യു.എ.എയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ടോജോ മാത്യു നാട്ടിലേക്ക് മടങ്ങിയത് 13 കോടിയുടെ ഭാഗ്യവുമായി. ഡൽഹിയിൽ ഭാര്യയുമായി നിൽക്കുമ്പോഴാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 13 കോടിയിലേറെ രൂപ(ഏഴ് ലക്ഷം ദിർഹം) സമ്മാനം ലഭിച്ചെന്ന വിവരം ടോജോ അറിയുന്നത്.
സഹോദരൻ ടിറ്റോ മാത്യുവടക്കം 18 പേരുമായി ചേർന്നാണ് ടോജോ ടിക്കറ്റെടുക്കുന്നത്. ജ്യേഷ്ഠൻ ടിറ്റോയ്ക്കാണ് സമ്മാനം ലഭിച്ച വിവരം ആദ്യം ലഭിച്ചത്. അദ്ദേഹം ഉടൻ ടോജോയെ അറിയിക്കുകയായിരുന്നു. വർഷങ്ങളോളം അബുദാബിയിൽ സിവിൽ സൂപ്പർവൈസറായ 30കാരൻ സമ്മാനം ഏറ്റുവാങ്ങാനായി വീണ്ടും യു.എ.ഇയിലെത്തും. ടോജോയുടെ ഭാര്യ മിനു ഡൽഹിയിൽ നഴ്സാണ്.
വെയില്‍സ്: 1970കളില്‍ ബാല പീഡനം മറച്ചുവെച്ചതിന് കത്തോലിക്കാ ആര്‍ച്ച് ബിഷപ്പിന് ഒരുവര്‍ഷത്തെ തടവ്. അഡ്‌ലെയ്ഡിലെ ആര്‍ച്ച് ബിഷപ്പായ ഫിലിപ്പ് വില്‍സണാണ് ശിക്ഷിക്കപ്പെട്ടത്.
ന്യൂ സൗത്ത് വെയില്‍സിലെ പീഡോഫൈല്‍ പുരോഹിതന്റെ ബാലപീഡനങ്ങള്‍ മറച്ചുവെച്ചതിന് വില്‍സണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞമാസം കോടതി കണ്ടെത്തിയിരുന്നു. വില്‍സണെ വീട്ടുതടങ്കലില്‍ വെയ്ക്കാനാണ് ചൊവ്വാഴ്ച കോടതി ഉത്തരവിട്ടിരിക്കുന്നത്.
കുറ്റകൃത്യത്തില്‍ ഇയാള്‍ക്ക് തെല്ലും പശ്ചാത്താപമോ കുറ്റബോധമോ ഇല്ലെന്ന് മജിസ്‌ട്രേറ്റ് റോബേര്‍ട്ട് സ്‌റ്റോണ്‍ നിരീക്ഷിച്ചു. ആറുമാസത്തിനുശേഷം മാത്രമേ ഇദ്ദേഹത്തിന് പരോളിന് അര്‍ഹതയുണ്ടായിരിക്കൂവെന്നും കോടതി വ്യക്തമാക്കി.
കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടും അദ്ദേഹം ആര്‍ച്ച്ബിഷപ്പ് സ്ഥാനം രാജിവെച്ചിട്ടില്ല.
അള്‍ത്താരയിലെ കുട്ടികളെ സഹപ്രവര്‍ത്തകനായ ജെയിംസ് പാട്രിക് ഫ്‌ളച്ചര്‍ പീഡിപ്പിക്കുന്ന കാര്യം അറിഞ്ഞിട്ടും അദ്ദേഹം റിപ്പോര്‍ട്ടു ചെയ്തില്ലെന്ന് മെയ്യില്‍ കോടതി കണ്ടെത്തിയിരുന്നു. സഭയുടെ പേരിന് കളങ്കമുണ്ടാക്കുമെന്ന് പറഞ്ഞ് കുട്ടികളുടെ പരാതിയെ അദ്ദേഹം അവഗണിക്കുകയാണുണ്ടായതെന്നും മജിസ്‌ട്രേറ്റ് നിരീക്ഷിച്ചു.
2004ലാണ് ഒമ്പതു കുട്ടികളെ പീഡിപ്പിച്ചെന്ന കേസില്‍ ഫ്‌ളച്ചറെ ശിക്ഷിക്കുന്നത്. രണ്ടുവര്‍ഷത്തിനുശേഷം ജയിലില്‍വെച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു.
