കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മൂന്നാഴ്ചത്തെ ലോക്‌ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിയത് രണ്ടായിരത്തോളം യുഎസ് പൗരന്മാർ. ഇവരെ പ്രത്യേക വിമാനങ്ങളിൽ മടക്കിയെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.
ന്യൂഡൽഹിയിൽ 1,500 പേരും മുംബൈയിൽ 600 നും 700 നും ഇടയിലും രാജ്യത്തെ മറ്റിടങ്ങളിലായി മുന്നൂറു മുതൽ നാന്നൂറ് അമേരിക്കക്കാരും ഉണ്ടെന്നാണ് വിലയിരുത്തലെന്ന് ബ്യൂറോ ഓഫ് കോൺസുലർ അഫയേഴ്സ് ഓൺ കോവിഡ് – 19 പ്രിൻസിപ്പൽ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഇയാൻ ബ്രൗൺലി പറഞ്ഞു. ചാർട്ടേഡ് വിമാനത്തിലോ മറ്റു രാജ്യാന്തര വിമാനക്കമ്പനികളുമായി സഹകരിച്ചോ ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎസിലേക്ക് വിമാനസൗകര്യം ഒരുക്കി ഇവരെ എത്തിക്കാനാണ് ശ്രമം.
ഇതിനുള്ള അനുമതി ലഭിക്കുകയെന്നാണ് പ്രധാനമെന്നും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് മൂന്നു ദിവസത്തിനുള്ളിൽ ഇത്തരത്തിൽ പ്രത്യേക വിമാനങ്ങൾ അനുമതിയോടെ പറത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ ലോക്‌ഡൗണിലും വിമാനസർവീസ് റദ്ദാക്കലിലുമായി യുഎസിന് പുറത്ത് കുടുങ്ങിയ 33,000 പൗരന്മാരെ മടക്കിയെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വ്യാപനം യുറോപ്പിലെ സ്ഥിതിഗതികള്‍ വഷളാക്കുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലാത്ത രീതിയിലേക്ക് മാറുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 969 പേരാണ്. ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജിവന്‍ നഷ്ടമായത് ഇന്നലെയാണ്.
യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും മരണ സംഖ്യ വലിയ തോതില്‍ ഉയരുന്നതായാണ് കഴിഞ്ഞ ദിവസം കണ്ടത്. ഇപ്പോള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന ഇറ്റലിയില്‍ തന്നെയാണ് കൂടുതല്‍ പേര്‍ ഇന്നലെയും മരിച്ചത്. 969 പേര്‍. രണ്ടര മാസം മുമ്പ് കൊറോണ ബാധ കെടുതി വിതയ്ക്കാന്‍ തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ദിവസം കൂടിയായിരുന്നു ഇന്നലെ. ഇറ്റലിയില്‍ ഇതിനകം മരണ സംഖ്യ 9134 ആയി. ഇറ്റലിയില്‍ സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാകാനുണ്ടെന്നാണ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കുന്നത്. അതിനിടെ അമേരിക്കയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജിന് പ്രസിഡന്റ് ട്രംപ് അംഗീകാരം നല്‍കി.
ബ്രിട്ടനിലും സ്ഥിതിഗതികല്‍ കൂടുതല്‍ വഷളാവുകയാണ്. 181 പേരാണ് കോവിഡ് 19 മൂലം ഇന്നലെ മരിച്ചത്. 759 പേരാണ് അവിടെ ഇതുവരെ മരിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 ബാധ സ്ഥിരികരിച്ചതിനെ പിന്നെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും രോഗം സ്ഥിരീകരിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്നതിനിടെ ഫ്രാന്‍സ് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി കൂട്ടി. ഏപ്രില്‍ 15 വരേക്കാണ് നീട്ടിയത്. രാജ്യം പകര്‍ച്ച വ്യാധിയുടെ തുടക്കത്തില്‍ മാത്രമാണ് ഇപ്പോഴുമെന്നാണ് പ്രധാനമന്ത്രി എഡ്വോര്‍ഡോ ഫിലിപ്പെ പറഞ്ഞത്. ഇന്നലെ മാത്രം ഫ്രാന്‍സില്‍ മരിച്ചത് 299 പേരാണ്. ഇതിനകം 1995 പേരാണ് ഫ്രാന്‍സില്‍ മരിച്ചത്.
ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ച സ്‌പെയനിലും മരണ സംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 769 പേരാണ് ഇവിടെ മരിച്ചത്. 4858 പേരാണ് സ്‌പെയിനില്‍ ഇതിനകം മരിച്ചുവീണത്. നിരോധനാജ്ഞ ഏപ്രില്‍ പകുതി വരെ നീട്ടിയിട്ടുണ്ട്.
അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. ഇവിടെ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1300 പേരാണ് ഇതിനകം മരിച്ചത്. ന്യൂ ഓര്‍ലിയാന്‍സ്, ചിക്കാഗോ, ഡെറ്റ്രോയിറ്റ് എന്നിവിടങ്ങളിലേക്ക് രോഗം ദ്രുതഗതിയില്‍ പടരുകയാണ്.
അതിനിടെ 30,000 വെന്റിലേറ്റര് വേണമെന്ന ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആൻ്റഡ്രു കുമോഓയുടെ ആവശ്യത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ ഈ ആവശ്യങ്ങള്‍ അതിശയോക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷമായിരിക്കുന്നത്. 44,055 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. ഇതിനകം ഇവിടെ മാത്രം 519 പേര്‍ മരിക്കുകയും ചെയ്തു. പല ആശുപത്രികളിലും ആവശ്യത്തിന് വെന്റിലേറ്ററില്ല. പല സംസ്ഥാനങ്ങളും ട്രംപുമായി ഏറ്റുമുട്ടലിലാണ്.
അതിനിടെ ജനറല്‍ മോട്ടേഴ്‌സിനോട് വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ ട്രം പ് ഉത്തരവിട്ടു. ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്ട് അനുസരിച്ചാണ് ജനറല്‍ മോട്ടോഴ്‌സിനോട് വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ ഉത്തവിട്ടിത്. ദേശീയ ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്ന വ്യവസ്ഥയാണ് നാഷണല്‍ ഡിഫന്‍സ് ആക്ട്. മതിയായ വേഗത്തില് വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച് നല്‍കാത്തതിന് ജെനറല്‍ മോട്ടേഴ്‌സിനെ ട്രംപ് വിമര്‍മശിക്കുകയും ചെയ്തു.
കൊറോണ വൈറസ് ബാധ തീവ്രമാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രണ്ട് ട്രില്ല്യന്റെ സാമ്പത്തിക പാക്കേജിന് ട്രംപ് അംഗീകാരം നല്‍കി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജാണ് ഇത്. രാജ്യത്തെ കുടുംബങ്ങള്‍ക്കും തൊഴിലാളികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ട്രംപ് പറഞ്ഞു.നൂറ് വര്‍ഷത്തിലെ ഏറ്റവും വലിയ പകര്‍ച്ച വ്യാധിയെയാണ് അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. അമേരിക്ക അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് അമേരിക്കയില്‍ 33 ലക്ഷം പേരാണ് തൊഴിലില്ലെന്ന് പറഞ്ഞ് അപേക്ഷ നല്‍കിയത്.
ലോകത്ത് കൊവിഡ് 19 വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. 20,494 പേരാണ് കോവിഡ് 19 ബാധയേറ്റ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. ഇറ്റലിയിൽ 24 മണിക്കൂറുകൾക്കുളളിൽ മാത്രം 683 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
5210 പുതിയ കേസുകളും രാജ്യത്ത് സ്ഥിരീകരിച്ചു. അതേ സമയം ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതിൽ 74.386 കേസുകളാണ് ഇറ്റലിയിൽ നിന്നും മാത്രം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്താകെ 4,52,157 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1,13,120 പേര്‍ രോഗവിമുക്തി നേടി. 3,18,543 പേര്‍ ചികിത്സയിലാണ്. ഇതില്‍ 13,671 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്.
