരിക്കുകയും വേദിയിലേക്ക് ആവശ്യമായ ശബ്ദവും വെളിച്ചവും ക്രമീകരിച്ച Baby RAC ക്കും പ്രോഗ്രാം കമ്മറ്റിക്കും കമ്മറ്റി കണ്‍വീനറായ ജോണ്‍സണ്‍ മാത്യൂസ് നന്ദി പ്രകാശിപ്പിച്ചു.
എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം സാംചീരന്‍, ജോജി കോട്ടക്കല്‍, സോജാ മധു, സുബിന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ അതീവ സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞു പിരിയുമ്പോള്‍ അംഗങ്ങളും അതിഥികളും ആതിഥേയരും ഒരേ സ്വരത്തില്‍ കണ്ണിനും കാതിനും കരളിനും മനസിലും തങ്ങി നില്‍ക്കുന്ന പരിപാടിയാണ് ഉദയം എന്ന് അഭിപ്രായപ്പെട്ടു.
ബിനോയി ജോസഫ്
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന നഗരത്തിൽ നിന്നും സാമൂഹിക നവോത്ഥാനത്തിനായി മലയാളികളുടെ ശബ്ദം ഉയരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബിംഗിൽ ഏറ്റവും നാശനഷ്ടങ്ങൾ നേരിട്ട ബ്രിട്ടണിലെ അതിപുരാതന തുറമുഖ നഗരവും അടിമവ്യാപാരത്തിന് അന്ത്യം കുറിപ്പിച്ച വിൽബർ ഫോഴ്സിന്റെ ജന്മനാടുമായ ഹള്ളിൽ നിന്നും ആധുനിക യുഗത്തിലും പിന്തുടരുന്ന ആർഷഭാരതത്തിലെ അനാചാരങ്ങൾക്കെതിരെ പ്രതികരിക്കുന്ന കവിത ലോക ശ്രദ്ധ നേടുന്നു. ഇരുന്നൂറ് വർഷങ്ങളിലേറെയായി നിലനിന്ന അടിമ വ്യാപാരത്തിന് അറുതി വരുത്താൻ 1833 ൽ സ്ളേവ് ട്രേഡ് ആക്ട് നിലവിൽ വരുന്നതുവരെ പടപൊരുതിയ വില്യം വിൽബർഫോഴ്‌സിന്റെ യശസാൽ പ്രസിദ്ധമായ ഈസ്റ്റ് യോർക്ക് ഷയറിന്റെ ഹൃദയ നഗരത്തിൽ നിന്നും ലോക മനസാക്ഷിയ്ക്കു മുന്നിലേക്ക് മാറ്റത്തിന്റെ ചിന്തകൾ “അശുദ്ധ ആർത്തവം” എന്ന കവിതയിലൂടെ പങ്കു വയ്ക്കുകയാണ് മലയാളികളായ സ്റ്റീഫൻ കല്ലടയിലും സാൻ ജോർജ് തോമസ് മമ്പലവും. അതിപ്രശസ്തമായ സംസ്കാരങ്ങളുറങ്ങുന്ന നമ്മുടെ നാടിന്റെ ദയനീയമായ ഒരു ആധുനിക നേർക്കാഴ്ചയോടുള്ള ആത്മ രോഷം ആ വരികളിൽ തുളുമ്പുന്നു.
ഭാരത ജനത വളർച്ചയുടെ പടവുകൾ താണ്ടുമ്പോഴും ഇന്നും നിശബ്ദമായി സമൂഹം അടിച്ചേൽപ്പിക്കുന്ന നിർദ്ദയവും പ്രാകൃതവുമായ ആചാരങ്ങൾക്കെതിരെ ഉഴവൂർ സ്വദേശിയായ സ്റ്റീഫൻ രചിച്ച ഹൃദയവേദനയിൽ ചാലിച്ച കവിതയ്ക്ക്, സുന്ദരമായ ശബ്ദവ്യതിയാനങ്ങളിലൂടെ മാറ്റത്തിനായുള്ള മുറവിളിയുടെ പ്രതിധ്വനി മനുഷ്യ കർണ്ണങ്ങളിൽ ആലാപനത്തിന്റെ തീവ്രതയാല്‍ സന്ദേശമായി പകർന്നു നല്കിയത് സാൻ ജോർജ് തോമസ് മമ്പലമാണ്. ആർത്തവത്തിന്റെ ദിവസങ്ങളിൽ സാമൂഹികാചാരമനുസരിച്ച് മാറ്റി പാർപ്പിക്കപ്പെടുകയും അതിനിടയിൽ മരം വീണ് അകാല മൃത്യു വരിക്കുകയും ചെയ്ത തഞ്ചാവൂരിലെ പന്ത്രണ്ടുകാരിയായ പെൺകുട്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു കണ്ണീർ പ്രണാമമർപ്പിച്ചുകൊണ്ടാണ് സ്റ്റീഫൻ തന്റെ കവിത ലോകത്തിന് സമർപ്പിക്കുന്നത്.
