സ്ലോവാക്യയുടെ പ്രഥമ വനിതാ പ്രസിഡന്റായി സൂസന കാപുതോവ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ഉന്നത നയതന്ത്രജ്ഞനും ഭരണപക്ഷ പാർട്ടി സ്ഥാനാർഥിയുമായ മാറോസ് സെഫ്കോവികിനെ പരാജയപ്പെടുത്തി. രാഷ്ട്രീയത്തിൽ മുൻ പരിചയം പോലുമില്ലാതെയാണ് അഴിമതി വിരുദ്ധ സ്ഥാനാർഥിയും അഭിഭാഷകയുമായ കാപുതോവയുടെ വിജയം. കാപുതോവ 58 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, സെഫ്കോവികിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമെന്നായിരുന്നു തെരഞ്ഞെടുപ്പിനെ കാപുതോവ വിശേഷിപ്പിച്ചിരുന്നത്. അന്വേണാത്മക മാധ്യമപ്രവര്ത്തകൻ ജാന്‍ കു സിയാക്കിന്റെയും വനിതാ സുഹൃത്തിന്റെയും കൊലപാതകമായിരുന്നു കാപുതോവയുടെ പ്രചാരണായുധം. 2018 ഫെബ്രുവരിയിൽ നടന്ന കൊലപാതകം സ്ലോവാക്യ വലിയ പ്രതിഷേധം അലയടിച്ചിരുന്നു. കൊലപാതകത്തിന് കാരണക്കാരിൽ ഒരാൾ സെഫ്കോവാണെന്ന് ആരോപിച്ചാണ് സെഫ്കോവികിനെതിരെ യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് കൂടിയായ കാപുതോവ രംഗത്തിറങ്ങിയത്.
ഭരണപക്ഷമായ സ്മെർ എസ്ഡി പാർട്ടിയുടെ പിന്തുണയോടെയാണ് സെഫ്കോവിക് മത്സരിച്ചത്. സ്മെർ-എസ്ഡി പാർട്ടിയുടെ നേതാവാണ് റോബർട്ട് റിക്കോ. കുസിയാക്കിന്റെയും കൊലപാതകം പ്രധാനമന്ത്രിയായിരുന്ന റോബർട്ട് ഫിക്കോയുടെ രാജിയിൽ കലാശിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം സെഫ്കോവികിന് തിരിച്ചടിയാകുകയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പിൽ കാപുതോവ 40 ശതമാനം വോട്ട് നേടിയിരുന്നു. സെഫ്കോവികിന് 19 ശതമാനത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
സ്ലോവാക്യൻ പാർലമെന്റിൽ ഒരു സീറ്റു പോലുമില്ലാത്ത ലിബറൽ പ്രോഗ്രസീവ് സ്ലോവാക്യ പാർട്ടിയുടെ അംഗമാണ് കാപുതോവ. 14 വർഷത്തോളം നീണ്ട അനധികൃത ലാൻഡ്ഫിൽ കേസിലൂടെ ശ്രദ്ധനേടിയ അഭിഭാഷകയാണ് കാപുതോവ. വിവാഹ ബന്ധം വേർപെടുത്തിയ അവർ രണ്ടു കുട്ടികളുടെ അമ്മയുമാണ്.
“ഈ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ കാണാൻ ആണുങ്ങളെ പോലെ ഉണ്ട്. ഒരു പുരുഷനെയും ആകർഷിക്കാൻ അവൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. പീഡിപ്പിച്ചു എന്ന് പറയുന്ന രണ്ട് യുവാക്കൾക്കും ഈ പെൺകുട്ടിയോട് യാതൊരു ആകർഷണവും തോന്നിയിട്ടില്ല എന്ന് അവർ തന്നെ പറയുന്നുണ്ട്. അതിനാൽ തന്നെ ഇവർ രണ്ടു പേരും കുറ്റക്കാരല്ല”, ഈ രീതിയിൽ ഒരു ന്യായീകരണം ചമച്ചുകൊണ്ട് ആരോപണ വിധേയരെ വെറുതെ വിടാൻ പറയുന്നത് ഏതെങ്കിലും സാധാരണക്കാരോ പ്രതിയുടെ സുഹൃത്തുക്കളോ ഒന്നുമല്ല. ഇരയ്ക്ക് നീതി ഉറപ്പുവരുത്താൻ ബാധ്യസ്ഥതയുള്ള ഇറ്റലിയിലെ അങ്കോണയിലെ ഒരു കോടതിയാണ് ബലാത്സംഗക്കേസിൽ ഇത്തരമൊരു അസംബന്ധ വിധി എഴുതുന്നത്. സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഈ നിരീക്ഷണം നടത്തിയ ബെഞ്ചിൽ വനിതാ ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം.
