അയർലൻഡ്/ഡബ്ലിന്‍: അയർലണ്ടിലുള്ള താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക്. ഇന്ന് (9.12. 2019) ന് വൈകിട്ട് 4 മണി മുതല്‍ 7 മണിവരെ മേരിയ്ക്ക് വേണ്ടിയുള്ള അനുസ്മരണ പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്‌നില്‍’ വെച്ച് നടക്കും. സഹപ്രവര്‍ത്തകര്‍ക്കും, മലയാളി സമൂഹത്തിനും മേരിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാവും എന്നാണ് അറിയുന്നത്.
കാനഡയില്‍ ആയിരുന്ന മേരിയുടെ ഏക സഹോദരന്‍, സഹോദരിയുടെ മരണവാര്‍ത്ത അറിഞ്ഞ് ഡബ്ലിനില്‍ എത്തിയിട്ടുണ്ട്. ജനുവരി ആദ്യ വാരത്തിൽ നടക്കേണ്ടിയിരുന്ന തന്റെ സഹോദരിയുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ അവധിയ്ക്ക് കേരളത്തിലേയ്ക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് അദ്ദേഹം മരണവാര്‍ത്ത അറിഞ്ഞത്. തുടര്‍ന്ന് മാര്‍ഗ്ഗമധ്യേ ബ്രിട്ടനിൽ എത്തി അവിടെനിന്നും അയര്‍ലണ്ടിലേക്ക് എത്തുകയായിരുന്നു.
കോഴിക്കോട് അശോകപുരം സ്വദേശിനിയാണ് മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര്‍ താമസിക്കുന്ന അപ്പാട്ട്‌മെന്റിലാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരിയുടെ മരണവും. നാട്ടിലെ ശവസംകാരച്ചടങ്ങുകളുടെ വിവരങ്ങൾ ഇതുവരെ അറിവായിട്ടില്ല. കോഴിക്കോട് അശോകപുരം ഇടവകാംഗമാണ് മരണപ്പെട്ട മേരി.
ബെർക്‌ഷയർ: ഇന്ത്യൻ പൈതൃകം കാരണം പ്രാദേശിക ദത്തെടുക്കൽ സേവനം ലഭ്യമാകാതെ പോയ ദമ്പതികൾ അവരുടെ നിയമപരമായ പോരാട്ടത്തിൽ വിജയം കൈവരിച്ചു. റോയൽ ബറോ ഓഫ് വിൻഡ്‌സർ ആൻഡ് മൈഡൻഹെഡ് കൗൺസിലിനെതിരെ പോരാടിയാണ് ഇന്ത്യൻ വംശജരായ ദമ്പതികൾ സന്ദീപും റീന മന്ദറും വിജയിച്ചത്. ഇന്ത്യൻ പൈതൃകം ആരോപിച്ചതുമൂലം അവർക്ക് അപേക്ഷ നൽകാൻ പോലും സാധിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്നോ പാകിസ്ഥാനിൽ നിന്നോ ആവും കൂടുതൽ ദത്തെടുക്കൽ സേവനം ലഭിക്കുകയെന്നും അധികൃതർ പറയുകയുണ്ടായി.
വംശത്തിന്റെ അടിസ്ഥാനത്തിൽ ദമ്പതികളോട് വിവേചനം കാണിച്ചതായി ജഡ്ജി മെലിസ ക്ലാർക്ക് പറഞ്ഞു. തങ്ങളുടെ ഇന്ത്യൻ പൈതൃകം കാരണം ദത്തെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ഒരു വിവേചനം അനുഭവപ്പെട്ടതായി ദമ്പതികൾ തുറന്നുപറഞ്ഞു. വിധിയെ സ്വീകരിച്ചുകൊണ്ട് അവർ പറഞ്ഞു ; “നിങ്ങൾ ഏത് വംശമോ മതമോ വർണ്ണമോ ആണെങ്കിലും, നിങ്ങളെ തുല്യമായി പരിഗണിക്കുകയും മറ്റുള്ളവരെപ്പോലെ നിങ്ങൾക്ക് ദത്തെടുക്കാൻ കഴിയുകയും വേണം. ഈ വിധി അതാണ് ഉറപ്പാക്കുന്നത്. ഒരു മാറ്റം അനിവാര്യമാണെന്ന് ഞങ്ങൾക്ക് തോന്നി.” മറ്റ് ദമ്പതികൾക്ക് സമാനമായത് സംഭവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
ദമ്പതികൾക്ക് പൊതുവായ നഷ്ടപരിഹാരം 29,454.42 പൗണ്ട് വീതവും വിദേശത്ത് നിന്ന് ഒരു കുട്ടിയെ ദത്തെടുക്കുന്നതിനുള്ള ചെലവായ 60,013.43 പൗണ്ട് പ്രത്യേക നഷ്ടപരിഹാരവും ജഡ്ജി വിധിച്ചു. അതിനുശേഷം ഈ ദമ്പതികൾ അമേരിക്കയിൽ നിന്നുള്ള ഒരു കുട്ടിയെ ദത്തെടുത്തു. സ്നേഹം നിറഞ്ഞൊരു വീട് ആഗ്രഹിക്കുന്ന ഓരോ ബ്രിട്ടീഷ് കുട്ടിയുടെയും വിജയം കൂടിയാണ് ഈ വിധിയെന്ന് ദമ്പതികളുടെ വക്കീൽ അഭിപ്രായപ്പെട്ടു. എന്നാൽ കൗൺസിലിന് എതിരെയുള്ള ദമ്പതികളുടെ വാദം കൗൺസിൽ പൂർണമായി നിഷേധിച്ചു.
ലണ്ടൻ∙ ബാലപീഡകനായ കോടീശ്വരനുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദച്ചുഴിയിൽപെട്ട് ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ. ശക്തമായ ജനരോഷത്തെ തുടർന്ന് ആൻഡ്രൂവിനെ ബക്കിങ്ങാം കൊട്ടാരത്തിൽ വിളിച്ചുവരുത്തി രാജകീയ ചുമതലകളിൽ നിന്നൊഴിവാക്കിയതായി ബ്രിട്ടിഷ് രാജ്ഞി തന്നെ അറിയിക്കുകയായിരുന്നു. പ്രതിവർഷം കൊട്ടാരത്തിൽനിന്ന് ലഭിച്ചിരുന്ന 2.49 ലക്ഷം പൗണ്ടിന്റെ ആനുകൂല്യം നഷ്ടമാകുന്നതോടോപ്പം പ്രമുഖ കമ്പനികളും സംഘടനകളും ബഹിഷ്കരണ ഭീഷണിയുമായി രംഗത്തുണ്ട്.
