Uncategorized

ബിനോയി ജോസഫ്

“ഇനി ഒരുപാടു കാലം പോകാനുണ്ട്, കുറെ ഭാരം ഇറക്കിവയ്ക്കാനുണ്ട്”… സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ബാലഭാസ്കർ യാത്രയായി.. ആയിരങ്ങളെ സംഗീതത്തിന്റെ മാസ്മരികതയിലേയ്ക്ക് കൈപിടിച്ചു നയിച്ച യൗവനം അണഞ്ഞു. ആ മാന്ത്രിക വിരലുകളിലെ വിസ്മയ തന്ത്രികളാൽ ജനഹൃദയങ്ങളെ തൊട്ടുണർത്താൻ പ്രിയപ്പെട്ട ബാലഭാസ്കർ ഇനിയില്ല.. ലോകം ഇനിയും വിശ്വസിച്ചിട്ടില്ല ബാലഭാസ്കർ വിടവാങ്ങിയെന്ന്.. സംഗീത മാന്ത്രികൻ പകർന്നു നല്കി ഊർജ്ജവും ആവേശവും അനുഭവിച്ച ജനഹൃദയങ്ങൾ വേദനയിൽ വിതുമ്പുകയാണ്..

ജീവനേക്കാൾ സ്നേഹിച്ച ലക്ഷ്മിയെയും വിട്ടകന്ന് കുഞ്ഞു തേജസ്വിനിയുടെ അടുക്കലേയ്ക്ക് ബാലഭാസ്കർ വിടവാങ്ങിയപ്പോൾ സംഗീതലോകം ആശ്വാസവാക്കുകളില്ലാതെ ഉഴലുന്നു.. വേദനയില്ലാത്ത ലോകത്തേയ്ക്ക്, മകളെ അത്യധികം സ്നേഹിച്ച ആ അച്ഛൻ കൈ പിടിക്കാനെത്തിക്കഴിഞ്ഞു. നീണ്ട കാലത്തെ കാത്തിരിപ്പിൽ വിരിഞ്ഞ നറുപുഷ്പത്തെ തനിച്ചാക്കാൻ ബാലുവിന് മനസ് വന്നിട്ടുണ്ടാവില്ല.  ആയിരക്കണക്കിന് വേദികളിൽ പ്രകമ്പനമായി മാറിയ മധുരമേറിയ സ്വരവീചികളുടെ രാജകുമാരൻ കേരളത്തിന്റെ മണ്ണിൽ ഇന്ന് കണ്ണീർ പുഷ്പമായി അലിഞ്ഞു ചേരും.

ആകർഷകമായ വ്യക്തിത്വവും സൗഹൃദത്തോടെയുള്ള പെരുമാറ്റവും കൊണ്ട് ബാലഭാസ്കർ ഇടം നേടിയത് ആയിരങ്ങളുടെ ഹൃദയങ്ങളിലാണ്. കഠിനാദ്ധ്വാനത്തിലൂടെ വയലിൻ കൊണ്ട് ചരിത്രം രചിച്ച ബാലഭാസ്കർ യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു. തന്നിലെ സന്തോഷവും ഊർജ്ജവും സദസിലേയ്ക്ക് പകരുന്ന കരവിരുതും ചടുലതയും ബാലഭാസ്കറിന്റെ മാത്രം പ്രത്യേകതകളായിരുന്നു. തീവ്രമായ സംഗീത സപര്യയിലൂടെ കലയോട് നീതി പുലർത്തിയ അസാമാന്യ പ്രതിഭയെ വിശേഷപ്പിക്കാൻ വാക്കുകളില്ല.

തിരുവനന്തപുരം ഗവ.മോഡൽ സ്കൂളിലെ മ്യൂസിക് റൂമിൽ തന്റെ സുഹൃത്തിനോടൊപ്പം സംഗീതത്തിന്റെ ആരവത്തിന് തുടക്കം കുറിച്ച ബാലഭാസ്കർ കുട്ടികൾക്ക് എന്നും ആവേശമായിരുന്നു. മ്യൂസിക് റൂമിന്റെ ജനാലച്ചില്ലുകൾ വഴി വഴിഞ്ഞൊഴുകുന്ന തബലയുടെയും വയലിന്റെയും നാദവീചികളിൽ ആകൃഷ്ടരായി എല്ലാ ദിവസവും ബാലുവിന്റെ ബ്രേക്ക് ടൈം പെർഫോർമൻസ് കാണാനെത്തുന്നത് നിരവധി കുട്ടികളായിരുന്നു. മാർ ഈവാനിയോസിലും യൂണിവേഴ്സിറ്റി കോളജിലും കൗമാരത്തിന്റെ സ്വപ്ന ചിറകുകളിൽ പറന്നുല്ലസിച്ച ബാലഭാസ്കർ തീർത്തത് സംഗീതത്തിന്റെ വിസ്മയലോകമായിരുന്നു. ചെറുപുഞ്ചിരിയോടെ തിളങ്ങുന്ന കണ്ണുകൾ പാതിയടച്ച്  ഹൃദയങ്ങളോട് സംസാരിച്ച് കൊണ്ട് അനായാസം സദസിലും സ്റ്റേജിലും നിറഞ്ഞു നിൽക്കാനുള്ള അസാമാന്യ പ്രതിഭ ബാലഭാസ്കറിനെ വ്യത്യസ്തനാക്കി. സംഗീതപാരമ്പര്യമുള്ള കുടുംബത്തിന്റെ യശസ് ലോകമെങ്ങും എത്തിച്ച് ബാലഭാസ്കർ തന്റെ ജീവിതയാത്രയ്ക്ക് വിരാമമിട്ടു.

നിനച്ചിരിക്കാത്ത സമയത്ത് തേടിയെത്തിയ അപകടം തകർത്തെറിഞ്ഞത് ഒരു സന്തുഷ്ട കുടുംബത്തെയായിരുന്നു. മരണത്തിന്റെ കാലൊച്ചകളെ ആദ്യം മകൾ തേജസ്വിനിയും പിന്നീട് ബാലഭാസ്കറും പിന്തുടർന്നു. തന്റെ പ്രിയ പ്രണയിനിയെയും ബാലഭാസ്കർ വിട്ടു പിരിഞ്ഞു. സംഗീതത്തെയും വയലിനെയും പ്രണയിച്ച ആ രാജകുമാരന് കേരളം ഇന്ന് വിട നല്കുകയാണ്. അനശ്വരമായ ലോകത്തേയ്ക്ക് യാത്രയായ ബാലഭാസ്കറിന് നേരുന്നു യാത്രാമൊഴി… പറന്നുല്ലസിക്കുക അനന്തവിഹായസിൽ നീ… സംഗീതം പൊഴിക്കുക അനന്തതയുടെ താഴ് വരയിൽ… നക്ഷത്രങ്ങളെ സാക്ഷിയാക്കി.. കുഞ്ഞുതേജസ്വിനിയുമൊത്ത്…

രാജേഷ് ജോസഫ്

വിളക്ക് കൊളുത്തി പറയുടെ കീഴില്‍ വെക്കാറില്ല മറിച്ച് പ്രകാശം പരത്തുന്നതിനായി പീഠത്തില്‍ സ്ഥാപിക്കണമെന്ന വാചകം നിരവധി തവണ നമ്മുടെ കാതുകളില്‍ ശ്രവിച്ചിരിക്കുന്നു. നമ്മുടെ ജീവനും ജീവിതവും എത്രമാത്രം പ്രകാശം പരത്തുന്നതാണ് എന്ന ചിന്ത വല്ലാതെ ഭാരപ്പെടുത്തുന്നു. ഒരു ദശകത്തെ നവയുഗ പ്രവാസ ജീവിതം തിരികെ നടക്കുമ്പോള്‍ മനസില്‍ സന്തോഷങ്ങളുടെ ദുഃഖങ്ങളുടെ സമ്മിശ്ര വേലിയേറ്റം സൃഷ്ടിക്കുന്നു. പിറന്ന നാടും മണ്ണും ഉപേക്ഷിച്ച് തെല്ലു ഭയത്തോടെ കാലുകുത്തിയ നിമിഷങ്ങള്‍ മുതല്‍ ഇന്നേവരെയുള്ള യാത്ര ആശ്ചര്യം ഉളവാക്കുന്നതാണ്.

