uukma

സജീഷ് ടോം

യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടന്നു. എൻഫീൽഡിൽ നടന്ന യുക്മ – അലൈഡ് ആദരസന്ധ്യയുടെ പ്രൗഢ ഗംഭീരമായ വേദിയാണ് യു-ഗ്രാന്റ് നറുക്കെടുപ്പിനും വേദിയായത്.

പദ്ധതിയുടെ ഒന്നാം സമ്മാനമായ ബ്രാൻഡ്‌ന്യൂ Peugeot 108 കാർ ഹേവാർഡ്‌സ്ഹീത്തിൽ നിന്നുള്ള ജോബി പൗലോസ് സ്വന്തമാക്കി.(ടിക്കറ്റ് നമ്പർ 704) യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ളയും ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യനും റീജണൽ പ്രസിഡന്റ് ആന്റണി എബ്രഹാമും നേതൃത്വം നൽകുന്ന സൗത്ത് ഈസ്റ്റ്‌ റീജിയണിലെ HUM ഹേവാർഡ്‌സ്ഹീത്ത് അസോസിയേഷൻ അംഗമാണ് ജോബി. എറണാകുളം കാലടി മാണിക്കമംഗലം സ്വദേശിയാണ് ജോബി. സുരഭി ജോബിയാണ് ഭാര്യ. അമീലിയ, ആഞ്ചലീന എന്നിവരാണ് മക്കൾ. ഹേവാർഡ്‌സ്ഹീത്തു പ്രിൻസ് റോയൽ ഹോസ്പിറ്റലിലാണ് ജോബിയും ഭാര്യ സുരഭിയും ജോലി ചെയ്യുന്നത്.

മിഡ്‌ലാൻഡ്‌സിലെ MIKCA വാൽസാൽ അസോസിയേഷൻ സെക്രട്ടറി കൂടിയായ അജീസ് കുര്യൻ രണ്ടാം സമ്മാനമായ ഇരുപത്തിനാല് ഗ്രാമിന്റെ സ്വർണ നാണയങ്ങൾക്ക് ഉടമയായപ്പോൾ (ടിക്കറ്റ് നമ്പർ 4302) , മൂന്നാം സമ്മാനമായ പതിനാറ് ഗ്രാമിന്റെ സ്വർണ്ണ നാണയങ്ങൾ WAM വെൻസ്‌ഫീൽഡ് അസോസിയേഷനിലെ ജിജിമോൻ സെബാസ്ററ്യൻ (ടിക്കറ്റ് നമ്പർ 4382) സ്വന്തമാക്കി.

ഒരു പവൻ വീതം തൂക്കം വരുന്ന പതിനാറ് സ്വർണ്ണ നാണയങ്ങൾ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ യുക്മയുടെ ഓരോ റീജിയണുകൾക്കും രണ്ട് സ്വർണ്ണ നാണയങ്ങൾ വീതം ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടന്നത്. മുൻ വർഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോർട്ട്ഗേജ് സർവീസസ് ആണ് യുക്മ യു- ഗ്രാൻറ് – 2019 ന്റെ സമ്മാനങ്ങളും എല്ലാം സ്പോൺസർ ചെയ്തത്.

യു കെ മലയാളികൾക്കിടയിൽ വലിയൊരു ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു- ഗ്രാൻറ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കുന്നത്. 2017 ൽ ഷെഫീൽഡിൽ നിന്നുമുള്ള സിബി മാനുവൽ ആയിരുന്നു യു-ഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാൻഡ് ന്യൂ വോൾക്സ്‌വാഗൺ പോളോ കാർ സമ്മാനമായി നേടിയത്. 2018 ൽ ബർമിംഗ്ഹാം നിവാസിയായ സി എസ് മിത്രൻ ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാർ സ്വന്തമാക്കി.

മുൻ വർഷങ്ങളിൽ നിന്നും യുക്മ യു ഗ്രാന്റ് പദ്ധതി – 2019 നെ ആകർഷകമാക്കി മാറ്റിയത് എല്ലാ റീജിയണുകളിലും ഒരു പവൻ വീതമുള്ള രണ്ട് സമ്മാനങ്ങൾ വീതം ഗ്യാരണ്ടിയായി ഉറപ്പ് വരുത്തിയിരുന്നു. ഓരോ റീജിയൺ തലത്തിൽ വിജയികളായവർ താഴെ പറയുന്നവരാണ്.

സൗത്ത് ഈസ്റ്റ്‌ റീജിയണിൽ ബോയ്സ് കൂവക്കാടൻ(410) (WMA, വോക്കിങ്ങ്),തോമസ് ജോസഫ് (7314) (GMA, ഗിൽഡ്ഫോഡ്), സൗത്ത് വെസ്റ്റ്‌ റീജിയണിൽ മാർട്ടിൻ സെബാസ്റ്റ്യൻ, എൽദോസ് മത്തായി എന്നിവർ സംയുക്തമായി എടുത്ത ടിക്കറ്റ് (5208), ഡോണി ഫിലിപ്പ് (5211)എന്നിവർക്കും, ഈസ്റ്റ്‌ ആംഗ്ലിയ റീജിയണിൽ KCF വാറ്റ്ഫോർഡിലെ മനോജ്‌കുമാർ മകൻ ആർത് മനോജ്‌കുമാറിന്റെ പേരിലെടുത്ത ടിക്കറ്റ് 8002നും, യുക്മ ജ്വാല ചീഫ് എഡിറ്റർ റെജി നന്തിക്കാട്ട് (9820), മിഡ്ലാൻഡ്സ് റീജിയൽ നിന്നും ജോ ഐപ്പ് (9511) (BCMC, ബർമിങ്ഹാം), സാനു ജോസഫ് (4384) (WAM, വെഡ്നെസ്ഫീൽഡ്), യോർക്ക്ഷെയർ & ഹമ്പർ റീജിയണിൽ രഞ്ജി വർക്കി (7055)(WYMA, വേക്ഫീൽഡ്), ഷിജു പുന്നൂസ് (1224) (SMA, ഷെഫീൽഡ്), സ്കോട്ട്ലാൻഡ്, നോർത്ത് ഈസ്റ്റ്‌, വെയിൽസ്‌ എന്നീ സ്ഥലങ്ങളിൽ നിന്നും ബിജു കുര്യാക്കോസ് (8147) (SMA, സ്കോട്ലൻഡ്), സനീഷ് ചന്ദ്രൻ(6419) (CMA, കാർഡിഫ്), നോർത്ത് വെസ്റ്റ് റീജിയണിൽ LIMA, ലിവർപൂൾ മുൻ സെക്രട്ടറി എൽദോസ് സണ്ണി (6803), ജിജോ കിഴക്കേക്കാട്ടിൽ (7404) (MMCA, മാഞ്ചസ്റ്റർ), നാഷണൽ തലത്തിൽ വർഗീസ് ഫിലിപ്പ് തന്റെ മകൾ ഫെബ ഫിലിപ്പിന്റെ പേരിൽ എടുത്ത ടിക്കറ്റ് (3079) (OXMAS ഓസ്‌ഫോർഡ്) എന്നിവരാണ് ഒരു പവൻ വീതം സ്വന്തമാക്കിയത്.

യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ്, യു-ഗ്രാൻറ്റിന്റെ ചുമതലയുള്ള ദേശീയ ട്രഷറർ അനീഷ് ജോൺ, ജോയിന്റ് ട്രഷറർ ടിറ്റോ തോമസ് എന്നിവർ യുക്മ ദേശീയ കമ്മറ്റിക്ക് വേണ്ടി വിജയികൾക്ക് അനുമോദനങ്ങളും ആശംസകളും നേർന്നു. യുക്മ യു ഗ്രാന്റ് നറുക്കെടുപ്പിന്റെ വിജയത്തിനായി ടിക്കറ്റുകൾ എടുത്ത് സഹകരിച്ച എല്ലാവരോടും , ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ നാഷണൽ, റീജിയണൽ, അസോസിയേഷൻ ഭാരവാഹികൾക്കും, പ്രവർത്തകർക്കും യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി. വിജയികൾക്ക് അടുത്ത് തന്നെ യുക്മ സംഘടിപ്പിക്കുന്ന പൊതു പരിപാടിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണെന്ന് സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.

