Videsham

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയവും അറസ്റ്റിലായി. ക്യാന്‍സര്‍ രോഗിയായ ഭാര്യയെ ലണ്ടനില്‍ സന്ദര്‍ശിച്ച ശേഷം ലാഹോറിലെത്തിയപ്പോഴാണ് ഇരുവരെയും നാഷണല്‍ അക്കൗണ്ടബിലിറ്റി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഈ സമയം വിദേശത്തായിരുന്നു ഇവര്‍ തിരികെയെത്തിയതോടെയാണ് പിടിയിലായത്.

അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ട് വര്‍ഷവുമാണ് തടവ്ശിക്ഷ വിധിച്ചിട്ടുള്ളത്. കേസില്‍ ഇരുവരും അപ്പീല്‍ പോകാനാണ് സാധ്യത. ഇരുവരെയും ജയിലിലേക്ക് ഉടന്‍ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നും സൂചനകളുണ്ട്. അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ തങ്ങള്‍ നിരപരാധികളാണെന്ന് നേരത്തെ ഷെരീഫ് വ്യക്തമാക്കിയിരുന്നു.

കേസിന്റെ വിധി പറയുന്ന സമയത്ത് ഇരുവരും ലണ്ടനിലായിരുന്നു. ഉടന്‍ തന്നെ രാജ്യത്തേക്ക് മടങ്ങി വരണമെന്ന് കോടതി ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ആഗോള തലത്തിലുള്ള ഇടപെടലുണ്ടാകണെമെന്ന് ഷെരീഫ് അനുകൂലികള്‍ പറഞ്ഞു. അറസ്റ്റിനെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ട്. ലണ്ടനില്‍ വാങ്ങിച്ച നാല് ആഢംബര ഫ്‌ലാറ്റുകള്‍ക്ക് ആവശ്യമായി പണം ലഭിച്ച സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാതെ വന്നതാണ് ഷെരീഫിന് വിനയായത്.

മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് തമിഴ്നാട് സ്വദേശിയുടേത്. അബുദാബിയിൽ നിന്ന് ഇന്നലെ രാത്രി എയർ ഇന്ത്യാ വിമാനത്തിൽ എത്തിയ വയനാട് അമ്പലവയൽ നരിക്കുണ്ട് അഴീക്കോടൻ ഹരിദാസന്റെ മകൻ നിഥിന്റെ (29) മൃതദേഹമാണ് മാറിപ്പോയത്.
നിഥിന്റെ മൃതദേഹമാണെന്ന് കരുതി ചെന്നൈ സ്വദേശിയുടെ മൃതദേഹം രാവിലെ എട്ടരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് വയനാട്ടിലെ വീട്ടിലേയ്ക്ക് കൊണ്ടുപോയി പെട്ടി തുറന്നുനോക്കിയപ്പോൾ മറ്റൊരു മൃതദേഹമാണ് കണ്ടത്. തുടർന്ന് ബന്ധുക്കൾ അബുദാബിയില്‍ ബന്ധപ്പെട്ടപ്പോൾ നിഥിന്റെ മൃതദേഹം അവിടെ തന്നെയുള്ളതായും പകരം അബുദാബിയിൽ മരിച്ച ചെന്നൈ സ്വദേശിയുടെ മൃതദേഹം കയറ്റി അയച്ചതായും കണ്ടത്തി. ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായിരുന്ന നിഥിനെ കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എംബാം ചെയ്ത മൃതദേഹം ആശുപത്രി അധികൃതർ നാട്ടിലേക്കയച്ചപ്പോൾ മാറിയതാണെന്നാണ് സൂചന. ബത്തേരി ആശുപത്രി മോർച്ചറിയിലുള്ള ചെന്നൈ സ്വദേശിയുടെ മൃതദേഹം ചെന്നൈയിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളതായാണ് വിവരം. അതോടൊപ്പം ഇന്ന് രാത്രി തന്നെ നിഥിന്റെ മൃതദേഹം ചെന്നൈയിലെത്തിക്കാനുള്ള നടപടികളും സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ന‌‌‌ടന്നുവരുന്നു. ചെന്നൈയിൽ നിന്നായിരിക്കും മൃതദേഹം വയനാട്ടിലെത്തിക്കുക.