ബാലപീഡനത്തിന് വിചാരണ നേരിടവെ ജയിലിൽ മരിച്ച യുഎസ് കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദം ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ യോർക് പ്രഭു ആൻഡ്രൂ രാജകുമാരൻ തുറന്നു പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ എന്നിവരുൾപ്പെടെ ഒട്ടേറെ ലോകനേതാക്കളുടെ സുഹൃത്തായിരുന്നു ജെഫ്രി എപ്സ്റ്റീൻ. ആത്മഹത്യ ചെയ്തതാണെന്നാണ് ഔദ്യോഗിക വിശദീകരണം. സഹതടവുകാരനുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
1999–2002 കാലയളവിൽ എപ്സ്റ്റീനെതിരെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ വിർജിനീയ റോബർട്സ് ജിയുഫ്രെ എന്ന 35 കാരി ആൻഡ്രൂ രാജകുമാരനെതിരെ നിലപാടുകൾ കടുപ്പിക്കുന്നതാണ് രാജകുമാരനെ പ്രതിസന്ധിയിലാക്കുന്നത്. ആൻഡ്രൂ മൂന്നു തവണ തന്നെ പീഡിപ്പിച്ചെന്നാണ് വിർജിനീയയുടെ പരാതി. അതിൽ രണ്ടു തവണ പ്രായപൂർത്തിയാകുന്നതിനു മുൻപാണെന്നും അവർ പറയുന്നു.
ജെഫ്രി എപ്സ്റ്റീൻ രാജകുമാരന്റെ പേരു പറഞ്ഞാണ് ഇരകളെ കണ്ടെത്തിയിരുന്നതെന്നും 2010 ൽ മറ്റൊരു ബാലപീഡനക്കേസിൽ ജയിൽ മോചിതനായ എപ്സ്റ്റീനെ രാജകുമാരൻ സന്ദർശിച്ചുവെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു.
തന്നെ ‘ലൈംഗിക അടിമ’യാക്കി ഉപയോഗിച്ച എപ്സ്റ്റീൻ, ഉന്നത സുഹൃത്തുക്കൾക്കായി കാഴ്ചവച്ചുവെന്നു വിർജീനിയ നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു. 2001 ലും 2002ലും മൂന്നുതവണ എപ്സ്റ്റീന്റെ നിർബന്ധത്തിനു വഴങ്ങി രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു വിർജീനിയ റോബർട്‌സിന്റെ വെളിപ്പെടുത്തൽ. 2001ൽ പതിനേഴ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അതിക്രൂരമായ ലൈംഗിക പീഡനങ്ങൾക്കു വിധേയയാകേണ്ടി വന്നതെന്നും വിർജീനിയ വെളിപ്പെടുത്തി.
2001 മാർച്ച് പത്തിന് ലണ്ടൻ ട്രാംപ് നൈറ്റ് ക്ലബിൽ രാജകുമാരനെ കണ്ടെന്നും അവിടെ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നുമുള്ള വിർജീനിയയുടെ വെളിപ്പെടുത്തൽ ആൻഡ്രൂ രാജകുമാരൻ തള്ളിയിരുന്നു. മാർച്ച് പത്തിനു ലണ്ടൻ ട്രാംപ് നൈറ്റ് ക്ലബിൽ താൻ എത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മകൾ ബിയാട്രീസ് രാജകുമാരിക്കൊപ്പം വോക്കിങ്ങിലെ പിസാ എക്സ്പ്രസിൽ ആയിരുന്നുവെന്നുമായിരുന്നു രാജകുമാരന്റെ വാദം. നൈറ്റ് ക്ലബിൽ തനിക്കു വോഡ്ക പകർന്നു നൽകുമ്പോൾ ആൻഡ്രൂ വല്ലാതെ വിയർത്തിരുന്നുവെന്ന വിർജിനീയയുടെ വാദത്തെ യുദ്ധത്തിൽ വെടിയേറ്റതിനു ശേഷം ഉണ്ടായ അഡ്രിനാലിൻ ഓവർഡോസ് മൂലം താൻ വിയർക്കാറില്ലെന്ന തൊടുന്യായം കൊണ്ടാണ് ആൻഡ്രൂ നേരിട്ടത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടിട്ടും ജെഫ്രിക്കൊപ്പം സൗഹൃദം സൂക്ഷിച്ചതും അയാളുടെ വസതിയിൽ അന്തിയുറങ്ങിയതും തെറ്റാണെന്നു ബോധ്യപ്പെട്ടതായി കുറ്റസമ്മതം നടത്തിയെങ്കിലും ജനരോഷം ശമിപ്പിക്കാൻ കഴിഞ്ഞില്ല. ജെഫ്രി എപ്സ്റ്റീന്റെ ഇടനിലക്കാരി ജിസെയിൻ മാക്സ്‍വെൽ അടുത്തു നിൽക്കുമ്പോൾ തന്നെ ചേർത്തു നിർത്തിയിരിക്കുന്ന ആൻഡ്രൂ രാജകുമാരന്റെ ചിത്രം പുറത്തു വിട്ടാണ് രാജകുമാരനെതിരെയുള്ള നീക്കം വിർജീനിയ ശക്തമാക്കിയത്. എന്നാൽ ചിത്രം വ്യാജമാണെന്നായിരുന്നു രാജകുമാരന്റെ വാദം. ആ യുവതിയെ താൻ കണ്ടിട്ടില്ലെന്നും ആൻഡ്രൂ രാജകുമാരൻ ആണയിടുന്നു.
എന്നാൽ ഇത്തരം വ്യക്തിപരമായ കാര്യങ്ങളിൽ രാജകുടുംബാംഗങ്ങൾ പ്രതികരിക്കുന്നതു തന്നെ അസാധാരണമാണെന്നിരിക്കെ തുടരെയുള്ള ന്യായീകരണങ്ങൾ അസ്വസ്ഥത സൃഷ്ടിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദത്തിൽ തനിക്കു ഖേദമില്ലെന്നു ബിബിസി അഭിമുഖത്തിൽ പറഞ്ഞതോടെയാണ് എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനും 59കാരനുമായ രാജകുമാരൻ വിവാദത്തിൽപെടുന്നത്. വിവാദമായതോടെ എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ ഖേദിക്കുന്നുവെന്നും ഇരകളായ പെൺകുട്ടികളോടു സഹതപിക്കുന്നെന്നും ആൻഡ്രൂ രാജകുമാരൻ പ്രസ്താവനയിറക്കിയെങ്കിലും ജനരോഷം ശമിക്കാതിരുന്നതിനാൽ രാജ്ഞി ഔദ്യോഗിക പദവികൾ തിരിച്ചെടുക്കുകയായിരുന്നു.
