സ്വന്തം ലേഖകൻ
യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുതിയതായി സ്ഥാനമേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ആദ്യമായി ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നീണ്ടുനിൽക്കുന്ന ഒരു ശക്തമായ ബന്ധം ഉണ്ടായിരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും, വൈസ് – പ്രസിഡന്റായി കമല ഹാരിസും സ്ഥാനമേറ്റത്. ഇവർ ഇരുവരും അധികാരമേറ്റത് യുഎസിനെ ഒരുപടികൂടി മുൻപിലേക്ക് നയിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.
പാരിസ് കാലാവസ്ഥാവ്യതിയാന കരാറിലും, വേൾഡ് ഹെൽത്ത് ഓർഗനൈസേഷനിലും തിരികെ ചേരാനുള്ള യുഎസിന്റെ തീരുമാനത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ജോ ബൈഡെന്റെ മുൻഗാമി ആയിരുന്ന ഡൊണാൾഡ് ട്രംപ് ഈ രണ്ട് തീരുമാനങ്ങളും തള്ളിയിരുന്നു. കാലാവസ്ഥ വ്യതിയാനം തടുക്കുന്നതിനായി, പുതിയ തീരുമാനങ്ങൾ എടുക്കുവാൻ ഉത്സാഹിക്കുന്ന ബൈഡന്റെ നിലപാട് പ്രശംസനീയം ആണെന്ന് പ്രധാനമന്ത്രി അറിയിച്ചതായി വക്താവ് രേഖപ്പെടുത്തി.
ഇരു രാജ്യങ്ങൾ തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കുന്നത് സംബന്ധിച്ചും രണ്ട് നേതാക്കളും ചർച്ച ചെയ്തു. ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ കമല ഹാരിസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിനന്ദിച്ചു.
സ്വന്തം ലേഖകൻ
യു എസ് :- പുതുതായി ചുമതലയേറ്റ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഉച്ചയ്ക്ക് ആദ്യമായി ഓവൽ ഓഫീസിലെത്തി പുതിയ എക്സിക്യൂട്ടീവ് ഓഡറുകളിൽ ഒപ്പിട്ടു. അതോടൊപ്പം തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തിനായി എഴുതി വച്ച കത്തും ബൈഡൻ വായിച്ചു. എന്നാൽ കത്തിലെ വിശദാംശങ്ങളൊന്നും തന്നെ പുറത്തു വിടുവാൻ അദ്ദേഹം തയ്യാറായില്ല. സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ അടയാളമായി ട്രംപ് ആകെ നടത്തിയ പരിശ്രമമാണ് തന്റെ പിൻഗാമിക്കായി എഴുതിയ ഈ കത്ത്. ഇലക്ഷനിൽ വിജയിച്ച ശേഷം ട്രംപ് ബൈഡനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയോ, ബൈഡൻ അധികാരമേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. ബൈഡൻ മാസ്ക്ക് ധരിച്ചാണ് തന്റെ ഓഫീസിലേക്ക് എത്തിയത്. ഇതിൽ തന്നെ തന്റെ മുൻഗാമിയുമായി ബൈഡൻ വ്യത്യസ്തത പുലർത്തി. ട്രംപ് ഒരിക്കൽ പോലും പൊതുവായ ചടങ്ങുകളിൽ മാസ്ക് ധരിച്ചിരുന്നില്ല.
മൂന്ന് എക്സിക്യൂട്ടീവ് ഓർഡറുകളിൽ ആണ് ബൈഡൻ ഒപ്പിട്ടത്. ഇതിൽ പാരിസ് കാലാവസ്ഥ കരാറിൽ യുഎസ് തിരിച്ചു ചേരുന്നത് സംബന്ധിച്ച ഫയലും ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ഓർഡറുകളിൽ അദ്ദേഹം ഒപ്പിടും. അതിനുശേഷം അദ്ദേഹം ആയിരത്തോളം ഫെഡറൽ അപ്പോയിന്റികളുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി. പരസ്പരമുള്ള ബഹുമാനവും വിശ്വാസവും ആണ് എല്ലാവർക്കും ആവശ്യമെന്ന് ബൈഡൻ അവരെ ഓർമ്മപ്പെടുത്തി. ഭാര്യ ജിൽ ബൈഡനൊപ്പം വൈറ്റ് ഹൗസിലേയ്ക്ക് പ്രവേശിച്ചതിനു ശേഷമാണ് പ്രസിഡന്റ് തന്റെ ഓഫീസിലെത്തിയത്.