സ്പെയിനിൽ ഉപപ്രധാനമന്ത്രിക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്‌പെയിനിലെ ഉപ പ്രധാനമന്ത്രിമാരിലൊരാളായ കാർമെൻ കാൽവോയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്പെയിൻ പ്രധാനമന്ത്രി പെട്രേ സാഞ്ചസിന്ർറെ നാല് ഉപപ്രധാനമന്ത്രിമാരിലൊരാളാണ് കാർമെൻ കാൽവോ. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വൈറസ് കൂടുതൽ നാശം വിതക്കുന്ന രാജ്യങ്ങളിലൊന്നായ സ്പെയിനിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാണ്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 683 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 7,503 ആയി. 74,386 പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ സ്ഥിരീകരിച്ചത്. സ്പെയിനിലും ഇറാനിലും ഇന്നും മരണനിരക്കിന് കുറവില്ല. സ്പെയിനില്‍ 443 മരണങ്ങളും ഇറാനില്‍ 143 പേരുമാണ് ഇന്ന് മരിച്ചത്. ഇന്നത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ മരണനിരക്കില്‍ ചൈനയെ പിന്തള്ളി സ്പെയിന് രണ്ടാമതായി. 3,434 പേരാണ് ഇതുവരെ സ്പെയിനില്‍ മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് വ്യപനത്തിനെതിരായ നയങ്ങളില്‍ വെള്ളം ചേര്‍ത്ത് യുഎസ് പ്രസിഡന്‍റ്. ഈസ്റ്ററോടു കൂടി വിലക്കുകള്‍ നീങ്ങണമെന്നാണ് തന്‍റ താല്‍പര്യമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. റോഡപകടങ്ങളോ പനി മരണങ്ങളോ ഒഴിവാക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാറില്ലെന്ന് സ്വകാര്യചാനല്‍ പരിപാടിയില്‍ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. പ്രസിഡന്‍റിന്‍റെ നിലപാടിനെതിരെ വിദഗ്ധര്‍ രംഗത്തെത്തി. അതേസമയം, കോവിഡ് വ്യാപനത്തിന്‍റെ അടുത്ത കേന്ദ്രം അമേരിക്കയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതിനിടെ, ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18,810 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 56 രാജ്യങ്ങളിലായി 2296 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ 743 മരണവും ഇറ്റലിയിലാണ്. ഇതോടെ രാജ്യത്തെ ആകെ മരണം 6820 ആയി. സാമൂഹ്യവ്യാപനം ശക്തമായ സ്പെയിനിലും അമേരിക്കയിലും ഇറാനിലും ഫ്രാന്‍സിലും പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 132 ഉം, സ്പെയിനില്‍ 497 ഉം രോഗികള്‍ മരിച്ചു. ലോകത്ത് ആകെ രോഗികളുടെ എണ്ണം 4,21,413 ആയി.
വാഷിങ്ടൻ ∙ ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്ത കോവിഡ് മഹാമാരിയിൽ ചൈനയ്ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകൾ. വാഷിങ്ടൻ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്കൂൾ സ്പോർട്സ് ഫോട്ടോഗ്രാഫിയിൽ സ്പഷലൈസ് ചെയ്ത ടെക്സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ടെക്‌സസ് കോടതിയെ സമീപിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന 20 ട്രില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അനധികൃത ജൈവായുധമായി ചൈനീസ് സർക്കാരാണു കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും ഹർജിയിൽ ആരോപിക്കുന്നു. ശത്രുക്കളായി കാണുന്നവർക്കെതിരെ ഉപയോഗിക്കാനായി അവർ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്. യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതിൽമാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണം.
ഹൃദയശൂന്യവും വീണ്ടുവിചാരം ഇല്ലാത്തതും ഹീനവുമായ പ്രവൃത്തിയാണിത്. ചൈനീസ് ജനത നല്ലവരാണ്, എന്നാൽ അവിടത്തെ സർക്കാർ അങ്ങനെയല്ല. അവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ പറയുന്നു. ആക്ടിവിസ്റ്റും അഭിഭാഷകനുമായ ലാറി ക്ലേമാൻ മുഖേനെയാണു കേസ് ഫയൽ ചെയ്തിരിക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനയ്ക്കെതിരെ നിലപാട് എടുത്തിരുന്നു. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിക്കണമെന്നായിരുന്നു ട്രംപിന്‍റെ പരാമർശം. കോവിഡിനെപ്പറ്റി ‘തെറ്റായ വിവരങ്ങൾ’ പ്രചരിപ്പിക്കുന്ന റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളെ കഴിഞ്ഞദിവസം യുഎസ് വിമർശിച്ചു. കോവിഡ് വ്യാപനം തടയാൻ അമേരിക്ക സ്വീകരിക്കുന്ന നടപടികളെ താഴ്‍ത്തിക്കെട്ടുന്ന സമീപനമാണ് ഈ രാജ്യങ്ങളുടേതെന്നാണു സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തിയത്.
