ആറു മാസം മുൻപു രാഷ്ട്രീയ അഭയം തേടി അമേരിക്കയിലെത്തിയ മനീന്ദർ സിംഗ് സാഹി (31) എന്ന യുവാവ് ജോലി ചെയ്തിരുന്ന സ്്റ്റോറിൽ വെടിയേറ്റു മരിച്ചു. സാന്റിഫിയിലെ സ്റ്റോറിൽ രാവിലെ കടന്നു വന്ന അക്രമി സെമി ഓട്ടോമാറ്റിക് ഗൺ ഉപയോഗിച്ചു മനീന്ദറിനു നേരെ നിറയൊഴിക്കുകയായിരുന്നു.
കറുത്ത വസ്ത്രം ധരിച്ചു മുഖം മൂടിയണിഞ്ഞു സ്റ്റോറിലേക്ക് പ്രവേശിച്ച പ്രതിയുമായി മനീന്ദർ സഹകരിച്ചിരുന്നതായി ക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. പിന്നീട് എന്താണ് പ്രതിയെ വെടിവയ്ക്കുവാൻ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ലെന്നു വിറ്റിയർ പൊലീസ് പറഞ്ഞു.
ആറു മാസം മുമ്പ് പഞ്ചാബിലെ കാർണലിൽ നിന്നും അമേരിക്കയിലെത്തിയ മനീന്ദർ ഭാര്യയും രണ്ടു കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു.
രാഷ്ട്രീയ അഭയത്തിനുള്ള പേപ്പറുകൾ ശരിയാക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം. ഈ സംഭവത്തിനു ശേഷം ഭാര്യയേയും മാതാവിനേയും മാനസികമായി തകർന്ന അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിവച്ച പ്രതി സ്റ്റോറിൽ നിന്നും ഇറങ്ങിയോടുന്നതായും ക്യാമറയിൽ ദൃശ്യങ്ങളുണ്ട്. പ്രതിയെ കണ്ടെത്തുന്നവർ 562 567 9281 നമ്പറിൽ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം തുടരുകയാണ്. രാവിലെ അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും ആദ്യം പോയത് മാഹത്മ ഗാന്ധിയുടെ സബർമതി ആശ്രമത്തിലേക്കായിരുന്നു.
ഇവിടെ നിന്നും മോട്ടെര സ്റ്റേഡിയത്തിൽ ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റിനെ കാണാൻ ഒരു ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. ഇവിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പേര് പറഞ്ഞ് ട്രംപ് കുരുക്കിലായത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെയും ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെയും പേര് പ്രസംഗത്തിനിടയിൽ തെറ്റായാണ് ട്രംപ് ഉച്ചരിച്ചത്. ബോളിവുഡും ക്രിക്കറ്റുമെല്ലാം നിറഞ്ഞുനിന്ന പ്രസംഗത്തിൽ എന്നാൽ ട്രംപിന്റെ നാക്ക് പിഴയ്ക്കുകയായിരുന്നു. സച്ചിൻ ടെൻഡുൽക്കറിന് പകരം ‘സൂച്ചിൻ ടെൻഡോൽക്കർ’ എന്നും വിരാട് കോഹ്ലിക്ക് പകരം ‘വിരോട് കോലി’ എന്നുമാണ് ട്രംപ് പറഞ്ഞത്.
ഇതിന് പിന്നാലെ ട്രംപിനെ ട്രോളി ഐസിസി തന്നെ രംഗത്തെത്തി. ക്രിക്കറ്റ് ഇതിഹാസത്തിന്രെ പേര് ഐസിസിയുടെ ഡേറ്റ് ബെയ്സിൽ എഡിറ്റ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ഐസിസി രംഗത്തെത്തിയത്. സച്ചിന്റെ പേര് സൂച്ചിൻ എന്നാണ് തിരുത്തുന്നത്.
