Videsham

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനിൽ അതിശൈത്യത്തിനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ. തിങ്കളാഴ്ച രാത്രി ഈ വർഷത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായ -9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് പുറത്തുവന്നിരുന്നത്. റൂറൽ സ്കോട്ട്ലൻണ്ടിനെയാണ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി റ്റുള്ളോക് ബ്രിഡ്ജിലും ദൽവ്ഹിന്നിയിലും – 8.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. നോർത്തേൺ അയർലണ്ടിൽ – 5.1 ഡിഗ്രി സെൽഷ്യസു മാത്രമാണ് രേഖപ്പെടുത്തിയത്.


പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് തിങ്കൾ മുതൽ ബുധൻ വരെ അതിശൈത്യത്തിന് ഉള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. വാർദ്ധക്യത്തിൽ ഉള്ളവരും, ഹൃദയ – ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവർക്കും ആണ് ശൈത്യകാലത്ത് ഏറ്റവും കൂടുതൽ അപകട സാധ്യത ഉള്ളത്. അതിശൈത്യം മൂലം ഫ്ലൈറ്റുകളും മറ്റും ക്യാൻസൽ ചെയ്യാനും, ബസ് – ട്രെയിൻ സർവീസ് മുതലായവ മുടങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.


വടക്കൻ കാറ്റാണ് അതിശൈത്യം ഇംഗ്ലണ്ടിലേക്ക് എത്തിക്കുന്നത് എന്നാണ് നിഗമനം. എന്നാൽ ഇത് അധിക ദിവസം നീണ്ടു നിൽക്കാൻ സാധ്യതയില്ല. നോർത്ത് സീ കോസ്റ്റിലും മറ്റും മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. ഇംഗ്ലണ്ടിലെ മറ്റു ചില ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം പുറത്തു വന്നിട്ടുണ്ട്.

ഡബ്ലിൻ: അയർലണ്ടിലെ കില്‍ക്കെനിയിൽ  നിര്യാതയായ  മലയാളി നഴ്‌സ് ജാക്വിലിന്‍ ബിജുവിന് അയര്‍ലണ്ടിലെ മലയാളി സമൂഹംത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ ഉച്ചകഴിഞ്ഞ് പരേതയുടെ ഭൗതീകദേഹം ഫ്രഷ് ഫോര്‍ഡ് റോഡിലുള്ള വസതിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പേര്‍ ജാക്വിലിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഒഴുകിയെത്തി.

ശനിയാഴ്ച്ച വൈകിട്ട് നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഗോള്‍വേ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ല്യന്‍ ഫാ.ജോസ് ഭരണികുളങ്ങര നേതൃത്വം നല്‍കി. കില്‍ക്കെനി സീറോ മലബാര്‍ സമൂഹത്തിന്റെയും, ജീസസ് യൂത്തിന്റെ  പ്രതിനിധികളും, വിവിധ സഭാ വിഭാഗങ്ങളിലെ വൈദീകരും പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ സെന്റ് കനിസസ് കത്തീഡ്രല്‍ പള്ളിയ്ക്ക് സമീപമുള്ള ഫ്യുണറല്‍ ഹോമിലെത്തിച്ച മൃതദേഹത്തില്‍ കില്‍ക്കെനിയിലെയും, അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മലയാളി സമൂഹത്തിന്റെ പ്രതിനിധികള്‍ ആദരാഞ്ചലികൾ അര്‍പ്പിച്ചു.മതബോധന അധ്യാപകയായും, ഗായക ടീമിലെ അംഗമായും ഏവര്‍ക്കും പ്രിയപ്പെട്ട ജാക്വിലിന്റെ അകാല വിയോഗത്തില്‍ മനംനൊന്ത കില്‍ക്കെനി മലയാളി സമൂഹം ഒന്നടങ്കം സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു. ജോയലിന്റെയും, ജോവാന്റെയും സഹപാഠികളും അധ്യാപകരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സെന്റ് ലുക്ക്‌സ് ഹോസ്പിറ്റലില്‍ നിന്നുള്ള നിരവധി സഹപ്രവര്‍ത്തകരും പ്രിയ കൂട്ടുകാരിയുടെ അന്ത്യയാത്രക്ക് എത്തിയിരുന്നു.

രണ്ടരയോടെ മൃതദേഹം വിലാപയാത്രയായി സെന്റ് കനീസിസ് ദേവാലയത്തിലേക്ക് കൊണ്ട് വന്നു. തുടര്‍ന്ന് സീറോ മലബാര്‍ റീത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ല്യന്‍ റവ.ഡോ ക്ലമന്റ് പാടത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായിരുന്നു.

കില്‍ക്കെനി സീറോ മലബാര്‍ ചര്‍ച്ച് ചാപ്ല്യന്‍ ഫാ.മാര്‍ട്ടിന്‍ പൊറേക്കാരന്‍, ജീസസ് യൂത്ത് അയര്‍ലണ്ട് ഡയറക്ടര്‍ ഫാ.ടോമി പാറാടിയില്‍, ഫാ.പോള്‍ തെറ്റയില്‍ (കോര്‍ക്ക്) റവ.ഡോ.ഡേവിഡ് കാംപ്റ്റന്‍, ഫാ.റോബിന്‍ തോമസ് (ലീമെറിക്ക്) ഫാ.ദാസ് (ഡബ്ലിന്‍)എന്നിവര്‍ സഹകാര്‍മികരായിരുന്നു.കത്തീഡ്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വിലാപയാത്ര വാട്ടര്‍ഫോഡ് റോഡിലുള്ള ഫോക്‌സ്ടൗണ്‍ സെമിട്രിയിലേയ്ക്ക് നീങ്ങി. പിറന്ന മണ്ണിൽ നിന്നും വളരെ ദൂരെ അയര്‍ലണ്ടിന്റെ കുടിയേറ്റമണ്ണില്‍ അന്ത്യവിശ്രമത്തിയിലേയ്ക്ക്… ഒരു പ്രവാസിയായി ഇവിടെ എത്തിയ ഈ രാമപുരംകാരി പ്രവാസി മണ്ണിനെ പുൽകിയപ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ പ്രായമാകാത്ത കുഞ്ഞു മക്കളുടെ മുഖഭാവം ജാക്ക്വലിന്റെ കൂട്ടുകാരുടെയും സഹപ്രവർത്തകരുടെയും വേദന ഇരട്ടിപ്പിച്ചു. എല്ലാം കാണുന്ന ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് ഉള്ളുരുകിയുള്ള പ്രാത്ഥനയോടെ യാത്രപറയുന്ന കാഴ്ച. മരണം കള്ളനെപ്പോലെ ജീവിതത്തിലേക്ക് കടന്നു വരുന്നതുവരെ കുടുംബത്തിനും തന്നെ സ്നേഹിക്കുന്നവർക്കും, താൻ ഉൾപ്പെടുന്ന സമൂഹത്തിനും നൽകിയ സേവനങ്ങൾ… ജാക്വിലിന്‍ ഭൗതീക ജീവിത വഴിയിലെ ഓട്ടം പൂർത്തിയാക്കി മടങ്ങുപ്പോൾ ഒരായിരം നന്മകൾ നൽകിയ നന്മമരം അയർലണ്ട് മലയാളികളുടെ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്ന ഒരു നക്ഷത്രമായി എന്ന കാര്യത്തിൽ സംശയമില്ല.