വ്യാജവിവരങ്ങളിൽ ചിലതു സർക്കാരുകളും മറ്റുള്ളവ വ്യക്തികളുമാണു പ്രചരിപ്പിക്കുന്നത്. നിർഭാഗ്യകരമെന്നു പറയട്ടെ റഷ്യ, ചൈന, ഇറാൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി അമേരിക്കയ്ക്കെതിരെ പ്രവർത്തിക്കുകയാണെന്നും പോംപെയോ പറഞ്ഞു. യുഎസിൽ നേരത്തേയുണ്ടായ ചില ഇൻഫ്ലുവൻസ മരണങ്ങൾ കോവിഡ് മൂലമാണെന്നു തെളിഞ്ഞതായി ചൈനീസ് വിദേശകാര്യ വക്താവ് ലിജിയാൻ സാവോ ആരോപിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പേരിൽ അധിക്ഷേപിക്കാനുള്ള യുഎസ് ശ്രമമാണിതെന്നാണു ചൈന കരുതുന്നത്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യാന്തര അതിർത്തിയാണ് ചൈനയുമായി റഷ്യ പങ്കിടുന്നത്. എന്നിട്ടും 14.5 കോടി ജനസംഖ്യയുള്ള റഷ്യയിൽ ഒരാൾ പോലും കൊറോണ വൈറസ് ബാധ മൂലം മരിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഉത്തര കൊറിയയും റഷ്യയും ഒഴികെ ചൈനയുമായി അതിർത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളും കോവിഡ്–19 ഭീതിയിൽ പോരാടുമ്പോഴാണ് ഇവരുടെ അവകാശവാദം ചോദ്യചെയ്യപ്പെടുന്നത്.
വ്ളാഡിമിര്‍ പുടിന്റേത് വീരവാദം മാത്രമാണെന്നും കണക്കുകളിൽ വാസ്തവമില്ലെന്നും ആരോപിച്ച് റഷ്യയിലെ സർക്കാർ വിരുദ്ധ ചേരിയിലുള്ള ഡോ. അനസ്താസ്യ വസല്യേവ രംഗത്തു വന്നതോടെ കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രാജ്യാന്തര മാധ്യമങ്ങളും രംഗത്തെത്തി. കോവിഡ്–19 മൂലമുള്ള മരണങ്ങൾ ന്യൂമോണിയയുടെ കണക്കിൽ എഴുതി തള്ളാനാണ് ശ്രമമെന്നും അനസ്താസ്യ വസല്യേവ ആരോപിക്കുന്നു.
റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുനുസരിച്ച് ഒന്നര ലക്ഷത്തിലേറെ കോവിഡ്–19 ടെസ്റ്റുകളാണ് റഷ്യയിൽ ഇതുവരെ നടന്നത്. കഴിഞ്ഞ വ്യാഴ്ചയാണ് കോവിഡ്–19 മൂലം മോസ്കോയിൽ 79 കാരി മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ മരണം ന്യൂമോണിയ മൂലമെന്നായിരുന്നു റഷ്യൻ അധികൃതരുടെ അവകാശവാദം. 79കാരിയുടെ മരണശേഷം കടുത്ത നിയന്ത്രണങ്ങൾ രാജ്യമെമ്പാടും നടപ്പിലാക്കുകയും ചെയ്തു. മേയ് 1 വരെ രാജ്യാന്തര അതിർത്തികൾ അടച്ചിട്ടു. സ്കൂളുകളും പ്രധാന നഗരങ്ങളുമെല്ലാം അടച്ചിട്ടു. കൊറോണ വൈറസ് ബാധയുള്ള രോഗികളെ ചികിത്സിക്കാൻ 500 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം ആരംഭിച്ചു.
ജനുവരിയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനുവരി 30ന് ചൈനയുമായുള്ള അതിർത്തി അടച്ചിട്ടുവെന്നും ക്വാറന്റീന്‍ സോണുകള്‍ പ്രഖ്യാപിച്ചതും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതും വൈറസ് ബാധയെ പിടിച്ചുകെട്ടാൻ സഹായിച്ചുവെന്നുമായിരുന്നു റഷ്യൻ അധികൃതരുടെ വിശദീകരണം.