സ്വാമി വിവേകാനന്ദന്റെ പേരും പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെറ്റിച്ചാണ് ഉച്ചരിച്ചത്. മോദിയെ വാനോളം പ്രശംസിക്കുന്ന പ്രസംഗമായിരുന്നു മൊട്ടേര സ്റ്റേഡിയത്തിൽ ട്രംപ് നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നു. 300 ദശലക്ഷത്തിലധികം പേർക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭിച്ചു. ഇന്ത്യ ഉടൻ തന്നെ ലോകത്തിലെ ഏറ്റവും വലിയ മധ്യവർഗത്തിന്റെ ആസ്ഥാനമായി മാറും. ശ്രദ്ധേയമായ കാര്യം, ജനാധിപത്യമെന്ന നിലയിലും സഹിഷ്ണുത പുലർത്തുന്ന രാജ്യമെന്ന നിലയിലും ഇന്ത്യ ഇതെല്ലാം നേടിയിട്ടുണ്ട് എന്നതാണ്. ഇന്ത്യയുടെ നേട്ടം സമാനതകളില്ലാത്തതാണെന്നും ട്രംപ് പറഞ്ഞു.
Sach-
Such-
Satch-
Sutch-
Sooch-Anyone know? pic.twitter.com/nkD1ynQXmF
— ICC (@ICC) February 24, 2020
മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി ട്രംപ് ഇന്ത്യയില്‍… എയര്‍ഫോഴ്സ് വണ്‍ അഹമ്മദാബാദില്‍ പറന്നിറങ്ങി, ട്രംപിനോടൊപ്പം ഭാര്യ മെലാനിയയും . ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറാവുന്ന സന്ദര്‍ശനത്തെ നയതന്ത്രലോകം ഉറ്റു നോക്കുകയാണ്. 11.40-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. നമസ്തേ ട്രംപ്’ പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുക്കും. ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നല്കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡല്‍ഹിയിലെത്തും.
ഈ വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന് തീരുമാനിക്കാനുള്ള മല്‍സരത്തില്‍ ബെര്‍നി സാന്റേഴ്സിന് വീണ്ടും വിജയം. നെവാദയില്‍ നടന്ന മല്‍സരത്തില്‍ ബെര്‍നി സാന്റേഴ്സ് വന്‍ വിജയം നേടി. നേരത്തെ ഐഓവയിലും ന്യൂഹാപ്ഷെയറിലും സാന്റേഴ്സ് വിജയിച്ചിരുന്നു.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സാന്റേഴ്സിന് 47 ശതമാനം വോട്ടും ബിദന് 23 ശതമാനം വോട്ടും ലഭിച്ചു. മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പാണ് ഇതുവരെ നടന്നത്. ഇതില്‍ എല്ലായിടത്തും വിജയം സാന്റേഴ്സിനായിരുന്നു.അടിസ്ഥാന മാറ്റത്തിന് സമയമായെന്ന് അമേരിക്കൻ ജനത തിരിച്ചറിയുന്നതിന്റെ സൂചനയാണ് ഇതെന്ന് ബെർനി സാൻ്റേഴ്സ് പ്രതികരിച്ചു. ഇനിയും ഒരു നുണയനെ പ്രസിഡൻറായി തുടരാൻ അനുവദിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രചാരണത്തിലൊക്കെ ഡെമോക്രാറ്റിക് പാർട്ടിയിലെ തൻ്റെ എതിരാളികളെ ഒഴിവാക്കി, ട്രംപിനെതിരെയായിരുന്നു സാൻ്റെഴ്സിൻ്റെ വിമർശനം. ട്രംപിനെ തോൽപ്പിക്കാൻ ശേഷിയുള്ള ഡെമോക്രാറ്റ് നേതാവാണ് താനെന്ന് അവതരിപ്പിക്കാനായിരുന്നു സാൻ്റേഴ്സ് ശ്രമിച്ചത്. വെർമോൻ് സംസ്ഥാനത്തിൽനിന്നുള്ള സെനറ്റർ കൂടിയാണ് ബെർനി സാൻ്റേഴ്സ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മല്‍സരിച്ചപ്പോള്‍ നെവാദയില്‍ ഹിലരി ക്ലിന്റണായിരുന്നു വിജയം. സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കപ്പെടാന്‍ ഇനിയും കടമ്പകള്‍ ഏറെയുണ്ടെങ്കിലും സാന്റേഴ്സ് വ്യക്തമായ മുന്നേറ്റം തുടക്കത്തില്‍ നടത്തി കഴിഞ്ഞുവെന്ന കാര്യം വ്യക്തമാക്കുന്നതാണ് ഇതുവരെ ഫലം വന്ന മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.
