World

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐഎസ്) പുതിയ നേതാവായ അബ്ദുൽ ഖാദിർ മുമീൻ വർഷങ്ങളോളം ബ്രിട്ടനിലെ പള്ളികളിൽ പ്രഭാഷണം നടത്തിയിരുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നു. ഇത് രാജ്യത്തെ സുരക്ഷാ വൃത്തങ്ങളെ ആശങ്കയിൽ ആക്കിയിരിക്കുകയാണ് . സ്വീഡനിൽ നിന്ന് അഭയാർത്ഥിയായി എത്തിയ ശേഷം ബ്രിട്ടനിലേക്ക് കുടിയേറിയ ഇയാൾ, പരമ്പരാഗത മതപഠനത്തിന്റെ പേരിൽ വിവിധ പള്ളികളിൽ സജീവമായി പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് അദ്ദേഹം പ്രാദേശിക പിന്തുണയും സ്വാധീനവും രൂപപ്പെടുത്തിയെടുത്തതെന്ന് അന്വേഷണ ഏജൻസികൾ വിലയിരുത്തുന്നു. ഈ കാലയളവിൽ അദ്ദേഹം നിരീക്ഷണത്തിലോ സംശയവലയത്തിലോ പെട്ടിട്ടില്ലെന്നത് ബ്രിട്ടീഷ് സുരക്ഷാ സംവിധാനത്തിന് തന്നെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഭീകര സംഘടനയുടെ മേൽപട്ടികയിലേക്ക് ഉയര്‍ന്ന അദ്ദേഹത്തിന്റെ പശ്ചാത്തലം ഇപ്പോൾ ബ്രിട്ടീഷ്, യൂറോപ്യൻ ഇന്റലിജൻസ് ഏജൻസികൾ ചേർന്ന് പുനഃപരിശോധിക്കുകയാണ്. ബ്രിട്ടനിൽ താമസിച്ചിരുന്ന വർഷങ്ങളിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുമായി ബന്ധമുണ്ടായിരുന്നുവോ, അല്ലെങ്കിൽ രഹസ്യ റിക്രൂട്ട്മെന്റ് ശ്രമങ്ങൾ നടന്നിട്ടുണ്ടോയെന്നതടക്കം വ്യാപകമായ പരിശോധനകൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ കടുത്ത മതവാദങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടാകാമെന്ന സംശയവും ശക്തമാണ്. മുൻപ് അറസ്റ്റിലാകുകയോ ചോദ്യം ചെയ്യപ്പെടാത്തതോ ആയ ഈ വ്യക്തി പടിഞ്ഞാറൻ യൂറോപ്പിലെ രഹസ്യവലയങ്ങൾ ഉപയോഗിച്ച് ഐഎസ് നേതൃനിരയിലെത്തിയതായാണ് സൂചന.

‘ബ്രിട്ടനിൽ നിന്ന് രാജ്യാന്തര ഭീകര വലയത്തിന്റെ തലവനായി ഒരാൾ ഉയർന്നതിൽ നിരവധി രാഷ്ട്രീയ, സുരക്ഷാ വിദഗ്ധർ കടുത്ത വിമർശനവുമായി രംഗത്തെത്തുന്നു. കുടിയേറ്റ പരിശോധനാ സംവിധാനത്തിലെ വീഴ്ചകളും ഭീകരവാദ നിരീക്ഷണത്തിലെ പാളിച്ചകളും ഇപ്പോൾ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. അഭയാർത്ഥി പട്ടികകളിലെ ഉയർന്ന അപകടസാധ്യതയുള്ളവരെ തിരിച്ചറിയുന്നതിൽ ഭരണകൂടത്തിന് പിഴ സംഭവിച്ചതായി പ്രതിപക്ഷ കക്ഷികൾ ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലേബർ എംപി ട്യൂലിപ്പ് സിദ്ദിഖിനെതിരെ ബംഗ്ലാദേശിൽ നടന്ന അഴിമതി വിചാരണയിൽ രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചു . ഡാക്കയിലെ ഡിപ്ലോമാറ്റിക് സോണിൽ കുടുംബാംഗങ്ങൾക്ക് അനധികൃതമായി ഭൂമി കരസ്ഥമാക്കാൻ മുൻ പ്രധാനമന്ത്രി കൂടിയായ അമ്മാവി ഷെയ്ഖ് ഹസീനയുടെ സ്വാധീനം ഉപയോഗിച്ചെന്നായിരുന്നു ഇവർക്കെതിരായ ആരോപണം. കഴിഞ്ഞ വർഷം അധികാരത്തിൽ നിന്ന് പുറത്തായ ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു.