സജീഷ് ടോം

പതിനാലാം പ്രവർത്തന വർഷത്തിലേക്ക് കടക്കുന്ന ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന് പുതു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ തെക്കൻ നഗരങ്ങളിൽ പ്രസിദ്ധമായ ബേസിംഗ്‌സ്‌റ്റോക്കിൽ നൂറോളം മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അസോസിയേഷൻ ഭാരവാഹിത്വത്തിൽ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊർജ്വസ്വലരായ പുത്തൻ പ്രതിനിധികളും കൂടി ഉൾപ്പെടുന്ന നവനേതൃനിര അടുത്ത പ്രവർത്തനവർഷത്തിലേക്കുള്ള കർമ്മ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു.

അസോസിയേഷന്റെ പല നേതൃ സ്ഥാനങ്ങളും വഹിച്ചിട്ടുള്ള സാജു സ്റ്റീഫൻ ആണ് പുതിയ പ്രസിഡന്റ്. സാജുവിന്റെ സൗമ്യമായ നേതൃത്വം അസോസിയേഷൻ പ്രവർത്തങ്ങൾക്ക് കരുത്തുപകരും എന്ന് കരുതപ്പെടുന്നു. ആദ്യമായി ബി എം സി എ നേതൃത്വത്തിലേക്ക് കടന്ന് വന്നിരിക്കുന്ന രതീഷ് പുന്നേലി ആണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബേസിംഗ്‌സ്‌റ്റോക്കിലെ മലയാളം ക്ലാസ്സിന്റെ പ്രവർത്തങ്ങളിലും സജീവമാണ് രതീഷ്. അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായിട്ടുള്ള പൗലോസ് പാലാട്ടി ആണ് പുതിയ ട്രഷറർ.

അസോസിയേഷന്റെ കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റ് രാജേഷ് ബേബി വൈസ് പ്രസിഡന്റും മുൻ സെക്രട്ടറി സിജോ ജേക്കബ് ജോയിന്റ് സെക്രട്ടറിയുമായി പ്രവർത്തിക്കും. മുൻ ട്രഷറർ ജോബി തോമസാണ് പുതിയ ഓഡിറ്റർ. ഇവരെ കൂടാതെ ബിജു എബ്രഹാം, സജീഷ് ടോം, ജിജി ബിനു, നൈനു രെജു, ബിനീഷ് അഗസ്റ്റിൻ എന്നിവർ കൂടിച്ചേരുന്നതാണ് ബി എം സി എ യുടെ ഈ പ്രവർത്തന വർഷത്തെ എക്സിക്യൂട്ടീവ് കമ്മറ്റി.

വരുന്ന ഒരുവർഷത്തെ മുഴുവൻ പരിപാടികളുടെയും മാർഗരേഖ പ്രഥമ കമ്മറ്റി യോഗം ചർച്ചചെയ്തു. അസോസിയേഷൻ ഭരണസമിതി അംഗങ്ങൾക്ക് പുറമെ, ഓരോ പരിപാടികൾക്കും മുന്നോടിയായി, സഹകരിക്കുവാൻ സമയവും താല്പര്യവുമുള്ള കൂടുതൽ അംഗങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രോഗ്രാം കമ്മറ്റികൾ രൂപീകരിച്ച് കൂടുതൽ ജനപങ്കാളിത്തത്തോടെ പരിപാടികൾ സംഘടിപ്പിക്കുന്ന രീതിയാകും പുതിയ ഭരണസമിതി നടപ്പിലാക്കുക.

യു കെ യിലെത്തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ. 2007 ൽ നാൽപ്പതോളം കുടുംബങ്ങളുമായി ആരംഭിച്ച സംഘടന 2020 ൽ എത്തിനിൽക്കുമ്പോൾ തൊണ്ണൂറോളം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. യുക്മയിലും മൾട്ടി കൾച്ചറൽ സാംസ്ക്കാരിക പ്രവർത്തങ്ങളിലും ഇതര സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലും സജീവമാണ് ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ.

യുക്മ നേഴ്സസ് ഫോറം എന്ന (UNF) യു എൻ എഫിന്റെ സ്ഥാപനം മുതൽ നാളിതുവരെ ആ പ്രസ്ഥാനത്തിൻറെ വളർച്ചയിലും പ്രവർത്തിയിലും ഒരു നിർണായക പങ്കു വഹിച്ച വ്യക്തിയാണ് ശ്രീ തമ്പി ജോസ്. ലിവർപൂളിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അതിൻറെ ലീഗൽ സെല്ലിന്റെ ചെയർമാനായി നിയമിതനായ നാൾമുതൽ നഴ്സുമാരെ ബാധിക്കുന്ന നിയമപ്രശ്നങ്ങൾ വസ്തുനിഷ്ടമായും ആധികാരികമായും അനുഭവങ്ങളുടെയും കേസുകളുടെയും പിൻബലത്തിൽ അവതരിപ്പിച്ച് യുകെയിലെ എല്ലായിടത്തും നിന്നുമുള്ള അനേകം നഴ്സുമാർക്ക് വെളിച്ചം വീശിയിട്ടുണ്ടദ്ദേഹം. യു എൻ എഫ് സംഘടിപ്പിച്ച എല്ലാ ട്രെയിനിങ് കരിയർ സെമിനാറുകളിലും എന്നും ഒരു നിറസാന്നിദധ്യമായിരുന്നു- ഒരുപ്രതിഫലവും പ്രതീക്ഷിക്കാതെ സ്വന്തം സമയവും അർത്ഥവും ചെലവഴിച്ച് എത്രയോ പ്രശ്നങ്ങളിൽപ്പെട്ട നഴ്സുമാർക്ക് അത്താണിയും ആശ്വാസവും ആയിരിക്കുന്നു. എൻഎംസി ലണ്ടനിലും കാർഡിഭിലും ആയി ഒരാഴ്ച വരെ നീളുന്ന ഹിയറിങ്ങുകൾക്ക് പോലും പോകുമ്പോൾ മനസ്സിലാക്കാൻ വിഷമം തോന്നുന്ന ഒരു പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിന്റേത്. ഒരു വ്യക്തി എന്ന നിലയിൽ യുകെയിലെ മലയാളി നഴ്സുമാർക്ക് ഏറ്റവും സഹായം നൽകിയത് ശ്രീ തമ്പി ജോസ് ആണെന്ന ഒരു തിരിച്ചറിവാണ് ഈ സന്ദർഭത്തിൽ യു എൻ എഭിൻറെ അകമഴിഞ്ഞ പ്രശംസ അർപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത്.