ആരോപണ വിധേയരായ രണ്ട് ചെറുപ്പക്കാരും ചേർന്ന് 2015ൽ ഒരു പെറുവിയൻ പെൺകുട്ടിയെ മയക്കുമരുന്നുകൾ നൽകി ക്രൂരമായി ബലാത്സംഗം ചെയ്തു എന്നതായിരുന്നു കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന കേസ്. എന്നാൽ ഇരയുടെ ഫോട്ടോ നോക്കി ‘പെൺകുട്ടി ആണുങ്ങളെ പോലെ ഇരിക്കുന്നു’ എന്ന് പറഞ്ഞ് ബെഞ്ച് അവളുടെ ആരോപണത്തിന്റെ സത്യസന്ധതയെ തന്നെ സംശയിക്കുകയായിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും മയക്കു മരുന്ന് കുടിപ്പിച്ചതിന്റെയും പരിശോധന ഫലങ്ങൾ കോടതിക്ക് മുന്നിലുള്ളപ്പോഴായിരുന്നു ഈ അവിശ്വാസപ്രകടനം.
ഇറ്റാലിയൻ കോടതിയുടെ മനുഷ്യത്വ വിരുദ്ധമായ തീരുമാനത്തിനെതിരെ ചുരുങ്ങിയ സമയം കൊണ്ട് 200-ഓളം പേരാണ് പ്രതിഷേധിക്കാനായി കോടതി വളപ്പിൽ തടിച്ചുകൂടിയത്. “അത്രയും അസ്വസ്ഥതപ്പെടുത്തുന്ന ഒരു വിധി ആയിരുന്നു അത്. കേട്ട് നിൽക്കാനാവില്ല. പ്രതികളെ വിട്ടയക്കാൻ പല അസംബന്ധ കാരണങ്ങളും കോടതി കണ്ടെത്തുന്നുണ്ട്. ആരോപണം ഉന്നയിച്ച പെൺകുട്ടി സുന്ദരിയല്ലാത്തതിനാൽ പ്രതികൾക്ക് അവളെ ഇഷ്ടമല്ലായിരുന്നുവെന്നും അവളോട് അറപ്പായിരുന്നുവെന്നുമുള്ള കാരണമാണ് ഏറ്റവും ക്രൂരം”, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷക സിൻസിയ മോളിനാരോ ദി ഗാർഡിയനോട് പറയുന്നു.
“ഈ വിധി നൽകുന്ന സന്ദേശം വളരെ ക്രൂരവും അപകടകരവുമാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അത് തിരിച്ചറിഞ്ഞ് പ്രതിഷേധിക്കാൻ ഇത്രയും ആളുകൾ ഇറങ്ങി തിരിച്ചല്ലോ എന്നതിൽ മാത്രമാണ് ഏക പ്രതീക്ഷ”, സാമൂഹ്യ പ്രവർത്തകയും റിബൽ നെറ്റ്‌വർക്ക് എന്ന സ്ത്രീ സംഘടനയുടെ വക്താവുമായ ലൂസിയ റിസൈറ്റെല്ലി പറയുന്നു.
അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമെന്ന മുന്നറിയിപ്പുമായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് യൂറോപ്പിനെയായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെയും ആരോഗ്യത്തെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 സ്ഥാപനങ്ങളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഗൌരവകരമായ കണ്ടെത്തലുകള്‍ ഉള്ളത്. ആഗോള താപനിലയിലുണ്ടാകുന്ന വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അത് സാരമായി ബാധിക്കുക യൂറോപ്യന്‍ വന്‍കരയെയാകും. കൂടിയ തോതിലുള്ള നഗരവത്കരണമാണ് ഇതിന് പ്രധാനകാരണം.
