World

അമേരിക്കയില്‍ ഉപരി പഠനത്തിനായി പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന നീല്‍ ആചാര്യയെ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.

യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു നീല്‍. പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു നീല്‍.

നീലിന്റെ അമ്മ ഗൗരി ആചാര്യ മകനെ കാണാനില്ലെന്ന് ഞായറാഴ്ച സമൂഹ മാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു ‘ഞങ്ങളുടെ മകന്‍ നീല്‍ ആചാര്യയെ ജനുവരി 28 മുതല്‍ കാണാനില്ല. അവന്‍ യുഎസിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയിലാണ് പഠിക്കുന്നത്. അവനെ അവസാനമായി കണ്ടത് പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ച ഊബര്‍ ഡ്രൈവറാണ്. അവനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അന്വേഷിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും വിവരം കിട്ടിയാല്‍ ദയവുചെയ്ത് ഞങ്ങളെ സഹായിക്കൂ.’

ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗൗരി ആചാര്യയുടെ പോസ്റ്റിന് മറുപടി നല്‍കിയിരുന്നു, കോണ്‍സുലേറ്റ് പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്, സാധ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കും എന്നാണ് അറിയിച്ചത്. പിന്നാലെയാണ് ക്യാമ്പസില്‍ നിന്ന് നീലിന്റെ മൃതദേഹം ലഭിച്ചത്. നീല്‍ എങ്ങനെയാണ് മരിച്ചതെന്ന് ഇപ്പോള്‍ വ്യക്തമല്ല.

‘ഞങ്ങളുടെ വിദ്യാര്‍ത്ഥികളിലൊരാളായ നീല്‍ ആചാര്യ അന്തരിച്ചുവെന്ന് ഞാന്‍ നിങ്ങളെ വളരെ സങ്കടത്തോടെ അറിയിക്കുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു ‘ കമ്പ്യൂട്ടര്‍ സയന്‍സ് മേധാവി ക്രിസ് ക്ലിഫ്റ്റണ്‍ ഇമെയിലില്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു.

അറ്റ്‌ലാന്റ∙ ഹരിയാന സ്വദേശിയായ വിവേക് സെയ്നി (25) യുഎസിൽ ക്രൂരമായി കൊല്ലപ്പെട്ടത് ഇന്ത്യയിലേക്കു മടങ്ങാനിരിക്കെ എന്നു റിപ്പോർട്ട്. ജനുവരി 26ന് നാട്ടിലേക്കു മടങ്ങാനിരിക്കെയാണു വിവേക് യുഎസ് സംസ്ഥാനമായ ജോർജിയയിൽ കൊല്ലപ്പെട്ടത്. ഹരിയാനയിലെ പഞ്ച്‌കുളയിൽ ഭഗവൻപുർ സ്വദേശിയാണ്. മകൻ മടങ്ങിയെത്തുന്നതു കാത്തിരുന്ന ഗുർജീത് സിങ് – ലളിത സെയ്നി ദമ്പതികൾ വിയോഗവാർത്ത കേട്ടതിന്റെ ദുഃഖത്തിൽനിന്നു മോചിതരായിട്ടില്ല.

ഭവനരഹിതനായ ജൂലിയൻ ഫോക്നെറാണു വിവേകിനെ ചുറ്റിക കൊണ്ടു പലതവണ തലയ്ക്കടിച്ചു കൊന്നതെന്നു പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തു. ജനുവരി 16ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്. ജോർജിയയിലെ ഒരു കടയിൽ വിവേക് പാർട് ടൈം ക്ലർക്കായി ജോലി ചെയ്തിരുന്നു. പ്രദേശത്ത് അലഞ്ഞു നടന്നിരുന്ന ജൂലിയൻ ഫോക്നറിന് ഈ സ്റ്റോറിൽനിന്നു വെള്ളം അടക്കമുള്ള സാധനങ്ങൾ വിവേകിന്റെ നേതൃത്വത്തിൽ നൽകിയിരുന്നതായി ജീവനക്കാർ പറയുന്നു.