ഫ്‌ളച്ചറിന്റെ പ്രവൃത്തികളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് വില്‍സണ്‍ വിചാരണയ്ക്കിടെ പറഞ്ഞത്. എന്നാല്‍ 1976ല്‍ തന്നെ പീഡനവുമായി ബന്ധപ്പെട്ട കാര്യം വിശദമായി വില്‍സണിനെ അറിയിച്ചിരുന്നുവെന്ന് ഇരകളില്‍ ഒരാളായിരുന്ന പീറ്റര്‍ ക്രിഗ് മൊഴി നല്‍കി. ആ സംഭാഷണം തനിക്ക് ഓര്‍മ്മയില്ലെന്നാണ് വില്‍സണ്‍ പറഞ്ഞത്.
മറ്റൊരു ഇര നല്‍കിയ മൊഴി പ്രകാരം വില്‍സണോട് പീഡനകാര്യം പറഞ്ഞപ്പോള്‍ താന്‍ കള്ളം പറയുകയാണെന്ന് പറഞ്ഞ് തള്ളുകയാണുണ്ടായതെന്നാണ്. ശിക്ഷയെന്ന നിലയില്‍ തന്നോട് പത്തുതവണ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ദേശിക്കുകയും ചെയ്‌തെന്ന് അദ്ദേഹം മൊഴി നല്‍കി.
കുവൈത്തിൽ നിയമലംഘനം കാരണം നാടുകടത്തപ്പെട്ട വിദേശികളിൽ കൂടുതൽപേരും ഇന്ത്യക്കാരെന്ന് സർക്കാർ റിപ്പോർട്ട്. കഴിഞ്ഞ ആറുമാസത്തിനിടെ നാടുകടത്തിയ എണ്ണായിരത്തിഅഞ്ഞൂറ്റിഅൻപത്തിരണ്ട് വിദേശികളിൽ രണ്ടായിരത്തിഒരുന്നൂറ്റിനാൽപ്പത്തിയേഴ് പേരും ഇന്ത്യക്കാരാണ്.
നിയമലംഘനങ്ങൾക്ക് പിടിയിലായവർ, വിവിധ കേസുകളിൽ കോടതി വിധി പ്രകാരം നാടുകടത്തൽ വിധിക്കപ്പെട്ടവർ തുടങ്ങിയവരെയാണ് രാജ്യത്ത് നിന്നും പറഞ്ഞുവിട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ നാടുകടത്തിയ ആയിരത്തിഎൺപത്തിനാല് വിദേശികളിൽ ഇരുന്നൂറ്റിനാൽപ്പത്തിയെട്ട് പേർ ഇന്ത്യക്കാരാണ്. സ്വകര്യവൽക്കരണം ശക്തമാക്കുന്നതിനിടെ മൂന്നുവർഷത്തിനിടെ 9,13000 വിദേശികളാണ് കുവൈത്തിൽ ജോലി തേടിയെത്തിയത്. മലേരിയ, ഹെപറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുള്ള ആയിരക്കണക്കിന് ആളുകൾക്ക് കമ്പനികൾ ആരോഗ്യക്ഷമതാ സർട്ടിഫിക്കറ്റ് നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, കുവൈത്തിലേക്ക് എത്താനുള്ളവർക്കായി ഇന്ത്യ അടക്കം വിവിധ ജ്യങ്ങളിൽ നടത്തുന്ന വൈദ്യപരിശോധന തൃപ്തികരമെന്ന് സർക്കാർ വ്യക്തമാക്കി.
പാരീസ്: ജയില്‍ കവാടത്തില്‍ ചെറിയ ബഹളം. നിമിഷങ്ങള്‍ക്കുള്ളില്‍ ജയില്‍ വളപ്പില്‍ പറന്നിറങ്ങിയ ഹെലികോപ്‌റ്റര്‍. പാരീസിലെ റോ ജയിലിലെ സുരക്ഷാ ജീവനക്കാര്‍ പിന്നെ കാണുന്നത് ഒരു വിജയിയെപ്പോലെ ഹെലികോപ്‌റ്ററില്‍ പറന്നുപോകുന്ന റെഡോണ്‍ ഫെയ്‌ദിനെ… ഹോളിവുഡ് സിനിമകളെ വെല്ലുന്ന ജയില്‍ച്ചാട്ടം ആസൂത്രണം ചെയ്‌തത് കുപ്രസിദ്ധ കുറ്റവാളി റെഡോണ്‍ ഫെയ്‌ദും(46) സംഘവും. 25 വര്‍ഷത്തെ ജയില്‍ശിക്ഷയാണു റെഡോണിന് അനുഭവിക്കാനുള്ളത്. ഇയാളെ പിടികൂടാന്‍ പരക്കം പായുകയാണു പാരീസിലെ പോലീസ്.