കോട്ടയം കുടമാളൂര്‍ ചിറ്റേട്ട് ബിജുവിന്റെ ഭാര്യയാണ് പരേതയായ ജാക്ക്വിലിന്‍. കഴിഞ്ഞ കുറെ വർഷങ്ങളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ജാക്ക്വിലിന്‍.

രാമപുരത്തിനടുത്തുള്ള നീറന്താനം ഇടവകയിലെ കണിപ്പള്ളിൽ കുഴിക്കാട്ട് വീട്ടിലെ അംഗമാണ് പരേതയായ ജാക്ക്വലിൻ. ഇമ്മാനുവേൽ-മേരിക്കുട്ടി ദമ്പതികൾക്ക് അഞ്ച് മക്കളാണ് ഉള്ളത്. ജാൻസി, ജോൺസൻ, ജോഷി, ജൂലിയസ് എന്നിവരാണ് പരേതയുടെ സഹോദരങ്ങൾ.

ഡബ്ലിൻ: യൂറോപ്പ് മലയാളികളെ മരണം വിടാതെ പിന്തുടരുന്ന വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ യുകെയിൽ ഏഴു പേരാണ് മരിച്ചത്. ഇപ്പോൾ ഇതാ അയർലണ്ടിൽ നിന്നും ഒരു ദുഃഖവാർത്ത. അയർലണ്ടിലെ കില്‍ക്കെനിയിലെ താമസക്കാരിയും ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ സജീവ പ്രവര്‍ത്തകയുമായ കോട്ടയം മെഡിക്കല്‍ കോളജ് (കുടമാളൂര്‍) സ്വദേശിനി ചിറ്റേട്ട് ജാക്വിലിന്‍ ബിജു (43) നിര്യാതയായി.  കോട്ടയം കുടമാളൂര്‍ ചിറ്റേട്ട് ബിജുവിന്റെ (കോട്ടയം ബിജു) ഭാര്യയാണ്. രാമപുരം സ്വദേശിനിയായ ജാക്ക്വിലിന്‍ കഴിഞ്ഞ കുറെ വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

രാമപുരത്തിനടുത്തുള്ള നീറന്താനം ഇടവകയിലെ കണിപ്പള്ളിൽ കുഴിക്കാട്ട് വീട്ടിലെ അംഗമാണ് പരേതയായ ജാക്ക്വലിൻ. ഇമ്മാനുവേൽ-മേരിക്കുട്ടി ദമ്പതികൾക്ക് അഞ്ച് മക്കളാണ് ഉള്ളത്. ജാൻസി, ജോൺസൻ, ജോഷി, ജൂലിയസ് എന്നിവരാണ് പരേതയുടെ സഹോദരങ്ങൾ.

കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് പുലര്‍ച്ചേ നാലരയോടെയായിരുന്നു മരണം സംഭവിച്ചത്.  കില്‍ക്കെനി സെന്റ് ലുക്ക്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു ജാക്വിലിന്‍. ജോയല്‍ (ജൂനിയര്‍ സെര്‍ട്ട് വിദ്യാര്‍ത്ഥി) നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോവാന്‍ , നോയല്‍ (4 ) ജോസ്ലിന്‍ (2) എന്നിവരാണ് മക്കള്‍.

കില്‍ക്കെനിയിലെ മലയാളി സമൂഹത്തിന്റെ സജീവഭാഗമായിരുന്ന ജാക്വിലിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് കില്‍ക്കെനിയിലെയും സമീപ പ്രദേശങ്ങളിൽ ഉള്ള  നിരവധിയായ മലയാളി സുഹൃത്തുക്കൾ പുലര്‍ച്ചെ തന്നെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ അയര്‍ലണ്ടിലെ മുന്‍നിര പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ജാക്വലിന്റെ നിര്യാണവാര്‍ത്തയറിഞ്ഞ് ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ നിരവധി പ്രവര്‍ത്തകരും അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കില്‍ക്കെനിയില്‍ എത്തിക്കഴിഞ്ഞു.

ജാക്വിലിന്‍ ബിജുവിന്റെ സംസ്‌കാരശുശ്രൂഷകള്‍ നാളെ ഉച്ചകഴിഞ്ഞ് 2.30 ന്കില്‍ക്കെനിയിലെ ഡീന്‍ സ്ട്രീറ്റിലുള്ള സെന്റ് കനിസസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് പരേതയുടെ ഭൗതീകദേഹം ഫ്രഷ് ഫോര്‍ഡ് റോഡിലുള്ള വസതിയില്‍ (36,ടാല്‍ബോട്ട് ഗേറ്റ് ) എത്തിയ്ക്കും. നാളെ രാവിലെ 10 മണി വരെ ജാക്വിലിന് അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഈസ്റ്റ് ലണ്ടനിൽ അന്താരാഷ്ട്ര മനുഷ്യക്കടത്തിന്റെ ഭാഗം എന്ന് സംശയിക്കുന്ന 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 20 നും 40 നും ഇടയിൽ പ്രായമുള്ള 29 സ്ത്രീകളെ റൊമാനിയ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെറ്റ് ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തി.ഇരകളെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു അറസ്റ്റിലായവരിൽ 14 പുരുഷന്മാരും മൂന്ന് സ്ത്രീകളും ആണുള്ളത്.

