സിനോ ചാക്കോ

കാര്‍ഡിഫ്: ആറാമത് യുറോപ്യന്‍ ക്‌നാനായ സംഗമം ക്‌നാനായ കുടിയേറ്റ സ്മരണകള്‍ പുതുക്കി സമാപിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കുറിയാക്കോസ് മോര്‍ സേവറിയോസ് വലിയ മെത്രാപ്പോലീത്ത ക്ലീമ്മീസ് നഗറില്‍ വി. കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് വര്‍ണശമ്പളമായ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ജേക്കബ് അധ്യക്ഷനായ ചടങ്ങിന് ഫാ. സജി ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഫാ. ജോമോന്‍ പൂത്തൂസ്, തോമസ് ജോസഫ്, ഏബ്രഹാം ചെറിയാന്‍, ജിജി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോ. മനോജ് ഏബ്രഹാം നന്ദി പറഞ്ഞു.

റാലിയില്‍ യുകെയിലെ എല്ലാ പള്ളികളില്‍ നിന്നും ജര്‍മ്മനി, അയര്‍ലണ്ട്, ഇറ്റലി എന്നീ ഇടവകകളും പങ്കെടുത്തു. വിവിധ പള്ളികളുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ 2 മണിക്ക് ആരംഭിച്ചു. വൈകീട്ട് 8 മണിയോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ആശീര്‍വാദവും നടന്നു.

1500ലധികം സമുദായ അംഗങ്ങള്‍ സംഗമത്തില്‍ സംബന്ധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. കാര്‍ഡിഫ് സെന്റ് ജോണ്‍സ് ഇടവക നേതൃത്വം നല്‍കിയ സംഗമത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും ഇടവക ഫാ. സജി ഏബ്രഹാം നന്ദി അറിയിച്ചു.