2005 മാർച്ചിൽ ഫ്ലോറിഡ പൊലീസിലേക്ക് ഒരമ്മ ഫോൺ വിളിച്ച് തന്റെ പ്രായപൂർത്തിയാകാത്ത മകളെ പാം ബീച്ച് എസ്റ്റേറ്റിൽ എപ്സ്റ്റീൻ പീഡിപ്പിച്ചതായി പരാതിപ്പെട്ടതോടെയാണ് ജെഫ്രി എപ്സ്റ്റീനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്. 2006 മേയിൽ പാം ബീച്ച് പൊലീസ് സത്യവാങ്മൂലം ഫയൽ ചെയ്തു.
എപ്സ്റ്റീനെ കൂടാതെ സാറാ കെല്ലൻ, ഹാലി റോബ്സൺ സോൺ എന്നിവരുടെ പേരുകളും സത്യവാങ്മൂലത്തിലുണ്ടായിരുന്നു. അഞ്ച് ഇരകളെയും 17 ദൃക്സാക്ഷികളെയും ചോദ്യം ചെയ്താണു സത്യവാങ്മൂലം തയാറാക്കിയത്. പ്രാപൂർത്തിയാകാത്ത പെൺകുട്ടികളുമായും എപ്സ്റ്റീൻ നിയമവിരുദ്ധമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി ഇതിൽ ആരോപിച്ചിരുന്നു.
എപ്സ്റ്റീന് ആവശ്യാനുസരണം പെൺകുട്ടികളെ എത്തിച്ച് പണമുണ്ടാക്കി എന്ന കുറ്റമാണു സോണിനെതിരെ ചുമത്തിയത്. പെൺകുട്ടികളുടെ പേരും വിലാസവും ഉൾപ്പെടുന്ന വിവരങ്ങളടങ്ങിയ ‘ബ്ലാക് ബുക്ക്’ സൂക്ഷിച്ചെന്നതാണു സാറയ്ക്കെതിരായ കുറ്റം. പാം ബീച്ചിലെ സ്റ്റേറ്റ് അറ്റോർണി ഈ കേസ് 2006 മേയിൽ മേൽക്കോടതിയിലേക്കു റഫർ ചെയ്തു. എപ്സ്റ്റീനു സ്വത്തുക്കളുള്ള ഫ്ലോറിഡ, ന്യൂയോർക്ക്, ന്യു മെക്സിക്കോ എന്നിവിടങ്ങളിലെ ഇരകളെയും സാക്ഷികളെയും കണ്ട് എഫ്ബിഐ മൊഴിയെടുത്തു. നിയമ നടപടികൾ മുന്നോട്ടുപോയപ്പോൾ, തന്നെ ലൈംഗിക കുറ്റവാളിയാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകാര്യമല്ലെന്ന് എപ്സ്റ്റീനും അഭിഭാഷകനും 2008 ജനുവരിയിൽ നിലപാടെടുത്തു.
ഫെബ്രുവരിയിൽ ഒരു സ്ത്രീ എപ്സ്റ്റീനെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. 16–ാം വയസ്സിൽ മസാജിങ്ങിനായി തന്നെ നിയമിച്ചുവെന്നും ലൈംഗികബന്ധത്തിനു നിർബന്ധിച്ചു എന്നുമായിരുന്നു ആരോപണം. എഫ്ബിഐയുടെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി മാർച്ചിൽ കേസ് വിചാരണയ്ക്കെടുക്കാൻ ഗ്രാൻഡ് ജൂറി തീരുമാനിച്ചു. ഇരകളെ ഫോണിലും നേരിട്ടും എപ്സ്റ്റീന്റെ ആളുകൾ ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതേ മാസം മറ്റൊരു സ്ത്രീ കൂടി ഹർജി നൽകി. ജൂണിൽ എപ്സ്റ്റീൻ കുറ്റക്കാനാരാണെന്നു കോടതി വിധിച്ചു. ലൈംഗിക കുറ്റവാളിയായി മുദ്രകുത്തപ്പെട്ട എപ്സ്റ്റീന് 18 മാസത്തെ ജയിൽവാസമായിരുന്നു ശിക്ഷ. 2009 ജൂലൈയിൽ ജയിൽ മോചിതനായി.
എപ്സ്റ്റീൻ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസുകൾ യുഎസ് ലേബർ സെക്രട്ടറിയുടെ നേതൃത്വത്തിൽ അട്ടിമറിച്ചെന്ന് ഇതിനിടെ വെളിപ്പെടുത്തലുണ്ടായി. ഫെഡറൽ പ്രോസിക്യൂട്ടറും എപ്സ്‌റ്റീനിന്റെ സുഹൃത്തുമായ അലക്സാണ്ടർ അകോസ്റ്റ കേസുകൾ ഇല്ലാതാക്കിയെന്നായിരുന്നു റിപ്പോർട്ട്. ട്രംപ് സർക്കാരിൽ ലേബർ സെക്രട്ടറിയായിരുന്ന അലക്സാണ്ടർ അകോസ്റ്റ, ഈ വെളിപ്പെടുത്തലിനെത്തുടർന്നു രാജിവച്ചു
പരാതികളും ആരോപണങ്ങളും അന്വേഷിച്ച സംഘം, എപ്സ്റ്റീനെതിരെ ശക്തമായ തെളിവുകളും മൊഴികളുമാണു ശേഖരിച്ചത്. പെണ്‍കുട്ടികളെ നഗ്നരായി മസാജ് ചെയ്യിപ്പിച്ചു, ലൈംഗിക പ്രവൃത്തികള്‍ക്കു നിര്‍ബന്ധിച്ചു, കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാന്‍ പെൺകുട്ടികൾക്കു പണം നല്‍കി തുടങ്ങിയ കാര്യങ്ങളാണു കണ്ടെത്തിയത്. ലൈംഗിക കടത്ത്, ഇതിനായുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളും ചുമത്തി. എപ്സ്റ്റീന്റെ മരണത്തോടെ ക്രിമിനൽ കേസ് അവസാനിച്ചെങ്കിലും നഷ്ടപരിഹാരം തേടി കൂടുതൽ പേർ രംഗത്തുവരാൻ സാധ്യതയുള്ളതിനാൽ സിവിൽ കേസുകൾ തുടരും.
