സിംഗപ്പൂരില്‍ വെച്ച് നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എന്നിവരുടെ കൂടിക്കാഴ്ചയും സമാധാനക്കരാര്‍ രൂപീകരണവും ലോകത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സൂചന. സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിന് കിം സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഉത്തര കൊറിയക്ക് ഇക്കാര്യത്തില്‍ എല്ലാ സുരക്ഷയും ട്രംപ് വാഗ്ദാനം നല്‍കുകയും ചെയ്തു. ഇന്നലെ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയില്‍ തങ്ങള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം ഉരുത്തിരിഞ്ഞതായാണ് ട്രംപ് പറഞ്ഞത്. കിമ്മിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് പറഞ്ഞു. ഭൂതകാലം പിന്നില്‍ ഉപേക്ഷിക്കാനും അമേരിക്കയുമായി പുതിയ ബന്ധത്തിന്റെ അദ്ധ്യായം തുറക്കാമെന്നുമാണ് കിം പറഞ്ഞത്.
ഇതിലൂടെ ലോകം വലിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും കിം വ്യക്തമാക്കി. കാപ്പെല്ല ഹോട്ടലില്‍ വെച്ച് ഇവര്‍ ഒപ്പുവെച്ച സമാധാന കരാറിന്റെ വിശദ വിവരങ്ങള്‍ പുറത്തു വിട്ടില്ലെങ്കിലും ട്രംപ് പ്രദര്‍ശിപ്പിച്ച കോപ്പിയില്‍ നിന്ന് ന്യൂസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിവരങ്ങള്‍ ലഭിച്ചു കൊറിയയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തേക്കുറിച്ച് കരാറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നാലര മണിക്കൂറിലേറെ നീണ്ടു.
ട്രംപിനൊപ്പം വിദേശകാര്യ സെക്രട്ടറി പോംപെയോ, സെക്കന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ് ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോഹ് ഹോ, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി പ്രതിനിധി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, വിദേശകാര്യ സെക്രട്ടറി ചോ സോന്‍ ഹുയി എന്നിവരായിരുന്നു കൊറിയന്‍ സംഘത്തിലുണ്ടായിരുന്നത്.
ന്യൂദല്‍ഹി: ഇന്ത്യ – മ്യാന്‍മര്‍ 17-ാം വിദേശകാര്യ സമ്മേളനത്തില്‍ മ്യാന്‍മറില്‍ നിന്നും പലായനം ചെയ്ത റോഹിംഗ്യകളുടെ തിരിച്ചുവരവും ചര്‍ച്ചാവിഷയമായി. റോഹിംഗ്യസമൂഹം ഏറ്റവും കൂടുതലായി അധിവസിച്ചിരുന്ന റഖിന്‍ പ്രവിശ്യയുടെ ഇന്നത്തെ അവസ്ഥയെകുറിച്ചും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും മ്യാന്‍മര്‍ വിദേശകാര്യ സെക്രട്ടറി യു മിന്‍ത് തുവും തമ്മില്‍ നടന്ന കൂടിയാലോചനയില്‍ വ്യാപാര വാണിജ്യ ബന്ധങ്ങള്‍, അതിര്‍ത്തി വിഷയങ്ങള്‍, വികസന മേഖലയിലെ സഹകരണം എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഉഭയകക്ഷി ബന്ധം വിശകലനം ചെയ്യുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട.
കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ മ്യാന്‍മര്‍ സന്ദര്‍ശനത്തിലും റോഹിംഗ്യകളുടെ മടങ്ങിവരവ് ചര്‍ച്ചാവിഷയമായിരുന്നു. റഖിന്‍ പ്രവിശ്യയുടെ വികസനത്തില്‍ ഇന്ത്യയുടെ പങ്കാളിത്തവും വാഗ്ദാനം ചെയ്തിരുന്നു. ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിംഗ്യകളുടെ മടങ്ങിവരവാണ് ഇപ്പോള്‍ ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യുന്ന വിഷയം.
മ്യാന്‍മാര്‍ മിലിട്ടറി ചെക്ക്പോസ്റ്റുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്, 2017 ആഗസ്റ്റില്‍ മ്യാന്‍മര്‍ പട്ടാളം ശക്തമായ രീതിയില്‍ റാഖിനില്‍ ആക്രമണം നടത്തിയിരുന്നു. 7,00,000 റോഹിംഗ്യകളായിരുന്നു അന്ന് ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടത്. മ്യാന്‍മര്‍ ഇവര്‍ക്ക് പൗരത്വം നിഷേധിച്ചിരുന്നു. ഗവണ്‍മെന്റിന്റെ സുരക്ഷാസേനകളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതായി ആരോപണങ്ങളും റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. മുസ്ലിം ന്യൂനപക്ഷ സമൂഹമായ റോഹിംഗ്യകളുടെ നേരെ നടന്ന ഈ ആക്രമണത്തെ ‘വംശീയ ശുദ്ധീകരണം’ എന്നു പറഞ്ഞുകൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന അപലപിച്ചത്.
റോഹിംഗ്യകളെ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള കരാറില്‍ മ്യാന്‍മര്‍ ബംഗ്ലാദേശുമായി ഒപ്പുവെച്ചിരുന്നു. പക്ഷെ ഐക്യരാഷ്ട്ര സംഘടന റാഖിനില്‍ നടത്തിയ സന്ദര്‍ശത്തിനുശേഷം റാഖിന്‍ സുരക്ഷിതമോ താമസയോഗ്യമോ അല്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേര്‍ മാത്രമാണ് അന്ന് മ്യാന്‍മറിലേക്ക് തിരിച്ചെത്തിയത്.
ഇന്ത്യയില്‍ 40,000ത്തോളം റോഹിംഗ്യകളുണ്ടെന്നാണ് കണക്കുകള്‍. പല സമയങ്ങളിലായി മ്യാന്‍മറില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തിയ ഇവരെ, 2017 ആഗസ്റ്റില്‍ കേന്ദ്രം മടക്കി അയക്കുന്നതിനുള്ള നടപടികള്‍ക്ക് ഒരുങ്ങിയിരുന്നു. ഇന്ത്യ അഭയാര്‍ത്ഥികളുടെ തലസ്ഥാനമല്ലെന്നും റോഹിംഗ്യകള്‍ സുരക്ഷാഭീഷണി ഉണ്ടാക്കുന്നു എന്നെല്ലാമായിരുന്നു കേന്ദ്രത്തിന്റെ വാദങ്ങള്‍.ഇതിനെതിരെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ കേന്ദ്രത്തിനു പ്രതികൂലമായ നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. റോഹിംഗ്യകള്‍ക്കുവേണ്ടി മനുഷ്യവകാശ സംഘടനകളും മുന്നോട്ട് വന്നിരുന്നു.
ഇന്ത്യയിലെ റോഹിംഗ്യ ക്യാംപുകളുടെ അവസ്ഥയും പരിതാപകരമാണ്. റോഹിംഗ്യകളെ മടക്കി അയക്കാനുളള കോടതി തടഞ്ഞതിനു പിന്നാലെ ന്യൂദല്‍ഹിയില്‍ റോഹിംഗ്യകളുടെ ക്യാംപുകള്‍ കത്തിനശിച്ചു. ഇതിനു പിന്നില്‍ തങ്ങളാണെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് ബി.ജെ.പി. യുവസംഘടന നേതാവ് മുന്നോട്ട് വന്നിരുന്നു. ഏപ്രിലില്‍ നടന്ന തീപിടിത്തത്തില്‍ ഐക്യരാഷ്ട്ര സംഘടന നല്‍കിയ തിരിച്ചറിയല്‍ രേഖകള്‍ പോലും പലര്‍ക്കും നഷ്ടപ്പെട്ടിരുന്നു.