പുതപ്പ് ചോദിച്ചപ്പോൾ ഇല്ലാത്തതിനാൽ ജാക്കറ്റ് നൽകി. സിഗരറ്റും വെള്ളവും ഇടയ്ക്കിടെ ചോദിച്ചുവാങ്ങി. പുറത്തു നല്ല തണുപ്പായതിനാൽ പുറത്തുപോകാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു. കുറെ ദിവസമായി ജൂലിയൻ ഇവിടെത്തന്നെ കൂടിയപ്പോൾ ഇനി സൗജന്യമായി ഭക്ഷണം നൽകാനാകില്ലെന്നും സ്റ്റോറിൽനിന്നു പോകണമെന്നും ജനുവരി 16ന് വിവേക് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പൊലീസിനെ അറിയിക്കുമെന്നും പറഞ്ഞു. ഇതു ജൂലിയന് ഇഷ്ടപ്പെട്ടില്ല.

ജോലി കഴിഞ്ഞ് വീട്ടിലേക്കു പോകാനൊരുങ്ങിയ വിവേകിനെ ചുറ്റിക കൊണ്ടു ജൂലിയൻ ആക്രമിച്ചു. ചുറ്റിക ഉപയോഗിച്ച് അൻപതോളം തവണ തുടർച്ചയായി തലയിലും മുഖത്തും അടിച്ചെന്ന് പൊലീസ് പറഞ്ഞു. ക്രൂര മർദനത്തെ തുടർന്നു സംഭവസ്ഥലത്തുതന്നെ വിവേക് മരിച്ചു. കൊലപാതക ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ജൂലിയനെ അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നു രണ്ടു കത്തികളും മറ്റൊരു ചുറ്റികയും പിടിച്ചെടുത്തു. ബിടെക് പൂർത്തിയാക്കി രണ്ടു വർഷം മുൻപാണു വിവേക് യുഎസിൽ എത്തിയത്. അടുത്തിടെ എംബിഎ ബിരുദം നേടിയിരുന്നു.

ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസ്സുള്ള മകനെയും യുഎസിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35 ) , മകൻ യഷ് എന്നിവരെ മെറിലാൻഡിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ നിഗമനം. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും 9 വർഷമായി സോഫ്റ്റ്‌വെയർ എൻജിനീയർമാരായി ജോലി ചെയ്യുകയാണ്. ബാൾട്ടിമോർ പോലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറഞ്ഞതെന്നും കർണാടകയിലെ ബന്ധുക്കൾ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹൂസ്റ്റണിലെ ക്ലിയര്‍ ലേക്കില്‍ താമസിക്കുന്ന ഇറപുറത്ത് ജോസഫ് താമസിന്റെയും (ബേബിച്ചൻ) ആലീസ് തോമസിന്റെയും മകന്‍ ആല്‍ബര്‍ട്ട് തോമസ് (30) നിര്യാതനായി. കേരളത്തില്‍ തളിയനാട് തൊടുപുഴയിലാണ് ആൽബർട്ടിൻെറ കുടുംബം .

ആല്‍ബര്‍ട്ട് തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പാരിസ്: സിറിയയിൽ നിന്നുള്ള അഭയാർത്ഥി നടത്തിയ അക്രമത്തിൽ ഫ്രാൻസിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കുട്ടികൾ കളിച്ചുകൊണ്ടിരുന്ന പ്ലേ ഗ്രൗണ്ടിലാണ് കത്തിയുമായി എത്തിയ ഇയാൾ കൊലവിളി നടത്തിയതും അക്രമം നടത്തിയതും . ഒരു കൈ കൊണ്ട് കഴുത്തിൽ കിടന്ന കുരിശുമാലയിൽ പിടിച്ചും മറുകയ്യിൽ കത്തിയും പിടിച്ചാണ് ഇയാൾ പാർക്കിലേക്ക് എത്തിയത്. യോശുവേ സ്‌തോത്രം എന്നു വിളിച്ചു കൊണ്ട് ഇയാൾ പ്രാമിൽ കിടന്ന ഒരു  കുരുന്നിലെയാണ് ആദ്യം കുത്തിയത്. കുഞ്ഞിനെ ഇയാൾ തുരുതുരാ കുത്തി. കുട്ടിയുടെ അമ്മ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ കുട്ടിയെ വീണ്ടും വീണ്ടും കുത്തുകയായിരുന്നു.