കോടതിയിൽ ഹാജരാക്കിയ രേഖകളിൽ എപ്സ്റ്റീന്റെ സമ്പാദ്യത്തെപ്പറ്റിയും മാൻഹാട്ടനിലെ ബംഗ്ലാവിൽ ഒളിപ്പിച്ച അമൂല്യ വസ്തുക്കളെപ്പറ്റിയും വെളിപ്പെടുത്തലുണ്ട്. സൗദി അറേബ്യ അനുവദിച്ച പാസ്പോർട്ടും കണ്ടെടുത്തു. പാസ്പോർട്ടിലെ ഫോട്ടോ എപ്സ്റ്റീന്റെയാണെങ്കിലും പേര് വേറെയായിരുന്നു. 1980ൽ അനുവദിച്ചതാണു പാസ്പോർട്ട്. 77 ദശലക്ഷം ഡോളർ മൂല്യമുള്ള അപ്പർ ഈസ്റ്റ് സൈഡ് മാൻഷനിൽ പണവും രത്നങ്ങളും വിലപിടിച്ച കലാസൃഷ്ടികളും ഒളിപ്പിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനു ഫ്ലോറിഡയിലെ കോടതി 2008ൽ ഇയാളെ ശിക്ഷിച്ചതാണ്. കർശനമായ ഏത് ഉപാധിയും സ്വീകരിക്കാമെന്നും 100 മില്യൻ ഡോളർ വരെയുള്ള ജാമ്യത്തുക കെട്ടിവയ്ക്കാമെന്നുമാണ് എപ്സ്റ്റീന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. രേഖകൾ പ്രകാരം 55.91 കോടി ഡോളറാണ് എപ്സ്റ്റീന്റെ സമ്പാദ്യം. ഹെഡ്ജ് ഫണ്ട്, പ്രൈവറ്റ് ഇക്വിറ്റി, റിയൽ എസ്റ്റേറ്റ് എന്നിവയിലാണു പണം നിക്ഷേപിച്ചിരിക്കുന്നത്. മാൻഹട്ടൻ, പാം ബീച്ച്, ഫ്ലോറിഡ തുടങ്ങിയ സ്ഥലങ്ങളിൽ രാജകീയ ബംഗ്ലാവുകളുണ്ട്. ഈ ബംഗ്ലാവുകളിലാണു പെൺകുട്ടികളെ എത്തിച്ചു പീഡിപ്പിച്ചിരുന്നത്. 2002 മുതൽ 2005 വരെയുള്ള കാലയളവിൽ ഡസൻ കണക്കിനു പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതെന്നു പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
ദീപ പ്രദീപ് , മലയാളം യുകെ ന്യൂസ് ടീം
അയർലൻഡ്: അയർലണ്ടിൽ ചതിയിൽ കുടുങ്ങിയ മലയാളി നേഴ്സ് ഇന്ത്യൻ എംബസിയുടെ സഹായത്തിനായി കാത്തിരിക്കുന്നു… കൂടപ്പിറപ്പുകളുടെ അരികിൽ നിന്നും പറിച്ചു മാറ്റി വിദേശത്തു കൊണ്ടു പോയി ഭർത്താവിൽ നിന്ന് അനുദിനം ശാരീരികവും മാനസികവും ആയ പീഡനത്തിന് ഇരയാവുകയാണ് ഷാഹിന എന്ന മലയാളി നേഴ്സ്. എറണാകുളം കോതമംഗലം സ്വദേശിനി ആയ ഷാഹിന കഴിഞ്ഞ കുറേ നാളുകളായി ഭർത്താവ് അനസ് പി ഉപദ്രവിക്കുന്നു എന്നു തെളിയിക്കുന്ന വീഡിയോ ആണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കാവലാളായി മാറേണ്ടവർ തന്നെ കുറ്റവാളികൾ ആകുന്നതിന്റെ ഒരു നേർചിത്രമാണ് ഷാഹിനയുടെ വാക്കുകളിൽ തെളിയുന്നത്.
അൻസ് എറണാകുളം സ്വദേശിയും ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടിയുമാണ്. തന്നെ സംരക്ഷിക്കേണ്ട ഭർത്താവ് താനൊരു മാനസിക രോഗിയാണെന്നു വരുത്തി തീർക്കാൻ ശ്രെമിക്കുകയും തന്റെ കുഞ്ഞിനെ അവന്റെ അമ്മയിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിക്കുന്നതിന്റെയും വേദന ഷാഹിനയുടെ വാക്കുകളിൽ പ്രകടമാകുന്നു.
ഇന്ത്യൻ നിയമപ്രകാരം വിവാഹം കഴിച്ച ഷാഹിന ഇപ്പോൾ ഉപദ്രവം സഹിക്കാൻ പറ്റാതെ വീടുവിട്ടിറങ്ങുകയും ഒരു റെഫ്യൂജി ഹോമിൽ അഭയം തേടുകയും ചെയ്തിരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. പാസ്സ്പോർട് പോലും കൈയിൽ ഇല്ലാതെ ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല നിലയാണ് ഷാഹിനയെ ജനശ്രദ്ധയാകാർശിക്കുന്ന ഒരു വീഡിയോ ചെയ്യാൻ പ്രേരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ വംശജയായ ഷാഹിനക്ക് അയർലണ്ട് എംബസിയുടേതിനെക്കാൾ ഇപ്പോൾ ആവശ്യം ഇന്ത്യൻ എംബസിയുടെ സഹായമാണ് എന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഇടുക്കി ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥനാണ് തന്റെ ഭർത്താവ് എന്നതും അയാളുടെ പരിചയക്കാരാൽ താൻ ചുറ്റപ്പെട്ടിരിക്കുന്നുവെന്നും പറയുന്ന ഷാഹിനയുടെ ഓരോ വാക്കിലും മരണത്തോടുള്ള ഭീതിയും നിഴലിച്ചു നിൽക്കുന്നു.
വീഡിയോ കാണാം
[ot-video][/ot-video]
ഹോങ്കോങ് ∙ ഹോങ്കോങ്ങിന്റെ സ്വയംഭരണാവകാശം മാനിക്കാൻ ചൈന തയാറാകണമെന്ന നിലപാട് ആവർത്തിച്ചു പറയുന്നതിനിടെ ഹോങ്കോങ് പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച് യുഎസ്. ചൈനയുടെ ശക്തമായ വെല്ലുവിളികളെ അവഗണിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
ഹോങ്കോങ്ങിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ജനാധിപത്യവാദികൾ ഉജ്വല വിജയം നേടിയതോടെ ഭരണകൂടത്തിനെതിരായ വികാരത്തിനൊപ്പം നിൽക്കാൻ യുഎസ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. 452 ജില്ലാ കൗൺസിൽ സീറ്റുകളിൽ 388 എണ്ണം, 6 മാസമായി പ്രക്ഷോഭം തുടരുന്ന ജനാധിപത്യവാദികൾ പിടിച്ചെടുത്തത് ചൈനയ്ക്കു കനത്ത പ്രഹരമായി. ചൈന അനുകൂല വിഭാഗത്തിന് വെറും 59 സീറ്റുകളേ ലഭിച്ചുള്ളൂ. 5 സ്വതന്ത്രന്മാരും ജയിച്ചു. നിലവിൽ ജനാധിപത്യചേരിക്ക് 125 സീറ്റുകളാണ് ഉണ്ടായിരുന്നത്.