യൂറോപ്പിലെ മലയാളി വലിയ സംരംഭകരായി മാറിയിരിക്കുന്നു. വലിയ വീടുകളായി, മുന്തിയ കാറുകളായി, അസോസിയേഷനുകളായി, കൂട്ടായ്മകളായി പള്ളിയായി, സമുദായ സംഘടനകളായി, ജാതികളായി ഉപജാതികളായി വലിയ വൃക്ഷമായി മാറിയിരിക്കുന്നു. ഒത്ത് പിടിച്ചാല്‍ മലയും പോരുമെന്നത് ആരംഭകാലത്ത് ജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭസ്ഥമാക്കിയവര്‍ ഇന്നിതാ മലയെ വിഭജിച്ച് ഇടിച്ച് നിരത്തി കുന്നുകളും കുഴികളും നിര്‍മ്മിക്കുന്നു. കെട്ടിയടക്കപ്പെട്ട മതിലുകള്‍ സൃഷ്ടിക്കുന്നു.

വ്യക്തിബന്ധങ്ങള്‍ കുറയുന്നു, പള്ളികളില്‍ ആളുകള്‍ കുറയുന്നു. സമീപസ്ഥരാകേണ്ട ആത്മീയ നേതൃത്വങ്ങള്‍ വിദൂരസ്ഥരാകുന്നു. അസോസിയേഷനുകളിലെ അനവധി പരിപാടികള്‍ ഇന്ന് പ്രവര്‍ത്തന ഉദ്ഘാടനവും വാര്‍ഷികയോഗവും എന്നീ രണ്ടിലേക്ക് ചുരുങ്ങിയിരിക്കുന്നു. സംഘടനകളുടെ യോഗങ്ങള്‍ക്ക് തിരക്കില്ല. എല്ലായിടത്തുംം ശൂന്യത, വിരക്തി, അകല്‍ച്ച.യൂറോപ്പിലെ മലയാളി കൂട്ടായ്മകളില്‍ ശ്മശാന മൂകത. ദിവസേന നിരവധി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തങ്ങളുടെ ഫോണില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വീഡിയോ സന്ദേശങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. യൂറോപ്പിലെ പ്രവാസി ഇന്ന് അകവാസിയായി നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നു. യൂറോപ്പിലെ ശൈത്യം നമ്മുടെയൊക്കെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്നു. സാമ്പത്തിക സ്ഥിതിയിലുള്ള ഉയര്‍ച്ചയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും പരാശ്രയമില്ലാതെ എനിക്ക് ജീവിക്കാം എന്ന ഞാനെന്ന ഭാവവും സാമൂഹ്യമായ വിടവുകള്‍ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യര്‍ തീര്‍ക്കുന്ന മതിലുകള്‍ കേരനാട്ടിലെ മഹാപ്രളയം സകലതിനേയും തകര്‍ത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏവരേയും തുല്യരാക്കി. ദുരന്തമല്ല ബന്ധങ്ങള്‍ക്ക് ശക്തിപകരേണ്ടത് മറിച്ച് സ്‌നേഹത്തിന്റെ കരുതലിന്റെ കണ്ണികളാല്‍ സൗഹൃദത്തിന്റെ കൂട്ടായ്മകളാണ് രൂപപ്പെടേണ്ടത്. ഒരുമയുടെ പരസ്പരം പങ്കുവെക്കലിന്റെ പ്രകാശം ചുറ്റുമുള്ളവരില്‍ പരത്താം. ഏതൊരു വലിയ യാത്രയുടെയും തുടക്കം ചെറിയ ചുവടുവെപ്പുകളില്‍ നിന്നാണ്, ആയതിനാല്‍ കൂട്ടായ്മകള്‍ക്കായി, സൗഹൃദങ്ങള്‍ക്കായി, കൂടിച്ചേരലിനായി ചെറിയ സമയം കണ്ടെത്താം. ഏത് പ്രളയത്തേയും തടഞ്ഞ് നിര്‍ത്തുന്ന അതീജീവിക്കുന്ന സൗഹൃദങ്ങളുടെ വന്‍ മല നിര്‍മ്മിക്കാം. കൂട്ടായ്മകളില്‍, പങ്കുവെക്കലില്‍ എനിക്കും എന്റെ കുടുംബത്തിനും എന്ത് ലാഭം എന്നതിനേക്കാള്‍ ഉപരിയായി അത് നല്‍കുന്ന സന്തോഷങ്ങളെ, ആത്മ സംതൃപ്തിയെ ദര്‍ശിക്കാം, അനുഭനവിക്കാം. ഒന്നിച്ച് നമുക്ക് നിലം ഉഴുത് മറിക്കാം, വിത്ത് പാകാം, വളവും വെള്ളവും ആവശ്യാനുസരണം നല്‍കാം. ബാക്കി ക്ഷമയോടെ കാത്തിരുന്ന് കാണാം. നൂറ് മേനി ഫലം പുറപ്പെടുവിക്കുന്നവരാകാം.

ബിർമിങ്ഹാം:  ക്രിസ്‌തു ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ജനങ്ങളോട് ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും ലളിതവും മനോഹരവുമായ അവതരണങ്ങളിലൂടെ ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ ഈശോ നമുക്ക് പഠിപ്പിച്ചു തരുകയും ചെയ്‌തു. ഇവിടെ ഇംഗ്ലീഷുകാരാകട്ടെ കുർബാനകൾക്കിടയിലെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങളുടെയും, കളറിങ്ങുകളുടെയും കൂടെ പ്രോത്സാഹന സമ്മാനങ്ങളുടെ അകമ്പടിയോട് കൂടി സുവിശേഷം കുട്ടികൾക്ക് പകർന്നു നൽകുന്നു.   എന്നാൽ പ്രവാസികളായ മലയാളി വിശ്വാസികൾ  കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച രണ്ടാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ ഒൻപതരമണിക്ക് നിർവഹിച്ചത് ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ അച്ചനാണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നാനൂറിൽ പരം മത്സരാത്ഥികൾ.ഏഴ് വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്,  എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 124  പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്റർ 2018 ലെ റീജിണൽ ജേതാക്കളായി. 91 പോയിന്റോടെ ഡെർബി മാസ് സെന്ററും  74 പോയിന്റോടെ കഴിഞ്ഞ വർഷത്തെ ജേതാക്കളായ നോർത്ത്ഫീൽഡ് മാസ് സെന്റർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍  കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. യുറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവം എന്ന ഖ്യാതിയുമായി സംഘടിപ്പിക്കുന്ന കലാവിരുന്ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ നവംബര്‍ പത്തിന്. വിവിധ വേദികളിലായി അരങ്ങേറുന്ന 21 ഇനങ്ങളില്‍ റീജിണൽ തലത്തിൽ വിജയം നേടിയ പ്രതിഭകള്‍ മാറ്റുരയ്ക്കും. അതാത് റീജിയണുകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്തമാക്കുന്നവരും ഒന്നാം സ്ഥാനം നേടുന്ന ഗ്രുപ്പുകളുമാണ് രൂപതാതല കലോത്സവത്തില്‍ പങ്കെടുക്കുന്നത്. സട്ടൻ കോൾഡ്‌ഫീൽഡിൽ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2018 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.