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പെട്ടെന്ന് ബാധിക്കുന്നത് പ്രായമേറിയവരെയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള യൂറോപ്പില്‍ 42 ശതമാനം വൃദ്ധരും കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നു. ഏഷ്യയില്‍ ഇത് 34 ശതമാനമാണ്. ഗര്‍ഭസ്ഥ ശിശുക്കളും കാലാവസ്ഥാ മാറ്റത്തിന്റെ ഇരകളാണ്. യൂറോപ്പാണ് ഇക്കാര്യത്തിലും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. പൊതുജനാരോഗ്യത്തെയും ഉദ്പാദന ക്ഷമതയെയും ചൂടുകൂടുന്നത് സാരമായി ബാധിക്കുന്നുണ്ട്.
തൊഴില്‍ ക്ഷമത ഗണ്യമായി കുറയുന്നു. 153 ബില്യണ്‍ മണിക്കൂര്‍ തൊഴില്‍ സമയമാണ് കഴിഞ്ഞ വര്‍ഷം മാത്രം ലോകത്താകെ നഷ്ടമായത്. കാര്‍ഷിക ഉദ്പാദനത്തിലും സാരമായ കുറവുണ്ട്. പകര്‍ച്ചവ്യാധികള്‍ക്കും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഒരു പ്രധാന കാരണമാണ്. ഉദാഹരണത്തിന് 1950 കളേതിനേക്കാള്‍ ഡങ്കി വൈറസിന് എട്ട് ശതമാനത്തോളം കരുത്ത് കൂടി. സിക, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ വൈറസുകള്‍ പരത്തുന്ന ഈഡിസ് കൊതുകള്‍ വ്യാപകമായി പെരുകി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡങ്കി പടര്‍ന്നുപിടിച്ചത് 2016 ല്‍ ആയിരുന്നു. ഇതും ഈ റിപ്പോര്‍ട്ടിനോട് ചേര്‍ത്ത് വായിക്കണം.
സിനോ ചാക്കോ
കാര്‍ഡിഫ്: ആറാമത് യുറോപ്യന്‍ ക്‌നാനായ സംഗമം ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി സമാപിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കുറിയാക്കോസ് മോര്‍ സേവറിയോസ് വലിയ മെത്രാപ്പോലീത്ത ക്ലീമ്മീസ് നഗറില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വര്‍ണശമ്പളമായ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ജേക്കബ് അധ്യക്ഷനായ ചടങ്ങിന് ഫാ. സജി ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഫാ. ജോമോന്‍ പൂത്തൂസ്, തോമസ് ജോസഫ്, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. മനോജ് ഏബ്രഹാം നന്ദി പറഞ്ഞു.
റാലിയില്‍ യുകെയിലെ എല്ലാ പള്ളികളില്‍ നിന്നും ജര്‍മ്മനി, അയര്‍ലണ്ട്, ഇറ്റലി എന്നീ ഇടവകകളും പങ്കെടുത്തു. വിവിധ പള്ളികളുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ 2 മണിക്ക് ആരംഭിച്ചു. വൈകീട്ട് 8 മണിയോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ആശീര്‍വാദവും നടന്നു.
1500ലധികം സമുദായ അംഗങ്ങള്‍ സംഗമത്തില്‍ സംബന്ധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. കാര്‍ഡിഫ് സെന്റ് ജോണ്‍സ് ഇടവക നേതൃത്വം നല്‍കിയ സംഗമത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഇടവക ഫാ. സജി ഏബ്രഹാം നന്ദി അറിയിച്ചു.
ന്യൂസ് ഡെസ്ക്
പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഔഡിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായി. ജർമ്മൻ പോലീസാണ് സിഇഒയെ ഇന്നു രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡീസൽഗേറ്റ് സ്കാൻഡലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വോക്സ് വാഗണിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റൂപർട്ട് സ്റ്റാഡ്ലർ അറസ്റ്റിലായിരിക്കുന്നത്.