രണ്ടായിരാമാണ്ട് തുടക്കത്തിൽ ലിവർപൂളിൽ ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും കുടിയേറിപ്പാർത്ത ലിവർപൂൾ മലയാളികൾക്ക് ഒരു മാർഗ്ഗദർശി ആയിരുന്നു ശ്രീ തബ്ബി ജോസ്. ഇന്നത് ആളുകൾക്ക് അംഗീകരിക്കുവാൻ വിഷമമുണ്ട് എന്നത് വിധിവൈപരീത്യം. ഭാഷയുടെയും സംസ്കാരത്തെയും പരിചയത്തിന്റെയും മുൻപിൽ പകച്ചു നിന്ന ഒരു ചിതറിയ സമൂഹത്തെ ഒന്നിച്ചു കൂട്ടാനും അവരുടേതായ സാന്നിധ്യവും ഐഡൻറിറ്റിയ്യും സൃഷ്ടിക്കുവാൻ തമ്പി നൽകിയ നേതൃത്വം അനന്യമാണ്. അദ്ദേഹത്തിൻറെ നേതൃത്വത്തിലാണ് ലിവർപൂൾ കേരള കാത്തലിക് സൊസൈറ്റി (LKCS) 2003ൽ രൂപംകൊണ്ടത്. ഒരുപക്ഷേ യുകെയിലെ ആദ്യത്തെ കുടിയേറ്റ മലയാളി കത്തോലിക്കാ സംഘടിത സംവിധാനമായിരുന്നിരിക്കാം അത്. ആദ്ധ്യാത്മിക മേഖലയിൽ അത് നൽകിയ സംഭാവനകൾ പോലെ തന്നെയാണ് മലയാളി സമൂഹത്തിന് അത് നൽകിയ സമൂഹാധിഷ്ഠിതമായ സംഭാവനകൾ. സോഷ്യൽ ഇൻറഗ്രേഷനും തദ്ദേശീയ ശ്രേണികളിലുള്ളവരുമായുള്ള ഇഴയടുപ്പവും അത് നൽകിയ സംവിധാനങ്ങളും ദിവ്യബലിയും മറ്റു ദൈവികാരാധനകളും മതബോധന ക്ലാസ്സുകളും മറ്റും മുറതെറ്റാതെ നടത്തുമ്പോൾ തന്നെ മതവിഭാഗങ്ങളുടെ വേലിക്കെട്ടിനുള്ളിൽ തളച്ചിടാതിരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇന്ന് അത് മറിച്ചുള്ള ഒരു അനുഭവ യാഥാർത്ഥ്യവും. അദ്ദേഹം ഒരു മതവാദി ആയിരുന്നില്ല എന്നാൽ ആദ്ധ്യാത്മികതയിൽ നിലപാടുകൾ ഉണ്ടായിരുന്നു.

2003 ഓഗസ്റ്റ് പതിമൂന്നാം തീയതി ലിവർപൂൾ കാത്തീഡ്രലിൽ ഇംഗ്ലീഷുകാർക്കായി ബഹു: നായ്ക്കംപറമ്പിൽ അച്ഛൻറെ ഏകദിന ധ്യാനത്തിന് 3500 പരം വെള്ളക്കാർക്ക് പങ്കെടുക്കുവാൻ അവസരം ഉണ്ടാക്കുവാൻ അദ്ദേഹത്തിൻറെ ദൈവ സന്നിവേശമായ ഒരു ചരിത്രനിയോഗം ആയിരുന്നു. ഒരു കുടിയേറ്റ സമൂഹത്തെക്കുറിച്ചുള്ള തദ്ദേശീയ ധാരണയിൽ കാതലായ മാറ്റം വരുത്തിയ ഒരു നാഴികക്കല്ലാണ് ഈ ആധ്യാത്മിക സംഭവം.

തമ്പി ജോസിന്റെ മറ്റൊരു വലിയ സംഭാവന എന്ന് പറയുന്നത് ലിംക ( LIMCA) എന്ന് അറിയപ്പെടുന്ന ലിവർപൂൾ മലയാളി കൾച്ചറൽ അസോസിയേഷൻ UK യിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മലയാളി അസോസിയേഷനാണ്. ഒന്നര പതിറ്റാണ്ടുകൾക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡന്റ് ആയി തുടക്കം കുറിച്ച ലിംക ഇന്നു ലിവര്‍പൂള്‍ മലയാളികളുടെ മുഖമുദ്ര ആയി മാറികഴിഞ്ഞു . ഒന്നര പതിറ്റാണ്ടായി എല്ലാ വർഷവും നവംബർ മാസത്തിൽ ലിംക നടത്തുന്ന ചില്‍ഡറന്‍സ് ഫെസ്റ്റിവലില്‍ കൂടി ഒട്ടേറെ കുട്ടികള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചു. ഈ ആശയങ്ങളുടെ എല്ലാം ഉപജ്ഞതാവ് ശ്രീ തമ്പി ജോസ് ആയിരുന്നു . ലിംക നടത്തുന്ന മലയാളം സ്കൂളും അതോടൊപ്പം മലയാളം പുസ്തകങ്ങള്‍ സങ്കടിപ്പിച്ചു കൊണ്ട് തുടക്കം ഇട്ട ലൈബ്രറിയും ലിവർപൂളിലെ ഇളം തലമുറയെ മലയാള ഭാഷയുമായുള്ള ബന്ദം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നു. നിലവിൽ ലിംകയുടെ പ്രസിഡണ്ട് ആയി അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിൻറെ പ്രാവീണ്യം ഏറ്റവും പ്രയോജനം ചെയ്തത് അദ്ദേഹത്തിനോ കുടുംബത്തിനോ ആല്ല മറിച്ച് സമൂഹത്തിനാണ്. എൻ എം സിയിലും സോഷ്യൽ സർവീസ് മേഖലകളിലും പോലീസ് സംബന്ധമായ വിഷയങ്ങളിലും ഇടപെടലുകൾ മറ്റുള്ളവർക്കുവേണ്ടി നടത്തുമ്പോൾ ഒക്കെ പ്രയോജനം ലഭിച്ചത് സമൂഹത്തിനാണ്. തൊഴിൽ മേഖലകളിൽ ഉന്നതിക്കുവേണ്ടി തയ്യാറാക്കുന്ന പ്രബന്ധങ്ങൾ, വിദ്യാർത്ഥികൾക്ക് വേണ്ട കരിയർ ഗൈഡൻസ് തുടങ്ങിയ സാമൂഹികപ്രതിബദ്ധതയുള്ള കാര്യങ്ങളിലെല്ലാം ഈ ഭാഷാനൈപുണ്യം ലാഭേച്ഛകൂടാതെ പ്രയോജനകരമായിട്ടുണ്ട്.

പാലാ സെൻറ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 1963ൽ തുടങ്ങിയ അദ്ദേഹത്തിൻറെ വിദ്യാഭ്യാസ യാത്ര അവിടുന്ന് ലഭിച്ച ആദ്യ സ്വർണമെഡലിൽ തുടങ്ങി, പാലാ സെൻറ് തോമസ് കോളേജിൽ ഡിഗ്രിയിൽ എത്തി, കാര്യവട്ടം യൂണിവേഴ്സിറ്റി സെന്ററിൽ നിന്നും എക്കണോമിക്സിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി, തിരുവനന്തപുരം ഗവൺമെൻറ് ലോ കോളേജിലെ നിയമ പഠനത്തിലൂടെ കടന്നു ലിവർപൂൾ ഹോപ്പ് യൂണിവേഴ്സിറ്റിയിൽനിന്ന് എം പി എയിൽ എത്തി നിൽക്കുന്ന വിദ്യാഭ്യാസ മികവ് പ്രശംസനീയം തന്നെ. ആ ലഭിച്ച അറിവുകളും കഴിവുകളും സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്നതിലപ്പുറവും സമൂഹത്തിനു വേണ്ടി ഉപയോഗിച്ചു എന്ന് പറയുമ്പോഴാണ് കർമ്മശ്രേഷ്ഠം എന്ന പദവി അന്വർത്ഥമാകുന്നത്.

ഒരു വിളിപ്പുറത്തിനിപ്പുറം ഏത് ആവശ്യത്തിനും ഒരു സഹായ ഹസ്തം ആയി അദ്ദേഹം വിനയാന്വിതനായി നിലകൊണ്ടത് അദ്ദേഹത്തിൻറെ മൂല്യം കുറച്ചു കാണുവാൻ ഇടയായിട്ടുണ്ട്. നാട്ടിൽ നിന്നും പ്രഗൽഭരായ അന്തരിച്ച ജി കാർത്തികേയനും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ പാലോട് രവിയും, സാഹിത്യകാരൻമാരായ ജോർജ് ഓണക്കൂറും, സക്കറിയയും മുൻ എംഎൽഎ ഇ എം ആഗസ്തിയും മുൻ എംപി തലേക്കുന്നിൽ ബഷീർ തുടങ്ങിയ അതി പ്രശസ്തർ യുകെയിൽ എത്തിയപ്പോഴാണ് നമ്മൾ തിരിച്ചറിയാതിരുന്ന നമ്മുടെ തമ്പി ജോസഫിൻറെ ഒരു വ്യക്തിത്വം മനസ്സിലാക്കുന്നത്.