ലാഹോര്‍: ലണ്ടനില്‍ നിന്നു വീട്ടിലേക്ക് വരുന്ന പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും സ്വീകരിക്കാനുള്ള സംഘം പാകിസ്താനില്‍ തയ്യാറായി. അഴിമതിക്കേസില്‍ പത്തു വര്‍ഷം തടവിന് ശിക്ഷിച്ച ഷെരീഫ് ഉള്‍പ്പെട്ട വിമാനം പാകിസ്താനില്‍ ഇറങ്ങുമ്പോള്‍ തന്നെ കയ്യോടെ പിടികൂടാന്‍ നാഷണല്‍ അക്കൗണ്ടന്‍സി ബ്യൂറോ, (നാബ്) തയ്യാറായി നില്‍ക്കുകയാണ്. ലാഹോറിലെ അലമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇസ്‌ളാമബാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും നാബിന്റെ രണ്ടു ടീമാണ് സജ്ജമായി നില്‍ക്കുന്നത്.

എവിടെ ഇറങ്ങിയാലും പിടികൂടണമെന്ന രീതിയിലാണ് നാബിന്റെ രണ്ടു ടീമുകള്‍ സജ്ജമായിരിക്കുന്നത്. അബുദാബിയില്‍ നിന്നുള്ള വിമാന യാത്രമദ്ധ്യേ തന്നെ ഷെരീഫിനേയും മകള്‍ മറിയം നവാസിനേയും അറസ്റ്റ് ചെയ്‌തേക്കുമെന്നും ഹെലികോപ്റ്ററിലേക്ക് മാറ്റി ജയിലിലേക്ക് കൊണ്ടുപോകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിനെ തുടര്‍ന്നുള്ള അത്യാഹിതങ്ങള്‍ പരിഗണിച്ച് 10,000 അധിക പോലീകാരെയാണ് ലാഹോറില്‍ മാത്രം വിന്യസിപ്പിച്ചിരിക്കുന്നത്. ഡസന്‍ കണക്കിന് ഇടങ്ങളില്‍ നടത്തിയ റെയ്ഡിലൂടെ 144 ന്റെ ലംഘനം ആരോപിച്ച് നവാസ് ഷെരീഫിന്റെ 300 ലധികം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് നേരത്തേ പാക് പോലീസ് പൊക്കിയത്. ഇവരെ 30 ദിവസത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്.

പിഎംഎല്‍-എന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് കടുത്ത ട്രാഫിക് നിയന്ത്രണങ്ങളാണ് ലാഹോറില്‍ എമ്പാടും വരുത്തിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി തന്നെ വിമാനത്താവളങ്ങളിലേക്കുള്ള റോഡുകള്‍ നഗരത്തിലേക്കുള്ള പാതകള്‍ എന്നിവ ട്രാഫിക് പോലീസ് അടച്ചു. അതിനിടയില്‍ ഷെരീഫിന്റെ ഇളയ സഹോദരനും പിഎംഎല്‍-എന്‍ പാര്‍ട്ടിയുടെ നിലവിലെ പ്രസിഡന്റുമായ ഷെഹ്ബാസ് ഷെരീഫാണ് വിമാനത്താവളത്തിലേക്കുള്ള റാലി നയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. റാലിയില്‍ പാര്‍ട്ടി അണികളെ പ്രചോദിപ്പിക്കാന്‍ ഷെരീഫിന്റെ മാതാവും റാലിയില്‍ പങ്കെടുത്തേക്കും.