2015ൽ ആണ് ഡീസൽ എമിഷൻ സ്കാൻഡൽ പുറം ലോകമറിയുന്നത്. യുഎസിലെ എമിഷൻ ടെസ്റ്റിനെ മറികടക്കുന്നതിനായി ഇല്ലീഗൽ സോഫ്റ്റ് വെയർ കാറിൽ സജ്ജീകരിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. യുകെയിലെ 1.2 മില്യണടക്കം 11 മില്യൺ കാറുകളിൽ ഈ സംവിധാനം നിയമപരമല്ലാതെ ഘടിപ്പിച്ചിരുന്നു. ഔഡി ഡിവിഷന്റെ മേധാവിയായ റൂപർട്ട് സ്റ്റാഡ്ലർ 1997 മുതൽ വോക്സ് വാഗന്റെ മാനേജിംഗ് ടീമിലുണ്ട്. വോക്സ് വാഗന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായത്.
സൂറിച്ച്: സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ ഉള്ള പ്രമുഖ മ്യൂസിക് ബാന്‍ഡ് സ്വിറ്റ്സര്‍ലണ്ടില്‍ വേദി ഒരുക്കുന്നു. കേളിയുടെ ഇരുപതാം വാര്‍ഷിക ഓണാഘോഷത്തോടനുബന്ധിച്ചാണ് സ്റ്റീഫന്‍ ദേവസിയും കൂട്ടരും സംഗീത നിശ ഒരുക്കുന്നത്. സെപ്റ്റംബര്‍ 8നാണ് വിശാലമായ ഓണാഘോഷം, പൊന്നോണം 2018 സൂറിച്ചില്‍ അരങ്ങേറുന്നത്.
കേളി ഒരുക്കിയ അന്താരാഷ്ട്ര യുവജനോത്സവവേദിയില്‍ വെച്ച് പ്രസ്തുത പ്രോഗ്രാമിന്റെ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്തു. സ്വിറ്റ്സര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജില്‍ നിന്നും ശ്രീമതി റോസാ റാഫേല്‍ ആദ്യ ടിക്കറ്റ് സ്വീകരിച്ചുകൊണ്ട് ടിക്കറ്റ് കിക്ക് ഓഫ് ചെയ്തു. പ്രീ സെയില്‍ ആയി വില്‍ക്കുന്ന ടിക്കറ്റിന് നിരക്ക് കുറവ് സംഘാടകര്‍ നല്‍കുന്നുണ്ട്. നിലവില്‍ ജനറല്‍ കാറ്റഗറി ടിക്കറ്റിന് 45, 30 ഫ്രാങ്ക് ആണ് വില. രുചികരമായ ഓണസദ്യ സ്റ്റീഫന്‍ ദേവസ്യയുടെയും കൂട്ടരുടെയും സംഗീതവിരുന്ന് തെരഞ്ഞെടുത്ത സ്വിസ് കലാവിസ്മയങ്ങള്‍ എന്നിവയാണ് ഓണാഘോത്തിന് കേളി ഒരുക്കുന്നത്.
കേളിയുടെ കലാസായാഹ്നങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ കാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി മാത്രം വിനിയോഗിക്കുന്നു. നിര്‍ധനര്‍ക്ക് വീട് വെച്ച് നല്‍കുന്ന ഭവന നിര്‍മ്മാണ പദ്ധതി ആയ കേളി ഷെല്‍ട്ടര്‍ ആണ് നൂതന പദ്ധതി.
ലണ്ടൻ: റഷ്യൻ ഇരട്ടച്ചാരൻ സ്ക്രിപാലിന്റെയും മകൾ യൂലിയയുടെയും നേർക്കുണ്ടായ രാസായുധാക്രമണത്തിനു തങ്ങൾക്ക് നേരെ കുറ്റം ആരോപിച്ച റഷ്യക്കെതിരെ ചെക്ക് റിപ്പബ്ലിക്ക്. സ്ക്രിപാലിനെതിരേ പ്രയോഗിച്ച മാരകമായ രാസവസ്തു വികസിപ്പിക്കാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്ന് ചെക്ക് റിപ്പബ്ലിക്ക് ആണെന്ന് റഷ്യ ആരോപിച്ചിരുന്നു. റഷ്യയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ചെക്ക് റിപ്പബ്ലിക്ക് വിദേശകാര്യമന്ത്രി മാർട്ടിൻ സ്ട്രോപ്നിക്കി പറഞ്ഞു.