മെല്‍ബണ്‍: കേരള സര്‍ക്കാരിന്റെ പ്രവാസകാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍ക്കയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

2008 ല്‍ അമേരിക്കയില്‍ രൂപം കൊണ്ട സംഘടന, മലയാളികളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഏകീകരണം പ്രോത്സാഹിപ്പിക്കുക, അടിയന്തര സാഹചര്യത്തിലും അത്യാവശ്യ ഘട്ടങ്ങളിലും ആവശ്യമായ സഹായം നല്‍കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക തുടങ്ങി നിരവധി പ്രവര്‍ത്തന ലക്ഷ്യങ്ങളുമായി പിഎംഎഫ് ഇപ്പോള്‍ 38 ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

പുതിയ ഭാരവാഹികളായി തോമസ് ജേക്കബ് (പ്രസിഡന്റ്), ഷിനോയ് മഞ്ഞാങ്കല്‍ (വൈസ് പ്രസിഡന്റ്), അനിത ദുദാനി (സെക്രട്ടറി), ഷാജു നടരാജ് (ജോയിന്റ് സെക്രട്ടറി), അജീഷ് രാമമംഗലം (ട്രഷറര്‍), സന്തോഷ് തോമസ് (പിആര്‍ഒ) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സെബാസ്റ്റ്യന്‍ ജേക്കബ്, ബാബു മണലേല്‍, അനില്‍ തരകന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

 

 ബിനോയി ജോസഫ്

കേരള ജനത കണ്ട മഹാപ്രളയ സമയത്ത് സ്വന്തം ജനതയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മെമ്പർ ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്ത്  പുത്തൻ ചുവടുകൾ വയ്ക്കാനൊരുങ്ങുന്നു. യുകെയിലെ രാഷ്ട്രീയ രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി മലയാളിയായ ബൈജു വർക്കി തിട്ടാല മാറുകയാണ്. കേംബ്രിഡ്ജ് സിറ്റി കൗൺസിലിലെ കൗൺസിലറായ ബൈജു തിട്ടാലയ്ക്ക് യുകെയിലെ ജനാധിപത്യ പ്രക്രിയയിൽ പ്രധാന പങ്കുവഹിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്. ലേബർ പാർട്ടിയുടെ പ്രതിനിധിയായി കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ബൈജുവിൽ പാർട്ടിയ്ക്കുള്ള വിശ്വാസം അടിവരയിട്ടുകൊണ്ടാണ് പുതിയ ഉത്തരവാദിത്വങ്ങൾ പാർട്ടി ഭരമേല്പിക്കുന്നത്. കേംബ്രിഡ്ജ് മേഖലയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സ്ഥിരസാന്നിധ്യമായ ബൈജു തിട്ടാലയുടെ നേതൃപാടവും കഠിനാദ്ധ്വാനവും രാജ്യത്തിനുവേണ്ടി കൂടുതൽ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് ലേബർ പാർട്ടി.

നവംബർ മുതൽ യൂറോപ്യൻ പാർലമെൻറിലേയ്ക്ക് ഇന്റേൺഷിപ്പിനായാണ് ബൈജുവിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് ചർച്ചകൾ നിർണായ വഴിത്തിരിവിൽ എത്തി നിൽക്കുന്ന ഘട്ടത്തിലാണ് യൂറോപ്യൻ പാർലമെന്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള അവസരം ഈ മലയാളി കൗൺസിലറെ തേടിയെത്തിയത്. യൂറോപ്യൻ യൂണിയനിലെ അംഗ രാജ്യങ്ങളിൽ നിന്നുള്ള എം.ഇ.പിമാരും രാജ്യ തലവന്മാർ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങളും വിവിധ പാർലമെന്റ് കമ്മിറ്റികളുടെ നടപടികളും നേരിട്ട് കാണുവാൻ ഇന്റേൺഷിപ്പ് അവസരം നല്കും. യൂറോപ്യൻ രാജ്യങ്ങൾക്കായി നടത്തുന്ന നിയമനിർമ്മാണ പ്രക്രിയയുടെ നൂലിഴ കീറിയുള്ള ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും  സാക്ഷ്യം വഹിക്കാൻ ഈ നിയമ വിദഗ്ദന് അവസരം ലഭിക്കും. ക്രിമിനൽ ഡിഫൻസ് ലോയറായി പ്രാക്ടീസ് ചെയ്യുന്ന ബൈജു തിട്ടാല കേംബ്രിഡ്ജിൽ നിന്നാണ് എൽഎൽബി നേടിയത്. ലോയിൽ മാസ്റ്റേർസ് ഡിഗ്രിയും ഈസ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് അദ്ദേഹം നേടിയിട്ടുണ്ട്.

യൂറോപ്യൻ പാർലമെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനുള്ള അവസരം പൂർണമായും ഉപയോഗപ്പെടുത്താനും സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ വിനിയോഗിക്കാനുമുള്ള ഒരുക്കത്തിലാണ് ബൈജു വർക്കി തിട്ടാല. യൂറോപ്യൻ പാർലമെന്റിലെ ഇന്റേൺഷിപ്പിനിടെ സംവദിക്കുന്നവരുമായി  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെക്കുറിച്ചും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെക്കുറിച്ചും താൻ ജവഹർലാൽ  നെഹ്റുവിന്റെ രാജ്യത്തുനിന്ന് വരുന്നു എന്ന ആമുഖത്തോടെ പറയാൻ സാധിക്കുമെന്ന സന്തോഷം കൗൺസിലർ ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പങ്കുവെച്ചു. ലേബർ പാർട്ടിയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കോൺഫ്രൻസിൽ ഡെലഗേറ്റായും അദ്ദേഹത്തെ പാർട്ടി നിയോഗിച്ചിട്ടുണ്ട്. ന്യൂനപക്ഷ അവകാശങ്ങളും സാമൂഹിക സമത്വവും എന്നും ഇഷ്ട വിഷയങ്ങളാക്കുന്ന ബൈജുവിന് പൂർണ പിന്തുണയാണ് കേംബ്രിഡ്ജിലെ ജനങ്ങൾ നല്കുന്നത്.

കേരളത്തിലെ പ്രളയ സമയത്ത് ബൈജു തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കാഴ്ച വച്ചത്. ആർപ്പൂക്കര പഞ്ചായത്തിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലായിരുന്നു ബൈജു. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കളാണ് ബൈജുവിന്റെ ശ്രമഫലമായി ക്യാമ്പിലെത്തിയത്. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ്  യുകെയിൽ നിന്ന് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്.

ബിനോയി ജോസഫ്

കോട്ടയത്തിന്റെ ജനകീയ നായകൻ ജോസ് കെ മാണി എം.പി മണ്ഡലത്തിൽ നടത്തിയ പുരോഗമന പ്രവർത്തനങ്ങളുടെ വികസനരേഖ പ്രകാശനം ചെയ്തു. കഴിഞ്ഞ നാല് വർഷമായി കോട്ടയം ലോകസഭാ മണ്ഡലത്തിൽ നടത്തിയ വിവിധ മേഖലയിലെ പദ്ധതികളുടെ വിശദവിവരങ്ങൾ “കോട്ടയം പാർലമെൻറ് മണ്ഡലം –  പുരോഗതിയുടെ നാഴികക്കല്ലുകൾ” എന്ന പേരിലാണ് ജനങ്ങൾക്ക് സമർപ്പിച്ചത്. ജനങ്ങളോടൊപ്പം കൈകോർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സംവിധാനങ്ങളും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി ലഭ്യമാക്കാൻ എന്നും പരിശ്രമിച്ചിട്ടുള്ള യുവ എം.പി വൺ എം പി വൺ ഐഡിയ എന്ന പുതിയ ആശയത്തിലൂടെ കോട്ടയത്തുകാർക്ക് ആവേശമായിരുന്നു. ഒരു ജനപ്രതിനിധി നാടിന്റെ വികസനത്തിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് രാജ്യത്തിനു തന്നെ മാതൃകയാകുകയായിരുന്നു ജോസ് കെ മാണി എം.പി.  കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ നൂറുകണക്കിന് ജനങ്ങളാണ് കോട്ടയത്തിന്റെ ന്യൂ ജനറേഷൻ എം.പിയായ ജോസ് കെ മാണിയുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവുമായി എത്തിയത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ആന്ധ്രയുടെ ചുമതലയുള്ള കോൺഗ്രസ് എ ഐ സിസി സെക്രട്ടറി ഉമ്മൻ ചാണ്ടി വികസന രേഖ പ്രകാശനം ചെയ്തു.