വിദ്യാർത്ഥി യൂണിയൻ യുവജന നേതാവായി എണ്ണം പറഞ്ഞ ഒരാളായി തിളങ്ങി നിന്നപ്പോഴും പഠന മേഖലയിൽ അങ്ങേയറ്റം അംഗീകരിക്കപ്പെട്ടിരുന്നു. അന്ന് തിരുവനന്തപുരം സർക്കിളിൽ വളരെ പ്രതീക്ഷയോടെ ഒരു ഭാവി തമ്പി ജോസിൽ ഗുരുക്കന്മാർ കണ്ടിരുന്നു. ഡോക്ടർ സി രാധാകൃഷ്ണൻ ഫൗണ്ടേഷൻ എന്ന ഗവേഷണ സ്ഥാപനത്തിൻറെ സ്ഥാപക സെക്രട്ടറി ആയിരുന്നു അദ്ദേഹം. ഇന്ന് ലോകമൊന്നാകെ വിളിച്ചുപറയുന്ന ഗ്രീൻ വേൾഡിന്റെ പ്രസക്തി കാലേക്കൂട്ടി തിരിച്ചറിഞ്ഞ് തിരുവനന്തപുരം ആസ്ഥാനമാക്കി മാൻ ആൻഡ് നേച്ചർ എന്ന പഠന കേന്ദ്രം കേരള യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ഡോക്ടർ നന്ദകുമാറിനോടൊപ്പം ആരംഭിച്ച ഒരു ക്രാന്തദർശി ആയിരുന്നു അദ്ദേഹം. യുകെയിലേക്ക് കുടിയേറുന്ന 2002 വരെ ആ സ്ഥാപനത്തിൻറെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

കർമ്മ ശ്രേഷ്ഠ എന്ന ഈ പുരസ്കാരം അദ്ദേഹത്തിനു വളരെ വളരെ വൈകി വന്ന ഒരു അംഗീകാരമാണ്. അതിൻറെ അർഹത സംശയരഹിതവും. ഏത് പ്രസ്ഥാനങ്ങളും മുന്നേറ്റങ്ങളും സമൂഹത്തിൻറെ സ്ഥായിയായ നന്മയ്ക്ക് പ്രേരകം ആണെന്ന് ഉറച്ചുവിശ്വസിക്കുന്ന അദ്ദേഹം യുകെ മലയാളി സമൂഹത്തിൽ ഒരു മുതൽക്കൂട്ടാണ്.

കോട്ടയം ജില്ലയിലെ പാല കുരിശുംമൂട്ടില്‍ കുടുംബാംഗമായ തമ്പി ജോസ് മേഴ്‌സി റെയിലിൽ ഓഫീസറായി ജോലി നോക്കുന്നു. ലിവർപൂൾ റോയൽ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലിചെയ്യുന്ന ശ്രീമതി ആനി ജോസഫാണ് ഭാര്യ. ലണ്ടൻ കിംഗ്സ് കോളേജിൽ മെഡിസിന് പഠിക്കുന്ന നയൻ തമ്പി മകളും ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന അതുൽ തമ്പി മകനുമാണ്. അചഞ്ചലമായ ആയ ഈ സൽപ്രവർത്തിക്ക് അകമഴിഞ്ഞ പിന്തുണ നൽകുന്ന കുടുംബാംഗങ്ങൾക്ക് യു കെ മലയാളികളുടെ പ്രണാമം.

യു എൻ എഫ് അദ്ദേഹത്തിൻറെ നിസ്സീമമായ പ്രവർത്തനങ്ങളെ സ്ലാഘിക്കുകയും നന്മകൾ നേരുകയും ചെയ്യുന്നു. വൈകിയ വേളയിലും അദ്ദേഹത്തെ അംഗീകരിക്കുവാനും ആദരിക്കുവാനും കാണിച്ച ആർജ്ജവത്തിന് യുക്മയെ അഭിനന്ദിക്കുന്നു.

സജീഷ് ടോം

ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കൾക്ക് പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. നിയമനിര്‍മ്മാണ പുരസ്ക്കാരം നേടിയ വി.പി സജീന്ദ്രന്‍ എം.എല്‍.എ, ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) എന്നിവരെ പരിചയപ്പെടാം.

മികച്ച പാര്‍ലമെന്റേറിയന് യു.കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്. നിയമസഭയില്‍ ബില്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.

തിരുവനന്തപുരം ഗവ.ലോ കോളജിലെ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് മുതല്‍ കെ.പി.സി.സി.സെക്രട്ടറി വരെ വിവിധ സ്ഥാനങ്ങള്‍ രാഷ്ട്രീയരംഗത്ത് സജീന്ദ്രന്‍ വഹിച്ചിട്ടുണ്ട്. കേരളാ സര്‍വകലാശാലാ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, സ്റ്റുഡന്റ്സ് കൗണ്‍സില്‍ മെമ്പര്‍. മഹാത്മാഗാന്ധി സര്‍വകലാശാലാ, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ, കേരളാ മത്സ്യ ബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാലാ എന്നിവടങ്ങളില്‍ സെനറ്റ് മെമ്പര്‍, കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍. തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. നിയമസഭയിലെ വിവിധ കമ്മറ്റികളുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

13, 14 കേരളാ നിയമസഭയില്‍ നിയമ നിര്‍മ്മാണത്തിലും, വിവിധ മേഖലകളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച് സ്വകാര്യ ബില്ലുകള്‍ സഭയില്‍ അവതരിപ്പിയ്ക്കുന്നതിലും മുന്നില്‍. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ നിയമ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ ഏറ്റവും കൂടുതല്‍ നിയമ ഭേദഗതി സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.

ആനുകാലിക വിഷയങ്ങള്‍ പഠിച്ച് നിയമസഭയില്‍ ഏറ്റവും സരസമായി അവതരിപ്പിയ്ക്കുന്നതിലൂടെയും ശ്രദ്ധേയനാണ് വി.പി.സജീന്ദ്രന്‍ എം.എല്‍.എ. നിര്‍ധനരായ രോഗികള്‍ക്ക് സഹായമെത്തിയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന പൊതുപ്രവര്‍ത്തകനാണ് ശ്രീ.സജീന്ദ്രന്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിര്‍ധനരുടെ ചികിത്സയ്ക്കായി 25 കോടിയില്‍ പരം രൂപ അദ്ദേഹത്തിന്റെ നിയോജക മണ്ഡലമായ കുന്നത്തുനാട്ടില്‍ അനുവദിപ്പിച്ച് നല്‍കിയത് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം – അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍)

യു.കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ചാണ് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടിയത്.

യു.കെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ നിയമസ്ഥാപനങ്ങളിലൊന്നാണ് പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്. ലണ്ടന്‍ സ്ട്രാറ്റ്ഫോഡിലും കൊച്ചിയിലും ഓഫീസുള്ള ഈ സ്ഥാപനം ഇമിഗ്രേഷന്‍ രംഗത്ത് വളരെ മികച്ച സേവനം കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി നല്‍കി വരുന്നു. കൂടാതെ ഫാമിലി, പ്രോപ്പര്‍ട്ടി എന്നീ മേഖലകളിലും ഇവരുടെ നിയമ സേവനം ലഭ്യമാണ്.

ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മലയാളി സോളിസിറ്റേഴ്സിനിടയില്‍ പോള്‍ ജോണിന്റെ പ്രാഗത്ഭ്യം പ്രശാംസനീയമാണ്. പ്രമുഖ ടെലിവിഷന്‍ ചാനലായ സീ ടി.വിയില്‍ ഇമിഗ്രേഷന്‍ സംബന്ധമായ ഷോകളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. ഇമിഗ്രേഷന്‍ സംബന്ധമായ ബ്ലോഗുകളും മറ്റ് ഓണ്‍ലൈന്‍ ലേഖനങ്ങളും എഴുതുന്നതിലൂടെ ഏറെ ശ്രേദ്ധേയനാണ് പോൾ ജോൺ. എറണാകുളം ഗവ. ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

സജീഷ് ടോം

ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടൻ നഗരത്തിൽ യുക്മ ഒരുക്കുന്ന “യുക്മ – അലൈഡ് ആദരസന്ധ്യ 2020” ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പത്ത് ബഹുമുഖപ്രതിഭകൾ ചടങ്ങിൽ ആദരിക്കപ്പെടും.