ശക്തമായ കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിമാനത്താവളത്തില്‍ അധികൃതര്‍ക്ക് ജനസമുദ്രത്തെ തന്നെ നേരിടേണ്ടി വരുമെന്നാണ് അനുജന്‍ ഷെരീഫ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഇടപെടല്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. റാലികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്നാണ് നിയമമെങ്കിലും ഷെഹ്ബാസ് ഷെരീഫ് അനുമതി നേടിയിട്ടില്ല. നവാസ് ഷെരീഫിന്റെ മടങ്ങിവരവില്‍ മാധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടെലിവിഷന്‍ ന്യൂസ് ചാനലുകള്‍ പാകിസ്താന്‍ വാര്‍ത്താ വിതരണ അധികൃതരായ പെംറാ വാര്‍ത്ത കൊടുക്കുന്നതിനെതിരേ കടുത്ത മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ഗ്‌ളാമറസ് ക്രൈമുകള്‍, നീതിന്യായ വിഭാഗം, പാക് സൈന്യം എന്നിവര്‍ക്കെതിരേ വാര്‍ത്ത കൊടുക്കാന്‍ പെംറാ നിയമം അനുസരിച്ച് അനുവാദമില്ല. അതേസമയം മുന്നറിയിപ്പ് കത്തില്‍ പെംറ മുന്‍ പ്രധാനമന്ത്രിയുടെ പേര് നല്‍കിയിട്ടില്ല. എന്നാല്‍ പെംറ മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പുതിയ മുന്നറിയിപ്പ് നവാസ് ഷെരീഫിന്റെ തിരിച്ചുവരവ് വെച്ച് തന്നെയാണെന്ന് വ്യക്തം.

 

തൃശൂര്‍ ചാവക്കാട് വട്ടേക്കാട് മഞ്ഞിയില്‍ ഇര്‍ഷാദ്(50) ആണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഇരുപതിലധികം കൊല്ലമായി പ്രവാസിയാണ്. അല്‍ഖോറിലെ ബന്ധുവീട്ടില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഇര്‍ഷാദിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരികയായിരുന്നു ഖത്തറില്‍ തന്നെ ജോലി ചെയ്യുന്ന അനിയന്‍ രിസാലുദ്ദീന്‍(48). മൃതദേഹം ഇന്നലെ രാത്രിയിലുള്ള ജെറ്റ് എയര്‍വേയ്സില്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഹമദ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു രിസാലുദ്ദീനും സുഹൃത്തുക്കളും. വിമാനത്താവളത്തിലെ പാസ്പോര്‍ട്ട് വിഭാഗത്തില്‍ എത്തിയ ഉടന്‍ രിസാലുദ്ദീന്‍ കുഴഞ്ഞുവീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു.

ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ഖത്തര്‍ പെട്രോളിയത്തിലാണ് രിസാലുദ്ദീന്‍ ജോലി ചെയ്യുന്നത്. ഇര്‍ഷാദിന്റെ മൃതദേഹം നേരത്തേ നിശ്ചയിച്ച പ്രകാരം ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കൂടെയുള്ളവര്‍. കെ.ടി അബ്ദുല്ലയാണ് പിതാവ്. രിസാലുദ്ദീന് ഭാര്യയും നാല് മക്കളുമുണ്ട്. ഇര്‍ഷാദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

താം ലുവാങ് ഗുഹയില്‍നിന്നു ആദ്യം പുറത്തിറങ്ങുന്ന ഭാഗ്യവാനെ നിശ്ചയിക്കുന്നതില്‍ തായ് സര്‍ക്കാരും രക്ഷാപ്രവര്‍ത്തകരും ആശയക്കുഴപ്പത്തിലായിരുന്നു.കുട്ടികള്‍ ഇരുട്ടിനെ മടുത്തു തുടങ്ങിയിരുന്നു, അവര്‍ക്കായി കാത്തിരിക്കുന്ന മാതാപിതാക്കളും അക്ഷമരായിരുന്നു. ഗുഹയിലെ പ്രതികൂല സാഹചര്യം അതിജീവിക്കാന്‍ അധികനാള്‍ കുട്ടികള്‍ക്ക്  കഴിയില്ലെന്നായിരുന്നു ഒരു വിഭാഗം രക്ഷാപ്രവര്‍ത്തകരുടെ നിലപാട്. ആശയക്കുഴപ്പം നീക്കിയത് മുങ്ങല്‍ വിദഗ്ധനായ ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് ഹാരിസ്.  ഏറ്റവും ആരോഗ്യമുള്ള കുട്ടികളെ ആദ്യം പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ അനൗദ്യോഗിക ധാരണയുണ്ടായിരുന്നു. എന്നാല്‍, ഞായറാഴ്ച ഉച്ചയ്ക്ക് ഡോ. ഹാരിസ് കുട്ടികള്‍ക്ക് സമീപമെത്തിയതോടെ പുതിയ രക്ഷാമാര്‍ഗം രൂപപ്പെടുകയായിരുന്നു.

