World

പ്രസവ വേദനയ്ക്കിടയിലും തലകീഴായി മറിഞ്ഞ കാറിലെ ഡ്രൈവറെ രക്ഷിച്ച അമേരിക്കൻ സ്വദേശിനിയായ യുവതിയാണ് സോഷ്യൽമീഡിയയുടെ കൈയ്യടി നേടുന്നത്. മുപ്പതുകാരിയായ മേഗൻ വാർഫീൽഡ് ആണ് പ്രസവ വേദനയ്ക്കിടയിലും ഒരു ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയത്. മേഗനും അമ്മയും കാറിൽ സഞ്ചരിക്കുന്നതിനിടയിലാണ് അവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. കാര്യമായ അപകടമൊന്നും പറ്റിയില്ലെങ്കിലും ഇടിയുടെ ആഘാതത്തിൽ മേഗന് പ്രസവ വേദന അനുഭവപ്പെടാൻ തുടങ്ങി.

എന്നാൽ അതൊന്നും കാര്യമാക്കാതെ അപകടത്തെ തുടർന്നുണ്ടായ ട്രാഫിക് നിയന്ത്രിക്കാൻ ഇറങ്ങുകയായിരുന്നു അഗ്‌നിശമന സേനാംഗം കൂടിയായ മേഗൻ. ഇതിനിടയിലാണ് ഒരു കാർ തലകീഴായി മറിഞ്ഞു കിടക്കുന്നത് അവർ കണ്ടത്. കാറിലെ ഡ്രൈവറായ സ്ത്രീ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഉടനടി മറുത്ത് ചിന്തിക്കാതെ മേഗൻ അപകടത്തിൽപ്പെട്ട കാറിനരികിലേയ്ക്ക് എത്തി.

കാറിന്റെ ഗ്ലാസിനുള്ളിലൂടെ അകത്തുകയറാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം വിജയിച്ചില്ല. തുടർന്ന് കാറിന് പുറത്ത് മുട്ടുകുത്തി ഇരുന്ന് മേഗൻ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ സുരക്ഷിതമായി ഇരുത്തി. പരിക്ക് കൂടുതൽ വഷളാകാതെ അവർക്ക് ആത്മവിശ്വാസം പകർന്ന് മേഗൻ കൂടെത്തന്നെ നിന്നു. അധികം വൈകാതെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡ്രൈവറെ പുറത്തെടുത്തു. ഇതിന് പിന്നാലെ മേഗന് ശരീരം വിറയ്ക്കാൻ തുടങ്ങി.

പ്രസവ വേദന നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ അവരെ ആശുപത്രിയിലേക്ക് മാറ്റി, മണിക്കൂറുകൾക്കുള്ളിൽ മേഗൻ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഷാർലെറ്റ് എന്നാണ് മകൾക്ക് പേര് നൽകിയത്. ‘ഞാൻ പ്രസവവുമായി ബന്ധപ്പെട്ട് അവധിയിൽ ആയിരുന്നു. ആ സമയത്ത് ഒരു ജീവൻ രക്ഷിക്കുക എന്നത് മാത്രമാണ് ആലോചിച്ചത്. ആ വേദനയ്ക്കിടയിലും അതെല്ലാം എങ്ങനെയാണ് ചെയ്തതെന്ന് എനിക്കറിയില്ല.’ മേഗൻ പറയുന്നു

അമേരിക്കയിൽ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുട്ടിയുൾപ്പെടെ നാലംഗ കുടുംബത്തെ ബുധനാഴ്ച കാലിഫോർണിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് വെർൺ വാർങ്കെ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇവരെ കാണാതായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ 48കാരനായ ജീസസ് സൽഗാഡോയെ എന്നയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു.

പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശികളായ കുടുംബത്തെ തിങ്കളാഴ്ച കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയിലെ സ്വന്തം ​ഗ്യാസ് സ്റ്റേഷനിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ​ഗ്യാസ് സ്റ്റേഷൻ. 8 മാസം പ്രായമുള്ള അരൂഹി ധേരി, 27 കാരിയായ അമ്മ ജസ്‌ലീൻ കൗർ, 36 കാരനായ അച്ഛൻ ജസ്ദീപ് സിംഗ്, 39 കാരനായ അമ്മാവൻ അമൻദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.

കുടുംബാംഗങ്ങളിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനം തിങ്കളാഴ്ച വൈകിയാണ് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരുടെ ബാങ്ക് കാർഡുകളിലൊന്ന് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മിൽ ഉപയോഗിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം നടന്നത്.

തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം ചില്ലറ വ്യാപാരങ്ങളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സ്ഥലമാണ്. തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പൊലീസ് ആരെയെങ്കിലും സംശയിക്കുന്നതായോ പുറത്തുവിട്ടിട്ടില്ലെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഫ്ലോറിഡയിലെ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പ്രദേശത്തെ പൂർണ്ണമായി ഇരുട്ടിൽ മുക്കിയ അതിശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് ജനവാസമേഖലകളിൽ വെള്ളപ്പൊക്കം ഉണ്ടായി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ യുഎസിൽ ഉണ്ടായ ഏറ്റവും ശക്തമായ കാറ്റാണിതെന്നാണു റിപ്പോർട്ടുകൾ. രാക്ഷസകൊടുങ്കാറ്റെന്നാണ് കാറ്റഗറി 4ൽപ്പെട്ട ഇയാൻ ചുഴലിക്കാറ്റിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൾ കാറ്റിന്റെ ശക്തിയിൽപ്പെട്ടു പോയതായി റിപ്പോർട്ടുകളുണ്ട്. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പറക്കുന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 20 പേരെ കാണാതായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിലാണു കാറ്റു വീശിയത്. വളരെ അപകടകാരിയായ ചുഴലിക്കാറ്റിനൊപ്പം കനത്തമഴയും ജനജീവിതം ദുസഹമാക്കി. വൈദ്യുതി ബന്ധം നിലച്ചു. 20 ലക്ഷത്തോളം ജനങ്ങളെയാണ് ഇതു ബാധിച്ചത്. വൈദ്യുതി ട്രാൻസ്ഫോമറുകൾ പൊട്ടിത്തെറിച്ചു.കടൽത്തീരത്തെ വീടുകളിലേക്കു വെള്ളം ഇരച്ചു കയറി. റോഡുകൾ വെള്ളത്തിനിടയിലായി.

ചുഴലിക്കാറ്റിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് തീരദേശ മേഖലകളിൽ നിന്ന് 25 ലക്ഷത്തോളം പേരെ അധികൃതർ ഒഴിപ്പിച്ചിരുന്നു. രക്ഷപെടാൻ കഴിയാതിരുന്നവരോട് വീടിനുള്ളിൽ തന്നെയിരിക്കണമെന്നു നിർദേശം നൽകി. ഫ്ലോറിഡയ്ക്കു പുറമെ ജോർജിയ, സൗത്ത് കാരലൈന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാൻ ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു.

1970 -കളിലും 1980 -കളിലും രോഗികളെ വേട്ടയാടിയ സീരിയൽ കില്ലറും മുൻ ആശുപത്രി ജീവനക്കാരനുമായ ഡൊണാൾഡ് ഹാർവിയെ സഹതടവുകാരൻ കൊലപ്പെടുത്തി. ഒഹായോ ജയിലിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.1970 – 80 കാലഘട്ടങ്ങളിൽ രോഗികളുടെ പേടിസ്വപ്നമായിരുന്നു ഹാർവി. ആശുപത്രികളിൽ അവശനിലയിൽ കിടക്കുന്ന രോഗികളെ ആയിരുന്നു ഇയാൾ വേട്ടയാടി കൊന്നിരുന്നത്. ആശുപത്രി ജീവനക്കാരൻ കൂടിയായിരുന്ന ഇയാൾ ‘മരണത്തിൻറെ മാലാഖ’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.

പൊലീസിന്റെ കണക്ക് പ്രകാരം 37 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, താൻ അതിലും അധികം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹാർവി സ്വയം അവകാശപ്പെടുന്നത്. ഇയാളുടെ സ്വന്തം കണക്ക് പ്രകാരം 70 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിരിക്കുന്നത്.67 -കാരനായ ഹാർവി ഒന്നിലധികം ജീവപര്യന്തങ്ങൾ ഒന്നിച്ച് അനുഭവിച്ച് കഴിഞ്ഞു വരികയാണ്. അതിനിടയിലാണ് കഴിഞ്ഞദിവസം സഹതടവുകാരനാൽ കൊല്ലപ്പെട്ടത്.

ഇയാൾ നടത്തിയ കൊലപാതകങ്ങൾ ‘ദയാവധങ്ങൾ’ എന്ന പേരിൽ കരുതാൻ ആകില്ല എന്ന് ഹാർവിയുടെ കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടർ ആർതർ എം. നെയ് ജൂനിയർ 1987 -ൽ കോടതിയിൽ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘കൊല്ലാൻ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അവൻ കൊന്നത്’ എന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്.