ഉച്ചയ്ക്ക് മുൻപ് പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റ് കമല ഹാരിസും ചേർന്ന് സൈനികരുടെ ശവകുടീരത്തിൽ റീത്ത് സമർപ്പിച്ചിരുന്നു. മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോർജ് ഡബ്ല്യു ബുഷ്, ബിൽ ക്ലിന്റൻ തുടങ്ങിയവരും ഈ സമ്മേളനത്തിൽ പങ്കെടുത്തു. എന്നാൽ ട്രംപ് മാത്രം ഈ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. പുതിയ പ്രസിഡന്റിന്റെ ഭരണ മാറ്റങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ്.
അമേരിക്കയുടെ ചരിത്രത്തിൽ തന്നെ വിവാദങ്ങൾ ബാക്കിവെച്ച് അരങ്ങൊഴിയുന്ന പ്രസിഡന്റാണ് ട്രംപ്. പുതിയതായി പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ട്രംപ് പ്രസിഡന്റ് പദവിയൊഴിയുന്നതിന്റെ തലേന്ന് ഇളയ മകൾ ടിഫനിക്കു വിവാഹനിശ്ചയം നടത്തി എന്നതാണ്. കോടീശ്വരപുത്രനായ മൈക്കൽ ബുലോസാ (23 ആ)ണു ഇരുപത്തിയേഴുകാരിയായ ടിഫനിയെ വിവാഹം ചെയ്യുന്നത്. വൈറ്റ്ഹൗസുമായി ബന്ധപ്പെട്ടു വ്യക്തിപരമായ മധുരസ്മൃതികൾ ഏറെയുണ്ടെന്നു കുറിച്ചാണു ടിഫനി ഇൻസ്റ്റഗ്രമിൽ ചിത്രം പങ്കുവച്ചത്.
രണ്ടാം ഭാര്യ മാർല മേപ്പിഴൾസിലുള്ള മകളാണു നിയമബിരുദധാരിയായ ടിഫനി. ലെബനനിൽ നിന്നു കുടിയേറിയ കോടീശ്വരന്റെ മകനാണ് ബിസിനസ് എക്സിക്യൂട്ടീവായ മൈക്കൽ.
പതിവില്‍ നിന്ന് വിരുദ്ധമായി പക്വത നിറഞ്ഞ അവസാനവാക്കുകളുമായി ട്രംപ് പടയിറങ്ങിയത്. പുതിയ ഭരണകൂടത്തിന് വിജയാശംസകള്‍, മികച്ച ഭരണത്തിനുള്ള അടിത്തറ ഞങ്ങള്‍ ഇട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിച്ചെന്ന് അവകാശപ്പെട്ട അദ്ദേഹം വളരെവേഗത്തില്‍ കോവിഡ് വാക്സീന്‍ വികസിപ്പിച്ചതും നികുതി പരിഷ്ക്കാരങ്ങളും തന്‍റെ നേട്ടമായി എടുത്തു പറഞ്ഞു.
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തി ജോ ബൈഡൻ. വൈറ്റ് ഹൗസിൽ എത്തിയ ബൈഡന്‍, ട്രംപിനെ തിരുത്തുന്ന 15 എക്സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പിട്ടത്.
കോവിഡിനെ പ്രതിരോധിക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ നടപടികളാണ് ബൈഡന്‍ സ്വീകരിച്ചത്. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുന്നതും കർശനമാക്കി. ലോകാരോഗ്യസംഘടനയിൽനിന്ന് മാറാനുള്ള ട്രംപിന്റെ തീരുമാനവും തിരുത്തി.
അനധികൃത കുടിയേറ്റക്കാർക്ക് എട്ടുവർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്ന ബില്ലിലും ഒപ്പുവച്ചു. ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടും. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വീണ്ടും ചേരാനും തീരുമാനിച്ചു.