Image result for how to save thai football team

കുട്ടികളെ പുറത്തെത്തിക്കാന്‍ വെള്ളം ഇറങ്ങുംവരെ കാത്തിരിക്കണമെന്ന ഉപദേശം തള്ളാനുള്ള കാരണം ഡോക്ടര്‍ പകര്‍ന്ന ധൈര്യമാണ്. ഓസ്ട്രേലിയയിലെ അഡലെഡ് സ്വദേശിയാണ് ഹാരിസ്(53). അനസ്‌ത്യേഷ്യാ വിദഗ്ധനെന്ന പേരും പെരുമയുമുണ്ട്. 30 വര്‍ഷം മുമ്പാണ് അദ്ദേഹം സാഹസിക നീന്തലിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കുട്ടികളെയും കോച്ചിനെയും പരിശോധിച്ചശേഷം അദ്ദേഹമാണ് പുറത്തിറങ്ങാനുള്ള ക്രമം നിശ്ചയിച്ചത്.  കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ മോണ്‍ഖാലോ ബൂണ്‍പിയാനി (മാര്‍ക്ക് 13) ലാണ് ആദ്യം ഹാരിസിന്റെ കണ്ണു പതിഞ്ഞത്. പ്രജാക് സുതാം, നട്ടാവൂട്ട് തകാസായി(14)… അങ്ങനെ ക്രമം നിശ്ചയിക്കപ്പെട്ടു. പിന്നാലെ പ്രജാക് സുതാമും (നോട്ട് ) വെളിച്ചം കണ്ടു. ആസ്ത്മ മൂലം വലയുന്ന നട്ടാവൂട്ട് തകാസായി (14) ആയിരുന്നു മൂന്നാമന്‍. തകാസായിയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ അര്‍ബുദം മൂലം മകളെ നഷ്ടപ്പെട്ടിരുന്നു. പിപാത് ബോധു(നിക്ക്15)വാണ് ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്.

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഗുഹയില്‍ ശേഷിക്കുന്ന 5 പേരെക്കൂടി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ എട്ട് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ഇനി നാല് കുട്ടികളും കോച്ചും മാത്രമാണ് ഗുഹയ്ക്കുള്ളിലുള്ളത്.

കാലാവസ്ഥ അനുകൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം അത്ര ദുഷ്‌കരമാകില്ലെന്നാണ് കരുതുന്നത്. ബാക്കിയുള്ളവരെക്കൂടി അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തെത്തിക്കാനാണ് ശ്രമം. എന്നാല്‍ ഗുഹയക്കുള്ളില്‍ അടിയൊഴുക്ക് ശക്തമായത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ഇവരുടെ മാനസിക നിലയിലും പ്രശ്‌നങ്ങളില്ല. രണ്ടു കുട്ടികള്‍ക്ക് ന്യുമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് മരുന്നുകള്‍ നല്‍കി. ഒരാഴ്ചയോളം ഇവര്‍ നിരീക്ഷണത്തില്‍ തുടരും.

വടക്കന്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങി കിടക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക്് കത്തെഴുതി. ഭയക്കാനൊന്നുമില്ലെന്നും ഇവിടെ ഞങ്ങള്‍ സുരക്ഷിതരാണെന്നും കുട്ടികള്‍ കത്തില്‍ പറയുന്നു. ഗുഹയില്‍ കുടുങ്ങി കിടക്കുന്ന കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ തീവ്ര ശ്മങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോഴാണ് മാതാപിതാക്കളുടെ കണ്ണുനനയിച്ചു കൊണ്ട് കുട്ടികളുടെ കത്ത്. തായ്ലന്‍ഡ് നാവിക സേനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കുട്ടികളുടെ കത്തുകള്‍ പ്രത്യക്ഷപെട്ടത്.