റെഡ് ബ്രിഡ്ജ് ഹവറിങ് ബാർക്കിംഗ്, ഡാനിഎൻഹാം, ടൗൺ ഹാംലെറ്റ് എന്നിവിടങ്ങളിലെ വസ്തുവകകളുടെ പേരിൽ 16 വാറണ്ട് രേഖപ്പെടുത്തി. അറസ്റ്റിലായവർ 17 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്. വേശ്യാവൃത്തി, ആധുനിക അടിമത്തം, മയക്കു മരുന്ന് വ്യാപാരം എന്നിവ ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ സെൻട്രൽ പോലീസ് സ്റ്റേഷനിൽ തടവിലാണ്. അതേസമയം സമാനമായ കേസിൽ റൊമാനിയയിൽ 4 വാറണ്ട് രേഖപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ചീഫ് ഇൻസ്പെക്ടർ റിച്ചാർഡ് മക്‌ഡോഗ് പറയുന്നു “സാധാരണക്കാരുടെ ജീവിതത്തിൽ ഇപ്പോഴും ആധുനിക അടിമത്ത സമ്പ്രദായം മൂലമുണ്ടാകുന്ന ദുരന്തങ്ങൾ നിരവധിയാണ്. ഇന്നത്തെ ആസൂത്രിതമായ നീക്കത്തിലൂടെ കുറച്ചുപേരെ കുടുക്കാൻ കഴിഞ്ഞു. വിശദമായ അന്വേഷണത്തിലൂടെ ഇതിന്റെ വേരുകൾ കണ്ടെത്താനും തടയാനും ശ്രമിക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് നമ്മുടെ പ്രഥമലക്ഷ്യം.”

റൊമാനിയൻ പോലീസ് ഓഫീസേഴ്സ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാൽ ഇനിയും ധാരാളം കേസുകൾ തെളിയിക്കാനും നേട്ടങ്ങൾ കൈവരിക്കാനും ആകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ചലച്ചിത്ര താരങ്ങൾ ഇപ്പോഴും വാർത്തകളിൽ നിറയുന്നത് സിനിമകൾ മാത്രം കൊണ്ടാണ് എന്ന് കരുതുക വയ്യ… അവരുടെ ജീവിത വഴികളിൽ സംഭവിക്കുന്ന ചില കൊച്ചു കാര്യങ്ങൾ പോലും ജനങ്ങൾ പ്രതേകിച്ചു ആരാധകർ ഏറ്റെടുക്കുക പതിവാണ്. യാത്രകളെ പ്രണയിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ന്യൂസിലന്റില്‍ അവധി ആഘോഷത്തിലാണ്. ഭാര്യ സുചിത്രയുമൊത്തുള്ള ന്യൂസിലന്റില്‍ നിന്നുള്ള സുന്ദര ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആരാധകര്‍ അതെല്ലാം ഇരു കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.

ഇപ്പോഴിതാ ഏതൊരു മോഹന്‍ലാല്‍ ആരാധികയേയും കൊതിപ്പിക്കുന്നൊരു വിഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിനെ അവിചാരിതമായി വഴിയില്‍ വച്ച് കണ്ട ആരാധകരുടെ വിഡിയോ ആണിത്. താരത്തിനൊപ്പം സെല്‍ഫി എടുക്കുകയും സംസാരിക്കുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം.

ഇതിനിടെ ഒരു ആരാധിക മോഹന്‍ലാലിനോട് ചോദിച്ച ചോദ്യമാണ് വിഡിയോയിലെ ഹൈലൈറ്റ്. ഫോട്ടോ എടുത്ത ശേഷം ഒരു ഉമ്മ തരട്ടെ എന്നു കൂടി ചോദിച്ചിട്ട് കവിളില്‍ ഒരു ഉമ്മ വയ്ക്കുന്നു.   സ്‌നേഹത്തോടെ അത് സ്വീകരിച്ച് താരവും യാത്രയാകുന്നു. മുൻപോട്ട് നീങ്ങുന്ന താരത്തോട് കുട്ടി എന്തോ ചോദിക്കുന്നെങ്കിലും അത് വ്യക്തമല്ല. എന്നാൽ എവിടെ വച്ചാണ് എന്നുള്ള കാര്യം വ്യക്തമല്ല. ന്യൂസിലാൻഡിൽ തന്നെ ആണ് എന്ന് അനുമാനിക്കുന്നു. സിദ്ദിഖ് ഒരുക്കുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തിന്റെ ഷെഡ്യൂള്‍ ബ്രേക്കില്‍ ആണ് മോഹന്‍ലാല്‍ അവധി ആഘോഷിക്കാന്‍ പോയത്.

[ot-video]

[/ot-video]

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ബി ബി സി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മാധ്യമങ്ങളുടെ സ്വകാര്യതാ ലംഘനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹിലരി ക്ലിന്റണും മകൾ ചെൽസിയയും. ” കഴിഞ്ഞ മൂന്ന് വർഷമായി മാധ്യമങ്ങളിൽ മേഗൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആണ്. തന്റെ പ്രീയപ്പെട്ട അച്ഛന് മേഗൻഅയച്ച കത്ത് പോലും മാധ്യമങ്ങൾ ചോർത്തുകയുണ്ടായത് ഹൃദയഭേദകവും ധാർമികതയ്ക്ക് നിരക്കാത്തതുമാണ്. ” ഹിലരി പറഞ്ഞു.

വംശീയമായി അപമാനിക്കുന്ന , ലൈംഗികതയുടെ മേമ്പൊടി ചേർത്ത വാർത്തകൾ ആണ് കഴിഞ്ഞ കുറെ നാളുകളായി ബ്രിട്ടിഷ് മാധ്യമങ്ങൾ മേഗൻ രാജകുമാരിക്ക് എതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഭർത്താവ് ഹാരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ഹിലരിയും മകൾ ചെൽസിയും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

” സ്വന്തം മകളെ എന്ന പോലെ മേഗനെ ചേർത്ത് പിടിക്കാൻ താൻ ആഗ്രഹിക്കുന്നു. എന്നിട്ട് അവളോട് പറയണം ഈ പ്രതിസന്ധി ഘട്ടങ്ങളെ ധീരമായി നേരിടണമെന്ന്. പ്രതീക്ഷ കൈവിടരുത് എന്ന് ” ഹിലരി കൂട്ടിച്ചേർത്തു.