ബാങ്ക് കൊള്ള, കൊലപാതകം… ഇങ്ങനെ നിരവധിക്കേസുകളുണ്ട് റെഡോണിന്റെ പേരില്‍. 2013 വരെ ഫ്രാന്‍സിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയായിരുന്നു ഇയാള്‍.
പ്രാദേശിക സമയം ഇന്നലെ രാവിലെ 11.30 നാണു റെഡോണിന്റെ “ഓപ്പറേഷന്‍” തുടങ്ങിയത്. ഈ സമയം, അയാള്‍ ജയിലിലെ സന്ദര്‍ശകരുടെ മുറിയിലായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് വേഷത്തില്‍ കലാഷ്‌ണിക്കോവ് റൈഫിളുകളുമായി അനുയായികള്‍ ജയില്‍ കവാടത്തിലെത്തി. ഇവിടെ തര്‍ക്കവും ബഹളവും നടക്കുന്നതിനിടെയാണു ഹെലികോപ്‌റ്റര്‍ ജയില്‍വളപ്പില്‍ ഇറങ്ങിയത്.
സായുധ സംഘം നിമിഷങ്ങള്‍ക്കുള്ളില്‍ റെഡോണെ ഹെലികോപ്‌റ്ററിലേക്കു മാറ്റി. ജയിലില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ ഗാര്‍ജസ് ലെസ് ഗാനസിലാണു ഹെലികോപ്‌റ്റര്‍ ഇറങ്ങിയത്. ഇവിടെ കാത്തിരുന്ന കാറില്‍ റെഡോണ്‍ “അപ്രത്യക്ഷമായി”. ഹെലികോപ്‌റ്റര്‍ ഇന്‍സ്‌ട്രക്‌ടര്‍ കൂടിയായിരുന്നു പൈലറ്റ്. ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കാനുള്ള ഒരുക്കത്തിനിടെയാണു റെഡോണിന്റെ അനുയായികള്‍ ബന്ദിയാക്കിയതെന്നാണു റിപ്പോര്‍ട്ട്. റെഡോണ്‍ രക്ഷപ്പെട്ടശേഷം പൈലറ്റിനെ മോചിപ്പിച്ചു. ഹോളിവുഡ് ചലച്ചിത്രങ്ങളായ “ഹീറ്റ്”, “സ്‌കാര്‍ഫേസ്” എന്നിവയാണു തന്റെ മോഷണങ്ങള്‍ക്ക് പ്രചോദനമായതെന്നു റെഡോണ്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. രണ്ടു പുസ്‌തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
2010 മേയില്‍ നടത്തിയ കൊള്ളയുടെ പേരിലാണു റെഡോണ്‍ ജയിലിലായത്. മോഷണ ശ്രമത്തിനിടെ ഇയാളുടെ വെടിയേറ്റ് ഒരു പോലീസുകാരിയും കൊല്ലപ്പെട്ടു.
1990 കളില്‍ ആഭരണകൊള്ളകളിലൂടെയാണ് ഇയാള്‍ പോലീസിന്റെ കണ്ണില്‍പ്പെട്ടത്. ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ പലതവണ ഇസ്രയേലിലേക്കും അള്‍ജീരിയയിലേക്കും മുങ്ങി. 2013 ലായിരുന്നു റെഡോണിന്റെ ആദ്യ ജയില്‍ച്ചാട്ടം. ഡൈനമിറ്റ് ഉപയോഗിച്ചു ജയില്‍ഭിത്തി തകര്‍ത്താണ് അന്നു രക്ഷപ്പെട്ടത്. എന്നാല്‍, ആറ് ആഴ്‌ചയ്‌ക്കകം പോലീസ് പിടിയിലായി.