ഞങ്ങള്‍ ഇപ്പോഴും ആരോഗ്യമുള്ളവരാണ്. ഭയപ്പെടേണ്ടതില്ല. എന്നാല്‍ പുറത്തെത്തിയാല്‍ ടീച്ചര്‍ കൂടുതല്‍ ഹോംവര്‍ക്കുകള്‍ തന്നേക്കരുതെന്നും തമാശയായി ഒരു കുട്ടി കുറിച്ചു. ഗുഹയ്ക്കകത്ത് കയറിയതിനു തങ്ങളെ കുറ്റപ്പെടുത്തരുതെന്നും വഴക്ക് പറയരുതെന്നും പറഞ്ഞ് കത്തില്‍ ചെയ്ത തെറ്റിനു മാപ്പ് ചോദിച്ച് മറ്റൊരു കുട്ടി. എന്നാല്‍ ഫുട്‌ബോള്‍ ടീം കോച്ച് എക്കപോള്‍ ചന്ദോങ് കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമാപണം നടത്തി. ആത്മാര്‍ഥമായി മാതാപിതാക്കളോട് മാപ്പ് പറയുകയാണെന്നും, തനിക്ക് ആവുന്ന വിധത്തിലൊക്കെ കുട്ടികളെ സംരക്ഷിക്കുമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

കുറിപ്പ് പ്രസിദ്ധീകരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ കോച്ചിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തി. തന്റെ ഭക്ഷണം കുട്ടികള്‍ക്ക് പങ്കുവെച്ച് കൊടുക്കുകയും ഒമ്പതു ദിവസത്തോളം കുട്ടികള്‍ക്ക് ആ ഇരുട്ടില്‍ തുണയാവുകയും ചെയ്ത കോച്ചിനെ പലരും അഭിനന്ദിച്ചു. എന്നാല്‍, മഴക്കാലത്ത് കുട്ടിളെ ഗുഹയിലേക്ക് കൊണ്ടുപോയതിന് മറ്റു പലരും വിമര്‍ശിക്കുകയും ചെയ്തു.

അതേസമയം, സംഘത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനായി ഇംഗ്ലണ്ടില്‍ നിന്നുള്ള പ്രത്യേകസംഘം കുട്ടികളോടൊപ്പമുണ്ട്. ഇവര്‍ക്ക് പുറമേ മറ്റ് രക്ഷാപ്രവര്‍ത്തകരും വൈദ്യസംഘവും കുട്ടികള്‍ക്കൊപ്പമുണ്ട്. ഗുഹയ്ക്കുള്ളില്‍ വൈദ്യുതിയും ഫോണ്‍ഇന്റര്‍നെറ്റ് സേവനങ്ങളും എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

മത നേതാവായ ഷോകോ അസഹാരയെയും ആറ് അനുയായികളെയും ജാപ്പനീസ് കോടതിയുടെ ഉത്തരവോടെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തൂക്കിലേറ്റിയത്.

1995 മാര്‍ച്ച് 20നായിരുന്നു രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയ സംഭവം. ഷിന്റിക്യോ മതസ്ഥാപക നേതാവ് ഷോകോ അസഹാരയെയും അനുയായികളും ടോക്യോ ഭൂഗര്‍ഭ തീവണ്ടി പാതയിലായിരുന്നു വിഷവാതക അക്രമണം നടത്തിയത്. ആക്രമണത്തില്‍ 13 പേര്‍ മരിക്കുകയും ആയിരം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. തുളകള്‍ വീണ ബാഗുകളില്‍ വിഷവാതകം നിറച്ച ശേഷമാണ് ഇവര്‍ ആക്രമണം നടത്തിയത്. ട്രെയിനില്‍ നല്ല തിരക്കുള്ള സമയം നോക്കി രാവിലെയായിരുന്നു ആക്രമണം. വിഷവാതകം പ്രവഹിച്ചതോടെ യാത്രക്കാര്‍ക്ക് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് 13 പേരു മരിക്കുകയും ആയിരം പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.

2006ല്‍ ഷിന്റക്യോ നേതാക്കള്‍ക്കു വധശിക്ഷ വിധിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത്. ജപ്പാനില്‍ വധശിക്ഷ പ്രോത്സാഹിപ്പിക്കാത്തതിനാല്‍ ശിക്ഷ നടപ്പിലാക്കുന്നത് പ്രതികളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. തൂക്കിലേറ്റുന്നതിന് കുറച്ച് മണിക്കൂറുകള്‍ മുന്‍പ് മാത്രമാണ് വിവരം അറിയിച്ചത്.