വിചാരണ പ്രക്രിയ മുഴുവൻ “തെറ്റായതും രാഷ്ട്രീയ പ്രതികാരത്തിന്റെ ഫലവുമാണ്” എന്ന് സിദ്ദിഖ് ശിക്ഷ പുറത്ത് വന്നതിനെ തുടർന്ന് പ്രതികരിച്ചു. ബ്രിട്ടനിൽ മന്ത്രിപദം രാജിവെക്കേണ്ടിവന്ന ഇവർ, കേസിലെ ആരോപണങ്ങൾ ആരംഭം മുതൽ തന്നെ വ്യാജമാണെന്നും, ബംഗ്ലാദേശിലെ രാഷ്ട്രീയം’ തനിക്കു തടസ്സമാകില്ലെന്നും വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ എതിക്സ് ഉപദേഷ്ടാവ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായ തെറ്റുകൾ കണ്ടെത്താനായിരുന്നില്ലെങ്കിലും, ഇത്തരം സംഭവങ്ങൾ സിദ്ദിഖിന്റെ പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനിടെ, നിരോധിതമായ അവാമി ലീഗും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അഴിമതി വിരുദ്ധ കമ്മീഷന്റെ നടപടികളെ കടുത്ത വാക്കുകളിൽ വിമർശിച്ചു. പാർട്ടിക്കെതിരായ ലക്ഷ്യമിട്ട ആക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അവരുടെ ആരോപണം. വിചാരണ നീതിപൂർണ്ണമല്ലെന്നും, സിദ്ദിഖിന് നീതി ലഭിക്കുന്നില്ലെന്നും ബ്രിട്ടനിലെ പ്രമുഖ അഭിഭാഷകരും മുൻ മന്ത്രിമാരും തുറന്ന കത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ ടെലികോം എക്സിക്യൂട്ടീവ് ബങ്കിം ബ്രഹ്‌മഭട്ട് 500 മില്യൺ ഡോളർ (ഏകദേശം 4400 കോടി രൂപ) തട്ടിയെടുത്ത് കാണാതായതായി റിപ്പോർട്ടുകൾ. വ്യാജ ഇമെയിൽ വിലാസങ്ങളും കൃത്രിമ ഇൻവോയ്‌സുകളും ഉപയോഗിച്ച് ആഗോള നിക്ഷേപ ഭീമനായ ബ്ലാക്ക്‌റോക്കിനെയും ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബയെയും കബളിപ്പിച്ചെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.

ബ്രഹ്‌മഭട്ടിന്റെ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയ്‌സ് തുടങ്ങിയ കമ്പനികൾ സാമ്പത്തികമായി കരുത്തുറ്റവയെന്ന വ്യാജ രേഖകളാണ് വായ്പയ്ക്കായി സമർപ്പിച്ചത്. ലഭിച്ച പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കുമാണ് മാറ്റിയതെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. 2020 മുതൽ എച്ച്പിഎസ് ഇൻവെസ്റ്റ്മെന്റ് പാർട്ട്നേഴ്സ് വഴി കോടികളുടെ വായ്പ ലഭിച്ചെങ്കിലും 2025 ജൂലൈയിൽ ഇമെയിൽ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.