വാഷിങ്ടൻ∙ മെരിലാൻഡിന്റെ തലസ്ഥാനമായ അനാപൊളിസിലെ മാധ്യമ സ്ഥാപനത്തിൽ വെടിവയ്പ്. അഞ്ചു പേർ കൊല്ലപ്പെട്ടെന്നു വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ക്യാപിറ്റൽ ഗസറ്റ് ദിനപത്രത്തിന്റെ ഓഫിസിൽ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവയ്പുണ്ടായത്. അനാപൊളിസിലെ 888 ബെസ്റ്റ്ഗേറ്റ് റോഡിലാണു ക്യാപിറ്റൽ ഗസറ്റിന്റെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം. ഇതു പൂർണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിവരം അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.
വെടിവയ്പിനു പിന്നിൽ പ്രവർത്തിച്ചയാൾ പിടിയിലായെന്നു ‘ഫോക്സ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ന്യൂസ് റൂമിലേക്കു കയറിയ ഇയാൾ ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ക്യാപിറ്റൽ ഗസറ്റിലെ റിപ്പോർട്ടർ ഫിൽ ഡേവിസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
ആരെല്ലാം മരിച്ചുവെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ വെടിവയ്പ് ഏറെ ഭീകരമാണെന്നും ഫിൽ ഡേവിസ് ട്വീറ്റ് ചെയ്തു. ഒരു റൗണ്ട് വെടിയുതിർത്ത ശേഷം വീണ്ടും തോക്കു നിറച്ചായിരുന്നു അക്രമിയുടെ വെടിവയ്പെന്നും ഫിൽ കുറിച്ചു. ഓഫിസിനകത്ത് യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു. പാതിവഴിയിൽ അക്രമി വെടിവയ്പു നിർത്തിയതു കൊണ്ടാണ് താനുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതെന്നും ഫിൽ പൊലീസിനോടു പറഞ്ഞു.
പ്രദേശത്തേക്കു വരരുതെന്ന് പൊതുജനങ്ങള്‍ക്കും പൊലീസിന്റെ നിർദേശമുണ്ട്. കെട്ടിടത്തിൽ നിന്നു ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഫോടക വസ്തു ആണിതെന്ന സംശയത്തിൽ ബോംബ് സ്ക്വാഡും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.
‘ദ് ബാൾട്ടിമോർ സൺ’ പത്രസ്ഥാപനത്തിന്റെ കീഴിലാണു ക്യാപിറ്റൽ ഗസറ്റിന്റെ പ്രവർത്തനം.
സൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച ആദ്യ ഇന്ത്യാക്കാരിയെന്ന നേട്ടത്തിന് ഉടമയായി മലയാളി നഴ്‌സ്. പത്തനംതിട്ട കുമ്പഴ പുതുപ്പറമ്പില്‍ മാത്യു.ടി.തോമസിന്റെ ഭാര്യ സാറാമ്മ തോമസാണ് (34) ഈ നേട്ടത്തിന് അര്‍ഹയായി മാറിയത്. ഇന്നലെയാണ് സാറാമ്മയ്ക്ക് ലൈസന്‍സ് ലഭിച്ചത്. ഒമ്പത് വര്‍ഷമായി സൗദി ദമാം ജുബൈല്‍ കിങ് അബ്ദുള്‍ അസീസ് നേവല്‍ ബേസ് മിലിട്ടറി ആശുപത്രിയില്‍ നഴ്‌സായി സേവനം അനുഷ്ഠിക്കുകയാണ് സാറാമ്മ.
ഈ മാസം 24 നാണ് സൗദിയില്‍ വനിതകളുടെ ഡ്രൈവിങ് വിലക്കിന് ഔചാരികമായി അന്ത്യം കുറിച്ചത്. കാലങ്ങളായി പല കോണുകളില്‍ നിന്നും ആവശ്യമയുര്‍ന്ന തീരുമാനമാണ് ജൂണ്‍ 24ന് സൗദി യഥാര്‍ത്ഥ്യമാക്കിയത്. അധ്യാപികമാരുടെ വാഹനങ്ങള്‍, സ്ത്രീകളുള്ള ടാക്സികള്‍, പെണ്‍കുട്ടികളുടെ സ്‌കൂള്‍ ബസുകള്‍ തുടങ്ങിയവ ഓടിക്കുന്നതിന് വനിതകള്‍ക്ക് രാജ്യം അനുമതി നല്‍കിയിട്ടുണ്ട്. ഇതോടെ സൗദിയില്‍ കാര്‍ റെന്റല്‍ സര്‍വീസുകള്‍ നടത്താനും വനിതകള്‍ക്ക് സാധ്യമായി.
