പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അമേരിക്കന്‍ പ്രസിഡന്റ്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ് സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ അഭിപ്രായ സര്‍വെകളിലാണ് കൊറോണ വൈറസ് ബാധയെ നേരിടുന്ന സമീപനം ട്രംപിന് തിരിച്ചടിയായതായി തെളിയുന്നത്. ട്രംപിന്റെ സമീപനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും അഭിപ്രായ വ്യത്യാസം ഉള്ളതായാണ് സൂചന. ദിവസവും മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നാണ് സൂചന.

കൊറോണ ബാധ തുടങ്ങുന്നതിന് മുമ്പ് ട്രംപിന്റെ ജനപ്രതീയില്‍ വന്‍ കുതിപ്പുണ്ടായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതില്‍ അത് എത്തിയിരുന്നു. എന്നാല്‍ വൈറസ് അമേരിക്കയെ ബാധിച്ചു തുടങ്ങിയപ്പോഴാണ് സ്ഥിതിഗതികള്‍ മാറിയത്. കൊറോണയെ നേരിടുന്നതില്‍ ട്രംപിനെ പിന്തുണച്ചവരുടെ ശതമാനം കഴിഞ്ഞയാഴ്ച 48 ശതമാനമായിരുന്നത് ഈയാഴ്ച 42 ശതമാനമായി കുറഞ്ഞു. മൊത്തത്തില്‍ ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ ശതമാനം 40 ശതമാനമാണ്. റോയിട്ടേഴ്‌സ് -ഇപ്‌സോസ് അഭിപ്രായ സര്‍വെയിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. സിഎന്‍എന്റെ സര്‍വെ പ്രകാരം 45 ശതമാനം ആളുകളാണ് കൊറോണ വൈറസ് വ്യാപനത്തെ കൈകാര്യം ചെയ്യുന്ന ട്രംപിന്റെ സമീപനത്തെ പിന്തുണച്ചത്.

എന്നാല്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബിഡനുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായ തിരിച്ചടിയാണ് ട്രംപ് ക്യാമ്പിനെ കൂടുതല്‍ അസ്വസ്ഥമാക്കുന്നത്. സിഎന്‍എന്‍ സര്‍വെ പ്രകാരം 53 ശതമാനമാണ് ഇപ്പോള്‍ ബിഡനെ പിന്തുണയ്ക്കുന്നവര്‍. റജിസ്‌ട്രേഡ് വോട്ടര്‍മാരുടെ വിഭാഗത്തില്‍ 42 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നവരായുള്ളത്
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ദിവസവും നടത്തുന്ന വാര്‍ത്ത സമ്മേളനമാണ് ട്രംപിന് തിരിച്ചടിയാകുന്നതെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തന്നെ ചിലരുടെ നിഗമനമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. “ദിവസവും നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ പ്രസിഡന്റിന് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നതെന്നാണ് വൈറ്റ് ഹൗസിലെ ചിലരുടെയും വിലയിരുത്തല്‍”, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചയിലൊരിക്കലായി വാര്‍ത്ത സമ്മേളനങ്ങള്‍ കുറയ്ക്കണമെന്ന് ട്രംപിനെ റിപ്പബ്ലിക്കന്‍പാര്‍ട്ടിയിലെ ചിലര്‍ ഉപദേശിച്ചതായും സൂചനയുണ്ട്.

അടുത്ത തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുമൊ എന്നകാര്യത്തില്‍ അടുത്ത നാല് മുതല്‍ എട്ട് വരെ ആഴ്ചകളിലെ സംഭവവികാസങ്ങള്‍ നിര്‍ണായകമാകുമെന്നാണ് ഫെഡറല്‍ റിസര്‍വിലേക്ക് ട്രംപ് നേരത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്ന സ്റ്റീഫന്‍ മോര്‍ പറഞ്ഞു.
പൊതുവില്‍ ട്രംപിനോട് മൃദുസമീപനം പുലര്‍ത്തിയിരുന്ന പത്രങ്ങളും കൊറോണ വാര്‍ത്ത സമ്മേളനങ്ങളുടെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റിനെ എതിര്‍ക്കുകയാണ്. വൈറസ് വ്യാപനത്തെക്കുറിച്ചും മറ്റും ജനങ്ങളെ അറിയിക്കുന്നതിനായി തുടങ്ങിയ വാര്‍ത്ത സമ്മേളനം ട്രംപിലേക്ക് ചുരുങ്ങിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ കുറ്റപ്പെടുത്തി. എന്നാല്‍ വാര്‍ത്ത സമ്മേളനത്തിന്റെ കാര്യത്തില്‍ ട്രംപിന് തിരിച്ചടിയുണ്ടാകുന്നുവെന്ന ആരോപണം തെറ്റാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജൂഡ് ഡേറെ പറഞ്ഞു. നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.

അമേരിക്കയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത്. ഇതിനകം 17000-ത്തിലധികം ആളുകളാണ് അമേരിക്കയില്‍ മരിച്ചത്. വൈറസ് ബാധ തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അടുത്തു തന്നെ ഇളവ് വരുത്തണമെന്ന നിലപാടിലാണ് ട്രംപ്. എന്നാല്‍ ഇത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. അടുത്ത ആഴ്ച സാമ്പത്തിക മേഖല വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നത് സംബന്ധിച്ച് ട്രംപ് തീരുമാനമെടുക്കുമെന്നാണ കരുതുന്നത്.