ബ്രഹ്‌മഭട്ട് ഇപ്പോൾ ഒളിവിലാണ് . ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലുളള ഓഫീസുകൾ പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. ആഡംബര കാറുകൾ നിറഞ്ഞ വീടും ഇപ്പോൾ ശൂന്യമാണ്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബ്ലാക്ക്‌റോക്കും മറ്റ് വായ്പാ ദാതാക്കളും നിയമനടപടികൾ ആരംഭിച്ചു.

വാഷിങ്ടൺ ∙ അമേരിക്കയ്ക്ക് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ (താരിഫ്) ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍ ‘ മുഖാന്തിരമാണ് അദ്ദേഹം തീരുമാനത്തെ കുറിച്ച് അറിയിച്ചത്.

വിദേശ രാജ്യങ്ങള്‍ അമേരിക്കയുടെ സിനിമാ വ്യവസായത്തെ “മോഷ്ടിച്ചു” എന്ന് ട്രംപ് ആരോപിച്ചു. “ഒരു കുഞ്ഞിന്റെ കയ്യില്‍നിന്ന് മിഠായി പിടിച്ചെടുക്കുന്നതു പോലെയാണ് അമേരിക്കയുടെ സിനിമാ വ്യവസായത്തെ വിദേശ രാജ്യങ്ങള്‍ തട്ടിയെടുത്തത്,” എന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

കാലിഫോര്‍ണിയയുടെ സിനിമാ വ്യവസായം ഗവര്‍ണറുടെ ദൗര്‍ബല്യത്താല്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടുവെന്നും, പതിറ്റാണ്ടുകളായി തുടരുന്ന ഈ പ്രശ്നം അവസാനിപ്പിക്കാന്‍ വിദേശ സിനിമകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.

ഇതിന് മുമ്പ് തന്നെ, മേയ് മാസത്തില്‍ ട്രംപ് ഇത്തരം തീരുവ ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കിയിരുന്നു. നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വാണിജ്യ വകുപ്പിനും യുഎസ് ട്രേഡ് റെപ്രസെന്ററ്റീവിനും അദ്ദേഹം അധികാരം നല്‍കിയിട്ടുണ്ട്.

വാഷിങ്ടൺ ∙ യുഎസിലെ മിഷിഗണിൽ നടന്ന വെടിവയ്പ്പിൽ 2 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ‘ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് ‘ പള്ളിക്കുള്ളിലാണ് വെടിവയ്പ്പ് നടന്നത്.

അക്രമി ആദ്യം തന്റെ ട്രക്ക് ഉപയോഗിച്ച് പള്ളിയുടെ അകത്ത് ഇടിച്ചു കയറുകയായിരുന്നു. തുടർന്നാണ് വെടിവയ്പ്പ് ആരംഭിച്ചത്. പിന്നീട് പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഇയാളെ വധിച്ചു. ആക്രമണത്തിനിടെ പള്ളിക്ക് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. വെടിവച്ച വ്യക്തി തന്നെയാണ് പള്ളി തീയിട്ടതെന്നാണ് സൂചന. അഗ്നിശമന സേന എത്തി തീ നിയന്ത്രണവിധേയമാക്കി.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ പ്രതികരിച്ചു. പ്രത്യേകിച്ച് ‘ദി ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സ് ‘ പ്രസിഡന്റ് റസ്സൽ എം. നെൽസന്റെ മരണത്തിന്റേതിനു പിന്നാലെയാണ് ആക്രമണം നടന്നത്. അമേരിക്കൻ മതനേതാവ് ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് മോർമോൺ സഭ. ദ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്സ് എന്നതാണ് ഔദ്യോഗികനാമം.

എച്ച്-1ബി വിസയുടെ വാർഷിക ഫീസ് 1,00,000 ഡോളർ (ഏകദേശം 88,09,180 രൂപ) ആയി വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പു വെച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള വിസ, സാധാരണയായി 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ഫീസ് ആണ് ഉണ്ടായിരുന്നത്. രജിസ്ട്രേഷൻ, ഫയലിങ്, ഫ്രോഡ് പ്രിവൻഷൻ, പബ്ലിക് ലോ, പ്രീമിയം പ്രോസസിങ് എന്നിവയുടെ മുഴുവൻ ചെലവും പുതിയ ഫീസിൽ ഉൾപ്പെടും.

ഇന്ത്യയിലെ ടെക്ക് പ്രൊഫഷണലുകൾക്കും കമ്പനികൾക്കും ഇത് വലിയ തിരിച്ചടിയായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യ എച്ച്-1ബി വിസ അപേക്ഷകളിൽ ഏറ്റവും മുന്നിലുള്ള രാജ്യമാണ്. അമേരിക്കൻ കമ്പനികൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ ഉദ്യോഗാർത്ഥികളെ കൊണ്ടു വരണമെന്നാണ് നയം ലക്ഷ്യം വയ്ക്കുന്നത്, എന്നാൽ കുറഞ്ഞ ശമ്പളത്തിൽ ജോലിക്ക് തയ്യാറുള്ള വിദേശ തൊഴിലാളികളെ കുറയ്ക്കാൻ പുതിയ നയം കാരണമാകും. ഈ വർഷം 10,000-ത്തിലധികം എച്ച്-1ബി വിസകൾ ആമസോൺ നേടിയതായി റിപ്പോർട്ട് ചെയ്തു. തുടർന്ന് ടാറ്റാ കൺസൾട്ടൻസി, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഗൂഗിൾ എന്നിവയും നിലനിൽക്കുന്നു.

അമേരിക്കയിലെ ഡാലസിൽ ഇന്ത്യക്കാരനായ ഹോട്ടൽ മാനേജരുടെ തലവെട്ടി കൊലപ്പെടുത്തിയ സംഭവം പ്രദേശവാസികളെയും കുടുംബത്തെയും നടുക്കി. അൻപത് വയസ്സുള്ള ചന്ദ്ര നാഗമല്ലയ്യയെയാണ് സഹപ്രവർത്തകനായ 37കാരൻ യോർദാനിസ് കോബോസ് മാർട്ടിനെസ് ആക്രമിച്ചത്. ഭാര്യയുടെയും മകൻറെയും മുന്നിൽ വെച്ച് നടന്ന കൊലപാതകത്തിൽ കുടുംബം ഭീതിയിലും ദുരിതത്തിലും മുങ്ങുകയാണ്.

ഡൗൺ ടൗൺ സ്യൂട്ട്സ് മോട്ടലിലാണ് സംഭവം. മുറി വൃത്തിയാക്കുന്നതിനിടെ ജീവനക്കാരിയോട് വാഷിങ് മെഷീൻ കേടായതായി അറിയിക്കാൻ നാഗമല്ലയ്യ നിർദേശിച്ചതിനെതിരെ പ്രകോപിതനായ മാർട്ടിനെസ് വെട്ടുകത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച നാഗമല്ലയ്യയെ പിന്തുടർന്ന് പല തവണ കുത്തിയ ശേഷം തലവെട്ടി. ഭാര്യയുടെയും മകന്റെയും ശ്രമങ്ങളെ തള്ളി മാറ്റിയാണ് പ്രതി കൊല നടത്തിയത്. അറുത്തെടുത്ത തല മോട്ടലിലെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ രക്ഷാപ്രവർത്തകർ പിടികൂടി പൊലീസിന് കൈമാറി.

കൊലപാതക കുറ്റം ചുമത്തിയ പ്രതിയെ ഡാലസ് കൗണ്ടി ജയിലിൽ അടച്ചു. ഇയാൾക്കെതിരെ ഫ്ലോറിഡയിലും ഹൂസ്റ്റണിലും നേരത്തെ ക്രിമിനൽ കേസുകൾ ഉണ്ടെന്നു രേഖകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു.