റബർ വിലയിടിവ് അടക്കമുള്ള ജനകീയ വിഷയങ്ങളിൽ ജോസ് കെ മാണി പാർലമെന്റിൽ നടത്തിയ ഇടപെടലുകളെ ഉമ്മൻ ചാണ്ടി മുക്തകണ്ഠം പ്രശംസിച്ചു. ജോസ് കെ മാണി രാജ്യത്തിന് തന്നെ മാതൃകയായ ജനപ്രതിനിധിയാണെന്ന് അദ്ദേഹം പറഞ്ഞു. അനൂപ് ജേക്കബ് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം മാണി എം.എൽ.എ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധിയ്ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും ജനങ്ങൾക്കായ് ചെയ്ത പ്രവർത്തനങ്ങൾ ജനങ്ങളുടെ അറിവിലേയ്ക്ക് എത്തിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന കടമയാണ് ജോസ് കെ മാണി നിർവ്വഹിക്കുന്നതെന്നും കെ.എം മാണി പറഞ്ഞു. മുൻ മന്ത്രി എം.എൻ ഗോവിന്ദൻ നായർ ഉമ്മൻ ചാണ്ടിയിൽ നിന്ന് വികസനരേഖ ഏറ്റുവാങ്ങി പ്രകാശന കർമ്മം നിർവ്വഹിച്ചു. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, റോഷി അഗസ്റ്റിൻ, എൻ ജയരാജ്, ജോസഫ് വാഴയ്ക്കൻ, മോൻസ് ജോസഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കോട്ടയം ജില്ലയിലെ മുൻസിപ്പൽ, പഞ്ചായത്ത് പ്രസിഡന്റുമാർ, മെംബർമാർ അടക്കം നൂറുകണക്കിനാളുകൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

2009 മുതൽ ഒൻപതുവർഷം കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ലോക്സഭയിൽ പ്രവർത്തിച്ച ചെന്നൈ ലയോള കോളജ് പൂർവ്വ വിദ്യാർത്ഥിയായ  ജോസ് കെ മാണി ഇപ്പോൾ രാജ്യസഭാ എം.പിയാണ്. ലോക്സഭാ സമ്മേളനത്തിൽ തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി നിരന്തരം ശബ്ദമുയർത്തിയ ജോസ് കെ മാണി കർഷകർക്കു വേണ്ടിയും നഴ്സുമാർക്ക് വേണ്ടിയും മറ്റ് പ്രധാനപ്പെട്ട രാജ്യതാത്പര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ രാജ്യത്തിനു മുൻപാകെ വച്ചു. വേണ്ട രീതിയിൽ ഹോം വർക്ക് ചെയ്ത്, കാര്യങ്ങളും വസ്തുതകളും വിശകലനം ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് മുൻപിൽ അവതരിപ്പിച്ച് വിവിധ പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ ജോസ് കെ മാണി കാണിച്ച ഉത്സാഹം എടുത്തു പറയേണ്ടിയിരിക്കുന്നു. 2014 ജൂൺ മുതൽ 2018 മാർച്ചുവരെയുള്ള കാലഘട്ടത്തിൽ 109 പാർലമെൻറ് ചർച്ചകളിലാണ് ജോസ് കെ മാണി പങ്കെടുത്തത്. കർഷക പ്രശ്നങ്ങൾ, പെട്രോൾ വില വർദ്ധന, എസ്ബിറ്റി സ്റ്റുഡൻറ് ലോൺ, ഓഖി ദുരന്തം, റെയിൽവേ, എൽപിജി സബ്സിഡി, നെയ്ത്തുകാരുടെ ഉന്നമനം, വെള്ളൂർ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവൽക്കരണം, ശബരിമല തീർത്ഥാടന സൗകര്യങ്ങൾ, റബറിന്റെ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. ഇക്കാലയളവിൽ 373 ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിക്കാനും ജോസ് കെ മാണിക്ക് കഴിഞ്ഞു. പാർട്ടി ഭേദമന്യെ ഭരണ പ്രതിപക്ഷ എം.പിമാർ ജോസ് കെ മാണി ഉയർത്തിയ വിവിധ പ്രശ്നങ്ങളിൽ പിന്തുണയുമായി എത്തുന്ന നിമിഷങ്ങൾക്ക് ലോകസഭാ നിരവധി തവണ സാക്ഷിയായി. എം.പി ഫണ്ട് ഫലപ്രദമായി ചിലവഴിക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ജോസ് കെ മാണി എം.പിയുടെ ചുറുചുറുക്കോടെയും ചിട്ടയോടെയുമുള്ള പ്രവർത്തന ശൈലി ഏതൊരു പൊതു പ്രവർത്തകനും മാതൃകയാണ്.

അദ്ധ്യായം – 37
ജന്മനാടിന്റെ തലോടല്‍

പ്രസന്ന സുന്ദരമായ പ്രഭാതത്തില്‍ ചാരുംമൂട് താമരക്കുളത്തിന്റെ പ്രകൃതി സൗന്ദര്യത്തിലേക്ക് ഞങ്ങള്‍ വന്നിറങ്ങി. മുറ്റത്ത് വിടര്‍ന്നു നില്‍ക്കുന്ന പൂക്കളും കുളിര്‍ക്കാറ്റും കിളികളുടെ മധുരനാദവുമെല്ലാം ഞങ്ങളെ സ്വാഗതം ചെയ്തു. സ്വരമാധുരിയില്ലാത്ത പാട്ടുകാരെപ്പോലെ കാക്കകളും പാടിപ്പറന്നു. എന്റെ വീട് ഞാന്‍ സൗദിയിലുള്ളപ്പോള്‍ ജേഷ്ഠന്‍ പണി കഴിപ്പിച്ചതാണ്. ചെമ്പില്‍ അമ്പഴങ്ങ പുഴുങ്ങി തിന്നാലും ജീവിച്ചിരിക്കാന്‍ മോഹമുള്ളതു കൊണ്ടാണ് ഗള്‍ഫിലെ മലയാളികള്‍ എല്ലാ ദുഖഭാരങ്ങളും പേറി അവിടെ ജീവിക്കുന്നത്. അവര്‍ തിരിച്ചു വരുമ്പോള്‍ എന്തു സുരക്ഷിതത്വമാണ് ലഭിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ആ പാവങ്ങളെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പറ്റിച്ചുകൊണ്ടിരിക്കുന്നു.
ഓമനയ്ക്ക് ചെന്നൈയില്‍ ബ്രട്ടീഷ് എംബസിയില്‍ നിന്ന് വീസ അടിച്ചു കിട്ടി. അവള്‍ സൗദിയിലെ കൂട്ടുകാരുമായി ലണ്ടനിലേക്കു പോയി. കുട്ടികളെ ചുനക്കര ചെറുപുഷ്പ ബദനി സ്‌കൂളില്‍ ചേര്‍ത്തു. അവരുടെ വാര്‍ഷിക പരിപാടി ഉദ്ഘാടനം ചെയ്യാനും പോയിരുന്നു. നാട്ടില്‍ ചെല്ലുമ്പോഴൊക്കെ ഏറ്റവും കൂടുതല്‍ സാഹിത്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ളത് ചുനക്കര ജനാര്‍ദ്ദനന്‍ നായരുമായിട്ടാണ്. അദ്ദേഹം സാഹിത്യ പോഷിണി മാസിക എല്ലാ മാസവുമിറക്കുന്നു. അതില്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന ധാരാളം വിശിഷ്ട വിഭവങ്ങളുണ്ട്.