റഷ്യ യഥാർഥ കണക്കുകൾ പുറത്തു വിടാൻ തയാറാകണമെന്നു സർക്കാർ വിരുദ്ധ ചേരിയിലുള്ള നേതാക്കൾ ആവശ്യപ്പെടുന്നു. മറ്റു സംശയങ്ങൾ കണ്ടില്ലെന്നു വച്ചാലും കോവിഡ്–19 കേസുകളിൽ കാര്യമായ വർധനയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വെറും 150 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ അത് 367 ആയി എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനത്തിലധികം ആളുകളാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. മോസ്കോയിൽ മാത്രം ഈ വർഷം ന്യൂമോണിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 6,921 ആണ്. സോവിയറ്റ് യൂണിയന്‍ ആയിരുന്ന കാലത്ത് ചെര്‍ണോബില്‍ ആണവ ദുരന്തവും എയ്ഡ്‌സ് വ്യാപനവും എല്ലാം മറച്ചു വച്ച ചരിത്രമുള്ള റഷ്യ കോവിഡ്–19 മരണവും മറച്ചു വയ്ക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളും ആരോപിക്കുന്നു.
എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്.
ഇവര്‍ക്കെതിരേ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് മുങ്ങിയതായി കണ്ടെത്തി
കൊറോണ വൈറസ് (കൊവിഡ് 19) നാലായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ ഇറ്റലിയിലേയ്ക്ക് സഹായവുമായി ക്യൂബയില്‍ നിന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരുടെ സംഘം. 52 അംഗ ക്യൂബൻ മെഡിക്കൽ ടീം ഇറ്റലിയിലേയ്ക്ക് തിരിച്ചു. ഇറ്റലിയില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായ ലംബാഡിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചാണ് ക്യൂബന്‍ ഡോക്ടര്‍മാരുടെ സംഘം ഇറ്റലിയിലേയ്ക്ക് പോകാന്‍ തീരുമാനിച്ചത്. വിപ്ലവനായകനും മുന്‍ പ്രസിഡന്റുമായ ഫിദല്‍ കാസ്‌ട്രോയുടെ ചിത്രവുമായാണ് ക്യൂബന്‍ ഡോക്ടര്‍മാര്‍ ഇറ്റലിയിലേയ്ക്ക് തിരിച്ചത്.
ഞങ്ങള്‍ക്കെല്ലാം ഭയമുണ്ട്. എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ വിപ്ലവ കടമ ചെയ്യാന്‍ പോവുകയാണ്. അതുകൊണ്ട് ഭയം മാറ്റിവച്ച് പോകുന്നു – തീവ്രപരിചരണ വിദഗ്ധനായ ഡോക്ടര്‍ ലിയനാര്‍ഡോ ഫെര്‍ണാണ്ടസ് (68) വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഭയമില്ലെന്ന് പറയുന്നവര്‍ സൂപ്പര്‍ ഹീറോകളാണ്. പക്ഷെ ഞങ്ങള്‍ സൂപ്പര്‍ഹീറോകളല്ല, ഞങ്ങള്‍ വിപ്ലവ ഡോക്ടര്‍മാരാണ് – ഡോ.ഫെര്‍ണാണ്ടസ് പറഞ്ഞു. പല കരീബിയന്‍ തുറമുഖങ്ങളും നങ്കൂരമിടാന്‍ അനുമതി നിഷേധിച്ച ബ്രിട്ടീഷ് കപ്പലിന് ക്യൂബ അനുമതി നല്‍കുകയും ബ്രിട്ടന്‍ ക്യൂബയ്ക്ക് നന്ദി പറയുകയും ചെയ്തിരുന്നു. 600ലധികം വരുന്ന യാത്രക്കാരെ കപ്പലില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നു. ക്യൂബയില്‍ ഇതുവരെ 25 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്ന് പ്രസിഡന്റ് മിഗുവല്‍ ഡയാസ് കാനല്‍ പറഞ്ഞിട്ടുണ്ട്.
ക്യൂബയുടെ എട്ടാമത് വിദേശ ആരോഗ്യദൌത്യമാണിത്. 1959ല്‍ വിപ്ലവ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് മുതല്‍ ഇത്തരത്തില്‍ വിവിധ ലോകരാജ്യങ്ങളിലെ ആരോഗ്യ പ്രതിസന്ധികളില്‍ സഹായവുമായി ക്യൂബന്‍ മെഡിക്കല്‍ ടീമുകള്‍ എത്തിയിട്ടുണ്ട്. 2014ല്‍ ലൈബീരിയ, സൈറ ലിയോണ്‍ തുടങ്ങിയ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക് ആദ്യമായി മെഡിക്കല്‍ സംഘത്തെ അയച്ചത് ക്യൂബയായിരുന്നു. ഹെയ്തിയിലെ കോളറ കാലത്തും പരിചരണവുമായി ക്യൂബന്‍ മെഡിക്കല്‍ ടീം ഉണ്ടായിരുന്നു. 4825 പേരാണ് ഇറ്റലിയിൽ ഇതുവരെ മരിച്ചത്. 53,578 പേർക്കാണ് ഇറ്റലിയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെനിസ്വേല, നിക്കാരാഗ്വ, ജമെയ്ക്ക, സൂരിനാം, ഗ്രനേഡ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും ക്യൂബ മെഡിക്കല്‍ ടീമുകളെ അയച്ചിരുന്നു.
കൊറോണ വൈറസ് ബാധ മുലം കടുത്ത പ്രതിസന്ധിയിലായ ഇറ്റലിയിൽ ഓരോ ദിവസവും മരണ സംഖ്യ കൂടുകയാണ്. ഇന്നലെ മാത്രം 793 പേരാണ് രാജ്യത്ത് മരിച്ചത്. ഇതേ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പല നഗരങ്ങളിലും സൈന്യത്തെ ഇറക്കിയിട്ടുണ്ട്. ഏറ്റവും അത്യവശ്യമായ സ്ഥാപനങ്ങള്‍ ഒഴികെ ബാക്കിയെല്ലാം അടഞ്ഞു കിടക്കും. മരണ സംഖ്യ വര്‍ധനവിന്റെ നിരക്ക് പരിശോധിച്ചാല്‍ ചൈനയുടെ മരണ സംഖ്യയുടെ ഇരട്ടിയാകാന്‍ ഒന്നോ രണ്ടോ ദിവസം മതിയാകും. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 700ല്‍ അധികം പേര്‍ ഇറ്റലിയില്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍ ചികിത്സയിലോ ഐസൊലെഷനിലോ ഉള്ള 42,680 സജീവ കേസുകളില്‍ 2857 പേരുടെ നില ഗുരുതരമാണ് എന്നത് സൂചിപ്പിക്കുന്നത് മരണ സംഖ്യ 10,000 കടന്നേക്കുമെന്നാണ്.
പ്രധാന കാരണമായി ശാസ്ത്രജ്ഞര്‍ ഉയര്‍ത്തുന്ന വിഷയം വയോജന ജനസംഖ്യയാണ്. ജപ്പാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ ഉള്ള രാജ്യമാണ് ഇറ്റലി. ഇവിടത്തെ ശരാശരി പ്രായം 45.4 ആണ്. രാജ്യത്തിന്റെ 23 ശതമാനം ജനങ്ങളും 65 വയസിനു മുകളില്‍ ഉള്ളവരാണ്. ഇറ്റലിയില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ ശരാശരി പ്രായം 78.5 ആണ്. ഇവരില്‍ 99% പേരും മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയുള്ളവരാണ് എന്നതും ശ്രദ്ധിയ്ക്കുക.
ഇറ്റലിയിലെ യുവാക്കള്‍ അവരുടെ വീടുകളിലെ വയോജനങ്ങളുമായി ഏറെ അടുത്തിടപഴകി ജീവിക്കുന്നവരാണ് എന്ന വസ്തുതയാണ് സാമൂഹ്യ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമീണ മേഖലയിലെ യുവാക്കള്‍ മിലാന്‍ അടക്കമുള്ള വന്‍ നഗരങ്ങളില്‍ ജോലി ചെയ്യുന്നവരും തങ്ങളുടെ കുടുംബത്തിനൊപ്പം താമസിക്കുന്നവരുമാണ്. നഗരങ്ങള്‍ക്കും വീടുകള്‍ക്കും ഇടയിലെ പ്രതിദിനമുള്ളതോ ഇടവിട്ടുള്ളതോ യാത്ര ആയിരിക്കാം കൊറോണ വൈറസിന്റെ നിശബ്ദ പടര്‍ച്ചയ്ക്ക് കാരണമായത് എന്നാണ് വിലയിരുത്തല്‍. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും കൊറോണ ഏറ്റവും വേഗത്തില്‍ പടരാവുന്ന വയോജനങ്ങളില്‍ ഇതെത്തിക്കുന്ന വാഹകരായി യുവാക്കള്‍ പ്രവര്‍ത്തിച്ചു എന്നതാണു യാഥാര്‍ഥ്യം. ഇറ്റാലിയന്‍ അധികൃതര്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നതിന് മുന്പ് വലിയ രീതിയിലുള്ള സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞിരുന്നു.
അതേ സമയം ശരാശരി പ്രായം 47.3 ആയ ജപ്പാനില്‍ പക്ഷേ കോവിഡ് മരണം 35 മാത്രമാണ്. അപ്പോള്‍ പ്രായം മാത്രമല്ല കോവിഡ് നിയന്ത്രണത്തിന് പരിഗണിക്കേണ്ട ഘടകം എന്നു സൂചിപ്പിക്കുകയാണ് ജപ്പാന്റെ ഉദാഹരണം.”എന്തുകൊണ്ട് ഇറ്റലി എന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. അതിനൊരു ലളിതമായ ഉത്തരമില്ല.”ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ യാഷ്ക മൌങ്ക് പറയുന്നു.
തങ്ങളുടെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാവുന്നതില്‍ കൂടുതല്‍ പേരെ രോഗം ബാധിച്ചതോടെ പ്രായം കൂടിയവരെ മരണത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥയാണ് ഇറ്റലിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതും രോഗ വ്യാപനത്തിന്റെ തോത് കൂട്ടിയിരിക്കുകയാണ്.
രാജ്യത്തു ഇതുവരെ 15 ഓളം ആരോഗ്യ പ്രവര്‍ത്തകരും 18 പുരോഹിതന്മാരും മരണപ്പെട്ടു എന്നത് കോവിഡ് മഹാമാരി ഇറ്റലിയില്‍ ഉണ്ടാക്കിയ ദുരന്തത്തിന്റെ ചിത്രം കൂടുതല്‍ ഇരുണ്ടതാക്കുന്നു.
ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടതുപോലെ ദക്ഷിണ കൊറിയയും ജപ്പാനും ജര്‍മ്മനിയും അടക്കമുള്ള രാജ്യങ്ങള്‍ കാണിച്ച മാതൃക സ്വീകരിച്ച് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുകയും രോഗ ബാധിതര്‍ കൂടുതല്‍ സാമൂഹിക വ്യാപനത്തിന്റെ വാഹകാരായി മാറുന്നത് തയുകയും മാത്രമാണ് ഇറ്റലിയുടെ മുന്‍പിലെ പോംവഴി എന്നു ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അമേരിക്കന്‍ ഗായകനും എഴുത്തുകാരനും അഭിനേതാവുമായ കെന്നി റോജേഴ്‌സ് അന്തരിച്ചു. 81 വയസ്സുള്ള അദ്ദേഹം മരിച്ച വിവരം കുടുംബമാണ് പുറത്ത് വിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. കൊറോണവൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം.
ആറ് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കലാസപര്യയില്‍ ദി ഗാംബ്ലര്‍, ലേഡി, ഐലന്‍ഡ്‌സ് ഇന്‍ സ്ട്രീം, ഷീ ബിലീവ്‌സ് ഇന്‍ മീ, ത്രൂ ദ ഇയേഴ്‌സ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.
1970-കളിലും 1980-കളിലും സംഗീത രംഗത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു റോജേഴ്‌സിന്റെ ഗാനങ്ങള്‍. മൂന്ന് തവണ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 2015-ല്‍ അദ്ദേഹം വിടപറയല്‍ സംഗീത പര്യടനം ആരംഭിച്ചു. 2018 ഏപ്രിലില്‍ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ ആ പര്യടനം പകുതി വഴിയില്‍ അവസാനിപ്പിച്ചു.
അദ്ദേഹം ഡോളി പാര്‍ട്ടണുമായി ചേര്‍ന്ന് വിശ്വവിഖ്യാതമായ ഡ്യുവറ്റുകള്‍ പാടിയിട്ടുണ്ട്. 1938 ഓഗസ്ത് 21-നാണ് അദ്ദേഹം ജനിച്ചത്.