കാലിഫോർണിയ ∙ ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ബറഹ് കലാൻ ഗ്രാമത്തിൽ നിന്നുള്ള 26 കാരനായ കപിൽ, പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ വെടിയേറ്റ് മരിച്ചു. യുഎസ് പൗരനായ ഒരാളുമായി ഉണ്ടായ വാക്കേറ്റമാണ് വെടിവയ്പ്പിലേക്ക് വഴിമാറിയത്. സംഭവസ്ഥലത്ത് തന്നെ കപിൽ മരിച്ചു.

ചെറുകിട കർഷകനായ ഈശ്വർ സിങ്ങിന്റെ ഏക മകനായ കപിൽ, രണ്ടര വർഷം മുമ്പാണ് ‘ഡോങ്കി റൂട്ട്’ വഴി അനധികൃതമായി അമേരിക്കയിലെത്തിയത്. കുടുംബം ഇതിനായി ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചിരുന്നു. പിന്നീട് അറസ്റ്റിലായെങ്കിലും നിയമ നടപടികളിലൂടെ മോചിതനായി യുഎസിൽ സ്ഥിരതാമസമാക്കുകയായിരുന്നു. വിവാഹിതയായ ഒരു സഹോദരിയും പഠനം തുടരുന്ന മറ്റൊരു സഹോദരിയും കപിലിനുണ്ട്.

മരണവാർത്ത അറിഞ്ഞ കുടുംബവും നാട്ടുകാരും ദുഃഖത്തിലാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ യുഎസിലെ നിയമനടപടികൾ പൂർത്തിയാക്കാൻ 15 ദിവസം വരെ വേണ്ടിവരുമെന്നാണ് വിവരം. ഇന്ത്യൻ പ്രവാസി സംഘടനകൾ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കായി ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യയിലേയ്കുള്ള ഐ.ടി. ഔട്ട്‌സോഴ്‌സിംഗിന് പുതിയ നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് ഇന്ത്യ-യു.എസ്. വ്യാപാരബന്ധങ്ങളിൽ പുതിയ പ്രശ്നങ്ങൾക്ക് തുടക്കമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎസ് കമ്പനികൾ ഇന്ത്യയിലേയ്ക്കുള്ള സോഫ്റ്റ്വെയർ-സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതോടെ പദ്ധതികൾ വൈകിപ്പിക്കപ്പെടുകയും കരാർ പുതുക്കലുകൾ തടസപ്പെടുകയും ചെയ്യാനാണ് സാധ്യത. ഇതോടെ റീട്ടെയിൽ, ലോജിസ്റ്റിക്സ്, നിർമ്മാണ മേഖലകളിൽ അമേരിക്കൻ കമ്പനികൾ ഇന്ത്യയിൽ നൽകുന്ന പ്രോജക്ടുകൾ കുറയാൻ സാധ്യതയുണ്ട്.

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ഐ.ടി-ബിപിഒ മേഖലയ്ക്ക് ഏകദേശം 254 ബില്യൺ യുഎസ് ഡോളർ വരുമാനമുണ്ടായിരുന്നു. ഇതിൽ 194 ബില്യൺ ഡോളർ യുഎസിൽ നിന്നുള്ള കയറ്റുമതിയിൽ നിന്നാണ്. രാജ്യത്തെ പ്രമുഖ ഐ.ടി. കമ്പനികളായ ടിസിഎസ് (ഏകദേശം $31 ബില്യൺ), ഇൻഫോസിസ് (ഏകദേശം $20 ബില്യൺ) എന്നിവയ്ക്ക് 55-60% വരുമാനം യുഎസിൽ നിന്നാണ് ലഭിക്കുന്നത്. ട്രംപ് സർക്കാരിന്റെ നടപടികൾ ഇതിനകം തന്നെ അമേരിക്കൻ കമ്പനികളുടെ ചെലവുകൾ കുറയ്ക്കാൻ കാരണമായിരിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു.