മാർച്ച് നാലിനാണ് സ്ക്രിപാലിനും പുത്രി യൂലിയയ്ക്കും നേർക്ക് ആക്രമണമുണ്ടായത്. ഇരുവരെയും അബോധാവസ്ഥയിൽ സാലിസ്ബറിയിലെ ഷോപ്പിംഗ് മാളിലെ ബഞ്ചിൽ കണ്ടെത്തുകയായിരുന്നു. രണ്ടു പേരും ഗുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
റഷ്യൻ സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് എന്ന രാസവസ്തു ഉപയോഗിച്ച് ഇരുവരെയും വധിക്കാൻ നീക്കം നടന്നതായാണ് ബ്രിട്ടീഷ് സർക്കാർ പറയുന്നത്. എന്നാൽ തങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണ് റഷ്യ പറയുന്നത്.
വിമാന യാത്രക്കിടയില്‍ ലഭിക്കുന്ന ഭക്ഷണം ഇഷ്ടപ്പെടുന്നവരായി വളരെ അപൂര്‍വ്വം ആളുകളെ ഉണ്ടാകൂ. പ്രത്യേകിച്ച് എകണോമിക് ക്ലാസിലാണ് യാത്രയെങ്കില്‍ ഭക്ഷണം കൂടുതല്‍ മോശമാവാനെ സാധ്യതയുള്ളു. എന്നാല്‍ ഇത്തരം ചിന്തകളെ അട്ടിമറിക്കുന്ന പ്രഖ്യാപനവുമായിട്ടാണ് ജര്‍മ്മന്‍ എയര്‍ലൈന്‍സായിട്ടുള്ള ലുഫ്താന്‍സ രംഗത്തു വന്നിരിക്കുന്നത്. തങ്ങളുടെ യാത്രക്കാര്‍ക്ക് ലോകത്തിലെ മികച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരുക്കുകയാണ് എയര്‍ലൈന്‍സ് അധികൃതര്‍. എകണോമിക് ക്ലാസിലെ യാത്രക്കാര്‍ക്ക് പോലും ചെറിയൊരു അധിക തുകയ്ക്ക് തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാം.
വ്യത്യസ്ഥമായ ഭക്ഷണ പദാര്‍ഥങ്ങള്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് 36,000 അടി ഉയരത്തില്‍ നിന്നും ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുമെന്ന് ലുഫ്താന്‍സ പറയുന്നു. ജര്‍മ്മനി ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പ്രധാന ഭക്ഷണ ഇനങ്ങളെ ഉള്‍കൊള്ളുന്നതാണ് വിമാനത്തില്‍ ലഭിക്കുന്ന മെനു. ഗ്രില്‍ഡ് സ്റ്റീക്ക് കൂടാതെ സ്‌പൈസി തായ് കറിയുമാണ് പ്രധാന മീല്‍സ് ഇനങ്ങള്‍. ആരോഗ്യ പൂര്‍ണമായി ഭക്ഷണത്തിനായി ഉറ്റുനോക്കുന്നവര്‍ക്ക് ഏഷ്യന്‍ വിഭവങ്ങള്‍ തെരെഞ്ഞെടുക്കാനുള്ള അവസരവും വിമാനത്തില്‍ ലഭ്യമാണ്. ചെറു ഭക്ഷണ ഇനങ്ങള്‍ ആവശ്യമുള്ളവര്‍ക്കായി ബാവേറിയന്‍ സ്‌നാക്‌സ് തുടങ്ങിയവയും എയര്‍ലൈന്‍സ് സ്‌പെഷല്‍ മെനുവില്‍ ഉള്‍പ്പെടുന്നു. സാധാരണഗതിയില്‍ വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ട്രേകളില്‍ നിന്ന് വ്യത്യസ്ഥമായി ക്ലാസിക് മണ്‍പിഞ്ഞാണ മാതൃകയിലുള്ള പാത്രങ്ങളിലായിരിക്കും ലുഫ്താന്‍സ എയര്‍ലൈന്‍സുകളില്‍ ഭക്ഷണം നല്‍കുക.