പ്രക്ഷോഭകാരികളെ അനുകൂലിക്കുന്ന ബില്ലില്‍ ഒപ്പുവച്ച ട്രംപിന്റെ നടപടിക്കെതിരെ ചൈന വാളെടുത്തു കഴിഞ്ഞു. ഹോങ്കോങ്ങിൽ ജനാധിപത്യവാദികൾ നടത്തിവരുന്ന പ്രക്ഷോഭത്തിൽ യുഎസിനു പങ്കുണ്ടെന്ന് കാലങ്ങളായി ചൈന ഉയർത്തുന്ന ആരോപണമാണ്. ബെയ്ജിങ്ങിന്റെ ജനാധിപത്യ വ്യവസ്ഥകള്‍ക്കുമേലുള്ള കടന്നു കയറ്റമെന്നാണു യുഎസ് നടപടിയെ ചൈന വിശേഷിപ്പിച്ചതും. ട്രംപിന്റെ നടപടിയെ ശക്തമായി അപലപിച്ച ചൈന ബില്ലിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നു യുഎസിന് മുന്നറിയിപ്പു നൽകുകയും ചെയ്തു.
അതിനിടെ ഹോങ്കോങ് ജനാധിപത്യവാദികളെ പിന്തുണയ്ക്കുന്ന ബില്‍ നടപ്പാക്കുന്നതിൽ നിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് യുഎസ് അംബാസഡറെ ചൈന വിളിച്ചു വരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാതാരിക്കാനാണ് ഈ ആവശ്യമെന്നും ബില്ലിന്മേൽ കനത്ത പ്രതിഷേധം അറിയിക്കുന്നതായും ചൈനീസ് ഉപ വിദേശകാര്യമന്ത്രി ലെ യുചേങ് അറിയിച്ചു.
തെറ്റ് തിരുത്താൻ യുഎസ് തയാറാകണമെന്നും അംബാസഡർ ടെറി ബ്രാൻസ്റ്റഡിനോട് ചൈന ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് ഹോങ്കോങ് ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ആക്ട് 2019ൽ (ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമം) ട്രംപ് ഒപ്പുവച്ചത്. സെനറ്റിലെ ഒരംഗം ഒഴികെ ബാക്കിയെല്ലാവരും ബില്ലിനെ പിന്തുണച്ചു.
വ്യാപാര ഇടപാടുകൾക്ക് ഹോങ്കോങ്ങിനു പ്രത്യേക പദവിയാണ് യുഎസ് നൽകിയിരിക്കുന്നത്. ഹോങ്കോങ്ങിനു സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തിയാണ് ഈ പദവി നൽകിയിരിക്കുന്നത്. വ്യാപാരം മുന്നോട്ടു പോകണമെങ്കിൽ ഇതു നിലനിർത്തേണ്ടതും അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ ഹോങ്കോങ്ങിന് യുഎസ് നിഷ്കർഷിക്കുന്നതു പ്രകാരമുള്ള സ്വയംഭരണാവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ്.
ഹോങ്കോങ്ങിൽ യുഎസിന് ‘ആവശ്യമായ’ സ്വയംഭരണാവകാശം നിലനിൽക്കുന്നുണ്ടെന്നു വർഷത്തിലൊരിക്കൽ ഉറപ്പുവരുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോടു നിർദേശിക്കുന്നതാണ് ബിൽ. ഹോങ്കോങ്ങിൽ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കാരണക്കാരാകുന്ന ചൈനീസ്, ഹോങ്കോങ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്താനും ബിൽ അനുശാസിക്കുന്നു. ചൈന–യുഎസ് ബന്ധത്തിന് ഉലച്ചിലുണ്ടാക്കാൻ പോന്നതാണ് ഈ നിർദേശങ്ങൾ.
ഹോങ്കോങ്ങിൽ ട്രംപ് ഭരണകൂടത്തിനു നേരിട്ട് ഇടപെടാവുന്ന രീതിയിലേക്കു കാര്യങ്ങൾ മാറ്റാനുള്ള യുഎസ് തന്ത്രമാണ് ഹോങ്കോങ് മനുഷ്യാവകാശ ജനാധിപത്യ നിയമമെന്നു ചൈന കുറ്റപ്പെടുത്തുന്നു. ഹോങ്കോങ്ങിന്റെ ഭരണഘടനാപരമായ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് ചൈന ആവർത്തിച്ചു പറയുമ്പോഴും ജനാധിപത്യവാദികൾക്ക് യുഎസ് നൽകുന്ന പിന്തുണ ചൈനയെ ചൊടിപ്പിക്കുന്നുണ്ട്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ബ്ലാക്ക് ഫ്രൈഡേ എത്തിയിട്ടില്ല. എന്നാൽ അതിനുമുമ്പേ ആ ദിനത്തെപ്പറ്റിയുള്ള ആകാംഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. ഈ വർഷം നവംബർ 29നാണ് ബ്ലാക്ക് ഫ്രൈഡേ. ഒരു ദിനം കൂടി ശേഷിക്കെ ബ്ലാക്ക് ഫ്രൈഡേ വില്പനകളും വിലകുറവുകളും ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. പ്രധാനമായും വിമാന കമ്പനികൾ തന്നെ ‘ഡിസ്‌കൗണ്ടുകൾ’ നൽകാൻ തുടങ്ങിക്കഴിഞ്ഞു. വിലകുറഞ്ഞ യാത്രയാണ് ഇതിലൂടെ സാധ്യമാകുന്നത്. 2020 ൽ യൂറോപ്പിലേക്ക് ഒരു യാത്ര നടത്താമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ എമിറേറ്റ്സ്, ഖത്തർ എയർവേസ്, അയർലണ്ടിലെ എയർ ലിംഗസ്, സ്കാൻഡിനേവിയൻ എയർലൈൻസ് എന്നീ ഭൂഖണ്ഡത്തിലുടനീളമുള്ള സ്ഥലങ്ങളിലേക്ക് വളരെ കുറഞ്ഞ നിരക്കിൽ യാത്രകൾ വാഗ്ദാനം ചെയ്യുന്നു.