1984 ലാണ് ഓം ഷിന്റക്യോ എന്ന മതത്തിനു രൂപം നല്‍കിയത്. ഹിന്ദു, ബുദ്ധ മതവിശ്വാസങ്ങള്‍ ഒരുമിപ്പിച്ച വിശ്വാസ രീതിയായാിരുന്നു ഇവരുടേത്. അക്രമണം നടക്കുന്ന സമയത്ത് പതിനായിരം അനുയായികള്‍ ജപ്പാനിലും മുപ്പതിനായിരത്തിലധികം പേര്‍ റഷ്യയിലുമുണ്ടായിരുന്നു.

ഷോകോ അസഹാര ചൈനീസ് മെഡിസിന്‍ റീടെയ്‌ലറായും യോഗ പരിശീലകനായും പ്രവര്‍ത്തനമനുഷ്ഠിച്ചിട്ടുണ്ട്. ഇയാള്‍ അന്ധമായി കുട്ടികളില്‍ വര്‍ഗീയ വിഷം കുത്തുവെച്ചിരുന്നു. കൗശലക്കാരനായ നേതാവ് എന്ന കുപ്രസിദ്ധി നേടിയ നേതാവായിരുന്നു ഷോകോ അസഹാര.

വനിതകള്‍ക്ക് ചരിത്രത്തിലാദ്യമായി ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ച സൗദിയില്‍ നിന്നും അശുഭവാര്‍ത്ത. മക്ക സ്വദേശിനിയായ സൽമ അൽ ഷെരീഫ് എന്ന യുവതിയുടെ കാര്‍ അക്രമികള്‍ തീവച്ചുനശിപ്പിച്ചു. തന്റെ പുത്തൻ കാർ അഗ്നിക്കിരയാകുന്നത് വിലപിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രതികളായ രണ്ട് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ പെട്രോൾ കൊണ്ടുവരികയും രണ്ടാമൻ ഇയാളെ സഹായിക്കുകയുമായിരുന്നുവെന്ന് മക്ക അധികൃതർ പറഞ്ഞു.

കാഷ്യറായി ജോലി ചെയ്യുന്ന സൽമയാണു പ്രായമായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പ്രതികൾക്കു പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മക്ക ഗവർണറേറ്റ് വ്യക്തമാക്കി. പ്രശ്നപരിഹാരം ആകുംവരെ യുവതിക്കു വാഹന സൗകര്യം നൽകാനും ചിലർ രംഗത്തെത്തി. വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാർ കഴിഞ്ഞദിവസം പുലർച്ചെയാണ് അക്രമികൾ പെട്രോൾ ഒഴിച്ചു കത്തിച്ചത്.

വാഹനമോടിക്കുന്നതു സംബന്ധിച്ച് അയൽവാസി നേരത്തെ മോശമായി പെരുമാറിയെന്നും ശകാരിച്ചെന്നും സൽമ പറയുന്നു. വാഹനമോടിക്കാൻ തുടങ്ങിയതോടെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കുറഞ്ഞു. നേരത്തെ വരുമാനത്തിന്റെ പകുതിയും ചെലവഴിച്ചിരുന്നതു ഡ്രൈവർക്കു ശമ്പളം കൊടുക്കാനായിരുന്നെന്നും അവർ പറയുന്നു. ശൂറ കൗൺസിൽ വനിതാ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സൽമയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ട്. താൻ ഡ്രൈവിങ് ആരംഭിച്ചതു ഇഷ്ടപ്പെടാത്ത അയൽപക്കത്തെ യുവാക്കള്‍ മനപ്പൂർവം തീ വയ്ക്കുകയായിരുന്നുവെന്ന് സൽമ പൊലീസിൽ പരാതിപ്പെട്ടു.