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ക്ക് തങ്ങളുടെ ഓഡറുകള്‍ നല്‍കാവുന്നതാണ്. ഇത്രയധികം വ്യത്യസ്ഥമായ ഭക്ഷണ പദാര്‍ഥങ്ങള്‍ മുഴുവനായും സൗജന്യമാണെന്ന് ധരിക്കരുത്. 17 മുതല്‍ 29 പൗണ്ട് വരെ ഇവയ്ക്ക് ചിലവ് വരും. മ്യൂണിച്ച് മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് വരെയുള്ള വിമാന സര്‍വീസുകളിലാണ് പുതിയ മീല്‍സ് സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. പൈലറ്റിനും സഹ പൈലറ്റിനും വിമാനത്തില്‍ വെച്ച് ഒരേ മീല്‍സ് കഴിക്കാനുള്ള അവകാശമില്ല. നമ്മള്‍ പ്രതീക്ഷിക്കുന്നതിലും എത്രയോ കൂടുതലാണ് വിമാനത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ്. ലുഫ്താന്‍സയുടെ പുതിയ പരിഷ്‌കാരങ്ങള്‍ കമ്പനിയുടെ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രസല്‍സ്: സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങള്‍ക്ക് ലെവി താരിഫ് ഏര്‍പ്പെടുത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പകരമായി നൂറോളം അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. നിയന്ത്രണമേര്‍പ്പെടുത്താനുള്ള നൂറോളം ഉല്‍പന്നങ്ങളുടെ പട്ടിക യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. അമേരിക്കന്‍ ഉല്‍പന്നങ്ങളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍, ജാക്ക് ഡാനിയല്‍സ് വിസ്‌കി മുതലായവയാണ് പട്ടികയിലുള്ളത്. ഇത് ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രതികരണമെന്ന നിലയിലുള്ള ഈ നടപടി പൂര്‍ണ്ണമായും നിയമപരമാണെന്ന് ട്രേഡ് കമ്മീഷണര്‍ സെസിലിയ മാംസ്റ്റോം പറഞ്ഞു.
ലോക വ്യാപാര സംഘടനയുടെ നിയമങ്ങള്‍ക്ക് അനുസരിച്ചി നടപടികളില്‍ കൃത്യത വരുത്തുമെന്നും അവര്‍ വ്യക്തമാക്കി. ദേശീയ സുരക്ഷയുടെ പേരിലാണ് യൂറോപ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്നതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെ നിരാകരിച്ചുകൊണ്ട് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ വ്യാഖ്യാനത്തിലൂടെ നല്‍കിയിരിക്കുന്ന ഏറ്റവും ക്രിയാത്മകമായ തിരിച്ചടിയാണ് യൂറോപ്യന്‍ യൂണിയന്റേതെന്ന വിശകലവും ഉണ്ട്. പ്രാദേശിക വ്യവസായങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ഇറക്കുമതി വര്‍ദ്ധിക്കുന്ന ഘട്ടങ്ങളില്‍ താല്‍ക്കാലിക ലെവികള്‍ ഏര്‍പ്പെടുത്താന്‍ ഡബ്ല്യുടിഒ ചട്ടങ്ങള്‍ അനുമതി നല്‍കുന്നുണ്ട്.
ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് 90 ദിവസങ്ങള്‍ക്കുള്ളില്‍ മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ പകരം നടപടികള്‍ സ്വീകരിക്കാന്‍ മറ്റ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും ഈ ചട്ടമനുസരിച്ച് അനുമതിയുണ്ട്. എന്നാല്‍ ദേശസുരക്ഷയേക്കുറിച്ചുള്ള അമേരിക്കയുടെ അവകാശവാദവും അതിനെ തള്ളിക്കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്റെ പ്രതികരണവും മുമ്പെങ്ങുമില്ലാത്ത സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഘടനയിലെ ശക്തരായ അംഗങ്ങള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ സംഘടനയ്ക്ക് ശേഷിയുണ്ടോ എന്ന കാര്യവും ഇതിലൂടെ അറിയാന്‍ കഴിയും.
