“ഈ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ കാണാൻ ആണുങ്ങളെ പോലെ ഉണ്ട്. ഒരു പുരുഷനെയും ആകർഷിക്കാൻ അവൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. പീഡിപ്പിച്ചു എന്ന് പറയുന്ന രണ്ട് യുവാക്കൾക്കും ഈ പെൺകുട്ടിയോട് യാതൊരു ആകർഷണവും തോന്നിയിട്ടില്ല എന്ന് അവർ തന്നെ പറയുന്നുണ്ട്. അതിനാൽ തന്നെ ഇവർ രണ്ടു പേരും കുറ്റക്കാരല്ല”, ഈ രീതിയിൽ ഒരു ന്യായീകരണം ചമച്ചുകൊണ്ട് ആരോപണ വിധേയരെ വെറുതെ വിടാൻ പറയുന്നത് ഏതെങ്കിലും സാധാരണക്കാരോ പ്രതിയുടെ സുഹൃത്തുക്കളോ ഒന്നുമല്ല. ഇരയ്ക്ക് നീതി ഉറപ്പുവരുത്താൻ ബാധ്യസ്ഥതയുള്ള ഇറ്റലിയിലെ അങ്കോണയിലെ ഒരു കോടതിയാണ് ബലാത്സംഗക്കേസിൽ ഇത്തരമൊരു അസംബന്ധ വിധി എഴുതുന്നത്. സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ഈ നിരീക്ഷണം നടത്തിയ ബെഞ്ചിൽ വനിതാ ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം.

ആരോപണ വിധേയരായ രണ്ട് ചെറുപ്പക്കാരും ചേർന്ന് 2015ൽ ഒരു പെറുവിയൻ പെൺകുട്ടിയെ മയക്കുമരുന്നുകൾ നൽകി ക്രൂരമായി ബലാത്സംഗം ചെയ്തു എന്നതായിരുന്നു കോടതിക്ക് മുൻപിൽ ഉണ്ടായിരുന്ന കേസ്. എന്നാൽ ഇരയുടെ ഫോട്ടോ നോക്കി ‘പെൺകുട്ടി ആണുങ്ങളെ പോലെ ഇരിക്കുന്നു’ എന്ന് പറഞ്ഞ് ബെഞ്ച് അവളുടെ ആരോപണത്തിന്റെ സത്യസന്ധതയെ തന്നെ സംശയിക്കുകയായിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും മയക്കു മരുന്ന് കുടിപ്പിച്ചതിന്റെയും പരിശോധന ഫലങ്ങൾ കോടതിക്ക് മുന്നിലുള്ളപ്പോഴായിരുന്നു ഈ അവിശ്വാസപ്രകടനം.

ഇറ്റാലിയൻ കോടതിയുടെ മനുഷ്യത്വ വിരുദ്ധമായ തീരുമാനത്തിനെതിരെ ചുരുങ്ങിയ സമയം കൊണ്ട് 200-ഓളം പേരാണ് പ്രതിഷേധിക്കാനായി കോടതി വളപ്പിൽ തടിച്ചുകൂടിയത്. “അത്രയും അസ്വസ്ഥതപ്പെടുത്തുന്ന ഒരു വിധി ആയിരുന്നു അത്. കേട്ട് നിൽക്കാനാവില്ല. പ്രതികളെ വിട്ടയക്കാൻ പല അസംബന്ധ കാരണങ്ങളും കോടതി കണ്ടെത്തുന്നുണ്ട്. ആരോപണം ഉന്നയിച്ച പെൺകുട്ടി സുന്ദരിയല്ലാത്തതിനാൽ പ്രതികൾക്ക് അവളെ ഇഷ്ടമല്ലായിരുന്നുവെന്നും അവളോട് അറപ്പായിരുന്നുവെന്നുമുള്ള കാരണമാണ് ഏറ്റവും ക്രൂരം”, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷക സിൻസിയ മോളിനാരോ ദി ഗാർഡിയനോട് പറയുന്നു.

“ഈ വിധി നൽകുന്ന സന്ദേശം വളരെ ക്രൂരവും അപകടകരവുമാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അത് തിരിച്ചറിഞ്ഞ് പ്രതിഷേധിക്കാൻ ഇത്രയും ആളുകൾ ഇറങ്ങി തിരിച്ചല്ലോ എന്നതിൽ മാത്രമാണ് ഏക പ്രതീക്ഷ”, സാമൂഹ്യ പ്രവർത്തകയും റിബൽ നെറ്റ്‌വർക്ക് എന്ന സ്ത്രീ സംഘടനയുടെ വക്താവുമായ ലൂസിയ റിസൈറ്റെല്ലി പറയുന്നു.