അടുത്ത മല്‍സരം നടക്കുക സൗത്ത് കരോലിനയില്‍ ആണ്. ഇതുവരെ മല്‍സരം നടന്നതില്‍ ഏറ്റവും വലിയ സംസ്ഥാനം ആണ് കരോലിന. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ കൂടുതലായുള്ള ഇവിടെ ബിദന് മുന്‍തൂക്കം കിട്ടുമെന്നാണ് സര്‍വെകള്‍ സൂചിപ്പിക്കുന്നത്.
മാര്‍ച്ച് മൂന്നിനാണ് നിര്‍ണായകമായ സുപ്പര്‍ ട്യൂസ്ഡേ. അന്ന് പതിനാല് സംസ്ഥാനങ്ങളാണ് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടുചെയ്യുക. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന കാലിഫോര്‍ണിയയും ടെക്സാസും ഉള്‍പ്പെടുന്നു. അന്നത്തെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ആരാവും ഡൊണാള്‍ഡ് ട്രംപിനെ നേരിടുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി എന്ന കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറ് സ്ഥാനാര്‍ത്ഥികളാണ് ഇപ്പോള്‍ മല്‍സര രംഗത്തുള്ളത്. ഇതില്‍ സാന്റേഴ്സും എലിസബച്ച് വാരേനുമാണ് സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ഡെമോക്രാറ്റുകളുടെ അടിസ്ഥാനത്തില്‍ വിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവരുടെത് തീവ്ര നിലപാടുകളാണെന്ന വിമര്‍ശനമാണ് ഒബാമ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നത്. ഡെമോക്രാറ്റുകള്‍ കൂടുതല്‍ ഇടതുപക്ഷത്തേക്ക് പോകുന്നത് ശരിയല്ലെന്ന് ഒബാമ നേരത്തെ പറഞ്ഞിരുന്നു. അസമത്വം കാലവസ്ഥ വ്യതിയാനം സാമുഹ്യ സുരക്ഷ പദ്ധതികള്‍ എന്നിവയുടെ കാര്യത്തിലാണ് മറ്റ് ഡെമോക്രാറ്റുകളില്‍നിന്ന് വ്യത്യസ്തമായ നിലപാട് സാന്റേഴ്സ് സ്വീകരിക്കുന്നത്.
‘ദി ബീസ്റ്റ്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 2018 മോഡൽ കാഡിലാക് ലിമോസിനിലാണ് ട്രംപും ഭാര്യ മെലാനിയയും ഇന്ത്യയിൽ റോഡ് മാർഗം സഞ്ചരിക്കുക. കാറുകൾ ഇതിനകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ലോകത്തെവിടെയും യു. എസ് പ്രസിഡന്റ്, റോഡിൽ സഞ്ചരിക്കുന്ന ഔദ്യോഗിക വാഹനമാണ് ദി ബീസ്റ്റ്. ബീസ്റ്റിന്റെ സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.
യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രെട്ട് സെർവീസിനാണ് ഈ കാറിന്റെ പരിപാലന ചുമതല. ലോകത്തെ ഏറ്റവും സുരക്ഷിതം എന്ന് വിശേഷിപ്പിക്കാവുന്ന ഇതിനെ ഒരു ടാങ്ക് എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതം. 5 ഇഞ്ച് ഘനമുള്ള കൂട്ടലോഹം കൊണ്ടുള്ള ബോഡിയാണ് ഇവന്റെ പ്രത്യേകത. ഉരുക്ക്, അലുമിനിയം, ടൈറ്റാനിയം എന്നീ ലോഹങ്ങൾക്ക് പുറമെ സെറാമികും ബോഡിയുടെ ഭാഗമാണ്. ഈ കനത്ത ബാഹ്യ കവചത്തെ ഭേദിക്കാൻ ഒരു മാതിരി ആയുധങ്ങൾക്കൊന്നും കഴിയില്ല. ബോയിങ് 757 വിമാനത്തിന്റെ കാബിൻ ഡോറിന് സമാനമാണ് എട്ട് ഇഞ്ച് ഘനമുള്ള ഇതിന്റെ ഡോറുകൾ.