അരങ്ങേറ്റത്തില്‍ തന്നെ സദസ്സിനെ അമ്പരപ്പിക്കുന്ന പ്രകടനവുമായി ശ്രുതി ശ്രീകുമാര്‍. ഫെബ്രുവരി 17ന് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ആയിരുന്നു വിസ്മയിപ്പിക്കുന്ന നടന വൈഭവവുമായി ശ്രുതി ശ്രീകുമാര്‍ അരങ്ങേറ്റം നടത്തിയത്. നാലാം വയസ്സ് മുതല്‍ നൃത്താഭ്യസനം തുടങ്ങിയ ശ്രുതിക്ക് നൃത്തം ജീവിതത്തിന്‍റെ ഭാഗമാണ്. യുകെയിലെ മലയാളി കലാകാരന്മാര്‍ക്കും കലാകരികള്‍ക്കും ഏറെ പ്രോത്സാഹനം നല്‍കുന്ന ഏഷ്യനെറ്റ് യുകെ ഡയറക്ടറും, ആനന്ദ് ടിവിയുടെ സിഇഒയുമായ അച്ഛന്‍ സദാനന്ദന്‍ ശ്രീകുമാറിന്റെയും അമ്മ ജീതി ശ്രീകുമാറിന്റെയും അകമഴിഞ്ഞ പ്രോത്സാഹനം കൂടി ആയപ്പോള്‍ ശ്രുതിയുടെ നൃത്ത സപര്യ ഏറ്റവും മികച്ചതായി മാറി.
ശ്രുതിയുടെ അരങ്ങേറ്റം ശനിയാഴ്ച ലണ്ടനിലെ എസെക്‌സ് വുഡ് ഫോര്‍ഡ് ഗ്രീനില്‍ സര്‍ ജെയിംസ് ഹോക്കി ഹാളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ നടന്നപ്പോള്‍ അത് അവിസ്മരണീയമായ ഒരു കലാനുഭവം ആയി മാറുകയായിരുന്നു. വൈകുന്നേരംഅഞ്ചുമണിയോടെ വുഡ് ഫോര്‍ഡ് ഗ്രീന്‍ പാര്‍ലമെന്റ് അംഗം ഇയാന്‍ സ്മിത്ത് ഉദ്ഘാടനം ചെയ്തതോടെയാണ് അരങ്ങേറ്റത്തിന് തുടക്കമായത്. കുട്ടിക്കാലം മുതല്‍ക്കേ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശ്രുതി കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനാണ് അരങ്ങില്‍ കാഴ്ച്ചവച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിശീലനത്തിനു ശേഷമാണ് അത്യുജ്ജ്വല പ്രകടനത്തോടെ നൃത്ത രംഗത്തെ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നത്. പ്രശസ്ത നര്‍ത്തകിയും ഗുരുവുമായ ഭാഗ്യലക്ഷ്മി ത്യാഗരാജന്റെ ശിക്ഷണത്തിലാണ് ശ്രുതി ശ്രീകുമാര്‍ പരിശീലനം നടത്തി വരുന്നത്.
ശ്രുതിയുടെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ പിന്നണിയില്‍ ഉണ്ടായിരുന്നവര്‍ ഈ രംഗത്തെ ഏറ്റവും മികച്ചവര്‍ തന്നെയായിരുന്നു. ഇതിനായി കേരളത്തില്‍ നിന്ന് എത്തിയായിരുന്നു ഇവര്‍ പിന്തുണ നല്‍കിയത്. വോക്കല്‍ – അപര്‍ണ ശര്‍മ്മ, മൃദംഗം ഭവാനി ശങ്കര്‍, വയലിന്‍ – ഡോക്ടര്‍ ജ്യോത്സന ശ്രീകാന്ത്, ഫ്‌ലൂട്ട് – മധുസൂദനന്‍, സ്‌പെഷ്യല്‍ പെര്‍ട്ട്ക്യൂഷന്‍ – കാണ്ഡ്യാ സീതാംബരനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്താല്‍ ശ്രുതി നടത്തിയ മിന്നുന്ന പ്രകടനം കാണികളുടെ കയ്യടി നേടിയെടുക്കുന്നതായിരുന്നു.