ഇയാളുടെ ആക്രമണത്തിൽ പാർക്കിലുണ്ടായിരുന്ന നാലു കുട്ടികൾക്ക് കുത്തേറ്റു. അബ്ദുൽമാഷ് എന്ന 31കാരനാണ് ആക്രമണം നടത്തിയത്. കുരിശുധരിച്ചെത്തിയ ഇയാൾ യോശുവേ സ്‌തോത്രം എന്നു ഉറക്കെ വിളിച്ചു കൊണ്ട് ആക്രമണം അഴിച്ചു വിടുകയായിരുന്നു. തെക്കു-കിഴക്കൻ ഫ്രാൻസിലെ അന്നസി ടൗണിലെ ലേക്‌സൗഡ് പാർക്കിൽ ഇന്നലെ രാവിലെ 9.45നാണ് ഇയാൾ ആക്രമണം നടത്തിത്.

കുത്തേറ്റ നാലു കുട്ടികളേയും രണ്ട് മുതിർന്നവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്. അതേസമയം ഭീകരവാദവുമായി ബന്ധപ്പെട്ട ആക്രമണമല്ലെന്നും പൊലീസ് പറഞ്ഞു. അടുത്തിടെ ഇയാൾ സ്വീഡിഷ് പൗരത്വത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ഭാര്യയുമായി വേർ പിരിയുകയും ചെയ്തിരുന്നു. ഇതിലെ അസ്വാസ്ഥ്യമാണ് കത്തിക്കുത്തിലേക്ക് നീണ്ടത്. 22 മാസത്തിനും മൂന്ന് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ കുത്തി വീഴ്‌ത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് മുതിർന്നവരുടേയും നില ഗുരുതരമാണ്.

ജനങ്ങൾ ഈ ക്രൂരതയുടെ നടുക്കത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ല. അഭയാർത്ഥിയായി സിറിയയിൽ നിന്നും എത്തിയതാണ് ഇയാൾ. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഫ്രാൻസിന്റെ അഭയാർത്ഥി നിയമങ്ങളിൽ മാറ്റം വന്നേക്കും. പത്ത് വർഷം മുൻപ്  ഇയാൾക്ക് സ്വീഡൻ അഭയാർത്ഥി സ്റ്റാറ്റസ് നൽകിയിരുന്നു. പിന്നീടാണ് ഫ്രാൻസിൽ എത്തിയത്. ഇയാൾക്കും ഇയാൾ കുത്തിയ അതേ പ്രായത്തിലുള്ള ഒരു  കുട്ടിയുണ്ട്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമോ മാനസിക പ്രശ്നമോ  ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ പേടിച്ചരണ്ട നാട്ടുകാർ രാത്രിയിൽ പാർക്കിൽ ഒത്തുകൂടുകയും ഇരകാളായവർക്ക് വേണ്ടി മെഴുകുതിരി തെളിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

സബ്‍വേ ട്രെയിനിൽ ബഹളംവച്ചയാളെ സഹയാത്രികൻ കഴുത്തിന് ചുറ്റിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ന്യൂയോർക്കിലെ ട്രെയിനിലാണ് സംഭവം. മരിച്ച മുപ്പതു വയസ്സു തോന്നിക്കുന്ന ആളുടെ പേരുവിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. ട്രെയിനിലുണ്ടായിരുന്ന ഒരു ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ ചിത്രീകരിച്ച വിഡിയോ ഇതിനിടെ സമൂഹമാധ്യമത്തിൽ വൈറലായി. സംഭവത്തിൽ 24 വയസ്സുള്ള സഹയാത്രികനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുപ്പതു വയസ്സു തോന്നിക്കുന്ന ആൾ ട്രെയിനിൽ കയറിയത്. തുടർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ഇയാൾ ബഹളംവയ്ക്കാനും ശല്യപ്പെടുത്താനും തുടങ്ങിയതായി ദൃക്സാക്ഷിയായ മാധ്യമപ്രവർത്തകൻ പറഞ്ഞു. ഇയാളുടെ അലർച്ച കേട്ട് ട്രെയിനിലുള്ളവർ ഭയപ്പെട്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് സഹയാത്രികരിൽ ഒരാൾ പുറകിലൂടെ വന്ന് ഇയാളുടെ കഴുത്തിന് ചുറ്റിപ്പിടിച്ചു. ഇരുവരും നിയന്ത്രണം വിട്ട് താഴെ വീഴുന്നതും വിഡിയോയിലുണ്ട്.