എമിറേറ്റ്സിന്റെ ഏറ്റവും വിലകുറഞ്ഞ ഡീലുകൾ തുടങ്ങുന്നത് 499 ഡോളർ മുതലാണ്. നവംബർ 27 മുതൽ നവംബർ 30 വരെയാണ് ഈ ഓഫർ. ബോസ്റ്റൺ, ഹ്യൂസ്റ്റൺ, ലോസ്റ്റ് ആഞ്ചലസ്, ന്യൂയോർക്, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ, വാഷിംഗ്ടൺ ഡുള്ളസ് തുടങ്ങി പല ഹബ്ബുകളിൽ നിന്നും വിമാനങ്ങൾ ലഭ്യമാണ്.
ഖത്തർ എയർവേസ് അതിന്റെ 10 യുഎസ് ഹബ്ബുകളിൽ നിന്നും അഡ്‌ലെയ്ഡ്, ഡാ നാങ് , ബാലി , നെയ്‌റോബി, പെർത്ത് , ടിബിലിസി എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര യാത്രകളിൽ 150 ഡോളർ വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ ബിസിനസ് ക്ലാസ്സ് സ്യൂട്ടുകളിൽ മികച്ച സൗകര്യങ്ങളോടൊപ്പം ബ്ലാക്ക് ഫ്രൈഡേ വിൽപ്പന സമയത്ത് അവിടെ 300 ഡോളർ വരെ കിഴിവും നൽകുന്നു. കൂടാതെ ബാങ്കോക്ക് , ജോഹന്നാസ്ബർഗ്, മെൽബൺ , കെയ്‌റോബി എന്നിവിടങ്ങളിലേക്കുള്ള യാത്രയിലും ഈ ഓഫർ ലഭ്യമാണ്. ഡിസംബർ 1 വരെ വില്പന ഉണ്ട്. qatarairways.com ൽ കയറി നിങ്ങൾക്ക് ബുക്ക് ചെയ്യാവുന്നതാണ്.
സ്കാൻഡിനേവിയൻ എയർവേസ് ആണ് വ്യത്യസ്ത ഡീലുകൾ മുന്നോട്ട് വയ്ക്കുന്നത്. പൊതുവെ വിലക്കുറവ് നൽകുന്ന കമ്പനിയാണിത്. എല്ലാ യുഎസ് ഹബ്ബുകളിൽ നിന്നും ലണ്ടൻ, പാരീസ്, ഏതെൻസ്, ബാർസിലോണ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ 449 ഡോളറിനു താഴെ ലഭ്യമാണ്. നവംബർ 26 മുതൽ ഡിസംബർ 5 വരെയാണ് ഈ ഓഫർ. ജനുവരി 8 മുതൽ മെയ് 14 വരെ എയർലൈൻസിന്റെ ഗോ ലൈറ്റ് ഫെയർ ക്ലാസ്സിൽ സഞ്ചരിക്കുന്നതാണ് ഉചിതം.
എയർ ലിംഗസിന്റെ ഓഫർ നവംബർ 26 മുതൽ ഡിസംബർ 3 വരെയാണ്. 100 ഡോളർ വരെ യാത്ര നിരക്കിൽ ഇളവുണ്ട്. യൂറോപ്പ്, ഡബ്ലിൻ, റോം, ലിസ്ബൺ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ ഈ ഓഫർ വർധിക്കും.
ഹാനോയ്∙ ബ്രിട്ടനിൽ ശീതീകരിച്ച ട്രക്കിൽ നിന്നു മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ എല്ലാവരും വിയറ്റ്നാം സ്വദേശികളാണെന്ന് ഏകദേശ സ്ഥിരീകരണം. ഇവരിൽ 16 പേരുടെ മൃതദേഹം ബുധനാഴ്ച രാവിലെ വിയറ്റ്നാമിലെത്തിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ 23ന് ലണ്ടന് 20 കിലോമീറ്റര്‍ അകലെ ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന ട്രക്കിൽ നിന്നാണ് 39 മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ചവരിൽ 31 പുരുഷന്മാരും എട്ടു വനിതകളുമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ചൈന സ്വദേശികളാണെന്നു കരുതിയെങ്കിലും പിന്നീടാണ് വിയറ്റ്നാമിൽ നിന്നുള്ളവരാണു മരിച്ചവരിലേറെയുമെന്നു കണ്ടെത്തിയത്. കണ്ടെയ്നറില്‍ തണുത്തു മരവിച്ചായിരുന്നു എല്ലാവരുടെയും മരണം. മനുഷ്യക്കടത്ത് കേസില്‍ നിലവിൽ അന്വേഷണം തുടരുകയാണ്. ഐറിഷ്–ബ്രിട്ടിഷ് പൊലീസ് സംയുക്തമായാണ് അന്വേഷണം.
വിയറ്റ്നാം എയർലൈൻസിന്റെ വിമാനത്തിലാണ് 19 മൃതദേഹങ്ങളും ലണ്ടനിൽ നിന്ന് ഹാനോയിലെ നോയി ബായി വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ കാത്തുനിന്ന ആംബുലൻസുകളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മൃതദേഹങ്ങൾ മാറ്റി. മധ്യ വിയറ്റ്നാമിലെ മൂന്ന് പ്രവിശ്യകളിൽ നിന്നുള്ളവരാണ് 16 പേരും. ആഴ്ചകളായി മൃതദേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കൾ. ‘താങ്ങാനാകാത്ത സങ്കടമുണ്ട്. പക്ഷേ ഒടുവിൽ എന്റെ മകൻ മടങ്ങിവരുന്നുവെന്ന സന്തോഷമുണ്ട്…’ ഗദ്ഗദകണ്ഠനായി ങുയേൻ ഡിൻ ജിയ എന്ന പിതാവ് പറയുന്നു. ഇദ്ദേഹത്തിന്റെ മകൻ ങുയേൻ ഡിൻ ലുവോങ് അപകടത്തിൽ മരിച്ചിരുന്നു.
ങേ ആൻ പ്രവിശ്യയിലേക്കാണ് അഞ്ചു മൃതദേഹങ്ങൾ എത്തിച്ചത്. ഹാ ടിൻ, ക്വാങ് ബിൻ പ്രവിശ്യകളിൽ നിന്നുള്ളവരാണ് ശേഷിക്കുന്ന 10 പേർ. അപകടത്തിൽ മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. മറ്റു മൃതദേഹങ്ങളും വരുംനാളുകളിൽ എത്തുമെന്ന് വിയറ്റ്നാം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ കൃത്യമായ ദിവസം പറഞ്ഞിട്ടില്ല. അതിനിടെ മൃതദേഹം വിയറ്റ്നാമിലെത്തിക്കാൻ സർക്കാർ തലത്തിൽ സംവിധാനമുണ്ടായില്ല എന്നതു വിവാദമായിട്ടുണ്ട്.
മൃതദേഹം എത്തിച്ചതിന്റെ പേരിൽ വൻ തുകയാണ് അധികൃതർക്കു നൽകേണ്ടി വരിക. സർക്കാർ മുന്നോട്ടു വച്ചത് രണ്ടു സാധ്യതകളായിരുന്നു. ചിതാഭസ്മമായി തിരികെ എത്തിക്കണമെങ്കിൽ ഏകദേശം 1.25 ലക്ഷം രൂപ നൽകുക, മൃതദേഹം ശവപ്പെട്ടിയിൽ ഭദ്രമായി എത്തിക്കണമെങ്കില്‍ രണ്ടു ലക്ഷവും. വിയറ്റ്നാം സർക്കാർ നിർദേശിച്ചത് ചിതാഭസ്മമായി കൊണ്ടുവരാനായിരുന്നു. എന്നാൽ പരമ്പരാഗത രീതിയിൽ മൃതദേഹം സംസ്കരിക്കാൻ ആഗ്രഹിക്കുന്നവരായതിനാൽ ഭൂരിപക്ഷം പേരും ചിതാഭസ്മം വേണ്ടെന്നു പറയുകയായിരുന്നു. സർക്കാർ നടപടി ബന്ധുക്കൾക്കിടയിൽ വൻ അമർഷത്തിനുമിടയാക്കി.
തുടർന്ന് ആദ്യഘട്ടത്തിൽ സർക്കാർ പണം നൽകാമെന്നേറ്റു. ഇതു പിന്നീട് തിരിച്ചടയ്ക്കണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടനിലേക്ക് കടക്കാൻ മക്കൾക്കും ബന്ധുക്കൾക്കുമെല്ലാം വേണ്ടി ഇതിനോടകം വൻ തുക കടം വാങ്ങിയ കുടുംബങ്ങൾ, പ്രിയപ്പെട്ടവരുടെ മുഖം അവസാനമായൊന്നു കാണാൻ വീണ്ടും വൻതുക മുടക്കേണ്ട അവസ്ഥയാണ്. ഈ കടം എങ്ങനെ തിരിച്ചടയ്ക്കുമെന്നു പോലും പലർക്കും അറിയില്ല. 15നും 44നും ഇടയിൽ പ്രായമുള്ളവരാണു മരിച്ചവരെല്ലാം. ഹയ്ഫോങ്, ഹയ് ഡുവോങ്, ഹ്യു പ്രവിശ്യകളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് ഇനി എത്താനുള്ളത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
കാനഡ : കാനഡയിലെ ഏറ്റവും വലിയ ബാങ്ക് ആയ റോയൽ ബാങ്ക് ഓഫ് കാനഡ (ആർ ബി സി) ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ആരംഭിക്കുന്നു. ‘ദി ലോജിക്കിൽ ‘ വന്ന റിപ്പോർട്ട് പ്രകാരം ആർബിസി ഒരു ഡിജിറ്റൽ കറൻസി പ്ലാറ്റ്ഫോം ഉയർത്താനുള്ള തീരുമാനത്തിലാണ്. ഈ സേവനം ബാങ്കിന്റെ 16 മില്യൺ ഉപഭോക്താക്കൾക്ക് വേണ്ടി ലഭ്യമാക്കാൻ ആർബിസി ഒരുങ്ങുന്നു. ഡിജിറ്റൽ കറൻസി ആയ ബിടിസി, ഇടിഎച്ച് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് നിക്ഷേപണവും വ്യാപാരവും നടത്താം എന്ന് കോളമിസ്റ്റായ പോയില്ലേ ഷ്വാർട്സ് പറയുന്നു. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനുള്ള അവസരവും ബാങ്ക് നൽകി. ക്രിപ്‌റ്റോ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ഫലപ്രാപ്തിയിലെത്തിയാൽ അത്തരം സേവനങ്ങൾ നൽകുന്ന രാജ്യത്തെ ആദ്യത്തെ ധനകാര്യ സ്ഥാപനമായിരിക്കും കനേഡിയൻ ബാങ്ക്.
ആർബിസിയും പേറ്റന്റ് അവകാശങ്ങൾക്ക് വേണ്ടി അപേക്ഷിക്കുമെന്ന് വക്താവ് ജീൻ ഫ്രാങ്കോയിസ് ഥിബൌല്ത് അറിയിച്ചു. ആർബിസിക്ക് അതിന്റെ പോർട്ട്‌ഫോളിയോയിൽ ഏകദേശം 27 ബ്ലോക്ക്ചെയിൻ അധിഷ്ഠിത പേറ്റന്റുകൾ ഉണ്ട്. ക്രിപ്റ്റോ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട നാല് പുതിയ പേറ്റന്റുകളുമുണ്ട്. ക്രിപ്റ്റോഗ്രാഫിക് ഇടപാടുകൾ സ്ഥിരീകരിക്കാൻ സമയമെടുക്കുമെന്ന് പേറ്റന്റിൽ പറയുന്നു. ഒപ്പം വ്യക്തിഗത ഉപയോക്താക്കൾക്ക്, ക്രിപ്റ്റോഗ്രാഫിക് കീകൾ കൈകാര്യം ചെയ്യുന്നതും അത് ഉപയോഗിച്ച് ഇടപാട് നടത്തുന്നതും ഒരു വെല്ലുവിളിയാകും എന്നും പറയുന്നു. ചില ഉപകരണങ്ങളിൽ അത് സപ്പോർട്ട് ചെയ്തില്ലെന്നും വരാം. ബ്ലോക്ക്‌ചെയിൻ ഒരു പുതിയ സാങ്കേതികവിദ്യയാണെന്ന് ആർബിസിയുടെ സിഇഓ ഡേവിഡ് മക്കെ പറഞ്ഞിരുന്നു. ആർബിസിയുടെ മറ്റൊരു റിപ്പോർട്ടിൽ ബ്ലോക്ക്‌ചെയിൻ അസറ്റിനെ കുറിച്ചുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടികാണിക്കുന്നു. എന്നാൽ ക്രിപ്റ്റോകറൻസിയുടെ സാധ്യതകൾ ഇപ്പോൾ ഏറെയാണ്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ബ്രിട്ടൻ :- ആഭ്യന്തര കലാപം നടക്കുന്ന സിറിയയിൽ അകപ്പെട്ട അനാഥരായ ബ്രിട്ടീഷ് കുഞ്ഞുങ്ങൾ നാട്ടിൽ തിരിച്ചെത്തി. കോടതിയുടെ നിർദേശത്തെതുടർന്നാണ് ഇവരുടെ മടക്കം. ബ്രിട്ടനിൽ തിരിച്ചെത്തിയ ഇവർ തങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. വളരെ സങ്കീർണ്ണമായ നടപടികളിലൂടെയാണ് കുട്ടികളെ തിരിച്ചെത്തിച്ചത്.