വാതിൽ അടച്ചു കഴിഞ്ഞാൽ ഈച്ചക്കെന്നല്ല രാസായുധം പ്രയോഗിച്ചാൽ പോലും അകത്ത് കടക്കില്ല. അടച്ചു കഴിഞ്ഞ ശേഷം പുറമെ നിന്ന് അനധികൃതമായി ആരെങ്കിലും ഡോറിൽ തൊട്ടാൽ ഷോക്കേൽക്കുമെന്ന അപകടവുമുണ്ട്. അഞ്ച് ലെയറിൽ ഗ്ലാസ് പാളികളും പോളികാര്ബണും ചേർത്താണ് ഇതിന്റെ വിൻഡോ നിർമിച്ചിരിക്കുന്നത്. ഡ്രൈവറുടേത് ഒഴികെ ഒരു വിൻഡോയും തുറക്കാൻ കഴിയില്ല. ഡ്രൈവറുടെ ഗ്ലാസ് പോലും മൂന്ന് ഇഞ്ച് മാത്രമേ തുറക്കാൻ കഴിയൂ. ഈ വിൻഡോകളെല്ലാം ബുള്ളറ്റ് പ്രൂഫാണ്. കനത്ത ഉരുക്ക് ഷീറ്റുകളാൽ നിർമിതമായ വാഹനത്തിന്റെ ഷാസി ബോംബ് ആക്രമണത്തിലും തകരില്ല.
ഒരിക്കലും പഞ്ചറാകാത്ത ടയറുകളാണ് മറ്റൊരു പ്രത്യേകത. സ്റ്റീൽ റിമ്മുകളോട് കൂടിയ ടയർ തകർന്നാലും വാഹനത്തിന് സഞ്ചരിക്കാൻ കഴിയും. ലിമോസിന്റെ ബാക്ക് സീറ്റ് ഏരിയയിലാണ് പ്രസിഡന്റ് ഇരിക്കുക. ഈ ഭാഗത്ത് നാലുപേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. പാനിക് ബട്ടൺ പ്രവർത്തിപ്പിക്കാൻ കഴിയുന്നതിന് പുറമെ അടിയന്തിര ഘട്ടങ്ങളിൽ കാറിനകത്ത് പ്രാണവായു ഉറപ്പാക്കുന്ന സംവിധാനവും ഉണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ്, പെന്റഗൺ തുടങ്ങിയവയുമായി ബന്ധപ്പെടാൻ കഴിയുന്ന സാറ്റലൈറ്റ് ഫോൺ സദാ സജ്ജമായിരിക്കും. ഒരു അപകടം ഉണ്ടായാൽ പോലും വാഹനത്തിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കില്ല. അഗ്നി ബാധ തടയുന്നതിനുള്ള സംവിധാനം, ടിയർ ഗ്യാസ്, സ്മോക്ക് സ്ക്രീൻ ഉണ്ടാകാനുള്ള സംവിധാനം എന്നിവയും ഈ ലിമോസിനിൽ ഉണ്ട്.
പ്രസിഡന്റിന്റെ ഗ്രൂപ്പിലുള്ള രക്തവും ഇതിൽ സൂക്ഷിക്കും. ഡ്രൈവറുടെ കാബിനിൽ കമ്മ്യൂണികേഷൻ സംവിധാനം, ജി പി എസ് എന്നിവയും ഉണ്ട്. നൈറ്റ് വിഷനോട് കൂടിയ ക്യാമറയും ഘടിപ്പിച്ചിട്ടുണ്ട്. യു എസ് സീക്രെട്ട് സർവീസ് പ്രത്യേകം തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്ന ഡ്രൈവർമാരാണ് ഇതിന്റെ സാരഥികൾ. ഒരേപോലുള്ള നാലോ അഞ്ചോ കാറുകളുടെ വ്യൂഹമായാണ് സഞ്ചാരം. ഏതിലാണ് പ്രസിഡന്റ് ഇരിക്കുന്നതെന്ന് അറിയാൻ കഴിയില്ല. ഈ വാഹനത്തെ ചേസ് ചെയ്യുന്നതായി കണ്ടാൽ റോഡിൽ ഓയിൽ പരത്തുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്. സുരക്ഷയുടെ അവസാന വാക്ക് എന്ന് ബീസ്റ്റിനെ വിശേഷിപ്പിക്കാം.