സൂറിച്ച്: ആഴമുള്ള വരികളും, ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന ഭക്തി സാന്ദ്രമായ ഈണങ്ങളുമായി സ്വിസ്സ് മലയാളികളായ ടോം കുളങ്ങരയും, ബാബു പുല്ലേലിയും ക്രിസ്മസിന് എത്തുന്നു. ദിവ്യതാരകം എന്ന ആല്‍ബമാണ് ഈ വര്‍ഷത്തെ ദിവ്യതാരകം അനുബന്ധിച്ചു സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും പുറത്തിറങ്ങുന്നത്.
സ്വിസ് ബാബു സംഗീതം നല്‍കിയ ആല്‍ബത്തിലെ ഗാനം രചിച്ചിരിക്കുന്നത് ടോം കുളങ്ങരയാണ്. സ്വരമായും, ഈണമായും ഇരട്ടിമധുരമായി കാല്‍ നൂറ്റാണ്ടിലേറെയായി സ്വിറ്റ്‌സര്‍ലണ്ട് മലയാളി കലാസമൂഹത്തിലെ നിറസാന്നിദ്ധ്യമാണ് ബാബു. കാലത്തിനപ്പുറം കാതില്‍ മൂളുന്ന നിരവധി ഈണങ്ങള്‍ ഇതിനകം മലയാളികള്‍ക്കായി ബാബു സമ്മാനിച്ചിട്ടുണ്ട്.
യുവ ഗായകന്‍ അഭിജിത്താണ് ദിവ്യതാരകം ആലപിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ ജോസി ആലപ്പുഴയും, ദൃശ്യചാരുത ജോണി അറയ്ക്കലുമാണ്. ഡിസംബര്‍ ആദ്യവാരം റിലീസ് ചെയ്യുന്ന ഈ ആല്‍ബം സ്പോണർ ചെയ്തിരിക്കുന്നത് യൂറോപ്യൻ ടൂർ ആൻഡ് ട്രാവൽസ് (ETT) ആണ്. ക്രിസ്തുമസ്സ് ഓര്‍മ്മകളെ തൊട്ടുണര്‍ത്തി, മനസ്സില്‍ സന്തോഷത്തിരകളുയര്‍ത്തി, കലുഷിതമായ മനസ്സുകളെ തഴുകിത്തലോടി കന്മഷങ്ങള്‍ അകറ്റാൻ ദിവ്യതാരകത്തിനു കഴിയുമെന്ന് അണിയറ പ്രവര്‍ത്തകർ പറയുന്നു.

ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ഡിസംബർ 12ന് ബ്രിട്ടനിൽ ജനറൽ ഇലക്ഷൻ നടത്തണമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആവശ്യം ബ്രിട്ടീഷ് പാർലമെന്റ് അംഗീകരിച്ചു. ഹൗസ് ഓഫ് കോമൺസിൽ 430 വോട്ടുകൾക്കാണ് ഈ തീരുമാനം പാസായത്. 1923 -ന് ശേഷം ഡിസംബർ മാസത്തിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായി ഇത് മാറും. ഹൗസ് ഓഫ് ലോർഡ്‌സ് ഇനിയും തീരുമാനം അംഗീകരിക്കാൻ ഉണ്ടെങ്കിലും, ഈ ആഴ്ചയോടെ കൂടി തീരുമാനം നിയമപരം ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രചരണത്തിന് അഞ്ചു ആഴ്ചകൾ മാത്രമാണ് ലഭിക്കുന്നത്. ബ്രെക്സിറ്റിനെ സംബന്ധിച്ചും, രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് ജനങ്ങൾക്കും തീരുമാനമെടുക്കാനുള്ള അവകാശമാണ് ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പോടുകൂടി ബ്രെക്സിറ്റ് നടപ്പിലാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി ജോൺസൺ. ബ്രെക്സിറ്റ് നടപ്പിലാക്കാൻ രാജ്യത്തെ ജനങ്ങൾ ഒരുമിക്കണം എന്ന ആവശ്യവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്. ബ്രെക്സിറ്റിനെ എതിർത്തതിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ 21 എംപിമാരിൽ, പത്ത് പേരെ വീണ്ടും കൺസർവേറ്റീവ് സ്ഥാനാർഥികളായി അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ സംരക്ഷിക്കാനുള്ള ഒരു അവസരമാണ് കൈവന്നിരിക്കുന്നതെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ രേഖപ്പെടുത്തി. അതിനായി തന്നെ പാർട്ടി വളരെ ശക്തമായ പ്രചാരണ പരിപാടികളാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോറിസ് ജോൺസന്റെ അടിച്ചമർത്തലുകൾക്ക് എതിരെ ജനങ്ങൾക്ക് പ്രതികരിക്കാനുള്ള ഒരു അവസരം ആണെന്നും, ലേബർ പാർട്ടി എന്നും ജനങ്ങളോടൊപ്പം ആണെന്നും ഷാഡോ ക്യാബിനറ്റ് മിനിസ്റ്റർ ആൻഡ്രൂ രേഖപ്പെടുത്തി. എന്നാൽ ഇലക്ഷനോട് ലേബർ പാർട്ടിയിലെ ചില എംപിമാർ അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്. ലിബറൽ ഡെമോക്രാറ്റുകളും ഇലക്ഷനെ അംഗീകരിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് തടയാനുള്ള മാർഗ്ഗം ആയാണ് ഇലക്ഷനെ കാണുന്നതെന്ന് അവർ വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി. ഇതിനു മുൻപ് മൂന്നു പ്രാവശ്യം ഇലക്ഷൻ തീരുമാനിച്ചപ്പോൾ പാർലമെന്റ് അംഗീകാരം ബോറിസ് ജോൺസന് ലഭിച്ചിരുന്നില്ല. ഇപ്രാവശ്യം ആറുമണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

