വെര്‍ജീനിയില്‍ ഏഴുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കി. പ്രതി കോറി ജോണ്‍സന്റെ വധശിക്ഷ ഇന്ത്യാനയിലെ ഫെഡറല്‍ പ്രിസണിലാണ് നടപ്പാക്കിയത്. വ്യാഴാഴ്ച അര്‍ധരാത്രി 11.34 മണിക്ക് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. 1992 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ജോണ്‍സനും മയക്കുമരുന്നു സംഘത്തിലെ ജെയിംസ് റോണ്‍, റിച്ചാര്‍ഡ് ടിപ്ടണ്‍ എന്നിവരും ചേര്‍ന്നാണ് എതിര്‍ഗ്രൂപ്പിലെ ഏഴു പേരെ കൊലപ്പെടുത്തിയത്. 1993 ല്‍ മൂന്നു പ്രതികളേയും വധശിക്ഷക്ക് കോടതി വിധിച്ചു. മറ്റു രണ്ടു പ്രതികളും ഫെഡറല്‍ പ്രിസണില്‍ വധശിക്ഷ കാത്തുകഴിയുകയാണ്. കൊല്ലപ്പെട്ട ഇരകളില്‍ ഒരാളെ 85 തവണ കുത്തിയും മറ്റൊരാളെ 16 തവണ വെടിയുതിര്‍ത്തുമാണ് കൊലപ്പെടുത്തിയത്.
45 ദിവസത്തിനുള്ളിലാണ് പ്രതികള്‍ എല്ലാവരേയും വധിച്ചത്. വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പു ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചിരുന്നു. വിഷം കുത്തിവെച്ച് 20 മിനിറ്റിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബൈഡന് അധികാരമേറ്റാല്‍ വധശിക്ഷ നിര്‍ത്താലാക്കുന്നതിനുള്ള സാധ്യതകള്‍ നിലവിലുള്ളതിനാല്‍ അവസാന നിമിഷം വരെ ജോണ്‍സന്റെ വധശിക്ഷ നീട്ടിവെക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.
ചിക്കാഗോ: കോവിഡ് മൂലം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പതിവ് പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടുവെങ്കിലും സംഘടനയുടെ പ്രധാന പ്രോഗ്രാമുകളിൽ ഒന്നായ മാധ്യമ ശ്രീ പുരസ്കാരത്തിന് കേരളത്തിലെ അർഹരായ മാധ്യമ പ്രവർത്തകരിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ (ചിക്കാഗോ) അധ്യക്ഷതയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.
എല്ലാ പ്രാവശ്യത്തെയും പോലെ പ്രമുഖരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ നിർണയിക്കുക എന്ന് നാഷണൽ സെക്രട്ടറി സാമുവേൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) അറിയിച്ചു. മാധ്യമശ്രീ അവാർഡ് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ അവാർഡുകളിലൊന്നാണ് ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം.
ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്ക ‘ഇന്റർനാഷണൽ കോൺഫറൻസ് 2021’ നവംബറിൽ ചിക്കാഗോയിലെ എയർപോർട്ടിനടുത്തുള്ള ഹോട്ടൽ സമുച്ചയത്തിൽ നടത്താനാണ് തീരുമാനം. കോൺഫറൻസ് സാധാരണ നടത്താറുള്ള രീതിയിൽ വിപുലമായി തന്നെ നടത്താനുള്ള തയാറെടുപ്പുകളിൽ ആണ് ഇന്ത്യ പ്രസ് ക്ലബ്. അപ്പോഴേക്കും കോവിഡിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണിതെന്ന് ട്രെഷറർ ജീമോൻ ജോർജ് പറഞ്ഞു. നാഷണൽ കോൺഫറൻസിൽ വച്ച് മാധ്യമ രത്ന അവാർഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും, അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരും, സാംസ്കാരിക-രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ ദേശീയ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.
പ്രസിഡന്റ് ഇലക്ട് സുനിൽ തൈമറ്റം, ജോ. സെക്രട്ടറി ബിജിലി ജോർജ്, ജോ. ട്രഷറർ ഷിജോ പൗലോസ്, ഓഡിറ്റർമാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരും പങ്കെടുത്തു.
ചിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന മാസപ്പുലരി മാസികയുടെ ചീഫ് എഡിറ്ററാണ് ബിജു കിഴക്കേക്കുറ്റ്. ചിക്കാഗോ മേഖലയിലെ ആദ്യകാല മലയാളി പ്രസിദ്ധീകരണമാണ്. ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു. പ്രസ് ക്ലബിന്റെ തുടക്കം മുതല്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്നു.
സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് നിര്‍മ്മാണത്തിലും സജീവ പങ്കുവഹിച്ചു. കെ.സി.സി.എന്‍.എ നാഷണല്‍ കമ്മിറ്റി അംഗം, കെ.സി.എസ് ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന് സ്ഥാപകാംഗമാണ്. കോണ്‍ഗ്രസംഗം ഡാനി ഡേവിസിന്റെ മള്‍ട്ടി എത്നിക്ക് ടാസ്ക് ഫോഴ്സ് അംഗമായും പ്രവര്‍ത്തിക്കുന്നു.
നോർത്തമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂടുതൽ സാന്നിധ്യം ഇനിയും പ്രതീക്ഷിക്കുന്നതായും, താല്പര്യമുള്ളവർ അതാത് ചാപ്റ്ററുകളിലെ പ്രെസിഡന്റുമാരുമായി ബന്ധപ്പെടാവുന്നതുമാണ്.
സെൻട്രൽ ക്യാപിറ്റോൾ ആക്രമിച്ച് വരെ അധികാരം പിടിച്ചെടുക്കാൻ നോക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇനിയൊരിക്കലും മത്സരിക്കാൻ പോലുമാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം അന്തിമഘട്ടത്തോട് അടുത്തു. ജനപ്രതിനിധിസഭയിൽ നടന്ന വോട്ടടെടുപ്പിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായി. 197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.
അതേസമയം, ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തതും ശ്രദ്ധേയമായി. ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്ക് അംഗങ്ങൾ കൂടി പിന്തുണച്ചാലേ ഇംപീച്ച്മെന്റ് നടപ്പാകൂ.
എന്നാൽ, ജനുവരി 20ന് മുൻപ് വിചാരണ നടപടികൾ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 20നാണ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്. ഇംപീച്മെന്റ് നടപടി പൂർത്തിയായാൽ ട്രംപിന് ഇനിയൊരിക്കലും മൽസരിക്കാനാവില്ല. മാത്രമല്ല, പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല.
യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചത്. ഇതോടെ രണ്ട് തവണ ഇംപീച്ച്മെന്റ് നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റെന്ന നാണക്കേടും ട്രംപ് ചുമക്കുകയാണ്. നേരത്തെ, 2019ൽ ട്രംപിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നപ്പോൾ റിപബ്ലിക്കൻ പാർട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല.
ട്രംപിനെ പുറത്താക്കാൻ 25ാം ഭേദഗതി പ്രയോഗിക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയിൽ ഇംപീച്ച്മെന്റ് നടപടികൾ തുടങ്ങിയത്. അധികാരമൊഴിയാൻ ദിവസങ്ങൾമാത്രം ശേഷിക്കേ രാഷ്ട്രീയം കളിക്കാനുള്ള ജനപ്രതിനിധി സഭയുടെ ശ്രമങ്ങൾക്കൊപ്പം നിൽക്കില്ലെന്നായിരുന്നു മൈക്ക് പെൻസിന്റെ വിശദീകരണം. വർഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്മെന്റ് തട്ടിപ്പെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഏർപെടുത്തിയ വിലക്കിന് പിന്നാലെ ഗൂഗിളിന്റെ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്
ട്രംപിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ഡൊണാള്‍ഡ് ജെ ട്രംപ് എന്ന അക്കൌണ്ടില്‍ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചാനല്‍ യൂട്യൂബ് നയങ്ങള്‍ ലംഘിച്ചുവെന്നും യൂട്യൂബ് പ്രസ്താവനയില്‍ പറയുന്നുണ്ട്.