കാറോടിക്കാൻ തുടങ്ങിയ ആദ്യ ദിനം തൊട്ട് പുരുഷന്മാരിൽ നിന്ന് താൻ പരിഹാസം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.  അതിനിടെ, വാഹനം നഷ്ടമായ സൽമ അൽ ഷരീഫിന് ഏറ്റവും പുതിയ മോഡൽ കാർ വാങ്ങി നൽകുമെന്ന് മക്ക മുനിസിപ്പിൽ കൗൺസിൽ വൈസ് പ്രസിഡന്റ് ഫഹദ് അൽ റൂഖി അറിയിച്ചു.  ജൂൺ 24നായിരുന്നു സൗദിയിൽ വനിതകൾ വാഹനമോടിച്ചു തുടങ്ങിയത്. 120,000 വനിതകൾ ഇതിനകം ഡ്രൈവിങ് ലൈസൻസിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

 

ബാങ്കോക്ക്‌: തായ്‌ലന്‍ഡിലെ താം ലുവാങ്‌ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ പേരില്‍ വീണ്ടും ആശങ്ക. ഗുഹയില്‍ ജീവവായു കുറഞ്ഞതാണു വെല്ലുവിളിയായത്‌. ഒപ്പം, കോച്ച്‌ ഏക്‌പോല്‍ ചന്‍തവോങ്ങിന്റെയും ചില കുട്ടികളുടെയും ആരോഗ്യം മോശമായതായും റിപ്പോര്‍ട്ടുണ്ട്‌.
നായകളുടെ കുരകേട്ടെന്ന കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട്‌ പറഞ്ഞതാണ്‌ ഇടയ്‌ക്കു പ്രതീക്ഷ നല്‍കിയത്‌. ഇതേ തുടര്‍ന്നു പുതിയ രക്ഷാപാത കണ്ടെത്താനുള്ള ശ്രമം ശക്‌തമാക്കിയിരുന്നു. ഗുഹയ്‌ക്കു സമീപം തമ്പടിച്ച മാതാപിതാക്കളില്‍ ചിലര്‍ ആഹ്‌ളാദം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.എന്നാല്‍, ഇന്നലെ വൈകിട്ടോടെ ആശ്വാസം ആശങ്കയ്‌ക്കു വഴിമാറുകയായിരുന്നു.

ഗുഹയ്‌ക്കുള്ളിലെത്തിച്ച ഫോണ്‍ വെള്ളത്തില്‍ നഷ്‌ടമായതാണ്‌ ആദ്യ തിരിച്ചടിയായത്‌. പിന്നാലെ ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച റിപ്പോര്‍ട്ട്‌ വന്നു. തുടര്‍ന്നു ഗുഹയിലേക്ക്‌ ഓക്‌സിജന്‍ പമ്പ്‌ ചെയ്‌തു തുടങ്ങി. മഴ കനത്തതോടെ കുട്ടികളെ പട്ടായ ബീച്ച്‌ എന്നറിയപ്പെടുന്ന മേഖലയില്‍നിന്നു 600 അടി അകലെ കൂടുതല്‍ സുരക്ഷിതമായ മേഖലയിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഏറെ െവെകാതെ കടുത്ത മഴയുണ്ടാകുമെന്ന പ്രവചനവുമുണ്ട്‌. വീണ്ടും മഴ ശക്‌തമാകും മുമ്പ്‌ ഗുഹയില്‍നിന്ന്‌ കുട്ടികളെ രക്ഷിക്കാനാണു ശ്രമം. ഇതിനായി ഗുഹയില്‍നിന്ന്‌ പരമാവധി വെള്ളം പമ്പ്‌ ചെയ്‌തു കളയുന്നുണ്ട്‌. കുട്ടികളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സമയത്തോടുള്ള പോരാട്ടത്തിലാണു തങ്ങളെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