എനിക്കുറപ്പാണ്, ഗ്രാസ് റൂട്ട് വഴിയായിരുന്നു അവരുടെ യാത്രയെങ്കില്‍ അവൻ മരിച്ചിട്ടുണ്ടാകും…’ പറയുന്നത് വിയറ്റ്‌നാമിലെ ഹാനോയിൽ നിന്നുള്ള ഒരു പിതാവാണ്. ലണ്ടനിലെ ഗ്രേയ്സിലുള്ള വാട്ടർ‍‍ഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു കണ്ടെത്തിയ കണ്ടെയ്നറിലെ 39 മൃതദേഹങ്ങളിലൊന്ന് തന്റെ മകന്റേതാണെന്ന് ഈ പിതാവ് ഉറച്ചുവിശ്വസിക്കുന്നു. അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. അതെല്ലാം വിരൽ ചൂണ്ടുന്നതാകട്ടെ വിയറ്റ്നാമിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കു നടക്കുന്ന മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിലേക്കും…

യൂറോപ്പിലേക്കു കടക്കാൻ ആഗ്രഹിക്കുന്ന ഓരോ വിയറ്റ്നാമുകാരനും നേരിടുന്ന ഒരു ചോദ്യമുണ്ട്– ‘ഗ്രാസ്’ വഴിയാണോ അതോ വിഐപിയോ? ആ ചോദ്യത്തിനു നൽകുന്ന ഉത്തരത്തിന് ഓരോരുത്തരുടെയും ജീവന്റെ വിലയുണ്ടെന്നതാണു സത്യം. യൂറോപ്പിലേക്കു കടക്കാനുള്ള യാത്രാവഴിയെ മനുഷ്യക്കടത്തുകാർ വിശേഷിപ്പിക്കുന്നത് ഗ്രാസ് റൂട്ടെന്നും വിഐപി റൂട്ടെന്നുമാണ്. വിഐപി റൂട്ടിലാണു യാത്രയെങ്കിൽ പിടിക്കപ്പെടാൻ ഒരു ശതമാനം മാത്രമേ സാധ്യതയുള്ളൂ. അതാണ് ഏറ്റവും സുരക്ഷിതവും ഏറ്റവും ‘വിലപിടിച്ചതുമായ’ മാർഗം. ഗ്രാസ് റൂട്ട് വഴിയാണെങ്കിൽ 100% മരണം ഉറപ്പാണെന്നും  ഡിൻ ഗിയ എന്ന പിതാവ് പറയുന്നു.

അദ്ദേഹത്തിന്റെ മകൻ ങുയേൻ ഡിന്നും (20) കൊല്ലപ്പെട്ട 39 പേരിലുണ്ടെന്നാണു കരുതുന്നത്. ഡിന്നിന്റെ ഉൾപ്പെടെ ഡിഎൻഎ സാംപിളുകൾ വിയറ്റ്നാമീസ് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഗ്രേയ്സിൽ കണ്ടെയ്നർ കണ്ടെത്തിയ സ്ഥലം ഗ്രാസ് റൂട്ടിൽ ഉൾപ്പെട്ടതാണെന്നാണ് ഡിൻ പറയുന്നത്.

ബ്രിട്ടനിലേക്കു കടക്കുന്ന വിയറ്റ്നാമുകാരിലേറെയും അവിടത്തെ അനധികൃത കഞ്ചാവു പാടങ്ങളിൽ തൊഴിലെടുക്കുകയാണെന്നു കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവിന്റെ വിളിപ്പേരുകളിലൊന്ന് ‘ഗ്രാസ്’ എന്നാണ്. എന്നാൽ വിയറ്റ്നാമിൽ ഏറ്റവും വിലകുറഞ്ഞ, അല്ലെങ്കിൽ ഒട്ടും വിലയില്ലാത്ത വസ്തുക്കളെ വിശദീകരിക്കാൻ ഉപയോഗിക്കുന്നതാണ് ഗ്രാസ് എന്ന വാക്ക്. ‘വെറും പുല്ലാണ്’ എന്ന അർഥത്തിലാണ് മനുഷ്യക്കടത്തുകാർ ഒരു ജീവനെ കണക്കാക്കുന്നതെന്നു ചുരുക്കം.

യാത്ര അതീവ രഹസ്യം

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമില്‍ നിന്ന് ഗ്രാസ് റൂട്ട് വഴി മാസങ്ങളെടുത്തു മാത്രമേ യൂറോപ്പിലെത്താനാകൂ. അതീവരഹസ്യമായാണ് പല വാഹനങ്ങളിലൂടെയും നടന്നും കാടും പർവതങ്ങളുമെല്ലാം കടന്നുമുള്ള യാത്ര. ആദ്യം വിയറ്റ്നാമില്‍ നിന്ന് ചൈനയിലേക്കു കടക്കും, അവിടെ നിന്ന് റഷ്യയിലേക്കും. ഇതു മിക്കവാറും വാഹനങ്ങളിലായിരിക്കും. റഷ്യൻ അതിർത്തി കടന്ന് യുക്രെയ്നിലേക്കോ ലാത്വിയയിലേക്കോ കടക്കുന്നത് കാൽനടയായാണ്. കൊടുംകാടുകളും ദുഷ്കരങ്ങളായ പർവതങ്ങളും കടന്നുള്ള ആ യാത്ര രാത്രിയിൽ മാത്രമാണു നടക്കുക. വഴിയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ അവിടെ യാത്ര അവസാനിപ്പിച്ച് പിടികൊടുക്കുകയേ വഴിയുള്ളൂ. അല്ലെങ്കിൽ മരണം.

എന്നാൽ വിഐപി റൂട്ടിൽ കാര്യങ്ങൾ ഏറെ എളുപ്പം. വിയറ്റ്നാമിൽ നിന്ന് യൂറോപ്പിലേക്ക് വ്യാജ പാസ്പോർട്ട് വഴിയാണു യാത്ര. ഇടത്താവളമായി മൂന്നാമതൊരു രാജ്യവും കാണും. ഏതാനും ദിവസങ്ങൾക്കകം ലക്ഷ്യസ്ഥാനത്തെത്താം. പക്ഷേ വൻ തുകയാണ് ഇടനിലക്കാർക്കു നൽകേണ്ടി വരിക. ഗ്രാസ് റൂട്ടിൽ ഏകദേശം 2.7 ലക്ഷം രൂപയാണ് ഒരാൾക്കു ചെലവു വരിക. ഫ്രാൻസ് വഴി ബ്രിട്ടനിലേക്കു കടക്കാനാണിത്. എന്നാൽ വിഐപി റൂട്ടാണെങ്കിൽ ഏകദേശം 10 ലക്ഷം രൂപ നൽകണം. ഈ തുകയിൽ പിന്നെയും മാറ്റം വരും. ജർമനിയിൽ നിന്നോ അതോ ഫ്രാന്‍സിൽ നിന്നോ ആണ് ബ്രിട്ടനിലേക്കുള്ള യാത്ര എന്നതനുസരിച്ചിരിക്കും തുകയിലെ മാറ്റം.