തുടർന്ന് മറ്റു രണ്ടു യാത്രക്കാർ കൂടി വന്ന് ഇയാളുടെ കയ്യും കാലും ബന്ധിക്കുന്നുണ്ട്. ഇവരുടെ കരവലയത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. കഴുത്തിന് ചുറ്റിപ്പിടിച്ചിരിക്കുന്നതിനാൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് വിവരം. കഴുത്തിന് ചുറ്റിപ്പിടിച്ചയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. മുൻ നാവിക ഉദ്യോഗസ്ഥനാണ് ഇയാൾ. കൂടുതൽ അന്വേഷണങ്ങൾക്കു ശേഷമാകും തുടർനടപടികൾ എന്നാണ് വിവരം.

അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ വെടിയേറ്റ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ സായിഷ് വീര എന്ന 24കാരനാണ് കൊല്ലപ്പെട്ടത്. ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ സായിഷ് വീര പഠനത്തോടൊപ്പം കൊളംബസ് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഫ്യൂവല്‍ സ്റ്റേഷനില്‍ പാര്‍ടൈം ജോലിയും ചെയ്തു വരുകയായിരുന്നു.

ഏപ്രില്‍ 20ന് പുലര്‍ച്ചെ 12.50ഓടെ ബ്രോഡ് സെന്‍റ് 1000 ബ്ലോക്കിലേക്ക് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് പോലീസ് സംഘമെത്തി പരിശോധന നടത്തുമ്പോഴാണ് വിദ്യാര്‍ഥിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തുന്നത്. കൊളംബസ് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെത്തി സായിഷ് വീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിന്നീട് നടന്ന അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കുറിച്ചുള്ള വിവരവും മരിച്ചയാളുടെ ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്നതും.സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൊളംബസ് പോലീസ് പറഞ്ഞിട്ടുണ്ട്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും കൊളംബസ് ഡിവിഷൻ പൊലീസ് പങ്കുവെച്ചിരിക്കുകയാണ്.

സായിഷ് വീരയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ രോഹിത് യലമഞ്ചിലി എന്നയാളുടെ നേതൃത്വത്തില്‍ നടക്കുന്നു. ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെയാണ് ദാരുണമായ സംഭവം നടക്കുന്നത്. സായിഷ് വീരയെ എച്ച് 1 ബി വിസക്കായി പരിഗണിച്ചിരുന്നവെന്നും രോഹിത് എന്നയാൾ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ സായിഷ് വീര ഗ്യാസ് സ്റ്റേഷനിലെ ക്ലര്‍ക്ക് ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു – സുഹൃത്തുക്കള്‍ പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പ് പിതാവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാനായാണ് യുവാവ് അമേരിക്കയിലെത്തുന്നത്. കൊളംബസ് മേഖലയിലെ മികച്ച ക്രിക്കറ്റ് പ്ലേയര്‍ കൂടിയായിരുന്നു സായിഷ് എന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞിരിക്കുന്നത്.

 

നീലച്ചിത്രനടിക്ക് അവിഹിതബന്ധം മറച്ചുവെക്കാന്‍ പണംനല്‍കിയെന്ന കേസില്‍ യു.എസ്. മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍. ക്രിമിനല്‍ക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ മാന്‍ഹാട്ടണ്‍ കോടതിയില്‍ ചൊവ്വാഴ്ച കീഴടങ്ങാനെത്തിയപ്പോഴാണ് ജഡ്ജി ജുവാന്‍ മെര്‍ച്ച അറസ്റ്റ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് യു.എസില്‍ ഒരു മുന്‍ പ്രസിഡന്റിന് ക്രിമിനല്‍ക്കേസില്‍ കോടതിയില്‍ കീഴടങ്ങേണ്ടിവരുന്നതും അറസ്റ്റുവരിക്കേണ്ടിവരുന്നതും.