മറ്റൊരാള്‍ ജഗദീഷ് കരിമുളക്കല്‍. ആണ് അദ്ദേഹം കവിതയില്‍ അറിവിന്റെ അല്പത്വം കാണിക്കാറില്ല. എന്റെ ഗുരുക്കന്മാരില്‍ നിന്ന് ലഭിച്ചത് പങ്കുവയ്ക്കാറുണ്ട്. മനുഷ്യന്റെ വിശ്വാസത്തിലും വലുതാണ് വിജ്ഞാനം. അത് വിളവ് നല്‍കുന്ന ധാന്യമാണ്. അത് ജീവിതത്തെ ധന്യമാക്കുന്നു. അത് കച്ചവട സിനിമ കണ്ടാല്‍ ലഭിക്കുന്നതല്ല. മനുഷ്യ മനസ്സിന്റെ ഏകാഗ്രതയില്‍, ഭാവനയില്‍, അറിവില്‍, അനുഭവങ്ങളില്‍ ആര്‍ജിച്ചെടുക്കുന്ന ബുദ്ധിയുടെ സിദ്ധി തന്നെയാണ് സാഹിത്യ സൃഷ്ടിയുടെ ബഹുമുഖ ഭാവം.
ബേബി ജോണ്‍ താമരവേലി, ചാരുംമൂട്ടില്‍ നിന്ന് ബ്രഹ്മശ്രീ എന്ന മാസിക ഇറക്കിയിരുന്നു. അത് ഇപ്പോഴില്ല. പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ ക്ഷണമനുസരിച്ച് സുകുമാര്‍ അഴീക്കോടിന്റെ ഒരു പരിപാടിയില്‍ മാവേലിക്കരയില്‍ ഞാന്‍ പങ്കെടുത്തു. ഷൗക്കത്ത് കോട്ടുക്കലില്‍ നടത്തുന്ന ചാരുംമൂട് പബ്ലിക്ക് ലൈബ്രറി പരിപാടികളിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഓമന ലണ്ടനിലേക്ക് പോയി ഏതാനം മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അബുദാബി വഴി ലണ്ടനിലേക്ക് തിരിച്ചു. ലണ്ടനിലെ പ്രധാന വിമാനത്താവളത്തില്‍ ഓമനയും കൂട്ടുകാരിയുടെ മകള്‍ ഡോ.നിഷയും വന്നിരുന്നു. ഒരു മാസം വാടകയ്ക്ക് താമസ്സിച്ചിട്ട് രണ്ടാമത്തെ മാസം ഈസ്റ്റ് ഹാമില്‍ വീട് വാങ്ങി. ഈ രാജ്യത്ത് വന്നുപോകുന്ന നമ്മുടെ ഭരണാധിപന്മാര്‍ ഒരു സ്ഥലം എങ്ങനെ സുന്ദരമാക്കണമെന്ന് പഠിച്ചില്ല. ലണ്ടനിലെ അവര്‍ണ്ണനീയ കാഴ്ച്ചകള്‍ കണ്ടത് തുള്ളിത്തുളുമ്പുന്ന ആഹ്ലാദത്തോടെയാണ്. ആ കൂട്ടത്തില്‍ ചില യുവതീ യുവക്കള്‍ ഗാഢമായി ആശ്ലേഷിക്കുന്നതും കണ്ടു. അവിടെ അതൊന്നും ഒരു പുതുമയല്ല. ആരുമൊട്ടു ശ്രദ്ധിക്കാറുമില്ല. കാമക്കണ്ണുള്ളവര്‍ കേരളത്തിലാണ്. കഴുത്തിലും കാതിലും കൈകളിലും സ്വര്‍ണ്ണമണിഞ്ഞ യുവതിയും അവളുടെ ശരീര കാന്തി സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്നില്ല.
ഞാന്‍ കരുതിയിരുന്നത് ഇവിടുള്ളവരെല്ലാം സായിപ്പും മദാമ്മയുമായിരിക്കുമെന്നാണ്. ലോകത്തെ എല്ലാ മനുഷ്യരും ഇവിടെയുണ്ട്. ഇന്ത്യയിലെ കറുത്തവരെക്കാള്‍ ഏറെ കറുപ്പുള്ളവരാണ് ആഫ്രിക്കയിലുള്ള കറുത്ത മനുഷ്യര്‍. സ്ത്രീകള്‍ക്ക് നല്ല മുടിയില്ല. പലതും വെപ്പു മുടിയാണ്. തണുപ്പ് രാജ്യമായതിനാല്‍ അധികം വിയര്‍പ്പുകണങ്ങള്‍ പൊഴിക്കേണ്ടതില്ല. സുഖമായിട്ടുറങ്ങാം. ഞങ്ങള്‍ ആദ്യമായിട്ട് ഇവിടുത്തെ ഒരു കത്തോലിക്ക പള്ളിയില്‍ പോയി. പള്ളീലച്ചന്‍ സ്‌കോട്ട്‌ലന്‍ഡ്കാരനാണ്. പള്ളി നിറയെ ആളുമുണ്ട്. ഏറ്റവും മുന്നിലായ് വിരലിലെണ്ണാവുന്ന പ്രായമുള്ള സായിപ്പും മദാമ്മയും. ബാക്കിയുള്ളവരെല്ലാം ഏഷ്യക്കാരും ആഫ്രിക്കക്കാരുമാണ്. വിശ്വാസം ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് ഈ പട്ടിണി രാജ്യത്തു നിന്ന് വന്നവര്‍ക്കല്ലേ. ആശ്രയിക്കാന്‍ മണ്ണില്‍ ആരെങ്കിലും വേണം. എല്ലാ അപരാധങ്ങളും പൊറുത്ത് കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നവര്‍.

ഞങ്ങള്‍ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തു. അഡ്മിനിസ്‌ട്രേറ്ററായി വെറ്റിങ്ങം ഹോസ്പിറ്റലില്‍ എനിക്കു ജോലികിട്ടി. ഈസ്റ്റ്ഹാമില്‍ നിന്ന് വളരെ ദൂരത്തിലായതിനാല്‍ ആ ജോലി ഉപേക്ഷിച്ചു. എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അന്ന് ഇവിടുണ്ടായിരുന്ന ഏക പത്രം യൂറോപ്പ് ദീപികയാണ്. കേരളത്തിലും ഗള്‍ഫിലും അമേരിക്കയിലും ഓണപതിപ്പുകളില്‍ എഴുത്തു തുടര്‍ന്നു. കേരളത്തില്‍ പോകുമ്പോഴൊക്കെ എഴുതി പൂര്‍ത്തിയാക്കിയതെല്ലാം കൂട്ടത്തില്‍ കൊണ്ടു പോയി പ്രസാധകര്‍ക്ക് കൊടുക്കും. അതവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുസ്തകമാക്കും.  എന്റെ യൂറോപ്യന്‍ യാത്രകള്‍ ആരംഭിക്കുന്നത് 2005 ലാണ്. ബെല്‍ജിയം, സ്ലോക്കിയ, ഓസ്ട്രിയ, അമേരിക്ക, ഫ്രാന്‍സ്, വിയന്ന ഇതില്‍ പലയിടത്തും സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇവിടെനിന്നെല്ലാം പുരസ്‌കാരങ്ങളും പൊന്നാടകളും ലഭിച്ചിട്ടുണ്ട്. ഇതില്‍ എപ്പോഴും ഓര്‍ക്കുന്നത് ജര്‍മ്മനിയില്‍ നടന്ന യൂറോപ്പ് അമേരിക്കന്‍ സാഹിത്യ സംഗമമാണ്. അമേരിക്കയിലും, കാനഡയിലും നിന്നുള്ളവരാണ് കൂടുതല്‍ വന്നത്. കേരളത്തില്‍ നിന്ന് ഡോ.ജോര്‍ജ് ഓണക്കൂറും, കവി സച്ചിദാനന്ദനും, ഇംഗ്ലണ്ടില്‍ നിന്ന് ഞാനുമുണ്ടായിരുന്നു. ഞാന്‍ താമസിച്ചത് കഥാകൃത്ത മുക്കാടന്റെ വീട്ടിലായിരുന്നു. ഇവിടെ കണ്ട പ്രത്യേകത എല്ലാ രാത്രികളിലും എല്ലാ ഭാഷാസ്‌നേഹികളും ഒന്നിച്ച് കൂടിയിരുന്ന് കവിതകള്‍ ചൊല്ലുകയും കഥകള്‍ പറയുകയും ആ കൂട്ടത്തില്‍ നര്‍മ്മം പകരുന്ന കഥകള്‍ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്നതാണ്. ആ കൂട്ടത്തില്‍ ബിയറും വൈനും ആവശ്യമുള്ളവര്‍ക്ക് കുടിക്കാനും ലഭിക്കും. ഞാനും ഓണക്കൂറും അതില്‍ പങ്കെടുത്തു. മൂന്നു ദിവസത്തെ സംഗമമായിരുന്നു. അത് കഴിഞ്ഞ് പാരീസ് യാത്രയുമുണ്ടായിരുന്നു. ബസ്സിലാണ് ബല്‍ജിയം വഴി പോയത്. ഞാനും ഓണക്കൂറും പാരീസ് നഗരത്തില്‍ പല കഥകളും പറഞ്ഞു നടക്കുന്നതിനിടയില്‍ അദ്ദേഹത്തിന്റെ ഒരു നോവല്‍ ‘ഉള്‍ക്കടല്‍’ സിനിമയാക്കിയതും അതിലെ നായിക പിന്നീട് ആത്മഹത്യ ചെയ്യാനുണ്ടായ സിനിമക്കുള്ളിലെ നാടകങ്ങളും പറയുകയുമുണ്ടായി.