‘മകൻ തന്നോടു പറഞ്ഞത് വിഐപി റൂട്ടിലൂടെയാണു പോകുന്നതെന്നായിരുന്നു. എന്നിട്ടും അവനെങ്ങനെ കണ്ടെയ്നറിലെത്തിയെന്നു മനസ്സിലാകുന്നില്ല. ചതി പറ്റിയിട്ടുണ്ടാകാം…’ ഡിൻ പറയുന്നു. എന്നാൽ വിഐപി റൂട്ട് പ്രകാരം വിമാനമാർഗം ബ്രിട്ടനിലേക്കു കടക്കാനാകില്ല എന്നാണ് മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്നവർ പറയുന്നത്. ഏതെങ്കിലും യൂറോപ്യൻ രാജ്യങ്ങളിലെത്തുന്ന അഭയാർഥികളെ  ബ്രിട്ടനിലേക്ക് എത്തിക്കണമെങ്കിൽ ജലമാർഗം കണ്ടെയ്നറിൽ കടത്തുകയേ വഴിയുള്ളൂ. അതായത്, ഗ്രാസ് റൂട്ടിനു വേണ്ടി പണം നൽകിയവരുടെയും വിഐപി റൂട്ടിലുള്ളവരുടെയും യാത്ര അവസാനിക്കുന്നത് ഏതെങ്കിലും ഒരു കണ്ടെയ്നറിലായിരിക്കുമെന്നർഥം. പണം മുടക്കുന്നവർക്ക് ഇക്കാര്യം അറിയില്ലെന്നു മാത്രം.

ഡിന്നിന്റെ മകൻ ചൈനയിൽ നിന്നാണ് റഷ്യയിലേക്കു കടന്നത്. 2017 ഒക്ടോബർ ആദ്യമായിരുന്നു അത്. അവിടെ നിന്ന് യുക്രെയ്നിലേക്കു കടന്നു. മറ്റ് അഭയാർഥികള്‍ക്കൊപ്പം ഏകദേശം ആറു മാസത്തോളം അവിടെ താമസിച്ചു. ബ്രിട്ടനിൽ നേരത്തേയെത്തിയ വിയറ്റ്നാമുകാർ ഡിന്നിന്റെ മകനെ സഹായിക്കാമെന്നേറ്റിരുന്നു. അങ്ങനെയാണ് യാത്ര അവിടേക്കു ലക്ഷ്യമിട്ടത്. 2018 ഏപ്രിലിൽ ജർമനിയിലെത്തി. വിവിധ വാഹനങ്ങളിലായിരുന്നു  യാത്രയെങ്കിലും അതിനിടെ ഏഴു മണിക്കൂറോളം നടക്കേണ്ടി വന്നിരുന്നു ആ യുവാവിന്.

ജർമനിയിലെ ‘വിയറ്റ്നാം’

ജർമനിയിലെ വിയറ്റ്നാമുകാരുടെ കേന്ദ്രം കിഴക്കൻ ബെർലിൻ കേന്ദ്രീകരിച്ചുള്ള ഡോങ് ഷുവാൻ സെന്ററായിരുന്നു. മൊത്തക്കച്ചവടക്കാരാണ് അവിടെ നിറയെ. ബ്രിട്ടനിലേക്കുള്ള മനുഷ്യക്കടത്തിന്റെ പ്രധാന കേന്ദ്രവും അതാണെന്ന് നേരത്തേ ഒരു ചാനൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇക്കാര്യം ബെർലിൻ പൊലീസും സ്ഥിരീകരിച്ചതാണ്. ഒട്ടേറെ ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഡോങ് ഷുവാൻ സെന്ററിൽ നിറയെ വിയറ്റ്നാമീസ് സ്റ്റുഡിയോകളും ഹെയർ ഡ്രസിങ് കടകളും ഫൂഡ് ഹാളുകളും തുണിക്കടകളും കഫേകളുമെല്ലാമാണ്. ‍

ഞായറാഴ്ച ഉച്ചനേരങ്ങളിലാണ് ഇവിടെ വൻതിരക്ക്. സ്വദേശികളും വിദേശികളും അഭയാർഥികളായി എത്തിയവരുമെല്ലാം ഒത്തുകൂടുന്നതും ആ സമയത്താണ്. സെന്ററിലേക്കുള്ള പ്രവേശന കവാടത്തിലെ പ്രധാന ഓഫിസ് അന്നേരം അടച്ചിടും. ഫോൺവിളിച്ചാൽ പോലും ഒരാളും എടുക്കാനുണ്ടാകില്ല. ഇത്തരമൊരു മേഖലയില്‍ നിന്നു മനുഷ്യക്കടത്തുകാരെ കണ്ടെത്താനും തടയാനും ഏറെ ബുദ്ധിമുട്ടാണെന്നും അധികൃതർ സാക്ഷ്യപ്പെടുത്തുന്നു.

പല ഘട്ടങ്ങളായാണ് ഓരോ വിയറ്റ്നാം അഭയാർഥിയുടെയും യാത്രാപാത തയാറാക്കുക. ഓരോ ഘട്ടത്തിലും മനുഷ്യക്കടത്തുകാർ അഭയാർഥികളുടെ വീട്ടിൽ നിന്നു പണം വാങ്ങും. എന്നാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്കു പോകാനാകൂ. നല്ല ഭാവി ലക്ഷ്യമിട്ടു പോകുന്നവരുടെ യാത്ര പാതിവഴിയിൽ മുടങ്ങേണ്ടെന്നു കരുതി വീട്ടുകാർ കടംവാങ്ങിയാണെങ്കിലും പണം നൽകും. ജർമനിയിൽ നിന്നു ഫ്രാൻസിലേക്കു മകനെ കൊണ്ടുപോകാൻ അതുവരെ നൽകിയതു പോരാതെ 12 ലക്ഷം രൂപ കൂടിയാണ് ഡിന്നിനോട് മനുഷ്യക്കടത്തുകാർ ചോദിച്ചത്. ഫ്രാന്‍സിൽ സുരക്ഷിതമായെത്തിയെന്ന്  മകൻ വിളിച്ചു പറഞ്ഞിരുന്നു. പണം തയാറാക്കി വയ്ക്കാനുള്ള ‘സിഗ്നൽ’ ആയിരുന്നു അത്.