അമേരിക്കയുടെ 46ാമത് പ്രസിഡൻറായി േജാസഫ് റോബിനറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് ((ഇന്ത്യൻ സമയം രാത്രി 10:00) സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും സ്ഥാനമേറ്റു. യു.എസ് പാർലമെൻറ് മന്ദിരമായ കാപിറ്റൽ ഹില്ലിന് മുന്നിൽ നാഷനൽ മാളിനെ നോക്കിയാണ് ആദ്യം കമല ഹാരിസും ബൈഡനും തുടർന്ന് സത്യവാചകം ചൊല്ലിയത്.
അതേസമയം, സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. 150 കൊല്ലത്തിനിടെ ഇതാദ്യമായാണ് അധികാരമൊഴിയുന്ന പ്രസിഡൻറ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് മാറിനിൽക്കുന്നത്. എന്നാൽ, വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ചടങ്ങിനെത്തി.
രണ്ടു സമയങ്ങളിലായി എട്ടു വർഷം വൈസ് പ്രസിഡൻറും 36 വർഷം സെനറ്ററുമായി സേവനമനുഷ്ഠിച്ച 74 കാരനായ ബൈഡൻ അമേരിക്കയിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡൻറായാണ് ചുമതലയേൽക്കുന്നത്. കാലിഫോർണിയ സെനറ്ററായ കമല ഹാരിസാകട്ടെ വൈസ് പ്രസിഡൻറാവുന്ന ആദ്യ വനിതയും ഏഷ്യൻ വംശജയുമാണ്.
ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്തുനിൽക്കാതെ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനോട് വിടചൊല്ലി. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഫ്‌ളോറിഡയിലേക്കാണ് ട്രംപ് പോയത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്‌ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക.
“ഇത് ഒരു വലിയ ബഹുമതിയാണ്, ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതി. ലോകത്തിലെ ഏറ്റവും മഹത്വമുള്ള ആളുകൾ, ലോകത്തിലെ ഏറ്റവും വലിയ ഭവനം,” അമേരിക്കയെ സേവിക്കാൻ ലഭിച്ച നാല് വർഷക്കാലത്തെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.
“ഞങ്ങൾ അമേരിക്കൻ ജനതയെ സ്നേഹിക്കുന്നു, ഇത് വളരെ സവിശേഷമായ ഒന്നാണ്. എല്ലാവരോടും ഞാൻ യാത്ര പറയാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഇതൊരു ദീർഘകാലത്തേക്കുള്ള വിട പറച്ചിലല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ തീർച്ചയായും വീണ്ടും കാണും,” ട്രംപ് പറഞ്ഞു.
ഇക്കഴിഞ്ഞത് അവിശ്വസനീയമായ നാലു വര്‍ഷങ്ങളായിരുന്നു. നാം ഒരുമിച്ച് നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്നും പോരാടും,” ട്രംപ് പറഞ്ഞു. 150-ല്‍ അധികം വര്‍ഷത്തിനിടെ പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
അതേസമയം, ഡൊണാൾഡ് ട്രംപ് പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങാനുള്ള സാധ്യതയുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. തന്റെ സുഹൃത്തുക്കളുമായി രാഷ്ട്രീയ ഉപദേശകരുമായി ട്രംപ് ഇക്കാര്യത്തിൽ കൂടിയാലോചന നടന്നതായാണ് വാർത്തകൾ. ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ ട്രംപിനെതിരെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം ട്രംപ് ആലോചിക്കുന്നത്.
അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുമ്പോള്‍ ഇന്ത്യയ്ക്കും അഭിമാനിക്കാം. വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉള്‍പ്പെടെ ഇന്ത്യന്‍ വേരുകളുള്ള 20 പേരാണ് ഇത്തവണ വിവിധ ചുമതലകളിലേക്ക് എത്തുന്നത്. ഇതില്‍ പതിമൂന്നു പേരും സ്ത്രീകളാണ്.