പാരീസ് നഗരത്തില്‍ മൂത്രപ്പുര എവിടെയെന്ന് അറിയില്ല. ഓണക്കൂറിനു കടുത്ത മൂത്രശങ്ക. ഒടുവില്‍ നടന്നു നടന്ന് ഏതോ ഒരു കോണില്‍ നിന്ന് ശങ്കയോടെ മൂത്രമൊഴിച്ചു. ഉള്ളില്‍ ഭയം പോലീസ് വരുന്നുണ്ടോ എന്നായിരുന്നു. ഞാനായിരുന്നു കാവല്‍ക്കാരന്‍. ഞാനും സച്ചിദാനന്ദനും അവിടുത്തെ സംഗമത്തിലാണു പരിചയപ്പെട്ടത്. മുക്കാടനും കുടുംബവും മാത്രമല്ല വീട് പൂട്ടി മൂന്നു ദിവസത്തെ സംഗമത്തില്‍ പങ്കെടുക്കാന്‍ വന്നത്. ജര്‍മ്മനിയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എത്തി. സംഗമം നടക്കുന്ന ഹോട്ടലുകളില്‍ തന്നെ എല്ലാവര്‍ക്കും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന് നേതൃത്വം നല്കിയത് സാംസ്‌കാരിക പ്രവര്‍ത്തകനായ ജോസ് പുതുശേരിയാണ്. മലയാള ഭാഷയെ പ്രാണനോടു ചേര്‍ത്ത് പ്രവര്‍ത്തിക്കുന്ന, ജീവിക്കുന്ന ധാരാളം ജോസുമാരെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട്. ആ കൂട്ടത്തില്‍ മലയാളിയെന്നു പറയാന്‍ മടിക്കുന്നവരുമുണ്ട്.

2005 ല്‍ ലണ്ടനില്‍ നിന്ന് പ്രവാസി മലയാളം മാസിക കാക്കനാടന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.. ഉപദേശക സമിതിയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള, ഞാന്‍ ചീഫ് എഡിറ്റര്‍, എഡിറ്റര്‍ ജെ.സുവജന്‍. ആദ്യ ലക്കത്തില്‍ തന്നെ സൗന്ദര്യല്മകമായ കഥകള്‍ തന്നത് ഒ.വി. വിജയന്‍, കാക്കനാടന്‍, സക്കറിയ, ബാബു കുഴിമറ്റം മുതലായവരാണ്. ലണ്ടനില്‍ നിന്നും ആദ്യമായി ഒരു മാസിക പുറത്തു വന്നത് വളരെ സന്തോഷത്തോടെയാണവര്‍ കണ്ടത്. 2012 ല്‍ ലണ്ടന്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ ഞാനാണ് മാധ്യമം പത്രത്തിന് റിപ്പോര്‍്ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എന്റെ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിച്ചത് മലയാള മനോരമയണ്. മാധ്യമത്തില്‍ എഴുതികൊണ്ടിരുന്ന മുപ്പതോളം ലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പൂര്‍ണ്ണ പബ്ലിക്കേഷന്‍സ് പുറത്തിറക്കി. അതില്‍ ഞാനും പി.റ്റി. ഉഷയുമായുള്ള അഭിമുഖമുണ്ട്. അതിനു മുമ്പു സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഞനെഴുതിയ ‘കളിക്കളം: ലണ്ടന്‍ ഒളിംപിക്‌സ്’ പ്രസിദ്ധീകരിച്ചിരുന്നു.

എന്റെ വിദേശയാത്രകള്‍ മൂലം ‘പ്രവാസി മലയാളം’ മാസിക നിലച്ചു. സ്‌പെയിനിലും ഫ്രാന്‍സിലും ഇറ്റലിയിലും പോയി. ഇറ്റലി, സ്‌പേയിന്‍ യാത്രയില്‍ കുടുംബവുമുണ്ടായിരുന്നു. ലണ്ടനില്‍ വന്നിട്ടുള്ള ഒ.എന്‍.വി. കുറുപ്പ് , സച്ചിദാനന്ദന്‍, സഖറിയ, ജോര്‍ജ് ഓണക്കൂറ്, പ്രഫ. കെ. വി. തോമസ്സ്, സംവിധായകന്‍ സന്ധ്യമോഹന്‍, ലണ്ടനിലെ ഹൈക്കമ്മിഷണര്‍ രഞ്ജന്‍ മത്തായി ഇവരുമായി വേദികള്‍ പങ്കിട്ടു. യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയായ  യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസ്സിയേഷന്റെ സാഹിത്യ വിഭാഗം കണ്‍വീനറും ജ്വാലാ മാഗസ്സിന്റെ ചീഫ് എഡിറ്ററുമായി പ്രവര്‍ത്തിച്ചു. അവരുടെ നാഷണല്‍ മേള 2013ല്‍ ഞാനാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെവെച്ചാണ് ലണ്ടനിലെ സി.എ. ജോസഫിനേയും കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ ഫാദര്‍ ഡേവിസ് ചിറമേലിനേയും പരിചയപ്പെട്ടത്.