രാജ്യത്ത് പ്രൈവറ്റ് ലൈസന്‍സ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിനും 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 17 വയസ് പ്രായമുള്ളവര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയില്ലാത്ത താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും. ഡ്രൈവിംഗ് ലൈസന്‍സുകളില്‍ ഉടമകളുടെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ വ്യവസ്ഥകള്‍ തന്നെയായിരിക്കും വനിതകള്‍ക്കും ബാധകമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് കൂടാതെ സൗദി ലൈസന്‍സ് അനുവദിച്ചിരുന്നു. എന്നാല്‍ വിദേശ ലൈസന്‍സിന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ളതും കാലാവധിയുള്ളതുമായിരിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വാഹന പരിശീലനത്തിന് രാജ്യത്തെ സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയിട്ടുണ്ട്.
സൗദി രാജാവ് സല്‍മാന്‍ 2017 സെപ്തംബര്‍ 27-ന് രാജകല്‍പനയിലുടെയാണ് വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി നല്‍കുന്ന ചരിത്രം തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് നിലവില്‍ വനിതകള്‍ക്ക് ഡ്രൈവിംഗില്‍ പരിശീലനം നല്‍കുന്ന അഞ്ച് കേന്ദ്രങ്ങളാനുള്ളത്. വിദേശത്ത് നിന്നും ഡ്രൈവിംഗില്‍ ലൈസന്‍സ് നേടിയ സൗദി വനിതകളാണ് ഇവിടെ അധ്യാപികമാരായി ജോലി ചെയുന്നത്.
വടക്കൻ തായ്ലൻഡിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ യൂത്ത് ഫുട്ബോൾ ടീമിനെ കണ്ടെത്താനുള്ള ശ്രമം രണ്ടാം ദിവസവും ഫലപ്രദമായില്ല. ബാങ്കോക്കിലെ ചിയാംഗ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആൺകുട്ടികളും പരിശീലകനും കുടുങ്ങിക്കിടക്കുന്നത്. ഇവർ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ശനിയാഴ്ച വൈകുന്നേരം ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴമൂലം ഗുഹാമുഖത്തു മണ്ണും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ നീന്തൽ വിദഗ്ധരുടെ സഹായം തേടിയിരുന്നു.
വാഷിങ്ടണ്‍: ഉത്തരകൊറിയയും അമേരിക്കയും തമ്മില്‍ നടന്ന ചരിത്രപരമായ സമാധാന ചര്‍ച്ചകള്‍ വിജയമായിരുന്നില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയ ഇപ്പോഴും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം ഉത്തരകൊറിയന്‍ ഭീഷണി പൂര്‍ണമായും അകന്നതായി ട്വീറ്റ് ചെയ്ത ട്രംപ് എന്നാല്‍ ഒരാഴ്ച്ചയ്ക്ക് ശേഷം തീരുമാനം മാറ്റുകയായിരുന്നു.
ആണായുധം പൂര്‍ണമായും തുടച്ചു നീക്കുന്നത് വരെ ഉത്തരകൊറിയന്‍ ഭീഷണി തുടരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നു. നിലവില്‍ കിം ഭരണകൂടത്തിന് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു. ഉത്തര കൊറിയയുടെ ആണവായുധ ശേഖരം രാജ്യത്തിന് കടുത്ത ഭീഷണിയാണ് അതുകൊണ്ടാണ് ഉപരോധം തുടരാന്‍ തീരുമാനിച്ചതെന്നും ട്രംപ് വിശദീകരിച്ചു.
ലോകജനത ഏറെ പ്രതീക്ഷയോടെ നോക്കികണ്ട സമാധാന ചര്‍ച്ചയായിരുന്നു കിം ട്രംപ് കൂടിക്കാഴ്ച്ച. ചര്‍ച്ചകള്‍ വിജയകരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ പ്രസ്താവന ഇക്കര്യത്തില്‍ അനിശ്ചിതാവസ്ഥ തുടരുന്നതായി സൂചിപ്പിക്കുന്നു. ഇനി ഉത്തര കൊറിയയില്‍നിന്ന് ആണവ ഭീഷണിയില്ല, സമാധാനമായി ഉറങ്ങി കൊള്ളൂ എന്നാണ് ട്രംപ് ജൂണ്‍ 13-ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഒരാഴ്ച്ച തികയും മുന്‍പ് അദ്ദേഹം വാക്ക് മാറ്റി പറയുകയായിരുന്നു.