പ്രവാസിരത്ന പുരസ്ക്കാരം – ജോളി തടത്തില്‍ (ജര്‍മ്മനി)

പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.

ജര്‍മ്മന്‍ മലയാളികളിലെ മുന്‍നിര ബിസ്സിനസ്സുകാരനാണ് ജോളി തടത്തില്‍. കഴിഞ്ഞ 25 വര്‍ഷമായി ഹൗസ് കണ്‍സപ്റ്റ് തടത്തില്‍ എന്ന പേരില്‍ അദ്ദേഹം നടത്തി വരുന്ന പ്രായമായവര്‍ക്കുള്ള കെയര്‍ഹോമുകള്‍ ഏകദേശം 350 ൽ അധികം കുടുംബങ്ങള്‍ക്ക് ഒരേ സമയം സേവനം നല്‍കുന്നു. 10 സ്ഥാപനങ്ങളാണ് ഈ പേരില്‍ അദ്ദേഹത്തിനുള്ളത്.

മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിന്നും ബോട്ടണി ബി.എസ്.സി, പാലാ സെന്റ് തോമസ് കോളേജില്‍ നിന്നും എം.എസ്.സി, കേരള സര്‍വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍ പി.ജി എന്നിവ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സില്‍ നിന്നും ഉപരിപഠനം നടത്തി ഫെഡറല്‍ ബാങ്കില്‍ ജോലി നോക്കി വരവെയാണ് 1981ല്‍ ജര്‍മ്മനിയിലേയ്ക്ക് അദ്ദേഹം കുടിയേറുന്നത്.

പൊതുരംഗത്തും മലയാളി സംഘടനാ രംഗത്തും സജീവമായിരുന്ന ജോളി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍, പ്രസിഡന്റ്, ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികളില്‍ വ്യക്തമായ ലക്ഷ്യബോധത്തോടുകൂടിയ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയെന്നതിലുപരി ഒരു തികഞ്ഞ സംഘാടകനുമാണ്.

പ്രഥമ ലോകകേരളസഭയില്‍ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണിതാവായി ജര്‍മനിയില്‍ നിന്നും ജോളി തടത്തില്‍ പങ്കെടുത്തു. വോളിബോള്‍ താരം എന്ന നിലയില്‍ ചെറുപ്പം മുതലേ കായിക മേഖലയില്‍ ഏറെ സജീവമായ അദ്ദേഹം ജര്‍മ്മനിയിലെ വോളിബോള്‍ ട്രയിനര്‍, റഫറി എന്നീ ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

ഷ്വെല്‍മ് കൗണ്‍സിലിലേയ്ക്ക് ജര്‍മ്മനിയിലെ ദേശീയ പാര്‍ട്ടിയായ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി (എഫ്.ഡി.പി) സ്ഥാനാര്‍ത്ഥിയായി 2014ല്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

കലാഭൂഷണം പുരസ്ക്കാരം – ദീപ നായര്‍ (നോട്ടിങ്ഹാം – യു കെ)

കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന് കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്. യു.കെയിലെ പ്രമുഖ ഭരതനാട്യം നര്‍ത്തകി എന്നതിനൊപ്പം തന്നെ കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും മുന്‍നിരയില്‍ തന്നെയാണ് ദീപയുള്ളത്.

2001ല്‍ മിസ് തിരുവനന്തപുരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദീപ തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ നിന്നും മാത്തമാറ്റിക്സ് ബി.എസ്.സി, ഐ.സി.എഫ്.എ.ഐയില്‍ നിന്നും എം.ബി.എ എന്നിവ നേടിയ ശേഷം ബ്രിട്ടണിലെ ഇംപീരിയല്‍ സൊസൈറ്റി ഓഫ് ടീച്ചേഴ്സ് ഓഫ് ഡാന്‍സിങ്ല്‍ നിന്നും ഡാന്‍സിങില്‍ ഗ്രേഡ് 5 യോഗ്യത നേടിയിട്ടുണ്ട്.

ലോകപ്രശസ്ത സംഗീത-നൃത്ത വിദഗ്ദ്ധര്‍ ഒത്തുചേരുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവല്‍ സംഘാടകസമിതിയ്ക്കൊപ്പം 1999-2001 കാലഘട്ടത്തില്‍ വോളണ്ടിയറായും തിരുവനന്തപുരം റോട്ടറാക്ട് ക്ലബ് ജോയിന്റ് സെക്രട്ടറിയായി 2001-2002ലും ഇതേ കാലഘട്ടത്തില്‍ സൂര്യ ടി.വിയില്‍ അവതാരകയായും പ്രവര്‍ത്തിച്ചു.

ബ്രിട്ടണിലെത്തിയ ശേഷം 2011ല്‍ നോര്‍ത്ത് വെസ്റ്റിലെ കാള്‍ ഐല്‍ മള്‍ട്ടികള്‍ച്ചറല്‍ സെക്രട്ടറിയായി 2011-2013 കാലഘട്ടത്തില്‍ പ്രവര്‍ത്തീക്കുമ്പോള്‍ നിരവധി സാംസ്ക്കാരിക പരിപാടികള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. പരിപാടികളെ കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുന്നതിന് വേണ്ടി ബി.ബി.സി റേഡിയോ ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുകയും ബര്‍ണാര്‍ഡോസ് എന്ന കുട്ടികളുടെ ചാരിറ്റിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഭരതനാട്യം നര്‍ത്തകിയെന്ന നിലയില്‍ യു.കെയിലെ നിരവധി വേദികളില്‍ തിളങ്ങിയിട്ടുള്ള ദീപ നോട്ടിങ്ഹാം ലാസ്യ സ്കൂള്‍ ഓഫ് ഭരതനാട്യം, ലെസ്റ്റര്‍ നൂപുര്‍ ആര്‍ട്ട്സ്, ലീഡ്സ് സൗത്ത് ഏഷ്യന്‍ ആര്‍ട്ട് എന്നീ പ്രശസ്തമായ ഡാന്‍സ് സ്ഥാപനങ്ങള്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. സമര്‍പ്പണ എന്ന പേരില്‍ ബര്‍മ്മിങ്ഹാമില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സംഗീത-നൃത്ത പരിപാടിയില്‍ നൃത്തം അവതരിപ്പിക്കുന്നതിനും സംഘാടിപ്പിക്കുന്നതിന് പിന്നിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വര്‍ഷങ്ങളായി യുക്മയുടെ റീജിയണല്‍-നാഷണല്‍ കലാമേളകളില്‍ വിധികര്‍ത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാമേളയിലെ നൃത്ത ഇനങ്ങളുടെ നിയമാവലി രൂപീകരിക്കുന്നതിനും മറ്റും സംഘാടകസമിതിയെ സഹായിച്ചിട്ടുമുണ്ട്. 2017-2018ലെ യുക്മ സ്റ്റാര്‍ സിംഗറില്‍ പ്രധാന അവതാരകയായിരുന്നു. 2018ല്‍ ഒക്സ്ഫഡില്‍ നടന്ന കേരളാ പൂരം വള്ളംകളിയില്‍ തല്‍സമയ പ്രക്ഷേപണം നല്‍കുന്നതിന് അവതാരകയാവുകയും ശശി തരൂര്‍ എംപി, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വി.ടി ബല്‍റാം എന്നിവര്‍ ഉള്‍പ്പെടെയുള്ള ക്ഷണിതാക്കളുമായി അഭിമുഖം നടത്തുകയും ചെയ്തു.