അതേ സമയം, ഗുഹയില്‍ കുടുങ്ങിയവരുമായുള്ള ആശയ വിനിമയം മെച്ചപ്പെടുത്താന്‍ ഇന്റര്‍നെറ്റ്‌ സൗകര്യമെത്തിച്ചു. കഴിഞ്ഞദിവസം ഇതിനായി ഒപ്‌റ്റിക്കല്‍ െഫെബര്‍ കേബിള്‍ സ്‌ഥാപിച്ചെങ്കിലും ഉപകരണം കേടായതിനാല്‍ ശ്രമം പാഴായിരുന്നു.
കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ തായ്‌ നാവികസേനയുടെ ഫെയ്‌സ്‌ബുക്കില്‍ നിരന്തരം പോസ്‌റ്റ്‌ ചെയ്യുന്നുണ്ട്‌. കഴിഞ്ഞ ദിവസം വെള്ളം പമ്പ്‌ ചെയ്‌തുമാറ്റിയതില്‍ വീഴ്‌ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌. പുറത്തേക്ക്‌ പമ്പ്‌ ചെയ്‌ത വെള്ളം രക്ഷാപ്രവര്‍ത്തകര്‍ അബദ്ധത്തില്‍ ഗുഹയുടെ മറ്റൊരു മേഖലയിലേക്കു തിരിച്ചുവിട്ടെന്നാണു കണ്ടെത്തല്‍. ഇതേത്തുടര്‍ന്നു ഗുഹയിലെ ജലനിരപ്പ്‌ താഴ്‌ത്താന്‍ പ്രയാസമാണെന്ന വിലയിരുത്തലില്‍ രക്ഷാപ്രവര്‍ത്തകരെത്തിയിരുന്നു. അബദ്ധം തിരിച്ചറിഞ്ഞതോടെ വെള്ളം പമ്പ്‌ ചെയ്‌തു നീക്കി കുട്ടികളെ പുറത്തെത്തിക്കുന്ന സാധ്യത വീണ്ടും പരിശോധിക്കുന്നുണ്ട്‌.

ആവശ്യത്തിനു ഭക്ഷണവും മരുന്നും കുടിവെള്ളവും കുട്ടികള്‍ക്ക്‌ എത്തിച്ചിട്ടുണ്ട്‌. വലിയ മോട്ടോറുകള്‍ ഉപയോഗിച്ച്‌ തുടര്‍ച്ചയായി വെള്ളം പമ്പ്‌ ചെയ്യുന്നതിനാല്‍ ഗുഹയിലെ ജലനിരപ്പ്‌ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്‌. ഗുഹാമുഖത്തുനിന്ന്‌ നാലു കിലോമീറ്റര്‍ ഉള്ളിലായാണു കുട്ടികള്‍ ഇപ്പോഴുള്ളത്‌. ഇവിടേക്കുള്ള വഴിയില്‍ പലയിടത്തും വലിയ കുഴികളും വെള്ളക്കെട്ടും ചെളിക്കുഴികളുമുണ്ട്‌. ഇതുവഴി മുങ്ങല്‍ വിദഗ്‌ധര്‍ക്കുപോലും കടന്നുപോവുക പ്രയാസകരമാണ്‌. ഗുഹയിലെ വെള്ളം കുറയ്‌ക്കുന്നത്‌ ശ്രമകരമാണെന്നും കുട്ടികളെ പുറത്തെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗവും തേടുമെന്നും ചിയാങ്‌ റായ്‌ പ്രവിശ്യാ ഗവര്‍ണര്‍ നരോങ്‌സാക്‌ ഒസ്‌താനകോണ്‍ പറഞ്ഞു. ഗുഹയ്‌ക്കു മുകളിലെ മല തുരന്ന്‌ തുരങ്കമുണ്ടാക്കി അതുവഴി കുട്ടികളെ പുറത്തെത്തിക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്‌.

നായകളുടെ കുരകേട്ടെന്ന കുട്ടികളുടെ വാദം ഈ സാധ്യത സജീവമാക്കി. എന്നാല്‍, മഴക്കാലമായതിനാല്‍ മലയിടിയാനുള്ള സാധ്യത ഈ ശ്രമങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്‌. ഏകദേശം പത്തു കിലോമീറ്റര്‍ നീളമുണ്ട്‌ താം ലവാങ്‌ ഗുഹയ്‌ക്ക്‌. ഇവയില്‍ ഏറെ ഭാഗവും ഇന്നേവരെ മനുഷ്യരാരും കടന്നു ചെല്ലാത്തതാണ്‌. അതിനാല്‍ത്തന്നെ ഗുഹാന്തര്‍ഭാഗത്തെ ഘടന എന്താണെന്നറിയാത്തതു രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്‌.
കുട്ടികളെ നീന്തല്‍ പഠിപ്പിച്ചു പുറത്തുകൊണ്ടുവരാന്‍ ശ്രമം നടന്നെങ്കിലും ഇതിന്‌ അമേരിക്കയില്‍നിന്നുള്ള വിദഗ്‌ധര്‍ എതിരാണ്‌.

RECENT POSTS
Copyright © . All rights reserved