ബ്രിട്ടനില്‍ മലയാള ഭാഷയോട് വളരെ ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യക്തിയാണ് മേയര്‍ ആയിരുന്ന ഫിലിപ്പ് എബ്രഹാം. ഇരുപതു വര്‍ഷമായി അദ്ദേഹം കേരള ലിങ്ക് എന്ന പത്രം ഇംഗ്ലീഷിലും മലയാളത്തിലും ഇറക്കുന്നു. നോവലടക്കം ധാരാളമായി ഞാനതില്‍ എഴുതാറുണ്ട്. ബ്രിട്ടണിലെ മലയാള സാഹിത്യ വേദിയുടെ വെളിച്ചം പബ്ലിക്കേഷന്‍സിന്റെ അമരക്കാരനാണ് റജി നന്ദിക്കാട്ട്, മലയാളം വായന ഓണ്‍ലൈനും അദ്ദേഹത്തിന്റേതാണ്. മറ്റൊരാള്‍ ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ അമരക്കാരന്‍ ശശി ചെറായിയും ,സണ്ണി പത്തനംതിട്ടയുമാണ്. ഇവരെല്ലാം മലയാള ഭാഷാ സംസ്‌കാരത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരാണ്. എന്റെ നോവല്‍ ‘മലബാര്‍ എ ഫ്‌ളെയിം’ പ്രകാശനം ചെയ്തത് ഇംഗ്ലീഷ് നോവലിസ്റ്റും തകഴിയുടെ കൊച്ചു മകളുമായ ജയശ്രീ മിശ്രയാണ്. അത് ഏറ്റുവാങ്ങിയത് അന്നത്തെ എം.ജി. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹാളില്‍ നടന്ന സിംമ്പോസിയത്തില്‍ പ്രകാശനത്തിന് നേതൃത്വം നല്‍കിയത് പത്രപ്രവര്‍ത്തകനായ കുര്യന്‍ പാമ്പാടിയാണ്. ഡല്‍ഹിയിലുള്ള ഇംഗ്ലീഷ് വിഭാഗം മീഡിയ ഹൗസാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്.

നമ്മേ ഭരിച്ച ബ്രിട്ടീഷ് രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും പട്ടണത്തിലാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്. ഇവരുടെ ജനാധിപത്യമൂല്യങ്ങള്‍ എത്രയോ ഉയരത്തിലാണ്. നമ്മുടേത് എന്താണ് കുപ്പത്തൊട്ടിയില്‍ കിടക്കുന്നത്. ആരാണ് ഇതിനുത്തരവാദികള്‍. ഇവര്‍ക്ക് എല്ലാ സ്വാതന്ത്രവും ജീവിതമൂല്യങ്ങളുമുണ്ടെങ്കിലും നമ്മുടെ കുടുംബ ജീവിതത്തെ ഇവര്‍ അസൂയയോടെയാണ് നോക്കിക്കാണുന്നത്. അതിന്റെയര്‍ത്ഥം നല്ല കുടുംബജീവിതം ഇവിടെയില്ലെന്നല്ല. നമ്മുടെ കുട്ടികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ സംസ്‌കാരത്തില്‍ ജീവിക്കുന്നവരാണ്. അതൊക്കെ പഠിക്കുന്ന കാലത്ത് ഗുരുക്കന്മാരില്‍ നിന്നും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും കിട്ടിയ ശിക്ഷണമാണ്.
നമ്മുടെ മത രാഷ്ട്രീയ രംഗം ശുദ്ധി ചെയ്യാതെ ജനം രക്ഷപ്പെടില്ല. ഒരുദ്ദാഹരണം പറയാം. 2017 ജൂണ്‍ മാസം ബ്രിട്ടണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ പാര്‍ക്കുന്ന ഈസ്റ്റ്ഹാമില്‍ നിന്ന് എല്ലാ എം.പി.മാരേക്കാളും കൂടുതല്‍ വോട്ട് നേടി ജയിച്ചത് സ്റ്റീഫന്‍ റ്റിംസാണ്. ഈസ്റ്റ് ലണ്ടനില്‍ കൂടുതല്‍ പാര്‍ക്കുന്നത് ഏഷ്യനാഫ്രിക്കക്കാരാണ്. അവരുടെയിടയില്‍ നിന്നാണ് ഈ സായിപ്പ് ജയിച്ചതെന്നോര്‍ക്കണം. എന്താണ് അദ്ദേഹത്തിന്റെ പ്രത്യേകത, എന്റെ അനുഭവം പറയാം. ന്യായമായ ഏതാവശ്യവുമായി ചെന്നാലും മുഖം നോക്കാതെ നടപടിയെടുക്കും, ഒരു പൈസ പോലും കൈക്കൂലി വാങ്ങില്ല. പത്തു വര്‍ഷത്തിനു മുമ്പ് ഈസ്റ്റ്ഹാം ലൈബ്രറിയിലൂടെ മലയാളവുമായി ബന്ധപ്പെട്ട് ഞാനൊരു പരാതി കൊടുത്തു. അടുത്ത ദിവസം രാവിലെ ഇദ്ദേഹം വീട്ടിലെത്തി. മുന്‍കൂറായി സമയം നിശ്ചയിച്ചിട്ടല്ല വന്നത്. പരാതി കേള്‍ക്കുക മാത്രമല്ല പരിഹാരമുണ്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കണം എന്നു പറഞ്ഞിട്ടാണ് പോയത്. ഞാനത് ഇന്നും ചെയ്യുന്നു. അദ്ദേഹം വന്ന കാര്‍ ശ്രദ്ധിച്ചു. അതൊരു പഴഞ്ചന്‍, അതെന്റെ ഭാര്യയുടെ അഭിപ്രായമാണ്. ഫോട്ടോ ഞങ്ങളുടെ ആല്‍ബത്തില്‍ ഉണ്ട്.

ലളിത ജീവിതം നയിക്കുന്ന എത്രയോ ഉന്നതര്‍. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ സൈക്കിളിലാണ് സഞ്ചരിക്കുന്നത്. പലപ്പോഴും സ്റ്റീഫന്‍ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. ചിലപ്പോള്‍ ചായക്കടയില്‍ സാധാരണക്കാരുമായിരുന്ന് ചായ കുടിക്കുന്നത് കാണാം. ഒരു ദിവസം ന്യൂഹാം ടൗണ്‍ഹാളില്‍ വന്നിട്ട് മറ്റുള്ളവര്‍ക്കൊപ്പം ക്യൂ നില്‍ക്കുന്നു. മുന്‍ ലേബര്‍ മന്ത്രിസഭയിലെ ഒരു മന്ത്രിയാണെന്ന് കൂടി ഓര്‍ക്കണം. ജൂണ്‍ 2017 ല്‍ വെസ്റ്റഹാം സ്‌റ്റേഷനില്‍ ട്രെയിന്‍ കേറാനായി നില്‍ക്കുന്നു എന്ന് എന്റെ ഭാര്യ പറയുമ്പോഴാണ് ഞാനറിയുന്നത്. സാധാരണക്കാരെപ്പോലെ ലണ്ടനിലെ തെരുവീഥകളില്‍ നിത്യവും അദ്ദേഹം ഒരു സാധാരണക്കാരനായി ജീവിക്കുന്നു. അകമ്പടിയോ പരിവാരങ്ങളോ ഇല്ല. നമ്മുടെ മന്ത്രിമാര്‍,ജനപ്രതിനിധികള്‍ ജനത്തിനൊപ്പം സഞ്ചരിക്കാന്‍ ഭയക്കുന്നത് എന്താണ്? വോട്ട് തരണേ എന്ന് വീടിനുമുന്നില്‍ കൈകൂപ്പിയപ്പോള്‍ ഈ ഭയമില്ലായിരുന്നു. ആനപ്പുറത്തായാല്‍ ആരെ ഭയക്കാന്‍?. അണ്ണാനെ ആനയാക്കുന്ന പൊതുജനത്തെ ഓര്‍ത്തു വികസിത രാജ്യത്തുള്ളവര്‍ പുഞ്ചിരിക്കുന്നു. 2016 ല്‍ ഇദ്ദേഹമാണ് എന്റെ ഇംഗ്ലീഷ് നോവല്‍ കേരളത്തിലെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണു നല്‍കി ബ്രിട്ടീഷ് പാര്‍ലമമെന്റ് മന്ദിരത്തില്‍ വെച്ച് പ്രകാശനം ചെയ്തത്. ഇവിടുത്തെ ഇലക്ഷന്‍ പോലും ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യയിലേതു പോലെ ശബ്ദമലിനീകരണമില്ല കളളപണക്കാരുടെ കോടികള്‍ ചിലവാക്കാറുമില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടികള്‍ കൊടുക്കുന്ന കൊള്ളക്കാര്‍ ആരാണ്. ഒരു തിരഞ്ഞെടുപ്പ് എങ്ങനെയാണു നടത്തുന്നത്.? ബ്രിട്ടണെ ഒരു പാഠമാക്കുന്നത് നല്ലതാണ്.
ഈസ്റ്റ് ഹാമിലെ മനോഹരമായ സെന്‍ട്രല്‍ പാര്‍ക്കിലൂടെ രാവിലെ നടക്കുമ്പോള്‍ ചാരുംമൂട്ടിലെ കുയിലിന്റെ മധുരനാദമോ, പൂമണം പരത്തുന്ന കുളിര്‍ക്കാറ്റോ, ചുവന്നുദിക്കുന്ന സൂര്യനോ, ഭൂമിയെ പിളര്‍ക്കുന്ന ഇടിമിന്നലോ, പെരു മഴയോ, വീട്ടിലെ കോഴികളോ, വഴിയില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളോ ഇല്ല. ധാരാളം രാജ്യങ്ങളിലൂടെ മനോഹരമായ കാഴ്ച്ചകള്‍ കണ്ട് മടങ്ങുമ്പോള്‍ എന്റെ ജന്മനാടാണ് എനിക്ക് അതിമനോഹരമായി തോന്നിയത്. ചാരുംമൂട് ഇന്നൊരു നഗരമായിരിക്കുന്നു. ജന്മനാടിന്റെ സ്‌നേഹവാല്‍സല്യങ്ങള്‍ ഒരു തലോടലായി മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

