മാതാപിതാക്കളുടെ പരാതിയില്‍ 30കാരനായ മകന് വീട്ടില്‍ നിന്ന് പുറത്തു പോകണമെന്ന് കോടതി. ന്യൂയോര്‍ക്കിലാണ് സംഭവം. മൈക്കിള്‍ റോറ്റോന്‍ഡോ വീട്ടില്‍ നിന്ന് പോകാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളായ ക്രിസ്റ്റീനയും മാര്‍ക്ക് റോറ്റോന്‍ഡോയും കോടതിയെ സമീപിക്കുകയായിരുന്നു. തനിക്ക് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ വാടക കൊടുക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടാണ് മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുന്നതെന്നുമാണ് ഒരു ഘട്ടത്തില്‍ മൈക്കിള്‍ പറഞ്ഞത്. വീട് വിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഇയാള്‍ക്ക് ഔദ്യോഗികമായി നിരവധി കത്തുകള്‍ അയച്ചിരുന്നു. ഇതിനു ശേഷമാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
എട്ട് വര്‍ഷം മുമ്പാണ് മൈക്കിള്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനെത്തിയത്. പിന്നീട് വീട് വിട്ടുപോകാന്‍ ഇയാള്‍ തയ്യാറായില്ല. ആറു മാസം കൂടി വീട്ടില്‍ തുടരാന്‍ അനുവാദം നല്‍കണമെന്ന് ഇയാള്‍ കോടതിയോട് ആവശ്യപ്പെട്ടെങ്കിലും അത് അന്യായമാണെന്ന് പറഞ്ഞ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡൊണാള്‍ഡ് ഗ്രീന്‍വുഡ് ഇയാള്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ഉത്തരവിട്ടു. ഈ കേസ് ഒരു പാരഡിയാണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.
ഫെബ്രുവരി 2ന് മാര്‍ക്ക് മൈക്കിളിന് നല്കിയ കത്തില്‍ 14 ദിവസത്തിനുള്ളില്‍ വീടൊഴിയണമെന്നും പിന്നീട് തിരിച്ചു വരരുതെന്നും ആവശ്യപ്പെടുന്നുണ്ട്. തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നപ്പോള്‍ മകനെ പുറത്താക്കിക്കൊണ്ടും ഇവര്‍ കത്തയച്ചു. പിന്നീട് മറ്റൊരു സ്ഥലം കണ്ടെത്താന്‍ 1100 ഡോളര്‍ നല്‍കാമെന്നും മാതാപിതാക്കള്‍ അറിയിച്ചിരുന്നു. ഇവയ്ക്കൊന്നും മകനെ മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പെട്ടെന്നു തന്നെ സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി മാറ്റുകയും മകനോട് താമസം മാറാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൊടുങ്കാറ്റായി ഒമാന്‍ തീരത്തേക്ക്. മുന്‍കരുതലുകള്‍ സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് അടിയന്തര യോഗം ചേര്‍ന്നു. ദോഫാര്‍, അല്‍ വുസ്ത ഗവര്ണറേറ്റുകളെയാണ് ചുഴലിക്കൊടുങ്കാറ്റ് ബാധിക്കുക. ‘മെക്കുനു’ എന്ന പേരിലാണ് കൊടുങ്കാറ്റ് അറിയപ്പെടുക.