വാഷിംഗ്ടൺ: ഇന്ത്യാ സന്ദർശന വേളയിൽ വ്യാപാരക്കരാർ ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുൻപ് അത്തരം ചർച്ചകൾ ഇല്ല. വലിയ പ്രഖ്യാപനങ്ങൾ പിന്നീടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഇന്ത്യ സന്ദർശനം നിലവിലെ വ്യാപാര ബന്ധത്തിൽ മാറ്റം കൊണ്ടുവരുമെന്ന പ്രതീക്ഷയും ട്രംപ് പങ്കുവച്ചു. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി താന്‍ കാത്തിരിക്കുകയാണ്. നരേന്ദ്ര മോദിയെ തനിക്ക് ഒരുപാടിഷ്ടമാണെന്നും ഗുജറാത്തിൽ 70 ലക്ഷത്തോളം ആളുകൾ തന്നെ സ്വീകരിക്കാനുണ്ടാവുമെന്ന് മോദി പറഞ്ഞു. അതിൽ താൻ അവേശഭരിതനാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 24, 25 തീയതികളിലാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം.
കൊറോണ വൈറസ് മൂലം ജപ്പാന് തീരത്ത് തടഞ്ഞുവച്ചിരുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂയിസ് ഷിപ്പില്‍ ഉണ്ടായിരുന്ന യുഎസ് പൗരന്മാരെ നാട്ടിലേയ്ക്ക് കൊണ്ടുപോയി. രണ്ട് വിമാനങ്ങളിലായാണ് ഇവരെ ടോക്കിയോയിലെ ഹനേഡ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുപോയത്. നാനൂറോളം യുഎസ് പൗരന്മാരാണ് ഈ കപ്പലിലുണ്ടായിരുന്നത്. കൊറോണ ഇന്ഫെക്ഷന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് കപ്പല്‍ ക്വാറന്റൈന് ചെയ്യുകയായിരുന്നു.
ജപ്പാനില്‍ 40ഓളം അമേരിക്കക്കാര്‍ക്ക് കൊറോണ ഇന്ഫെക്ഷന് ബാധിച്ചിരുന്നു. 3700നടുത്ത് യാത്രക്കാരുണ്ടായിരുന്ന ഡയമണ്ട് പ്രിന്‍സസിനെ ജപ്പാനിലെ യോക്കാഹാമ തുറമുഖത്താണ് തടഞ്ഞുവച്ചത്. ഹോങ്കോങ്ങില്‍ ഇറങ്ങിയ ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ ക്വാറന്റൈന് ചെയ്തത്. അതേസമയം കപ്പലിലെ കൊറോണ കേസുകള്‍ 70ല്‍ നിന്ന് 355 ആയി ഉയര്‍ന്നതായി ജാപ്പനീസ് അധികൃതര്‍ പറയുന്നു.
യുഎസില്‍ എത്തിയ ശേഷം ഇവരെ 14 ദിവസത്തേയ്ക്ക് ക്വാറന്റൈന് ചെയ്യും. ചില അമേരിക്കക്കാര്‍ ഒഴിയാന്‍ വിസമ്മതിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ 19ന് ഷിപ്പ് ക്വാറന്റൈന് അവസാനിക്കാന്‍ കാത്തിരിക്കുകയാണ്.
അതേസമയം ചൈനയില്‍ മരണം 1692 മരണങ്ങളായി. ചൈനയിൽ മൊത്തം കേസുകൾ 70,000 കടന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. 58,182 കേസുകളാണ് ഔദ്യോഗിക കണക്കനുസരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച 2048 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 1933 പേരും ഹുബെയ് പ്രവിശ്യയിലാണ്.