ഇന്ത്യ – മ്യാന്‍മര്‍ – ബംഗ്ലാദേശ് ബന്ധത്തില്‍ റോഹിംഗ്യസമൂഹത്തിന്റെ പുനരധിവാസവും അനുബന്ധവിഷയങ്ങളും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എത്യോപ്യയിലെ തടാകത്തില്‍ മാമോദീസാ ശുശ്രൂഷ നടത്താനെത്തിയ പുരോഹിതനെ മുതല കൊന്നു. വേറെ ആര്‍ക്കും പരിക്കുകളില്ല. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
തെക്കന്‍ എത്യോപ്യയില്‍ മെര്‍ക്കെബ് തബ്യയിലെ അബയ തടാകക്കരയില്‍ മാമോദീസാചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കാനെത്തിയ പുരോഹിതന്‍ ഡോച്ചോ എഷീതാണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഒപ്പമുണ്ടായിരുന്നവര്‍ പുരോഹിതനെ രക്ഷിക്കാന്‍ കഠിന ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഞായറാഴ്ച രാവിലെ നടക്കുന്ന മാമോദീസ ചടങ്ങില്‍ എണ്‍പതോളം പേര്‍ എത്തിയിരുന്നു. തടാകക്കരയില്‍ ചടങ്ങുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കവെ അപ്രതീക്ഷിതമായി മുതല കടന്നാക്രമിക്കുകയായിരുന്നു. തടാകത്തില്‍ നിന്ന് പൊങ്ങിയ മുതല ഉടന്‍ തന്നെ പുരോഹിതനെ കടിച്ച് വെള്ളത്തിനടിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. ചടങ്ങിനെത്തിയവരെല്ലാം മുതലയുടെ ആക്രമണത്തിന് സാക്ഷിയായിരുന്നു. ഇവരാണ് സംഭവം പറഞ്ഞത്.
ഈ തടാകത്തിലെ മുതലകള്‍ സാധാരണ ഗതിയില്‍ ആക്രമണകാരികളല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തടാകത്തില്‍ മത്സ്യങ്ങള്‍ കുറഞ്ഞതോടെ ഭക്ഷ്യ ക്ഷാമം നേരിട്ടതാണ് മുതലകള്‍ മനുഷ്യനെ ആക്രമിക്കാന്‍ ഇടയാക്കിയതെന്നും അവര്‍ പറഞ്ഞു.
ദുബായ്: ഭിക്ഷാടനം നിരോധിച്ച ദുബായിൽ റംസാൻ മാസം മുതലെടുത്ത് യാചക സംഘങ്ങൾ പെരുകുന്നുവെന്ന് റിപ്പോർട്ട്. ഇത്തരക്കാരെ സൂക്ഷിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരോധനം ലംഘിച്ച് ഭിക്ഷാടനം നടത്തുകയായിരുന്ന മുന്നൂറോളം പേരെ ഇതുവരെ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഒരാൾ കാറിൽ കറങ്ങി പെട്രോൾ അടിക്കാൻ പണം യാചിക്കുന്നതിനിടെ പൊലീസ് പിടിയിലായിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാനെന്ന വ്യാജേന പണം പിരിച്ച ഇയാൾക്ക് മിക്ക സ്ഥലങ്ങളിൽ നിന്നും ധാരാളം പണം ലഭിച്ചതായി ദുബായ് പൊലീസ് ഡയറക്ടർ അലി സലീം പറഞ്ഞു.
സമാനമായ മറ്റൊരു കേസിൽ ആശുപത്രിക്ക് സമീപം ഭിക്ഷാടനത്തിലേർപ്പെട്ട കുടുംബത്തേയും പൊലീസ് അറസ്റ്റ് ചെയ്തു. അസുഖമുള്ള കുട്ടിക്ക് 800 ദിർഹം വേണം എന്നതായിരുന്നു ഇവരുടെ ആവശ്യം. മരുന്ന് വാങ്ങി നൽ കിയെങ്കിലും, മരുന്ന് ഫാർമസിയിൽ തിരിച്ച് നൽകി പണം വാങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു.
ഇത്തരക്കാർ കാരണം യഥാർത്ഥ്യത്തിൽ പണം ആവശ്യമുള്ളവർ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസം പേഴ്സ് കളഞ്ഞ് പോയ പാക്കിസ്ഥാനി സ്വദേശിയെ സഹായിച്ചതായി പൊലീസ് കേണൽ അറിയിച്ചു. സംഭവം സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ സഹായിച്ചത്.