അതേ സമയം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനുള്ള ഒരുക്കത്തിലാണ് ട്രംപ് എന്നാണ് പുതിയ വാര്‍ത്ത. എന്നാല്‍ അതിവേഗം സാധ്യമാകുന്ന കാര്യം അല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ലര്‍ പോലുള്ള തങ്ങളുടെ ഇഷ്ട ഇടങ്ങളില്‍ തുടരാനാണ് ട്രംപിന്റെ നീക്കം. ആക്രമത്തെ മഹത്വവൽക്കരിക്കുന്ന പോസ്റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണു ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. ഫേസ്ബുക്കിലുള്ള ബാന്‍ നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്കും വ്യക്തമാക്കിയിട്ടുണ്ട്.
അധികാരക്കൈമാറ്റത്തിന് തൊട്ടു മുമ്പ് ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍. പാശ്ചാത്യലോകത്ത് ഭീകരതയെ പിന്തുണയ്ക്കുകയാണ് ക്യൂബയെന്നും ഇത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ പറഞ്ഞു.
നേരത്തെ ഒബാമ സര്‍ക്കാര്‍ ക്യൂബയെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2015ല്‍ ഹവാനയുമായി വാഷിങ്ടണ്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. എന്നാല്‍ അന്നത്തെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ക്യൂബ തയാറായില്ലെന്നാണ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റിന്റെ വാദം. ട്രംപ് ഭരണകൂടം അവസാന നിമിഷം നടപ്പാക്കിയ ഈ നയമാറ്റം ജോ ബൈഡന് പ്രതിസന്ധിയാകും.
വാഷിംഗ്ടണ്‍ ഡിസി: അധികാരം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന ഡോണൾഡ് ട്രംപിന്റെ തീരുമാനം ഒരു നല്ല കാര്യമാണെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ട്രംപ് രാജ്യത്തിന് നാണക്കേടാണ്. അദ്ദേഹം സേവനമനുഷ്ഠിക്കാൻ യോഗ്യനല്ലെന്നും ജോ ബൈഡൻ പറഞ്ഞു.
ജോ ബൈഡന് അധികാരം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ബൈഡന്റെ വിജയം യുഎസ് ജനപ്രതിനിധി സംഭ അംഗീകരിച്ചതിന് പിന്നാലെയാണ് ഈ മാസം 20ന് ചട്ടങ്ങൾ പാലിച്ച് അധികാരം കൈമാറുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. കാപിറ്റോളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ട്രംപിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
വാഷിങ്ടൻ ∙ ഒടുവില്‍ യുഎസ് ഭരണം കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സജീവ രാഷ്ട്രീയത്തിൽ താനുണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു. കാപ്പിറ്റോൾ മന്ദിരത്തിൽ കടന്നുകയറി റിപബ്ലിക്കൻ അനുകൂലികൾ അക്രമം അഴിച്ചുവിട്ടതിന്റെ നാണക്കേടിനു പിന്നാലെ യുഎസ് കോണ്‍ഗ്രസ് ഡമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചിരുന്നു. ഇതോടെയാണ്, നേരത്തെ തോൽവി അംഗീകരിക്കാതിരുന്ന ട്രംപ് അധികാര കൈമാറ്റത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.
ബൈഡന്റെ വിജയം അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണു ട്രംപ് പ്രസ്താവനയിറക്കിയത്. ‘ക്രമപ്രകാരമുള്ള കൈമാറ്റം’ ഉറപ്പാക്കുമെന്നു പറഞ്ഞ ട്രംപ്, രാഷ്ട്രീയത്തിന്റെ മുൻനിരയിൽ താനുണ്ടാകുമെന്നും വ്യക്തമാക്കി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണു അദ്ദേഹത്തിന്റെ വാക്കുകൾ.
‘തിരഞ്ഞെടുപ്പ് ഫലം പൂർണമായും അംഗീകരിക്കുന്നില്ല. യാഥാർഥ്യങ്ങൾ അങ്ങനെയാണ് അനുഭവപ്പെടുന്നത്. എന്തായാലും ക്രമപ്രകാരമുള്ള അധികാരമാറ്റം ജനുവരി 20ന് ഉണ്ടാകും. നിയമപ്രകാരമുള്ള വോട്ടുകൾ മാത്രം എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള നമ്മുടെ പോരാട്ടം തുടരും. മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണ്. അമേരിക്കയെ മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്.’– പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസാണ് അംഗീകരിച്ചത്. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണു ബൈഡന്റെ വിജയം ഔദ്യോഗികമായത്. കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ അക്രമം അഴിച്ചുവിട്ടതിനു ശേഷം സഭ വീണ്ടും ചേർന്നാണു ബൈഡന്റെ വിജയം അംഗീകരിച്ചത്. 306 ഇലക്ടറൽ വോട്ടുകളാണു ബൈഡനു ലഭിച്ചത്. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപിന് കിട്ടിയത് 232 വോട്ടും. റിപബ്ലിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് വിജയം പ്രഖ്യാപിച്ചത്.