യുദ്ധത്തിന്റെ തീവ്രതയ്ക്ക് നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ഇടയാകരുതെന്ന് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. കുഞ്ഞുങ്ങൾക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇനിയും അവർ സാധാരണ ജീവിതം നയിക്കുന്നതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിറിയയിലെ 88, 000 ത്തോളം ചതുരശ്ര കിലോമീറ്റർ സ്ഥലം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധീനതയിലാണ്. ഇവരുടെ പക്കൽ നിന്നും തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ ബ്രിട്ടൺ ആദ്യം വിമുഖത കാട്ടിയിരുന്നു. എന്നാൽ പല ഭാഗങ്ങളിൽ നിന്നുള്ളവരുടെ ആവശ്യത്തെ തുടർന്നാണ് ഇപ്പോൾ കുഞ്ഞുങ്ങളെ തിരിച്ച് നാട്ടിൽ എത്തിച്ചിരിക്കുന്നത്. ഇനിയും അറുപതോളം കുഞ്ഞുങ്ങൾ സിറിയയിൽ കുടുങ്ങി കിടപ്പുണ്ടെന്നു മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അലിസൺ ഗ്രിഫിൻ രേഖപ്പെടുത്തി. അവരെ കൂടി തിരിച്ചു ബ്രിട്ടണിൽ എത്തിക്കുവാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഗവൺമെന്റ് നടത്തണമെന്ന ആവശ്യങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.
അയർലൻഡ്: അയർലണ്ടിലെ ഡബ്ലിനിലെ ഫിംഗ്ലസില്‍ മലയാളികള്‍ക്ക് നേരെ അജ്ഞാതരായ ചിലര്‍ നടത്തിയ ആക്രമണത്തിൽ മലയാളികൾക്ക് പരിക്ക്. ആക്രമണം കരുതികൂട്ടിയുള്ളതാണെന്ന് സംശയിക്കപ്പെടുന്നു. ഫിംഗ്ലസ് ബാലിഗാള്‍ മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് സ്‌കൂളിന് സമീപം കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവന്നു വിട്ട ശേഷം സ്‌കൂള്‍ പരിസരത്തു നിന്നിരുന്ന മലയാളികള്‍ക്ക് നേരെയാണ് ഇന്ന് രാവിലെ 9.41 ന് ആക്രമണം ഉണ്ടായത്.
മലയാളികൾ സംസാരിച്ചു നിൽക്കുമ്പോൾ നല്ല സ്പീഡിൽ ഒരു കാർ കടന്നുപോകുന്നതും എന്നാൽ ഉടനടി അത് റിവേഴ്സിൽ നല്ല വേഗത്തിൽ വരുന്നതും വീഡിയോയിൽ കാണാം. കാർ തിരിച്ച് സംസാരിച്ചു നില്‍ക്കുകയായിരുന്ന അഞ്ചംഗ സംഘത്തിന് നേരെ അക്രമി റിവേഴ്‌സ് എടുത്ത് വന്നാണ് കാര്‍ ഇടിപ്പിച്ചത്. ഇവരില്‍ ഒരാള്‍ക്ക് കാറിന്റെ ബോണറ്റിലേയ്ക്ക് തന്നെ തെറിച്ചു വീണ് സാരമായപരിക്കുകള്‍ ഏറ്റിട്ടുണ്ട്. ഗാര്‍ഡായും ഫയര്‍ ബ്രിഗേഡും മിനുറ്റുകള്‍ക്കകം സംഭവ സ്ഥലത്ത് പാഞ്ഞെത്തി പരിക്കേറ്റവരെ മേറ്റര്‍ പബ്ലിക്ക് ആശുപത്രിയിലെത്തിച്ചു.
സംഭവസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന മലയാളികളിലൊരാളുടെ കാറിന്റെ ഡാഷ് ബോര്‍ഡ് കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഗാര്‍ഡയ്ക്ക് കൈമാറിയിട്ടുണ്ട്. രണ്ടു പേരാണ് കാറില്‍ ഉണ്ടായിരുന്നതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ബാലിഗാള്‍ മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് സ്‌കൂളിന് സമീപമുള്ള പാര്‍ക്കില്‍ നടക്കാന്‍ പോയി മടങ്ങി വന്നു കൊണ്ടിരുന്ന മലയാളികള്‍ അടക്കമുള്ളവര്‍ നോക്കി നില്‍ക്കവെയാണ് അക്രമികള്‍ വിളയാട്ടം നടത്തിയത്.
എന്താണ് ഇവിടെ നില്‍ക്കുന്നത് എന്ന് ആവര്‍ത്തിച്ചു ചോദിച്ചാണ് അക്രമി സംഘം പാഞ്ഞെത്തിയത്.’ ഗോ യുവര്‍ പ്‌ളേസസ് ‘എന്നാക്രോശിച്ചു കൊണ്ടാണ് വാഹനം ഇടിപ്പിച്ചത്. വാഹനം മനഃപൂര്‍വം ഇടിപ്പിക്കുമെന്ന ധാരണയില്ലാത്തതിനാല്‍ ഇവര്‍ക്ക് ഓടി മാറാനും കഴിഞ്ഞില്ല. വംശീയമായ ആക്രമണമാണ് എന്ന നിഗമനമാണ് ഗാര്‍ഡയ്ക്കും ഉള്ളത് എന്നാണ് അറിയുവാൻ കഴിയുന്നത്. എന്തായാലും സംഭവം ഉണ്ടായത് അയർലണ്ടിലെ ഡബ്ളിനിൽ ആണെകിലും യൂറോപ്പിൽ പ്രതേകിച്ചു യുകെയിൽ ഉള്ളവർക്കും ഒരു മുൻ കരുതൽ ഉള്ളത് നല്ലതായിരുക്കും എന്ന് ഓർമ്മപ്പെടുത്തുന്നു.
വീഡിയോ കാണാം
[ot-video][/ot-video]