മോസ്കോ: ഇന്നലെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി പ്യോംഗ്യാംഗിൽ കൂടിക്കാഴ്ച നടത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് കിമ്മിനെ മോസ്കോ സന്ദർശിക്കാൻ ക്ഷണിച്ചു.
പുടിന്റെ ആശംസകൾ ലാവ്റോവ് നേരിട്ട് കിമ്മിനെ അറിയിച്ചെന്നു മോസ്കോയിൽ റഷ്യൻ വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിംഗപ്പൂരിലെ നിർദിഷ്ട കിം-ട്രംപ് ഉച്ചകോടി സംബന്ധിച്ച് കിമ്മിന്റെ സഹായി യോംഗ് ചോൾ ന്യൂയോർക്കിൽ സ്റ്റേറ്റ് സെക്രട്ടറി പോംപിയോയുമായി ചർച്ച നടത്തുന്ന അവസരത്തിൽ തന്നെയാണു ലാവ്റോവ് പ്യോംഗ്യാംഗിലെത്തിയിരിക്കുന്നതെന്നതു ശ്രദ്ധേയമാണ്.
യുഎസിന്റെ അധീശമനോഭാവത്തെ ചെറുക്കുന്ന പുടിന്റെ നടപടിയെ കിം അഭിനന്ദിച്ചതായും റിപ്പോർട്ടുണ്ട്. റഷ്യയുമായി സഹകരണം ശക്തിപ്പെടുത്താനുള്ള ആഗ്രഹവും കിം ലാവ്റോവിനെ അറിയിച്ചു. കിമ്മിന്റെ പ്രതികരണം അമേരിക്കയെ അലോസരപ്പെടുത്തിയേക്കാം.
ഉത്തരകൊറിയൻ പ്രശ്നത്തിൽ കൂടുതൽ സജീവമായി ഇടപെടാനാണു റഷ്യയുടെ ശ്രമമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായും ദക്ഷിണകൊറിയൻ് പ്രസിഡന്റ് മൂൺ ജേ ഇന്നുമായും കിം ചർച്ച നടത്തിയെങ്കിലും റഷ്യൻ നേതാക്കളുമായി ആശയവിനിമയം കമ്മിയായിരുന്നു. ഈ അവസ്ഥ മാറ്റാൻ റഷ്യ ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് ലാവ്റോവിന്റെ സന്ദർശനം.
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വംശജയായ ബാലികയെ വെടിവച്ച് കൊലപ്പെടുത്തി. ഒമ്പതുവയസ്സുകരിയായ സാദിയ സുഖ്‌രാജ് ആണ് കൊല്ലപ്പെട്ടത്. ചാറ്റ്‌സ്‌വര്‍ത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
തിങ്കളാഴ്ച പിതാവിനൊപ്പം കാറില്‍ സ്‌കൂളിലേക്ക് പോകവേയാണ് തോക്കുമായി എത്തിയ മൂന്നംഗ സംഘം ഇവരുടെ കാര്‍ തട്ടിക്കൊണ്ടുപോയത്. അമിതവേഗത്തില്‍ ഓടിച്ചുപോയ കാറില്‍ നിന്ന് പിതാവിനെ അക്രമികള്‍ പുറത്തേക്ക് എറിയുകയായിരുന്നു. പെണ്‍കുട്ടിയെയും കാറുമായി അക്രമികള്‍ കടന്നുകളഞ്ഞു.
പ്രദേശത്തെ ഇന്ത്യന്‍ സമൂഹം കാറിനെ പിന്തുടര്‍ന്നതോടെ സമീപത്തുള്ള ഒരു പാര്‍ക്കില്‍ കാര്‍ ഇടിപ്പിച്ചു നിര്‍ത്തിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. കാറിനുള്ളില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്നു പെണ്‍കുട്ടി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നടന്നിരുന്നു.
നാട്ടുകാരും അക്രമികളും തമ്മില്‍ വെടിവയ്പ് നടന്നിരുന്നു. ഉപേക്ഷിക്കപ്പെട്ട കാറില്‍ അക്രമികളില്‍ ഒരാളുടെ മൃതദേഹവുമുണ്ടായിരുന്നു. മറ്റൊരാളെ പോലീസ് പിടികൂടി. മൂന്നാമനു വേണ്ടി പോലീസ് തെരച്ചില്‍ നടത്തുകയാണ്.