പണമിടപാടിനും രഹസ്യ സംവിധാനം

‘ആരോ ഒരാൾ ഫോണിൽ വിളിച്ച് പണത്തിന്റെ കാര്യം പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ ഒരു വാഹനം വീടിനു മുന്നിലെത്തി. അതിലിരുന്നയാൾക്കു പണം നൽകി. ഏകദേശം 30 വയസ്സ് പ്രായമുണ്ടായിരുന്നു അയാൾക്ക്. പണം വാങ്ങി ഒന്നും മിണ്ടാതെ അയാൾ പോവുകയും ചെയ്തു…’ ഡിൻ പറയുന്നു. പണം നൽകിയിട്ടും ഒന്നര വർഷത്തോളം മകന് ഫ്രാൻസിൽ കഴിയേണ്ടി വന്നു.  അനധികൃതമായി അവിടെ ഒരു റസ്റ്ററന്റിൽ കഴിയുകയായിരുന്നു മകൻ. അതിനു ശേഷം ബ്രിട്ടനിലേക്കു കടന്നപ്പോഴായിരുന്നു ദുരന്തം സംഭവിച്ചതെന്നും കരുതുന്നു.

പണം വാങ്ങാനായി എത്തുന്നവരിൽ ഭൂരിപക്ഷവും മുഖം മറച്ചിട്ടാണ് വീടുകളിലെത്തുകയെന്ന് മറ്റൊരു വിയറ്റ്നാമുകാരനായ ബുയ് താക് പറയുന്നു. അദ്ദേഹത്തിന്റെ ബന്ധു ബുയ് ഫാൻ താങ് എന്ന പെൺകുട്ടിയും കണ്ടെയ്നറിൽ കൊല്ലപ്പെട്ടുവെന്നാണു കരുതുന്നത്. പത്തൊൻപതുകാരിയായ ബുയ് ഫാൻ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാളുമായിരുന്നു. പണം വാങ്ങാനെത്തുന്നവര്‍ ഏറ്റവും സുരക്ഷിതമായി കാണുന്ന ഇടങ്ങളിലൊന്ന് ബസ് സ്റ്റാൻഡുകളാണ്. ആ തിരക്കിൽ മുഖം മറച്ച ചിലർ കൃത്യമായി എത്തും, പണം വാങ്ങി തിരക്കിനിടയിലേക്കു മുങ്ങും. ബാങ്കുകൾ വഴിയുള്ള ഇടപാടും ഇവർക്കില്ല. അതിനു സമാന്തരമായി മറ്റൊരു അനധികൃത സംവിധാനമാണ് പണമിടപാടിന് ഉപയോഗിക്കുന്നതെന്നും ബുയ് താക്കിന്റെ വാക്കുകൾ.

വിയറ്റ്നാമിൽ നിന്നുള്ള ബുയ് തി നങ് എന്ന പത്തൊൻപതുകാരിയും മരിച്ച 39 പേരിലുണ്ടെന്നാണു കരുതുന്നത്. മരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞത് ഇവർക്കാണെന്നും കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാണാതായവരെ ഉൾപ്പെടുത്തി കേസും റജിസ്റ്റർ ചെയ്തു. ഹാ ടിൻ പ്രവിശ്യയിൽ നിന്നു മനുഷ്യക്കടത്ത് കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏകദേശം ഇരുപതോളം പേരെ മേഖലയിൽ നിന്നു കാണാതായിട്ടുണ്ട്.

പാരിസ്ഥിതിക ദുരന്തത്തിന്റെ ബാക്കിപത്രം

യുകെയിൽ 2009–16 കാലഘട്ടത്തിൽ റജിസ്റ്റർ ചെയ്ത മനുഷ്യക്കടത്തു കേസുകളിൽ 70 ശതമാനവും അനധികൃത തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടതായിരുന്നെന്ന് സർക്കാർതല റിപ്പോർട്ടിൽ പറയുന്നു. കഞ്ചാവ് പാടങ്ങളിലേക്കും ബ്യൂട്ടിപാർലറുകളിലേക്കുമായിരുന്നു വിയറ്റ്നാമിൽ നിന്നുള്ളവരെ എത്തിച്ചിരുന്നത്. വിയറ്റ്നാമിലെ പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു മനുഷ്യക്കടത്തുകാരുടെ പ്രധാന ഇരകൾ.

രാജ്യത്ത് ഏറ്റവുമധികം പാവപ്പെട്ടവർ ജീവിക്കുന്ന പ്രവിശ്യകളിലൊന്നാണ് ങേ അൻ. ഇവിടെ നിന്നാണ് യൂറോപ്പിലേക്കുള്ള മനുഷ്യക്കടത്തിലേറെയുമെന്നും പസിഫിക് ലിങ്ക്സ് ഫൗണ്ടേഷന്റെ റിപ്പോർട്ടിൽ പറയുന്നു. സമീപത്തെ ഹാ ടിൻ പ്രവിശ്യയിൽ നിന്നാണു ശേഷിക്കുന്നവരിലേറെയും. 2019ൽത്തന്നെ ആദ്യ ഒൻപതു മാസത്തിനിടെ ഇവിടെ നിന്നു വിവിധ രാജ്യങ്ങളിലേക്കു ജോലി തേടിപ്പോയത് ഏകദേശം 41,790 പേരാണ്.

വിയറ്റ്നാമിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലൊന്നാണ് പ്രവിശ്യയുടെ നാശത്തിലേക്കു നയിച്ചത്. 2016ൽ തായ്‌വാനീസ് കമ്പനിയായ ഫോർമോസ പ്ലാസ്റ്റിക്സിന്റെ ഫാക്ടറിയിൽ നിന്ന് വൻതോതിൽ കടലിലേക്കു വിഷജലം പ്രവഹിക്കുകയായിരുന്നു. അതോടെ പ്രാദേശികമായുണ്ടായിരുന്ന മത്സ്യബന്ധനവും ടൂറിസവും തകർന്നു. ഏറെ പ്രതിഷേധങ്ങളുയർന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ജീവിതം വഴിമുട്ടിയ ജനം കൂട്ടത്തോടെ നാടുവിട്ടു.