പുതിയ അണ്ഡാശയ കാൻസർ ജീനുമായി അമേരിക്കൻ മലയാളി ശാസ്ത്രജ്ഞനും സംഘവും. അമേരിക്കൻ മലയാളിയായ ഡോ. ഷമീർ ഖാദർ ആണ് ഈ പുതിയ ജീനിനെ കണ്ടെത്തുന്നന്തിനുള്ള കന്പ്യൂട്ടര് പ്രോഗ്രാമിംഗിന് ആവശ്യമായ വിവിധ നടപടിക്രമങ്ങള്‍ (algorithm) വികസിപ്പിച്ചെടുത്തത്. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ ആണ് ഡോ. ഷമീര്‍ ഖാദറിന്റ്റെ സ്വദേശം.
സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് അണ്ഡാശയ കാൻസർ. ചില ചികിത്സ രീതികൾ പ്രാബല്യത്തിലുണ്ടെങ്കിലും, നൂതന ചികിത്സരീതികൾ ആയ ടാര്‍ജറ്റഡ് തെറാപ്പി (targeted therapy) , ഇമ്മ്യൂണോതെറാപ്പി (immunotherapy) പോലുള്ള ചികിത്സ രീതികളെ ഇനിയും വികസിപ്പിച്ചെടുക്കണം. ഓരോ ക്യാന്‍സറിന്റെയും ജനിതക ഘടനയും, ഓരോ ക്യാന്‍സറും ഓരോ വ്യക്തിയിലും ഏതൊക്കെ രീതിയുലുള്ള മാറ്റങ്ങൾ വരുത്തുന്നു എന്ന് മനസിലിക്കിയാല് ഈ ചികിൽത്സാ രീതികൾ വികസിപ്പിച്ചെടുക്കാവുന്നതാണ്.
പുതിയ ജീനുകളെ കണ്ടെത്തുന്നതും, അവ എങ്ങനെയാണു ഒരു രോഗത്തിന്റെ പരിണാമങ്ങളിൽ പങ്കു ചേരുന്നു എന്നും കണ്ടെത്തുന്നത് ആധുനിക ജീവ/വൈദ്യ ശാസ്ത്രമേഖലകളിലെ ഏറെ പ്രാധാന്യമേറിയ ഒന്നാണ്. ഈ സാഹചര്യത്തിലാണ് കൃത്രിമ ബുദ്ധി (artificial intelligence, അടിസ്ഥാന വിവരശാസ്ത്രം (data science), ബിയോഇൻഫോര്മാറ്റിക്സ് (bioinformatics), സിസ്റ്റംസ് ബയോളജി (system biology), ഗ്രാഫ് മോഡലിംഗ് (graph modeling ) തുടങ്ങിയ നൂതന സങ്കേതങ്ങൾ ഉപയോഗിച്ച് പുതിയ ജനിതക ഘടകവും അതിന്റെ ജീവപ്രക്രിയയും കണ്ടുപിടിച്ചിരിക്കുന്നത്. മനുഷ്യ ജീനോമിലെ ക്രോമോസോം രണ്ടിൽ 2p11.2 എന്ന ലൊക്കേഷനിൽ ആണ് KRCC1 (lysine rich coiled-coil 1 അഥവാ CHBP2) എന്ന ജീനിനെ കണ്ടെത്തി, അതിന്റെ കാൻസർ ത്വരിതപ്പെടുത്തുന്ന പ്രക്രിയ കണ്ടെത്തിയിരിക്കുന്നത്.
കുറച്ചു വർഷങ്ങൾ ആയി മനുഷ്യ ജീനോമിൽ ഈ ജീനിനെ കുറിച്ചറിയാം എങ്കിലും, ആദ്യമായാണ് മനുഷ്യരിലും മൃഗങ്ങളിലും ഇത് അണ്ഡാശയ ക്യാന്‍സറിന്റെ ഒരു പ്രധാന ഘടകം ആണെന്ന് കണ്ടെത്തുന്നത്. ലബോറട്ടറിയിലും, എലികളിലും, മനുഷ്യരിലും ഈ ജീനിനെ കുറിച്ചുള്ള ആദ്യ വിശദ പഠനം ആണ്. അണ്ഡാശയ കാൻസർ ഉള്ള രോഗികളിൽ ഈ ജീനിന്റെ പ്രവർത്തനം ഉയർന്നു കാണപ്പെടുന്നു. അത്തരത്തിലുള്ള രോഗികളിൽ ക്യാന്‍സറിനെ അതിജീവിക്കാനുള്ള കഴിവും (survival rate), പരമ്പരാഗത ചികിത്സ രീതികൾ ആയാൽ കിമോതെറാപ്പി ഫലപ്രദമാകാനുള്ള കഴിവും (chemoresistance) കുറഞ്ഞു കാണപ്പെട്ടു.
ഇതേ തുടർന്നു എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ ജീനിനെ നിശബ്ദമാക്കിയാൽ (gene silencing) കാൻസർ പടര്‍ന്നു പിടിക്കുന്ന അളവ് കുറഞ്ഞും, മുന്‍നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള കോശശിഥിലീകരണ അഥവാ നശീകരണ പ്രക്രിയ (apoptosis) വഴി ട്യൂമർ വളർച്ച കുറയുന്നതായും കണ്ടെത്തിയിരിക്കുന്നു.
ഈ കണ്ടെത്തലുകൾ സംയോജിച്ചു ഒരു പുതിയ രോഗചികിത്സ രീതി വൈകാശിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ ആണ് ഡോ. ഷമീർ ഖാദറും സംഘവും. അമേരിക്കയിലെ ഒമ്പതോളം കാൻസർ സെന്ററുകള്‍ (Institute of Next Generation Healthcare (INGH), Icahn Institute for Data Science and Genomic Technology, Department of Genetics and Genomic Sciences, Mount Sinai Health System, University of Oklahoma Health Sciences Center, University of Pittsburgh, Burst Biologics) ചേർന്ന് നടത്തിയ പഠനം ആണ് ഇത്. ഓരോ രോഗിയുടെയും ജനിതക വിവരം ഉപയോഗിച്ച് ചികിത്സ നല്കാൻ ഉതകുന്ന റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം കേരളത്തിൽ തുടങ്ങണം എന്നതാണ് ഡോ.ഷമീര്‍ ഖാദറിന്റെ ആഗ്രഹം.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സ് ബിരുദവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോ ഇന്‍ഫോമാറ്റിക്സില്‍ ബിരുദാനന്തര ബിരുദവും നേടിയ ഡോ ഷമീര്‍ ബാംഗ്ലൂരിലെ നാഷണൽ സെന്റര്‍ ഫോർ ബിയോളോജിക്കൽ സയൻസസ് (NCBS – TIFR), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) എന്നിവിടങ്ങളിൽ ആണ് പിഎച്ച്ഡി പൂർത്തിയാക്കിയത്. 2010 മുതല്‍ മായോക്ലിനിക്കിലും തുടര്‍ന്ന് 2014 മുതല്‍ ന്യൂയോര്‍ക്കില്‍ മൗണ്ട് സീനായ് മെഡിക്കല്‍ സെന്ററില്‍ സീനിയര്‍ സയന്റിസ്റ്റ്, ഡയറക്ടര്‍ എന്നീ പദവികളില്‍ സേവനം അനുഷ്ഠിച്ചു. ഇപ്പോൾ ആസ്ട്രസിനിക (AstraZeneca) എന്ന അന്താരാഷ്ട്ര മരുന്ന് കമ്പനിയിൽ സീനിയർ ഡയറക്ടർ ആണ്. 2019ൽ ലോകത്തിലെ മികച്ച 100 ശാസ്ത്രജ്ഞരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കൃതിമ ബുദ്ധി ഉപയോഗിച്ച് കുറഞ്ഞതാണ് സമയം കൊണ്ട് മരുന്നുകൾ കണ്ടെത്തുന്നതിനും, ആരോഗ്യ മേഖലയിലെ നൂതനാശയങ്ങൾ ചിലവുകുറച്ചും, പ്രാപ്യമായ രീതിയിൽ കൂടുതൽ രോഗികളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിച്ചതിനാണു ഈ ബഹുമതി ലഭിച്ചത്.