സംഭവത്തിനു പിന്നാലെ മൂവായിരത്തോളം വരുന്ന ഇന്ത്യന്‍ വംശജര്‍ ചാറ്റ്‌വര്‍ത്ത് പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി എത്തി. ദര്‍ബനില്‍ ഇന്ത്യന്‍ വംശജര്‍ ഏറെയുള്ള മേഖലയാണിത്.
മെക്കുനു കൊടുങ്കാറ്റില്‍ സലാലയിലുണ്ടായത് വന്‍ നാശനഷ്ടങ്ങള്‍. ഒരു ബാലിക അടക്കം രണ്ട് സ്വദേശികള്‍ മരിച്ചതായി റോയല്‍ ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു. മറ്റൊരു സംഭവത്തില്‍ മൂന്ന് വദേശികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സലാലയിലും പരിസരങ്ങളിലുമായി നിരവധി കെട്ടിടള്‍ക്ക് നാശനഷ്ടം സംഭവിച്ചു. നൂറ് കണക്കിന് വാഹനങ്ങളാണ് വാദികളില്‍ ഒലിച്ചുപോയത്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മേഖലയില്‍ കാറ്റ് വീശുന്നുണ്ട്. പൊലീസ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ ആളുകളെ കാണതായതായി പ്രചാരണമുണ്ടെങ്കിലും പോലീസ് സ്ഥിരീകരണമുണ്ടായിട്ടില്ല. കൃഷിയിടങ്ങളും വ്യാപകമായി നശിച്ചിട്ടുണ്ട്.
സലാലക്ക് സമീപം സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് വീണാണ് 12 വയസ്സുകാരി മരിച്ചത്. ശക്തമായ കാറ്റില്‍ ചുമര്‍ തകര്‍ന്ന് ബാലികയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. മറ്റൊരു സംഭവത്തില്‍ ഔഖദില്‍ വാദിയില്‍ കുടുങ്ങിയ കാറിനകത്ത് പെട്ടാണ് സ്വദേശിക്ക് മരണം സംഭവിച്ചത്.
ദോഫാര്‍ ഗവര്‍ണറേറ്റില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ച് രാജകീയ ഉത്തരവ്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. മൂന്ന് ദിവസങ്ങളില്‍ കൂടി ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാലാണ് അവധി അനുവദിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലും അവധി അനുവദിക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയവും നിര്‍ദേശം നല്‍കി.
കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ചിട്ട സലാല അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച രാത്രി 12 മണി മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. സര്‍വ്വീസുകള്‍ സാധാരണഗതിയില്‍ നടക്കുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. മസ്‌കത്തില്‍ നിന്ന് രാത്രി 1.40നുള്ള ഒമാന്‍ എയര്‍ വിമാനമാണ് ആദ്യ സര്‍വ്വീസ്. വെള്ളിയാഴ്ച രാത്രി 12 മുതല്‍ 24 മണിക്കൂര്‍ വിമാനത്താവളം അടച്ചിടുകയായിരുന്നു. കാലാവസ്ഥ മോശമായതോടെ 24 മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്തു.
ടൊറെന്റൊ: കാനഡയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വന്‍ സ്‌ഫോടനത്തില്‍ 15ലധികം ആളുകള്‍ക്ക് പരിക്ക്. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. കാനഡയിലെ മിസ്സിസൗഗ നഗരത്തിലെ റസ്റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്. ടൊറെന്റോ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന നഗരമാണിത്.
വ്യാഴാഴ്ച പ്രദേശിക സമയം വൈകിട്ട് 10.30നായിരുന്നു സ്‌ഫോടനമുണ്ടായത്. ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
ബോംബെ ഭെല്‍ റെസ്‌റ്റോറന്റിലാണ് സ്‌ഫോടനമുണ്ടായത്. സാധാരണ നിരവധി ഇന്ത്യാക്കാര്‍ എത്തുന്ന ഭക്ഷണശാലയാണിത്. ഇന്ത്യാക്കാര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.