മുദ്രവെച്ച കവറില്‍ സൂക്ഷിച്ചിരിക്കുന്ന കുറ്റപത്രം ജഡ്ജി ട്രംപിനെ വായിച്ചുകേള്‍പ്പിച്ചു. തന്റെ പേരില്‍ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം നിഷേധിച്ച ട്രംപ് തന്നെ കുറ്റവിമുക്തനാക്കണമെന്ന് കോടതി മുമ്പാകെ അഭ്യര്‍ത്ഥിച്ചു. രണ്ട് മണിക്കൂര്‍നീണ്ട കോടതി നടപടികള്‍ക്കുശേഷം ട്രംപ് പുറത്തിറങ്ങി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെയാണ് അദ്ദേഹം മടങ്ങിയത്. ട്രംപിന്റെ അറസ്റ്റിനെത്തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ കലാപമുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ഫ്‌ളോറിഡയിലെ മാര്‍ അ ലാഗോയിലുള്ള തന്റെ വസതിയില്‍നിന്ന് ബോയിങ് 757 വിമാനത്തിലാണ് ട്രംപ് ന്യൂയോര്‍ക്കിലെത്തിയത്. അവിഹിതബന്ധം മറച്ചുവെക്കാന്‍ നീലച്ചിത്ര നടി സ്റ്റോമി ഡാനിയേല്‍സിന് 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുമ്പ് 1,30,000 ഡോളര്‍ (ഏകദേശം ഒരു കോടിയിലേറെ രൂപ) നല്‍കിയെന്ന കേസിലാണ് നടപടി.

അമേരിക്കയിലെ ടെന്നസിയിൽ കാറപകടത്തിൽ ആറു പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഞയറാഴ്ച്ച അതിരാവിലെയാണ് അപകടമുണ്ടായത്. മലക്കംമറിഞ്ഞ് പൂർണമായും തകർന്ന കാറിലെ ഡ്രൈവറും മറ്റൊരു സ്ത്രീയും മാത്രമാണ് രക്ഷപെട്ടത്. ഒന്നിനും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ സ്ത്രീയേയും ഡ്രൈവറേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു കാറുമായി ഇടിച്ച ശേഷം നിരവധി തവണ തലകീഴായി മറിഞ്ഞ ശേഷമാണ് കാർ നിന്നത്. ഇവരുടെ കാറുമായി കൂട്ടിയിടിച്ച കാർ കറങ്ങി തിരിഞ്ഞ് എതിർ ദിശയിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല. അപകട കാരണവും ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ ടെന്നസി ഹൈവ് പട്രോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത വേഗതയിലായിരുന്ന വാഹനം ഇടിയുടെ ആഘാതത്തിൽ കറങ്ങിതിരിഞ്ഞപ്പോഴായിരിക്കാം യാത്രക്കാർ തെറിച്ച് പോയതെന്നാണ് വിദഗ്ധർ അപകടത്തേക്കുറിച്ച് വിശദമാക്കുന്നത്.

പൂർണമായും തകർന്ന നിലയിലാണ് കാറുണ്ടായിരുന്നത്. ഡ്രൈവർ ഒഴികെയുള്ള യാത്രക്കാരെല്ലാം കാറിനുള്ളിൽ നിന്നും തെറിച്ച് റോഡിൽ വീണിരുന്നു. ആറ് പെൺകുട്ടികളും സംഭവ സ്ഥലത്ത് വച്ച് മരിച്ചു.

കാറിൽ നിന്ന് തെറിച്ച് പുറത്ത് വീണ പ്രായ പൂർത്തിയായ സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. സംഭവ സ്ഥലത്ത് വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിൻറെ ഡ്രൈവർ മാത്രമാണ് പൊട്ടിപ്പൊളിഞ്ഞ കാറിലുണ്ടായിരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന ഇയാളുടെ പരിക്ക് അത്ര ഗുരുതരമല്ല. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമേരിക്കയില്‍ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറു പേര്‍ മരിച്ചു. തിങ്കളാഴ്ചയായിരുന്നു നാഷ്വില്ലിലെ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥിയായ അക്രമി ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. അക്രമിയെ പൊലീസ് വധിച്ചു.

അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട് വയസ്സും മറ്റ് രണ്ട് പേര്‍ ഒന്‍പത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരില്‍ ഒരാള്‍ സ്‌കൂള്‍ മേധാവിയാണ്. ഇയാളും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്ജെന്‍ഡറാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved