ലോകത്തെ വലിയ സജീവ അഗ്നിപർവതമായ മൗന ലോവ പൊട്ടിത്തെറിച്ചു. യു.എസിലെ ഹവായ് ദ്വീപിൽ സ്ഥിതിചെയ്യുന്ന മൗന ലോവ 38 വർഷത്തിന് ശേഷമാണ് പൊട്ടിത്തെറിക്കുന്നത്. മുമ്പ് 1984ലാണ് അവസാനമായി മൗന ലോവ പൊട്ടിത്തെറിച്ചത്.
അഗ്നിപർവതത്തിൽ നിന്ന് ജ്വാലകൾ പ്രവഹിക്കുന്നതിന്‍റെയും ചുവന്ന ലാവ ഒഴുകിപ്പരക്കുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിനാണ് പൊട്ടിത്തെറിയുണ്ടായത്.
ഞായറാഴ്ച മേഖലയിൽ ഭൂചലനങ്ങളും പ്രകമ്പനങ്ങളും അനുഭവപ്പെട്ടിരുന്നു. അഗ്നിപർവതം ഏതുസമയവും പൊട്ടിത്തെറിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ അപകടാവസ്ഥയുണ്ടായില്ല.
1984ൽ മൗന ലോവ പൊട്ടിത്തെറിച്ചപ്പോൾ എട്ട് കിലോമീറ്റർ അകലെയുള്ള ഹിലോ നഗരത്തിൽ വരെ ലാവ ഒഴുകിയെത്തിയിരുന്നു. ഇത്തവണ ജനവാസ മേഖലകളിലേക്ക് ലാവ എത്തില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
Mauna Loa, the largest volcano on the planet, is erupting now on the Big Island of Hawai’i after being dormant for 38 years. Follow along to see footage captured by our team 🌋 pic.twitter.com/6busmUpXJr
— Paradise Helicopters (@Paradisecopters) November 29, 2022
മൂന്ന് വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ആളുടെ വധശിക്ഷ 63ാം ജന്മദിനത്തിൽ നടപ്പാക്കി. കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം.
മുൻ നാവികസേനാ ഉദ്യോഗസ്ഥനായ റിച്ചാര്‍ഡ് ഫെയര്‍ ചെല്‍ഡ് എന്നയാളുടെ വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കിയത്. 1993ൽ 34ാം വയസിലാണ് ഇയാൾ ക്രൂരമായ കൊലപാതകം നടത്തിയത്. കൊലപാതകത്തിനുള്ള ജയില്‍ ശിക്ഷ അനുഭവിച്ച ഇയാളുടെ 63ാം പിറന്നാള്‍ ദിനത്തിൽ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വിഷം കുത്തിവച്ചായിരുന്നു വധശിക്ഷ.
ആദം ബ്രൂംഹാൽ എന്ന മൂന്ന് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആദമിന് നീതി ലഭിച്ച ദിവസമെന്നാണ് അവസാനമായി റിച്ചാര്‍ഡ് പ്രതികരിച്ചത്. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നവര്‍ റിച്ചാര്‍ഡിന് വേണ്ടി പിറന്നാള്‍ കേക്ക് തയ്യാറാക്കിയിരുന്നു.
കിടക്കയില്‍ മൂത്രമൊഴിച്ച ശേഷം കരഞ്ഞതിനായിരുന്നു കാമുകിയുടെ മകനെ റിച്ചാര്‍ഡ് ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകിയുമായി എല്ലാ രാത്രിയും മദ്യപിക്കാറുണ്ടായിരുന്ന പ്രതി സംഭവദിവസം അവരുടെ വീട്ടിൽ കിടന്നുറങ്ങിയപ്പോഴായിരുന്നു കുഞ്ഞിനെ വകവരുത്തിയത്.
ചുട്ടുപഴുത്ത ചിമ്മിനി അടുപ്പിലേക്ക് ആദമിന്‍റെ ശരീരം പിടിച്ച ശേഷമായിരുന്നു മേശയിലേക്ക് എറിഞ്ഞത്. ശരീരത്തിന്റെ ഇരു വശത്തും ഗുരുതര പൊള്ളലാണ് മൂന്ന് വയസുകാരനേറ്റത്. മേശയില്‍ തലയിടിച്ച് അബോധാവസ്ഥയിലായ കുഞ്ഞ് പിന്നാലെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
2021 ഒക്ടോബറിലാണ് ഒക്കലഹോമ അധികാരികൾ വധശിക്ഷ പുനരാരംഭിക്കാനുള്ള തീരുമാമെടുക്കുന്നത്. ഇതിനു ശേഷം ഏഴു പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അമേരിക്കയില്‍ ഈ വര്‍ഷം നടക്കുന്ന 16ാമത്തെ വധശിക്ഷയാണ് റിച്ചാര്‍ഡിന്‍റേത്. രണ്ട് ദിവസത്തിനുള്ളിൽ നാല് വധശിക്ഷകളാണ് യു.എസിൽ നടപ്പാക്കിയത്.
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ എന്ന സ്ഥാനം സ്വന്തമാക്കി പ്രവാസി മലയാളി. 19-ാം വയസില്‍ ട്രാന്‍സ്‌പോര്‍ട്ട് കാനഡയില്‍ നിന്ന് ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ റേറ്റിംഗ് ലൈസന്‍സ് കരസ്ഥമാക്കിയാണ് കാനഡ കാല്‍ഗറിയില്‍ നിന്നുമുള്ള മലയാളി ഗോഡ്‌ലി മേബിള്‍ തന്റെ സ്വപ്‌നത്തിലേക്ക് കുതിച്ചുര്‍ന്നത്.
2022 മാര്‍ച്ചില്‍ കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിത, ഇന്ത്യന്‍ വംശജയായ ഏറ്റവും പ്രായം കുറഞ്ഞ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍, ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ എന്നീ റെക്കോര്‍ഡുകള്‍ മേബിളിന് സ്വന്തമാണ്.
എയര്‍ ലൈന്‍ ക്യാപ്റ്റന്‍ ആകാനുള്ള തന്റെ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ നേട്ടത്തോടുകൂടി മേബിള്‍ പിന്നിട്ടിരിക്കുന്നത്. എന്നാല്‍ എയര്‍ലൈന്‍ പൈലറ്റ് ആകണമെങ്കില്‍ 21 വയസ് ആയിരിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കാനഡയുടെ നിബന്ധനയുള്ളതിനാല്‍ കുട്ടിക്കാലം മുതലുള്ള തന്റെ ആഗ്രഹവുമായി ഇനിയും രണ്ടു വര്‍ഷം കാത്തിരിക്കണം.
കാല്‍ഗറി ബിഷപ്പ് മക്‌നാലി ഹൈസ്‌കൂളിന്‍ നിന്ന് ഹൈസ്‌കൂള്‍ ഡിപ്ലോമ കഴിഞ്ഞതിനുശേഷം സ്പ്രിംഗ് ബാങ്ക് എയര്‍ ട്രൈനിംഗ് കോളേജില്‍ നിന്ന് പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്, കാല്‍ഗറി ഫ്‌ളയിംഗ് ക്ലബില്‍ നിന്ന് കൊമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സും, മള്‍ട്ടി-എന്‍ജിന്‍ ഐഎഫ്ആര്‍ റേറ്റിംഗ്, കാണാട്ട ഏവിയേഷന്‍ കോളേജില്‍ നിന്ന് ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍ ലൈസന്‍സും കരസ്ഥമാക്കിയ മേബിള്‍ എയര്‍ ലൈന്‍ പൈലറ്റ് അകാനുള്ള തന്റെ സ്വപ്‌നത്തിന് തൊട്ട് അരികെയാണിപ്പോള്‍.