തിരഞ്ഞെടുപ്പിന് മുന്‍പ് ഡെലാവെറില്‍ ജോ ബൈഡന്‍ നടത്തിയ പ്രസംഗമാണിത്. ട്രംപിന്‍റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ നിലപാടാണ് ബൈഡന്‍റേത്. ബൈഡനും കമലാഹാരിസിനുമൊപ്പം ഇന്ത്യന്‍ വംശജരായ 20 പേരാണ് ഇത്തവണ സുപ്രധാനമായ ചുമതലകളിലേക്കെത്തുന്നത്. ഭരണമേല്‍ക്കുന്നതിന് മുന്‍പ് തന്നെ ഇത്രയധികം ഇന്ത്യന്‍ വംശജരെ പ്രസിഡന്‍റ് നോമിനേറ്റ് ചെയ്യുന്നതും ഇതാദ്യം. അമേരിക്കന്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യക്കാരെന്ന് കൂടി ഓര്‍ക്കണം. പ്രധാനപ്പെട്ട വകുപ്പുകളിലെ ഇന്ത്യന്‍ സാന്നിധ്യം ഇന്ത്യയ്ക്ക് പലഘട്ടത്തിലും സഹായകമായിത്തീരും.
നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തരുണ്‍ ഛബ്ര, സുമോന്ന ഗുഹ എന്നിവര്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ എത്തിക്കഴിഞ്ഞു. വൈറ്റ് ഹൗസ് ഓഫിസ് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നത് നീരാ ടണ്ഠന്‍ ആണ്. ഡോ. വിവേക് മൂര്‍ത്തിയാണ് യുഎസ് സര്‍ജന്‍ ജനറല്‍, സബ്രിന സിങ് വൈറ്റ് ഹൈസ് ഡപ്യൂട്ടി സെക്രട്ടറിയാകും. മലയാളിയായ ശാന്തികളത്തില്‍ ഡെമോക്രസി ആന്‍റ് ഹ്യൂമന്‍ റൈറ്റ്സ് കോര്‍ഡിനേറ്ററായി നോമിനേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇങ്ങനെ ഇന്ത്യയില്‍ നിന്ന് മാത്രമ്ല്ല വിവിധ സംസ്കാരങ്ങളുടെ കൂടി സമ്മേളനനാണ് ബൈഡന്‍റെ ഭരണസംഘം.
അതോടൊപ്പം സത്യപ്രതിജ്ഞ ആഘോഷമാക്കി തമിഴ്നാട്ടിലെ ഒരു ഗ്രാമം. വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന കമല ഹാരിസിന്റെ മുത്തച്ഛന്റെ ഗ്രാമമായ തിരുവാരൂര്‍ ജില്ലയിലെ തുളസേന്ദ്ര പുരത്ത് രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ഥനകളും പൂജകളും തുടങ്ങി.
ഗ്രാമത്തിന്റെ പേരക്കുട്ടിയുടെ പുതിയ ദൗത്യത്തില്‍ വിഘ്നങ്ങളൊഴിവാക്കാനാണു തുളസേന്ദ്ര പുരത്തിന്റെ പൂജ.കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ മുത്തച്ഛന്റെ ഗ്രാമമായ തുളസേന്ദ്ര പുരം ആഘോഷത്തിലാണ്. നാടുമുഴുക്കെ കമലയെ സിങ്കപെണ്ണായി വാഴ്ത്തുന്ന ഫ്ലക്സുകളാണ്. ഗ്രാമത്തിലെത്തുന്നവര്‍ക്കെല്ലാം പരമ്പരാഗത പലഹാരമായ മുറുക്കു വിതരണം ചെയ്താണു സന്തോഷം പങ്കിടുന്നത്.
കുഗ്രാമമായ തുളസേന്ദ്രപുരത്തു പിറന്ന ഒരാള്‍ ലോകം നിയന്ത്രിക്കാന്‍ പോകുന്നതിന്റെ സന്തോഷമാണ് എങ്ങും. മുത്തച്ഛന് പി.വി.ഗോപാലന്‍റെ പങ്കാളിത്തതില്‍ പണിത ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കമല തൊഴാനെത്തുന്ന പ്രതീക്ഷയിലാണ് ഗ്രാമം .
കലാപങ്ങൾക്കും കോലാഹങ്ങൾക്കും പിന്നാലെ അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ.
അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങിന് ഇത്തവണ അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിങ്ടണിൽ ഒരുക്കിയിരിക്കുന്നത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി.
അതിനിടെ, പുതിയ ഭരണകൂടത്തിന് ആശംസയറിച്ച് മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീഡിയോ സന്ദേശം പങ്കുവെച്ചു. പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന്, വിടവാങ്ങൽ വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.
