ലോകത്തെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ പിടിച്ചുകെട്ടാനായി നിർണായക നീക്കവുമായി അമേരിക്കൻ ഭരണകൂടം. കോവിഡ് വാക്‌സിൻ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനാണ് യുഎസ് തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു. വാക്‌സിൻ കമ്പനികളുടെ എതിർപ്പ് മറികടന്നുകൊണ്ടാണ് തീരുമാനം. വ്യാപാരങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശം പ്രധാനമാണെങ്കിലും പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ ഭരണകൂടം കോവിഡ് വാക്‌സിനുകൾക്കുള്ള സംരക്ഷണം ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറിൻ തായ് പറഞ്ഞു.

ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. കോവിഡ് മഹാമാരിയുടെ അസാധാരണ സാഹചര്യത്തിൽ അസാധാരണമായ നടപടി സ്വീകരിക്കുന്നുവെന്നും കാതറിൻ കൂട്ടിച്ചേർത്തു. അമേരിക്കൻ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം ചരിത്രപരമെന്ന് പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് കോവിഡിനെതിരായ പോരാട്ടത്തിലെ നിർണായക നിമിഷമെന്നും വിശേഷിപ്പിച്ചു.

ഇന്ത്യയാണ് ലോകവ്യാപാര സംഘനയോട് കൂടുതൽ മരുന്നു കമ്പനികളെ വാക്‌സിൻ ഉത്പാദിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചതിൽ പ്രധാനപങ്ക് വഹിച്ചത്. ദക്ഷിണാഫ്രിക്കയും സമാന ആവശ്യം ഉന്നയിച്ച് ലോകവ്യാപാര സംഘടനയെ സമീപിച്ചിരുന്നു. എന്നാൽ ഫൈസർ, മൊഡേണ അടക്കമുള്ള വാക്‌സിൻ ഉത്പാദക കമ്പനികൾ ഇതിനെ എതിർത്തു. എന്നാൽ, അതെല്ലാം തള്ളിക്കൊണ്ടാണ് അസാധാരണ ഘട്ടത്തിൽ അസാധാരണ തീരുമാനം അനിവാര്യമാകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചത്.