ലൈസന്‍സ് ലഭിച്ച ഉടന്‍ തന്നെ മേബിളിന് കാല്‍ഗറിയിലും പരിസര നഗരങ്ങളില്‍ നിന്നുമുള്ള നിരവധി ഫ്‌ളയിംഗ് സ്‌കൂളുകളില്‍ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ ആകുവാന്‍ അവസരങ്ങള്‍ ലഭിച്ചിരിക്കുകയാണ്. 2017 ല്‍ കാനഡയിലേക്ക് ചേക്കേറിയ പ്രവാസി മലയാളികളായ അബിയുടെയും റോസ് അബിയുടെയും മൂത്തമകളാണ് ഗോഡ്‌ലി മേബിള്‍. സഹോദരന്‍ റയാന്‍ അബി.
ആകാശത്തു നിന്ന് തീഗോളം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒരു വീട് പൊടുന്നനെ കത്തിയെരിഞ്ഞു. യുഎസിലെ കലിഫോര്‍ണിയയിലാണ് നടുക്കുന്ന സംഭവം. നെവാഡയിലുള്ള ഡസ്റ്റിന്‍ പ്രോസിറ്റയുടെ വീട്ടിലാണു സംഭവം നടന്നത്. ഇവിടെ
ഉല്‍ക്കാപതനമാണോ സംഭവിച്ചതെന്ന സംശയത്തിലാണ് അധികൃതര്‍.
വൈകീട്ട് ഏഴരയോടെയാണ് സംഭവം. എന്നാല്‍ ആര്‍ക്കും പരിക്കില്ല. എന്തോ ഒരു സാധനം വീട്ടിലിടിച്ച് തീ കത്താന്‍ തുടങ്ങിയതാണെന്ന് ഡസ്റ്റിന്‍ പറയുന്നു. അദ്ദേഹം അന്നേരം വീട്ടിലുണ്ടായിരുന്നു. താമസിയാതെ വീടിനെ അഗ്‌നിനാളങ്ങള്‍ വിഴുങ്ങി. തന്റെ വളര്‍ത്തുനായയുമായി ഡസ്റ്റിന്‍ ഉടനടി രക്ഷപ്പെട്ടു.
എന്നാല്‍ വീട്ടിലെ തീയണയ്ക്കാന്‍ ഡസ്റ്റിനു സാധിച്ചില്ല. അധികം താമസിയാതെ വീട് പൂര്‍ണമായി കത്തി നശിക്കുകയായിരുന്നു. അഗ്‌നിശമനസേനയും മറ്റ് ഉദ്യോഗസ്ഥരും എത്തിയാണ് തീയണച്ചത്. ഒരു തീഗോളം ആകാശത്തു പ്രത്യക്ഷപ്പെട്ടെന്നും അതു ഡസ്റ്റിന്റെ വീടിനെ ലക്ഷ്യമാക്കി നീങ്ങിയെന്നും അയല്‍വാസികള്‍ പറയുന്നു.
അതേസമയം, എന്താണ് ഈ തീപിടിത്തത്തിനു തുടക്കമിട്ടതെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. സംഭവത്തിന്റെ ഞെട്ടലിലാണ് ഡസ്റ്റിനും അയല്‍വാസികളും.
തെന്നിന്ത്യന്‍ നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. കാനഡയില്‍വച്ചാണ് സംഭവം. സ്‌കൂളില്‍ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്ന വഴി രംഭയുടെ കാറില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷയ്ക്ക് പരുക്കുണ്ട്. ആശുപത്രിയില്‍ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചായിരുന്നു രംഭ ഈ വിവരം അറിയിച്ചത്.
”സ്‌കൂളില്‍ നിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയില്‍ വച്ച് ഞങ്ങളുടെ കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഞങ്ങള്‍ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ഹോസ്പിറ്റലിലാണെന്ന് രംഭ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിവാഹശേഷം കാനഡയിലെ ടോറോന്റോയിലാണ് രംഭയും കുടുംബവും. ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തന്റെയും രംഭയുടെയും മൂന്നാമത്തെ കുട്ടിയാണ് സാഷ. സാംബ, ലാവണ്യ എന്നിവരാണ് മറ്റുമക്കൾ.
വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ ‘സർഗം’ എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്. 2010ലാണ് ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് രംഭ ടോറോന്റോയിലേക്ക് താമസം മാറിയത്.
അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനുംം സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’ പേജ് ആരംഭിച്ചു. ഫ്രാന്‍സിസ് തടത്തിലിന്റെ അപ്രതീക്ഷിത മരണത്തില്‍ തകര്‍ന്നുപോയ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പണം സമാഹരിക്കുന്നത്.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന പ്രിയ മക്കള്‍ ഐറിന്‍, ഐസക് എന്നിവര്‍ക്ക് ഇനിയും ജീവിതം തുടരുന്നതിന് അനുകമ്പയോടെ ഓരോരുത്തരും നല്‍കുന്ന സാമ്പത്തിക സഹായം തുണയാകും. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സ്‌നേഹവും സംരക്ഷണവും നഷ്ടമായ ഫ്രാന്‍സിസ് തടത്തിലിന്റെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഗോഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.
രാവിലെ ഉണരാത്തതിനെത്തുടര്‍ന്ന് മക്കള്‍ വന്നു വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവര്‍ സ്വദേശിയായ ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.
രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയായിരുന്നു .28 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. അമേരിക്കയില്‍ എത്തിയതിനു ശേഷം നിരവധി പത്രങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തനം നടത്തിയ ഫ്രാന്‍സിസ് നിലവില്‍ കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.
മലയാളികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളും,ഫൊക്കാനയുടെ നിരവധി വാർത്തകളും അദ്ദേഹത്തിലൂടെ അമേരിക്കൻ മലയാളികൾ എത്തി.ആരോഗ്യപരമായ പ്രതിസസന്ധികളിലൂടെ കടന്നുപോവുമ്പോഴും ഉത്തരവാദപ്പെട്ട പത്രപ്രവർത്തകനെന്ന നിലയിൽ എല്ലാ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന് .രണ്ടര ദശാബ്ദത്തിലേറെ പത്രപ്രവർത്തന രംഗത്തു സജീവമായ ഫ്രാൻസിസ് തടത്തിൽ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓർമ്മകളാണ് ‘നാലാം തുണിനപ്പുറം’ .വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകിൽ, ഉറ്റവരുടെ സ്നേഹത്തിന്റെ തണലിൽ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളാണിത്. രോഗം ശരീരത്തെ തകർത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താർബുദത്തെയും കീഴടക്കിയാണ് ഫ്രാൻസിസ് എഴുത്തിന്റെ ലോകത്ത് മുന്നേറിയത്.
മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നു.ദൈവാനുഗ്രഹവും മനോധൈര്യവുമാണ് ഒരു തിരിച്ചുവരവിന് കാരണമായതെന്ന് അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.1994-97 കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയ്‌നിയായി തുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്‌മെന്റ്, പ്ലാറ്റൂൺ പുരസ്‌കാരം (1997) ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിoഗ് എഡിറ്റർ പുരസ്‌കാരം എന്നിവ നേടി. കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ‘ മഹാകവീ മാപ്പ് ‘, പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ചു തയാറാക്കിയ ‘രക്തരക്ഷസുകളുടെ മഹാനഗരം’ എന്നീ ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ. പുസ്തകത്തിൽ തൃശൂർ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പൂർണമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്.1997-98 കാലത്ത് ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998 ൽ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോർട്ടിങ്, 1999ൽ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000 ൽ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേവർഷം കോഴിക്കോട് ബ്യൂറോ ചീഫ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു.ഇക്കാലയളവിൽ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിംഗ് ഏറെ ശ്രദ്ധേയമായിരുന്നു.2006 ൽ അമേരിക്കയിൽഎത്തിയ അദ്ദേഹം നാളിതുവരെ അമേരിക്കയിൽ നിന്നിറങ്ങുന്ന മാധ്യമങ്ങളിൽ സജീവമായിരുന്നു.2017 ൽ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA)യുടെ അവാർഡ് ലഭിച്ചു . 2018 ലും 2022 ലും ഫൊക്കാനയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ലഭിച്ചിരുന്നു.