“മകളെ നീയും നിന്റെയാർത്തവുമശുദ്ധമാ… പെണ്ണാണ് നീ വെറും പെണ്ണ്, ആണിന്നടിമയാം പെണ്ണ്..” എന്നീ വരികളിലൂടെ സമൂഹ മനസാക്ഷിയുടെ വിധിയ്ക്കായി, ഇന്നിന്റെ അനാചാരങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. സ്ത്രീകൾ അബലകളാണെന്നും പിറന്നു വീഴും നിമിഷം മുതൽ പുരുഷനാൽ അടിച്ചമർത്തപ്പെടേണ്ടവളാണെന്നുമുള്ള നാട്ടുനടപ്പുകൾക്ക് എതിരേയുള്ള ഹൃദയത്തിന്റെ ഭാഷയിലുള്ള രോഷപ്രകടനം കവിതയിൽ നിറയുന്നു. “ശുദ്ധരിൽ ശുദ്ധരാം ദൈവങ്ങൾക്കാവുമോ കേൾക്കുവാൻ… അശുദ്ധരിൽ അശുദ്ധയാം ഋതുമതി നീട്ടുമീയർത്ഥന.. ആര്‍ത്തവ പെണ്ണിനാ ദേവനെ ഒരു നോക്കുകാണാന്‍… കാലവും മാറി കോലവും പിന്നെ നിൻ ചിന്തകളും.. മാറാത്തത് ഈ പെണ്ണെന്ന വാക്കിന്റെ അർത്ഥമതൊന്നു മാത്രം..” കവിതയിലെ വരികൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു.
അ. ആര്‍ത്തവം കവിത
മാനവരാശിയുടെ നിലനില്പിനായി പ്രകൃതി സ്ത്രീകൾക്കായി കനിഞ്ഞു നല്കിയ വരദാനങ്ങൾ, അവരെ ചൊൽപ്പടിക്കു നിർത്താനുള്ള കുറുക്കുവഴികളാക്കുന്ന ആധുനിക സമൂഹത്തിന്റെ നേർക്കാഴ്ചയാണ് ഈ കവിത. ഹൾ കാസിൽ ഹിൽ ഹോസ്പിറ്റലിലെ തിയറ്റർ നഴ്സായി ജോലി ചെയ്യുന്ന സ്റ്റീഫൻ കല്ലടയിൽ സാമൂഹിക സാഹിത്യ കലാ രംഗങ്ങളിൽ യുകെയിൽ സജീവമായി പ്രവർത്തിക്കുന്നു. “ലണ്ടൻ ജംഗ്ഷൻ” എന്ന സീരിയൽ അടക്കം നാടക രചന, സംവിധാനം, കവിതാ, കഥാ രചനകളിലും സ്റ്റീഫൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. “അ. ആർത്തവം” എന്ന പേരിൽ യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത കവിത മനോഹരമായി ആലപിച്ച സാൻ മമ്പലം കഴിഞ്ഞ വർഷത്തെ യുക്മ സ്റ്റാർ സിംഗർ വിജയിയാണ്. പ്രശസ്ത ഗായകനായ ജി. വേണുഗോപാലിന്റെ പ്രശംസ ലഭിച്ച ശബ്ദസൗന്ദര്യത്തിന്റെ ഉടമയായ സാൻ എന്ന യുവഗായകന്റെ തീക്ഷ്ണമായ ആലാപനം കവിതയെ കൂടുതൽ മികവുറ്റതാക്കി. 2017, 2018 വർഷങ്ങളിൽ യുക്മ നാഷണൽ കലാമേളയിൽ കലാപ്രതിഭയായി തിളങ്ങിയ സാൻ എഞ്ചിനീയറിംഗിൽ മാസ്റ്റേർസ് ഡിഗ്രി ഹോൾഡറാണ്. ഗോഡ് സൺ സ്റ്റീഫൻ എഡിറ്റിംഗ് നിർവ്വഹിച്ച കവിതയ്ക്ക് അഭിനന്ദനങ്ങളുമായി നൂറുകണക്കിനാളുകളാണ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.
ഹരികുമാര്‍ ഗോപാലന്‍
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ(ലിമ) ഓണാഘോഷവും ഈസ്റ്റര്‍ വിഷു ആഘോഷവും ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചതായി ലിമ പ്രസിഡന്റ് ഇ.ജെ കുര്യാക്കോസ് അറിയിച്ചു. ഈസ്റ്റര്‍, വിഷു ആഘോഷം ഏപ്രില്‍ 28ന് വിസ്റ്റോണ്‍ ടൗണ്‍ ഹാളില്‍ വെച്ച് നടക്കും.