യുക്മയുടെ അംഗ അസോസിയേഷനുകളില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സാംസ്ക്കാരിക പരിപാടികളിലെ നിറസാന്നിധ്യവുമായ ദീപ നായര്‍ കലാഭൂഷണം പുരസ്ക്കാര ജേതാവ് ആയതില്‍ എന്‍.എം.സി.എ അംഗങ്ങളും ആഹ്ളാദഭരിതരാണ്.

സജീഷ് ടോം
ലണ്ടന്‍: മികച്ച പാര്‍ലമെന്റേറിയന് യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്. നിയമസഭയില്‍ ബില്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.

നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിന് നടക്കുന്ന “യുക്മ ആദരസന്ധ്യ 2020” നോടനുബന്ധിച്ചാണ് പുരസ്ക്കാരദാനം. യുക്മ യൂത്തിന്റെ ആഭിമുഖ്യത്തില്‍ ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം നടത്തുന്ന അര്‍ജുന്‍ ഗോപാലിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ പഠനമാണ് ഏറ്റവും മികച്ച നിയമസഭാ സാമാജികനെ കണ്ടെത്തുന്നതിന് സഹായകരമായത്.

യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, ‘ആദരസന്ധ്യ 2020 ‘ ഇവന്‍റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവരാണ് ലണ്ടനില്‍ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.

പുരസ്ക്കാര ജേതാക്കളായ മറ്റുള്ളവര്‍:-

യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.

പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.

ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സർലൻഡ്) ആണ്. നഴ്സിങ് ഡിപ്ലോമയില്‍ തുടങ്ങി ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ഗവണ്‍മെന്റ് സെക്ടറില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പദവി വരെ വളര്‍ന്ന മികവിനെ പരിഗണിച്ചാണ് ഈ പുരസ്ക്കാരം സമ്മാനിക്കുന്നത്.

മഹാത്മാഗാന്ധിയുടെ 150 )O ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.

യു കെയ്ക്ക് പുറത്ത് നിന്നും അഞ്ച് വ്യക്തികൾക്ക് പുരസ്ക്കാരം നല്‍കുന്നതിനൊപ്പം യു കെയില്‍ നിന്നും അഞ്ച് പേർ പുരസ്ക്കാര ജേതാക്കളായിട്ടുണ്ട്. യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായി.

യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടി. കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന് കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്.

രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നല്‍കും. യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍ “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്.

നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.

പുരസ്ക്കാര ജേതാക്കളുടെ വ്യക്തിവിവരങ്ങളും തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച വിശദമായ വിവരങ്ങളും വരും ദിവസങ്ങളില്‍ വിശദമായി നല്‍കുന്നതായിരിക്കും.

“ആദരസന്ധ്യ 2020” നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:-
St.Ignatius College
Turkey Street
Enfield, London
EN1 4NP

സജീഷ് ടോം

ദശാബ്‌ദി പിന്നിട്ട യുക്മ ലണ്ടൻ നഗരത്തിൽ സംഘടിപ്പിക്കുന്ന വർണ്ണാഭമായ “ആദരസന്ധ്യ 2020″ന് ഇനി പത്തു ദിവസങ്ങൾ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകർ. ലോക മലയാളി സമൂഹത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങൾക്ക് യു കെ മലയാളികളുടെ ആദരവാകും “യുക്മ – അലൈഡ് ആദരസന്ധ്യ 2020”.

യു കെ യിലെ പ്രബല ബിസിനസ് സംരംഭകരായ അലൈഡ് മോർട്ടഗേജ് സർവീസസ് മുഖ്യ പ്രായോജകരാകുന്ന “ആദരസന്ധ്യ 2020” നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിന് അരങ്ങേറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭകളുടെ മിന്നുന്ന പ്രകടങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടും. മൂന്നാമത്തെ തവണ യുക്മ നടത്തുന്ന “യുക്മ യു ഗ്രാന്റ് – 2019″ന്റെ നറുക്കെടുപ്പ് “ആദരസന്ധ്യ 2020” വേദിയിൽ വച്ച് നടത്തുന്നതാണ്.

യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനുമായുള്ള സമിതി ഉടൻതന്നെ പുരസ്‌ക്കാര ജേതാക്കളുടെ പേരുവിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് “ആദരസന്ധ്യ 2020” ഇവന്റ് ഓർഗനൈസർ അഡ്വ.എബി സെബാസ്ററ്യൻ അറിയിച്ചു. ലോക പ്രവാസി മലയാളികൾക്കും മലയാള ഭാഷക്കും സംസ്‌കാരത്തിനും നൽകിയ സംഭാവനകളെ വിലയിരുത്തിക്കൊണ്ട് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള അഞ്ച് വ്യക്തികൾക്കും, യു കെ മലയാളി സമൂഹത്തിനും യുക്മയ്ക്കും നൽകിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തി അഞ്ച് യു കെ മലയാളികൾക്കുമാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്.

എഴുനൂറിൽപ്പരം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില്‍, മികവുറ്റ എല്‍ ഇ ഡി സ്ക്രീനിന്റെ അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം രാത്രി എട്ട് വരെ നീണ്ടുനിൽക്കും. “ആദരസന്ധ്യ 2020″ന് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ മുന്നൂറോളം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗജന്യ പാർക്കിംഗ് സൗകര്യവും സെന്റ് ഇഗ്‌നേഷ്യസ് കോളേജിൽ ഉണ്ടായിരിക്കുന്നതാണ്.

ദൂര സ്ഥലങ്ങളിൽ നിന്നെത്തുന്നവരുടെ സൗകര്യാർത്ഥം മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന ഫുഡ് സ്റ്റാളുകൾ ഉച്ചക്ക് പന്ത്രണ്ടു മണിമുതൽ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. യുക്മ കുടുംബാംഗങ്ങൾക്കും യു കെ മലയാളി കലാസ്നേഹികൾക്കും ഒത്തുചേർന്ന് ആഘോഷിക്കാൻ പറ്റുന്നവിധമാണ് “ആദരസന്ധ്യ 2020” വിഭാവനം ചെയ്തിരിക്കുന്നത്.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:-
St.Ignatious College,
Turkey Street, Enfield,
London – EN1 4NP.

സജീഷ് ടോം

ലോക പ്രവാസി മലയാളികൾക്ക് പുത്തൻ വായനാനുഭവം സൃഷ്ടിച്ച യുക്മ സാംസ്ക്കാരികവേദി പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ജനുവരി ലക്കം പ്രസിദ്ധീകരിച്ചു. മികവുറ്റ കൃതികളുടെ തെരഞ്ഞെടുപ്പിലൂടെ പുതുവർഷ പതിപ്പും ശ്രദ്ധേയമാകുന്നു.

രാജ്യം ഏതു കക്ഷികൾ ഭരിച്ചാലും, ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യ വ്യവസ്ഥകളും ആകുന്ന അടിത്തറയിൽ നിന്ന് വേണം രാജ്യം മുന്നോട്ട് പോകാൻ എന്ന് കൃത്യമായി പറഞ്ഞു വക്കുന്നു, തന്റെ പത്രാധിപ കുറിപ്പിലൂടെ ചീഫ് എഡിറ്റർ റജി നന്തികാട്ട്. അടിസ്ഥാന സങ്കൽപ്പങ്ങളിൽ തകിടം മറിച്ചിലുകൾ ഉണ്ടായാൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി രാജ്യം ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.

സുധീഷ് കോട്ടേമ്പ്രം എഴുതിയ ” ഗാന്ധി ഭാവനയും കലയും ” എന്ന ലേഖനത്തിൽ ബുദ്ധൻ കഴിഞ്ഞാൽ മുഖ്യധാര കലയിലും ജനപ്രിയ കലയിലും ഏറ്റവും കൂടുതൽ ആവിഷ്കരിക്കപ്പെട്ട ഗാന്ധിയെക്കുറിച്ചു വളരെ സുന്ദരമായി, ഈ നിലക്കാത്ത ഗാന്ധി ഭാവനയുടെ കാരണങ്ങളെക്കുറിച്ചു വിവരിക്കുന്നു. സുന്ദരമായ ആഖ്യാനശൈലിയിലൂടെ വായനക്കാരെ ആകർഷിച്ചു കൊണ്ടിരിക്കുന്ന പംക്തി “സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ ” കേരളം വിട്ട് ജോലി അന്വേഷിച്ചു ബോംബയ്ക്ക് നടത്തിയ ആദ്യ മറുനാടൻ യാത്രയിൽ പ്രഷുബ്ധമായ തന്റെ മാനസീക അവസ്‌ഥ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു ലേഖകൻ ജോർജ്ജ് അറങ്ങാശ്ശേരി.

കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ കേരളത്തിലെ ആദ്യകാല ദിനപത്രങ്ങളിൽ ഒന്നായ ” കേരള മിത്ര ” ത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ആർ ഗോപാലകൃഷ്ണൻ എഴുതിയ ” കേരള മിത്രം ” എന്ന ലേഖനം വളരെ അറിവുകൾ നൽകുന്നതാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് രസകരമായ വായനാനുഭവം പ്രധാനം ചെയ്യുന്നതാണ് ജോയി സക്കറിയ എഴുതിയ ” ഏഴു സുന്ദരികളിൽ അഞ്ചു സുന്ദരികളെ കാണാൻ പോയ കഥ ” എന്ന യാത്രാനുഭവങ്ങൾ.

സിനിമാസംബന്ധിയായ എഴുത്തുകളിലൂടെ മലയാളികളുടെ പ്രിയ എഴുത്തുകാരൻ രവി മേനോൻ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് തന്റെ സംഗീത യാത്രയിൽ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്റർ ആരായിരുന്നു എന്ന് മനോഹരമായി കുറിച്ചിരിക്കുന്നു “എല്ലാവരും ഒരിക്കൽ പിരിയേണ്ടവരല്ലേ ” എന്ന ലേഖനത്തിൽ. വി പ്രദീപ് കുമാറിന്റെ ജീവിതാനുഭങ്ങളിൽ ചാലിച്ച, “മാനുഷീക സന്ദേശങ്ങൾക്ക് ശക്തി പകരാം” എന്ന ഹൃദയത്തിൽ തൊട്ടുള്ള രചന വളരെയേറെ കാലികമായ ഒന്നാണ്.

പ്രീത സുധിർ എഴുതിയ ” ഇങ്ങനെയും ഒരമ്മ”, സോണി മാത്യുവിന്റെ “സാലി നീ എവിടെയാണ്”, യുകെ മലയാളി ഷൈമ മാത്യു എഴുതിയ “രാത്രിയിലെ കെടാവിളക്ക്” എന്നീ കഥകളും രാജു കാഞ്ഞിരങ്ങാട് എഴുതിയ ” കിണർ”, സലിൽ രചിച്ച “2020 “, മനോജ് കാലടിയുടെ ” യാത്രാമൊഴി ” എന്നീ കവിതകളും ജ്വാല ഇ മാഗസിന്റെ പുതു വർഷത്തിന്റെ ആദ്യ ലക്കത്തെ സമ്പന്നമാക്കുന്നു. പതിവുപോലെ ചിത്രകാരൻ റോയി സി ജെ വരച്ച ചിത്രങ്ങൾ കഥകൾക്ക് കൂടുതൽ മനോഹാരിത നൽകുന്നു.

ജ്വാലയുടെ അവസാന പുറത്തിൽ, ഇന്ത്യൻ ആധുനിക രാഷ്ട്രീയാവസ്ഥയെ വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു റോയി സി ജെ തന്റെ കാർട്ടൂൺ പംക്തിയായ “വിദേശവിചാര”ത്തിൽ. ജ്വാല ഇ-മാഗസിന്റെ ജനുവരി ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.

സജീഷ് ടോം

ദശാബ്ദി പൂര്‍ത്തീകരിച്ച് മുന്നേറുന്ന യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) ലണ്ടനില്‍ സംഘടിപ്പിക്കുന്ന “ആദരസന്ധ്യ 2020” ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജിൽ ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച “ആദരസന്ധ്യ” അരങ്ങേറും. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യുക്മയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കപ്പെടുന്നത്.

“ആദരസന്ധ്യ 2020” നടക്കുന്ന സെന്റ് ഇഗ്നേഷ്യസ് കോളേജില്‍ അഞ്ഞൂറില്പരം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില്‍ മികവുറ്റ എല്‍ ഇ ഡി സ്ക്രീന്‍ അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകിട്ട് എട്ട് വരെ നീണ്ടുനിൽക്കുന്ന ചടങ്ങിൽ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരും.

സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി, യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.

വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യമുള്ള എന്‍ഫീല്‍ഡ് സെന്റ് ഇഗ്നേഷ്യസ് കോളേജ് കാമ്പസില്‍ ഏകദേശം മുന്നൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവരുടെ സൗകര്യാര്‍ത്ഥം രാവിലെ മുതല്‍ മിതമായ നിരക്കിലുള്ള ഭക്ഷണശാല തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് “ആദരസന്ധ്യ 2020” വച്ച് യുക്മ സ്വീകരണം നല്‍കുന്നുണ്ട്. ഇവര്‍ക്കൊപ്പം ലോക മലയാളി സമൂഹങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതാണ്.

“ആദരസന്ധ്യ 2020″യുടെ വിജയത്തിനായി ദേശീയ റീജിയണല്‍ ഭാരവാഹികളും അസോസിയേഷന്‍ പ്രവര്‍ത്തകരും യുക്മ സ്നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. “ആദരസന്ധ്യ 2020″ന്റെ വിജയകരമായ നടത്തിപ്പിനായി താഴെ പറയുന്ന സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.

ചെയര്‍മാന്‍ : മനോജ് കുമാര്‍ പിള്ള

ചീഫ് കോര്‍ഡിനേറ്റര്‍ : അലക്സ് വര്‍ഗ്ഗീസ്

ഇവന്റ് ഓര്‍ഗനൈസര്‍ : അഡ്വ.എബി സെബാസ്റ്റ്യന്‍

ജനറല്‍ കണ്‍വീനര്‍ : ജെയ്സണ്‍ ജോര്‍ജ്

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ : സെലിന സജീവ്

ഫിനാന്‍സ് കണ്‍ട്രോള്‍ : അനീഷ് ജോണ്‍, ടിറ്റോ തോമസ്

വൈസ് ചെയര്‍മാന്‍മാര്‍ : ലിറ്റി ജിജോ, ഡോ. ബിജു പെരിങ്ങത്തറ, ബാബു മങ്കുഴി, ആന്റണി എബ്രാഹം, എബ്രാഹം ജോസ്

കോഡിനേറ്റേഴ്‌സ് : സാജന്‍ സത്യന്‍, അഡ്വ. ജാക്സന്‍ തോമസ്, ബെന്നി പോള്‍, അശ്വിന്‍ മാണി, റെജി നന്തിക്കാട്ട്

ഓര്‍ഗനൈസേര്‍സ് : മാമ്മൻ ഫിലിപ്പ്, വർഗീസ് ജോണ്‍, വിജി കെ പി, ഷാജി തോമസ്,കുര്യൻ ജോർജ്, സന്തോഷ് തോമസ്,ജസ്റ്റിൻ എബ്രഹാം, ജോജോ തെരുവന്‍,ബൈജു വർക്കി തിട്ടാല, ഷാജി വറുഗീസ്

മീഡിയ മാനേജ്‌മെന്റ് : സജീഷ് ടോം, സുജു ജോസഫ്, സുരേന്ദ്രൻ ആരക്കോട്ട്, സണ്ണിമോൻ മത്തായി,

കണ്‍വീനര്‍മാര്‍ : സോണി ജോര്‍ജ്, സി എ ജോസഫ്, ജോയ് ആഗസ്തി, ജേക്കബ് കോയിപ്പള്ളി, ജെയ്സണ്‍ ചാക്കോച്ചന്‍, ജോര്‍ജ് പട്ട്യാലില്‍,ബേബി കുര്യൻ, ജെനീഷ് ലൂക്കാ