പ്രസവ വേദനയ്ക്കിടയിലും തലകീഴായി മറിഞ്ഞ കാറിലെ ഡ്രൈവറെ രക്ഷിച്ച അമേരിക്കൻ സ്വദേശിനിയായ യുവതിയാണ് സോഷ്യൽമീഡിയയുടെ കൈയ്യടി നേടുന്നത്. മുപ്പതുകാരിയായ മേഗൻ വാർഫീൽഡ് ആണ് പ്രസവ വേദനയ്ക്കിടയിലും ഒരു ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയത്. മേഗനും അമ്മയും കാറിൽ സഞ്ചരിക്കുന്നതിനിടയിലാണ് അവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. കാര്യമായ അപകടമൊന്നും പറ്റിയില്ലെങ്കിലും ഇടിയുടെ ആഘാതത്തിൽ മേഗന് പ്രസവ വേദന അനുഭവപ്പെടാൻ തുടങ്ങി.
എന്നാൽ അതൊന്നും കാര്യമാക്കാതെ അപകടത്തെ തുടർന്നുണ്ടായ ട്രാഫിക് നിയന്ത്രിക്കാൻ ഇറങ്ങുകയായിരുന്നു അഗ്‌നിശമന സേനാംഗം കൂടിയായ മേഗൻ. ഇതിനിടയിലാണ് ഒരു കാർ തലകീഴായി മറിഞ്ഞു കിടക്കുന്നത് അവർ കണ്ടത്. കാറിലെ ഡ്രൈവറായ സ്ത്രീ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. ഉടനടി മറുത്ത് ചിന്തിക്കാതെ മേഗൻ അപകടത്തിൽപ്പെട്ട കാറിനരികിലേയ്ക്ക് എത്തി.
കാറിന്റെ ഗ്ലാസിനുള്ളിലൂടെ അകത്തുകയറാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമം വിജയിച്ചില്ല. തുടർന്ന് കാറിന് പുറത്ത് മുട്ടുകുത്തി ഇരുന്ന് മേഗൻ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ സുരക്ഷിതമായി ഇരുത്തി. പരിക്ക് കൂടുതൽ വഷളാകാതെ അവർക്ക് ആത്മവിശ്വാസം പകർന്ന് മേഗൻ കൂടെത്തന്നെ നിന്നു. അധികം വൈകാതെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡ്രൈവറെ പുറത്തെടുത്തു. ഇതിന് പിന്നാലെ മേഗന് ശരീരം വിറയ്ക്കാൻ തുടങ്ങി.
പ്രസവ വേദന നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ അവരെ ആശുപത്രിയിലേക്ക് മാറ്റി, മണിക്കൂറുകൾക്കുള്ളിൽ മേഗൻ പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഷാർലെറ്റ് എന്നാണ് മകൾക്ക് പേര് നൽകിയത്. ‘ഞാൻ പ്രസവവുമായി ബന്ധപ്പെട്ട് അവധിയിൽ ആയിരുന്നു. ആ സമയത്ത് ഒരു ജീവൻ രക്ഷിക്കുക എന്നത് മാത്രമാണ് ആലോചിച്ചത്. ആ വേദനയ്ക്കിടയിലും അതെല്ലാം എങ്ങനെയാണ് ചെയ്തതെന്ന് എനിക്കറിയില്ല.’ മേഗൻ പറയുന്നു
അമേരിക്കയിൽ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുട്ടിയുൾപ്പെടെ നാലംഗ കുടുംബത്തെ ബുധനാഴ്ച കാലിഫോർണിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് മെഴ്‌സ്ഡ് കൗണ്ടി ഷെരീഫ് വെർൺ വാർങ്കെ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇവരെ കാണാതായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ 48കാരനായ ജീസസ് സൽഗാഡോയെ എന്നയാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു.
പഞ്ചാബിലെ ഹോഷിയാർപൂർ സ്വദേശികളായ കുടുംബത്തെ തിങ്കളാഴ്ച കാലിഫോർണിയയിലെ മെഴ്‌സ്ഡ് കൗണ്ടിയിലെ സ്വന്തം ഗ്യാസ് സ്റ്റേഷനിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്. ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗ്യാസ് സ്റ്റേഷൻ. 8 മാസം പ്രായമുള്ള അരൂഹി ധേരി, 27 കാരിയായ അമ്മ ജസ്‌ലീൻ കൗർ, 36 കാരനായ അച്ഛൻ ജസ്ദീപ് സിംഗ്, 39 കാരനായ അമ്മാവൻ അമൻദീപ് സിംഗ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്.