തന്റെ ഭരണത്തിൽ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നു പറഞ്ഞ ട്രംപ്, ക്യാപിറ്റോൾ കലാപത്തിനെതിരെ പരാമർശവും നടത്തി. രാഷ്ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സന്ദേശത്തിൽ ബൈഡനെ പേരെടുത്ത് പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമായി.
വിമാനത്താവളം വിട്ട് പുറത്തേക്ക് ഇറങ്ങിയാൽ കോവിഡ് ബാധിച്ചേക്കുമെന്ന് ഭയന്ന് ചിക്കാഗോ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് മൂന്ന് മാസത്തോളം അനധികൃതമായി താമസിച്ച് ഇന്ത്യൻ വംശജൻ. ഒടുവിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദിത്യ സിങ് എന്ന 35 വയസ്സുകാരനെയാണ് ശനിയാഴ്ച യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 19ന് ലോസ് ആഞ്ജലിസിൽ നിന്നുവന്ന വിമാനത്തിലാണ് ആദിത്യ സിങ് ചിക്കാഗോയിലെത്തിയത്. അന്ന് മുതൽ അധികൃതരുടെ കണ്ണിൽപ്പെടാതെ വിമാനത്താവളത്തിലെ സുരക്ഷാമേഖലയിൽ താമസിക്കുകയായിരുന്നു. തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. പിടിയിലാകും വരെ ചിക്കാഗോ വിമാനത്താവള ടെർമിനൽ പരിസരത്ത് അധികൃതരുടെ ശ്രദ്ധിൽപ്പെടാതെ താമസിച്ചുവരികയായിരുന്നു.
പോലീസ് കസ്റ്റഡിയിൽ എടുത്ത ആദിത്യ സിങിന് എതിരെ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ കടന്നുകയറ്റം നടത്തിയതിനും മോഷണത്തിനും കേസ് ചാർജ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഒക്ടോബർ മാസത്തിൽ വിമാനത്താവളത്തിലെ ജീവനക്കാരിലൊരാളിൽ നിന്ന് നഷ്ടപ്പെട്ട തിരിച്ചറിയൽ കാർഡ് ആണ് ആദിത്യ സിങിന്റെ പക്കലുണ്ടായിരുന്നതെന്ന് കണ്ടെത്തി.
തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യാത്രക്കാരിൽ നിന്ന് ലഭിച്ച സഹായം കൊണ്ടാണ് ഇയാൾ ജീവിച്ചത്. അതേസമയം ഇയാൾ എന്തിനാണ് ചിക്കാഗോയിൽ എത്തിയതെന്നും ആരാണ് ഇയാളെ എയർപോർട്ടിലെത്തിച്ചത് എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു.
ലോസ് ആഞ്ജലിസിലെ ഓറഞ്ച് കൗണ്ടിയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു ആദിത്യ സിങ് താമസിച്ചിരുന്നതെന്നും ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിത്തിരുന്നു. ഇയാൾ ബിരുദധാരിയാണെന്നും തൊഴിൽ രഹിതനാണെന്നും പോലീസ് കൂട്ടിച്ചേർത്തു. കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടർന്നാണ് സ്വന്തം സ്ഥലത്തേക്ക് യാത്ര ചെയ്യാത്തത് എന്നാണ് ആദിത്യ സിങ് കോടതിയിൽ പറഞ്ഞത്. ഇയാൾക്കെതിരെ 1000 ഡോളർ പിഴ ചുമത്തി. വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിനു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
2020 ഡിസംബർ 26 നാണ് ഓസ്ട്രേലിയയിലെ മെൽബണിലുള്ള കെവിൻ സെല്ലി എന്നയാളുടെ വീടിന്റെ പുറകിൽ അപരിചതനായ ഒരു പ്രാവിനെ കണ്ടെത്തുന്നത്. കാലിൽ കെട്ടിയെ ബാൻഡിൽ നിന്നും പ്രാവ് പറത്തൽ മത്സരത്തിൽ പങ്കെടുത്തയാളാണെന്ന് മനസ്സിലായി. പക്ഷേ, മത്സരം നടന്നത് ഓസ്ട്രേലിയയിലല്ല, 13000 കിലോമീറ്റർ ദൂരെയുള്ള യുഎസിലെ യുഎസ്സിലെ ഒറിഗോണിലാണ്.