സലാല തീരത്ത് നിന്ന് 900 കിലോമീറ്റര്‍ അകലെയാണ് കാറ്റുള്ളതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാല്‍, കാറ്റിന്റെ ഭാഗമായുള്ള മേഘ മേലാപ്പുകള്‍ സലാലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഉള്ളതെന്ന് അധികൃതര്‍ പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മഴ ലഭിക്കും. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കാറ്റ് ഒമാന്‍ തീരത്തെത്താന്‍ സാധ്യതയുണ്ട്. കനത്ത മഴയും ഇടിയും മിന്നലോടെയുമുള്ള കൊടുങ്കാറ്റിനും സാധ്യതയുണ്ട്.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷനിലെ വിദഗ്ധരുടെ കൂടി സാന്നിധ്യത്തിലായിരുന്നു നാഷനല്‍ കമ്മിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് യോഗം. മെക്കുനു കൊടുങ്കാറ്റിനെ നേരിടാനുള്ള മുഴുവന്‍ സന്നാഹങ്ങളും ഒരുക്കുന്നതിന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. മേഖലയില്‍ ഭക്ഷവസ്തുക്കള്‍, മെഡിക്കല്‍ വസ്തുക്കള്‍ എന്നിവ ഉറപ്പുവരുത്തുന്നതിനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഗവര്‍ണറേറ്റുകളിലെ ജനങ്ങള്‍ക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള് നല്‍കിയിട്ടുണ്ട്. സിവില്‍ ഡിഫന്‍സിന്റെ കൂടുതല്‍ വാഹനങ്ങള്‍ ദോഫാര്‍ മേഖലയിലേക്ക് നീങ്ങുന്നു
സാങ്കേതിക തകരാറിനെ തുടർന്ന് സൗദി എയർലൈൻസ് വിമാനം ജിദ്ദ വിമാനത്താവളത്തിൽ ഇടിച്ചിറക്കി. 151 യാത്രക്കാരുമായി മദീനയില്‍ നിന്ന് ധാക്കയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ജിദ്ദയിൽ അടിയന്തരമായി ഇറക്കിയത്. മുൻവശത്തെ ടയറുകൾ പ്രവർത്തിക്കാതെയാണ് വിമാനം ലാൻഡ് ചെയ്ത്. ഇതെതുടർന്ന് വിമാനത്തിന്റെ മുൻടയറുകൾക്ക് തീപിടിച്ചു. ജിദ്ദ എയര്‍പോര്‍ട്ടില്‍ ലാൻഡ് ചെയ്യാൻ രണ്ടു തവണ ശ്രമിച്ചിരുന്നു. തുടർന്ന് മൂന്നാം തവണ വിമാനം ഇടിച്ചിറക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗത്തെ വീല്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നാണ് അടിയന്തിരമായി ജിദ്ദ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഇടിച്ചിറക്കിയ വിമാനം മൂക്കുകുത്തിയാണ് നിന്നത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Saudia Airbus A330-200 leased from Onur Air (TC-OCH) made an emergency landing at Jeddah Airport without its nosegear resulting in damage when nose sank to the ground. Flight #SV3818 made emergency evacuation via slides on the runway. https://t.co/1jmQ6Endfi pic.twitter.com/3wCtM3Dyck
— JACDEC (@JacdecNew) May 21, 2018
റിയാദ്: സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ മുന്‍ ചക്രം പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കി. പൈലറ്റിന്റെ സമയോജിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ പറന്നുയര്‍ന്ന ഉടന്‍ ചക്രത്തിന്റെ തകരാറ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്താനുള്ള അനുമതി നല്‍കുകയായിരുന്നു.
മദീനയില്‍നിന്നും ദാക്കയിലേക്കുള്ള 3818 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 151 യാത്രക്കാരും 10 ക്രൂ മെമ്പര്‍മാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. എമര്‍ജന്‍സി ലാന്‍ഡിംഗിന് അനുമതി ലഭിച്ചതോടെ പൈലറ്റ് വിമാനം ഇടിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യത്തെ രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൂന്നാം തവണയാണ് വിമാനം റണ്‍വേ തൊട്ടത്.
മുന്‍ചക്രം പ്രവര്‍ത്തനരഹിതമായതിനാല്‍ നിലത്ത് തൊട്ടയുടന്‍ ടയറിന് തീപിടിച്ചു. വിമാനത്താവളത്തിലെ എമര്‍ജന്‍സി സംവിധാനങ്ങള്‍ എല്ലാം തന്നെ തയ്യാറായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ടയറിന് കേട്പാട് സംഭവിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല. അപകടം സംബന്ധമായി കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.
വീഡിയോ കാണാം.