മുന്‍പ്, ഭീകരര്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി 10 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. യുക്രെയ്നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി വിമാനം തകർന്നത്. ആംസ്റ്റർഡാമിൽ നിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു പറന്ന എംഎച്ച് 17 വിമാനം തകർത്തത് റഷ്യൻ സൈന്യത്തിന്റെ മിസൈലാണെന്ന് രാജ്യാന്തര പ്രോസിക്യൂട്ടർമാരുടെ സംഘം വ്യക്തമാക്കി. റഷ്യയുടെ ബക് മിസൈൽ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു നേരത്തേ സംഘം വ്യക്തമാക്കിയതാണ്. എന്നാൽ ഇതെവിടെ നിന്നാണു വിക്ഷേപിച്ചത് എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളാണ് ഇതാദ്യമായി ലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്.
ഓസ്ട്രേലിയ, ബെൽജിയം, മലേഷ്യ, നെതർലൻഡ്സ്, യുക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രോസിക്യൂട്ടർമാരുടെ സംയുക്ത സംഘമാണ് തങ്ങൾ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവിട്ടത്. വിമാനത്തിലെ ഭൂരിപക്ഷം പേരും ഡച്ച് യാത്രികരായിരുന്നു. ഈ സാഹചര്യത്തിലാണു ഡച്ച് പൊലീസ് രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക ക്രൈം സ്ക്വാഡിനെ നിയോഗിച്ചത്. റഷ്യയുടെ 53-ാം ആന്റി–എയർക്രാഫ്റ്റ് ബ്രിഗേഡിൽ നിന്നാണു മിസൈൽ വിക്ഷേപിച്ചതെന്നാണു വിവരം.
BUK-TELAR മിസൈലാണു വിമാനത്തിനു നേരെ പ്രയോഗിച്ചത്. ഈ മിസൈൽ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യൻ സേനയുടെ ഭാഗമായിട്ടുള്ളവയാണ്. മിസൈൽ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു പിന്നിലുള്ളവരുടെ വിവരങ്ങൾ അറിയാമെങ്കിൽ നൽകണമെന്നും പൊതുജനങ്ങളോട് അന്വേഷണ സംഘം അഭ്യർഥിച്ചു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച നൂറോളം പേരുടെ വിവരങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിൽ കൃത്യമായ പങ്കാളിത്തമുള്ള പേരുകളിലേക്കു കുറ്റവാളികളുടെ പട്ടിക ചുരുക്കിയിട്ടുണ്ടെന്നാണു പുതിയ വിവരം. അതേസമയം, വിമാനം വെടിവച്ചിട്ടവരെ വിചാരണചെയ്യാൻ രാജ്യാന്തര ട്രൈബ്യൂണൽ രൂപീകരിക്കാൻ യുഎൻ രക്ഷാസമിതിയിൽ നടത്തിയ നീക്കം റഷ്യ വീറ്റോ ചെയ്തതിനാൽ പ്രോസിക്യൂഷൻ സംഘത്തിന്റെ കണ്ടെത്തൽ അപ്രസക്തമാവുമെന്നാണു വിദഗ്ധരുടെ പക്ഷം..
പതിവുപോലെ റഷ്യ ഈ വാദത്തെ തള്ളിക്കളഞ്ഞു. റഷ്യൻ നിർമിത ബക് മിസൈലാണ് ബോയിങ് 777 വിമാനത്തെ തകർത്തതെന്ന് ഡച്ച് സേഫ്റ്റി ബോർഡ് 2015ലെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് എവിടെ നിന്നാണു വിക്ഷേപിക്കപ്പെട്ടത് എന്നു വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണു പുതിയ വെളിപ്പെടുത്തൽ പ്രസക്തമാകുന്നത്.