തന്റെ വിചാരണ വേളയിൽ, താൻ ദയ നിമിത്തം കൊലപാതകം നടത്തിയെന്നും ഇരകളോട് മര്യാദ കാണിക്കുകയാണെന്നും ഹാർവി വാദിച്ചു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, നടപടിക്രമങ്ങൾക്കിടയിൽ പോലും ഇയാൾ യാതൊരു പശ്ചാത്താപവും കാണിച്ചില്ല, കൂടാതെ ഒരു ബോർഡിൽ ഇരകളുടെ പേരുകൾ കാണിച്ചപ്പോൾ പോലും ഇയാൾ ചിരിച്ചു.

ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, അന്ന് അയാൾ മാധ്യമങ്ങളോട് പറഞ്ഞത് ‘ഞാൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ഞാൻ ആളുകളെ അവരുടെ ദുരിതത്തിൽ നിന്ന് കരകയറ്റുകയായിരുന്നു. എനിക്ക് എപ്പോഴെങ്കിലും അസുഖവും നിറയെ ട്യൂബുകളോ റെസ്പിറേറ്ററോ ഉണ്ടെങ്കിൽ ആരെങ്കിലും വന്ന് അത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ്.

തലയിണകൾ, ഒഴിഞ്ഞ ഓക്‌സിജൻ ടാങ്കുകൾ, എലിവിഷം, പെട്രോളിയം ഡിസ്റ്റിലേറ്റ്, സയനൈഡ് എന്നിവയുൾപ്പെടെ ഹാർവി തന്റെ ഇരകളെ കൊലപ്പെടുത്താൻ വിവിധ രീതികൾ ഉപയോഗിച്ചു. മരണപ്പെട്ട ഒരു രോഗിയുടെ പോസ്റ്റ്മാർട്ടം നടത്തുന്നതിനിടയിൽ രോഗിയുടെ വയറ്റിൽ നിന്നും സയനേഡ് കണ്ടെത്തിയതിനെ തുടർന്നാണ് മരണത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിക്കുന്നത്. ആ അന്വേഷണങ്ങൾ ഒടുവിൽ ഹാർവെയിലേക്ക് എത്തിച്ചേരുകയായിരുന്നു.

മധ്യ ഇറ്റലിയില്‍ കനത്ത പ്രളയം. പത്ത് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി. വീടുകളും വാഹനങ്ങളുമടക്കം പ്രളയത്തില്‍ അകപ്പെട്ടതോടെ ആശങ്കയിലാണ് ഇറ്റാലിയന്‍ ജനത. നാല് മണിക്കൂറുകളോളം നീണ്ട കനത്ത മഴയില്‍ വെള്ളത്തിനടിയിലായിരിക്കുകയാണ് മധ്യ ഇറ്റലിയിലെ പല പ്രദേശങ്ങളും. മൂന്നു മണിക്കൂറില്‍ 400 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. പ്രതിവര്‍ഷം സാധാരണ ലഭിക്കുന്ന മഴയുടെ മൂന്നിലൊന്നാണ് ഏതാനും മണിക്കൂറുകളില്‍ പെയ്തിറങ്ങിയത്.

സെനിഗലിയ, മാര്‍ഷെ തുടങ്ങിയ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നും അത് പ്രവചിക്കുക ദുഷ്കരമാണെന്നും ഭൗമശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

ആഡ്രിയാറ്റിക് സമുദ്രത്തോട് ചേർന്നു കിടക്കുന്ന മാർഷെ മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ സംഭവിച്ച മേഘസ്ഫോടനത്തിനു സമാനമായ മഴയാണ് അപ്രതീക്ഷിത പ്രളയത്തിനു പിന്നിലെന്ന് മേയർ റിക്കാർഡോ പാസ്ക്വാലിനി വ്യക്തമാക്കി. പ്രളയജലം ഇരച്ചെത്തിയതോടെ ആളുകൾ കെട്ടിടങ്ങളുടെ മുകളിലും വലിയ മരങ്ങളുടെ മുകളിലുമാണ് അഭയം തേടിയത്. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ അവിടെത്തന്നെ തുടരേണ്ടി വന്നു. ഇതിനു പിന്നാലെ കുടിവെള്ള വിതരണവും ഗതാഗതവും ടെലിഫോൺ സംവിധാനവും താറുമാറായി. നഗരത്തിലാകെ പാതിയോളം ചെളിയിൽ മുങ്ങിക്കിടക്കുന്ന കാറുകൾ കാണാൻ കഴിയും.

സ്കൈ ഡൈവിങ്ങിനിടെ താഴേക്ക് പതിച്ച് ടിക്ടോക് താരത്തിന് ദാരുണാന്ത്യം. താന്യ പർദാസി(21) ആണ് മരണപ്പെട്ടത്. കാനഡയിലെ ഒൻഡാരിയോയിൽ സ്കൈഡൈവിങ്ങിനിടെയായിരുന്നു അപകടം. പാരച്യൂട്ട് തുറക്കാൻ വൈകിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

നിലത്തു പതിച്ച താനിയയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഒൻഡാരിയോയിൽ ആദ്യ സോളോ സ്കൈഡിവിങ്ങിന് എത്തിയതായിരുന്നു താന്യ. സ്കൈഡിവിങ്ങിനിടെ റിസർവ് പാരച്യൂട്ട് വീർക്കാൻ അനുവദിക്കാത്ത വളരെ താഴ്ന്ന ഉയരത്തിൽപാരച്യൂട്ട് തുറന്നതാണ് അപകടത്തിന് കാരണം.

നോര്‍ത്ത് കരോലൈനയിലെ പാറ്റി ഹെര്‍ണാണ്ടസ്-കാര്‍ലോസ് ദമ്പതികളാണ് 17ാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നത്.ഇവരുടെ 16-ാമത്തെ കുട്ടിക്ക് ഒരു വയസ്സാണ്പ്രായം. പാറ്റി ഹെര്‍ണാണ്ടസ്-കാര്‍ലോസ് ദമ്പതികള്‍ക്ക് 20 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം.

16 കുട്ടികളുടെയും പേരിന്റെ തുടക്കം സി എന്ന അക്ഷരത്തിലാണ് തുടങ്ങുന്നതെന്നും പ്രത്യേകത ഉണ്ട്.16 മക്കളില്‍ മൂന്നിരട്ടകളുണ്ട്. പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് കുടുംബത്തില്‍ ആധിപത്യം. 10 പെണ്‍കുട്ടികളാണ് ഇവര്‍ക്ക്.

കാര്‍ലോസ് ജൂനിയര്‍ (14 വയസ്) ആണ് മക്കളില്‍ മുതിര്‍ന്നയാള്‍. ക്രിസ്റ്റഫര്‍(13),കാര്‍ല(11), കെയ്ത്‌ലിന്‍ (11),ക്രീസ്റ്റീന്‍(10),ചെല്‍സി(10), ക്രിസ്റ്റീന(9),കാല്‍വിന്‍(7),കാതറിന്‍(7),
കാലെബ്(5),കരോലൈന്‍(5), കാമില(4),കരോള്‍(4),ചാര്‍ലട്ട്(3), ക്രിസ്റ്റല്‍(2), ക്ലെടോണ്‍(1) എന്നിവരാണ് മക്കള്‍.

2023 മാര്‍ച്ചിലാണ് ഇവരുടെ 17ാമത്തെ കുഞ്ഞിന്റെ ഡെലിവറി സമയം. താനിപ്പോള്‍ 13 ആഴ്ച ഗര്‍ഭിണി ആണെന്നും ആണ്‍കുട്ടിയാണ് ഉള്ളിലെന്നും പാറ്റി ഒരു അഭിമുഖത്തില്‍ പറയുന്നു.

കഴിഞ്ഞ 14 വര്‍ഷത്തെ ജീവിതത്തില്‍ കൂടുതല്‍ നാളുകളും ഞാന്‍ ഗര്‍ഭിണിയായിരുന്നു.
അതില്‍ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് പാറ്റി 16-ാമത്തെ കുഞ്ഞിന് ഗര്‍ഭം നല്‍കിയത്.

20 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. ഇനി മൂന്ന് ആണ്‍കുട്ടികള്‍ വേണം. അപ്പോള്‍ 10 പെണ്ണും 10 ആണും ആകുമെന്നും പാറ്റി പറയുന്നു. ഗര്‍ഭനിരോധനം ആഗ്രഹിക്കുന്നില്ലെന്നും ദമ്പതികള്‍ പറയുന്നു.

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഹൂസ്റ്റണിലുണ്ടായ വെടിവയ്പ്പില്‍ നാലുപേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. നഗരത്തിലെ കെട്ടിടത്തിലുണ്ടായിരുന്നവര്‍ക്കുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ഇതടക്കമാണ് നാല് മരണം.

വീടൊഴിയാൻ ആവശ്യപ്പെട്ടതിൽ കുപിതനായാണ് അക്രമി അയൽവാസികളെ വെടിവച്ച് കൊന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. അക്രമി ആഫ്രിക്കൻ അമേരിക്കൻ ആണെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ കറുത്ത വസ്ത്രം ധരിച്ചിരുന്നു എന്നും ദൃക്‌സാക്ഷികൾ പറയുന്നു.

ഭർതൃപീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ന്യൂയോർക്കിൽ വെച്ചാണ് ഇന്ത്യൻ യുവതി ആത്മഹത്യ ചെയ്തത്. യുപി സ്വദേശി മന്ദീപ് കൗർ(30) ആണ് ആഗസ്റ്റ് നാലിന് ജീവനൊടുക്കിയത്. എട്ടു വർഷം മുൻപായിരുന്നു യുപി സ്വദേശിനി രഞ്‌ജോധബീർ സിങ്ങിനെ വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ തന്നെ പീഡനങ്ങൾ തുടർക്കഥയായിരുന്നു എന്നാണ് വിവരം.

രണ്ട് പെൺകുട്ടികളായിരുന്നു ദമ്പതികൾക്ക്. ആൺകുട്ടി വേണമെന്ന് പറഞ്ഞ് വർഷങ്ങളായി മരുമകൻ മകളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മന്ദീപ് കൗറിന്റെ പിതാവ് പറയുന്നു. മരിക്കുന്നതിന് തൊട്ടു മുമ്പ് താൻ സഹിച്ച യാതനകൾ അച്ഛനോട് പറഞ്ഞ് കരയുന്ന മൻദീപ് കൗറിന്റെ വീഡിയോ പുറത്തെത്തിയിരുന്നു. ക്ഷണ നേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്.

 

”എട്ടു വർഷമായി ഞാൻ സഹിക്കുകയാണ്. ദിവസവും ഭർത്താവ് ക്രൂരമായി മർദ്ദിക്കും. ഇനിയും സഹിക്കാൻ വയ്യ… പപ്പയെന്നോട് ക്ഷമിക്കണം. ഞാൻ മരിക്കാൻ പോവുകയാണ്”. ഇതായിരുന്നു വിഡിയോയിൽ മന്ദീപ് കൗർ പറഞ്ഞത്.

യുപിയിലെ ബിജ്‌നോർ ജില്ലയിലാണ് മന്ദീപിന്റെ കുടുംബം.രഞ്‌ജോധബീറിന്റെ കുടുംബവും ബിജ്‌നോറിലാണ്. യുഎസിൽ തന്നെയുള്ള ആറും നാലും വയസുള്ള പെൺമക്കളെ കുറിച്ചുള്ള ആശങ്കയിലാണിപ്പോൾ മന്ദീപ് കൗറിന്റെ കുടുംബം.

”മക്കളെ വിട്ടു കിട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഒരമ്മയെ പോലെ അവരെ ഞാൻ വളർത്തും” -മന്ദീപ്കൗറിന്റെ ഇളയ സഹോദരി കുൽദീപ് കൗർ പറഞ്ഞു. മകളുടെ ആത്മഹത്യക്ക് കാരണക്കാരനായ രഞ്‌ജോധബീറിനെതിരെ കേസ് നൽകിയിരിക്കയാണ് മന്ദീപ് കൗറിന്റെ പിതാവ് ജസ്പാൽ സിങ്. കേന്ദ്രസർക്കാരിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യുഎസ് അധികൃതരുമായി ബന്ധപ്പെട്ടതായും ഏതു തരത്തിലുള്ള സഹായത്തിനും തയാറാണെന്നും കാണിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

 

അമേരിക്കന്‍ നടി ആനി ഹെയ്ഷിന് വാഹനാപകടത്തില്‍ പരിക്ക്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടിയുടെ നില ഗുരുതരമാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

53കാരിയായ ആനിന്റെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ മാര്‍വിസ്തയിലുള്ള ഇരുനിലെ കെട്ടിടത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറിടിച്ചത് കെട്ടിടത്തില്‍ തീപ്പിടിത്തത്തിന് കാരണമായതായും ലോസ് ഏഞ്ചല്‍സ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തു.

അഗ്‌നിശമന സേനയുടെ കണക്കനുസരിച്ച് 59 അഗ്‌നിശമന സേനാംഗങ്ങള്‍ 65 മിനിറ്റ് സമയമെടുത്താണ് തീയണച്ചത്. സിക്സ് ഡേയ്സ്, സെവന്‍ നൈറ്റ്സ്, ഡോണി ബ്രാസ്‌കോ തുടങ്ങി 90 കളില്‍ പുറത്തിറങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ആന്‍.

‘അനദര്‍ വേള്‍ഡ്’ എന്ന സോപ്പ് ഓപ്പറയിലെ ആനിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

RECENT POSTS
Copyright © . All rights reserved