فيديو|
لحظة هبوط طائرة الخطوط السعودية إضطرارياً في #مطار_الملك_عبدالعزيز بـ #جدة بعد تعرضها لعطل فني في عجلة الهبوط الأمامية pic.twitter.com/F9NglNAkqY
— PlusKuwait بلس كويت (@PlusKuwait) May 21, 2018
മെൽബൺ: സെൽഫിയെടുക്കുന്നതിനിടെ ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കടലിൽ വീണു മരിച്ചു. വെസ്റ്റേൺ ഓസ്ട്രേലിയയിലെ തുറമുഖനഗരമായ ആൽബനിക്കു സമീപം ദി ഗ്യാപിലുണ്ടായ അപകടത്തിലാണ് അങ്കിത് എന്ന 20 കാരൻ ദാരുണമായി കൊല്ലപ്പെട്ടത്. പെർത്തിൽ പഠിക്കുന്ന അങ്കിത് സുഹൃത്തുക്കൾക്കൊപ്പം 40 മീറ്റർ ഉയരമുള്ള ചെങ്കുത്തായ പാറക്കൂട്ടത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ താഴെ സമുദ്രത്തിലേക്കു വീഴുകയായിരുന്നുവെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിനുമുന്‍പ് പാറക്കൂട്ടത്തിനിടയിലൂടെ അങ്കിതും സംഘവും ഓടിച്ചാടി നടന്നിരുന്നു.
ഹെലികോപ്റ്റർ ഉൾപ്പെടെ സംവിധാനങ്ങളുപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരു മണിക്കൂറിനുശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. അപകടസാധ്യത ഏറെയുള്ള പ്രദേശമാണിതെന്ന് ഗ്രേറ്റ് സതേൺ ഡിസ്ട്രിക് സൂപ്രണ്ട് ഡൊമിനിക് വുഡ് പറഞ്ഞു. അഞ്ച് യുവാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. എന്റെ തൊട്ടുപുറകിലുള്ള പാറക്കൂട്ടത്തിൽ യുവാക്കൾ ഉണ്ടായിരുന്നവെന്നും മുൻകരുതലുകളെടുത്ത് അതിർത്തിക്കുള്ളിലൂടെ മാത്രം നടന്നാൽ ഇത്തരം ദുരന്തങ്ങളുണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതലുകൾ സ്ഥാപിക്കാനും കാഴ്ചകൾ കാണാനുള്ള തട്ട് നിർമിക്കാനുമുൾപ്പെടെ ജോലികൾക്കായി രണ്ടുവർഷം മുന്‍പ് കുറച്ചുനാൾ പ്രദേശം അടച്ചിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
ജറുസലേം: ഇസ്രായേലില്‍ അമേരിക്കന്‍ എംബസി തുറന്നു. ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി യു.എസ് പ്രസിഡന്റ് ട്രംപ് അംഗീകരിച്ചിരുന്നു. എംബസി തുറക്കുമെന്നും അദ്ദേഹം നേരത്തെ പ്രസ്താവിച്ചിരുന്നു. വാഷിംഗ്ടണില്‍ നിന്നുള്ള പ്രതിനിധി സംഘവും ഇസ്രായേല്‍ നേതാക്കളും എംബസി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഇസ്രായേലിന് വലിയ നേട്ടത്തിന്റെ ദിനമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം ഗാസ അതിര്‍ത്തിയില്‍ ഇസ്രായേലിലെ യു.എസ് എംബസിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ അന്‍പതോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു. 1300ലധികം പേര്‍ക്ക് പരിക്കേറ്റു. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരിലാണ് പ്രതിഷേധക്കാര്‍ സംഘടിച്ചത്. കഴിഞ്ഞ ഒന്നര മാസമായി പ്രതിഷേധം നടന്നുവരികയായിരുന്നു.
അതിര്‍ത്തിയിലെ വേലി തകര്‍ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചുവെന്ന് ഇസ്രായേല്‍ ആരോപിച്ചു. സേനയുടെ പ്രതികരണം സ്വാഭാവികമാണെന്നും ഇസ്രായേല്‍ വാദിക്കുന്നു. തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ കുട്ടികളുള്‍പ്പെടെ കൊല്ലപ്പെട്ടിട്ടുണ്ട്. പലസ്തീന്റെ ഭാഗത്ത് നിന്ന് കല്ലുകളും ബോംബുകള്‍ ഉപയോഗിച്ച് ആക്രമിച്ചപ്പോള്‍ ഇസ്രയേല്‍ സൈന്യം സ്നിപ്പര്‍മാരെ ഉപയോഗിച്ച് നേരിട്ടു. കലാപത്തില്‍ 35000ല്‍ അധികം പലസ്തീനികള്‍ പങ്കെടുത്തുവെന്നും ഇസ്രായേല്‍ ആരോപിച്ചു.