വിപുലമായ കലാപരിപാടികളോടെ ഓണാഘോഷം സെപ്റ്റംബര്‍ 21നും നടക്കുമെന്നും ഈ പരിപാടികളിലേക്ക് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികളെയും ആദരവോടെ ഷണിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.
2018 ഓഗസ്റ്റ് മാസത്തിലായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയുണ്ടായത്. അവസരത്തിനൊത്ത് ഉയര്‍ന്ന യുകെകെസിഎ അതിന്റഎ 51 യൂണിറ്റുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ദുരിതാശ്വാസ ഫണ്ട് സമാഹരണം നടത്തി. യുകെകെസിഎയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഇത്തരമൊരു ബൃഹത്തായ ധനസമാഹരണം നടത്തിയത്, ഏകദേശം 20,000 പൗണ്ടോളം ഇതിലേക്ക് സമാഹരിക്കാന്‍ കഴിഞ്ഞു. പ്രളയം കശക്കിയെറിഞ്ഞ ജീവിതങ്ങളെ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വിവേചനമില്ലാതെ ആവുന്നത്ര സഹായിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടവരെയാണ് സഹായിക്കുവാന്‍ മുന്‍കയ്യെടുത്തത്. അതിലൂടെ 47 കുടുംബങ്ങള്‍ക്കാണ് യുകെകെസിഎ അത്താണിയായി മാറിയത്. 110 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് അര്‍ഹരായവരെ കണ്ടെത്താന്‍ നിയോഗിച്ച് സഹായം അവരുടെ അക്കൗണ്ടില്‍ നേരിട്ടെത്തിക്കുകയായിരുന്നു. ധനസഹായം കരിപ്പാടം പള്ളി വികാരി ഫാ.ബിജു പല്ലോന്നി, പള്ളിത്തിരുനാള്‍ കലാസന്ധ്യയോടനുബന്ധിച്ച് നവംബര്‍ 21-ാം തിയതി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വെറും 40 ദിവസങ്ങള്‍ കൊണ്ട് സമാഹരിച്ച തുക മുഴുവന്‍ വിതരണം നടത്തുവാന്‍ കഴിഞ്ഞത് സെന്‍ട്രല്‍ കമ്മിറ്റിയുടെ എടുത്തു പറയുവാന്‍ കഴിയുന്ന നേട്ടങ്ങളില്‍ ഒന്നു മാത്രമാണ്. ഇതില്‍ പങ്കുകൊണ്ട എല്ലാ ക്‌നാനായ സമുദായാംഗങ്ങളെയും നന്ദിയോടെ സ്മരിക്കുന്നുവെന്ന് ജോയിന്റ് സെക്രട്ടറി സണ്ണി ജോസ് രാഗമാലിക പറഞ്ഞു.
ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രൂ മലയാളി അസോസിയേഷന്‍ (HMA) മുന്‍വര്‍ഷങ്ങളുടെ തുടര്‍ച്ചയായി ഉദയം 2019 എന്ന സംഗീത, നൃത്ത ഹാസ്യ പ്രാധാന്യമുള്ള പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 12 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് വെസ്റ്റ് ലണ്ടനിലെ Feltham Springwest അക്കാഡമിയിലാണ് പരിപാടി.
ആധുനിക കേരള ദര്‍ശിച്ച മഹാപ്രളയത്തില്‍ സംഘടന സമാഹരിച്ച 6100 പൗണ്ട് സംഭാവന ഉള്‍പ്പെടെ രോഗികള്‍ക്കും നിര്‍ധനര്‍ക്കും മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എച്ച്എംഎയുടെ നേതൃത്വത്തില്‍ നടത്തി വരുന്നു. ബ്രിട്ടനിലെ വളര്‍ന്നു വരുന്ന മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും ആവലാതികള്‍ക്കുമൊപ്പം എന്നും നിലകൊണ്ടിട്ടുള്ള സംഘടന മലയാളികള്‍ക്ക് മാത്രമല്ല ഭാരതത്തിനും അഭിമാനമാണ്. ഒരു വലിയ ജനസമൂഹത്തെ പ്രതീക്ഷിക്കുന്ന ഈ സന്ധ്യയില്‍ നിങ്ങളുടെ ടിക്കറ്റുകള്‍ മുന്‍കൂട്ടി ഉറപ്പു വരുത്തുക.
കേരളത്തിന്റെ തനതായ ഭക്ഷണക്കൂട്ടുകളുടെ ഒരു കലവറ തന്നെ സംഘാടകര്‍ ഒരുക്കുന്നുണ്ട്.