ജനങ്ങളുടെ പ്രിയങ്കരനായ കോഴിക്കോടിന്റെ പഴയ ‘കളക്ടര്‍ ബ്രോ’ പ്രശാന്ത് നായര്‍ ഐ.എ.എസ് ആശുപത്രിയില്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിവരം പ്രശാന്ത് നായര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയര്‍ങ് ലോസ് എന്ന അപൂർവ രോഗമാണ് പ്രശാന്ത് നായര്‍ക്ക്. രോഗം അപൂര്‍വമാണ്. നേരത്തെ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടാനില്ലെന്നും പലവിധ പരിശോധനകളും എം.ആര്‍.ഐ സ്‌കാനിങ്ങും കഴിഞ്ഞെന്നും ഇപ്പോള്‍ മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും പ്രശാന്ത് നായര്‍ പറഞ്ഞു.

“കുറച്ചു ദിവസമായി പലരും ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി. ജീവിതം എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യരാണെന്നു നമ്മള്‍ തിരിച്ചറിയുന്നു” പ്രശാന്ത് നായര്‍ ഐ. എ. എസ് കുറിച്ചു.

ഒപ്പം മകള്‍ തന്റെ ചിത്രം പകര്‍ത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാനും ‘കളക്ടര്‍ബ്രോ’ മറന്നില്ല. മകള്‍ അമ്മുവാണു ആശുപത്രിക്കിടക്കയിലുള്ള പ്രശാന്തിന്റെ ചിത്രം എടുത്തത്. മകള്‍ നന്നായി ഫോട്ടോയെടുത്തു. രോഗിയുടെ അയ്യോ പാവം ലുക്ക് ഫോട്ടോയില്‍ കിട്ടിയിട്ടുണ്ടെന്നും കളകടര്‍ ബ്രോ കുറിച്ചു. കോഴിക്കോട് കളക്ടറായിരുന്ന സമയത്ത് യുവാക്കളുടെ കൈയടി നേടിയ നടപ്പാക്കിയ ജനകീയ പദ്ധതികളിലൂടെയാണ് പ്രശാന്ത് നായര്‍ക്ക് കളക്ടര്‍ ബ്രോ എന്ന പേരു ലഭിച്ചത്.

എ. പി. രാധാകൃഷ്ണന്‍

വിപുലായ പരിപാടികളോടെ ക്രോയ്‌ഡോന്‍ ഹിന്ദു സമാജവും എസ്.എന്‍.ഡി.പി യു.കെ (യൂറോപ്പ്) ചേര്‍ന്ന് നടത്താന്‍ നിശ്ചയച്ചിരുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ലളിതമായ ചടങ്ങുകളോടെ സംയുക്തമായി നടത്തി. ഇന്നലെ ക്രോയ്ഡനിലെ ലണ്ടന്‍ റോഡിലുള്ള കെ.സി ഡബ്ല്യൂ ട്രസ്റ്റിന്റെ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് മുഖ്യഅതിഥി ആയിരുന്നു.

ഓണ സ്മരണകള്‍ ഉണര്‍ത്തുന്ന ഒരുപിടി ഗാനങ്ങള്‍ കോര്‍ത്തിണക്കി യു.കെയിലെ പ്രശസ്ത ഗായകന്‍ ശ്രീ സുധീഷ് സദാനന്ദന്‍ നേതൃത്വം നല്‍കിയ ഗാന അഞ്ജലി ആയിരുന്നു പരിപാടികളില്‍ പ്രധാനം. ഗണേശ സ്തുതിയോടെ തുടങ്ങിയ ഗാനാര്‍ച്ചനയില്‍ സുധീഷ് സദാനന്ദന്‍ കൂടാതെ, ശ്രീകുമാര്‍, സുരേന്ദ്രന്‍, ജയലക്ഷ്മി തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു. ഗാന അഞ്ജലിക്ക് ശേഷം അതിഭീതിത്മായ വിധം കേരളത്തില്‍ നടന്ന മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ച വ്യക്തികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് ഉള്‍പടെ ഉളളവര്‍ ഭദ്രദീപം തെളിയിച്ചു. ആശംസ നേര്‍ന്നു സംസാരിച്ച ശ്രീമതി മഞ്ജു നമ്മള്‍ എത്രത്തോളം സേവന തല്‍പരര്‍ ആകണം എന്നതിന്റെ പ്രാധാന്യവും പ്രളയം നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയ കെടുത്തികളുടെ ആഘാതവും വിവരിച്ചു. ക്രോയ്ഡണ്‍ ഹിന്ദു സമാജം പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന വളരെ ലളിതമായ ഓണ സദ്യയും ചടങ്ങിന്റെ ഭാഗമായി നടത്തി. എല്ലാ പരിപാടികളും ഭംഗിയായി അവതരിപ്പിച്ചത് ശ്രീ കേ നാരായണന്‍ ആയിരുന്നു. പ്രതികൂല കാലാവസ്ഥയിലും ചടങ്ങിന് സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ക്രോയ്ഡണ്‍ ഹിന്ദു സമാജം പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്‍, സെക്രട്ടറി പ്രേംകുമാര്‍, ട്രഷറര്‍ അജിസെന്‍ എന്നിവര്‍ ചേര്‍ന്ന് നന്ദി രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്

ലണ്ടനിൽ മലയാളി നഴ്സ് മരണമടഞ്ഞു. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി ബീന(51) ആണ് ന്യൂഹാം ഹോസ്പിറ്റലിൽ വച്ച് ഇന്നലെ രാവിലെ മരിച്ചത്. ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ് മിനിസ്റ്റർ ഹോസ്പിറ്റലിലെ നഴ്സായിരുന്നു മലയാറ്റൂർ സ്വദേശിയായ ഫ്രാൻസിസ് പാലാട്ടിയുടെ ഭാര്യയായ ബീന. മക്കൾ – റോൺ, ഫെബ, നിക്ക്.
ലണ്ടൻ അപ്റ്റൺ പാർക്കിലാണ് ഇവർ താമസിക്കുന്നത്. മൃതദേഹം ഉടൻ നാട്ടിലെത്തിച്ച് കൂത്താട്ടുകുളം സെന്റ് ജൂഡ് ചർച്ചിൽ സംസ്കരിക്കും. ഫാ.ജോസ് അന്ത്യാം കളത്തിന്റെ നേതൃത്വത്തിൽ പരേതയുടെ ഭവനത്തിൽ ഇന്നലെ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി.

Copyright © . All rights reserved