ഗണേശ സ്തുതിയോടു കൂടി ആരംഭിച്ച ശ്രുതിയുടെ പ്രകടനം ശ്ലോകം, ആലാരിപ്പ് , ജതിസ്വരം, വര്‍ണം, ദേവി, ഭജന്‍, തില്ലാന എന്നീ ഭരതനാട്യത്തിന് വ്യത്യസ്തരൂപങ്ങളോടെയാണ് സമാപിച്ചത്. ഏതാണ്ട് രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
നാലാം വയസില്‍ നൃത്ത പഠനം ആരംഭിച്ച ശ്രുതി അഞ്ചാം വയസിലാണ് ആദ്യമായി വേദിയില്‍ കയറിയത്. ഷിജു മേനോന്‍ എന്ന അധ്യാപകനായിരുന്നു ശ്രുതിയുടെ ആദ്യ ഗുരു. 2010 മുതലാണ് ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ ശ്രുതി നൃത്ത പഠനം ആരംഭിക്കുന്നത്. ഐഎസ്ടിഡി പരീക്ഷ ഗ്രേഡ് സിക്‌സ് ഡിസ്റ്റിംഗ്ഷനോടെ ശ്രുതി പാസാകുകയും ചെയ്തിട്ടുണ്ട്.
നൃത്ത രംഗത്തേക്ക് തന്നെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ശ്രുതിയുടെ തീരുമാനം. ആല്‍ച്ചേരി ഫെസ്റ്റിവല്‍, ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‌സ്, ട്രിവാന്‍ഡ്രം മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ എന്നീ വേദികളിലും ശ്രുതി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം, ഒന്‍പതാം വയസു മുതല്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വയലിന്‍ പഠിക്കുന്ന ഈ കലാകാരി യുസിഎല്ലിലും സ്ട്രാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ലണ്ടന്‍ മ്യൂസിക് ഫെസ്റ്റിവലിലും പങ്കെടുത്തിട്ടുണ്ട്.
നൃത്തരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് ശ്രുതി പറയുന്നു. കലാക്ഷേത്രയില്‍ നിന്നും ഡിഗ്രി നേടിയ ഭാഗ്യലക്ഷ്മിയുടെ ആദ്യ ഗുരു പിതാവ് ആര്‍ വി ത്യാഗരാജന്‍ തന്നെയാണ്. തുടര്‍ന്ന് ഗുരു ബാലഗോപാലന്റെ കീഴില്‍ അഭിനയ പഠിച്ച ഭാഗ്യലക്ഷ്മി കര്‍ണാടിക് മ്യൂസികിലും പരിശീലനം നേടിയിട്ടുണ്ട്.
ഓള്‍ ഇന്ത്യാ ലെവലില്‍ ഭരതനാട്യം ഡിഗ്രിയില്‍ സെക്കന്റ് റാങ്ക് നേടിയ ഭാഗ്യലക്ഷ്മിക്ക് അലഹബാദ് പ്രയാഗ് സംഗീത് സമിതിയുടെ യുവ പ്രതിഭാ പുരസ്‌ക്കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭരതനാട്യം സ്‌കോളര്‍ഷിപ്പ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി2010ല്‍ യുകെയിലെത്തിയതോടെയാണ് ശ്രുതിക്ക് നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത്. ഭരതനാട്യം ചിട്ടയോടെയും കൃത്യമായ രീതിയിലും പഠിപ്പിക്കുന്ന ഭാഗ്യലക്ഷ്മിയുടെ സ്ഥാപനം വഴി നിരവധി കുട്ടികള്‍ക്കാണ് പരീക്ഷകള്‍ എഴുതി പാസാകുവാനും ഡിഗ്രികള്‍ എടുക്കുവാനും സാധിച്ചിട്ടുള്ളത. ബ്രിട്ടീഷ് രാജ്ഞി പങ്കെടുത്ത ബക്കിംഗ്ഹാം പാലസിലെ ചടങ്ങിലും ഭാഗ്യലക്ഷ്മി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.