ട്രംപിന്റെ നടപടികൾ ഇന്ത്യൻ ഐ.ടി. തൊഴിലാളികളുടെ ജോലി സാധ്യതകളെയും നേരിട്ട് ബാധിക്കും. ക്യാമ്പസ് റിക്രൂട്ട്മെന്റ് കുറയ്ക്കൽ, നിയമനം താമസിപ്പിക്കൽ തുടങ്ങിയവയ്ക്ക് കമ്പനികൾ നിർബന്ധമായേക്കാം. ടിസിഎസ് കഴിഞ്ഞകാലത്ത് ഏകദേശം 12,000 ജീവനക്കാരെ (ആകെ ജോലിക്കാരുടെ 2%) ഒഴിവാക്കിയിരുന്നു. അവരുടെ നോർത്ത് അമേരിക്കൻ കരാർ $6.8 ബില്യണിൽ നിന്ന് $4.4 ബില്യണായി ഇടിഞ്ഞു. ഇൻഫോസിസ്, എച്ച്സിഎൽ ടെക് തുടങ്ങിയ കമ്പനികളും കരാർ നേടിയെടുക്കുന്നതിൽ ഇടിവ് നേരിടുകയാണ്. എങ്കിലും ശക്തമായ ലാഭവും യുഎസിൽ നടത്തുന്ന ഓൺഷോർ നിയമനങ്ങളും മൂലം ടിസിഎസ്, ഇൻഫോസിസ് പോലുള്ള കമ്പനികൾക്ക് പ്രതിസന്ധി നേരിടാൻ കഴിയുമെന്നാണ് വിദഗ്തർ പറയുന്നത്.

ഇന്ത്യക്കെതിരെ പരാമർശങ്ങൾ തുടർന്ന് ട്രംപ് ഭരണകൂടം. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ തുടരുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ്‌ ലട്ട്നിക്ക് വ്യക്തമാക്കി. രണ്ട് മാസങ്ങൾക്കുള്ളിൽ ഇന്ത്യ സോറി പറഞ്ഞ് ഒരു വ്യാപാര കരാറിനായി പ്രസിഡന്റ് ട്രംപിനെ സമീപിക്കും. അമേരിക്ക ഏർപ്പെടുത്തിയ തീരുവകൾ ഇന്ത്യൻ ബിസിനസ്സുകളെ തളർത്തും. അവർ തന്നെ കരാർ ആവശ്യപ്പെടും എന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണം. ബ്രിക്സ് സഖ്യത്തിൽ തുടരരുത്. റഷ്യക്കും ചൈനക്കും ഇടയിലുള്ള പാലമായി നിന്ന് അമേരിക്കക്ക് എതിരെ നിലപാടെടുത്താൽ, 50 ശതമാനം തീരുവ തുടരുമെന്നും ലട്ട്നിക്ക് വ്യക്തമാക്കി.

ഇന്ത്യക്കെതിരെ ട്രൂത്ത് സോഷ്യലില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കുറിപ്പ് പങ്കുവെച്ചിരുന്നു. ഇന്ത്യയും റഷ്യയും ‘കൂടുതൽ ഇരുണ്ട’ ചൈനയിലേക്ക് പോയെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകിയത്. എന്നാല്‍ ട്രംപ് വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ പരിഹാസ പോസ്റ്റ് വന്നത്.

ഇപ്പോൾ ട്രംപ് പറയുന്നത് ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നാണ്. എന്നാല്‍ ഇന്ത്യ സത്യം അഭിമുഖീകരിക്കാൻ തയ്യാറല്ലെന്ന് ട്രംപിൻറെ ഉപദേഷ്ടാവ് പീറ്റർ നവാറോ പറഞ്ഞിട്ടുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭം ഉണ്ടാക്കാൻ തന്നെയാണെന്ന നവാറോയുടെ പ്രസ്താവന ഇന്ത്യ ഇന്നലെ തള്ളിയിരുന്നു.

Copyright © . All rights reserved