2019ൽ ലോകത്തിലെ മികച്ച 100 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശാസ്ത്രജ്ഞരിൽ ഒരാളായി ഡോ. ഷമീർ ഖാദർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഓരോ രോഗിയുടെയും ജനിതക വിവരം ഉപയോഗിച്ച് ചികിത്സ നല്കാൻ ഉതകുന്ന റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കേന്ദ്രം കേരളത്തിൽ തുടങ്ങണം എന്നതാണ് ഡോ.ഷമീര്‍ ഖാദറിന്റെ ആഗ്രഹം
വാഷിംഗ്ടൺ: ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാർക്ക് സക്കർബർഗ് അടുത്തിടെ പറഞ്ഞു ഫേസ്ബുക്കിൽ ഒന്നാം സ്ഥാനത്ത് ഡോണൾഡ് ജെ. ട്രംപാണെന്ന്. രണ്ടാം സ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി മോദിയും. ഇതിനെ വലിയ ആദരവായി കരുതുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഞാൻ ഇന്ത്യയിലേക്കു പോകുകയാണ്. ഇതിനായി കാത്തിരിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
ഈ മാസം 24, 25 തീയതികളിലാണ് യുഎസ് പ്രസിഡന്റ് ഇന്ത്യയിൽ സന്ദശനം നടത്തുന്നത്. ഡൽഹിക്ക് പുറമെ അഹമ്മദാബാദിലും ട്രംപ് സന്ദർശനം നടത്തും. അഹമ്മദാബാദിൽ പുതുതായി പണിയുന്ന സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു റാലിയിൽ ട്രംപും മോദിയും സംയുക്തമായി പ്രസംഗിക്കും. ഇന്ത്യ സന്ദർശനവേളയിൽ വ്യാപാരരംഗത്ത് ചില സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്ന സൂചനയും ട്രംപ് നേരത്തേ നൽകിയിരുന്നു.
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന തനിക്ക് ഗംഭീര സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സന്ദര്‍ശനത്തിനിടെ, ഹൂസ്റ്റണിലെ ‘ഹൗഡി മോദി’ പരിപാടിയുടെ മാതൃകയില്‍ ട്രംപിന് മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വീകരണം നല്‍കാനും പദ്ധതിയുണ്ട്. അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുക. ഒരുലക്ഷമാണ് സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാന്‍ അമ്പത് മുതല്‍ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് മോദി ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞു.
ഞങ്ങള്‍ക്ക് കോടിക്കണക്കിന് ജനങ്ങളുണ്ടെന്ന് മോദി പറഞ്ഞു. എന്റെ പ്രശ്നമെന്താണെന്നുവെച്ചാല്‍ കഴിഞ്ഞ ദിവസം ഏകദേശം 50000 പേരെ കണ്ടപ്പോള്‍ തന്നെ എനിക്ക് നന്നായി തോന്നിയില്ല. ഏകദേശം 50-70 ലക്ഷം ആളുകള്‍ തന്നെ വരവേല്‍ക്കാനുണ്ടാകുമെന്നാണ് പ്രതീക്ഷ- ട്രംപ് പറഞ്ഞു. സ്റ്റേഡിയത്തില്‍ മോദിയും ട്രംപും സംയുക്തമായിട്ടാണ് ജനങ്ങളെ അഭിസംബോധന ചെയ്യുക. ഫെബ്രുവരി 24, 25 തീയതികളിലായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ആദ്യമായിട്ടാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശത്തനത്തില്‍ ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2019ലെ അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് ഹൂസ്റ്റണില്‍ 50000 അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പങ്കെടുപ്പിച്ച് ഹൗഡി മോദി പരിപാടി നടത്തിയത്. പരിപാടിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്യണമെന്ന മോദിയുടെ പരാമര്‍ശം വിവാദമായിരുന്നു.