യുക്രെയ്ൻ വിമതരുടെ അധീനതയിലുള്ള പെർവോമയസ്ക് എന്ന ഗ്രാമത്തിൽ നിന്നാണു മിസൈൽ തൊടുത്തതെന്നായിരുന്നു രാജ്യാന്തര പ്രോസിക്യൂട്ടർമാരുടെ സംഘം കഴിഞ്ഞ വർഷം പുറത്തുവിട്ട വിവരം. സംഭവത്തിനുശേഷം ശേഷം മിസൈൽ സാമഗ്രികൾ റഷ്യയിലേക്കു മാറ്റി. റഷ്യൻ സൈന്യത്തിന്റെ പിന്തുണയോടെ പോരാടുന്ന വിമതരാണു സംഭവത്തിന്റെ പിന്നിലെന്നും പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ, യുക്രെയ്ൻ സൈന്യമാണ് ഉത്തരവാദികളെന്നാണ് റഷ്യയുടെ നിലപാട്.
സാലിസ്ബറിയില്‍ വിഷബാധയേറ്റ് അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന യൂലിയ സ്‌ക്രിപാലും, മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലും മാസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ജീവനോടെ തിരിച്ചുവരാനുള്ള സാധ്യത തീരെ കുറവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും ഇരുവരും പൂര്‍ണ്ണമായ ആരോഗ്യം വീണ്ടെടുത്ത് തിരികെയെത്തി. ജീവിക്കാന്‍ അല്‍പ്പം കൂടി ആയുസ്സും ഭാഗ്യവും ഉണ്ടായിപ്പോയെന്നാണ് ഇതേക്കുറിച്ച് യൂലിയയുടെ ആദ്യ ഔദ്യോഗിക പ്രതികരണത്തില്‍ വ്യക്തമാക്കുന്നത്. റഷ്യയാണ് വധശ്രമത്തിന് പിന്നിലെന്ന ബ്രിട്ടീഷ് ആരോപണങ്ങളെക്കുറിച്ച് യൂലിയ ഒരക്ഷരം മിണ്ടിയതുമില്ല.
തനിക്കും പിതാവിനും നേരെ നടന്നത് വധശ്രമം തന്നെയാണെന്ന് യൂലിയ വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനാണെന്ന ആരോപണങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇവര്‍ തയ്യാറായില്ല. മാര്‍ച്ച് നാലിനാണ് യൂലിയയെയും, സെര്‍ജിയെയും ഒരു പാര്‍ക്കിലെ ബെഞ്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. കെമിക്കല്‍ ഏജന്റായ നോവിചോകാണ് ഇവരുടെ ജീവനെടുക്കാനായി ഉപയോഗിക്കപ്പെട്ട രാസവസ്തു എന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നില്‍ റഷ്യയാണെന്ന് ആരോപിച്ച ബ്രിട്ടന്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയാണ് പ്രതികരിച്ചത്. രാജ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഎസും, ഫ്രാന്‍സും, ജര്‍മ്മനിയും രംഗത്തെത്തിയിരുന്നു.
റഷ്യന്‍ വ്യവസായികള്‍ ബ്രിട്ടനില്‍ പണമിറക്കി ലാഭം കൊയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെ പല പ്രമുഖര്‍ക്കും എതിരെ നടപടി വന്നിരുന്നു. ചെല്‍സി ക്ലബ് ഉടമ റൊമാന്‍ ഇബ്രാഹിമോവികിനെ പോലുള്ള റഷ്യക്കാരുടെ വിസ പോലും ബ്രിട്ടന്‍ നിഷേധിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ജീവിതത്തിലേക്ക് തിരിച്ചുവന്ന യൂലിയ ആദ്യ പ്രതികരണവുമായി രംഗത്തെത്തുന്നത്. 33 ദിവസക്കാലം കോമയില്‍ കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ അത്ഭുതകരമായി തിരിച്ചുവരുന്നത്. കഴുത്തിലെ വിന്‍ഡ്‌പൈപ്പില്‍ രണ്ട് ഇഞ്ച് മുറിവുമായാണ് യൂലിയ സംസാരിക്കുന്നത്.
യൂലിയയെ ജീവനോടെ കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് റഷ്യന്‍ എംബസി പ്രതികരിച്ചു. മിലിറ്ററി വിഷമാണ് ഉപയോഗിച്ചതെങ്കില്‍ ഇവരിന്ന് ജീവനോടെ കാണില്ലെന്നാണ് ആരോപണങ്ങള്‍ നിഷേധിച്ച് പുടിന്‍ വ്യക്തമാക്കിയത്.