ഒമാനില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം വര്‍ക്കല സ്വദേശി തുഷാര്‍ നടേശന് (31) ആണ് മരിച്ചത്. മസ്കത്തില് നിന്ന് 200 കിലോമീറ്ററിലധികം ദൂരെ സൂറിനടുത്ത് ഞായറാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ തുഷാര്‍ ഒാടിച്ചിരുന്ന കാര്‍ പൂർണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഇദ്ദേഹം മരണപ്പെട്ടു. ടിഷ്യൂ പേപ്പര്‍ നിര്‍മ്മാണ കമ്പനിയായ അല്‍ ലൂബ് പേപ്പര്‍ ഫാക്ടറിയിലെ സെയില്സ്മാനായിരുന്നു തുഷാര്‍. സൂറില്‍ വിതരണത്തിന് ശേഷം തിരികെ മസ്കത്തിലേക്ക് മടങ്ങവേയായിരുന്നു അപകടം.
വാഷിങ്ടണ്‍: ദുര്‍ഗന്ധം ഉണ്ടാകുന്നുവെന്ന വെള്ളക്കാരനായ സഹയാത്രികന്റെ പരാതിയെ തുടര്‍ന്ന് തന്നെയും മക്കളെയും വിമാനത്തില്‍നിന്നു ഇറക്കിവിട്ടതിനെതിരെ നിയമനടപടിയുമായി ആഫ്രിക്കന്‍ വനിത. അമേരിക്കന്‍ വിമാനക്കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
നൈജീരിയ സ്വദേശിനിയായ ക്വീന്‍ ഒബിയോമയാണ് വര്‍ണവിവേചനം കാണിച്ചതിന് വിമാനക്കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഹൂസ്റ്റണിലെ ഫെഡറല്‍ കോടതിയെയാണ് ഇവര്‍ സമീപിച്ചിരിക്കുന്നത്. ജോര്‍ജ് ബുഷ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍വച്ച് ഹൂസ്റ്റണില്‍നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്കുള്ള വിമാനത്തിനുള്ളില്‍ രണ്ടുവര്‍ഷം മുമ്പാണ് സംഭവം നടന്നത്. ഒബിയോമയ്ക്കൊപ്പം രണ്ടുമക്കളും ഉണ്ടായിരുന്നു.
ബിസിനസ് ക്ലാസിലായിരുന്നു ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വിമാനത്തിനുള്ളില്‍ എത്തിയപ്പോള്‍ തങ്ങള്‍ ബുക്ക് ചെയ്തിരുന്ന സീറ്റില്‍ വെള്ളക്കാരനായ വ്യക്തി ഇരിക്കുന്നതു കണ്ടു. സീറ്റ് മാറിത്തരാന്‍ അയാള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് വേറെ എതെങ്കിലും സീറ്റില്‍ ഇരിക്കാന്‍ വിമാനജീവനക്കാര്‍ ആവശ്യപ്പെട്ടതായി ഒബിയോമ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് വിമാനം പറന്നുയരുന്നതിനു മുമ്പ് ഒബിയോമ ശുചിമുറിയില്‍ പോയി തിരികെയെത്തി. എന്നാല്‍ ഈ സമയത്ത് അകത്തേക്ക് കടക്കുന്നതില്‍നിന്ന് വെള്ളക്കാരനായ യാത്രക്കാരന് ഒബിയോമയെ തടഞ്ഞു. തുടര്‍ന്ന് മൂന്നുവട്ടം ആവശ്യപ്പെട്ടെങ്കിലും വഴിമാറാന്‍ ഇയാള്‍ തയ്യാറായില്ല. പിന്നീട് വളരെ ബുദ്ധിമുട്ടിയാണ് താനുള്ളില്‍ കടന്നതെന്നും ഒബിയോമ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സീറ്റിലിരുന്ന് കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ജീവനക്കാര്‍ എത്തി വിമാനത്തിനുള്ളില്‍നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. വിമാനത്തിനുള്ളില്‍നിന്ന് നീക്കം ചെയ്തതായി മറ്റൊരു ജീവനക്കാരന് ഒബിയോമയോട് പറയുകയും ചെയ്തു. ഒബിയോമയില്‍നിന്ന് രൂക്ഷഗന്ധം വമിക്കുന്നുണ്ടെന്നും അതിനാല്‍ ഒപ്പം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് സഹയാത്രികന് പരാതിപ്പെട്ടതായും പൈലറ്റ് തന്നെ അറിയിച്ചതായി ഒബിയോമ പരാതിയില്‍ പറയുന്നുണ്ട്.