യുഎസ് പാർലമെന്റിൽ ട്രംപ് അനുകൂലികൾ നടത്തിയ കലാപത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ കണ്ടതിൽ വിഷമമുണ്ടെന്നും ജനാധിപത്യ നടപടികൾ ധ്വംസിക്കപ്പെടാൻ പാടില്ലെന്നും മോദി ട്വീറ്റ് ചെയ്തു.
“വാഷിംഗ്ടണിലെ കലാപത്തെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചുമുളള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിര്‍ബന്ധമായും തുടരേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ല’. മോദി കുറിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രകോപിതരായ ട്രംപ് അനുകൂലികളാണ് യുഎസ് പാർലമെന്റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോലീസ് വെടിവയ്പിൽ ഇതുവരെ നാല് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ. ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും പാർലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
പാര്‍ലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച യുഎസ് ചരിത്രത്തില്‍ ഇതാദ്യമാണ്. ബൈഡന്റെ വിജയം കോൺഗ്രസ് സമ്മേളനത്തിൽ അംഗീകരിക്കരുതെന്ന ട്രംപിന്റെ അഭ്യർഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിന് പുറത്ത് തടിച്ചുകൂടുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പാർലമെന്റ് കവാടങ്ങൾ പോലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാർ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല. ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ മന്ദിരത്തിനുള്ളിലേക്ക് കടന്നു.
പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനിടെയാണ് പോലീസ് വെടിവച്ചത്. സംഘർഷത്തിനിടെ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികളെ പിരിച്ചുവിടാൻ പോലീസ് നിറയൊഴിക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.
സേവ് അമേരിക്ക റാലിയുമായെത്തിയ പ്രതിഷേധക്കാർ ട്രംപ് വേണം എന്ന മുദ്രാവാക്യം മുഴക്കിയാണ് കാപ്പിറ്റോൾ വളഞ്ഞത്. മന്ദിരത്തിനുള്ളിൽ കടന്ന പ്രതിഷേധക്കാരിലൊരാൾ സെനറ്റ് അധ്യക്ഷന്റെ കസേരയിൽ കയറിയിരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകളോളം പ്രതിഷേധക്കാർ കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ അഴിഞ്ഞാടി. കാപ്പിറ്റോൾ പോലീസിനെ സഹായിക്കാൻ എഫ്ബിഐയെ വിന്യസിച്ചിട്ടുണ്ട്.
പാർലമെന്റിനെതിരായ ആക്രമണം പ്രതിഷേധമല്ല, കലാപമാണെന്ന് ജോ ബൈഡൻ പറഞ്ഞു. പ്രതിഷേധം അവസാനിപ്പിക്കാൻ അനുകൂലികൾക്ക് നിർദേശം നൽകണമെന്ന് ട്രംപിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
വീഡിയോ സന്ദേശത്തിൽ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ട്രംപ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ട്രംപ് അനുയായികളോട് അഭ്യർഥന നടത്തിയത്. എന്നാൽ ഈ സന്ദേശത്തിലും ബൈഡന്റെ വിജയം അംഗീകരിക്കാൻ ട്രംപ് തുനിഞ്ഞില്ല.