റിസപ്ഷന്‍ കമ്മിറ്റി : ബീനാ സെന്‍സ്, ബെറ്റി തോമസ്, വീണാ പ്രസാദ്, സ്വപ്ന സാം, നിമിഷ ബേസില്‍

ഫെസിലിറ്റി മാനേജ്‌മന്റ് : സജീവ് തോമസ്, സാജന്‍ പടിക്കമ്യാലില്‍,ബിജു അഗസ്റ്റിൻ, ബിബിരാജ് രവീന്ദ്രന്‍, ഭുവനേഷ് പീതാംബരൻ

ഓഫീസ് മാനേജ്മെന്‍റ് : തോമസ് മാറാട്ടുകളം, ബിജേഷ് ചാത്തോത്ത്, റിനു ടി ഉമ്മന്‍, അജു ജേക്കബ്, മാത്യു കുരീക്കൽ, ഷൈൻ ജോസഫ്

അവാര്‍ഡ് കമ്മിറ്റി : ജയകുമാര്‍ നായര്‍, വര്‍ഗ്ഗീസ് ഡാനിയേല്‍, ഡിക്സ് ജോര്‍ജ്, സാം ജോണ്‍

വോളണ്ടിയര്‍ മാനേജ്മെന്‍റ് : സിബി ജോസഫ്, സജിന്‍ രവീന്ദ്രന്‍, സുരേഷ് നായര്‍, നോബി ജോസ്, എം പി പദ്മരാജ്

ഇവന്റ് ആങ്കറിംഗ് : നതാഷാ സാം

ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെന്റ് : ജോയിസ് പള്ളിക്കമ്യാലില്‍, രാജേഷ് നടേപ്പള്ളി, ബിനോ അഗസ്റ്റിന്‍, റെയ്‌മണ്ട് മുണ്ടയ്ക്കാട്ട്, ജോ ഐപ്പ്, സുധിന്‍ ഭാസ്കര്‍

മെഡിക്കല്‍ ടീം : ഡോ.ദീപാ ജേക്കബ്, അലക്സ് ലൂക്കോസ്, മനോജ് ജോസഫ് തൊട്ടിയില്‍

എൻഫീൽഡ് മലയാളി അസോസിയേഷന്റെ ( ENMA ) ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഗംഭീരമായി നടന്നു. 2020 ജനുവരി 4 ശനിയാഴ്ച്ച 5 മണിക്ക് പോട്ടേഴ്സ്ബാറിലെ സെന്റ് ജോൺസ് മെതഡിസ്റ്റ് ചർച്ച് ഹാളിൽ സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ENMA പ്രസിഡണ്ട് റജി നന്തികാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ
ഈസ്റ്റ് ഹാമിൽ നിന്നുള സതീഷ് പ്രാർത്ഥന ഗാനം ആലപിച്ചു. യുകെയിലെ കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവും യുക്മ സാംസ്കാരികവേദി രക്ഷാധികാരിയുമായ സി. എ. ജോസഫ് ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ എന്മയുടെ പ്രിയ കൊച്ചു കലാകാരിയും യുക്മ കലാതിലകവുമായ ദേവനന്ദയെ അഭിനന്ദിക്കാനും മറന്നില്ല.

എന്മയുടെ കുരുന്നുകൾ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേയ് വളരെ മനോഹരമായിരുന്നു. പിന്നീട് കണ്ണിനും കാതിനും വിശ്രമം നൽകാതെ വിവിധയിനം നൃത്തങ്ങളും അകമ്പടിയായി ഗാനങ്ങളും വേദിയിൽ അരങ്ങേറി. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന കുട്ടികൾ വരെ നൃത്തത്തിന്റെ മാസ്മരിക ലോകം തീർത്ത് കാണികളെ വിസ്മയിപ്പിച്ചു. സതീഷും മഞ്ജു മന്ദിരത്തിലും ചേർന്ന് ആലപിച്ച ഗാനങ്ങൾ വളരെ ഹൃദ്യമായിരുന്നു. ജിജോ ജോസെഫും, ദീപ്തിയും വേദിയിൽ ഗാനങ്ങൾആലപിച്ചു. യുക്മ കലാതിലക പട്ടം നേടിയ ദേവാനന്ദ, ലിൻ ജിജോ, മരിയ ഷൈൻ, തേജസ് ബൈജു എന്നിവർ അവതരിപ്പിച്ച നൃത്തങ്ങൾ കാണികൾക്ക് നല്ലൊരു ദൃശ്യ വിരുന്നായി. കൂടാതെ കൊച്ചു കുട്ടികൾ അവതരിപ്പിച്ച സംഘ നൃത്തങ്ങളും സമിക്ഷ സഞ്ചേഷ് അവതരിപ്പിച്ച കഥകും കാണികൾക്ക് വേറിട്ടൊരു അനുഭവമായി.

പരിപാടികൾ വേദിയിൽ കലയുടെ മാസ്മരിക ലോകം തീർത്തുകൊണ്ടിരിക്കുമ്പോൾ യുക്മ പ്രസിഡന്റ് മനോജ് പിള്ളയും യുക്മ ജോയിന്റ് സെക്രട്ടറി സലീന സജീവും എത്തി. എൻമ ഭാരവാഹികൾ വേദിയിൽ യുക്മ ദേശീയ ഭാരവാഹികളെ സ്വീകരിച്ചു. മനോജ് പിള്ളയും സലീന സജീവും സി. എ. ജോസഫും എൻമ ഭാരവാഹികളും അണി നിരന്ന വേദിയിൽ മനോജ് പിള്ള GCSE ക്ക് ഉന്നത വിജയം നേടിയ എൽമ ജോസഫ് പനക്കലിന് ENMA എക്സലൻസ് അവാർഡും ജോൺ രവി സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും നൽകി. യുക്മ കലാതിലകവും ഈസ്റ്റ് ആംഗ്ലിയ റീജിയൻ കിഡ്സ് വിഭാഗം ചാമ്പ്യനുമായ ദേവാനന്ദക്ക് Achievement Award സി. എ. ജോസഫും
ഈസ്റ്റ് ആംഗ്ലിയ റീജിയൻ കിഡ്സ് വിഭാഗം ചാമ്പ്യൻ (ബോയ്സ് ) പട്ടം നേടിയ സാമിക് സഞ്ചേഷിന് Achievement Award സലീന സജീവും നൽകി. മനോജ് പിള്ളയും സലീന സജീവും ആശംസകൾ നേർന്ന് സംസാരിച്ചു. എൻമയിലെ മുതിർന്ന അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് കാണികളുടെ മനം കവർന്നു

.

പ്രോഗ്രാമിന്റെ അവതാരകരായി റ്റീനയും ജേക്കബും തങ്ങളുടെ ജോലി മികവുറ്റതാക്കി. ആശാ സഞ്ചേഷ് പ്രോഗ്രാം കോർഡിനേറ്ററായും ഷെഫിൻ ജോസഫ്, ശോഭാ ഡൂഡു, നിമിക്ഷ, ബീന തെക്കൻ എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. ജയപ്രകാശ് ശബ്‍ദവും വെളിച്ചവും ,ബിനു ജോസ് കാമറയും ജോസഫ് പനക്കൽ വിഡിയോയും നിയന്ത്രിച്ചു.ആശാ സഞ്ചേഷിന്റെ കൃതജ്ഞത പ്രകാശത്തിനു ശേഷം ബെന്നി കേറ്ററിംഗ് ഒരുക്കിയ ഡിന്നറിനു ശേഷം ആഘോഷം അവസാനിച്ചു. ജിജോ ജോസഫ്, ബിനു ജോസ് , ഷൈൻ, സെബാസ്റ്റ്യൻ, സഞ്ചേഷ് , സാജു തെക്കൻ, മനോജ് ബിബിരാജ് എന്നിവരടങ്ങിയ കമ്മറ്റി ആഘോഷത്തിന്റെ വിജയത്തിനായി ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നു.

 

 

Copyright © . All rights reserved