തുടര്‍ന്ന് ഒബിയോമയും മക്കളും വിമാനത്തില്‍നിന്ന് പുറത്തിറങ്ങുകായായിരുന്നു. കാനഡിയിലേക്കുള്ള യാത്രയിലായിരുന്നു ഒബിയോമയും മക്കളും. തുടര്‍ന്ന് ഇവര്‍ മറ്റൊരു വിമാനത്തിലാണ് യാത്ര തുടര്‍ന്നത്. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ വിമാനക്കമ്പനി തയ്യാറായിട്ടില്ല.
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുരാബയില്‍ പള്ളികള്‍ക്ക് നേരെ ഭീകരാക്രമണം. ഞായറാഴ്ച കുര്‍ബാനയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ ആറ് പേര് കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സമയം പുലര്‍ച്ചെ 7.30ഓടെയാണ് ആക്രമണമുണ്ടായത്.
10 മിനിട്ടിനുള്ളില്‍ മൂന്നു സ്ഥലങ്ങളില്‍ സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചാവേറുകള്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ദേവാലയങ്ങളില്‍ നിന്നും തീയും പുകയും ഉയര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതാദ്യമായല്ല ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. 2000 ക്രിസ്മസ് ദിനത്തിലും വിവിധ പള്ളികള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു ഇതില്‍ 20 പേര് കൊല്ലപ്പെട്ടിരുന്നു.
ക്വാലലംപൂര്: മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദിന്റെ തേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ പകാതന്‍ ഹാരപ്പന്‍ വിജയം. ഭരണ സഖ്യമായ ബാരിസണ്‍ നാഷനലിന്റെ 60 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് മഹാതിര്‍ സഖ്യത്തിന്റെ ജയം. 222 അംഗ പാര്‍ലമെന്റില്‍ 112 സീറ്റുകളും പ്രതിപക്ഷ സഖ്യം കരസ്ഥമാക്കി. ബാരിസണ്‍ നാഷനലിസ്റ്റിന് 76 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.
വ്യാഴാഴ്ച മഹാതിര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാവും 92 കാരനായ മഹാതിര്‍. മലേഷ്യന്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നാണ് കണക്കാക്കപ്പെടുന്നത്.
സജീവ രാഷ്ട്രീയം വിട്ട മഹാതിര്‍ തന്റെ മുന്‍ അനുയായിയും പ്രധാനമന്ത്രിയുമായ നജീബ് റസാഖിന്റെ അഴിമതിക്കെതിരെ രംഗത്ത് വരികയായിരുന്നു. നജീബ് റസാഖിന്റെ അക്കൗണ്ടില്‍ 70 കോടി ഡോളര്‍ ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് നിക്ഷേപിച്ചതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അഴിമതി ആരോപണത്തിന് വഴി തെളിച്ചത്. പിന്നാലെ ഒട്ടേറെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മഹാതിറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നിച്ചത്.
വിജയത്തിന് പിന്നാലെ നജീബിനെതിരെ അഴിമതിക്കേസില്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ പ്രതികാരം ചെയ്യില്ല’ എന്നാണ് മഹാതിര്‍ പ്രതികരിച്ചത്. നിയമവാഴ്ച പുനസ്ഥാപിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1981 മുതല്‍ 2003 വരെ 22 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ 78-ാം വയസില്‍ സ്വയം വിരമിക്കുകയായിരുന്നു.