യുഎസ് പാർലമെന്റ് കെട്ടിടത്തിലേക്ക് തള്ളിക്കയറിയ സംഭവത്തിൽ പോലീസ് 13 പേരെ അറസ്റ്റ് ചെയ്തു. വാഷിംഗ്ടൺ പോലീസ് അക്രമികളിൽനിന്ന് അഞ്ച് തോക്കുകൾ പിടിച്ചെടുത്തു. വാഷിംഗ്ടണിനു പുറത്തുനിന്നുള്ളവരും അറസ്റ്റിലായവരിലുണ്ടെന്ന് പോലീസ് പറയുന്നു. സംഘർഷത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു. നിലവിൽ കാപ്പിറ്റോൾ പരിസരത്തുനിന്നും പ്രതിഷേധക്കാരെ പോലീസ് നീക്കിയിട്ടുണ്ട്. പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായിട്ടില്ല. ഇവർക്ക് നെഞ്ചിലാണ് വെടിയേറ്റത്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ. ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും പാർലമെന്റ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
എന്നാൽ പാർലമെന്റ് കലാപവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. സമൂഹമാധ്യമങ്ങൾ ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. അക്രമികൾ പിരിഞ്ഞുപോകണമെന്നും തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നതായി ആരോപിക്കുകയും ചെയ്യുന്ന ട്രംപിന്റെ വീഡിയോ സന്ദേശം ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവ നീക്കം ചെയ്തു. ട്രംപിന്റെ സന്ദേശം അക്രമത്തെ പ്രോത്സാഹിപിക്കുന്നതാണെന്ന് ഫേസ്ബുക്ക് ആരോപിച്ചു. അതിനാലാണ് തങ്ങൾ ഇത് നീക്കം ചെയ്തെതന്നും ഫേസ്ബുക്ക് അറിയിച്ചു.
സംഘർഷത്തിനു മുൻപ് വാഷിംഗ്ടണിലെ നാഷണൽ മാളിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി അനുകൂലികളോട് ട്രംപ് പറഞ്ഞിരുന്നു. മണിക്കൂറുകൾക്കു ശേഷം കാപ്പിറ്റോൾ മന്ദിരത്തിനു പുറത്തും അകത്തും പ്രതിഷേധക്കാർ അഴിഞ്ഞാടി. സംഘർഷം വർധിക്കുമ്പോൾ ട്രംപ് വീഡിയോ സന്ദേശത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആവർത്തിച്ചു. ഈ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ നീക്കം ചെയ്തത്. ട്വിറ്റർ തുടക്കത്തിൽ ഈ വീഡിയോ നീക്കം ചെയ്തിട്ടില്ലെങ്കിലും റീ ട്വീറ്റ് ചെയ്യുന്നത് തടഞ്ഞു. പിന്നീട് ട്വിറ്ററും ട്രംപിന്റെ വീഡിയോ നീക്കം ചെയ്തു
സ്വന്തം ലേഖകൻ
യു എസ് :- യുഎസിൽ നാടകീയ സംഭവങ്ങൾക്കാണ് ബുധനാഴ് ച സാക്ഷ്യംവഹിച്ചത്. അക്രമാസക്തരായ ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ കെട്ടിടത്തിലേക്ക് ഇരച്ചുകയറി ജനലുകളും മറ്റും അടിച്ചുതകർത്തു. ഈ ആക്രമണത്തിൽ ട്രംപ് അനുകൂലിയായ ഒരു സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടു. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വൈകിട്ട് മുതൽ ക്യാപിറ്റോൾ കെട്ടിടത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സുരക്ഷാസേനയും, നാഷണൽ ഗാർഡും അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ആളുകളോട് ദയവുചെയ്ത് പിരിഞ്ഞു പോകണം എന്ന് പ്രസിഡന്റ് ജോ ബൈഡെൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടക്കത്തിൽ ഈ പ്രതിഷേധത്തെ അനുകൂലിക്കുകയാണ് ചെയ്തത്.
ആക്രമികൾ കെട്ടിടത്തിൻെറ ജനലുകളും ഗ്ലാസ്സുകളും എല്ലാം അടിച്ചു തകർത്തു. ജനാധിപത്യത്തിന് എതിരെയുള്ള അതിഭീകരമായ ആക്രമണമാണ് നടന്നതെന്ന് സ്പീക്കർ നാൻസി പേലോസി അഭിപ്രായപ്പെട്ടു. നിരവധി അറസ്റ്റുകൾ ഇനിയും നടക്കുമെന്ന് പോലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
യുഎസിൽ നടന്നത് അപലപനീയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രേഖപ്പെടുത്തി. ലോകരാജ്യങ്ങൾക്ക് മാതൃകയായ യുഎസിൽ ഇത്തരമൊരു സാഹചര്യം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. നിരവധി ലോക നേതാക്കൾ അമേരിക്കയിൽ നടന്ന ഈ സാഹചര്യത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്.