കുടുംബാംഗങ്ങളിൽ ഒരാളുടെ ഉടമസ്ഥതയിലുള്ള വാഹനം തിങ്കളാഴ്ച വൈകിയാണ് തീപിടിച്ച നിലയിൽ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരുടെ ബാങ്ക് കാർഡുകളിലൊന്ന് മെഴ്‌സ്ഡ് കൗണ്ടിയിലെ അറ്റ്‌വാട്ടറിലെ എടിഎമ്മിൽ ഉപയോഗിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതിനെ കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം നടന്നത്.
തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം ചില്ലറ വ്യാപാരങ്ങളും റെസ്റ്റോറന്റുകളും ഉൾപ്പെടുന്ന സ്ഥലമാണ്. തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും പൊലീസ് ആരെയെങ്കിലും സംശയിക്കുന്നതായോ പുറത്തുവിട്ടിട്ടില്ലെന്നും എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഫ്ലോറിഡയിലെ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പ്രദേശത്തെ പൂർണ്ണമായി ഇരുട്ടിൽ മുക്കിയ അതിശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് ജനവാസമേഖലകളിൽ വെള്ളപ്പൊക്കം ഉണ്ടായി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ യുഎസിൽ ഉണ്ടായ ഏറ്റവും ശക്തമായ കാറ്റാണിതെന്നാണു റിപ്പോർട്ടുകൾ. രാക്ഷസകൊടുങ്കാറ്റെന്നാണ് കാറ്റഗറി 4ൽപ്പെട്ട ഇയാൻ ചുഴലിക്കാറ്റിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൾ കാറ്റിന്റെ ശക്തിയിൽപ്പെട്ടു പോയതായി റിപ്പോർട്ടുകളുണ്ട്. കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പറക്കുന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 20 പേരെ കാണാതായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിലാണു കാറ്റു വീശിയത്. വളരെ അപകടകാരിയായ ചുഴലിക്കാറ്റിനൊപ്പം കനത്തമഴയും ജനജീവിതം ദുസഹമാക്കി. വൈദ്യുതി ബന്ധം നിലച്ചു. 20 ലക്ഷത്തോളം ജനങ്ങളെയാണ് ഇതു ബാധിച്ചത്. വൈദ്യുതി ട്രാൻസ്ഫോമറുകൾ പൊട്ടിത്തെറിച്ചു.കടൽത്തീരത്തെ വീടുകളിലേക്കു വെള്ളം ഇരച്ചു കയറി. റോഡുകൾ വെള്ളത്തിനിടയിലായി.
ചുഴലിക്കാറ്റിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് തീരദേശ മേഖലകളിൽ നിന്ന് 25 ലക്ഷത്തോളം പേരെ അധികൃതർ ഒഴിപ്പിച്ചിരുന്നു. രക്ഷപെടാൻ കഴിയാതിരുന്നവരോട് വീടിനുള്ളിൽ തന്നെയിരിക്കണമെന്നു നിർദേശം നൽകി. ഫ്ലോറിഡയ്ക്കു പുറമെ ജോർജിയ, സൗത്ത് കാരലൈന തുടങ്ങിയ സംസ്ഥാനങ്ങളിലും ഇയാൻ ചുഴലിക്കാറ്റിന്റെ ആഘാതം അനുഭവപ്പെട്ടു.
1970 -കളിലും 1980 -കളിലും രോഗികളെ വേട്ടയാടിയ സീരിയൽ കില്ലറും മുൻ ആശുപത്രി ജീവനക്കാരനുമായ ഡൊണാൾഡ് ഹാർവിയെ സഹതടവുകാരൻ കൊലപ്പെടുത്തി. ഒഹായോ ജയിലിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.1970 – 80 കാലഘട്ടങ്ങളിൽ രോഗികളുടെ പേടിസ്വപ്നമായിരുന്നു ഹാർവി. ആശുപത്രികളിൽ അവശനിലയിൽ കിടക്കുന്ന രോഗികളെ ആയിരുന്നു ഇയാൾ വേട്ടയാടി കൊന്നിരുന്നത്. ആശുപത്രി ജീവനക്കാരൻ കൂടിയായിരുന്ന ഇയാൾ ‘മരണത്തിൻറെ മാലാഖ’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
പൊലീസിന്റെ കണക്ക് പ്രകാരം 37 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, താൻ അതിലും അധികം ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹാർവി സ്വയം അവകാശപ്പെടുന്നത്. ഇയാളുടെ സ്വന്തം കണക്ക് പ്രകാരം 70 പേരെയാണ് ഇയാൾ കൊലപ്പെടുത്തിയിരിക്കുന്നത്.67 -കാരനായ ഹാർവി ഒന്നിലധികം ജീവപര്യന്തങ്ങൾ ഒന്നിച്ച് അനുഭവിച്ച് കഴിഞ്ഞു വരികയാണ്. അതിനിടയിലാണ് കഴിഞ്ഞദിവസം സഹതടവുകാരനാൽ കൊല്ലപ്പെട്ടത്.
ഇയാൾ നടത്തിയ കൊലപാതകങ്ങൾ ‘ദയാവധങ്ങൾ’ എന്ന പേരിൽ കരുതാൻ ആകില്ല എന്ന് ഹാർവിയുടെ കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടർ ആർതർ എം. നെയ് ജൂനിയർ 1987 -ൽ കോടതിയിൽ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘കൊല്ലാൻ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അവൻ കൊന്നത്’ എന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്.
തന്റെ വിചാരണ വേളയിൽ, താൻ ദയ നിമിത്തം കൊലപാതകം നടത്തിയെന്നും ഇരകളോട് മര്യാദ കാണിക്കുകയാണെന്നും ഹാർവി വാദിച്ചു. ദ ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, നടപടിക്രമങ്ങൾക്കിടയിൽ പോലും ഇയാൾ യാതൊരു പശ്ചാത്താപവും കാണിച്ചില്ല, കൂടാതെ ഒരു ബോർഡിൽ ഇരകളുടെ പേരുകൾ കാണിച്ചപ്പോൾ പോലും ഇയാൾ ചിരിച്ചു.
ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, അന്ന് അയാൾ മാധ്യമങ്ങളോട് പറഞ്ഞത് ‘ഞാൻ ചെയ്യുന്നത് ശരിയാണെന്ന് എനിക്ക് തോന്നി. ഞാൻ ആളുകളെ അവരുടെ ദുരിതത്തിൽ നിന്ന് കരകയറ്റുകയായിരുന്നു. എനിക്ക് എപ്പോഴെങ്കിലും അസുഖവും നിറയെ ട്യൂബുകളോ റെസ്പിറേറ്ററോ ഉണ്ടെങ്കിൽ ആരെങ്കിലും വന്ന് അത് അവസാനിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ്.
തലയിണകൾ, ഒഴിഞ്ഞ ഓക്‌സിജൻ ടാങ്കുകൾ, എലിവിഷം, പെട്രോളിയം ഡിസ്റ്റിലേറ്റ്, സയനൈഡ് എന്നിവയുൾപ്പെടെ ഹാർവി തന്റെ ഇരകളെ കൊലപ്പെടുത്താൻ വിവിധ രീതികൾ ഉപയോഗിച്ചു. മരണപ്പെട്ട ഒരു രോഗിയുടെ പോസ്റ്റ്മാർട്ടം നടത്തുന്നതിനിടയിൽ രോഗിയുടെ വയറ്റിൽ നിന്നും സയനേഡ് കണ്ടെത്തിയതിനെ തുടർന്നാണ് മരണത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ ആരംഭിക്കുന്നത്. ആ അന്വേഷണങ്ങൾ ഒടുവിൽ ഹാർവെയിലേക്ക് എത്തിച്ചേരുകയായിരുന്നു.