ഇതെന്ത് പ്രതിഭാസം ! ചൈനയിൽ വിചിത്രമഴ പെയ്തു. ഒപ്പം പെയ്തിറങ്ങിയത് നീരാളികളും നക്ഷത്ര മത്സ്യവും. കാര്യം പറയാനാകാതെ കാലാവസ്ഥാ വിഭാഗവും. കുറച്ചു ദിവസമായി പ്രദേശത്തു കടുത്ത കാറ്റും മഴയുമുണ്ടായിരുന്നു. മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് നീരാളിയും നക്ഷത്രമത്സ്യങ്ങളും കടൽപ്പന്നിയും ഞണ്ടുമുൾപ്പെടെ നിരവധി കടൽ ജീവികളുമൊക്കെയാണ്. ഇതുകണ്ട് ജനങ്ങളാകെ പരിഭ്രമത്തിലായി.
യാഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് പറയാനാകില്ലെങ്കിലും വാട്ടർ സ്പൗട്ട് പ്രതിഭാസമാകാം ഇതെന്നാണ് വിലയിരുത്തൽ. പ്രത്യേകതരം മർദത്തെത്തുടർന്ന് കടൽജലത്തോടൊപ്പം കടൽജീവികൾ ആകാശത്തേക്കു വലിച്ചെടുക്കപ്പെടുകയും കൊടുങ്കാറ്റിൽ ഇവ തീരത്തു പെയ്തിറങ്ങിയെന്നുമാണ് ഇപ്പോഴത്തെ നിഗമനം. നേരത്തെ മെക്സിക്കോയിലുണ്ടായ ഇത്തരം പ്രതിഭാസത്തിൽ നിരവധി മത്സ്യങ്ങൾ മഴയ്ക്കൊപ്പം ഭൂമിയിൽ പതിച്ചിരുന്നു. മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്.
വാട്ടർ സ്പൗട്ടിനെ ആനക്കാൽ പ്രതിഭാസമെന്നും പറയാറുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിൽ മേഘപാളി പ്രത്യക്ഷപ്പെട്ട് പ്രതിഭാസം രൂപപെടുന്ന സമയത്തു കടല്‍ ജീവികളെ വെള്ളത്തോടൊപ്പം ഉള്ളിലേക്ക് വലിച്ചെടുത്ത് മഴയായി പെയ്യുകയും ചെയ്യും. ചൈനയിലെ തീരദേശ നഗരമായ ക്വിങ്ഡാവോയിലാണ് കഴിഞ്ഞ ദിവസം ഇങ്ങനെയൊരു സംഭവുണ്ടായത്. കൂറ്റൻ നീരാളികൾ വീണ് പലരുടേയും കാറിന്റെ ചില്ലുകൾ തവിടുപൊടിയായി. വിഡിയോ കാണാം.
ന്യൂസ് ഡെസ്ക്
പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായി. ജർമ്മൻ പോലീസാണ് സിഇഒയെ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡീസൽഗേറ്റ് സ്കാൻഡലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വോക്സ് വാഗണിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായിരിക്കുന്നത്.
2015ൽ ആണ് ഡീസൽ എമിഷൻ സ്കാൻഡൽ പുറം ലോകമറിയുന്നത്. യുഎസിലെ എമിഷൻ ടെസ്റ്റിനെ മറികടക്കുന്നതിനായി ഇല്ലീഗൽ സോഫ്റ്റ് വെയർ കാറിൽ സജ്ജീകരിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. യുകെയിലെ 1.2 മില്യണടക്കം 11 മില്യൺ കാറുകളിൽ ഈ സംവിധാനം നിയമപരമല്ലാതെ ഘടിപ്പിച്ചിരുന്നു. ഔഡി ഡിവിഷന്റെ മേധാവിയായ റൂപർട്ട് സ്റ്റാഡ്ലർ 1997 മുതൽ വോക്സ് വാഗന്റെ മാനേജിംഗ് ടീമിലുണ്ട്. വോക്സ് വാഗന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായത്.