മത്സരത്തിനിടയിൽ നിന്നും എങ്ങനെയൊക്കെയോ ജോ എന്ന പ്രാവ് ഓസ്ട്രേലിയയിൽ എത്തുകയായിരുന്നു. എന്തായാലും ഒരു പ്രാവ് 13000 കിലോമീറ്റർ താണ്ടി എത്തിയത് ഓസ്ട്രേലിയൻ അധികൃതർ അത്ര നിസ്സാരമായിട്ടല്ല കണ്ടത്. കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചു. പ്രാവിന്റെ കാലിലുള്ള ബാൻഡ് വ്യാജമാണെന്ന് കൂടി കണ്ടെത്തിയതോടെ അധികൃതരുടെ സംശയം ബലപ്പെട്ടു. യുഎസ് ബേർഡ് ഓർഗനൈസേഷനാണ് ബാൻഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
പ്രാവിനെ വീടിന്റെ പിന്നാമ്പുറത്തു നിന്നും കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നുവെന്ന് കെവിൻ സെല്ലി പറയുന്നു. അലബാമയിലുള്ള ആളാണ് പ്രാവിന്റെ ഉടമ എന്നും കെവിൻ പറഞ്ഞിരുന്നു.
പക്ഷിപ്പനി ഭീതിയടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തു നിന്ന് പക്ഷികൾക്ക് കർശന നിയന്ത്രണമുള്ള രാജ്യമാണ് ഓസ്ട്രേലിയ. വിദേശത്തു നിന്നെത്തിയ പ്രാവിൽ അപകടകാരികളായ വൈറസോ രോഗമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ ജോയെ കൊന്നു കളയണമെന്നായിരുന്നു അധികൃതരുടെ തീരുമാനം. ഇതിനിടയിൽ യുഎസിൽ നിന്നും പറന്നെത്തിയ അതിഥിയുടെ വാർത്ത ഓസ്ട്രേലിയയും കടന്ന് ആഗോളതലത്തിൽ ചർച്ചയായിരുന്നു. പ്രാവിനെ കൊല്ലാൻ തീരുമാനിച്ച നടപടിയും ഇതോടെ വിവാദത്തിലായി.
13,000 കിലോമീറ്റർ ദൂരം പറന്ന് പ്രാവ് എത്തിയതാകാമെന്ന തീയറിയും അധികൃതർ വിശ്വസിക്കുന്നില്ല. ചരക്കുകപ്പലിലോ മറ്റോ ആയിരിക്കും ദൂരത്തിൽ ഭൂരിഭാഗവും താണ്ടിയതെന്നാണ് നിഗമനം.
എന്തായാലും പ്രാവിനെ കൊല്ലാനുള്ള തീരുമാനത്തിന് എതിരെ വിവിധ സംഘടനകളും രംഗത്തെത്തി. ജോ എന്ന പ്രാവിന്റെ രക്ഷകനായി ആദ്യം എത്തിയത് അമേരിക്കൻ പീജിയൻ റേസിങ് യൂണിയൻ തന്നെയാണ്. കാലിലെ ബാൻഡ് കണ്ട് അമേരിക്കക്കാരനാണെന്ന് സ്ഥിരീകരിക്കേണ്ടതില്ലെന്നാണ് പീജിയൻ റേസിങ് യൂണിയൻ പറയുന്നത്. ജോ ഓസ്ട്രേലിയക്കാരനാകാനാണ് സാധ്യതയെന്നും ഇവർ പറയുന്നു.
മെൽബണിലെ പ്രാവ് സംരക്ഷണ സംഘം പറയുന്നത് പ്രകാരം ഇ-ബേ വഴി എളുപ്പത്തിൽ എവിടെയും ലഭിക്കാവുന്ന മോതിരമാണ് പ്രാവിന്റെ കാലിലുള്ളതെന്നാണ്. അതിനാൽ തന്നെ അതിർത്തി കടന്നെത്തി എന്ന ഒറ്റക്കാരണത്താൽ ജോയുടെ ജീവൻ എടുക്കേണ്ടതില്ലെന്നും പറയുന്നു.
ഒരു പ്രാവ് രാജ്യത്തെ പക്ഷികൾക്കും ഇറച്ചിക്കോഴി വ്യവസായത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നാണ് ഓസ്ട്രേലിയയിലെ അഗ്രികൾച്ചറൽ ഡിപ്പാർട്മെന്റ് പറയുന്നത്.