ലണ്ടനിൽ 39 പേർ കൊല്ലപ്പെട്ട കണ്ടെയ്നറിലുണ്ടായിരുന്നവരുടെ പൗരത്വം സംബന്ധിച്ചു സംശയങ്ങളുണ്ടെങ്കിലും തന്റെ മകൻ മരിച്ചുവെന്നു തന്നെയാണ് ഡിൻ വിശ്വസിക്കുന്നത്. അതിനു കാരണം ഒരു ഫോൺ വിളിയാണ്. സംഭവം നടന്ന ഒക്ടോബർ 23നു പിറ്റേന്നു വ്യാഴാഴ്ചയാണ് ആ ഫോൺ സന്ദേശമെത്തിയത്. ഡിന്നിന്റെ മകന്റെ യാത്രയെപ്പറ്റി കൃത്യമായ അറിവുള്ള മനുഷ്യക്കടത്തു സംഘത്തിലെ ഒരാളായിരുന്നു അത്. ‘ഞാൻ പറയുന്ന കാര്യം നിങ്ങൾക്കു മനസ്സിലാകുമെന്നു തോന്നുന്നു. ആ വാഹനം ഒരു അപകടത്തിൽപ്പെട്ടിരിക്കുന്നു…’ എന്നായിരുന്നു സന്ദേശം. ഒരു കാര്യം കൂടി അയാൾ പറഞ്ഞു–’വാഹനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരിക്കുന്നു……’

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ബാഗ്ദാദ് : 21 രാജ്യങ്ങൾ, 90 ആക്രമണങ്ങൾ, കൊല്ലപ്പെട്ടത് 1400 പേർ. ഈ കണക്കുകൾ വെളിവാക്കുന്നത് ഐഎസ് എന്ന ഭീകരസംഘടനയുടെ വളർച്ചയും അതിന്റെ തലവനായ അബൂബക്കർ അൽ ബഗ്ദാദിയുടെ വാഴ്ച്ചയുമാണ്. ഈ കൊടുംഭീകരനെ ലോകം അറിയുന്നത് 2014ൽ ആണ്. വടക്കൻ സിറിയ മുതൽ ഇറാഖിലെ മൊസൂൾ വരെ നീളുന്ന ടൈഗ്രിസ്, യൂഫ്രട്ടിസ് നദീതടത്തിലാണ് ഐഎസിന്റെ ഭീകരത പടർന്നു പന്തലിച്ചത്. ഈ പ്രദേശത്തെ ലക്ഷക്കണക്കിനു ജനങ്ങളെ ഐഎസിന്റെ തടവിലാക്കിയാണ് 2014ൽ അബൂബക്കർ അൽ ബഗ്ദാദി തന്റെ ഭരണകൂടം പ്രഖ്യാപിച്ചത്. ബ്രിട്ടന്റെ അത്രയും വലിപ്പമുള്ള ഒരു സാമ്രാജ്യം അൽ ബഗ്ദാദി പണിതെടുത്തു. അനുഭാവികളും സ്ലീപ്പർ സെല്ലുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഐഎസ് വല നീണ്ടു. ഇതിൽ ഒട്ടനവധി മലയാളികളും ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. ലോകത്ത് ഒട്ടേറെ സ്ഥലങ്ങളിൽനടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം പിന്നീട് ഈ സംഘടന ഏറ്റു.

ഇന്റർനെറ്റിലൂടെയായിരുന്നു ഐഎസ് ആശയപ്രചാരണം നടത്തിയിരുന്നത് . തടവുകാരായി പിടിച്ച പാശ്ചാത്യരെ നിഷ്ഠുരമായി കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ഇന്റർനെറ്റിലൂടെ പുറത്തുവിട്ട് ഭീകരർ ലോകത്തെ ഞെട്ടിച്ചു.1971ൽ ഇറാഖിലെ സമാരയിലായിരുന്നു ബഗ്ദാദിയുടെ ജനനം. കാഴ്ചശക്തി കുറവായതിനാൽ സൈന്യത്തി‍ൽ ചേരാൻ പറ്റാതിരുന്ന അബൂബക്കർ അൽ ബഗ്ദാദി പിന്നീട് അൽ ഖായിദയിൽ ചേർന്നു. ഒടുവിൽ അതിനേക്കാളൊക്കെ ലോകത്തെ പേടിപ്പെടുത്തുന്ന ഐഎസിന് രൂപം നൽകി. ഈ വർഷം ഇറങ്ങിയ വീഡിയോയിൽ, തന്റെ സാമ്രാജ്യം ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കും വ്യാപിച്ചു എന്നദ്ദേഹം വാദിച്ചു. യുഎസ് 2011ൽ ബഗ്ദാദിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ഇപ്പോഴിതാ കൊടുംഭീകരൻ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റിന്റെ സ്ഥിരീകരണവും.

ഐഎസിന്റെ ശക്തി കുറഞ്ഞ സമയത്ത് തന്നെയാണ് തലവന്റെ പതനവും. ഐഎസിന്റെ കീഴിലുള്ള പല സ്ഥലങ്ങളും സ്വതന്ത്രമാക്കി വരുന്നു. 22 പേരുടെ ജീവനെടുത്ത ബ്രിട്ടനിലെ മാഞ്ചസ്റ്റർ അരീന സ്ഫോടനത്തിന്റെ പിന്നിലും അൽ ബഗ്ദാദി ആയിരുന്നു. ഇത് കൂടാതെ സാൻ ബെർണാർഡിനോയിലെ വെടിവെപ്പ്, ഫ്രാൻസിലെയും ജർമ്മനിയിലെയും ആക്രമണങ്ങൾ എന്നിവയൊക്കെയും ഐഎസിന്റെ നേതൃത്വത്തിൽ ആയിരുന്നു. യുഎസ് രണ്ടര കോടി ഡോളർ വിലയിട്ട കൊടുംഭീകരന്റെ അന്ത്യം ലോകത്തിന് സമ്മാനിക്കുന്ന ആശ്വാസം ചെറുതല്ല. എന്നാലും അദേഹത്തിന്റെ മരണത്തോടെ എല്ലാം അവസാനിക്കുന്നുമില്ല. ബഗ്ദാദിയുടെ മരണം സുപ്രധാനമായ നിമിഷമാണെന്നും ഐഎസിനെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved