ഇന്ത്യൻ വിദ്യാർഥി കാനഡയിലെ സൗത്ത് വാൻകൂവറിൽ വെടിയേറ്റ് മരിച്ചു. ഹരിയാന സ്വദേശി ചിരാഗ് അന്റിൽ (24) എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ പറഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ചിരാഗിനെ കണ്ടെത്തിയത്. ഏപ്രിൽ 12 നാണ് സംഭവം നടന്നത്.

‘‘പ്രദേശവാസികൾ വെടിയൊച്ച കേട്ടതിനെ തുടർന്നു രാവിലെ 11 മണിയോടെ ഈസ്റ്റ് 55 അവന്യു, മെയിൻ സ്ട്രീറ്റിലേക്ക് ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. കാറിനുള്ളിൽ മരിച്ച നിലയിലായിരുന്നു ചിരാഗ്. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണ്.’’– പൊലീസ് പറഞ്ഞു.

സംഭവ ദിവസം രാവിലെ ചിരാഗുമായി ഫോണിൽ സംസാരിച്ചിരുന്നതായും ചിരാഗ് സന്തോഷവാനായിരുന്നെന്നും സഹോദരൻ റോമിറ്റ് പറഞ്ഞു. ‘‘ഇതിനുശേഷം എവിടെയോ പോകാനായി ചിരാഗ് വാഹനവുമായി പോവുകയായിരുന്നു, ആ സമയത്താണ് വെടിയേറ്റത്’’–സഹോദരൻ പറഞ്ഞു.

ചിരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി കുടുംബം ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ ഗോ ഫണ്ട് മി വഴി ധനസമാഹരണത്തിന് ശ്രമിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 സെപ്റ്റംബറിലാണ് ചിരാഗ് വാൻകൂറിലെത്തുന്നത്. യൂണിവേഴ്‍സിറ്റി കാനഡ വെസ്റ്റിൽനിന്നും എംബിഎ പൂർത്തിയാക്കിയ ചിരാഗിന് അടുത്തിടെയാണ് വർക്ക് പെർമിറ്റ് ലഭിച്ചത്.